04/05/2026

നാട്യം : ഭാഗം 24

രചന – നന്ദത ദാസ്

വിനുവേട്ടന്റെ മൗനം എന്നെ വല്ലാതെ വേദനിപ്പിച്ചു…

പിന്നെ കൂടുതൽ ഒന്നും ചോദിക്കാനും തോന്നിയില്ല….

ചോദിച്ചത് തെറ്റായി പോയോ എന്നൊരു തോന്നലും ഉണ്ടായി…

“ഹലോ… നന്ദു… അതിനെക്കുറിച്ചൊക്കെ നമുക്ക് ആലോചിക്കാം…
ഇപ്പോൾ കുറച്ചു തിരക്കാണ്…
ഞാൻ നാളെ അങ്ങ് എത്തിയേക്കാം ”

“മ്മ് ഒക്കെ വിനുവേട്ടാ… ”

വിനുവേട്ടൻ അങ്ങനെ പറഞ്ഞെങ്കിലും എനിക്ക് മനസ്സിന് എന്തോ വല്ലാത്ത ഭാരം തോന്നി…

“ആരോടാ നന്ദു നീ ഇപ്പോൾ സംസാരിച്ചത്? ”

“വിനുവേട്ടനോടാ യാമി…
നാളെ ഇങ്ങോട്ട് വരാമെന്നു പറഞ്ഞു… ”

“മ്മ്… ഞാൻ ഒന്ന് കിടക്കട്ടെ നല്ല ക്ഷീണം ”

യാമി ബെഡിലേക്കു ചരിഞ്ഞു കിടന്നു…

ആ കിടപ്പ് കണ്ടിട്ട് എനിക്ക് സഹിച്ചില്ല…

അവളുടെ ഉള്ളു പിടയുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു…

സങ്കടങ്ങൾ എല്ലാം അമർത്തിപ്പിടിച്ചു മറ്റുള്ളവരുടെ മുന്നിൽ നിൽകുമ്പോൾ ആ ഹൃദയം കിടന്നു പിടയ്ക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു…

“യാമി… നീ തളർന്നു പോകരുത് മോളെ…
നിന്റെ ഈ അവസ്ഥ എനിക്ക് ഒട്ടും സഹിക്കാൻ കഴിയില്ലെടാ….”

“ഒന്നുല്ല എന്റെ നന്ദു… സങ്കടം ഉണ്ട് പക്ഷേ അതൊക്കെ ഞാൻ അങ്ങ് മറക്കുവാ…
വഞ്ചിക്കപ്പെട്ടു ജീവിക്കുന്നതിലും നല്ലത് ഇത് തന്നെയാണ്… ”

“നീ നോക്കിക്കോ യാമി നിന്നെ മനസ്സിലാക്കുന്ന ഒരാളെ തന്നെ ഈശ്വരൻ നിനക്ക് നൽകും… ”

“വേണ്ട… ഇനി അങ്ങനെ ആരും വരണ്ട… കുറച്ചു നിമിഷങ്ങൾ കൊണ്ടു വെറുത്തു പോയി നന്ദു അങ്ങനെ ഒരു ജീവിതം ”

“അർഹത ഇല്ലാത്തവർ വഴി മാറേണ്ടി വരും യാമി…
അതിനു പകരം മറ്റൊരാളെ ഈശ്വരൻ മുന്നിൽ എത്തിക്കുകയും ചെയ്യും….

വിനുവേട്ടനെ പോലെ ഒരാളാണ് ഇനി വരുന്നതെങ്കിലോ… എന്താ നിന്റെ അഭിപ്രായം? ”

“വിനുവേട്ടനെ പോലെ ഒരാളെ ജീവിതത്തിൽ കിട്ടുക എന്ന് പറയുന്നത് സ്വപ്നത്തിൽ പോലും ചിന്തിക്കാൻ കഴിയാത്ത ഒന്നാണ്…

അങ്ങനെ ഒരാളെ കിട്ടുന്ന പെൺകുട്ടി അത് ആരായാലും അവൾ ഭാഗ്യവതി ആയിരിക്കും…

പക്ഷേ എന്റെ ജീവിതത്തിൽ ഇനി അങ്ങനെ ഒരു പരീക്ഷണത്തിന് ഞാൻ ഇല്ല… ”

“അതെന്താ…
നിനക്കു അറിയാല്ലോ വിനുവേട്ടന് നിന്നെ ഇഷ്ടം ആണെന്ന്…
അതേപോലെ ഒരു ഇഷ്ടം നിനക്കും തോന്നിക്കൂടെ ”

“ഇല്ല നന്ദു…
വിനുവേട്ടനെ എന്റെ ജീവിതത്തിലേക്ക് വലിച്ചിടേണ്ട…
ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല…
വിനുവേട്ടൻ നല്ല മനുഷ്യനാണ്…
ഒരുപാട് പോസിറ്റീവ് എനർജി എനിക്ക് തന്നിട്ടും ഉണ്ട്…

എന്നേക്കാൾ നല്ല പെൺകുട്ടിയെ വിനുവേട്ടന് കിട്ടും… കിട്ടട്ടെ…

വേറെ ഒന്നിനും നീ എന്നെ നിർബന്ധിക്കണ്ട… ”

ഈശ്വരാ… ഇവൾ എന്താ ഇങ്ങനെ… ആഹ്.. സാരമില്ല പതുക്കെ മാറ്റി എടുക്കാം…
ഞാൻ പറയുന്നതിന് അപ്പുറം എന്റെ യാമി പോകില്ലല്ലോ…

ആ ഒരു ആശ്വാസത്തോടെ ഞാൻ അവളെ ഒന്നുകൂടി ചേർത്തു പിടിച്ചു കിടന്നു…

********

രാവിലെ എഴുന്നേറ്റപ്പോൾ യാമി ബെഡിൽ ഉണ്ടായിരുന്നില്ല…

ഉള്ളിൽ ഒരു ആന്തൽ ഉണ്ടായി…

ചാടി പിടഞ്ഞു എഴുന്നേറ്റു ഹാളിലേക്ക് ചെന്നപ്പോൾ അപ്പുവേട്ടൻ എന്നെ നോക്കി ഒരു വളിച്ച ചിരി…

“എന്താ ഇപ്പോൾ രാവിലെ ഇങ്ങനെ ഒരു നിൽപ്പ്? ”

“നീ ഇങ്ങു വാ നന്ദു… ഒരു കാര്യം കാട്ടി തരാം… ”

അപ്പുവേട്ടൻ എന്നെയും കൂട്ടി റൂമിൽ കയറി വാതിൽ അടച്ചു…

“സംഗതി കുറച്ചു സീരിയസ് ആണ്… ”

“എന്ത്??? മനസ്സിലാകുന്നപോലെ പറ അപ്പുവേട്ടാ… ”

“ഇന്നലെ രാത്രി പണി പറ്റിച്ചു…
ആ നിഖിലിനെ അനങ്ങാൻ പറ്റാത്ത വിധത്തിൽ ആക്കിയിട്ടുണ്ട്…
ആള് ഇപ്പോൾ ഹോസ്പിറ്റലിൽ ആണ്… ”

“ന്റെ കൃഷ്ണാ… ഇരുട്ടടി കൊടുത്തോ??
ഇനി ഇപ്പോൾ ആകെ പൊല്ലാപ്പ് ആകില്ലേ? അച്ഛൻ അറിഞ്ഞാൽ ചേട്ടന്റെ കാര്യം പോക്കാ… ”

“നീ അല്ലേ പറഞ്ഞത് ഇരുട്ടടി കൊടുത്താൽ മതീന്ന്…
അല്ലെങ്കിൽ കവലയിൽ ഇട്ടു അവന്റെ എല്ലു ഞാൻ ഊരി എടുത്തേനേ… ”

“ഞാൻ അങ്ങനെ പറഞ്ഞുന്നു വെച്ചു അങ്ങനെ ചെയ്യാൻ പാടുണ്ടോ…
എന്തായാലും നമ്മളെ ആയിരിക്കും ആദ്യം പൊക്കുക…
കേസും അന്വേഷണമെല്ലാം ആയി ആകെ കുളമാകും ”

“അങ്ങനെ ഒന്നും ഉണ്ടാകില്ല എന്റെ നന്ദു…

നീ ദാ ഈ വീഡിയോ ഒന്ന് കാണു… ”

അപ്പുവേട്ടൻ കാട്ടി തന്ന വീഡിയോ കണ്ടു ശരിക്കും ഞാൻ അമ്പരന്നു…
ചുരുക്കം പറഞ്ഞാൽ കുറഞ്ഞത് രണ്ടുമാസം നിഖിലിന് എണ്ണതോണിയിൽ കിടക്കേണ്ടി വരും…

“ഹോ… ഇത്രയ്‌ക്കൊന്നും വേണ്ടായിരുന്നു…
അതൊക്കെ പോട്ടെ ആരാ ഈ വീഡിയോ എടുത്തത്? ”

“കണ്ണൻ ”

“കണ്ണേട്ടനോ??? അപ്പോൾ രണ്ടാളും കൂടി ഒത്തിട്ടാണോ ഈ കളിയെല്ലാം കളിച്ചത്… ”

“ആഹ്… യാമിയെ അവൻ ചതിച്ചെന്നു അറിഞ്ഞപ്പോൾ തന്നെ വീട്ടിൽ പോയി വിളിച്ചിറക്കി രണ്ടെണ്ണം പൊട്ടിക്കാൻ ഇരുന്നതാ… പക്ഷേ അതിന് മുൻപ് നീ അവന്റെ മുന്നിൽ ചെന്നില്ലേ…
പിന്നെ ഇരുട്ടടിയുടെ കാര്യം നീ പറഞ്ഞപ്പോൾ അതാണ് അവനു പറ്റിയതെന്ന് തോന്നി…
ചതിക്കു ചതി തന്നെ അല്ലേ നല്ലത്… ”

“പക്ഷേ കേസ് ആയാൽ കുഴപ്പം ആകില്ലേ…
അടുത്ത മാസം അപ്പുവേട്ടന് അച്ചുവേട്ടന്റെ അടുത്തേക്ക് പോകാൻ വിസ വന്നതും അല്ലേ…
കേസ് ആയാൽ എങ്ങനെ കയറിപ്പോകും? ”

“ഡി പൊട്ടി… അവൻ ആരോടും ഒന്നും പറയാൻ പോകുന്നില്ല… അതൊക്കെ അവനോടു വേണ്ടതുപോലെ ഞങ്ങൾ പറഞ്ഞിട്ടുണ്ട്…
പുറത്ത് പറഞ്ഞാൽ നാറാൻ പോകുന്നത് അവൻ തന്നെയാണ്…
ആക്‌സിഡന്റ് ആണെന്ന് പറഞ്ഞു അവനെ ഇന്നലെ രാത്രി തന്നെ ഞങ്ങൾ ഹോസ്പിറ്റലിൽ എത്തിച്ചിട്ടുണ്ട്… ”

“ഓഹ്… എന്തായാലും രാവിലെ നല്ലൊരു വാർത്ത ആണല്ലോ കേട്ടത്…
എന്തായാലും വേറെ ആരും ഇത് അറിയണ്ട…
യാമിയോടും ഞാൻ പറയുന്നില്ല… ”

“ഒക്കെ പറയണ്ട..ആരും അറിയണ്ട ”

“മ്മ്..
യാമിയെ കണ്ടോ ഇവിടെങ്ങാനും…
ഞാൻ എഴുന്നേറ്റപ്പോൾ അവൾ റൂമിൽ ഇല്ലായിരുന്നു… ”

“അവൾ തെക്കേലോട്ടു പോയിട്ടുണ്ട്… ഞാൻ ചോദിച്ചപ്പോൾ രാവിലെ പിള്ളേർക്ക് ഡാൻസ് ക്ലാസ്സ്‌ ഉണ്ടെന്ന് പറഞ്ഞു… ”

“ഓഹ് ഭാഗ്യം… അവൾ ഒക്കെ ആണല്ലോ… അത് മതി… ഞാൻ എങ്കിൽ പോയി പല്ല് തേക്കട്ടെ… ”

*******

യാമിക്കു രാവിലെ ഡാൻസ് ക്ലാസ്സ്‌ ഉള്ളതുകൊണ്ട് കുറച്ചു താമസിച്ചാണ് ഞാൻ അവിടേക്കു ചെന്നത്…

ദൂരെ നിന്നേ കേൾക്കാം അവൾ കുട്ടികളെ വഴക്ക് പറയുന്നത്…

കുട്ടികളെ വഴക്ക് പറയുന്ന ശീലം അവൾക്ക് ഇല്ലാത്തത് ആണല്ലോ…

ഇത് ഇപ്പോൾ നിഖിലിനോടുള്ള ദേഷ്യവും സങ്കടവും എല്ലാം ആ പാവം പിള്ളേരോട് തീർക്കുവാണെന്നാണ് തോന്നുന്നത്…

എന്നെ കണ്ടപ്പോൾ യാമി തെല്ലൊന്നു അടങ്ങി…

പാവം കുട്ടികൾ എല്ലാം പേടിച്ചു നിൽക്കുവാണ്…

“എന്താ യാമി ഇത്… കുട്ടികൾ വല്ലാതെ പേടിച്ചിട്ടുണ്ടല്ലോ? ”

“പിന്നെ ഞാൻ എന്ത് വേണം..
എത്ര പ്രാവിശ്യം കാണിച്ചു കൊടുത്തിട്ടും തെറ്റിച്ചാണ് കളിക്കുന്നത്…
അടുത്ത ആഴ്ച സ്റ്റേജിൽ കയറാനുള്ള പിള്ളേരാ… ”

“നീ അങ്ങോട്ട് മാറി ഇരിക്കു…
ഇനി കുറച്ചു നേരം ഞാൻ പറഞ്ഞു കൊടുക്കാം… ”

“നിങ്ങൾ പേടിക്കണ്ട കേട്ടോ…
ഈസി ആയി പഠിച്ചെടുക്കാവുന്നതേ ഉള്ളു…
നിങ്ങൾക്ക് ഡൌട്ട് ഉള്ള ഭാഗം ചോദിക്കു… ഞാൻ കാണിച്ചു തരാം… ”

“പഞ്ചനട ആണ് തെറ്റി പോകുന്നത് ചേച്ചി ”

“അത് വളരെ ഈസി അല്ലേ.. ദാ നോക്കു…
പഞ്ചനട കളിക്കുമ്പോൾ നമ്മുടെ കാല് ഇതുപോലെ ആലിലനടയിൽ തന്നെ ഇരിക്കണം… അത് മാറാൻ പാടില്ല…

നിങ്ങൾ പെട്ടെന്ന് താളം ശ്രദ്ധിക്കാത്തതുകൊണ്ടാണ് തെറ്റിപോകുന്നത്…
അത് കൊണ്ട് ഇനി കളിക്കുമ്പോൾ അത് ശ്രദ്ധിച്ചു വേണം കളിക്കാൻ കേട്ടോ… ”

“ഒക്കെ ചേച്ചി… ”

“അവര് കളിച്ചോളും യാമി നീ വെറുതെ കുറ്റപ്പെടുത്തണ്ട… ”

“പഞ്ചനട മാത്രം അല്ല പുഷ്പാഞ്ജലിയിലെ അവസാന ജതിയും തെറ്റിക്കുന്നുണ്ട് നന്ദു… ”

“അതൊക്കെ ഞാൻ പറഞ്ഞു കൊടുത്തോളം നീ പോയി മുഖമൊക്കെ കഴുകി ഒന്ന് ഫ്രഷ് ആയി വാ… ”

“മ്മ്… ”

ക്ലാസ്സ്‌ കഴിഞ്ഞു കുട്ടികൾ പോയിട്ടും യാമി നല്ല മൂഡ് ഓഫിൽ ആയിരുന്നു…

എന്നെ കാണുമ്പോൾ ഒരു കൃത്രിമ ചിരി ചുണ്ടിൽ വരുത്തും…

യാമിയുടെ ആ മാറ്റം എനിക്ക് അങ്ങോട്ട്‌ ഉൾക്കൊള്ളാനും ആയില്ല…

ഒരു ശ്മാശാന മൂകത എല്ലായിടവും തങ്ങി നിൽക്കുന്നതുപോലെ…

വീട്ടിലേക്കു വിളിച്ചെങ്കിലും യാമി വരാൻ കൂട്ടാക്കിയില്ല…
അത് എന്നെ ഒരുപാട് വേദനിപ്പിച്ചു…

തിരികെ റൂമിൽ വന്നു ബെഡിലേക്കു മറിയുമ്പോൾ മനസ്സിന്റെ താളം തെറ്റുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു…

ഇടയ്ക്ക് എപ്പോളോ കണ്ണ്‌ തുറന്നപ്പോളാണ് വർണ്ണക്കടലാസിൽ പൊതിഞ്ഞ ബുക്ക്‌ ടേബിളിന്റെ പുറത്ത് ഇരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്…

അന്നൊരിക്കൽ വിനുവേട്ടൻ ഇത് തുറക്കാൻ തുടങ്ങിയപ്പോൾ ഞാൻ തടഞ്ഞതാണ്…

ഞാൻ അത് കൈകളിൽ എടുത്തു നെഞ്ചോടു ചേർത്തു…

കണ്ണേട്ടന്റെ മുഖം ആണ് അപ്പോൾ ഓർമയിൽ വന്നത്…

പെട്ടെന്ന് തന്നെ ആളെ കാണണമെന്ന് തോന്നി…

ഇത് ഏല്പിക്കേണ്ടത് കണ്ണേട്ടനെ തന്നെയാണെന്ന് മനസ്സ് പറയുന്നു…

ഉടൻ തന്നെ അതുമായി ഞാൻ പുറത്തേക്കിറങ്ങി…

“എങ്ങോട്ടാ നന്ദു… ”

“ഈ ബുക്ക്‌ ഒരാളെ ഏല്പിച്ചിട്ട് ഉടൻ തന്നെ തിരികെ വരാം അമ്മേ… ”

അമ്മയുടെ കൂടുതൽ ചോദ്യങ്ങൾക്കു നിന്നു കൊടുക്കാതെ ഞാൻ പെട്ടെന്ന് വീട്ടിൽ നിന്നും ഇറങ്ങി…

പാടവരമ്പത്തൂടെ പോയാൽ പെട്ടെന്ന് കണ്ണേട്ടന്റെ തറവാട്ടിൽ എത്താൻ പറ്റും…
ആദ്യമായാണ് കണ്ണേട്ടന്റെ തറവാട്ടിലേക്ക് പോകുന്നത്…

കാലുകളെക്കാൾ വേഗത്തിൽ അവിടെ എത്താൻ മനസ്സ് വെമ്പുന്നുണ്ടായിരുന്നു…

“ഹോയ്… ചിങ്കാരിമണി ഇത് എങ്ങോട്ടാ ഒറ്റയ്ക്കു??? ”

ചിങ്കാരിമണി എന്നുള്ള വിളി കേട്ടപ്പോൾ തന്നെ ആളെ എനിക്ക് മനസ്സിലായി…
ഞാൻ തിരിഞ്ഞു നോക്കി…
പൊന്നുചേച്ചി…

“ആഹാ.. ചേച്ചി… ഒരുപാട് നാളായല്ലോ കണ്ടിട്ട്… ഇപ്പോൾ വീട്ടിലോട്ടു ഒന്നും വരാറില്ലല്ലോ… ”

“വീട് പണി നടക്കുവല്ലേ മോളെ…
തിരക്കായി പോയി… ”

“എന്നിട്ട് വീട് പണി എവിടം വരെ ആയി…
ഓണത്തിനു മുൻപേ താമസം മാറുമോ?

“പഞ്ചായത്തിൽ നിന്നും അനുവദിച്ചു വന്നതല്ലേ…
തുക കിട്ടുന്ന രീതിക്കു മാത്രമേ പണി മുന്നോട്ട് പോകുള്ളൂ…
ഇനിയും പണി ഒരുപാട് ബാക്കിയാണ്… ”

“ആഹ് എല്ലാം നടക്കും ചേച്ചി… ഞാൻ അച്ഛനോട് സംസാരിക്കാം കേട്ടോ…

പിന്നെ ശ്രീക്കുട്ടിയുടെ പ്ലസ് വൺ അഡ്മിഷൻ എന്തായി? ”

“അവൾക്കു കോമേഴ്സിന് അഡ്മിഷൻ കിട്ടി മോളെ… ക്ലാസും തുടങ്ങി… ”

“ചേച്ചി ഒരു ദിവസം വീട്ടിലോട്ടു വാ ഞാൻ ശ്രീകുട്ടിക്കു പാകമായ കുറേ ഡ്രസ്സ്‌ എടുത്തു വെച്ചിട്ടുണ്ട്… ”

“മ്മ് വരാം മോളെ…
ഇപ്പോൾ ഇത് എങ്ങോട്ടാ വയലിലൂടെ?? ”

“കണ്ണേട്ടന്റെ വീട് വരെ… ”

“ആഹാ… ഉടനെ ഒരു സദ്യ തരാൻ വല്ല ഉദ്ദേശവും ഉണ്ടോ രണ്ടാൾക്കും?? ”

“അതിനെന്താ ചേച്ചി… ഉടൻ തന്നെ തന്നേക്കാം പോരേ… ”

“മതി മതി… എന്നാൽ മോള് പോയിട്ട് വാ… ”

“ശരി ചേച്ചി… ”

പൊന്നുചേച്ചിയുടെ ഹസ്ബൻഡ് ആയിരുന്നു വീട്ടിലെ തുണി എല്ലാം അലക്കികൊണ്ടു വരുന്നത്… ശ്രീകുമാർ അങ്കിൾ…
പക്ഷേ പെട്ടെന്നൊരു ദിവസം ചേച്ചിയേം മോളേം തനിച്ചാക്കി അങ്കിൾ അങ്ങ് പോയി… അറ്റാക്ക് ആയിരുന്നു…

ഇപ്പോൾ ചേച്ചിയാണ് അലക്ക് ജോലി എല്ലാം ചെയ്യുന്നത്…
കയറിക്കിടക്കാൻ ഒരു കൂര ഇല്ലാത്തോണ്ട് പഞ്ചായത്തുകാർ വീട് വെച്ച് കൊടുക്കുവാണ്…
ഒരുപാട് കഷ്ടപ്പാട് അനുഭവിക്കുന്നുണ്ട് പാവം…

അതൊക്കെ ഓർത്തോണ്ടു നടന്നു കണ്ണേട്ടന്റെ തറവാടിന്റെ മുന്നിൽ എത്തിയത് അറിഞ്ഞതേ ഇല്ല…

പുറത്തൊന്നും ആരെയും കണ്ടില്ല…

വാതിൽ തുറന്നു കിടപ്പുണ്ട്…

എല്ലാവരും ഇത് എവിടെ പോയി?

വാതിൽ തുറന്നു കിടക്കുക ആണെങ്കിലും അകത്തേക്ക് കയറാൻ ഞാൻ ഒന്ന് മടിച്ചു…
പിന്നെ രണ്ടും കല്പിച്ചു “അമ്മേ ” ന്നു വിളിച്ചു…

എന്റെ വിളികേട്ടു പുറത്തേക്കു വന്ന അമ്മ എന്നെകണ്ടു ആദ്യം ഒന്ന് അമ്പരന്നു..
പിന്നെ ഓടി എന്റെ അടുത്തെത്തി…

“ഭഗവാനേ… ഞാൻ എന്താ ഈ കാണുന്നെ നന്ദുമോളെ… ”

അമ്മ വന്നു എന്നെ കെട്ടിപിടിച്ചു നെറ്റിയിലും കവിളിലും ചുംബിച്ചു…

“ന്റെ കുട്ടി… ഒരുപാട് സന്തോഷം ആയി… മോള് കയറി വാ… വലതുകാൽ വെച്ചു തന്നെ കയറിക്കോ…”

സത്യം പറഞ്ഞാൽ ആദ്യം ഉണ്ടായിരുന്ന ഒരു ചമ്മൽ അങ്ങ് മാറിക്കിട്ടി…
ഞാൻ നല്ല കൂളായി…

“വേഷം കണ്ടിട്ട് അമ്മ എവിടെയോ പോകാൻ ഒരുങ്ങി ഇറങ്ങിയ പോലുണ്ടല്ലോ??? ”

“അതെ മോളെ ഞാനും കൃഷ്ണേട്ടനും കൂടി എന്റെ വീട് വരെ പോകാൻ തുടങ്ങുവായിരുന്നു…
അവിടെ ഇളയ സഹോദരന്റെ മകൾക്കു ഒരു അപകടം പറ്റി.. എന്താ ഏതാ എന്നൊന്നും അറിഞ്ഞില്ല… ഒന്ന് അവിടെ വരെ പോയിട്ട് വരാമെന്നു കരുതി ”

“ഹയ്യോ… എങ്കിൽ വൈകിക്കണ്ട അമ്മ ഇറങ്ങിക്കോളു…
അല്ല അച്ഛൻ എവിടെ? ”

“അച്ഛൻ അങ്ങോട്ട്‌ ഇറങ്ങി… മോൾ ഇങ്ങോട്ട് വന്നപ്പോൾ വഴിയിൽ ഒന്നും കണ്ടില്ലേ? ”

“ഞാൻ വയലിലൂടെ ആണ് അമ്മേ വന്നത് അതുകൊണ്ട് കണ്ടില്ല…. ”

“മ്മ് മോള് ഇരിക്കു…ന്റെ കുട്ടി ആദ്യമായിട്ട് വന്നതല്ലേ… കണ്ടിട്ട് ഇങ്ങനെയാ പെട്ടെന്ന് ഇറങ്ങി പോകുന്നത്… ”

“അതൊന്നും സാരമില്ല അമ്മ പൊയ്ക്കോളൂ…
ഞാൻ കണ്ണേട്ടനെ ഒന്ന് കാണാൻ വേണ്ടി വന്നതാണ്…
ഈ ബുക്ക്‌ ഒന്നു കൊടുത്തിട്ട് പോകാമെന്നു കരുതി…
ഇനി ഇപ്പോൾ വേറെ ഒരു ദിവസം വരാം… ”

“കണ്ണൻ കൃഷി ഓഫിസിൽ പോയിട്ട് ഇപ്പോൾ ഇങ്ങോട്ട് കയറി വന്നതേ ഉള്ളു…
കുളിക്കുവാണെന്നു തോന്നുന്നു…

മോള് ഇവിടെ ഇരിക്കു ഞാൻ അവനെ വിളിക്കാം… ”

“അച്ഛൻ കാത്തു നിന്നു മുഷിഞ്ഞിട്ടുണ്ടാകും…
കണ്ണേട്ടനെ ഞാൻ കണ്ടോളാം അമ്മ ഇറങ്ങിക്കോളൂ… ”

“മ്മ്… ഒട്ടും മനസ്സില്ലാതെയാ അമ്മ പോകുന്നത്…
എന്നാൽ പോയിട്ട് വരാം…
ഇടയ്ക്ക് വരണേ മോളെ…
നന്ദുമോളെ കണ്ടു കൊതി തീർന്നില്ല അമ്മയ്ക്ക് ”

“ഞാൻ വരാം അമ്മേ… ”

ഇറങ്ങാൻ നേരവും അമ്മ എന്നെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബിച്ചു…

ഒരുപാട് സന്തോഷം തോന്നി…
ഇത്രയും നാൾ ഈ സ്നേഹമൊക്കെ കണ്ടില്ലെന്ന് നടിച്ചത് തെറ്റായി പോയിന്നു ഇപ്പോൾ തോന്നുന്നു…

അമ്മ പോയി കഴിഞ്ഞു ഞാൻ വീടാകെ ഒന്ന് ചുറ്റിയടിച്ചു…

ഇങ്ങേരിത് ആനക്കുളി ആണോ കുളിക്കുന്നത് പുറത്തേക്ക് ഇറങ്ങി വരുന്നതും ഇല്ലല്ലോ…

പാതി ചാരിയ ഒരു റൂം എന്റെ കണ്ണിലുടക്കി…
വാതിൽ തുറന്നു അകത്തു കയറിയപ്പോൾ തന്നെ അത് കണ്ണേട്ടന്റെ റൂം ആണെന്ന് മനസ്സിലായി…

എന്റെ കൃഷ്ണാ… എന്തോരം പുസ്തകങ്ങളാണ് ഷെൽഫിൽ അടുക്കി വെച്ചിരിക്കുന്നത്…
എന്തായാലും റൂമിനു ഒരു അടുക്കും ചിട്ടയുമൊക്ക ഉണ്ട്…

കൈയിലുണ്ടായിരുന്ന ബുക്ക്‌ ടേബിളിന്റെ പുറത്ത്‌ വെച്ചു…
കാറ്റിൽ പാതി അടഞ്ഞ ജനൽ പാളി മുഴുവനായും തുറന്നിട്ടു…
അതിൽ കൂടി പുറത്തേക്കു നോക്കിയാൽ വയലും കുളവുമെല്ലാം ഒരു വിദൂര ദൃശ്യം പോലെ കാണാം…

ബുക്കുകൾ അടുക്കി വെച്ചിരുന്ന ഷെൽഫിനു അരികിലേക്ക് പതിയെ തിരിഞ്ഞു…

കൈയിൽ തടഞ്ഞ ഒരു ബുക്കെടുത്തു ഞാൻ തുറന്നു നോക്കി…
എം. ടി യുടെ “മഞ്ഞു “..
ഒരു ചെറിയ പുഞ്ചിരി എന്റെ ചുണ്ടിൽ വിരിഞ്ഞു…

ബാത്റൂമിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ടു ഞാൻ തിരിഞ്ഞു നോക്കി…

കണ്ണേട്ടൻ….

ആള് എന്നെ കണ്ടിട്ടില്ല…

തലയും തുവർത്തികൊണ്ടു റൂമിലേക്ക് കയറി വന്നു…
ഒരു ചെറിയ ടൗവ്വൽ ഉടുത്തിട്ടുണ്ട്…
രോമാവൃതമായ മാറിടം…
ഞാൻ ആളെ അടിമുടി ഒന്ന് നോക്കി…
ആഹാ അടിപൊളി…
ഈ ലുക്കിൽ ആള് കിടുവാണ്…

ഈശ്വരാ ഞാൻ റൂമിൽ ഉണ്ടെന്ന് അറിയിച്ചില്ലെങ്കിൽ ഇന്ന് ഇവിടെ പല സീനും കാണേണ്ടി വരും…
ഞാൻ പെട്ടെന്ന് തിരിഞ്ഞു നിന്നു…

(തുടരും )