ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയാണ്.

എന്നെന്നും എന്റേത്….

നല്ല തിരക്കുള്ള സമയം… ഉച്ചയ്ക്ക് പന്ത്രണ്ട് മണി.
സ്റ്റേഷനിൽ നിന്ന് പുറപ്പെടാനൊരുങ്ങുന്ന ട്രെയിനിനുള്ളിൽ കാലെടുത്തുവെക്കാൻ പോലും ഇടമില്ല. എങ്ങനെയൊക്കെയോ ആളുകൾക്കിടയിലൂടെ തള്ളിക്കയറി ദേവിക അകത്തേക്ക് കയറി. ഒരു കൈയിൽ വലിയൊരു ബാഗ്, ചുമലിൽ മറ്റൊരു ഹാൻഡ് ബാഗ്. രണ്ടും കൂടി വലിച്ചും തൂക്കിയും പിടിച്ചും  ദേവിക വല്ലവിധേനയും ട്രെയിനിനുള്ളിൽ ഇടം കണ്ടെത്തി…

ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയാണ്.
ഡൽഹി എയിംസിൽ ബി.എസ്.സി. നഴ്സിങ്ങിന് പഠിക്കുകയാണ് ദേവിക കോളേജിൽ നിന്ന് പെട്ടെന്ന് ഒരു അറിയിപ്പ് വന്നതോടെയാണ് എല്ലാം തലകീഴായത്. ചില ഔദ്യോഗിക ആവശ്യങ്ങൾ കാരണം കോളേജും ഹോസ്റ്റലും രണ്ടാഴ്ചത്തേക്ക് അടച്ചിടുന്നു. അതോടെ വിദ്യാർത്ഥികൾക്ക് ഹോസ്റ്റലിൽ തുടരാൻ കഴിയില്ല.
നാട്ടിലേക്ക് പോകാതെ മറ്റെവിടെയെങ്കിലും നിൽക്കുക ദേവികക് ചിന്തിക്കാനേ കഴിയില്ലായിരുന്നു…

അവളുടെ ചങ്കുകളായ വൈഷ്ണവിയും ശ്രുതിയും അവളുടെ കൂടെയുണ്ടായിരുന്നു. മൂവരും ഒരുമിച്ചാണ് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചിരുന്നത്. പക്ഷേ അവസാന നിമിഷം വൈഷ്ണവിക്ക് അവളുടെ പപ്പയും മമ്മിയും ഡൽഹിറ്റ് ചെയ്യാൻ വരുന്നുണ്ടെന്ന് പറഞ്ഞു അവിടെ തന്നെ നിൽക്കേണ്ടിവന്നു.. കൂടെ ശ്രുതിയും…. അതുകൊണ്ട് അവൾക്കും ശ്രുതിക്കും അന്നത്തെ ട്രെയിനിൽ കയറാൻ കഴിഞ്ഞില്ല…

“നീ പൊയ്ക്കോ… ഞങ്ങൾ അടുത്ത ട്രെയിനിൽ ഇവിടെയൊക്കെ കറങ്ങിയിട്ട് വരാം.. ”
വൈഷ്ണവിയുടെ വാക്കുകൾ കേട്ടപ്പോൾ ദേവികയുടെ മനസ്സൊന്ന് പിടഞ്ഞിരുന്നു.
തനിച്ച് ഇത്രയും ദൂരം…
അതും ട്രെയിനിൽ!
ട്രെയിൻ യാത്രയോട് ദേവികക് ആദ്യമേ ഒരു പേടിയുണ്ടായിരുന്നു. പ്ലസ് ടു വരെ നാട്ടിലെ സ്കൂളിൽ തന്നെയായിരുന്നു പഠിച്ചത്. അച്ഛന്റെയും അമ്മയുടെയും ഏറ്റവും പ്രിയപ്പെട്ട മകളായതുകൊണ്ട് അവളെ അധികം ദൂരെയൊന്നും ഒറ്റയ്ക്ക് അയച്ചിരുന്നില്ല…

എവിടേക്ക് പോയാലും അമ്മയോ അച്ഛനോ ഒപ്പമുണ്ടാകും.
അങ്ങനെയൊരു പെൺകുട്ടിയെയാണ് ഇന്ന് ഡൽഹിയിൽ നിന്ന് കോഴിക്കോട് വരെ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ അവർ വിട്ടിരിക്കുന്നത്.
അവൾക്ക് പോലും ചിലപ്പോൾ അത്ഭുതം തോന്നും.
ഇത്രയും ദൂരം അവളെ പഠിക്കാൻ അയച്ചത് എങ്ങനെയായാലും ബി.എസ്.സി. നഴ്സിങ് പഠിക്കണം എന്ന അവളുടെ ആഗ്രഹവും ചേട്ടന്റെ ഉറച്ച തീരുമാനവുമായിരുന്നു…

“നീ നന്നായി പഠിക്കണം. പഠിച്ച് ഒരു ജോലി വാങ്ങണം. പിന്നെ നമ്മുടെ വീട്ടിലെ കാര്യങ്ങളൊക്കെ നിനക്ക് കുറച്ചെങ്കിലും മാറ്റാൻ പറ്റും.”

ചേട്ടൻ പലപ്പോഴും പറയുന്ന വാക്കുകളായിരുന്നു അത്.
അവരുടെ ജീവിതം വലിയ സൗകര്യങ്ങളുള്ളതായിരുന്നില്ല.
വീട്ടിലെ പശുവിനെ കറക്കിയും, പുല്ലരിഞ്ഞും, വളം വിറ്റും… അങ്ങനെ കിട്ടുന്ന ചെറിയ വരുമാനങ്ങൾ കൂട്ടിച്ചേർത്താണ് ആ കുടുംബം മുന്നോട്ടുപോയിരുന്നത്. സ്വന്തം ആവശ്യങ്ങൾ പലതും മാറ്റിവെച്ചാണ് അവളുടെ പഠനത്തിനുള്ള പണം അവർ കണ്ടെത്തിയത്…

ഡൽഹി എയിംസിലെ പഠനം എന്നത് ദേവികയുടെ സ്വപ്നമായിരുന്നെങ്കിൽ, അവളെ അവിടെയെത്തിച്ചത് അവളുടെ കുടുംബത്തിന്റെ വിയർപ്പായിരുന്നു.
അതുകൊണ്ടുതന്നെ ഈ യാത്രയ്ക്ക് അവൾക്ക് വലിയൊരു അർത്ഥമുണ്ടായിരുന്നു…
കയ്യിലുള്ള ബാഗിന്റെ ഭാരത്തേക്കാൾ അവളുടെ മനസ്സിൽ കിടന്നിരുന്നത് വീട്ടുകാരുടെ പ്രതീക്ഷകളായിരുന്നു…

ട്രെയിൻ പതിയെ നീങ്ങിത്തുടങ്ങി.
ജനാലയ്ക്കരികിൽ നിൽക്കാൻ പോലും ഇടമില്ല. ചുറ്റുമുള്ള ആളുകളുടെ സംസാരവും കുട്ടികളുടെ കരച്ചിലും ചായ വിൽക്കുന്നവരുടെ വിളിയും ട്രെയിനിന്റെ ഇരുമ്പുചക്രങ്ങളുടെ ശബ്ദവും എല്ലാം കൂടി ഒരു വലിയ ശബ്ദമായി മാറി…
ദേവിക ഫോൺ എടുത്ത് ചേട്ടനെ വിളിച്ചു…

“ചേട്ടാ… ഞാൻ ട്രെയിനിൽ കയറി.”

മറുവശത്ത് കുറച്ചു നിമിഷം നിശ്ശബ്ദത.
പിന്നെ ചേട്ടന്റെ ശബ്ദം.
“കയറിയോ? സീറ്റ് കിട്ടിയോ?”

“ഇല്ല…”
അവൾ പതിയെ ചിരിച്ചു…

“നിൽക്കുകയാണോ?”
“ആ…”.

“എന്തായാലും പേടിക്കണ്ട. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഉടനെ വിളിക്കണം. ബാഗൊക്കെ സൂക്ഷിക്കണം. ആരെയും അധികം വിശ്വസിക്കണ്ട.”

ചേട്ടന്റെ ഓരോ വാക്കിലും അവൾക്ക് വീട്ടിലെ മണം തോന്നി.
“കോഴിക്കോട്ട് എത്തിയാൽ വിളിക്കാം ”
“അമ്മയോടും സംസാരിക്ക്.”
അവൾ ഫോൺ അമ്മയ്ക്ക് കൊടുത്തു.….

“മോളേ…”
അമ്മയുടെ ശബ്ദം കേട്ടതും  ദേവികയുടെ കണ്ണുകൾ പെട്ടെന്ന് നിറഞ്ഞു.,
ഇത്രയും വലിയ നഗരത്തിൽ, ഇത്രയും ആളുകൾക്കിടയിൽ നിന്നിട്ടും ആ ഒരു ശബ്ദം മാത്രം അവൾക്ക് സ്വന്തം വീടിന്റെ മുറ്റം പോലെ തോന്നി…
“ഭക്ഷണം കഴിച്ചോ?”
“കഴിച്ചു അമ്മേ…”

അത് കള്ളമായിരുന്നു…
തിരക്കിനിടയിൽ ഭക്ഷണം കഴിക്കാൻ പോലും അവൾക്ക് കഴിഞ്ഞിരുന്നില്ല.

“വെള്ളം കുടിക്കുന്നുണ്ടല്ലോ?”
“ഉണ്ട്.”
“രാത്രി ഉറങ്ങുമ്പോൾ ബാഗ് സൂക്ഷിക്കണം. ഫോൺ ചാർജുണ്ടോ?”

“ഉണ്ട് അമ്മേ…”

ഫോൺ കട്ട് ചെയ്ത ശേഷം ദേവിക കുറച്ചു നേരം ഒന്നും മിണ്ടാതെ നിന്നു.
ട്രെയിൻ ഡൽഹിയുടെ തിരക്കുകളിൽ നിന്ന് പതിയെ പുറത്തേക്ക് പാഞ്ഞുകൊണ്ടിരുന്നു…

അവൾ ജനാലയിലൂടെ പുറത്തേക്ക് നോക്കി.
അപരിചിതമായ കാഴ്ചകൾ പിന്നിലേക്ക് ഓടിമറഞ്ഞു.
മനസ്സ് മാത്രം പതിയെ നാട്ടിലേക്ക് ഓടുകയായിരുന്നു.
കോഴിക്കോട്…
വീട്…
അമ്മ…
അച്ഛൻ…
ചേട്ടൻ…
പശുവിന്റെ തൊഴുത്ത്…
വീടിന്റെ മുറ്റം…
എല്ലാത്തിനുമുപരി, ഏറെ നാളുകൾക്ക് ശേഷം സ്വന്തം വീട്ടിലെത്തി അമ്മയുടെ കൈയിൽ നിന്ന് ഒരു ചൂടുള്ള ചായ കുടിക്കാനുള്ള ആഗ്രഹം…
അവൾ ബാഗ് കുറച്ചുകൂടി മുറുക്കിപ്പിടിച്ചു…..

മുന്നിൽ നീണ്ടുകിടന്ന യാത്ര ഇനിയും ബാക്കിയായിരുന്നു. ദേവിയുടെ കാലുകൾ വേദനിച്ച് തുടങ്ങിയിരുന്നു. ഒന്ന് ഇരിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും, ആളുകൾ നിറഞ്ഞ ആ ട്രെയിനിൽ അതിനൊരു സാധ്യത പോലും കാണാനായില്ല. അവൾ പതിയെ ചുറ്റും കണ്ണോടിച്ചു.
യാത്രക്കാരുടെ തിരക്കിനിടയിൽ ഒരു ബംഗാളി തൊഴിലാളി സംഘം അവളെ ചുറ്റിനിന്നു. അവരുടെ വായിൽ നിന്നുയർന്ന പാൻപരാഗിന്റെ ഗന്ധം അവളെ അസ്വസ്ഥയാക്കി. അവൾ അല്പം മാറിനിൽക്കാൻ ശ്രമിച്ച നിമിഷം, കാതോരത്ത് പതിഞ്ഞൊരു ശബ്ദം മൃദുവായി ഒഴുകിയെത്തി…

“ആ ജനൽക്കരയിലേക്ക് ഒന്ന് നിന്നോളൂ… ആ സീറ്റിലുള്ളയാൾ ഇപ്പോൾ എഴുന്നേൽക്കും. അപ്പോൾ അവിടെ ഇരിക്കാം…”

ആ ശബ്ദം അത്രമേൽ ശാന്തമായിരുന്നു. അവൻ സംസാരിക്കുമ്പോൾ ശ്വാസത്തിന്റെ ഇളം ചൂട് അവളുടെ കവിളിൽ മെല്ലെ തഴുകിപ്പോയി. അറിയാത്തൊരു വിറയൽ അവളുടെ ഉള്ളിലൂടെ മിന്നൽപോലെ പാഞ്ഞു…
അവൾ പതിയെ തല തിരിച്ച് ശബ്ദത്തിന്റെ ഉടമയെ നോക്കി.
ആദ്യം കണ്ണിൽ പതിഞ്ഞത് അവന്റെ കണ്ണുകളായിരുന്നു…ഇളം ബ്രൗൺ നിറത്തിൽ, നീണ്ട പീലികൾക്കിടയിൽ പുഞ്ചിരി ഒളിപ്പിച്ചിരുന്ന രണ്ട് മനോഹരമായ കണ്ണുകൾ…
താഴേക്ക് നോക്കിയപ്പോൾ ഇളം ചുവപ്പുനിറമുള്ള ചുണ്ടുകൾ, അവയെ മറച്ചുനിൽക്കുന്ന നേർത്ത മീശ, വെട്ടിയൊതുക്കിയ ഭംഗിയാർന്ന താടി…
കഴുത്തിൽ കിടന്നിരുന്ന വെള്ളി ചെയിനിലേക്ക് അവളുടെ നോട്ടം അറിയാതെ വഴുതി. അതിന്റെ അറ്റത്ത് തൂങ്ങിയിരുന്ന ചെറിയ കുരിശ് നെഞ്ചിൽ മെല്ലെ തട്ടിക്കൊണ്ടിരുന്നു.,

എന്തുകൊണ്ടോ ആ കാഴ്ചയിൽ നിന്ന് കണ്ണുകൾ പിൻവലിക്കാൻ അവൾക്ക് കഴിഞ്ഞില്ല…

“എന്താ… ഇങ്ങനെ നോക്കുന്നത്?”

വീണ്ടും അവന്റെ ശബ്ദം കാതോരത്ത് വിരിഞ്ഞു. ചുണ്ടുകളിൽ വിരിഞ്ഞ കുസൃതിച്ചിരി അവന്റെ മുഖത്തിന് വേറിട്ടൊരു ഭംഗി നൽകി. ദേവി പെട്ടെന്ന് ചമ്മലോടെ കണ്ണുകൾ മാറ്റി.
അപ്പോഴാണ് അവളുടെ ശ്രദ്ധ അവന്റെ കൈയിലേക്കെത്തിയത്. കറുത്ത ത്രെഡ് ബ്രേസ്ലെറ്റ് ധരിച്ചിരുന്ന ആ കൈയിൽ നിറഞ്ഞുനിന്ന രോമങ്ങളും, കറുത്ത ടി-ഷർട്ടും ആഷ് ബ്ലൂ ജീൻസും, തോളിലേറ്റിയ വലിയ ബാഗും അവളുടെ കണ്ണുകൾ അവനിലേക്ക് തന്നെ ആകർഷിച്ചു കൊണ്ടിരുന്നു…

ദേവിക വീണ്ടും ജനലിന് പുറത്തേക്ക് നോക്കാൻ ശ്രമിച്ചു. അപ്പോഴേക്കും ജനൽസീറ്റിലിരുന്ന യാത്രക്കാരൻ എഴുന്നേറ്റു. അവൻ അവളെ നോക്കി ചെറുപുഞ്ചിരിയോടെ കണ്ണുകൾകൊണ്ട് തന്നെ ആ സീറ്റ് ചൂണ്ടിക്കാണിച്ചു…

“ഇരുന്നോളൂ…”എന്ന മൗനാനുവാദം പോലെ.
ദേവിക നന്ദി നിറഞ്ഞൊരു നോട്ടം അവനിലേക്കെറിഞ്ഞ് ജനൽസീറ്റിലിരുന്നു. പുറത്തേക്ക് പാഞ്ഞുപോകുന്ന കാഴ്ചകളേക്കാൾ, തൊട്ടുമുന്നിൽ നിന്നിരുന്ന ആ അപരിചിതന്റെ പുഞ്ചിരിയായിരുന്നു അന്നേരം അവളുടെ മനസ്സിൽ കൂടുതൽ തെളിഞ്ഞുനിന്നത്…

വൈകുന്നേരം പതിയെ രാത്രിയിലേക്ക് വഴിമാറുകയായിരുന്നു. ഡൽഹി പിന്നിലാക്കി ട്രെയിൻ ഹരിയാനയുടെ മണ്ണിലേക്ക് കടന്നിരുന്നു. ജനാലയ്ക്കപ്പുറം പരന്നുകിടക്കുന്ന പച്ചപ്പും, ഇടയ്ക്കിടെ കാണുന്ന കൃഷിയിടങ്ങളും, ചെറുഗ്രാമങ്ങളും അവളുടെ കണ്ണുകളെ കവർന്നു. ഓരോ സ്റ്റേഷനിലും പുതിയ മുഖങ്ങൾ കയറുകയും ഇറങ്ങുകയും ചെയ്തു. പല ഭാഷകൾ, പല വേഷങ്ങൾ, പല സംസ്കാരങ്ങൾ..ഓരോ നിമിഷവും അവൾക്ക് പുതിയ അനുഭവമായിരുന്നു…

രാത്രി കനത്തുതുടങ്ങിയപ്പോൾ മനസ്സിലൊരു ചെറിയ ഭയം മുളച്ചു. പരിചയമില്ലാത്ത ആളുകൾ, അപരിചിതമായ സ്ഥലങ്ങൾ, നീണ്ട യാത്ര..എല്ലാം ചേർന്ന് അവളെ അസ്വസ്ഥയാക്കി. അതിനൊപ്പം തന്നെ വിശപ്പും വയറിനുള്ളിൽ പിടിമുറുക്കി. രാവിലെ ഹോസ്റ്റലിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് എന്തോ കഴിച്ചതാണ്. അതിനുശേഷം യാത്രയുടെ തിരക്കിൽ ഭക്ഷണം കഴിക്കാൻ മറന്നുപോയിരുന്നു……

പെട്ടെന്നാണ് നേരത്തെ കണ്ട ആ അപരിചിതനെ കാണാതായത്.
ചുറ്റും കണ്ണോടിച്ചു. ഓരോ ബോഗിയിലേക്കും നോക്കി. എവിടെയും ഇല്ല. മനസ്സിൽ അറിയാതെ ഒരു ശൂന്യത നിറഞ്ഞു…..

അപ്പോഴാണ് അടുത്തിരുന്ന ഒരാൾ എഴുന്നേറ്റത്.. ആ നിമിഷം, കയ്യിൽ രണ്ട് ഭക്ഷണപ്പൊതികളുമായി അവൻ അവളുടെ മുന്നിൽ എത്തിനിന്നു…

“ഇത് കഴിച്ചോളൂ…”

ആർദ്രമായ അവന്റെ ശബ്ദം അവളുടെ ഉള്ളിൽ എവിടെയോ മൃദുവായി തട്ടി.
ഒന്നും പറയാതെ അവൾ അവന്റെ മുഖത്തേക്ക് നോക്കി…

“കഴിക്ക്… രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ലല്ലോ. ഇനിയും വീട്ടിലെത്താൻ സമയമെടുക്കും. അതുവരെ വിശന്നിരിക്കാനാവില്ല.” അവന്റെ ശബ്ദം അവളുടെ കാതുകളിലൂടെ കവിളിൽ കളിലൂടെ ശരീരത്തിന്റെ ഓരോ ഭാഗത്തേക്കും പടർന്നു കയറുന്നത് പോലെ തോന്നിയവൾക്ക്..

അവൻ അവളുടെ അരികിലിരുന്നു.
അവന്റെ ഓരോ വാക്കിലും കരുതലിന്റെ ചൂടുണ്ടായിരുന്നു. ആ കരുതൽ അവളുടെ മനസ്സിനെ പതിയെ ശാന്തമാക്കി….
ഭക്ഷണപ്പൊതി വാങ്ങുമ്പോഴും അവളുടെ മനസ്സ് മറ്റൊരു അസ്വസ്ഥതയിലായിരുന്നു. രാവിലെ ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയതിനു ശേഷം ബാത്ത്റൂമിൽ പോലും പോയിരുന്നില്ല… പോകണം എന്ന് തോന്നുന്നുണ്ടെങ്കിലും, അവനോട് എങ്ങനെ പറയുമെന്ന് അറിയില്ല…..

അവളുടെ മുഖത്തെ ആ നിസ്സഹായത അവൻ ശ്രദ്ധിച്ചു…
“വാ…”
അവൻ പതിയെ പറഞ്ഞു…

“ബാഗ് സീറ്റിൽ വച്ചാൽ മതി.”
അവൾ കൗതുകത്തോടെ അവനെ നോക്കി..
അവൻ മുന്നിലും അവൾ പിന്നിലുമായി നടന്നു. ബോഗിയുടെ അറ്റത്തുള്ള ബാത്ത്റൂമിന് സമീപമെത്തിയപ്പോൾ അവൻ അവിടെ നിന്നു…

“മുഖമൊക്കെ കഴുകിക്കോ… ടോയ്‌ലറ്റിൽ പോയിവാ. ഞാൻ ഇവിടെ നിൽക്കാം…”

താൻ പറയാതെ തന്നെ തന്റെ ആവശ്യങ്ങൾ മനസ്സിലാക്കിയ ആ മനുഷ്യനെ കണ്ടപ്പോൾ, ഉള്ളിൽ എന്തോ ഉരുകി. അതൊരു സങ്കടമായിരുന്നോ, സന്തോഷമായിരുന്നോ, അതോ ഇതുവരെ അനുഭവിക്കാത്ത ഒരു സുരക്ഷിതത്വത്തിന്റെ സ്പർശമായിരുന്നോ….
അവൾക്കുതന്നെ അറിയില്ല…
അവളിൽ ഇത് വരെ അറിയാത്ത കുളിർ മനസ്സിലാകെ പടർന്നുകയറി..

ട്രെയിനിന്റെ ചക്രങ്ങൾ ഇരുട്ടിനെ കീറിമുറിച്ച് മുന്നോട്ടുപാഞ്ഞുകൊണ്ടിരുന്നു. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ച ആ നിമിഷങ്ങൾക്കുശേഷം, ഒരു വാക്കുപോലും പറയാതെ അവർ പരസ്പരം കുറച്ചുകൂടി പരിചിതരായതുപോലെ തോന്നി…

ഭക്ഷണം കഴിഞ്ഞ് അവൾ പണം എടുത്ത് അവന്റെ നേരെ നീട്ടിയപ്പോൾ, അവൻ തലപൊക്കി ഒന്ന് നോക്കി..

“ഇപ്പോൾ അവിടെ വെച്ചോളൂ…”

അത്രമാത്രം പറഞ്ഞ് അവൻ ലാപ്ടോപ്പ് തുറന്ന് വീണ്ടും തന്റെ ജോലിയിലേക്ക് മുഴുകി…അവന്റെ തൊട്ടരികിൽ അവൾ ഇത്രയും അടുത്ത് ഒരു അപരിചിതനായ പുരുഷനൊപ്പം ഇതുവരെ അവൾ യാത്ര ചെയ്തിട്ടില്ല. ഉള്ളിലൊരിടത്ത് പറഞ്ഞറിയിക്കാനാകാത്ത ഒരു പരിഭ്രമം. അതിനൊപ്പം എന്തോ ഒരു സുരക്ഷിതത്വത്തിന്റെ തോന്നലും…

അവന്റെ ശ്വാസത്തിന്റെ നേരിയ ചൂട് അവളെ തഴുകി. ട്രെയിനിന്റെ തണുത്ത കാറ്റിനിടയിലും അവന്റെ സാന്നിധ്യം ഒരു ചെറുചൂടായി അവൾക്ക് അനുഭവപ്പെട്ടു.. അവന്റെ ചുമലിൽ ചുമൽ തട്ടുമ്പോൾ ഉണ്ടാകുന്ന പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു വികാരം അവളെ പൊതിഞ്ഞു…
കുറച്ചുസമയം കഴിഞ്ഞപ്പോൾ അവൻ ലാപ്ടോപ്പിൽ നിന്നുള്ള കണ്ണുയർത്താതെ പറഞ്ഞു..

“ഉറക്കം വരുന്നുണ്ടെങ്കിൽ ഉറങ്ങിക്കോളൂ… ഞാൻ ഇവിടെ തന്നെയുണ്ട്.”
ആ വാക്കുകൾ അവളുടെ മനസ്സിൽ എന്തോ സ്പർശിച്ചു.
“ഇതെന്താണ്… ഇങ്ങനെ എനിക്ക്?” അവൾ സ്വയം ചോദിച്ചു…

പുറത്ത് രാത്രി കനത്തു. ജനലിന് അപ്പുറം ഇടയ്ക്കിടെ തെളിഞ്ഞുമറയുന്ന വീടുകളുടെ വെളിച്ചങ്ങൾ മാത്രം. ട്രെയിനിന്റെ താളം അവളെ പതിയെ ഉറക്കത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.
എത്രനേരം കഴിഞ്ഞെന്നറിയില്ല…
പെട്ടെന്ന് കണ്ണുതുറന്ന അവൾക്ക് തന്റെ തല ആരുടെയോ ചുമലിൽ ചാരിയിരിക്കുന്നുവെന്ന് മനസ്സിലായി.
അവൾ ഞെട്ടി നേരെയിരുന്നു…

അവൻ ഇപ്പോഴും ലാപ്ടോപ്പിൽ എന്തോ ടൈപ്പ് ചെയ്യുകയായിരുന്നു. ഒരു നിമിഷം പോലും അവളെ അസ്വസ്ഥയാക്കാതെ, അവളുടെ ഉറക്കം മുറിയാതിരിക്കാനെന്നപോലെ അനങ്ങാതെയിരുന്നു…
അവളുടെ മുഖം  ചുവന്നു… അറിയാതെ ഒരു വിറയൽ അവളിലൂടെ കടന്നുപോയി..

“സോറി… അറിയാതെ…”അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
അവൻ ഒരു ചെറുപുഞ്ചിരിയോടെ അവളെ നോക്കി…
“ഓക്കേ.”
അവൻ തന്റെ ജോലിയിലേക്ക് തിരിഞ്ഞു..

ഇതിനിടയിൽ, അവനും ഇടയ്ക്കിടെ അവളെ ശ്രദ്ധിച്ചിരുന്നു.
ആധുനിക വസ്ത്രങ്ങളണിഞ്ഞ നഗരത്തിലെ പെൺകുട്ടികളെ ഒരുപാട് കണ്ടിട്ടുണ്ട്. പക്ഷേ അവളിൽ മറ്റെന്തോ ഉണ്ടായിരുന്നു. മേക്കപ്പില്ലാത്ത തെളിഞ്ഞ വെളുത്ത മുഖം, ഇടുപ്പുവരെ നീണ്ട കറുത്ത മുടി, ഉയർന്ന നാസിക, ഇളംചുവപ്പാർന്ന ചുണ്ടുകൾ… എല്ലാറ്റിനുമുപരി ഒരു ഗ്രാമീണ നിഷ്കളങ്കത….

അപ്പോഴാണ് അവന്റെ ഫോൺ ശബ്ദിച്ചത്.
അവൻ കോൾ എടുത്തു…

“ഹലോ… ജോബിൻ സ്പീക്കിംഗ്.”..

ആ ഒരു പേര് മാത്രം അവളുടെ കാതുകളിൽ വീണ്ടും വീണ്ടും മുഴങ്ങി.
ജോബിൻ…
അറിയാതെ അവൾ മനസ്സിൽ ആ പേര് ഉരുവിട്ടു.എന്തുകൊണ്ടെന്നറിയില്ല.
ആ പേര് അവളുടെ ഉള്ളിലൂടെ ഒരു കുളിർക്കാറ്റുപോലെ ഒഴുകി….

ട്രെയിൻ പാളങ്ങളിലൂടെ താളത്തിൽ മുന്നേറിക്കൊണ്ടിരുന്നു. എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണ അവൾ, ”ചായ… ചായ…”എന്ന വിളി കേട്ടാണ് വീണ്ടും കണ്ണുതുറന്നത്. പ്രഭാതത്തിന്റെ നേർത്ത വെളിച്ചം ജനാലയിലൂടെ അകത്തേക്ക് ഒഴുകിയെത്തുകയായിരുന്നു.
തൊട്ടരികിലേക്ക് നോക്കിയപ്പോൾ അവൻ സീറ്റിന്റെ പിൻഭാഗത്തേക്ക് തല ചായ്ച്ച് ശാന്തമായി ഉറങ്ങുകയായിരുന്നു. അവൾ അറിയാതെ ആ മുഖത്തേക്ക് നോക്കി നിന്നു. ആ ഉറക്കത്തിനുപോലും ഒരു പ്രത്യേക ഭംഗിയുണ്ടെന്ന് അവൾക്ക് തോന്നി. ഇതുവരെ മനസ്സിൽ ഉണർന്നിട്ടില്ലാത്ത ഒരു മൃദുവായ വികാരം അവളെ തഴുകിപ്പോയി. തണുത്ത കാറ്റ് ഹൃദയത്തെ സ്പർശിക്കുന്നതുപോലെ ഒരു കുളിർ അവളുടെ ഉള്ളിലൂടെ പടർന്നു…

“എന്താണ് എന്റെ മനസ്സ് ഇങ്ങനെ?”..

അവൾ സ്വയം ചോദിച്ചു. നെഞ്ചിനുള്ളിൽ ചെറുതായി വിറയൽ തോന്നി.അവൾ നോക്കിക്കൊണ്ടിരിക്കെ അവൻ കണ്ണുതുറന്നു. അവളുടെ നോട്ടം കണ്ടപ്പോൾ ഒരു ചെറുപുഞ്ചിരിയോടെ പുരികം ഉയർത്തി, “എന്താ?”എന്ന ഭാവത്തിൽ ചോദിച്ചു…

“ഒന്നുമില്ല…”എന്ന് പറഞ്ഞ് അവൾ വേഗം ജനാലയിലേക്ക് മുഖം തിരിച്ചു..

“ഞാൻ ഒന്ന് ഫ്രഷായി വരാം,” എന്ന് പറഞ്ഞ് അവൾ എഴുന്നേറ്റു. അവനും പിന്നാലെ എഴുന്നേറ്റു. ബാത്ത്റൂമിന് സമീപം നിന്നുകൊണ്ട് അവൾ തിരികെ വരുന്നതുവരെ കാത്തുനിന്നു. മുഖം കഴുകി തിരികെയെത്തിയപ്പോൾ ട്രെയിനിൽ വന്ന ചായക്കാരനിൽ നിന്ന് രണ്ട് ചായ വാങ്ങി. ഒന്ന് അവൾക്കുനേരെ നീട്ടി.
അവൾക്ക് വീണ്ടും ചെറിയൊരു അസ്വസ്ഥത തോന്നി. ‘ഇത്രയും നേരമായി അവനാണ് എല്ലാം വാങ്ങുന്നത്… പണം കൊടുക്കണമല്ലോ…:എന്ന് മനസ്സിൽ വിചാരിച്ചെങ്കിലും, അവന്റെ സ്വാഭാവികവും സൗഹൃദപരവുമായ പെരുമാറ്റം കാരണം ഒന്നും പറയാൻ അവൾക്കായില്ല….

ആ ദിവസം മുഴുവൻ ട്രെയിനിലായിരുന്നു അവരുടെ ലോകം.
ചെറിയ പുഞ്ചിരികളിൽ തുടങ്ങി നീണ്ട സംഭാഷണങ്ങളിലേക്ക് അവർ എത്തി. വീടിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും, ഡൽഹിയിലെ പഠനത്തെക്കുറിച്ചും, ഒറ്റയ്ക്കുള്ള യാത്രയെക്കുറിച്ചും, അവളുടെ ആശങ്കകളെക്കുറിച്ചും അവൾ തുറന്നുപറഞ്ഞു.
അവനും തന്റെ ജീവിതം പറഞ്ഞു…

“ഞാൻ ഡൽഹിയിലെ ഒരു ഷിപ്പ്യാർഡിൽ മറൈൻ എൻജിനീയറാണ്. ആറുമാസം കടലിലും ആറുമാസം നാട്ടിലുമാണ് എന്റെ ജീവിതം.”

അവനെ കേൾക്കുമ്പോൾ അവന്റെ ജീവിതത്തോടും വ്യക്തിത്വത്തോടും അവൾക്ക് ഒരു പ്രത്യേക ബഹുമാനം തോന്നി…
ഭക്ഷണം ഒരുമിച്ച് കഴിച്ചു. ട്രെയിൻ ഓരോ സ്റ്റേഷനുകളും പിന്നിട്ട് മുന്നേറുമ്പോൾ ജനാലയിലൂടെ പാഞ്ഞുപോകുന്ന പച്ചപ്പും വയലുകളും പുഴകളും നോക്കി അവർ സംസാരിച്ചു. ഇടയ്ക്കിടെ നിശ്ശബ്ദതയുണ്ടായെങ്കിലും ആ മൗനത്തിനുപോലും ഒരു സുഖമുണ്ടായിരുന്നു…

ഇടയ്ക്ക് അവളുടെ ഫോണിലേക്ക് വീട്ടിൽ നിന്ന് വിളി വന്നു. സ്വകാര്യമായി സംസാരിക്കാനായി അവൾ എഴുന്നേറ്റപ്പോൾ, മറ്റുള്ളവർ ബുദ്ധിമുട്ടിക്കാതിരിക്കാൻ അവൻ അല്പം മാറിനിന്നു. ആ ചെറിയ കരുതൽ പോലും അവളുടെ മനസ്സിൽ കൂടുതൽ അടുപ്പം സൃഷ്ടിച്ചു.
വൈകുന്നേരത്തിന്റെ സ്വർണ്ണവെളിച്ചത്തിൽ ട്രെയിൻ ജനാലയ്ക്കരികിൽ നിന്നുകൊണ്ട് അവൻ പുറത്തുള്ള മനോഹരമായ കാഴ്ചകളുടെ ഒരു ചിത്രം പകർത്തി…

രാത്രി പകലിലേക്ക് വഴിമാറുമ്പോഴേക്കും ജോബിനും ദേവികയും തമ്മിൽ പറഞ്ഞറിയിക്കാനാകാത്ത ഒരു അടുപ്പം വളർന്നിരുന്നു. അധികം വാക്കുകൾ കൈമാറിയിരുന്നില്ലെങ്കിലും, അവരുടെ മൗനങ്ങൾ പോലും പരസ്പരം മനസ്സിലാക്കാൻ അവർ പഠിച്ചിരുന്നു.
പുലരിയുടെ ആദ്യ വെളിച്ചം ട്രെയിനിന്റെ ജനാലയിലൂടെ അകത്തേക്ക് ഒഴുകിയെത്തി. കേരളത്തിന്റെ അതിർത്തി പിന്നിട്ട് കണ്ണൂരിന്റെ പച്ചപ്പ് കണ്ണിൽ പതിഞ്ഞ നിമിഷം ദേവികയുടെ മനസ്സ് അറിയാതെ വീട്ടിലേക്കും സ്വന്തം ആളുകളിലേക്കും ഓടിപ്പോയി. തേങ്ങിൻതോപ്പുകളും നെൽപ്പാടങ്ങളും ചെറിയ വീടുകളും മഴനനഞ്ഞ മണ്ണിന്റെ നിറവും അവളുടെ ഉള്ളിൽ ഒരുപിടി ഓർമ്മകൾ ഉണർത്തി…..

പക്ഷേ ആ ഓർമ്മകൾക്കൊപ്പം മറ്റൊരു നൊമ്പരവും പതിയെ മനസ്സിൽ കയറി. ഈ യാത്ര അവസാനിച്ചാൽ, തന്റെ തൊട്ടരികിൽ ഇത്രയും നേരം കൂടെയുണ്ടായിരുന്ന ആ മനുഷ്യൻ ഇനി തന്റെ ജീവിതത്തിൽ ഉണ്ടാകുമോ എന്ന ചോദ്യമായിരുന്നു അത്. ആ ചിന്ത അവളുടെ കണ്ണുകളെ നനച്ചു….

അൽപസമയം കഴിഞ്ഞ് അവൾ പതിയെ എഴുന്നേറ്റു ട്രെയിനിന്റെ വാതിലരികിലേക്ക് നടന്നു. പുറത്തേക്ക് പാഞ്ഞുപോകുന്ന പച്ചപ്പിലേക്ക് നോക്കി നിൽക്കുമ്പോൾ കണ്ണുനീർ തുള്ളികൾ അറിയാതെ കവിളിലൂടെ ഒഴുകി…
അത് ശ്രദ്ധിച്ച ജോബിൻ ശബ്ദമുണ്ടാക്കാതെ അവളുടെ അരികിലേക്ക് നടന്നു. കുറച്ച് നിമിഷങ്ങൾ ഇരുവരും ഒന്നും പറയാതെ പുറത്തേക്ക് നോക്കി നിന്നു. കാറ്റ് അവരുടെ മുഖത്തുകൂടി വീശിപ്പോയി…

“എന്താ…?”അവൻ ചോദിച്ചു.
ദേവിക ഒരു ചെറുപുഞ്ചിരി വരുത്താൻ ശ്രമിച്ചെങ്കിലും അത് പാതിവഴിയിൽ മാഞ്ഞുപോയി…

“ചില യാത്രകൾ അവസാനിക്കരുതെന്ന് തോന്നും… അത്രയേ ഉള്ളൂ,” അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു…

ജോബിൻ അവളെ ഒന്ന് നോക്കി. “യാത്രകൾ അവസാനിക്കും… പക്ഷേ ചില പരിചയങ്ങൾ അവിടെ അവസാനിക്കണമെന്നില്ല.”

അവൻ കൈകൾ അവളിലേക്ക് നീട്ടി അവൾ അരികിലേക്ക് ചേർന്നുനിന്നു..
അവന്റെ കൈകൾ അവളുടെ വയറിലൂടെ കെട്ടിപ്പിടിച്ച് അവനിലേക്ക് ചേർത്തുനിർത്തി അവന്റെ താടി അവളുടെ ചുമലിൽ വച്ചു..

” നമുക്ക് പുതിയ ഒരു യാത്ര തുടങ്ങിയാലോ… വരുന്നോ എന്റെ യാത്രയിലേക്ക്.. എന്റെ ശരീരത്തിൽ ജീവനുള്ള കാലത്തോളം പൊന്നുപോലെ കൊണ്ടുനടന്നോളാം… ”

അവന്റെ ആർദ്രമായ ശബ്ദം അവളുടെ കവിളിനെ തഴുകി തലോടി ശരീരത്തിന്റെ ഓരോ രോമ കണങ്ങളെയും ഉയർത്തെഴുന്നേൽപ്പിച്ചു..
അവളുടെ കണ്ണുകൾ നനഞ്ഞു ഒന്നും പറയാതെ അവനിലേക്ക് ഒന്നുകൂടെ ചാഞ്ഞുനിന്നു അവൾ.. അവളുടെ ഹൃദയമിടിപ്പ് അവൻ തൊട്ടറിഞ്ഞു..
പതിയെ അവന്റെ വിരലുകൾ അവളുടെ ഹൃദയത്തിനു നേരെ നീണ്ടു..

അവളുടെ കാതോരം
“ഇത് മിടിക്കുന്നത് എനിക്കുവേണ്ടിയാണ് അല്ലേ..”

അവൾ ഒന്നും പറയാതെ അവനിലേക്ക് തിരിഞ്ഞ് കഴുത്തിലേക്ക് കൈകൾ ചേർത്ത്.. അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി.. അവളുടെ ഇളം ചുവപ്പാർന്ന ചുണ്ടുകൾ വിറക്കുന്നത് അവൻ കണ്ടു.. തന്റെ ചൂണ്ടുവിരൽ എടുത്ത് അവളുടെ ചുണ്ടിൽ ഒന്നും ഞരടി അവൻ..
അവൾ ഒന്നു എങ്ങി അവന്റെ നെഞ്ചിലേക്ക് തല ചാഴിച്ചു….
യാത്ര അവസാനിച്ചു അവൾ ചേട്ടന്റെ കൂടെ വീട്ടിലേക്ക് പോയി.. കണ്ണിൽ നിന്നും മറയുവോളും കാഴ്ച അവളിൽ തെളിഞ്ഞു വീണു.. അവർ തമ്മിൽ കാഴ്ചകൾഉണ്ടായി.. പതിയെ പതിയെ അവർ തമ്മിലുള്ള പ്രണയം വളർന്നു പന്തലിട്ടു…

പെട്ടെന്ന് ഒരു ദിവസം അവന്റെ കോളുകളോ ശബ്ദങ്ങളോ ഒന്നും അവളെ തേടി വന്നില്ല.. അവൾ അന്വേഷിക്കാത്ത വഴികളില്ല.. പക്ഷേ അവനെ കുറിച്ച് ഒരു വിവരവും കിട്ടിയില്ല.. ദിവസങ്ങൾ മാസങ്ങളായി മാസങ്ങൾ വർഷങ്ങളായി അവനെക്കുറിച്ച് യാതൊരു വിവരവും ഇല്ല. അവളുടെ പ്രണയം ആർദ്രമായി നനഞ്ഞു കൊണ്ടേയിരുന്നു..

വീട്ടുകാരുടെ ഭീഷണി മൂലം അവൾ കല്യാണത്തിന് സമ്മതിക്കുകയാണ്.. ഇതിനിടയിൽ അവൾ ഡൽഹിയിലെ ഹോസ്പിറ്റലിൽ തന്നെ നേഴ്സ് ആയി മാറിയിട്ടുണ്ട്.. ഉയർന്ന സാലറി ഹൈ പദവി പക്ഷേ പ്രിയപ്പെട്ടവൻ മാത്രം അടുത്തില്ല… കാണുന്നവരോട് കേൾക്കുന്നവരോടും എല്ലാം അവൾ അവനെ അന്വേഷിച്ചു പക്ഷേ അവൾക്ക് അവനെക്കുറിച്ച് വലിയ അറിവ് ഒന്നുമില്ല കാണുമ്പോൾ കാണുന്നതും കേൾക്കുമ്പോൾ കേൾക്കുന്നതുമായ കുറച്ചു നിമിഷങ്ങൾ മാത്രം…

തന്റെ വീട്ടിലെത്തിയിട്ടും അവൾക്ക് ആഘോഷങ്ങളിൽ ഒന്നും പങ്കുചേരാൻ ആയില്ല.. തന്റെ പ്രണയം അതിപ്പോൾ എവിടെയാണ്..?വീങ്ങുന്ന മനസ്സുമായി തന്റെ ജനാലക്കരികിൽ നിന്ന് പുറത്തേക്ക് നോക്കി നിന്നു..
അവനെ കാത്തിരിക്കണം പക്ഷേ എങ്ങിനെ വീട്ടുകാരുടെ ഈ നിർബന്ധത്തിൽ വഴങ്ങി തന്റെ ജീവിതം ഇല്ലാതാക്കുകയോ..?
ഇതിൽ നിന്ന് രക്ഷപ്പെടാൻ എന്താണ് ഒരു വഴി..?
അത്രമേൽ ആർദ്രമായില്ലേ തന്റെ പ്രണയം..?
അത്രമേൽ താൻ അവനെ സ്നേഹിക്കുന്നില്ലേ..?
മനസ്സും ശരീരവും അവനു വേണ്ടി കാത്തിരിക്കുകയല്ലേ..?

അന്ന് ആ സന്ധ്യയിൽ ദേവികയുടെ മുറിയുടെ വാതിൽ തുറന്ന് അമ്മ അകത്ത് വന്നു. മകളുടെ ക്ഷീണിച്ച മുഖവും ഉറക്കമില്ലാത്ത കണ്ണുകളും കണ്ടപ്പോൾ ആ അമ്മയുടെ മനസ്സും ഒന്നു വിങ്ങി. പക്ഷേ കുടുംബത്തിന്റെ തീരുമാനത്തിനുമുന്നിൽ അവൾക്കും നിശ്ശബ്ദയായി നിൽക്കാനേ കഴിഞ്ഞുള്ളൂ…

“ഈ ബന്ധം മറന്നുകളയണം മോളേ…”

അമ്മ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
ദേവിക കണ്ണുനീർ തുടച്ചുകൊണ്ട് അമ്മയെ നോക്കി..
“അമ്മേ… ഞാൻ ഒരാളെ സ്നേഹിച്ചത് ഒരു മതം നോക്കിയല്ല. എന്നെ മനുഷ്യനായി മനസ്സിലാക്കിയ ഒരാളെയാണ്. അവനെ മറക്കാൻ പറഞ്ഞാൽ… അതെനിക്ക് എന്നെത്തന്നെ മറക്കാൻ പറയുന്നതുപോലെയാണ്.”.

ആ വാക്കുകൾക്ക് ശേഷം മുറിയിൽ വീണ്ടും നിശ്ശബ്ദത നിറഞ്ഞു.
അവൾക്ക് ജോബിന്റെ ഓർമ്മകളായിരുന്നു മനസ്സിൽ നിറയെ. കോഴിക്കോട് മുതൽ ഡൽഹി വരെ നീണ്ട ആ ആദ്യ യാത്ര അവളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓർമ്മയായി മാറിയിരുന്നു…

അവൾ. തന്റെ കയ്യിലെ ഫോൺ വെറുതെ സോഷ്യൽ മീഡിയയിൽ പരതി ക്കൊണ്ടേയിരുന്നു..എവിടെയെങ്കിലും അവനെ ഒന്ന് കാണുവാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്.. പെട്ടെന്ന് അപരിചിതമായ ഒരു നമ്പർ ഫോൺ സ്ക്രീനിൽ..
“ഹലോ..”

“ദേവി…”

അപ്പുറത്ത് നിന്ന് കേട്ട ആ ഒരൊറ്റ വിളി മതി. നാല് വർഷത്തെ കാത്തിരിപ്പും കണ്ണീരും നിശ്ശബ്ദതയും ഒറ്റ നിമിഷം കൊണ്ട് അവളുടെ കണ്ണുകളിലൂടെ ഒഴുകിപ്പോയി…
‘ ജോ…’
“എനിക്ക് നിങ്ങളെ കാണണം..”

” ഞാനിവിടെ നിന്റെ തൊട്ടപ്പുറത്ത് ഉണ്ട് പുറത്തിറങ്ങ്..”

തനിക്കുവേണ്ടി ഉയർന്ന കല്യാണ പന്തലിലൂടെ അവൾ മെല്ലെ പുറത്തിറങ്ങി…

അങ്ങകലെ ബൈക്കിൽ ചാരി നിൽക്കുന്നവനെ കണ്ട് അവളുടെ ഹൃദയം ഒന്ന് പിടച്ചു.. കണ്ണുകളിൽ ശൂന്യത മുഖം മുഴുവൻ മാറിയിട്ടുണ്ട്.. ഒന്നുകൂടി ദൃഢമായത് പോലെ.. മുഖത്ത് നേരിയ വരകൾ..
അവൾ വേഗത്തിൽ അവനിലെകോടി കാറ്റു പോലും കടക്കാത്ത അത്രയും അവനോട് ചേർന്നുനിന്ന് മുറുക്കിപ്പിടിച്ചു.. അവന്റെ കൈകൾ അവളെ തഴുകി കണ്ണുനീർ ഒഴുകിയിറങ്ങി രണ്ടുപേരുടെയും കവിളിലൂടെ.
വിരലുകൾ അവളുടെ ഓരോ ഭാഗത്തിലൂടെയും പടർന്നു കയറി.
കരഞ്ഞു കലങ്ങിയ മിഴികൾ അവൻ ഉയർത്തി ആ നെറ്റിയിലേക്ക് അവന്റെ ചുണ്ടുകൾ ചേർത്തുവച്ചു..

“എവിടെയായിരുന്നു ഇത്രയും.”

പറയുവാൻ കഴിയാതെ അവളുടെ ശബ്ദം ഇടറി..

“എനിക്കറിയാം എല്ലാം പറയാം..

അമേരിക്ക ആസ്ഥാനമായ ഒരു കമ്പനിയുടെ കപ്പലിലായിരുന്നു അവൻ ജോലി ചെയ്തിരുന്നത്. ഒരിക്കൽ, ആ കപ്പൽ തെറ്റിദ്ധാരണയുടെ പേരിൽ ഒരു സായുധസംഘം തട്ടിയെടുത്തു. അതിലുണ്ടായിരുന്ന ജീവനക്കാരെയും അവർ ബന്ദികളാക്കി. പുറത്തുള്ള ലോകവുമായി യാതൊരു ബന്ധവുമില്ലാതെ, മരണഭയത്തോടെയും അനിശ്ചിതത്വത്തോടെയും അവർ ദിവസങ്ങൾ തള്ളിനീക്കി.
വർഷങ്ങൾനീണ്ട തടവുജീവിതത്തിനൊടുവിൽ നടത്തിയ ചർച്ചകളുടെയും ഇടപെടലുകളുടെയും ഫലമായി അവരെ മോചിപ്പിച്ചു. ആ ദുരനുഭവത്തിന്റെ മുറിവുകൾ ഇന്നും അവന്റെ മനസ്സിൽ മായാതെ കിടക്കുന്നു.. ആ ദിവസങ്ങളിൽ താൻ എത്രത്തോളം നിസ്സഹായനായിരുന്നു, ഓരോ രാത്രിയും ജീവനോടെ തിരികെ വീട്ടിലെത്തുമോ എന്ന ഭയത്തിലാണ് കഴിഞ്ഞതെന്നും… അവന്റെ വാക്കുകൾ  കേട്ടപ്പോൾ അവൾ അവളുടെ വിരലുകൾ  അവനിലേക്ക് ചേർത്തുവച്ചു….

വർഷങ്ങൾ ഒരുപാട് കടന്നുപോയി. വീട്ടുകാരുടെയും നാട്ടുകാരുടെയും സമ്മതമോ പിന്തുണയോ ഇല്ലാതെ ഒരു രജിസ്റ്റർ വിവാഹത്തിലൂടെ അവർ ജീവിതം ഒന്നാക്കി. ആ യാത്ര എളുപ്പമായിരുന്നില്ല. എങ്കിലും ജോബിന്റെ കരുതലും സ്നേഹവും പ്രണയവും ദേവികയെ ഓരോ ദിവസവും കൂടുതൽ ശക്തയാക്കി. ദേവികയ്ക്ക് ജോബിനല്ലാതെ മറ്റൊരു ലോകമുണ്ടായിരുന്നില്ല… ജോബിന് ദേവികയും അവരുടെ കുഞ്ഞുങ്ങളുമായിരുന്നു അവന്റെ മുഴുവൻ ലോകം…

ഇന്ന് അവരുടെ രണ്ടാമത്തെ കുഞ്ഞിന്റെ ചോറൂൺ. ആ ചെറിയ സന്തോഷം ഗുരുവായൂരപ്പന്റെ സന്നിധിയിൽ പങ്കിടാനാണ് ജോബിനും ദേവികയും ഗുരുവായൂരിലേക്ക് യാത്രതിരിച്ചത്. പോകുന്നതിന് മുമ്പ് രണ്ടുപേരും സ്വന്തം വീടുകളിലേക്ക് ഫോൺ ചെയ്തു വിവരം അറിയിച്ചു. മറുപടിയായി വലിയ വാക്കുകളൊന്നും ലഭിച്ചില്ല. നിശ്ശബ്ദത മാത്രം.
ട്രെയിൻ പതുക്കെ മുന്നോട്ട് നീങ്ങുമ്പോൾ ദേവിക വീണ്ടും ജോബിന്റെ തോളിലേക്ക് ചാഞ്ഞു. അവന്റെ കൈകൾ അവളെ ചേർത്തുപിടിച്ചു. ആ സ്പർശത്തിൽ വർഷങ്ങൾക്കുമുമ്പ് തുടങ്ങിയ ആ ആദ്യ ട്രെയിൻ യാത്ര വീണ്ടും അവരുടെ മനസ്സിൽ തെളിഞ്ഞുവന്നു. ആ തണുപ്പും, ആ പിടപ്പും, ആ കിതപ്പും, പറയാതെ പറഞ്ഞ പ്രണയവും ഇന്നും അതേ ചൂടോടെ അവരുടെ ഹൃദയത്തിൽ ജീവിച്ചിരുന്നു….

ഗുരുവായൂരിലെത്തി കുഞ്ഞിന്റെ ചോറൂൺ ചടങ്ങ് ഭംഗിയായി.. രണ്ടു വീട്ടുകാരും വന്നു രണ്ടു വീട്ടുകാരും അവർക്കായി ആശംസകൾ അറിയിച്ചു.
അവരുടെ പ്രണയം ഒടുവിൽ ആരെയും തോൽപ്പിച്ചില്ല. മറിച്ച്, എല്ലാവരുടെയും മനസ്സിനെ പതിയെ തോൽപ്പിച്ചു.. കുഞ്ഞുങ്ങളെ ഓരോരുത്തരുമായി എടുത്തപ്പോൾ ജോബിനും ദേവികയും ഒറ്റക്കായി..
പഴയ പ്രണയത്തിന്റെ ചൂടോടെ അവന്റെ കൈകൾ അവളെ ചുറ്റിവരികയും അവനിലേക്ക് ചേർത്തുവയ്ക്കുകയും ചെയ്തു അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ പതിഞ്ഞപ്പോൾ..

“നീ എന്നെന്നും എന്റേത് മാത്രം..”എന്ന് അവൻ പതിയെ മൂളിക്കൊണ്ടിരുന്നു….

Similar Posts

Leave a Reply