17/04/2026

ഈ മഴക്കാലത്ത് : ഭാഗം 13

രചന – നിവേദ്യ ഹരിഹരൻ

ആർത്തു പെയ്യുന്ന മഴയിൽ നനഞ്ഞ് കുളിച്ചാണ് അരുൺ ഇല്ലിക്കൽ എത്തിയത്.. അടഞ്ഞുകിടന്ന വാതിലിൽ അവൻ കുറേ തവണ ശക്തിയായി തട്ടി.. ഗീതേട്ത്തിയാണ് വാതിൽ തുറന്നത്.. നനഞ്ഞ് കുതിർന്ന് നിൽക്കുന്ന അരുണിനെ ഗീത അടിമുടി നോക്കി.. “എന്താ… ആരാ?? വാതിൽ തല്ലിപ്പൊളിച്ചോ താൻ…?? അവർ നീരസത്തോടെ ചോദിച്ചു. “ജയ്കൃഷ്ണനെ കാണണം.. അവൻ ഇല്ലേ ഇവിടെ..? “ജയൻകുട്ടൻ മുകളിലാണ്.. ഞാൻ പറയാം.. എന്ന് പറഞ്ഞ് ഗീത തിരിഞ്ഞതും അവരെ മറികടന്ന് അരുൺ അകത്ത് കടന്ന്.. ഗോവണി ഓടി കയറി.. ” ദേ താനിത് എങ്ങോട്ട പോകുന്നേ..? ഹരിക്കുട്ടാ, ഗോപിക്കുട്ടാ.. ഒന്നിങ്ങോട്ട് വന്നേ.. ദേ ഒരാള്… അരുണിനെ നോക്കിക്കൊണ്ട് ഗീത വിളിച്ചു പറഞ്ഞു. മുകളിലെത്തിയ അരുൺ ഓരോ റൂമിലും ജയനെ തിരയാൻ തുടങ്ങി..

അവസാനം ഒരു മുറിയ്ക്കുള്ളിൽ തനിച്ച് പുറത്തേക്ക് നോക്കി നിൽക്കുന്ന ജയകൃഷ്ണനെ അവൻ കണ്ടു.. അരുൺ അകത്തേക്ക് കയറി വാതിൽ കുറ്റിയിട്ടു.. ശബ്ദം കേട്ട് അരുൺ തിരിഞ്ഞു നോക്കി. ” അരുൺ…? നീയെന്താ ഇവിടെ… നീയെങ്ങനെ അകത്ത്… ജയ് അവിശ്വസനീയതയോടെ അവനെ നോക്കി. ” നിന്നെയൊന്ന് കാണാൻ വന്നതാടാ ഞാൻ. ഒരു പാവം പെൺകൊച്ചിനെ പറഞ്ഞ് പറ്റിച്ചിട്ട് നീ അങ്ങനെ രക്ഷപ്പെടാന്നു കരുതിയോടാ ചതിയാ… അരുൺ നിന്നു വിറച്ചു. “ഓഹ് നീ അവൾക്കു വേണ്ടി ചോദിക്കാൻ വന്നതാണോ.. ജയ് നിസംഗതയോടെ ചോദിച്ചു. “അതേ ചോദിക്കാൻ തന്നെ വന്നതാ… ആ കൊച്ചിനോട് ഇത് ചെയ്യാൻ നിനക്ക് എങ്ങനെ തോന്നി.. അതൊരു പാവമായിരുന്നില്ലേടാ.. ആരെയും ദ്രോഹിക്കാത്ത ഒരു പാവം!! അരുൺ ദയനീയമായി ചോദിച്ചു. ജയ് കുറ്റബോധത്തോടെ തലകുനിച്ചു നിന്നു. ” അവളെ പോലെ കളങ്കമില്ലാത്ത ഒരു കൊച്ചിനെ നിനക്കൊക്കെ സ്വപ്നം കാണാൻ കഴിയോ… കുറേ കാശുണ്ടാക്കിയാൽ പോര മനസാക്ഷി എന്നു പറയുന്നത് കൂടി വേണം.!! ” നിന്റെ അച്ഛൻ ഉണ്ടല്ലോ രാജശേഖരൻ സാർ …അങ്ങേര് അതുള്ളൊരു മനുഷ്യനായിരുന്നു. നീ അയാൾക്ക് ഉണ്ടായത് തന്നെ ആണോടാ..?? തികട്ടി വന്ന കോപത്തിലും ജയനെ നോക്കി പുച്ഛത്തോടെ അരുൺ ചോദിച്ചു

” അരുണേ… ജയ് ഉച്ചത്തിൽ വിളിച്ചു. നീ സംസാരിച്ച് കാട് കയറുന്നു … ജയ് യുടെ മുഖത്ത് ദുഃഖം നിഴലിച്ചു ” അതേ ഞാൻ പറയുമെടാ.. ഒറ്റതന്തയ്ക്ക് പിറന്ന ഒരാണും ചെയ്യാത്ത നെറികേടാ നീ പാർവ്വതിയോട് ചെയ്തത്.. “എന്നിട്ടും ഇപ്പോഴും മാന്യമായിട്ടു തന്നാ ഞാൻ നിന്നോട് സംസാരിച്ചു കൊണ്ടിരിക്കുന്നത്. അരുൺ ജയ്ടെ കുറച്ചു കൂടി അരികിലേക്ക് ചെന്നു ” കാര്യങ്ങൾ ഞാനും പാർവ്വതിയും സംസാരിച്ച് കഴിഞ്ഞതാ അരുൺ.. ഞാനും അവളും തമ്മിലുള്ള ബന്ധം അത് അവസാനിച്ചു.. ജയ് വിഷാദച്ചുവയോടെ പറഞ്ഞു. “അതെ ..അതിന്റെ കാരണമാ എനിയ്ക്കറിയേണ്ടത് ജയാ.. ” അത് .. അതെനിയ്ക് മറ്റൊരു ബന്ധം… ” നിർത്തെടാ … നാണമില്ലേ നിനക്കിത് പറയാൻ.. ഒരു പെണ്ണിന്റെ ശാപം വാങ്ങിയിട്ടാണോ മറ്റൊരുത്തിയെ… ഛേ..!! അരുൺ അവിടെക്കിടന്ന മേശയിൽ ആഞ്ഞിടിച്ചു.

“നിനക്കൊക്കെ തോന്നുമ്പോ സ്നേഹിക്കാനും അല്ലാത്തപ്പോ വേണ്ടാന്നു വയ്ക്കാനും അവളൊരു കളിപ്പാവയല്ല ജയാ. മജ്ജയും മാംസവുമുള്ള ഒരു പെണ്ണാ…! അവൾടെ നെഞ്ചുപൊട്ടിയുള്ള കരച്ചിൽ കണ്ടിട്ടാ ഞാനിങ്ങോട്ട് വന്നത്.. അവൾടെ കണ്ണൊന്നു നിറഞ്ഞാൽ ഈ നെഞ്ചിൽ തീയാടാ തീ … അറിയോ നിനക്ക് ..?? അരുൺ ഇടുതുകൈ കൊണ്ട് നെഞ്ചിൽ തട്ടി അലറി… “അതു ശരി അപ്പോ.. നിനക്കവളോട് പ്രേമമാണോ അരുണേ..?? ജയ്കൃഷ്ണന്റെ കണ്ണുകൾ വികസിച്ചു. ” പ്രേമം…! നീ എളുപ്പത്തിൽ പറഞ്ഞ വാക്കില്ലേ അതിന്റെ അർത്ഥം നിനക്കറിയോ ജയാ.. അരുൺ പോക്കറ്റിൽ നിന്നും പഴ്സ് പുറത്തേക്കെടുത്തു.. അത് നനഞ്ഞിരുന്നു. അവൻ അതിൽ നിന്നും പാർവ്വതിയുടെ ഫോട്ടോ എടുത്തു.. ” നനഞ്ഞു.. അവൻ സൗമ്യമായി പറഞ്ഞിട്ട് കൈ കൊണ്ട് ഫോട്ടോ പതുക്കെ തുടച്ചു.. ജയ് അരുണിനെ തന്നെ അതിശയത്തോടെ നോക്കി നിൽക്കുകയായിരുന്നു.

” ജയാ നിനക്കറിയോ.. അത്യാവശ്യം ചിന്തിക്കാൻ ബോധം വച്ച് തുടങ്ങിയ കാലം മുതൽ കൊണ്ടു നടക്കുന്നതാ ഇവളെയിങ്ങനെ എന്റെ പോക്കറ്റിലും പിന്നെ ഈ നെഞ്ചിലും…!! അവൻ ആ ഫോട്ടോയിലേക്ക് നോക്കി സങ്കടത്തോടെ പുഞ്ചിരിച്ചു. “പാറൂന്റെ ദു:ഖോം സന്തോഷോം എന്റേം കൂടിയിരുന്നു… അവൾടെ മുഖം വാടിയാൽ എന്റെ ഹൃദയം പിടയ്ക്കും. അവൾ ചിരിച്ചാൽ എന്റെ ചുണ്ടിലേക്കും ആ പുഞ്ചിരി വന്നു ചേരും. അവളെ വളക്കാൻ നോക്കിയവന്മാരെയൊക്കെ നല്ല ഇടി ഇടിച്ചിട്ടുണ്ട് ചെറുപ്പത്തിൽ .. അരുൺ ഒന്നു ചിരിച്ചു. അത്രയ്ക്ക് എനിക്ക് ഇഷ്ടാണ്.. എന്റെ പ്രാണനാണ് എന്റെ പാറു..!! അവൻ ഫോട്ടോയിലേക്ക് നോക്കി തുടർന്നു. “എന്റെ ഇഷ്ടം അവളോട് പറയാനിരിക്കുമ്പോഴാ നീ അവിടേക്ക്.. അവൾടെ മനസ്സിലേക്ക് ഇടിച്ചു കയറി വന്നത്… അരുൺ വെറുപ്പോടെ ജയകൃഷ്ണനെ നോക്കി.. “പക്ഷെ അവൾക്ക് നിന്നെ ഇഷ്ടാന്നു മനസ്സിലാക്കിയപ്പോൾ അവൾടെ സന്തോഷത്തിനു വേണ്ടി എല്ലാം ഉള്ളിലൊതുക്കിയതാ ഞാൻ.. അവളെ വിട്ടു തരാൻ മാത്രം വിശാല മനസ്സ് ഉണ്ടായിട്ടല്ല … അവൾ നിന്നെ അത്രയധികം സ്നേഹിക്കുന്നുണ്ടെന്ന് ആ മനസ്സ് തൊട്ടറിഞ്ഞ് മനസ്സിലാക്കിയിട്ടാ…!! എന്നിട്ടാ നീ അവളോട്… അരുൺ ജയ്ക്കു നേരേ വിരൽ ചൂണ്ടി..

“പാറു ഒരു പൊട്ടിപെണ്ണാ.. എല്ലാരേം സ്നേഹിക്കേം വിശ്വസിക്കേം ചെയ്യണ ഒരു പാവം.. നിന്നെപ്പോലെ നിന്റെ പാട്ടും അവൾക്കെന്തിഷ്ടായിരുന്നു എന്നറിയോ… നിന്നെ പറ്റിം നിന്റെ പാട്ടിനെ പറ്റിം അവൾ വാതോരാതെ സംസാരിക്കോരുന്നു.. അരുണിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.. “എന്റെ പെണ്ണായിരുന്നു അവൾ.. ആരുമറിയാതെ ഞാൻ മനസ്സിൽ വച്ച് ആരാധിച്ച എന്റെ പെണ്ണ്..!! ഇപ്പോ അവൾ ഏതോ ഒരുത്തനു വേണ്ടി ചാവാൻ നിൽക്കുന്നു.. അതും കണ്ണിൽ ചോരയില്ലാത്ത ഒരുത്തൻ!! അവൻ ക്രൗര്യത്തോടെ ജയകൃഷ്ണനെ നോക്കി. കാറ് നിറഞ്ഞ് ഇരുണ്ട ആകാശം പോലെയായിരുന്നു ജയ്ടെ മുഖം. അവൻ നിശബ്ദനായിരുന്നു. ഒരിക്കൽ കൂടി ഫോട്ടോയിലേക്ക് നോക്കിയ ശേഷം അരുൺ അത് പഴ്സിലേക്ക് വെച്ച് പേഴ്സ് പോക്കറ്റിലിട്ടു. “എന്തിനാ ജയാ നീ അവളോടിത് ചെയ്തത്..?? പറയെടാ .. എന്തിനാ അവളോട് നീയിത് ചെയ്തത്.. ഉപേക്ഷിക്കാൻ മാത്രം എന്ത് കുറവാടാ അവൾക്കുള്ളത്..?? ആത്മഹത്യേടെ വക്കിൽ നിൽക്കാ ആ പെണ്ണ്.. എന്നിട്ട് നീയിവിടെ സുഖിച്ചിരിക്കേണല്ലേടാ… ഒരാവേശത്തിൽ അരുൺ ജയ്കൃഷ്ണന്റെ കഴുത്തിൽ കുത്തി പിടിച്ചു കൊണ്ട് കട്ടിലിനടുത്തേക്ക് വലിച്ചു..

” ഏട്ടാ.. ജയേട്ടാ വാതിൽ തുറക്ക്.. പുറത്തു നിന്ന് ഹരി വാതിലിൽ തട്ടിക്കൊണ്ടിരുന്നു… അകത്തെന്താ ഏട്ടാ നടക്കണത്… ” മോനേ ജയാ വാതിൽ തുറക്കെട… ന്റെ കുഞ്ഞ്…!! സരസ്വതിയമ്മയുടെ കരച്ചിലും അകത്തേക്ക് പ്രതിധ്വനിച്ചു.. എല്ലാവരും വാതിലിനപ്പുറം നിന്ന് ബഹളം വച്ചു കൊണ്ടിരുന്നു. “ദേ നിന്നെ വിളിക്കണ് എല്ലാരും.. നിന്നെ ഞാൻ തീർക്കുമെന്നു കരുതിയായിരിക്കും.. തീർക്കാൻ തന്നെയാ ഞാൻ വന്നത്.. പക്ഷെ… അരുൺ ഒന്നു നിർത്തി. അരുണിന്റെ കൈക്കുള്ളിൽ കിടന്ന് ജയ് ഒന്നു പിടഞ്ഞു. “അരുണേ….വിടെ.. ടാ… എനിയ്ക്ക് ശ്വാസം മുട്ടുന്നു.. നെഞ്ചിൽ നല്ല … വേ.. വേദനയുണ്ട്.. ജയ്കൃഷ്ണന്റെ കണ്ണുകളിൽ പ്രതിഫലിച്ച വേദനയുടെ ആഴം കണ്ട അരുണിന്റെ കൈകൾ അയഞ്ഞു. ജയ്കൃഷ്ണൻ പതുക്കെ അരുണിന്റെ കയ്യിൽ നിന്നും ഊർന്ന് ബെഡിലേക്ക് വീണു… ഇടതുഭാഗം അമർത്തി പിടിച്ചു കൊണ്ട് ജയ് പറഞ്ഞു.. “നീ ..ഹരി… ഹരിയെ വിളിക്ക്.. കുറച്ചു നിമിഷത്തേത് സ്തബ്ദനായെങ്കിലും സമനില വീണ്ടെടുത്ത് അരുൺ വേഗം വാതിൽ തുറന്നു..

“നീയെന്താടാ എട്ടനെ ചെയ്തത് ..?? എന്ന് ചോദിച്ച് അരുണിന്റെ കോളറിന് കുത്തിപിടിച്ചു കൊണ്ടാണ് ഹരി അകത്തേക്ക് കയറിയത് കൂടെ ഗോപിയും ബാക്കിയുള്ളവരും… ജയ് ബെഡ്ഡിൽ കിടക്കുന്നത് കണ്ടപ്പോൾ ഹരി അവനരികിലേക്ക് ഓടി.. ” ഏട്ടാ.. എന്തുപറ്റി… അവൻ ജയ്കൃഷ്ണനെ ഉത്കണ്ഠാപൂർവ്വം നോക്കി .. ” ഗോപിയേട്ട .. വീണ്ടും കാർഡിയാക് അറസ്റ്റാണോന്ന് സംശയണ്ട്.. വേഗം കാർ ഇറക്ക്… “നീയെന്താടാ എന്റേട്ടനെ ചെയ്തേ.. ഹരിയുടെ കണ്ണുകളിൽ കനൽ ആളി. “അരുണേ …ഏട്ടനെന്തേലും പറ്റിയാൽ.. നീ പിന്നെ ഈ ഭൂമിയിൽ ഉണ്ടാവില്ലെടാ.. ഹരി വിറച്ചു കൊണ്ട് അമർഷത്തോടെ പറഞ്ഞു. വേദനയ്ക്കിടയിലും അരുണിനെ നോക്കി ജയ്കൃഷ്ണൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു “…ന്റെ..പാറു…!! അവന്റെ കണ്ണിൽ പാർവ്വതിയോടുള്ള സ്നേഹം അരുൺ കണ്ടു. അവന്റെ കണ്ണുകൾ തുളുമ്പിയിരുന്നു. വേദനക്കൊണ്ട് ജയ് ന്റെ മുഖം ചുളിഞ്ഞു. കൈകൾ നെഞ്ചിൽ അമർത്തി അവൻ പിടഞ്ഞു കൊണ്ടിരുന്നു. ക്രമേണ ജയ് നിശ്ചലനായി. “ഹരി.. അവന് CPR കൊടുക്ക്.. ഇതും പറഞ്ഞ് ഗോപി പുറത്തേക്ക് ഓടി.. പോകുന്ന വഴി ഗോപി അരുണിനെ നോക്കി പറഞ്ഞു… “എടോ .. ജയനെ വേഗം നിങ്ങൾ താഴേക്ക് എത്തിക്ക്… പ്ലീസ്.. ഞാൻ കാർ എടുക്കട്ടെ.. തനിയ്ക്ക് ചുറ്റും എന്താ സംഭവികുന്നതെന്ന് അറിയാതെ അരുൺ പകച്ചു നിന്നു. തുടരും