05/05/2026

നില : ഭാഗം 53

രചന – അഹാനിക അനു

ശ്രുതി പ്രഭാകരൻ പറയുന്നത് കേട്ട് ശില പോലെ നിന്നു. കേട്ടത് വിശ്വസിക്കാൻ കഴിഞ്ഞില്ല. അവളുടെ മനസിൽ രേവതിയുടെ മുഖം തെളിഞ്ഞു വന്നതും കണ്ണുകൾ ഇറുകി അടച്ചു ദേവൂട്ടിയെ ചേർത്ത് പിടിച്ചു ചെയറിൽ ഇരുന്നു.
നിരഞ്ജന് തന്റെ തോളിൽ തളർന്നു കിടക്കുന്ന ആ മനുഷ്യനെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും കഴിയുന്നില്ല. പല ചിന്തകളും മനസിലേക്ക് കയറി കൂടിയപ്പോൾ രാജേഷ് എഴുന്നേറ്റു
മാറി നിന്ന് പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു അച്ഛൻ എന്ന് സേവ് ചെയ്ത നമ്പർ എടുത്തു. അങ്ങോട്ട് വിളിക്കാൻ അയാളുടെ ഈഗോ സമ്മതിച്ചിരുന്നില്ല. പക്ഷെ നിലയുടെയും പാറുവിന്റെയും മുഖം ഓർത്തപ്പോൾ മറ്റൊന്നും നോക്കാതെ ഫോൺ ചെവിയിൽ വച്ചു. നിർത്താതെ റിങ് ചെയ്യുമ്പോഴും നെഞ്ച് വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു. ഇരുപത് വർഷമായി ആ ശബ്ദം കേട്ടിട്ട്. ഇനിയൊരു തിരിച്ചു വരവ് ഉണ്ടായിരിക്കില്ല എന്ന് കരുതി തന്നെയായിരുന്നു ഇവിടെ നിന്ന് വിട്ടത്. ഭീരുത്വമാണെന്ന് രേവതി ഓർമപ്പെടുത്തിയപ്പോഴും ആ നിമിഷം അതൊന്നും ചെവി കൊണ്ടില്ല. വാശിയായിരുന്നു ജീവിച്ചു കാണിക്കണമെന്ന്. പക്ഷെ കാലം വീണ്ടും തന്നെ ഇവിടെ കൊണ്ടെത്തിച്ചു.
ഓർമകളെ വിച്ഛേതിച്ചു മറുവശത്ത് ഗാംഭീര്യമായ ശബ്ദം ഉയർന്നു. മറുത്തോരക്ഷരം ഉരിയാടാതെ രാജേഷ് കണ്ണുകൾ അടച്ചു. കൺ കോണിൽ എവിടെയോ നീർമുത്തുകൾ തെളിഞ്ഞു . കൃഷ്ണന്റെ ശബ്ദം വീണ്ടും ചെവിയിൽ മുഴങ്ങിയപ്പോൾ അയാളൊന്ന് മൂളി. കുറച്ചു നേരം കൃഷ്ണനും മിണ്ടിയില്ല. ആ വൃദ്ധന്റെ തേങ്ങൽ രാജേഷിന് കേൾക്കാമായിരുന്നു.

” മോനേ.. ഒന്ന് സംസാരിക്കെടാ. ”

ശബ്ദത്തിൽ അപേക്ഷ നിറഞ്ഞിരുന്നു.
രാജേഷ് പെട്ടെന്ന് ബോധം വന്ന പോലെ ഫോണിലേക്ക് നോക്കി വീണ്ടും ചെവിയിൽ വച്ചു.

” ഞാൻ നിങ്ങളുടെ തേൻ പുരണ്ട വാക്കുകൾ കേൾക്കാനല്ല വിളിച്ചത്. എനിക്ക് ഒരു കാര്യം അറിഞ്ഞാൽ മതി. നിരഞ്ജൻ വീട്ടിലുണ്ടോ.”

കൃഷ്ണനിൽ ഞെട്ടൽ പ്രകടമായി. ഇത് വരെ അവൻ തന്നോട് ഇങ്ങനെ സംസാരിച്ചിട്ടില്ല, ഏട്ടനെ പേരെടുത്തു വിളിച്ചിട്ടും ഇല്ല.

” മോനേ…. ”

” ഇനിയും എന്നേ അങ്ങനെ വിളിക്കരുത്. ഇനിയൊരു കണ്ട് മുട്ടലോ വിളിയോ ഇല്ലെന്ന് കരുതി തന്നെയാണ് അന്ന് ആ പടിയിറങ്ങിയത്.
ഇപ്പോൾ വിളിച്ചതും രണ്ട് ജീവനെ ഓർത്താണ്.
അയാൾ അവിടെയുണ്ടോ ”

ആ നിമിഷം തന്നെയാണ് നിരഞ്ജന്റെ കാർ വീടിന്റെ മുൻപിൽ വന്ന് നിന്നത്.
കൃഷ്ണന്റെ മിഴികൾ ചിരിച്ചു കാറിൽ നിന്നിറങ്ങുന്ന നിരഞ്ജനിൽ ചെന്ന് നിന്നു. അവന്റെ കണ്ണിൽ വല്ലാത്തൊരു തിളക്കം ഉണ്ടായിരുന്നു.

” ഉണ്ട് ഇപ്പോൾ വന്നു.
കൊടുക്കണോ. ”

ശബ്ദം വളരെ താഴ്ന്നിരുന്നു.

” വേണ്ട ഒന്ന് കരുതി ഇരിക്കാൻ പറഞ്ഞാൽ മതി . ഇനി ഞാൻ വരും കൃഷ്ണപുരത്തേക്ക് അന്ന് ഏട്ടൻ ആണെന്നൊന്നും നോക്കില്ല തീർക്കും ആ ചെറ്റയെ. കൊണ്ട് പോയ അവളെ തിരികെ ഏൽപ്പിക്കുന്നതാവും നല്ലത്. എനിക്കറിയാം നിരഞ്ജനല്ലാതെ മറ്റാരും അത് ചെയ്യില്ല.”

കൃഷ്ണന്റെ നെറ്റി ചുളിഞ്ഞു. രാജേഷ് ഏത് പെണ്ണിന്റെ കാര്യമാണ് പറയുന്നതെന്ന് അയാൾക്ക് മനസിലായില്ല. കീ കറക്കി തന്നെ കടന്നു പോയ നിരഞ്ജനെ അയാൾ തുറിച്ചു നോക്കി.

” നീ ഏത് പെൺ കുട്ടിയുടെ കാര്യം ആണ് പറയുന്നത് ”

” എല്ലാവരും കുഴിച്ചു മൂടിയ എന്റെ മകളെ .”

ശ്രുതിയുടെ മുഖമാണ് ആദ്യം അയാളുടെ മനസ്സിൽ വന്നത് നിമിഷനേരം കൊണ്ട് വർഷങ്ങൾക്ക് മുൻപ് ഈ വീട്ടിൽ ഈ നടന്ന സംഭവവും രാജേഷ് ഇറങ്ങി പോയതും ഓർമ വന്നു കണ്ണുകൾ കലങ്ങി.
അയാൾ തിരിച്ചെന്തെങ്കിലും പറയുന്നതിന് മുന്നേ രാജേഷ് കാൾ കട്ട്‌ ചെയ്തിരുന്നു.

🌻🌻🌻🌻🌻🌻🌻

” അമ്മേ പേറ്റി ആവുന്നു. ”

പാറു ഇരുട്ടിൽ നിലയുടെ മുഖത്തേക്ക് നോക്കി.

” എന്തിനാണ് പേടിക്കുന്നത് അമ്മയില്ലേ. വാ ഇവിടെ ലൈറ്റ് ഉണ്ടോ എന്ന് നോക്കാം. ”

നില ചിരിച്ചു പാറുവിനെ കൂട്ടി ചുമരിൽ പിടിച്ചു പതുക്കെ നടന്നു.

” സൂക്ഷിക്കണം ട്ടോ പാറു എവിടെയും തട്ടി വീഴരുത് ”

” നാൻ വീയോന്നും ഇല്ല അമ്മ ശുച്ചു നോക്ക്. ”

പാറു കൂടെ ഉള്ളപ്പോൾ നിലയ്ക്ക് വല്ലാത്തൊരു ധൈര്യം വന്ന പോലെ. തപ്പി പിടിച്ചു നടന്നു അവൾ സ്വിച് ബോർഡ് കണ്ട് എല്ലാ സ്വിച്ചും നിരത്തി ഇട്ട് വീടിൽ പ്രകാശം തെളിഞ്ഞു. പാറുവിന്റെ കണ്ണുകൾ ഒന്ന് വിടന്നു.

” ഹായ് ലൈറ്റ് വന്ന് ”

പാറു നിലയുടെ കാൽ പിടിച്ചു.
അത്യാവശ്യം വലുപ്പമുള്ള ഹാളിലാണ് അവർ നിൽക്കുന്നത്. ആൾ താമസം ഉണ്ടെന്ന് തോന്നും എല്ലാം വൃത്തിയായി വച്ചിട്ടുണ്ട്. സോഫ, ഡെയിനിങ് ടേബിൾ , ചെയർ എല്ലാം നിരത്തി വച്ചിട്ടുണ്ട്. അവൾ പാറുവിനെ അവിടെ ഇരുത്തി ആ വീട് ചുറ്റും നോക്കി ഇറങ്ങാൻ പറ്റിയ വല്ല വഴിയുമുണ്ടോ എന്ന്. അടച്ചിട്ട ജനൽ പൊളിയുടെ കുറ്റി തുറക്കാനുള്ള ഒരു ശ്രമം നടത്തി. എത്ര തള്ളിയിട്ടും തുറക്കുന്നില്ല കൈ വേദനയായി അവൾ കുടഞ്ഞു. അത് കണ്ട പാറു സോഫയിൽ വലിഞ്ഞു കയറി

” അമ്മ ഇനി ഇവിറ്റേ ഇരി പാരു തുരന്നു തരാം ”

പാറു തന്റെ ശക്തി മുഴുവൻ എടുത്തു തള്ളി. തുറക്കുന്നില്ല എന്ന് കണ്ട് നിലയെ നോക്കി.

” ഇറ്റ് ആരാ ഉൻറ്റാക്കിയത്. നന്നായിട്ടില്ല തുരക്കാൻ കയുന്നില്ല.
കൈ വേറ്റനയാവുന്നു ”

പാറുവിന്റെ എക്സ്പ്രഷൻ കണ്ട് ആ സിറ്റുവേഷനിലും നില ചിരിച്ചു പോയി.

” നിന്നോടരാടി പെണ്ണേ ചാടി കയറി ചെയ്യാൻ പറഞ്ഞത്. ഇങ്ങ് വാ . ”

പാറുവിനെ വലിച്ചു കൈ തലോടി ഉമ്മ വച്ചുതും പെണ്ണ് നിലയുടെ കഴുത്തിലൂടെ കൈ ഇട്ട് കവിളിൽ ഉമ്മ വച്ചു.

” നമ്മലേ ഇവിറ്റേ കോൻറ്റാക്കിയത് ആരാ അമ്മേ”

നിലയ്ക്കും അതിന് ഉത്തരമില്ലായിരുന്നു. പേര് പോലും അറിയില്ല. പക്ഷെ അവർ പറഞ്ഞത് താൻ കാരണം അവർക്ക് സ്വസ്ഥത നഷ്ടപ്പെട്ടിട്ടു. കുടുംബവുമായി ജീവിക്കാൻ കഴിയുന്നുന്നില്ല. എന്താണ് അതിന്റെ അർത്ഥം. ദേവൂട്ടി ഉണ്ടായതിന് ശേഷം ആദ്യമായിട്ടാണ് പുറത്തേക്ക് ഇറങ്ങുന്നത്. വേണ്ടിയിരുന്നില്ല. ഇറങ്ങാൻ തോന്നിയ നശിച്ച നേരത്തെ അവൾ സ്വയം ശപിച്ചു. പാറു അവളുടെ മുഖത്തേക്ക് നോക്കി നിൽക്കുകയാണ് അവളിൽ നിന്ന് ഒരു മറുപടി പ്രതീക്ഷിച്ചു.

“അമ്മ പിന്നെ പറഞ്ഞു തരാം ട്ടോ. വാ നമുക്ക് ഈ വീട് എല്ലാം നോക്കാം ”

തല കുലുക്കി പാറു സോഫയിൽ നിന്ന് ചാടി നിലയുടെ കൈ പിടിച്ചു.
മുകളിലേക്ക് കയറാൻ തോന്നിയില്ല ഒരു ഭയം പോലെ.
താഴെ അത്യാവശ്യം വലുപ്പമുള്ള രണ്ട് റൂം ഉണ്ട്. കബോർഡും കട്ടിലും അല്ലാതെ മറ്റൊന്നും ഇല്ല. ഉള്ളിലൊരു ബാത്‌റൂം കണ്ട് കയറി ടാപ് തുറന്നു നോക്കി. എയർ അല്ലാതെ വെള്ളം വരുന്നില്ല കണ്ട് നിരാശയോടെ പാറുവിനെ നോക്കി. അവൾ നിലയുടെ പ്രവർത്തികൾ ശ്രദ്ധിക്കുകയാണ്. പുറത്ത് മഴ വീണ്ടും ശക്തി പ്രാപിച്ചു .
ഇടിയും മിന്നലും ജനലുകൾക്കിടയിലൂടെ ഉള്ളിലേക്ക് തുളന്നു കയറിയപ്പോൾ രണ്ട് പേരും ഒന്ന് ഭയന്നു. പാറു ഇപ്പോൾ കരയും എന്ന അവസ്ഥയിലായി.
എന്നാൽ അമ്മയിലുള്ള വിശ്വാസം അതേ പോലെ നിലനിന്നു. അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ അവിടെയും എല്ലാം ശൂന്യമായിരുന്നു .
പിറകിലെ ഡോർ തുറക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും അവിടെയും പ്രതീക്ഷ അസ്തമിച്ചു.
പാറുവിനെയും കൂട്ടി തിരിച്ചു സോഫയിൽ വന്നിരിക്കുമ്പോൾ ഇനിയെന്ത് എന്ന ചോദ്യമായിരുന്നു. ആരേലും തിരഞ്ഞു വരോ , ഇത് എവിടെയാണ് സ്ഥലം എന്ന് പോലും അറിയില്ല.
എവിടെയെന്നു വച്ചു ശരത്തെട്ടൻ അന്വേഷിക്കും . ചുറ്റും ആളുകളുകൾ പോയിട്ട് വണ്ടിയുടെ ശബ്ദം പോലും കേൾക്കുന്നില്ല. രക്ഷപെടുമോ എന്ന് പോലും അവൾക്ക് ഒരു നിമിഷം തോന്നി.
സമയം ഒരുപാട് വൈകി പാറു വല്ലാതെ തളർന്നിട്ടുണ്ട്. വിശന്നിട്ടാണെന്ന് ജീവനില്ലാതെ തളർന്ന അവളുടെ കണ്ണുകൾ പറയുന്നുണ്ട്.
എന്ത് ചെയ്യും.

” പാറുവിന് വിശക്കുന്നുണ്ടോ ”

ആ ചോദ്യം ചോദിച്ചിട്ട് കാര്യമില്ലെന്നറിഞ്ഞിട്ടും അവളുടെ അമ്മ മനസിന് ചോദിക്കാതിരിക്കാനായില്ല. പാറു അതേ എന്ന് തലയനക്കിയപ്പോൾ അവളുടെ അടുത്തേക്ക് ചേർത്ത് പിടിച്ചു മൂർത്താവിൽ ചുംബിച്ചു.

” അമ്മയ്ക്ക് വിശക്കുന്നില്ലേ ”

പാറു തിരിച്ചു ചോദിച്ചപ്പോൾ നില ഇല്ലെന്ന് തല അനക്കി

” എന്നാൽ പാരുവിനും ഇല്ല ”

പാറു നിലയുടെ മടിയിൽ തല വച്ചു ചുരുണ്ടു കൂടി. നിലയ്ക്ക് വല്ലാതെ വേദന തോന്നി. പാറുവിന്റെ മേൽ ചെരിഞ്ഞു അവളുടെ കവിളിൽ കവിൾ ചേർത്തു.

” പാൽ കുടിക്കുമോ പാറു ”

നില ചോദിക്കുന്നത് കേട്ട് പാറു അവളുടെ മുഖത്തേക്ക് നോക്കി.

” ഇവിറ്റേ ആരാ പാൽ കോൻറ്റ് വര. ”

” അമ്മ ”

കാലിന് മുകളിൽ കിടക്കുന്ന പാറുവിനെ എടുത്തു മടിയിൽ ഇരുത്തി. സരി നീക്കുമ്പോളും പാറു മിഴിച്ചു നോക്കി .
നിലയുടെ മുഖത്ത് നിറഞ്ഞ ചിരിയായിരുന്നു.

🌻🌻🌻🌻🌻🌻🌻

ശരത്തിന്റെ പിടി അയഞ്ഞതും ജിതിൻ പിറകിലേക്ക് നിന്ന് ഷർട്ട് കുടഞ്ഞു.

” സത്യമാണ് ഞാൻ പറഞ്ഞത്. സ്വയം രക്ഷയ്ക്ക് വേണ്ടി കള്ളം പറയുന്നതല്ല. ”

ജിതിൻ അവരെ വിശ്വസിപ്പിക്കാനെന്ന വണ്ണം പറഞ്ഞു. ശരത്തിന് അവൻ പറഞ്ഞത് വിശ്വസിക്കാൻ കഴിഞ്ഞില്ല. നില ഇല്ലാതായാൽ ആർക്കാണ് നേട്ടം. അതും സ്വന്തമെന്ന് പറയാൻ ആരും ഇല്ലാത്ത അവൾക്ക്.
അവന്റെ മനസ്സിൽ പല ചിന്തകളും വന്നു. എന്നിരുന്നാലും ജിതിൻ കള്ളം പറയുകയാണെന്ന് തന്നെ അവൻ വിശ്വസിച്ചു. അവന്റെ ബോധ മനസിനത് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല.

” നീ ആരുടെ കാര്യമാണ് പറയുന്നത്. ഏട്ടത്തിയെ ഇല്ലാതാക്കിയാൽ ആർക്കാണ് നേട്ടം. എന്തിന് അവർ ഇത് ചെയ്യുന്നു. ”

കിച്ചു സംശയവുമായി അവന്റെ മുന്നിലേക്ക് നീങ്ങി.

” നേട്ടം എന്താണെന്ന് എനിക്കറിയില്ല. പക്ഷെ നിലയോട് വല്ലാത്തൊരു പകയുണ്ട്. ആ കണ്ണുകളിൽ ഞാനത് തെളിഞ്ഞു കണ്ടതാണ് ”

” ആരുടെ കാര്യമാണ് നീ പറയുന്നത് ”

ശരത്തിന്റെ കണ്ണുകൾ കുറുകി.

” നിരഞ്ജൻ. കൃഷ്ണപുരത്തേ കൃഷ്ണന്റെ മകൻ നിരഞ്ജൻ. എന്നോട് ആവശ്യപെട്ടിരുന്നു അവളെ ”

കിച്ചു മുഷ്ട്ടി ചുരുട്ടി . ശ്രുതിയുടെ മുഖമാണ് ആവനോർമ്മ വന്നത്. പല്ലുകൾ ഞെരിച്ചു ശരത്തിനെ നോക്കിയപ്പോൾ 0അവിടെയും ഇതേ അവസ്ഥ തന്നെയാണ്.
ജിതിൻ അന്ന് നടന്ന എല്ലാ കാര്യവും അവരോട് പറഞ്ഞു എല്ലാം കേട്ട് കഴിഞ്ഞപ്പോൾ രണ്ട് പേർക്കും അവനോടുള്ള ദേഷ്യമെല്ലാം ഇല്ലാതായിരുന്നു .

” അവൾ എന്ത് ചെയ്തു. എന്തിനാണ് അവളെ ”

ശരത്തിന്റെ സംശയങ്ങക്ക് അവസാനമുണ്ടായിരുന്നില്ല. ജിതിൻ അറിയില്ലെന്ന് തലയനക്കി

” കിച്ചു വാടാ. Thanks jithin ”

വലിഞ്ഞു മുറുകിയ മുഖവുമായി ശരത് ജിതിന്റെ ഷോൾഡറിൽ തട്ടി കിച്ചുവിന്റെ നേരെ തിരിഞ്ഞു. പെട്ടെന്നാണ് അവന് നന്ദുവിനെ ഓർമ വന്നത്.

” കിച്ചു നീ നന്ദുവിനെ വിളിച്ചു ഇങ്ങോട്ട് വരാൻ പറയൂ.
നിരഞ്ജൻ….
വച്ചേക്കില്ല ആ പന്നിയെ ഞാൻ ”

” ഞാൻ വിളിച്ചു ഏട്ടാ അവന്റെ ഫോൺ സ്വിച്ച്ഓഫ് ആണ്. അച്ഛനെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല.
എനിക്ക് എന്തോ പേടി പോലെ ”

കിച്ചുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

” ശേ. നീ എന്താണ് കിച്ചു ചെറിയ കുട്ടികളെ പോലെ ഇപ്പോൾ നമ്മൾ തർന്നു പോയാൽ എങ്ങനെയാണ് .
നമ്മളെ പ്രതീക്ഷിച്ചിരിക്കുന്ന രണ്ട് പേരുണ്ട്. എവിടെയാണെന്നോ ഏതവസ്ഥയിലാണെന്നോ അറിയില്ല.
അവരെ ഓർത്തെങ്കിലും….
നന്ദു അവരെ തിരയുന്നുണ്ടാവും ചിലപ്പോൾ ഫോൺ ഓഫായിട്ടാവും .
നമ്മൾ രണ്ട് പേരില്ലേ അത് മതി എവിടെ വേണമെങ്കിലും തിരയാം. എന്ത് ചെയ്തിട്ടാണേലും അവരെ രക്ഷിക്കണം ”

ശരത്ത് കിച്ചുവിന്റെ കണ്ണുകൾ തുടച്ചു വണ്ടിയുടെ അടുത്തേക്ക് നടന്നതും ഇടത്തെ കയ്യിൽ ജിതിന്റെ കൈ മുറുകിയിരുന്നു.

” രണ്ടല്ല മൂന്ന്.. നന്ദുവിന്റെ സ്ഥാനം വേണ്ട അനിയനായി കണ്ടാൽ മതി. തെറ്റുകൾ ചെയ്തിട്ടുണ്ട്..
അർഹതയില്ലാത്തത് ആഗ്രഹിച്ചിട്ടുണ്ട് തിരുത്താനുള്ള ഒരവസരം തരാമോ. അല്ലേൽ ഒരിക്കലും എനിക്ക് സ്വസ്ഥത ഉണ്ടാവില്ല . ”

ജിതിന്റെ കണ്ണിൽ യാജന കണ്ട് ശരത് തോളിൽ കൈ ഇട്ട് വണ്ടിയിൽ കയറാൻ പറഞ്ഞു. ശ്വാസമൊന്ന് ആഞ്ഞു വലിച്ചവൻ വണ്ടിയിൽ കയറി. മൂന്ന് പേരും കൃഷ്ണപുരം ലക്ഷ്യമാക്കി.

🌻🌻🌻🌻🌻🌻🌻

പാറു ഉറങ്ങിയെന്നു കണ്ടതും കൂട്ടി പിടിച്ച അവളുടെ ചുണ്ടുകൾ മാറിൽ നിന്ന് മാറ്റി സാരി ശേരിയാക്കി അവളെ സോഫയിൽ കിടത്തി കവിളിൽ തഴുകി ഉമ്മ വച്ചവൾ എഴുനേറ്റു.
മഴ ചെറുതായി നിന്നിട്ടുണ്ട്.
ഒച്ച ഉണ്ടാക്കാതെ ജനൽ തുറക്കാൻ അവസാന ശ്രമം നടത്തി. മറു വശത്തൊരു നിഴൽ രൂപം കണ്ടതും ഭയത്തോടെ പിറകിലേക്ക് നീങ്ങി. കത്തി വല്ലതും ഇരിപ്പിണ്ടോ എന്നവൾ അടുക്കളയിൽ പോയി നോക്കി. നിരാശയായിരുന്നു ഫലം.
തിരിച്ചു വന്ന് പാറുവിനെ എടുത്തു അകത്തുള്ള കട്ടിലിൽ കിടത്തി ശബ്ദമില്ലാതെ വാതിൽ ചാരി തിരിച്ചു വന്ന് സോഫ നീക്കി. അവളെ കൊണ്ട് സ്വന്തം അത് നീക്കാൻ കഴിഞ്ഞിരുന്നില്ല എന്നാലും അവൾക്കത് ചെയ്തേ പറ്റു.
മറ്റൊന്നും നോക്കാതെ ഉന്തി നീക്കി മുന്നിലെ ഡോറിന് മുന്നിൽ വിലങ്ങനെ ഇട്ടു. അതേ പോലെ മേശയും നീക്കി അടുക്കള വാതിലിനു മുന്നിൽ വച്ചു.
ഇനിയെന്ത് ചെയ്യുമെന്ന് ആലോജിച്ചു നിൽക്കുമ്പോളാണ് അവളുടെ കണ്ണുകൾ മുകളിൽ പതിച്ചത്.
ഇവിടെ ഭയന്നു നിന്നിട്ട് കാര്യമില്ല. രക്ഷപ്പെടാനുള്ള ചെറിയ വഴിയെങ്കിലും തുറന്നു കിട്ടിയാൽ. തന്റെ കാര്യം പോട്ടേ പാറു… അവളെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തിയെ പറ്റു.
നിലയുടെ കാലുകൾ മുകളിൽ ലക്ഷ്യമായി ചലിച്ചു.
ഓരോ സ്റ്റെപ് കയറുമ്പോളും താഴെ നിന്നുള്ള പ്രകാശം കുറഞ്ഞു വന്നിരുന്നു. ചുമരിന് മുകളിൽ വിരൽ കൊണ്ട് തൊട്ടാണ് നടക്കുന്നത്. സാരി കൂട്ടി പിടിച്ചു ഒച്ച ഉണ്ടാക്കാതെ പതിയെ കയറുമ്പോൾ അവൾ എന്തിന് മുകളിലോ തൊട്ടു.
ആദ്യം കൈ പിൻവലിച്ചെങ്കിലും പെട്ടെന്ന് തന്നെ അവൾ അതിൽ അമർത്തി. സ്റ്റൈയറിന് മുകളിൽ ലൈറ്റ് തെളിഞ്ഞപ്പോൾ സമാധാനമായി. മുകളിൽ എത്തി അവൾ ചുറ്റും വീക്ഷിച്ചു. അത്യാവശ്യം വലുപ്പമുള്ള ഹാളും നാല് റൂമും. താഴത്തേക്കാളും വലുപ്പമുണ്ട് മുകളിൽ. മുന്നിലേക്ക് നടന്നു ചാരിയിട്ട റൂം തുറക്കാൻ നോക്കി. രണ്ടെണ്ണം ലോക്ക് ആണെന്ന് കണ്ട് നിരാശയോടെ അടുത്ത റൂമിലേക്ക് പോയി. അത് തള്ളിയപ്പോൾ തന്നെ തുറന്നു. ഉള്ളിലെ ലൈറ്റ് ഇട്ട് നോക്കിയപ്പോൾ ഒരു കട്ടിൽ അല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. ചുറ്റും തിരഞ്ഞു അടുത്തുള്ള റൂമിലേക്ക് പോയി.
പ്രതീക്ഷ പാതി നഷ്ട്ടപെട്ടിരുന്നു. എന്നാൽ അത് തുറന്ന അവളുടെ കണ്ണുകൾ വിടന്നു.
ഈ വീട്ടിലെ തന്നെ ഏറ്റവും വലുപ്പമുള്ള റൂമായിരുന്നു .
കട്ടിൽ ബെഡും കാബോർഡും എല്ലാം ഉണ്ട്. ബെഡ് ഷീറ്റ് വരെ വിരിച്ചിട്ടുണ്ട്.
റൂമിന്റെ ഭംഗി കളയാൻ മാത്രമുള്ള ആഡംബര വസ്തുക്കൾ ഒന്നും തന്നെയില്ല.
ഉള്ളിലേക്ക് കയറി ബാൽക്കണിയിലേക്കുള്ള ഡോർ തുറക്കാൻ ശ്രമിച്ചു.
ഒട്ടും പ്രതീക്ഷിക്കാതെ അത് തുറന്നപ്പോൾ നില നെഞ്ചിൽ കൈ വച്ചു.
മഴ മുഴുവനും നിന്നിട്ടുണ്ട് അവൾ തല പുറത്തേക്കിട്ട് നോക്കി ഗേറ്റിന് മുമ്പിൽ കുറച്ച് പേർ നിൽക്കുന്നത് കണ്ട് തിരിച്ചു റൂമിലേക്ക് കയറി കഥകടച്ചു.

” ആരൊക്കെയാണവർ , ഞങ്ങളെ ഇവിടെ എത്തിച്ചവർ ഏൽപ്പിച്ചു പോയതാവോ. ഇവരുടെ കണ്ണ് വെട്ടിച്ചു എങ്ങനെ പുറത്തിറങ്ങും ”

നില മുഖം അമർത്തി തുടച്ചു തിരിഞ്ഞപ്പോളാണ് ബെഡിന്റെ ഹെഡ് ബോർഡിന് മുകളിൽ ഫ്രെയിം ചെയ്തു വച്ച ഫോട്ടോ ശ്രദ്ധിച്ചത്.
വിറയലോടെ അത് കൈ നീട്ടി എടുത്തു സൂക്ഷിച്ചു നോക്കി. മുഖത്ത് പറഞ്ഞരിക്കാൻ പറ്റാത്ത ഭാവങ്ങൾ മിന്നി മറഞ്ഞു. ആ ഫോട്ടോ ബെഡിൽ എറിഞ്ഞ് കബോർഡ് തുറക്കാൻ ശ്രമിച്ചു. അതിന്റെ കീ ചുറ്റും തിരഞ്ഞു. അവിടെ ഒന്നും കാണാതെ വന്നപ്പോൾ ബെഡിൽ ഇരുന്നു മുട്ടിൽ കൈ വച്ചു മുഖം മറിച്ചു. പെട്ടെന്ന് തോന്നിയ പ്രേരണയിൽ അവൾ ബെഡ് പൊക്കി നോക്കി ബെഡിന് താഴെ കീ കണ്ടതും അതെടുത്തു കാബോർഡ് തുറന്നു.
കുറച്ച് സാരിയും ജ്വല്ലറിയും അതിലുണ്ട് . അതെല്ലാം നീക്കി നോക്കിയപ്പോൾ ഒരാൽബം കണ്ണിൽ പെട്ടു.
കൈ നീട്ടി അതെടുത്തു ബെഡിൽ ഇരുന്നു.

🌻🌻🌻🌻🌻🌻🌻

ശരത്തും ജിതിനും കിച്ചുവും കൃഷ്ണപുരം ലക്ഷ്യമാക്കി. നിരഞ്ജനോടുള്ള അവന്റെ ദേഷ്യം എത്രത്തോളമാണെന്ന് വണ്ടിയുടെ സ്പീഡിൽ നിന്ന് മനസിലാക്കാമായിരുന്നു.
രണ്ട് പേരും എങ്ങനെ ഇരിക്കുന്നു എന്ന് പോലും അറിയില്ല.

ശ്രുതിയോട് എന്തേലും ആവശ്യമുണ്ടേൽ വിളിക്കണം പ്രാഭാകരനെയും ദേവൂട്ടിയെയും ശ്രദ്ധിക്കണമെന്ന് പറഞ്ഞു രാജേഷ് പോക്കറ്റിൽ നിന്ന് കീ എടുത്തു പുറത്തേക് ഓടി.

” അച്ഛ… എങ്ങോട്ടാണ് പോവുന്നത്
എന്താണ് ചെയ്യാൻ പോവുന്നത്… അവരെ എവിടെ പോയി അന്വേഷിക്കും. ”

ശ്രുതി നിരഞ്ജന്റെ കൈ പിറകിൽ നിന്ന് പിടിച്ചു അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. എന്നും ശാന്തന സ്വഭാവമായി കണ്ട രാജേഷിനെ ഈ ഒരു അവസ്ഥയിൽ അവൾ ആദ്യമായാണ് കാണുന്നത്.

” ഒന്നുമില്ല മോളെ. നിലയ്ക്കും പാറുവിനും എന്തും ചെയ്യാൻ മടിക്കാത്ത ഒരാളാണ് അതിന്റെ ഉള്ളിൽ കിടക്കുന്നത്. അവൻ കണ്ണ് തുറക്കുന്ന നിമിഷം രണ്ട് പേരും അവന്റെ മുന്നിൽ ഉണ്ടാവും.
ഇന്നത്തോടെ എല്ലാത്തിനും തീരുമാനം ഉണ്ടാവും. അവരെ ശ്രദ്ധിക്കണം ”

ശ്രുതിയുടെ കവിളിൽ പതിയെ തഴുകി രാജേഷ് തിരിഞ്ഞു നടന്നു. നടക്കുന്നതിന്റെ ഇടയിൽ ഒരുപാട് വട്ടം ശരത്തിനെ വിളിക്കുന്നുണ്ട്.
ശരത് ദേഷ്യത്തിൽ അത് കട്ട്‌ ചെയ്യുന്നുണ്ട്. രാജേഷിന്റെ ഏട്ടനാണ് നിരഞ്ജൻ എന്ന് ഓർക്കുമ്പോൾ വീണ്ടും ദേഷ്യം ഇരച്ചു കയറി.

കൃഷ്ണപുരത്ത് വണ്ടി നിർത്തി ശരത് ആരെയും ശ്രദ്ധിക്കാതെ ഉള്ളിലേക്ക് ഓടി കയറി. പിറകിൽ തന്നെ ജിതിനും കിച്ചുവും.
പുറത്താരെയും കാണാതെ വന്ന് തുറന്നിട്ട വാതിൽ കടന്ന് അവൻ ഉള്ളിലേക്ക് കയറി.
നിരഞ്ജൻ കുളിച്ചു വന്ന് ഭക്ഷണം കഴിക്കാൻ ചെയർ നീക്കി ഇരുന്നതും ശരത് സൈഡിൽ നിന്ന് ചവുട്ടി വീഴ്ത്തിയതും ഒപ്പമായിരുന്നു.

” താൻ ആരാടോ ”

അടുത്തിരുന്ന ഉണ്ണി ചാടി എഴുനേറ്റു. മാലതിയും നിരഞ്ജന്റെ ഭാര്യ ചന്ദ്രയും പിറകോട്ടു നിന്ന്. കർണിക്ക് മരുന്ന് കൊടുത്തു പുറത്തേക്ക് ഇറങ്ങിയ കൃഷ്ണ ശബ്ദം കേട്ട് അവിടേക്ക് ചെന്നു .
ഉണ്ണിക്ക് മറുപടി കൊടുക്കാതെ നിലത്ത് കിടന്ന നിരഞ്ജനെ പിടിച്ചു എഴുനേൽപ്പിച്ചു ശരത് ചുമരിനോട് ചേർത്ത് നിർത്തി.

” നിലയും , എന്റെ മോളും എവിടെടാ ”

” മാറടോ വീട്ടിൽ കയറി വന്ന് തോന്നിവാസം കാണിക്കുന്നോ ”

ഉണ്ണി ശരത്തിനെ പിടിച്ചു മാറ്റാൻ നീങ്ങിയതും ജിതിൻ അയാളുടെ ടീഷർട് പിടിച്ചു വലിച്ചു കഴുത്തിൽ കൈ മുറുക്കി.

” അത് അവർ തമ്മിലുള്ള പ്രശ്നം അല്ലേ. രണ്ട് പേരും സംസാരിക്കട്ടെ അത് കഴിഞ്ഞ് എന്തേലും പറയാൻ ഉണ്ടേൽ പറയാം ”

ഉണ്ണി ജിതിന്റെ മുഖത്തേക്ക് നോക്കി. ചന്ദ്ര ഓടി ശരത്തിന്റെ കയ്യിൽ പിടിച്ചു വിടാൻ ആവശ്യപ്പെട്ടെങ്കിലും അതൊന്നും ശരത്ത് ശ്രദ്ധിച്ചിരുന്നില്ല . അവന്റെ കണ്ണ് നിരഞ്ജന്റെ മുഖത്ത് ഓടി നടന്നു. അയാളുടെ ചുണ്ടിലെ ചിരി നില എവിടെയാണ് അറിയുമെന്ന് കാണിക്കുന്നുണ്ട്.
ദേഷ്യത്തോടെ നിരഞ്ജന്റെ കാരണം നോക്കി ഒന്ന് കൊടുത്തു.

” പറയെടോ നില എവിടെ.. തനിക്കറിയാം. ”

വീണ്ടും തല്ലാൻ ഓങ്ങിയ ശരത്തിന്റെ കൈ നിരഞ്ജൻ പിടിച്ചു.

” താൻ രണ്ട് വട്ടം എതിർത്തില്ല. ഇനിയും തല്ലിയാൽ തിരിച്ചു ഇങ്ങോട്ട് കിട്ടിയതിനേക്കാൾ സ്ട്രോങ്ങിൽ അങ്ങോട്ടും കിട്ടും.
നീ പിന്നെ എഴുനേറ്റു പോവില്ല. ”

” എന്നാൽ കാണിച്ചു താടാ നായെ ”

ശരത്തിനെ തള്ളി മാറ്റി കിച്ചു നിരഞ്ജന്റെ നാഭിക്ക് ചവുട്ടി അയാൾ താഴേക്ക് ഇരുന്നു.
ചന്ദ്ര കരഞ്ഞു ചുണ്ടുകൾ കൂട്ടി പിടിച്ചു. മുന്നോട്ട് നീങ്ങിയ ഉണ്ണിയുടെ കഴുത്തിൽ ജിതിന്റെ കൈ മുറുകി.

” ഇനിയും അവന്റെ കയ്യിൽ നിന്ന് കിട്ടിയാൽ എനിക്കല്ല തനിക്കാവും നടക്കാൻ കഴിയാതെ വരുക. ചെറിയ പിള്ളേരാണ് കിട്ടിയാൽ കിട്ടിയ പോലെ ഉണ്ടാവും ”

ശരത് മുന്നിൽ ഇരുന്നു.

” നിന്റെ ഭാര്യയെ എന്നോടാണോ ചോദിക്കുന്നത്. വല്ലവന്റെയും കൂടെ പോയിട്ടുണ്ടാവും. ”

നിരഞ്ജൻ അബദ്ധം പറ്റിയ പോലെ മുഖം വെട്ടിച്ചു.
ശരത്തിന്റെ ചുണ്ടിൽ ഒരു ചിരിയുണ്ടായിരുന്നു.

” എന്റെ ഭാര്യ…. അതേ എന്റെ ഭാര്യ.
തനിക്ക് എങ്ങനെ അറിയാം അവളെന്റെ ഭാര്യയാണെന്ന്. ഏഹ് ”

ശരത്തിന്റെ ശ്വാസം നിരഞ്ജന്റെ മുഖത്ത് തട്ടി.

” പറയെടാ തനിക്ക് എങ്ങനെയാണ് അവൾ എന്റെ ഭാര്യയാണെന്നറിയുന്നത്. ”

ശരത്തിന്റെ ശബ്ദം ഉയർന്നു ദേഷ്യത്തിൽ എഴുനേറ്റു അടുത്തുള്ള കസേര എടുത്തു അടിക്കാൻ കൈ ഉയർത്തിയതും ചന്ദ്ര കാലിൽ വീണിരുന്നു.
ഒന്നും ചെയ്യരുതെന്നവർ കെഞ്ചി ശരത്തിന്റെ കാൽ കൂട്ടി പിടിച്ചു. മുഖം തിരിച്ചു കാൽ പിൻ വലിച്ചു ശരത് നിരഞ്ജന്റെ കോളറിൽ പിടിച്ചു എഴുനേൽപ്പിച്ചു.

” ഇവനെ ഞാൻ കൊണ്ട് പോവുകയാണ്. ജീവൻ വേണേൽ നില എവിടെ ഉണ്ടെന്ന് ഇവൻ പറയും. ”

ഉണ്ണിയോടായി പറഞ്ഞു ചന്ദ്രയെ നോക്കി തിരിഞ്ഞപ്പോൾ കാണുന്നത് എല്ലാം ഒരു വശത്തു നിന്ന് നോക്കി കാണുന്ന കൃഷ്ണനെയാണ്.

” ഒരുപാട് കേട്ടിട്ടുണ്ട് കൃഷ്ണപുരത്ത് മക്കളുടെ മഹിമ. അതിനെക്കളെറേ കൃഷ്ണനെ കുറിച്ച്.
നിങ്ങളോടെനിക്ക് ബഹുമാനമുണ്ട്. പക്ഷെ മക്കൾ.. ഇതിന് പകരം രണ്ട് തെങ്ങ് വയ്ക്കുന്നതായിരുന്നു.
എനിക്ക് എന്റെ ഭാര്യയെ മകളെയും വേണം ഒരു പോറൽ പോലും ഏൽക്കാതെ. ഇവനാണ് അവരെ കൊണ്ട് പോയതെന്നും അറിയാം. അവർക്ക് എന്തേലും പറ്റിയാൽ സർ പിന്നെ ഈ മകനെ തിരക്കണ്ട. ”

കൃഷ്ണൻ മറുതൊന്നും പറയാതെ നിരഞ്ജന്റെ മുഖത്തേക്ക് നോക്കി. അവനത് അർഹിക്കുന്നുണ്ടെന്ന് അയാൾക്ക് തോന്നി. കണ്ണുകൾ കൂട്ടി ചിമ്മി പോവാൻ അയാൾ അനുവാദം കൊടുത്തു.
ആ നിമിഷം തന്നെ അവിടെ രാജേഷിന്റെ കാർ വന്ന് നിന്നിരുന്നു.
നിരഞ്ജനെ പിടിച്ചു വലിച്ചു വരുന്ന ശരത്തിനെ കണ്ട് രാജേഷ് ഓടി അവന്റെ കൈ പിടിച്ചു.

” ശരത് ഞാൻ പറയുന്നത് കേൾക്ക് ”

” എനിക്കൊന്നും കേൾക്കണ്ട. സ്വന്തം ഏട്ടനെ ന്യായികരിക്കാനാണേൽ ഞാൻ വല്ലതും ചെയ്തു പോവും. ”

ശരത് കൈ ഉയർത്തി താക്കിത് പോലെ പറഞ്ഞു.

” ഇവനേ ഞാൻ ന്യായിക്കരിക്കാനോ. എന്തിന്.
നീ ഞാൻ പറയുന്നത് ആദ്യം കേൾക്ക് ”

” എന്നൊക്കൊന്നും കേൾക്കണ്ട.. മണിക്കൂർ ആറായി എവിടെ എന്റെ നില എവിടെ എന്റെ കുട്ടി എവിടെ . ഇത് വരെയായിട്ടും പോലീസിന് പോലും വിവരം ലഭിച്ചിട്ടില്ല.
ഇനിയും നിങ്ങൾ ഓരോരുത്തരും പറയുന്നത് ഞാൻ കേട്ട് നിൽക്കണോ . ഇവനറിയാം ഇവനെ കൊണ്ട് തന്നെ ഞാൻ എല്ലാം പറയിപ്പിക്കും. ”

രാജേഷിനെ മറി കടന്ന് ശരത് മുന്നിൽ നടന്നു.

” അവൻ പറയില്ല ശരത്ത്. നീ തല്ലി കൊന്നാലും അവൻ പറയില്ല ”

രാജേഷിന്റെ കണ്ണുകൾ ഡോറിന്റെ മുന്നിൽ നിറഞ്ഞ മിഴികളാൽ നിൽക്കുന്ന കൃഷ്ണനിൽ തറഞ്ഞു നിന്നു .

” നിനക്ക് അറിയാത്ത പലതും ഉണ്ട് ശരത്. പലതും.. നില എവിടെ ഉണ്ടാവുമെന്ന് ഞാൻ പറഞ്ഞു തരാം . ”

രാജേഷ് ശരത്തിന്റെ തോളിൽ തൊട്ടു അവന്റെ കൈ അയഞ്ഞതും ഓടാൻ പോയ നിരഞ്ജന്റെ പുറത്ത് കൃഷ്ണന്റെ കാലുകൾ പതിഞ്ഞിരുന്നു. നിലത്ത് വീണ നിരഞ്ജന്റെ കാലിൽ കിച്ചു വേദനയാവും വിധം ചവുട്ടി. ഉള്ളിൽ പോയി തിരിച്ചു വന്ന കൃഷ്ണന്റെ കയ്യിലുണ്ടായിരുന്ന കയർ അയാൾ വിരലുകൾക്കിടയിലൂടെ ചുഴട്ടി കിച്ചുവിനോട് മാറി നിൽക്കാൻ പറഞ്ഞു അവന്റെ പുറത്ത് മുട്ട് കാൽ കൊണ്ട് കുത്തി കൈ രണ്ടും പിറകിലേക്ക് വച്ചു കൂട്ടി കെട്ടി.
വേദന കൊണ്ട് നിരഞ്ജൻ ഒച്ചത്തിൽ കരഞ്ഞു .

” കൊണ്ട് പോയിക്കോ ഇവനെ. ഇനി തിരികെ പറഞ്ഞയക്കണമെന്നില്ല. എന്റെ ഭാഗത്തും തെറ്റുകൾ വന്നിട്ടുണ്ട്. മക്കൾ തെറ്റുകൾ ചെയ്തപ്പോൾ തിരുത്തിയില്ല. ”

കൃഷ്ണന്റെ തല വല്ലാതെ താഴ്ന്നിരുന്നു. രാജേഷ് അത് ശ്രദ്ധിക്കാതെ നിരഞ്ജനേ പിടിച്ചു എഴുനേൽപ്പിച്ചു കാറിൽ കയറ്റി ശരത്തിനോട്‌ വണ്ടിയിൽ കയറാൻ അവശ്യപെട്ടു.
കിച്ചുവും ജിതിനും അവരുടെ പുറകെ വണ്ടിയിൽ ഫോളോ ചെയ്തു.

” എന്താണ് എനിക്കറിയാത്ത കാര്യം. നിലയോട് എന്തിനാണ് ഇവർക്ക് വൈരാഗ്യം ”

ശരത്തിന് അറിയാനുള്ള ആകാംക്ഷ മറച്ചു വയ്ക്കാൻ കഴിഞ്ഞില്ല.

” പറയാം. അതിന് മുൻപ് അവരെ കണ്ടെത്തണം”

രാജേഷ് ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു. ഇടയ്ക്ക് തീ പാറുന്ന നോട്ടം നിരഞ്ജനിലേക്ക് നീണ്ടു . അപ്പോളും അയാളിൽ തെളിഞ്ഞു നിന്നത് പുച്ഛമായിരുന്നു.

🌻🌻🌻🌻🌻🌻

നില അവസാന പേജും നോക്കി ആവശ്വസീനയതോടെ അടച്ചു വച്ചു. കണ്ണുകൾ പുകയുന്ന പോലെ. വീണ്ടും കാണാൻ കൊതിച്ചു തുറന്നപ്പോളാണ് താഴെ നിന്ന് പാറുവിന്റെ കരച്ചിൽ കേട്ടത്. ആൽബം വേഗം കാബോർഡിൽ വച്ചു പൂട്ടി കീ പഴയ പടി വച്ചു താഴേക്ക് ഓടി.
നില തനിച്ചാക്കി പോയെന്ന ഭയത്തിൽ പാറുവിന്റെ കണ്ണുകൾ ഇരുട്ടിൽ ചുറ്റും പരതി. ശബ്ദമുയർത്തി ഒച്ചത്തിൽ കരയുമ്പോളാണ് നില ഡോർ തുറന്നത് ലൈറ്റ് ഇട്ടത്. പാറു കട്ടിലിൽ നിന്ന് ചാടി ഇറങ്ങി നിലയെ കെട്ടി പിടിച്ചു. പുറത്ത് നിന്ന് കാലനക്കം കേട്ട് നില അവളുടെ വായ പൊത്തി കണ്ണ് കൊണ്ട് കരയരുതെന്ന് പറഞ്ഞു. അത് മനസിലാക്കിയ പോലെ പാറുവിന്റെ പിടിത്തം മുറുകി. അവൾ ബെഡിൽ ഇരുന്നു പാറുവിനെ മടിയിൽ ഇരുത്തി.

” പാരു പേറ്റിച്ചു പോയി. ”

നിലയുടെ കഴുത്തിൽ തല താഴ്ത്തി.

” അമ്മ ഇല്ലേ ഇവിടെ പിന്നെ എന്തിനാണ് പേടിക്കുന്നത്. നമുക്ക് ഇവിടെ നിന്ന് പോവണ്ടേ ”

മുഖത്ത് വീണ മുടി ഒതുക്കി നിർത്തി പാറുവിന്റെ കവിളിൽ ഉമ്മ വച്ചു.

” എങ്ങനെ പോവും ”

“പോണം. ”

അവൾ ആരോടെന്നില്ലാതെ പറഞ്ഞു. മുകളിൽ പോയാൽ തന്നെ എങ്ങനെ ഇറങ്ങും. താഴെ നിൽക്കുന്നവരുടെ കണ്ണ് വെട്ടിക്കാൻ പറ്റോ.
ചുറ്റും നടക്കുന്ന കാൽ പാദം ശ്രദ്ധിച്ചു ഈ ഒരു രാത്രി മോളെയും കൊണ്ട് തന്നെ കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല എന്ന് മനസിലാക്കി ലൈറ്റ് ഓഫ്‌ ചെയ്തു പാറുവിനെ ചേർത്ത് ബെഡിൽ കിടന്നു.

രാജേഷിന്റെ വണ്ടി പോകുന്നിടം കാണെ നിരഞ്ജന്റെ കണ്ണുകൾ കുറുകി നെറ്റിയിൽ ചുളിവുകൾ വന്നു. ശരത്ത് തല ചെരിച്ചു രാജേഷിനെ നോക്കി.

” നോക്കണ്ട കറക്റ്റ് സ്ഥലത്തിലൂടെ തന്നെയാണ് നമ്മൾ പോവുന്നത്. ഇവിടെ അല്ലാതെ മറ്റൊരിടത്തവർ നിലയെ കൊണ്ട് പോവില്ല. ആ ഉറപ്പ് എനിക്കുണ്ട് ”

രാജേഷ് മിററിലൂടെ നിരഞ്ജനെ നോക്കി. കഷ്ടിച്ചു കാർ പോവാൻ പാകമുള്ള വഴിയിലൂടെയാണ് അവർ സഞ്ചരിക്കുന്നത്. ഒരു സ്ട്രീറ്റ് ലൈറ്റ് പോലുമില്ല. ശരത്തിന് വല്ലത്ത പേടി തോന്നി. രണ്ട് പേരും സേഫ് ആയിട്ടാണോ ഇരിക്കുന്നത് ആണെന്നവൻ സ്വയം ആശ്വസിച്ചു.
വലിയ ഗേറ്റിന് മുമ്പിൽ കാർ നിർത്തി അവരെ ലക്ഷ്യമാക്കി അടുത്തേക്ക് വരുന്ന ആളുകളെ കണ്ട് രാജേഷ് തിരിഞ്ഞിരുന്നു.

” അവരോട് അധികം ബലം പ്രയോഗിക്കാതെ തുറക്കാൻ പറയുന്നതാവും നിനക്ക് നല്ലത്. അതിബുദ്ധി കാണിച്ചു സ്വന്തം ജീവൻ ഇല്ലാതാക്കേണ്ട. ഞാനൊരു ദാക്ഷണ്യവും കാണിക്കില്ല. ”

സ്വന്തം ഏട്ടനോടാണ് ഇയാൾ സംസാരിക്കുന്നത്. എന്തിനാണ് ഇവർ തമ്മിൽ ഇത്ര പക. ഈ ഗേറ്റിനപ്പുറം തന്റെ ജീവൻ ഉണ്ടെന്നോർത്ത് ശരത്തിന്റെ നെഞ്ച് വല്ലാതെ മിടിച്ചു. എത്രയും വേഗം ഉള്ളിൽ കടന്നാൽ മതി എന്നായിരുന്നു. രാജേഷ് വീണ്ടും നിരഞ്ജനോട്‌ സംസാരിക്കുന്നുണ്ട് അതൊന്നും ശരത്ത് കേട്ടിരുന്നില്ല.
ആറടി ഉയരമുള്ള ഒരാൾ വന്ന് ഗ്ലാസിൽ തട്ടി ഉള്ളിലേക്ക് നോക്കി ബാക്ക് സീറ്റിൽ നിരഞ്ജനെ കണ്ട് അയാൾ പിറകിലോട്ട് നിന്നു .
നിരഞ്ജൻ ആവശ്യപ്പെട്ടത് പ്രകാരം വലിയൊരു ഗേറ്റ് അവർക്ക് മുന്നിൽ തുറക്കപ്പെട്ടു.
ഇരുനില്ല വീടിന് മുൻപിൽ വണ്ടി നിർത്തി ശരത്ത് ചുറ്റും നോക്കി.
അകത്തു അവർ ഉണ്ടാകുമോ. ശബ്ദം പോലും ഇല്ല. നിരഞ്ജനെ ഉള്ളിൽ തന്നെ ഇരുത്തി കാർ ലോക്ക് ചെയ്ത് രണ്ട് പേരും ഇറങ്ങി പിറകിൽ തന്നെ കിച്ചുവും ജിതിനും.
സ്റ്റെപ്പിൽ ഇരുന്ന രണ്ട് പേരോട് രാജേഷ് പോവാൻ ആവശ്യപ്പെട്ടത് പ്രകാരം നിരഞ്ജനെ നോക്കി അവർ നടന്നു.

അതേ സമയം മുന്നിൽ കാർ വന്ന് നിന്ന ശബ്ദം കേട്ട് ഞെട്ടി എടുത്തെറ്റ നില അവരായിരിക്കുമോയെന്ന് ഭയന്നു പാറുവിനെ എടുത്തു മുകളിലേ റൂമിലേക്ക് ഓടി.

” കീ എവിടെ. ”

രാജേഷ് നിരഞ്ജന് നേരെ തിരിഞ്ഞു.

” എടുത്തിട്ടില്ല. ”

നിരഞ്ജൻ എടുത്തടിച്ച പോലെ പറഞ്ഞു.

” അത് നിന്റെ കയ്യിലുള്ളത്. ”

” ഇന്ദ്രന്റെ കയ്യിലുണ്ട്. ”

നിരഞ്ജനിൽ ഒരു പരിഹാസ ചിരി നിറഞ്ഞു നിന്ന്.

” കിച്ചു പോക്കെടാ അവന്മാരെ ”

ഗേറ്റ് കടന്ന് പോവാൻ നിന്നവരെ കണ്ട് രാജേഷിന്റെ ശബ്ദം ഉയർന്നു. കിച്ചുവും ജിതിനും അവരുടെ പിറകെ ഓടിയത് നോക്കി ശരത് വീടിന് ചുറ്റും നോക്കി സൈഡിലേക്ക് നടന്നു എല്ലാ ജനലിനും കൊട്ടി നോക്കി തിരിച്ചു മറുപടി ഇല്ലെന്ന് കണ്ടപ്പോൾ അവൻ മുകളിലേക്ക് നോക്കി ബാൽക്കണി കണ്ടപ്പോൾ എങ്ങനെ മുകളിൽ കയറാം എന്നാലോജിച്.
ഫോണിന്റെ ഫ്ലാഷ് ഓൺ ചെയ്തു മുകളിലേക്കടിച്ചു.
പിറക് വശത്തേക്ക് പോയി അവിടെ ചാരി വച്ച ഏണി എടുത്തു വന്ന് മുകളിൽ കയറി. പെട്ടെന്ന് തന്നെ ആരോ ഏണി മറിച്ചിട്ടത്തും ശരത്തിന്റെ നെറ്റി കല്ലിൽ തട്ടി. വേദനയോടെ മുഖം ചുളിച്ചു നെറ്റിയിൽ പൊടിഞ്ഞ രക്തം ഇടത്തെ കൈ കൊണ്ട് തുടച്ചു വലത്തെ കയ്യിൽ തടഞ്ഞ കല്ലെടുത്തു അയാൾക്ക് നേരെ എറിഞ്ഞു ചാടി എഴുനേറ്റു കയ്യിലെ കരിങ്കല്ല് കൊണ്ട് വീശി അയാളുടെ മുഖത്തടിച്ചു. ദേഷ്യം തീരുന്നത് വരെ നിലത്തിട്ട് അടിച്ചു . തിരിച്ചു കിട്ടുന്നതൊന്നും ആ നിമിഷം അവനെ ബാധിച്ചിരുന്നില്ല. എഴുനേറ്റു നിന്ന് അയാളുടെ കാൽ പിടിച്ചു തിരിച്ചു പിറകിൽ കൊണ്ട് കിടത്തി.
തിരിച്ചു വന്ന് ഏണി ശേരിയാക്കി വീണ്ടും കയറി കണ്ണിൽ ഒലിച്ചിറങ്ങിയ ചോര വിരൽ കൊണ്ട് വടിച്ചു കളഞ്ഞു.
നിലയും പാറുവും ശബ്ദമുണ്ടാക്കാതെ കട്ടിലിന് താഴെ ചുരുണ്ടു കൂടി കിടന്നു. താഴെ നിന്നുള്ള ശബ്ദം അവ്യക്തമായി കേൾക്കുന്നുണ്ട്.
ബാൽക്കണിയിലേക്ക് എടുത്തു ചാടിയ ആരുടെയോ കാലൊച്ച കേട്ട് അവൾക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു.
ഫ്രെയിം ചെയ്തു വച്ച ഫോട്ടോ നിലത്തെറിഞ്ഞു പൊട്ടിച്ച ഗ്ലാസ്‌ അവൾ കയ്യിൽ മുറുക്കി വച്ചിരുന്നു. താൻ ബാൽക്കണിയുടെ ഡോർ ലോക്ക് ചെയ്തിട്ടില്ല എന്നവൾ ആ നിമിഷമാണ് ഓർത്തത്. നിറഞ്ഞൊഴുകിയ കണ്ണുകൾ കൂട്ടിയടച്ചു പാറുവിലുള്ള പിടിത്തം മുറുകി.
മുകളിൽ നിന്ന് ശരത്ത് താഴേക്ക് നോക്കി ജിതിനും കിച്ചുവും രാജേഷും കീ കിട്ടാനുള്ള മല്പിടിത്തത്തിലാണ് ഒരു കാഴ്ചക്കാരാണെന്ന പോലെ നിരഞ്ജൻ എല്ലാം കണ്ട് നിർവൃതി കൊള്ളുന്നു. ശരത്ത് മുഷ്ടി ചുരുട്ടി ഡോറിന് വീശി അടിച്ചതും അത് തള്ളി തുറന്നിരുന്നു.
നെഞ്ചിൽ കൈ വച്ചവൻ ഉള്ളിലേക്ക് കടന്ന് ചുറ്റും നോക്കി എല്ലായിടത്തും ഇരുട്ടാണ് ഫോൺ കയ്യിലെടുത്തു ഫ്ലാഷ് ഓൺ ചെയ്തു ചുറ്റും കണ്ണുകൾ പരതി.
സൂചി വീണാൽ കേൾക്കാവുന്നത്ര നിശബ്ദത ആ റൂമിലുണ്ടായിരുന്നു. നിലയ്ക്ക് ശ്വാസം പോലും വിടാൻ ഭയം തോന്നി. റൂമിൽ നിന്നും പുറത്തേക്ക് കടക്കാൻ നിന്ന ശരത് തിരിച്ചു വന്ന് വീണ്ടും നോക്കി മടങ്ങി. അവൻ താഴേക്ക് പോയെന്ന് ഉറപ്പ് വരുത്തി നില എഴുനേറ്റു പതുക്കെ ഡോർ ലോക്ക് ചെയ്തു പാറുവിനെ എടുത്തു.

പുറത്ത് കടക്കാൻ എന്താണ് വഴി. ഒന്നും ചെയ്യാൻ മടിക്കാത്തവരാണ്. എന്റെ മുന്നിൽ നിന്ന് പാറുവിനെ വല്ലതും ചെയ്താൽ അത് ഓർക്കാൻ കൂടി അവൾക്ക് കഴിഞ്ഞില്ല. അവളുടെ മുഖമാകെ ഉമ്മ കൊണ്ട് മൂടി എന്തോ തീരുമാനിച്ച പോലെ നില ബാൽക്കണിയിലേക്ക് നടന്നു. താഴെക്കവൾ നോക്കിയില്ല.

തുടരും