ഫോൺ ചെക്ക് ചെയ്തത് സേവ് ചെയ്യാത്ത ഒരു നമ്പരിലെ തുടർച്ചയായ
നിൻ്റെ അമ്മയ്ക്ക് ഒരുത്തനുമായി അടുപ്പമുണ്ടെന്ന് ജെറി പറഞ്ഞപ്പോൾ എനിയ്ക്ക് വിശ്വാസം വന്നില്ല
പക്ഷേ, ഇടയ്ക്കിടെ അമ്മയ്ക്ക് വരുന്ന കോളുകളും മാറി നിന്നുള്ള അമ്മയുടെ അടക്കിപിടിച്ച സംസാരവുമൊക്കെ കണ്ടപ്പോഴാണ് എനിയ്ക്ക് സംശയം തോന്നി തുടങ്ങിയത്
അതിന് ശേഷമാണ് ഒരു ദിവസം ഞാൻ അമ്മയുടെ ഫോൺ ചെക്ക് ചെയ്തത്
സേവ് ചെയ്യാത്ത ഒരു നമ്പരിലെ തുടർച്ചയായ ഇൻകമിങ്ങ് കോളുകൾ
ഞാൻ പരിശോധിച്ചു.
പേര് സേവ് ചെയ്യാത്തത് കൊണ്ട്
തന്നെ ആ ഇൻകമിങ്ങ് കോളുകളൊക്കെ ആട്ടോമാറ്റിക്കായി റെക്കോഡായിട്ടുണ്ടായിരുന്നു.
അതൊന്നും പക്ഷേ അമ്മയ്ക്കറിയില്ലായിരുന്നു , വർഷങ്ങളായി ഒരു പഴയ കീപാഡ് ഫോൺ ഉപയോഗിച്ച് കൊണ്ടിരുന്ന അമ്മയ്ക്ക് ഞാനാണ് ആദ്യശമ്പളം കിട്ടിയപ്പോൾ ആ സ്മാർട്ട് ഫോൺ വാങ്ങി കൊടുത്തത്
ഇത്രയും വില കൂടിയ ഫോൺ എനിക്കെന്തിനാണെന്ന് ചോദിച്ച് അന്ന് അമ്മയെന്നെ കുറെ ശകാരിച്ചിരുന്നു
പക്ഷേ അച്ഛൻ്റെ മരണ ശേഷം സ്വന്തം ജീവിതം പോലും മറന്ന് വളരെയധികം കഷ്ടപ്പെട്ടണ് എന്നെ വളർത്താനും പഠിപ്പിക്കാനുമൊക്കെ അമ്മ ശ്രമിച്ചത്
കുടിയനായ അച്ഛനോടൊപ്പം ജീവിച്ചപ്പോഴും അതിന് ശേഷവും
ജീവിതത്തിൽ സുഖമെന്താണെന്നറിയാത്ത അമ്മയ്ക്ക് ഇനിയെങ്കിലും ജീവിതം ആസ്വദിക്കാനുള്ള അവസരം കൊടുക്കണമെന്ന ചിന്തയിലാണ് ജോലിയ്ക്ക് കയറിയപ്പോൾ കിട്ടിയ ആദ്യത്തെ ശമ്പളത്തിൽ നിന്ന് തന്നെ ഞാനാ ഫോൺ വാങ്ങി കൊടുത്തത്
ഒപ്പം ഫെയ്സ്ബുക്കും ഇൻസ്റ്റയുമൊക്കെ ഉപയോഗിക്കാനും പഠിപ്പിച്ച് കൊടുത്തെങ്കിലും അമ്മയ്ക്ക് അതിലൊന്നും വലിയ താത്പര്യമില്ലായിരുന്നു
ഇനി കാര്യത്തിലേയ്ക്ക് കടക്കാം
ഞാൻ നേരത്തെ പറഞ്ഞ ജെറി എൻ്റെ ബോയ് ഫ്രണ്ടാണ് കെട്ടോ ? ഇൻഫോ പാർക്കിൽ ജോലിയ്ക്ക് കയറിയതിന് ശേഷമാണ് അവനെ പരിചയപ്പെടുന്നതും ഇഷ്ടത്തിലാകുന്നതും
സന്ദർഭം നോക്കി അമ്മയോട് വിവരങ്ങൾ പറയാമെന്ന് കരുതി ഇരിക്കുമ്പോഴാണ് ജെറി ഈ വിവരം പറയുന്നത്
അമ്മ ജോലിയ്ക്ക് പോകുന്ന കമ്പനിയുടെ പരിസരത്ത് വച്ച് ,ഒരാളുമായി അമ്മ സംസാരിച്ച് നില്ക്കുന്നത് പല തവണ ജെറി കണ്ടിട്ടുണ്ടത്രേ അത് സാധാരണ പരിചയക്കാര് തമ്മിലുള്ള സംസാരമല്ലെന്നും അവരുടെ പെരുമാറ്റത്തിൽ റോംങ്ങായി എന്തോ ഉണ്ടെന്നുമാണ് അവൻ പറഞ്ഞത്
എന്തായാലും അമ്മയുടെ ഫോണിലെ കോൾറെക്കോഡിങ്ങ് പ്ളേ ചെയ്ത് കേട്ടപ്പോൾ അതിൽ വാസ്തവമുണ്ടെന്ന് എനിയ്ക്ക് മനസ്സിലായി
അതിലയാൾ അമ്മയോടുള്ള തീവ്രമായ ഇഷ്ടത്തെ കുറിച്ചും അമ്മയെ വിവാഹം കഴിക്കുന്നതിനെ കുറിച്ചുമൊക്കെയാണ് സംസാരിക്കുന്നത് പക്ഷേ അമ്മ ഓരോ തട്ടാമുട്ടി ന്യായങ്ങൾ പറഞ്ഞ് ഒഴിഞ്ഞ് മാറുവാണ് , അതെന്താണെന്ന് അവസാനം സംസാരിച്ച റെക്കോഡ് കേട്ടപ്പോൾ എനിയ്ക്ക് മനസ്സിലായി എനിയ്ക്ക് നാണക്കേട് ഉണ്ടാക്കുന്ന ഒരു ജീവിതവും അമ്മയ്ക്ക് വേണ്ടത്രേ
അത് കേട്ടപ്പോൾ എനിയ്ക്ക് വല്ലാത്ത
സങ്കടം തോന്നി, അന്ന് രാത്രിയിൽ ഞാൻ അമ്മയോട് ആ വിഷയത്തെ കുറിച്ച് സംസാരിച്ചു.
ആദ്യമൊന്നും അമ്മ സമ്മതിച്ചില്ല എങ്കിൽ ഞാനും അവിവാഹിതയായി ജീവിക്കുമെന്ന് പറഞ്ഞപ്പോൾ ഒടുവിൽ എൻ്റെ കല്യാണത്തിന് ശേഷം ആലോചിക്കാമെന്ന് അമ്മ പറഞ്ഞു
പക്ഷേ അപ്പോൾ അമ്മയുടെ മനസ്സ് മാറിയാലോ എന്ന് പേടിച്ച് രണ്ട് കല്യാണവും ഒരുമിച്ച് രജിസ്റ്റർ ഓഫീസിൽ വച്ച് നടത്താമെന്ന് ഞാൻ അമ്മയെ കൊണ്ട് സമ്മതിപ്പിച്ചു
പക്ഷെ അവിടം കൊണ്ട് പ്രശ്നം തീർന്നില്ല
ജെറിയോട് ഇക്കാര്യം പറഞ്ഞപ്പോൾ അവൻ ശക്തമായി എതിർത്തു , അവൻ്റെ ഫാമിലിയിൽ ഉള്ളവർ ഇങ്ങനെയുള്ള കാര്യമൊന്നുമംഗീകരിക്കില്ലെന്നും
അത് കൊണ്ട് അമ്മയെ പ്രോത്സാഹിപ്പിക്കേണ്ടെന്നുമായിരുന്നു അവൻ്റെ മറുപടി
പക്ഷേ അമ്മയുടെ വിവാഹത്തിന് ശേഷമേ ഞാൻ വിവാഹത്തിന് ഒരുങ്ങുവെന്ന് പറഞ്ഞപ്പോൾ അവൻ എന്നോട് ദേഷ്യപ്പെട്ടു
നിനക്ക് ഞാനാണോ വലുത് അതോ അമ്മയാണോ എന്നവൻ ചോദിച്ചു
ഞാൻ പറഞ്ഞു എനിയ്ക്ക് എൻ്റെ അമ്മയുടെ ജീവിതം തന്നെയാണ് പ്രധാനമെന്നും എൻ്റെ ആഗ്രഹത്തിനൊപ്പം നീ നില്ക്കണമെന്നും അവനോട് ഞാൻ കെഞ്ചി പറഞ്ഞു
പക്ഷേ യാതൊരു വിട്ട് വീഴ്ചയ്ക്കും
അവൻ തയ്യാറായില്ല ഒടുവിൽ ഞങ്ങൾ ബ്രേക്ക് അപ്പായി,
ഒരു വർഷം നീണ്ട് നിന്ന പ്രണയത്തിന് വിരാമമായപ്പോൾ നല്ല വേദന തോന്നിയെങ്കിലും അമ്മയുടെ ജീവിതമില്ലാതാക്കിയിട്ട് എനിയ്ക്കൊന്നും നേടണ്ടെന്ന് ഞാൻ സമാധാനിച്ചു
അമ്മയോട് ഞാൻ ഇതിനെ കുറിച്ചൊന്നും പറഞ്ഞില്ല പകരം അമ്മയ്ക്കിഷ്ടപ്പെട്ട ചെറുക്കനെ എനിക്ക് വേണ്ടി കണ്ടെത്തിക്കോളാൻ ഞാൻ പറഞ്ഞു
ജെറിയെ നഷ്ടപ്പെടാതിരിക്കാനായി ഇന്ന് ഞാനവൻ്റെ വാക്ക് കേട്ടാൽ ജീവിത കാലം മുഴുവൻ ഞാനവൻ്റെ സ്വാർത്ഥതാത്പര്യങ്ങൾക്ക് വേണ്ടി വഴങ്ങേണ്ടി വരുമെന്ന ചിന്തയിലാണ് ഞാനങ്ങനൊരു തീരുമാനമെടുത്തത്
ഞാൻ ചെയ്തത് തന്നെയല്ലേ ശരി ? നിങ്ങളൊന്ന് പറയണേ😔🙏
തൈപ്പറമ്പൻ .






