01/05/2026

പ്രണയകാലം 13

എനിക്ക് ആഗ്രഹമുണ്ട് ചേച്ചി, ഈ വിവാഹം ഉറപ്പിച്ച നിമിഷം മുതൽ ഞാൻ മനസ്സിൽ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നത് അതാണ്. വിച്ചുവേട്ടൻ മറ്റൊരാളുടേത് ആവുന്നത് കാണാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല.

അത് നീ കാണണം..!  എങ്കിൽ മാത്രമേ വിഷ്ണുവേട്ടൻ നിന്റെ അല്ല എന്നുള്ള ഒരു ഉറപ്പ് നിനക്ക് കിട്ടു.  ഇത്രയും കാലം നിന്റെ മനസ്സിൽ വിശ്വസിച്ച് വച്ചിരിക്കുന്നത് വിഷ്ണുവേട്ടൻ നിന്റെ ആണെന്നാണ്.  അത് അങ്ങനെയല്ല എന്ന് അറിയണമെങ്കിൽ മറ്റൊരാളുടേതാവുന്നത് നീ നേരിട്ട് കാണണം.  വിഷ്ണുവേട്ടൻ നിനക്ക് വിധിച്ചത് ആയിരുന്നില്ല മോളെ. 

ഓരോ അരിയിലും അത് കഴിക്കേണ്ട ആളിന്റെ പേരെഴുതി വെച്ചിട്ടുണ്ടാവും എന്ന് പറയുന്നത് കേട്ടിട്ടില്ലേ.?  നമുക്കുള്ള ആളിനെ ഈശ്വരൻ നമ്മുടെ മുൻപിൽ തന്നെ കൊണ്ട് എത്തിക്കും. വിഷ്ണുവേട്ടൻ അല്ല നിന്റെ പ്രണയം.! 

ചേച്ചി അങ്ങനെ പറഞ്ഞപ്പോഴും വിച്ചുവേട്ടൻ മാത്രമാണ് എന്നും എന്റെ പ്രണയം എന്ന്  മനസ്സ് പറയുന്നുണ്ടായിരുന്നു.

നീ കരഞ്ഞൊ എത്ര നേരം വേണമെങ്കിലും.  എന്റെ മടിയിൽ കിടന്നു കരഞ്ഞൊ നിന്റെ സങ്കടം തീരുന്നത് വരെ. കരയുമ്പോൾ കിട്ടുന്ന ആശ്വാസം ഒന്ന് വേറെ തന്നെയാണ്.  കുറെ വിഷമം ആ കണ്ണുനീരിൽ ഒഴുകിപ്പോകും .

പക്ഷേ ആ കരച്ചിൽ അവസാനം എന്റെ മടിയിൽ നിന്നും നീ എഴുന്നേൽക്കുന്നത് വിഷ്ണുവേട്ടൻ മറ്റൊരാളുടേതാണെന്ന് നിന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിട്ടാവണം.  ഇനി നമുക്ക് ഒന്നും ചെയ്യാനില്ല മോളെ, ഇത് അവസാന നിമിഷമാണ്.

നല്ല ബന്ധത്തിൽ പോകുന്ന രണ്ടു കുടുംബങ്ങളെ അകറ്റാൻ മാത്രമേ  ഈ ഇഷ്ടം മറ്റുള്ളവർ അറിയുന്നതുകൊണ്ട്   സാധിക്കു.  അപ്രീയമായ സത്യങ്ങൾ പറയാതിരിക്കുന്നത് തന്നെയാണ് നല്ലത്.

വിസ്മയ പറഞ്ഞപ്പോൾ അവൾ ഒന്നും മിണ്ടാതെ അവളുടെ മടിത്തട്ടിലേക്ക് ചാഞ്ഞു.  ഒരു അമ്മയുടെ വാത്സല്യത്തോടെ അവളുടെ തലമുടി തഴുകി വിസ്മയയും.  ഇടയിൽ എപ്പോഴോ അവളുടെ ഉദരത്തിൽ കിടന്ന ഒരു ജീവൻ തുടിച്ചു. അപ്പച്ചിയുടെ വിഷമം കണ്ട് ഉള്ള് നൊന്തിട്ടോ അതോ ആശ്വസിപ്പിക്കുവാനോ,  അറിയില്ല..! 

കരിമ്പച്ച നിറത്തിലുള്ള ഹാൻഡ് വർക്ക്  വിചിത്ര സിൽക്ക് ചുരിദാർ ആയിരുന്നു ഭാമയുടെ വേഷം.!  വിസ്മയ തന്നെയാണ് അവളെ ഒരുക്കിയത്.

ഒരുങ്ങി ഇറങ്ങിച്ചെല്ലുമ്പോൾ അനൂപ് ദേഷ്യപ്പെടുന്നുണ്ട് രണ്ടുപേരോടും.

എന്തൊരു ഒരുക്കുമോ നിങ്ങടെ.  എത്ര നേരായി.  വിഷ്ണു ഒക്കെ മുഹൂർത്തത്തിന് ഇറങ്ങാൻ ആയിട്ട് നോക്കി നിക്കുവാ.

ഒന്ന് ഒരുങ്ങി വരണ്ടേ.?  അനൂപിനോട് അത്രയും പറഞ്ഞു അവളുടെ കൈകളിൽ പിടിച്ചുകൊണ്ട് വിസ്മയ നടന്നു 

നിന്റെ മുഖം എന്താടി ഇങ്ങനെ കുത്തി വീർത്തിരിക്കുന്നത്.

സന്ധ്യ മകളുടെ മുഖം കണ്ടുകൊണ്ട് ചോദിച്ചു.
.
അവൾക്ക് മൈഗ്രേൻ ആയിരുന്നു.  ഇത്രയും നേരം  അതാണ് താമസിച്ചത്.  അവിടെയും അവൾക്ക് രക്ഷയ്ക്ക് എത്തി വിസ്മയ

വണ്ടിയിലേക്ക് കയറുന്നതിനു മുൻപ് കണ്ടിരുന്നു ഭാമ ചിരിയോടെ അപ്പുറത്തെ വീട്ടിൽ നിന്നും ഇറങ്ങി വരുന്ന ആളെ, ഒരു മെറൂൺ നിറത്തിലുള്ള കുർത്തയും  അതിനു ചേരുന്ന മെറൂൺ   കരയുള്ള മുണ്ടും ആണ് വേഷം.  മുഖത്ത് പതിവിലും കൂടുതൽ തിളക്കം.  അത് കാണെ വല്ലാത്ത ഒരു സങ്കടം തോന്നി.  മറ്റൊരാളുടേതാവുന്നതിനു മുൻപുള്ള അവസാനമായ കൂടികാഴ്ച  അവളുടെ നോട്ടം കണ്ടുകൊണ്ട് വിസ്മയ അവളുടെ കൈകളിൽ മുറുക്കിപ്പിടിച്ചു.

  കണ്ണുകൾ കൊണ്ട് പാടില്ല എന്ന് അവൾ കാണിച്ചു.  പിന്നെ അങ്ങോട്ട് നോക്കിയില്ല.  അങ്ങോട്ടുള്ള യാത്രയിൽ മുഴുവൻ ഭാമ മൗനി ആയിരുന്നു.  അവളുടെ അവസ്ഥ ഓർക്കേ വിസ്മയയ്ക്കും വേദന തോന്നി. ഏഴുവർഷം ഉള്ളിൽ കൊണ്ട് നടന്ന സ്നേഹം മറക്കാൻ പറയുന്നത് എളുപ്പമല്ല.  പക്ഷേ ഒന്നും ചെയ്യാൻ സാധിക്കില്ലല്ലോ 

വർഷയുടെ വീടിനു മുൻപിൽ വണ്ടി കൊണ്ടുവന്ന് നിർത്തിയപ്പോൾ മുതൽ ഹൃദയത്തിൽ വല്ലാത്തൊരു വേദന വരുന്നത് ഭാമ അറിയുന്നുണ്ടായിരുന്നു. അത് മനസ്സിലാക്കി എന്നതുപോലെ വിസ്മയയുടെ കൈകൾ അവളെ അകലാൻ വിടാതെ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു.

എല്ലാവരും അകത്തേക്ക് കയറി.

അവിടെയുമുണ്ട് കുറച്ച് അധികം ബന്ധുക്കൾ ഭാമയുടെ കണ്ണുകൾ പാറിയത് അവളെ തേടിയായിരുന്നു വിഷ്ണുവിന്റെ മുഖത്തെ തിളക്കത്തിന് കാരണമായവളെ..!

ശ്രീകോവിലിൽ നിന്ന് ഇറങ്ങി വരുന്ന ഒരു ദേവി രൂപം പോലെ മറൂൺ നിറത്തിലുള്ള ഹാൻഡ് വർക്ക് ബ്ലൗസും അതിനു ചേരുന്ന സ്വർണ്ണ കസവിന്റെ സെറ്റുമുണ്ടും അണിഞ്ഞ ഒരു പെൺകുട്ടി പുറത്തേക്ക് ഇറങ്ങി വന്നപ്പോൾ ഭാമയ്ക്ക് വല്ലാത്ത അപകർഷതാബോധം തോന്നി.!  അത്രമേൽ സുന്ദരിയായ ഒരു പെൺകുട്ടി.  അവളുടെ മുൻപിൽ താൻ ഒന്നുമല്ല!  വിഷ്ണുവേട്ടന്റെ കണ്ണുകൾക്ക് തിളക്കം വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.!  

ആ നിമിഷം താനാ മനുഷ്യനെ മോഹിച്ചത് തെറ്റായിപ്പോയി എന്നുപോലും ഭാമയ്ക്ക് തോന്നി.!  അത്രമേൽ പ്രഭയായിരുന്നു അവൾക്ക്.

വിഷ്ണുവിന്റെ പെണ്ണ് സുന്ദരിയാ അല്ലേടി ?  അമ്മ പതിഞ്ഞ രീതിയിൽ ചോദിക്കുന്നുണ്ട്.

മറ്റൊന്നും കേട്ടില്ല അമ്മയുടെ സംബോധന മാത്രം “വിഷ്ണുവിന്റെ പെണ്ണ്”  അതെ വിഷ്ണുവിന്റെ പെണ്ണ്.   ആ സ്ഥാനത്ത് താനായിരുന്നില്ലേ നിൽക്കേണ്ടിയിരുന്നത്.?  അങ്ങനെയൊരു ചോദ്യം മനസ്സിൽ ഉണർന്നെങ്കിലും അവളെ ഒരു പുഞ്ചിരിയോടെ തന്നെയാണ് നോക്കിയത്.

മുഹൂർത്തമായപ്പോൾ ആരൊക്കെയോ ജാതകം കൈമാറ്റം ചെയ്യുന്നതും താലത്തിലിരുന്ന മോതിരം എടുത്ത് വിഷ്ണുവിന്റെ കൈകളിൽ കൊടുക്കുന്നതും കണ്ടിരുന്നു.!  അത് വിഷ്ണു അവളുടെ മനോഹരമായി കൈവിരലുകളിലേക്ക് അണിയിക്കുന്നത് കണ്ട നിമിഷം അറിയാതെ അവളുടെ കണ്ണിൽനിന്നും ഒരു തുള്ളി കണ്ണുനീർ പൊടിഞ്ഞു വീണിരുന്നു.

കണ്ണടച്ച് ആരും കാണാതെ അവൾ ആ കണ്ണുനീർത്തുള്ളി കവിളിലേക്ക് സ്വീകരിച്ചു. ശേഷം ആർക്കും മനസ്സിലാവാത്ത രീതിയിൽ ദുപ്പട്ട  കൊണ്ട് തുടച്ചു.

  വിച്ചുവേട്ടന്റെ ചുണ്ടിൽ പുഞ്ചിരിയാണ്.!  മുഖത്ത് സന്തോഷവും സ്വർഗ്ഗം കീഴടക്കിയത് പോലെ.

അപ്പോൾ ആൾക്ക് ഇഷ്ടമായിട്ടുണ്ട് ആ പെൺകുട്ടിയെ എന്നാണ് അർത്ഥം. ഒരു നിമിഷം അവളോട് വല്ലാത്ത അസൂയ തോന്നി പോയിരുന്നു ഭാമയ്ക്ക്

തുടരും