22/04/2026

ബാൽക്കണിയുടെ തറയിൽ വിരിച്ചിട്ട കിടക്കയിൽ ഗുപ്തന്റെ നഗ്നമായ മാറിൽ തലചായ്ച്ചു കിടന്നു അവൾ പുറത്തേക്ക് വിരൽ ചൂണ്ടി…..

രചന – ശ്രുതി മോഹൻ

ഗുപ്തൻ….
ഹ്മ്മ്….
ഗുപ്തൻ…..
എന്താണ് പെണ്ണേ….
നീ അത് കണ്ടോ??
എന്ത്???
ബാൽക്കണിയുടെ തറയിൽ വിരിച്ചിട്ട കിടക്കയിൽ ഗുപ്തന്റെ നഗ്നമായ മാറിൽ തലചായ്ച്ചു കിടന്നു അവൾ പുറത്തേക്ക് വിരൽ ചൂണ്ടി…..
അവളുടെ വിരലിന്റെ പുറകെ പോയ എന്റെ കണ്ണുകൾ എത്തിനിന്നതു നിലാവിൽ പൂത്തുലഞ്ഞു നിൽക്കുന്ന മാവാണ്….

ഗുപ്തൻ. ദാ ആ മാവിലെ പൂക്കൾ കണ്ടോ നമുക്ക് അത്രയും മക്കൾ വേണം….

അത്രയും വേണോ? എന്റെ ചോദ്യത്തിലെ കുസൃതി മനസ്സിലാക്കി കുറുമ്പോടെ അവൾ എന്റെ നെഞ്ചിലെ രോമം വിരലിൽ കോർത്തു വലിച്ചു…

കൊല്ലല്ലേ പെണ്ണേ…..

ഞാൻ അവളെ ഒന്നൂടെ തന്നിലേക്കു ചേർത്തു പിടിച്ചു…..

അവളുടെ മുടിയിലെ കാച്ചെണ്ണയുടെ മണം മൂക്കിലേക്ക് തുളഞ്ഞു കയറി..

കണ്ണ് തുറന്നപ്പോൾ മകളാണ്…. അമ്മയെ പോലെ അവൾക്കും നിറയെ മുടിയുണ്ട്….

അച്ഛാ മരുന്ന് കഴിച്ചില്ലേ…?

ഓഹ് മറന്നു…. ഞാൻ കഴിച്ചേക്കാം മോള് പോയി കിടന്നോ….

അവൾ പോയപ്പോൾ ഞാൻ വീണ്ടും ഓർമകളിലേക്ക് കുടിയേറി…

അവളുടെ ആഗ്രഹം പോലെ ആദ്യം ഇരട്ടക്കുഞ്ഞുങ്ങൾ ആയിരുന്നു…. എന്നാൽ സിസേറിയൻ സമയത്തു അവൾക്ക് ഫിറ്റസ് വന്നു അവളും ഒരു കുഞ്ഞും നഷ്ടമായി….

മരിക്കുമായിരുന്നു ഞാൻ…. എന്റെ മകളുടെ കരച്ചിൽ കാതിൽ വീണില്ലായിരുന്നു എങ്കിൽ….

അല്ലെങ്കിലും മരിച്ചല്ലോ….
അവളില്ലായ്മ എന്റെ മരണം തന്നെയല്ലേ..
അവൾ കണ്മുന്നിൽ നിന്നു പോയെങ്കിലും ഇന്നും ഞാൻ ബാൽക്കണിയിൽ കിടക്ക വിരിച്ചാണ് കിടക്കുന്നത്…

രാത്രികളിൽ അവൾ വരും എന്റെ അടുത്തേക്ക്… എന്നോട് കൊഞ്ചിക്കൊണ്ടു അവളുടെ ആഗ്രഹങ്ങൾ പറയുവാൻ… സ്വപ്‌നങ്ങൾ പങ്കുവെക്കാൻ….

ഞങ്ങൾ ഒരുപാടു നേരം സംസാരിച്ചു കിടക്കും…..

എല്ലാവരും പറയുന്നത് എനിക്ക് ഭ്രാന്തായെന്നാണ്….
അതേ ഭ്രാന്താണ്…. എനിക്കല്ല… ഞങ്ങളുടെ പ്രണയം മനസിലാകാത്തവർക്ക്….

ഇടക്ക് മകൾ പോലും പറയാറുണ്ട്….

അതിനാണ് മരുന്ന് കഴിപ്പിക്കുന്നത്..
മകൾക്ക് അറിയില്ലല്ലോ ഞാൻ അത് കഴിക്കാറില്ലെന്നു. അതെല്ലാം കഴിച്ചു എന്റെ പെണ്ണിൽ നിന്നും വേർപെടാൻ എനിക്കാഗ്രഹമില്ല….

ഇന്നും വരും അവൾ…..

ഓർമ്മകൾ അയവിറക്കി ഞാൻ ഉറക്കമായി….

അവൾ വന്നു എന്നോട് ചേർന്ന് കിടന്നു….

ഗുപ്താ…..
മതിയായില്ലേ…. ഇനിയെങ്കിലും വന്നൂടെ….
ഹ്മ്മ് വരാം പെണ്ണേ…. നിന്നോട് ഞാൻ മറുത്തൊന്നും പറയാറില്ലല്ലോ….

രാവിലെ മകൾ വന്നു വിളിച്ചു…..
എന്റെ തണുത്ത ശരീരം കണ്ട് ഉച്ചത്തിൽ കരഞ്ഞു….

അപ്പോൾ ഞാനും എന്റെ പെണ്ണും ഞങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തിയാക്കാനുള്ള യാത്രയിൽ ആയിരുന്നു…