|

വിളിക്കാൻ വേണ്ടി നമ്പർ എടുത്തെങ്കിലും

പുനർജന്മം

പെട്ടെന്നൊരു ദിവസമാണ് അവൾ ഓൺലൈനിൽ നിന്നും അപ്രത്യക്ഷമായത്. ഇന്നലെ വരെ തന്നോട് സംസാരിച്ചവളെ ഒരാഴ്ച കഴിഞ്ഞും കോൺടാക്ട് ചെയ്യാൻ കഴിയാതെ ആയപ്പോൾ അവന് ഭ്രാന്ത് പിടിക്കാൻ തുടങ്ങി.പലപ്പോഴും നേരിട്ട് ഫോൺ വിളിക്കാൻ വേണ്ടി നമ്പർ എടുത്തെങ്കിലും എന്തോ ഒന്ന് പിൻവലിക്കുന്നത് പോലെ… അവൾ എന്നിൽ എത്രമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് സ്വയം മനസ്സിലാക്കി തന്ന ഒരാഴ്ച!!!

അവൾ…. എന്റെ ദേവു…കൗമാരക്കാലത്ത് ആദ്യമായ് എന്നിൽ പ്രണയത്തിന്റെ വർണങ്ങൾ ചാലിച്ചവൾ!! പ്രണയം നേരിട്ട് പറയുവാനുള്ള ധൈര്യം ഇല്ലാത്തതിനാൽ ഞാൻ പൊഴിയിച്ച
എന്റെ പ്രണയമഴയിൽ നനഞ്ഞു കുതിരാൻ ഞാൻ തനിച്ചേ ഉണ്ടായിരുന്നുള്ളൂ . എങ്കിലും എന്റെ സ്വപ്നങ്ങളിലെല്ലാം അവൾ നിറഞ്ഞാടി കൊണ്ടേയിരുന്നു. മൗനമായ് അവളെ പ്രണയിച്ച 9 വർഷങ്ങൾ… അവൾക്ക് ഞാൻ കൂടെ പഠിച്ച ഒരു ചെക്കൻ മാത്രം.. അതിലപ്പുറം ഒന്നും അവൾക്കെന്നോട് ഉള്ളതായി തോന്നിയിട്ടില്ല.. പക്ഷേ എനിക്കോ….9 വർഷം എന്റെ ഊണിലും ഉറക്കത്തിലും എന്റെ കൂടെ,എന്റെ ജീവിതത്തിന്റെ ഭാഗമായവൾ.അവളോട് പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ എല്ലാം ഞാൻ ഭാവനയിൽ സങ്കല്പിച്ചുകണ്ടു ആത്മസംതൃപ്തി കൊള്ളും . അങ്ങനെ മൗനാനുരാഗവുമായി ദിവസങ്ങൾ നീക്കവേ എന്റെ സ്വപ്നങ്ങളെ തകിടം മറിച്ചു കൊണ്ട് ആ വാർത്തയും എന്റെ കാതിൽ എത്തി.. എന്റെ പെണ്ണിന്റെ കല്യാണം ഉറപ്പിച്ചു എന്ന്.

പിന്നെ ഒരു 6 മാസം നിരാശയുടെ ദിനങ്ങൾ ആയിരുന്നു.അവളോട് എന്റെ സ്നേഹം ഒരിക്കലും പറയാതിരുന്നത് ഒരു കുറ്റബോധം ആയി എന്നിൽ അവശേഷിച്ചു.എങ്കിലും മെല്ലെ മെല്ലെ എന്റെ ജീവിതം അവളുടെ ഓർമയിൽ നിന്നും വിമുക്തമാക്കി ഞാൻ…എന്നാലും നല്ലൊരു പാട്ട് കേട്ടാൽ, സിനിമയിലെ ഒരു റൊമാന്റിക് സീൻ കണ്ടാൽ അവളുടെ മുഖം അറിയാതെ മുന്നിൽ തെളിഞ്ഞു വരും. അവൾ എവിടെയാണിപ്പോൾ, എന്ത് ചെയ്യുന്നു എന്നൊക്കെ ഓർത്ത് 2 ദിവസം വീണ്ടും നിരാശ തന്നെ..

അതിൽ നിന്നും മോചിതനാകാൻ വേണ്ടി ആണ് പുതിയൊരു പ്രണയിനിയെ തേടി അലയാൻ തുടങ്ങിയത്.. പക്ഷേ ഞാൻ തേടുന്ന മുഖങ്ങളിൽ ഒന്നും എന്റെ ദേവു വിന്റെ ഒരു സാദൃശ്യവും ഇല്ലാത്തതിനാൽ ആരോടും ഒരു ഇഷ്ടവും തോന്നിയില്ല .. അങ്ങനെ ദിവസങ്ങൾ വല്യ മാറ്റങ്ങൾ ഒന്നും സംഭവിക്കാതെ പോയി കൊണ്ടിരിക്കെ ആണ് ഓഫീസിൽ പുതിയൊരു കുട്ടി ജോയിൻ ചെയ്തത്.. ഒറ്റ നോട്ടത്തിൽ തന്നെ ദേവു വിന്റെ എന്തൊക്കെയോ ഛായ . ഉറങ്ങി കിടന്നിരുന്ന എന്നിലെ കാമുകൻ ഉടൻ തന്നെ സടകുടനെണീറ്റു. പിന്നെ അവളെ ഇമ്പ്രെസ്സ് ചെയ്യിപ്പുക്കുവാനുള്ള ശ്രമങ്ങൾ ആയിരുന്നു. പക്ഷേ ഒരു കാമുകൻ എന്ന നിലക്ക് ഞാൻ വൻ പരാജയം ആണെന്ന് വീണ്ടും മനസ്സിലാക്കി തന്നത് ഉറ്റ കൂട്ടുകാരൻ അജിത്താണ്.. ഞാൻ എന്റെ പ്രണയം അവളെ അറിയിക്കാൻ വേണ്ടി റിഹേഴ്സൽ ചെയ്യുന്നതിനിടയ്ക്ക് അവനും അവളും സെറ്റ് ആയി. അതിന്റെ ട്രീറ്റും അവൻ എനിക്ക് തന്നു.

എനിക്ക് മനസ്സ് നിറച്ചു പ്രണയിക്കാൻ അറിയാം.. പക്ഷേ ഒരു കാമുകന് വേണ്ട ധൈര്യം എന്റെ അടുത്തൂടെ പോയിട്ടില്ല എന്ന് സ്വയം തിരിച്ചറിഞ്ഞപ്പോൾ ഞാൻ ആ പണി നിർത്തി. എങ്കിലും ദേവു ഒരു നൊമ്പരമായി തന്നെ എന്നിൽ നിലകൊണ്ടു.

അങ്ങനെയിരിക്കെയാണ് ഒരു കൂട്ടുകാരന്റെ കല്യാണത്തിന് ഞാൻ ദേവുവിനെ അപ്രതീക്ഷിതമായി കാണുന്നത്.. അവളുടെ ഒക്കത്ത് ഒന്നും സാരിയിൽ തൂങ്ങി പിടിച്ചു വേറൊന്നും. രണ്ടു കുട്ടികളുമായി അവൾ മല്ലിക്കെട്ടുകയാണ്.. അവളുടെ കെട്ടിയോൻ തെണ്ടി അതൊന്നും ശ്രദ്ധിക്കാതെ വേറെ ഒരാളോട് നല്ല കത്തിയടിയാണ്.. എനിക്കെന്തോ കണ്ടിരിക്കാൻ കഴിഞ്ഞില്ല. ഞാൻ വേഗം അവളുടെ അടുത്തേക്ക് ചെന്നു.. എന്നെ കണ്ടതും അവൾക്ക് ഭയങ്കര സന്തോഷം. ഒക്കത്തിരിക്കുന്നതിനെ ഞാൻ മെല്ലെ വാങ്ങി എന്റെ മടിയിൽ ഇരുത്തി.. പാവം അവൾക്ക് പകുതി ആശ്വാസം ആയിട്ടുണ്ട്. പിന്നെ ഒരു അര മണിക്കൂർ അവളോട് നന്നായി സംസാരിച്ചു.. ഇത്ര അടുത്തിരുന്ന് അവളോട് ഇതുപോലെ സംസാരിക്കണം എന്ന് പണ്ട് എത്രയോ തവണ ഞാൻ ആഗ്രഹിച്ചതായിരുന്നു.. പക്ഷേ ദൈവം ആ ആഗ്രഹം സഫലമാക്കിയത് ഇങ്ങനെ ആണെന്ന് മാത്രം.. അവസാനം പിരിയും നേരം അവളുടെ ഫോൺ നമ്പറും വാങ്ങിയാണ് ഞാൻ പോന്നത്.

അവളോട് സംസാരിച്ചതിന്റെ പോസിറ്റീവ് ഫീലിംഗ് രണ്ട് ദിവസം കഴിഞ്ഞും മാറിയില്ല.. എന്തോ അവൾ ഒരു ബെസ്റ്റ് ഫ്രണ്ട് ആയെങ്കിലും കൂടെ വേണം എന്നൊരു തോന്നൽ.. അങ്ങനെ അവളുടെ നമ്പറിലേക്ക് ഒരു ഹായ് മെസ്സേജ് ഇട്ടു. അവൾക്ക് തിരക്കാണെന്നറിയാം.. എങ്കിലും അവൾ ഫ്രീ ആവുമ്പോൾ റിപ്ലൈ തരും എന്നു തന്നെ ആയിരുന്നു വിശ്വാസം.

പ്രതീക്ഷ തെറ്റിയില്ല.. അവളുടെ റിപ്ലൈ വന്നു.. ശരിക്കും പറഞ്ഞാൽ അന്ന് മുതലാണ് ഞാൻ അവളെ അടുത്തറിയുന്നത്.പണ്ട് അവളുടെ സൗന്ദര്യം കണ്ട് ഞാൻ പ്രണയിച്ചതായിരുന്നു.. പക്ഷേ അവളുടെ സ്വഭാവം എന്താണെന്ന് അടുത്തറിഞ്ഞത് ആ ചാറ്റിംഗ് ലൂടെ ആയിരുന്നു. സൗന്ദര്യത്തേക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്നത് അവളുടെ സ്വഭാവം തന്നെ ആയിരുന്നു.. ആരും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമ.

ഇടയ്ക്കിടെ മെസേജ് അയച്ച് അവളെ ഞാൻ ഒരു ബെസ്റ്റ് ഫ്രണ്ട് ആയി തന്നേ കൂടെ കൂട്ടി.. തമാശ രൂപേണ ഒരുദിവസം ഞാൻ അവളെ പണ്ട് മൗനമായ് പ്രണയിച്ചിരുന്നു എന്ന് അറിയിക്കുമ്പോൾ ഉള്ളിന്റെ ഉള്ളിൽ വല്ലാത്തൊരു ഭയം ഉണ്ടായിരുന്നു.. അവൾ അതെങ്ങനെ എടുക്കും, എന്നോടുള്ള അടുപ്പം അവൾ സ്റ്റോപ്പ്‌ ചെയ്യുമോ എന്നൊക്കെ ആയിരുന്നു പേടി..പക്ഷേ അവളും അത് തമാശ രൂപേണ മാത്രമേ എടുത്തുള്ളൂ… ഇപ്പോഴത്തെ ലൈഫിൽ അവൾ അങ്ങേയറ്റം സംതൃപ്തയാണ്.അവളുടെ ഭർത്താവിനോട് എനിക്ക് പലപ്പോഴും അസൂയ തോന്നാറുണ്ട്.. ഒടുക്കത്തെ ഭാഗ്യവാൻ.

ദേവുവിനെ പിന്നെ മീറ്റ് ചെയ്യുന്നത് എന്റെ കല്യാണത്തിനാണ്. അവളെ അറിയിക്കാത്ത ഒരു കാര്യവും എന്റെ ജീവിതത്തിൽ പിന്നീടുണ്ടായിട്ടില്ല. ഓരോ പെണ്ണ് കാണാൻ പോകുമ്പോഴും അവളോട് വിവരങ്ങൾ ഒക്കെ അറിയിക്കും. എന്നേക്കാൾ ആധി അവൾക്കായിരുന്നു എന്റെ കല്യാണം നടക്കാത്തതിനാൽ. കല്യാണത്തിനു എല്ലാവരേക്കാളും ഓടി നടന്നതും അവൾ തന്നെ ആയിരുന്നു.. അവൾക്ക് ഞാൻ ഒരു ബെസ്റ്റ് ഫ്രണ്ടിനപ്പുറം ഒരു സഹോദരൻ ആയിരുന്നുവെന്ന് അന്നെനിക്ക് തോന്നി

എന്റെ ആദ്യ പ്രണയം ദേവുനോട്‌ ആയിരുന്നുവെന്ന് എന്റെ ഭാര്യ രമ്യയോട് എന്തുകൊണ്ടോ എനിക്ക് പറയാൻ തോന്നിയില്ല.അവർ രണ്ടു പേരും നല്ല കൂട്ടാണ്.. ഒരു പക്ഷേ ഇതറിഞ്ഞാൽ രമ്യ പൊസ്സസ്സീവ് ആവുമോ എന്നൊരു പേടി.
രമ്യ കൂടെ ഉണ്ടെങ്കിലും ചില കാര്യങ്ങൾ കേൾക്കുമ്പോൾ ആദ്യം അത് ദേവുവിനോട് ഷെയർ ചെയ്യാനാണ് തോന്നാറുള്ളത്.. ഒരുപക്ഷെ എന്റെ വേവ് ലെങ്ത്തിൽ ചിന്തിക്കാൻ രമ്യയേക്കാൾ കൂടുതൽ കഴിയുന്നത് ദേവൂന് ആയിരുന്നു.

പക്ഷെ ദേവു ഒരിക്കലും ഒരു പരിധിയിൽ കവിഞ്ഞു എന്നോട് സംസാരിക്കാൻ വരാറില്ല.. അവൾ എന്തിനും ഒരു ലിമിറ്റ് വെച്ചിട്ടുണ്ട്. പക്ഷേ എനിക്ക് ഒരു മെന്റൽ സപ്പോർട്ട് അവൾ എപ്പോഴും തന്നിരുന്നു

ഒരുദിവസം മോളെ ഉറക്കുന്നതിനിടയിൽ രമ്യ ചോദിച്ചു അടുത്ത ജന്മത്തിൽ ഏട്ടന് ഭാര്യ ആയിട്ട് ഞാൻ തന്നെ മതിയോ എന്ന്.. ഒരു നിമിഷം പോലും ചിന്തിക്കാനെടുക്കാതെ ഞാൻ അവളോട് അതേ എന്ന് പറഞ്ഞു അവളെ ചേർത്തു പിടിച്ചപ്പോൾ അറിയാതെ മനസ്സിൽ തെളിഞ്ഞു വന്ന ദേവു വിന്റെ മുഖം അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിപ്പിച്ചു. എത്രയൊക്കെ അവളെ ഞാൻ കൂട്ടുകാരിയായി കാണാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവൾ എന്റെ മനസ്സിന്റെ അകത്തളത്തിൽ ഒരു പ്രണയിനി ആയി തന്നെ ഇപ്പോഴും നിലനിൽക്കുന്നുഎന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു.
എന്റെ ഭാര്യ എന്നെ സ്നേഹിക്കാഞ്ഞിട്ടോ അവളെ എനിക്ക് ഇഷ്ടമില്ലാഞ്ഞിട്ടോ അല്ല.. ചില പ്രണയങ്ങൾ അങ്ങനെയാണ്.. അത് നമ്മുടെ അസ്ഥിയിൽ അലിഞ്ഞു ചേർന്നിട്ടുണ്ടാവും…..നമ്മൾ പോലും അറിയാതെ….

ഈ ഒരാഴ്ച ദേവുവിനോട് സംസാരിക്കാതിരുന്നപ്പോൾ ഇക്കാര്യം ഒന്നൂടെ ബോധ്യമാവുകയും ചെയ്തു.ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം എന്തെങ്കിലും ഒന്ന് ഞാൻ ചോദിക്കും അതിന് ഒരു റിപ്ലൈ അവളും തരും.. ഫ്രീ ആണെങ്കിൽ മാത്രം ഒരു പത്തു മിനിറ്റ് എന്തെങ്കിലും ചാറ്റ് ചെയ്ത് ഇരിക്കും. പിന്നെ എന്തെങ്കിലും പ്രധാനപ്പെട്ട കാര്യങ്ങൾ പറയാൻ ഉണ്ടെങ്കിൽ മാത്രം ഫോൺ വിളിക്കും.. അത്ര തന്നെ.പക്ഷേ അവളോടൊത്തുള്ള സംസാരം എനിക്കെന്തോ ജീവിതത്തിലെ ഒരു മുതൽ കൂട്ടായിരുന്നു.. നഷ്ടപ്പെട്ടതെന്തോ തൊട്ടടുത്തു തന്നെയുണ്ട് എന്നൊരു തോന്നൽ.പൂർണമായി എനിക്ക് നഷ്ടപ്പെട്ടില്ല എന്ന് ഓർമിപ്പിക്കും പോലെ.

ഒരാഴ്ച മുന്നേ അയച്ച മെസ്സേജ് ഇതുവരെയും അവൾ വായിക്കാത്തപ്പോ ഒരു ടെൻഷൻ പോലെ.
കിടന്നിട്ട് ഉറക്കം വരുന്നില്ല. അവസാനം രമ്യയോട് കാര്യം പറഞ്ഞു..

ഒരാഴ്ചയായി ദേവുവിന്റെ ഒരു വിവരവും ഇല്ല.. നീ ഒന്ന് വിളിച്ചു നോക്കു.എന്താ പറ്റിയെ ന്നാവോ

ഈ പാതിരാത്രിക്ക് വിളിക്കണോ എന്ന് രമ്യ ചോദിച്ചെങ്കിലും എന്റെ മൗനം കണ്ടിട്ടാവണം അവൾ ഫോൺ എടുത്തു.

രമ്യ സ്വയം പരിചയപ്പെടുത്തുമ്പോൾ മനസ്സിലായി ദേവു അല്ല ഫോൺ എടുത്തിട്ടുള്ളത് എന്ന്. ദേവുവിന്റെ മോൾ ആണെന്ന് തോന്നുന്നു. രമ്യ പതിയെ ഫോണും ആയി പുറത്തേക്ക് പോകുന്നത് കണ്ടു.. അവർ സംസാരിക്കട്ടെ. അത് കഴിഞ്ഞാൽ വിവരങ്ങൾ എന്നോട് പറയുമല്ലോ.. ദേവുവിന് വേണ്ടിയുള്ള കാത്തിരിപ്പുകൾ എനിക്ക് പുത്തരിയല്ലല്ലോ. ഞാൻ സ്വയം ആശ്വസിച്ചു.

രമ്യ അധികം വൈകാതെ റൂമിൽ വന്നു.അറിയാൻ എന്തോ ഒരു തിടുക്കം.. പക്ഷേ വല്ലാതെ തിടുക്കം കൂട്ടിയാൽ രമ്യക്ക് വിഷമം ആയാലോ.. എന്തൊക്കെ ആയാലും അവൾ എന്റെ ഭാര്യ അല്ലേ..ആ പരിഗണന ഞാൻ കൊടുക്കണമല്ലോ.

ഏട്ടാ… നാളെ ലീവ് എടുക്കണം…നമുക്ക് ദേവുവിന്റെ വീട് വരെ ഒന്നു പോവണം …

രമ്യ എനിക്ക് മുഖം തരാതെ പറഞ്ഞു.

അതെന്തിനാടോ.. അവൾക്കെന്തേ വയ്യേ..

രമ്യ മറുപടി ഒന്നും പറഞ്ഞില്ല… ഒന്ന് നെടുവീർപ്പിട്ട് കൊണ്ട് അവൾ മെല്ലെ പറഞ്ഞു

മൂത്ത മോളാ ഫോൺ എടുത്തേ..ആ കുട്ടി നല്ല കരച്ചിലാ.. നമുക്കിനി ആ കുട്ടികളെ ആശ്വസിപ്പിക്കാൻ അല്ലേ പറ്റൂ…

എന്തൊക്കെയാ നീയീ പറയുന്നത് രമ്യേ, തെളിച്ചു പറയുന്നുണ്ടോ നീ …

ദേവു പോയി ഏട്ടാ…4 ദിവസം ആയിത്രേ . കൊറോണ ആയിരുന്നു .. അതറിഞ്ഞപ്പോഴേക്കും കൈവിട്ടു പോയി എന്ന്.. മരിച്ചതൊന്നും അധികം ആരും അറിഞ്ഞിട്ടില്ല.. ഇപ്പോഴത്തെ സാഹചര്യം അങ്ങനെയാണല്ലോ.ആർക്കും കാണാൻ പറ്റില്ലല്ലോ

രമ്യ ഒന്ന് നിർത്തി കൊണ്ട് പറഞ്ഞു.ഏട്ടൻ വിഷമിക്കരുത്. നല്ല ആൾക്കാരെ ദൈവം നേരത്തെ കൊണ്ടു പോവും എന്നല്ലേ .. അങ്ങനെ കരുതി ആശ്വസിക്കൂ..എന്നാലും ആ കുട്ടികളുടെ കാര്യം ഓർക്കുമ്പോഴാ….

രമ്യ അതും പറഞ്ഞു റൂമിൽ നിന്നും പോയി

ഞാൻ ആ ഇരിപ്പ് എത്ര നേരം ഇരുന്നു എന്നറിയില്ല.എന്റെ ദേവൂന്റെ മരണം കേട്ടപ്പോൾ ഞാൻ ഞെട്ടിയോ.. അറിയില്ല..ഇതുവരെ പേരിടാത്ത വികാരങ്ങളും നമ്മളിൽ ഉണ്ടെന്ന് മാത്രം എനിക്ക് മനസ്സിലായി..
ഞാൻ മെല്ലെ ഫോൺ എടുത്തു ദേവൂവിന്റെ പ്രൊഫൈൽ പിക് ഉള്ള അവളുടെ വാട്ട്സ് ആപ്പ് അക്കൗണ്ട് ഓപ്പൺ ചെയ്തു… ഒരു രണ്ടു മാസം മുമ്പുള്ള ചാറ്റ് എടുത്തു നോക്കി. അതിൽ ദേവു ഇങ്ങനെ ചോദിച്ചിരുന്നു എന്നോട്

വസൂ….നമ്മളിൽ ആരാണ് ആദ്യം മരിക്കുക?.നീ അങ്ങനെ ചിന്തിച്ചിട്ടുണ്ടോ?

എന്തേ മാഡം ഇങ്ങനെയൊക്കെ ഇപ്പോൾ ചോദിക്കാൻ.മരിക്കാൻ വല്ല പ്ലാനും…ഹേ

ഏയ്യ് ഒന്നുമില്ല.. ഓരോ വട്ട്.. ഇന്നലെ അപ്പുവേട്ടനോട് ഇതേ ചോദ്യം ചോദിച്ചു.. അപ്പോൾ അപ്പുവേട്ടൻ പറഞ്ഞു ഏട്ടനാണ് ആദ്യം മരിക്കുന്നതെങ്കിൽ എന്നെയും കൂടെ വലിച്ചിഴച്ചു കൊണ്ടു പോവും എന്ന്.അങ്ങനെ ഇവിടെ ഒറ്റയ്ക്ക് സുഖിക്കാൻ വിടില്ല എന്ന്.

ആഹാ ബെസ്റ്റ്.. എന്തായാലും നമ്മളിൽ ദൈവ നിശ്ചയം പോലെ നടക്കട്ടെന്നെ… ദൈവത്തിനു ആരെയാണോ കൂടുതൽ ഇഷ്ട്ടം അവരെ കൊണ്ടു പോവട്ടെഡോ ആദ്യം.

ആയിക്കോട്ടെ… പക്ഷേ ഞാൻ മരിച്ചാൽ നീ എങ്ങനെ അറിയും വസൂ?

അതൊക്കെ അറിയാൻ ആണോ ദേവൂ പ്രയാസം… നീ പേടിക്കേണ്ട.. അറിഞ്ഞാൽ ഞാൻ നിന്റെയടുത്ത് ഓടിയെത്തും.

ഉറപ്പാണോ… അങ്ങനെയെങ്കിൽ… നീ എന്റെയടുത്തു ചങ്കു പൊട്ടി കരഞ്ഞു നിൽക്കുമ്പോൾ എനിക്കൊരു രഹസ്യം നിന്നോട് പറയാനുണ്ട് ട്ടോ….

എന്താത്….

അതിപ്പോ പറയാൻ പറ്റില്ല…. അപ്പോൾ മാത്രം.

അപ്പോൾ ഞാൻ ആണ് ആദ്യം മരിക്കുന്നതെങ്കിലോ?

അപ്പോൾ ഞാനും നിന്നെ കാണാൻ വരില്ലേ.അപ്പോൾ ചെവിയിൽ സ്വകാര്യം പറഞ്ഞു തരാം വസു

ഓക്കേ സമ്മതിച്ചു.

എന്തായിരിന്നു ദേവു നീ എന്നോട് അവസാനമായി പറയാൻ മാറ്റിവെച്ചിരുന്നത്…. എനിക്കറിയില്ല…..അറിയില്ല…. എന്താണതെന്ന്….. എങ്കിലും ഞാൻ ഇങ്ങനെ കേൾക്കാൻ ആഗ്രഹിച്ചു പോവുകയാണ് ദേവു…….” വസുവിനെ രമ്യ ഒരുപാട് സ്നേഹിക്കുന്നുണ്ട്… വസു രമ്യയേയും… അതുപോലെ അപ്പുവേട്ടൻ എന്നെ ഒരുപാട് സ്നേഹിക്കുന്നു.. തിരിച്ച് ഞാൻ അപ്പുവേട്ടനെയും….. പക്ഷേ അടുത്ത ജന്മത്തിൽ ഈ ദേവു വസുവിന്നുള്ളതായി പുനർജനിക്കട്ടെ … ”

അവസാനിച്ചു

അനാമിക

Similar Posts

Leave a Reply