12/02/2026

അരികിലായ് : ഭാഗം 04

രചന – കാർത്തിക ശ്രീ

തനു പറഞ്ഞു തുടങ്ങി ബാംഗ്ലൂർ പോയതും അവിടുത്തെ വിശേഷങ്ങളും ഋതുവിനെ കണ്ടുമുട്ടിയതും അവളുടെ അപ്പോഴത്തെ അവസ്ഥയും കൂടെ കൂട്ടിയതും… എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ അവൾക്ക് അപ്പയുടെ മുഖത്ത് നോക്കാൻ പേടി തോന്നി…

തനുവിന്റെ എല്ലാ കാര്യങ്ങളും ഇഷ്ടങ്ങളും സാധിച്ചു കൊടുക്കുന്ന അപ്പ അവളുടെ കൂട്ടുകാരൻ തന്നെയാണ്.. പക്ഷേ ഈ കാര്യം ഇങ്ങനെ എടുക്കുമെന്ന് അവൾക്ക് അറിയില്ല… അതായിരുന്നു അവളുടെ പേടി…

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

മുഖം കുനിച്ചു നിൽക്കുന്ന തനുവിന്റെ മുന്നിലേക്ക് ഡേവിഡ് വന്നു നിന്നു… അവളുടെ മുഖം ചുണ്ടുവിരലാൽ ഉയർത്തി…

“എന്റെ മോളെ എന്തെങ്കിലും തെറ്റ് ചെയ്തോ??? തെറ്റ് ചെയ്തവരല്ലേ മുഖം കുനിച്ചു നിൽക്കേണ്ടത്??”

“അപ്പ… ഞാൻ..”

“മോൾ ചെയ്തത് നല്ല കാര്യമാണ്.. നമുക്ക് ആ കുട്ടിയെക്കുറിച്ച് ഒന്നും അറിയില്ല എങ്കിലും മോൾ കൂടെ കൂട്ടിയില്ലായിരുന്നെങ്കിൽ ആ കുട്ടിക്ക് എന്തും സംഭവിക്കാമായിരുന്നു.. ഇന്നത്തെ കാലം അങ്ങനെയാണ്…അപ്പ പറഞ്ഞത് മനസിലായോ???”

“മനസിലായി അപ്പ… അല്ലെങ്കിലും എന്റെ അപ്പ സ്വീറ്റ് അല്ലെ ”

“എന്നിട്ട് ഈ പറഞ്ഞ കക്ഷി എവിടെ??”

” ഉറങ്ങുവാണ്‌.. നല്ല ക്ഷീണമുണ്ട് അവൾക്ക്.. ”

“മ്മ്.. മേരി ഇങ്ങുവാ..”

“എന്താ ഇച്ചായ???”

“ആ കുട്ടിക്ക് എന്തെങ്കിലും നിർബന്ധിച്ചു കൊടുക്കണം.. കൂടുതൽ ഒന്നും ചോദിച്ചു വിഷമിപ്പിക്കരുത്… ”

” ശരി ഇച്ചായ… ”

ഉറക്കം കഴിഞ്ഞു ഉണരുമ്പോഴേക്കും സമയം ഒരുപാട് വൈകിയിരുന്നു… കുളിച്ചു മാറിയിടാൻ ഡ്രസ്സ്‌ ഇല്ലാത്തതിനാൽ എന്ത്‌ ചെയ്യും എന്ന് ആലോചിക്കുമ്പോഴേക്കും തനു റൂമിലേക്ക് വന്നിരുന്നു…

” ആഹാ എഴുന്നേറ്റോ??? ഭക്ഷണം കഴിക്കണ്ടേ??”

“അ..ത് ഞാ..ൻ.. കുളിക്കാൻ ”

“ആ.. കുളിച്ചു വാ.. മാറിയിടാനുള്ള ഡ്രസ്സ് ആ കവറിൽ ഉണ്ട്.. എന്റേതാണ് തനിക്കു പാകമാകുമെന്ന് തോന്നുന്നു… പിന്നെ നമുക്ക് പോയി ഡ്രസ്സ്‌ എടുക്കാം.. ”

“അതൊ..ന്നു വേണ്ട… നിങ്ങൾ ഇത്രയും എനിക്ക്.. വേണ്ടി ചെയ്തത് തന്നെ വലിയ കാര്യമാണ്..”

“അതൊക്കെ നമുക്ക് പിന്നെ പറയാം…താൻ ആദ്യം പോയി കുളിച്ചു വാ.. എന്നിട്ട് ഭക്ഷണം കഴിക്കാം ”

ഋതു കുളിച്ചു വന്നതും തനു അവളെ കൂട്ടി താഴേക്ക് പോയി… ടേബിളിൽ അവരെ കാത്തു ഡേവിഡും മേരിയും ഉണ്ടായിരുന്നു…

” ഇതാണല്ലേ ഋതു മോൾ… ഞാൻ തനുവിന്റെ അപ്പയാണ് ”

അദ്ദേഹത്തിനായി അവൾ ഒരു ചെറു ചിരി സമ്മാനിച്ചു… അതിൽ ഒരുപാട് വേദനകൾ ഉള്ളതുപോലെ ഡേവിഡിന് തോന്നി…

എല്ലാരും കഴിക്കുമ്പോഴും കൈ ഇട്ടു ഇളക്കുന്നതല്ലാതെ ഋതു ഒന്നും കഴിച്ചില്ല.. ഇതുകണ്ടു മേരി അവൾക്കു നേരെ ഒരു ഉരുള നീട്ടി… നിറഞ്ഞ കണ്ണുകളോടെ അവൾ വാ തുറന്നു അതു വാങ്ങി… എല്ലാം അവൾ അതുപോലെ കഴിച്ചു…

“അപ്പ ഞാനും ഋതുവും ഒന്ന് പുറത്ത് പോയിക്കോട്ടെ???”

“പോയിട്ട് വന്നോളൂ… അധികം ലേറ്റ് ആകരുത്… ഞാൻ ഡ്രൈവറോട് പറയാം ”

“അപ്പ… ഞാൻ ഡ്രൈവ് ചെയ്തോളാം.. പ്ലീസ് ”

“ഇച്ചായ.. രാമേട്ടനോട് പറഞ്ഞാൽ മതി… അവളെ ഡ്രൈവ് ചെയ്യാൻ വിടരുത്… ഋതുമോൾ കൂടെ ഉള്ളതാണ്..”

“അമ്മ ഈ ഒരു തവണ… അപ്പ അമ്മയോട് പറയെന്നേ..”

“ശരി… ശരി… മേരി ഈ ഒരു തവണ അവളെ വിട്ടേക്കാം…എന്താ??”

“മ്മ്മ് ”

“നല്ല അപ്പ… നല്ല അമ്മ… രണ്ടാൾക്കും ഉമ്മാ ” ഇരു കൈയാലും ഫ്ലയിങ് കിസ്സ്പറത്തി വിട്ടു തനു….

ഋതുവിനു ഇതൊക്കെ പുതിയ അനുഭവങ്ങൾ ആയിരുന്നു…

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

ദിവസങ്ങൾ ഓടി മറഞ്ഞു…ഋതു തനുവിന്റെ വീട്ടിൽ വന്നിട്ട് ഒരാഴ്ചയായി… ചെറിയ ചെറിയ മാറ്റങ്ങൾ ഋതുവിനും വന്നു തുടങ്ങി… അവരോട് അവൾ അടുത്തു.. കൂടുതൽ സംസാരം ഇല്ലെങ്കിലും റൂമിൽ ഒറ്റക്ക് ഇരിക്കുന്നതൊക്കെ മാറി തുടങ്ങി…
അങ്ങനെ ഒരു ദിവസം

“തനു… എനിക്കൊന്ന് അമ്പലത്തിൽ പോകണമായിരുന്നു… ഇവിടെ അടുത്ത അമ്പലം ഉണ്ടോ??”

” ഉണ്ടല്ലോ.. കൃഷ്ണന്റെ അമ്പലം ഉണ്ട്… നീ ഒരുങ്ങി വാ… ഞാൻ കൂടെ വരാം..”

“ശരി..”

ആവിശ്യത്തിൽ അധികം ഡ്രസ്സ്‌ തനു ഋതുവിന് വാങ്ങിട്ടുണ്ടായിരുന്നു… അതിൽ നിന്ന് ഒരു ദാവണി എടുത്ത് അവൾ കുളിക്കാൻ കയറി..

താഴെ ഋതുവിനെ കാത്തു നിൽക്കുകയാണ് തനു..

“അമ്മ… ഇവൾ ഇതെവിടെ പോയി???”

“ഇങ്ങനെ ദൃതി പിടിക്കല്ലേ.. അവൾ ഇപ്പോൾ വരും ”

“അല്ല ഇതാര്??? സുന്ദരി ആയിട്ടുണ്ടല്ലോ… ഇവളെ കൊണ്ട് ഞാൻ പോയാൽ പണിയാകുമല്ലോ…”

അപ്പോഴാണ് മേരിയമ്മ ഋതുവിനെ ശ്രദ്ധിച്ചത്.. ഒരു ഗ്രീൻ കളർ കസവു ദാവണിയാണ് വേഷം… ഇടുപ്പോളം ഉള്ള മുടി ചെറുതായി പിന്നി അഴിച്ചിട്ടിട്ടുണ്ട്… ഒരു ചെറിയ പൊട്ട് ഉണ്ട് നെറ്റിയിൽ… കാണാൻ ദേവതയെ പോലുണ്ട്..

“എന്റെ മോൾക്ക് ആരുടേയും കണ്ണ് തട്ടാത്തിരിക്കട്ടെ ”
അതിനൊന്നു ചിരിച്ചു ഋതു…

“നീ വാ… ഇന്ന് എന്നെ ആരും വായി നോക്കില്ലല്ലോ മേരിയമ്മേ”
മുഖത്ത് സങ്കടം വരുത്തി തനു പറയുന്നത് കേട്ട് മേരിയമ്മയ്ക്കും ഋതുവിനും ചിരിയാണ് വന്നത്…

“പോയിട്ട് വാടി… എന്റെ മോൾ അമ്പലത്തിൽ ഭഗവാനെ തൊഴാൻ ആണ് പോകുന്നത്…”

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

അമ്പലത്തിൽ എത്തി ശ്രീകോവിലിനു മുന്നിൽ നിൽക്കുമ്പോൾ മനസ് ശാന്തമാകുന്നത് അറിഞ്ഞു ഋതു…

“എന്റെ കൃഷ്ണ… ഇന്ന് ഞാൻ അനുഭവിക്കുന്നതെല്ലാം എനിക്ക് പുതിയ അനുഭവങ്ങളാണ്… ആരാണെന്നോ എന്താണെന്നോ അറിയാതെ എന്നെ ഇത്ര സ്നേഹിക്കുന്ന തനുവിനും മേരിയമ്മക്കും അപ്പക്കും നല്ലത് മാത്രം വരുത്തണേ… ഓർക്കാൻ ഇഷ്ട്ടപെടാത്ത ആ കാലത്തിന്റെ നിഴലുപോലും എന്നിൽ പതിയല്ലേ… എന്നു കൂടെ ഉണ്ടാകണേ ഭാഗവാനേ .. ”

പ്രസാദം വാങ്ങുന്ന അവളെ നോക്കി തിരുമേനി പറഞ്ഞു..

“ഒത്തിരി വേദനിച്ചല്ലേ?? നേരിടാൻ ഇനിയും പ്രതിസന്ധികൾ ഉണ്ട് … തളരരുത് എന്തിനും നിനക്ക് കൂട്ടിനു ആളുണ്ടാകും… ശേഷം പുതിയ വഴിത്തിരിവിലേക്കാണ് നിന്റെ യാത്ര… ഒരിക്കൽ കൂടി നീ ഇവിടേക്ക് വരേണ്ടതായി കാണുന്നു… ഭഗവാൻ അനുഗ്രഹിക്കട്ടെ.. ”

🪶🪶🪶🪶🪶🪶🪶🪶🪶🪶🪶🪶🪶🪶🪶🪶

പുലർച്ചേ രണ്ടുമണിക്ക് പോകുന്ന ട്രെയിനിന്റെ ശബ്ദമാണ് അവളെ ഓർമകളിൽ നിന്നും ഉണർത്തിയത്.. ചെറിയ തണുപ്പ് തോന്നിയതിനാൽ ബാൽക്കണി അടച്ചവൾ കിടന്നു… പിന്നീട് എപ്പോഴോ ഉറങ്ങി…

“ഡി ഋതു എഴുന്നേൽക്ക്… സമയം ഒൻപതായെടി.. അല്ലെങ്കിൽ എന്നെ വിളിച്ചുണർത്തുന്നതാ.. ഇന്നെന്തുപറ്റി???”

“സമയം പത്തോ??? എന്റെ കൃഷ്ണ..ഞാൻ വേഗം റെഡി ആകാം ”

“എവിടേക്ക്?? ഡി പോത്തേ ഇന്ന് ഞായറാഴ്ച ആണ്..”

“ഓ…ഞാൻ മറന്നുപോയി ” ഋതു സ്വന്തം തലക്ക് ഒന്ന് തട്ടി…

” എന്തായാലും നീ കുളിച്ചു വാ.. നമുക്ക് ഒന്ന് പള്ളിയിൽ പോയി വരാം.. ചായ പുറത്ത് നിന്നും കഴിക്കാം.. ”

“ഓക്കേ.. അല്ല സതീയേച്ചി കാത്തുനിൽക്കില്ലേ??”

“ഇല്ല അവർ തറവാട്ടിൽ പോയി.. ഇനി അപ്പുനേയും അമ്മുനേയും കൂട്ടിയേ വരൂ ”

“അതയോ…എന്ന ഞാൻ ഇപ്പോൾ റെഡി ആകാം..”

തയ്യാറായി അവർ നേരെ പോയത് അടുത്തുള്ള ക്രിസ്ത്യൻ പള്ളിയിലേക്കാണ്… പള്ളിയിലേക്ക് കയറിയപ്പോൾ ഋതുവിന് ഓർമ്മവന്നത് ആദ്യമായി മേരിയമ്മയുടെയും അപ്പയുടെയും തനുവിന്റെയും കൂടെ പള്ളിയിൽ വന്നതാണ്…

നേരം വൈകിയതിനാൽ അവർക്ക് കുർബാന കൂടാൻ കഴിഞ്ഞില്ല… എങ്കിലും പ്രാർത്ഥിച്ചു അവർ കുറച്ചു സമയം അവിടെ നിന്നു… പിന്നീട് ടൗണിൽ പോയി ചായയൊക്കെ കുടിച്ചു പച്ചക്കറിയും മറ്റും വാങ്ങിയാണ് തിരിച്ചു വീട്ടിലേക്ക് വന്നത് ..പിന്നീടുള്ള സമയം വീട് വൃത്തിയാക്കുന്നതിനും തുണി കഴുകുന്നതിനും ഭക്ഷണം ഉണ്ടാക്കുന്നതിനുമൊക്കെ ചിലവഴിച്ചു..

തുടരും…

ബോറാണോ????
കൂടുതൽ പ്രതീക്ഷ കൊടുത്ത് വായിക്കരുത്.. എഴുതുന്നത് ഞാൻ ആയതുകൊണ്ട് പറയുന്നതാ