06/05/2026

നില : ഭാഗം 52

രചന – അഹാനിക അനു

നിലയ്ക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. പാറു പോലും ശബ്ദമില്ലാതെ അവളുടെ മാറിൽ ചുരുണ്ടു.
കുറച്ച് നേരം വേണ്ടി വന്നു അവൾക്ക് സ്വബോധത്തിലേക്ക് തിരിച്ചു വരാൻ. ഇറുകിയടച്ച കണ്ണുകൾ ശക്തിയിൽ തുറന്നു വണ്ടിയിൽ ഇരിക്കുന്ന ആളുകളെ നോക്കി. എവിടെയോ കണ്ട് മറന്ന മുഖങ്ങൾ

” നിങ്ങളൊക്കെ ആരാ. എന്തിന് ഞങ്ങളെ ഇതിൽ പിടിച്ചു കയറ്റി. വണ്ടി നിർത്തു.

അടുത്തിരിക്കുന്ന ആളെ നോക്കി ഡോർ തുറക്കാനായി കൈ ഉയർത്തിയതും ആ കരുത്തുറ്റ കൈകൾ അവളിൽ പിടി വീണിരുന്നു വേദന കൊണ്ട് പിടഞ്ഞവൾ പാറുവിനെ ചേർത്ത് പിടിച്ചു. നിലയുടെ കണ്ണുകൾ തുളുമ്പിയത് കണ്ട് പാറു തല ഉയർത്തി അയാളുടെ കയ്യിൽ പല്ലുകളാഴ്ത്തി.

” ഏട്ടാ നമുക്കിത് വേണോ. ഇവളെ ഇവിടെ ഇറക്കി വിടാം ”

ഡ്രൈവിൽ ശ്രദ്ധിച്ച ഇന്ദ്രൻ നിരഞ്ജന്റെ ഉയർന്ന ശബ്ദം കേട്ട് തല ചെരിച്ചു. നിരഞ്ജന്റെ കത്തുന്ന കണ്ണുകളായിരുന്നു അതിനുള്ള മറുപടി.

” നിനക്ക് ജീവിക്കണോ… സ്വസ്ഥമായി.. ആരെയും ഭയക്കാതെ കുടുംബമായി.. അതിന് ഇവളാണ് തടസമെങ്കിൽ ഇല്ലാതാക്കിയാൽ പോരേ. എത്ര കാലം വീണ്ടും ഭയന്നു ജീവിക്കും. എല്ലാം അവസാനിപ്പിക്കണം ഇന്ന് തന്നെ ”

നിരഞ്ജന്റെ കണ്ണിൽ ക്രൂരത നിറഞ്ഞു. നിലയുടെ കണ്ണുകൾ അയാളോട് കെഞ്ചി. സഹതാപം നീ എന്നിൽ നിന്ന് പ്രതീക്ഷിക്കരുതെന്ന് അയാളുടെ ചുണ്ടിലെ ചിരി പറയാതെ പറഞ്ഞു. പക്ഷെ ഇന്ദ്രന്റെ കണ്ണിൽ ദയനീയ നിറഞ്ഞു .
ടൗണിൽ പോയി വരുന്ന വഴിയാണ് ഇന്ദ്രനും നിരഞ്ജനും ഒട്ടും പ്രതീക്ഷിക്കാതെ നിലയെ കണ്ടത് നിരഞ്ജൻ അവളുടെ അടുത്തേക്ക് വണ്ടി തിരിക്കെന്ന് പറഞ്ഞപ്പോൾ എന്തിനാണെന്ന് പോലും ചോദിച്ചില്ല. തന്നെ പോലും ഞെട്ടിച്ചു കൊണ്ടാണ് ഞൊടി നേരം കൊണ്ട് ഏട്ടൻ അവളെ കാറിലേക്ക് വലിച്ചു കയറ്റിയത്. വണ്ടിയെടുക്കാൻ അജ്ഞാപിച്ചപ്പോൾ മറ്റൊന്നും ചെയ്യാൻ കഴിഞ്ഞില്ല.

നിലയ്ക്ക് ശബ്ദം പോലും ഇല്ലാതായി. ഇവരുടെ കരുത്തിന് മുമ്പിൽ അവൾ തോറ്റു പോവുമെന്ന് അറിയാം. ജയിക്കാൻ കഴിയില്ല. ഇനി മറ്റെന്തെങ്കിലും ചെയ്താൽ തന്നെ പാറു കൂടെ ഉണ്ട്. അവൾക്കെന്തെങ്കിലും സംഭവിച്ചാൽ താൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല.
എന്നിട്ടും അവൾക്ക് മനസിലാവാത്ത കാര്യം ഇവർ എന്തിന് തന്നെ കൊണ്ട് വന്നു. ഒട്ടും പരിജയം ഇല്ലാത്ത എന്നോട് എന്തിന് ഇങ്ങനെ ചെയ്യുന്നു.
ഒന്നും എടുത്തു ചാടി ചെയ്യാതെ അവൾ പാറുവിനെ ഇറുക്കെ പിടിച്ചു.

🌻🌻🌻🌻🌻🌻🌻🌻

സ്റ്റേഷനിൽ നിന്ന് പുറത്തേക്കിറങ്ങിയ കിച്ചുവിന്റെ ഫോണിൽ ശ്രുതിയുടെ നിർത്താതേയുള്ളു കാളും മെസ്സേജും നിറഞ്ഞു. ആ ഒരു മാനസികാവസ്ഥയിൽ ഫോൺ എടുക്കാൻ തോന്നിയില്ല . നേരം വൈകുന്നേരം തോറും ടെൻഷൻ കൂടി. പോലീസ് അന്വേഷിക്കാൻ തുടങ്ങിയിട്ടുണ്ട്. ദേവൂട്ടിയെ അച്ഛനിൽ ഏൽപ്പിച്ചു ശരത്ത് ജിതിനെ തിരിഞ്ഞിറങ്ങി. ഞാൻ കൂടെ വരാം എന്ന് പറഞ്ഞപ്പോൾ വേണ്ടെന്ന് പറഞ്ഞു സ്റ്റേഷനിലേക്ക് പറഞ്ഞയച്ചു.
ശരത്തിനെ വിളിക്കാൻ ഫോൺ എടുത്തു ഓടി വണ്ടിയിൽ കയറാൻ നിൽക്കുമ്പോളാണ് ശ്രുതിയുടെ കാൾ വീണ്ടും വരുന്നത്.
ദേഷ്യത്തിൽ തന്നെ കാൾ എടുത്തു തിരിച്ചൊന്നും പറയാൻ അനുവദികാതെ ഇനി എന്നേ വിളിക്കരുതെന്ന് പറഞ്ഞു കാൾ കട്ട്‌ ചെയ്തു.

🌻🌻🌻🌻🌻

ദേവൂട്ടിയുടെ കരച്ചിലിന്റെ ആഴം കൂടി . അമ്മയെ കാണാനുള്ള ത്വര ആ കുഞ്ഞിൽ ഉടലെടുത്തു.
അച്ഛന്റെ കഴുത്തിൽ അവൾ മുഖമുരസി താഴേക്ക് ഇറങ്ങാൻ പിടഞ്ഞു. എത്രയൊക്കെ പിടിച്ചു വച്ചിട്ടും ശരത്തിന്റെ അച്ഛന് മോളെ സമാധാനിപ്പിക്കാൻ കഴിഞ്ഞില്ല. ശരത്തും കിച്ചുവും പോയിട്ട് മണിക്കൂർ രണ്ടായി അയാളുടെ കണ്ണുകൾ ക്ലോക്കിലേക്ക് നീണ്ടു. സമയം 7.30 ഇത് വരെ ആരും വിളിച്ചില്ല എന്നോർത്തപ്പോൾ ടെൻഷൻ വീണ്ടും കൂടി. എത്ര നേരം മോളെ കൊണ്ട് നടക്കും. ഒന്ന് പോയി അന്വേഷിക്കാമായിരുന്നു പക്ഷെ മോളെ ആരെയും ഏൽപ്പിക്കാനും കഴിയില്ല. അവളെ ഉറക്കാനായി നോക്കിയെങ്കിലും അതിന് കൂട്ടാക്കിയില്ല. നന്ദു പോലും വിളിക്കുന്നില്ല. അർത്തു കരയുന്ന മോളെ തോളിലിട്ട് ഉമ്മറത്തൂടെ നടക്കുമ്പോളാണ് ഫോൺ ബെല്ലടിച്ചത്..
എന്തേലും വിവരം കിട്ടിയിട്ടുണ്ടാവും എന്ന് കരുതി മോളെ എടുത്തു ഉള്ളിലേക്ക് ഓടി.
ശ്രുതിയുടെ പേര് കണ്ടതും മുഖത്ത് വീണ്ടും സങ്കടം നിറഞ്ഞു.

” മോളെ കിച്ചു ഇവിടെ………. ”

പറഞ്ഞവസാനിപ്പിക്കുന്നതിന് മുന്നേ മറുവശത്തു നിന്ന് ശ്രുതി പറയുന്നത് കേട്ട് ശ്വാസം പോലും വിടാൻ മറന്നു. കാൽ കുഴഞ്ഞു വീഴാനായി പോയതും കൈ ചെയറിൽ മുറുക്കി പിടിച്ചു . കണ്ണുകൾ നിറഞ്ഞു തൂവി മോളുടെ മുടിയിഴകൾ നനച്ചു.
ഫോൺ കട്ട്‌ ചെയ്തു വാതിൽ ലോക്ക് ചെയ്തു കുട നിവർത്തി മറ്റൊന്നും നോക്കാതെ പുറത്തേക്ക് ഓടി മഴ വീണ്ടും ശക്തി പ്രാപിച്ചു. ഓട്ടോ ഒന്നും തന്നെ നിർത്തുന്നില്ല .
താൻ തളർന്നു പോവുന്നു. പ്രതീക്ഷ നഷ്ട്ടപെട്ടത് കൊണ്ടോ ദേവൂട്ടി കരഞ്ഞു കരഞ്ഞു കണ്ണുകൾ അടച്ചു ഉറങ്ങി. കാണുന്ന വണ്ടിയ്ക്ക് മുൻപിലെല്ലാം കൈ കാണിച്ചു. ആരെങ്കിലും ഒരിറ്റ് ദയ കാണിച്ചിരുന്നുവെങ്കിൽ. ഒന്ന് ഇറക്കി തന്നിരുന്നുവെങ്കിൽ. അയാൾക്ക് ആരോടില്ലാതെ ദേഷ്യം തോന്നി. കാറ്റിന്റെ ശക്തിയിൽ കുട മറിഞ്ഞു റോഡിലേക്ക് തെറിച്ചു. മോള് നനഞ്ഞതും ഓടി പോയി എടുക്കാൻ താഴ്ന്നപ്പോൾ മുന്നിൽ കാർ വന്ന് നിന്ന് ഫ്രണ്ടിലേ ഡോർ തുറന്നു തന്നു . അരാവുമെന്ന് അകാംഷയോടെ ഉള്ളിലേക്ക് നോക്കി.

” കയറ്. എന്റെ മകനാണ് അവളെ കൊണ്ട് പോയതെങ്കിൽ പിന്നെ അവനെ ഈ ലോകത്ത് കാണില്ല. ”

ജിതിന്റെ അച്ഛന്റെ വാക്കുകളിൽ വല്ലത്ത മൂർച്ചയുണ്ടായിരുന്നു. പ്രഭാകരൻ പറഞ്ഞ സ്ഥലത്തെക്ക് പോവുമ്പോൾ നിവിന്റെ അച്ഛന്റെ കണ്ണുകളിൽ വിശ്വസനീയത തെളിഞ്ഞു. കണ്ണുകൾ കലങ്ങി മോളുടെ തലയിൽ ചുണ്ടുകൾ ചേർക്കുന്ന അയാളുടെ മുഖം കണ്ട് തിരിച്ചൊന്നും ചോദിക്കാൻ തോന്നിയില്ല.
ഹോസ്പിറ്റലിലെത്തി റിസപ്ഷനിലേക്ക് ഓടുമ്പോൾ അയാൾ തന്റെ വാർദ്ധക്യം കണക്കിലെടുത്തിരുന്നില്ല.

” ഇപ്പോൾ കൊണ്ട് വന്ന ആക്‌സിഡന്റ് കേസ്. ”

ചുണ്ടുകൾ വിറച്ചിരുന്നു. ഭയത്തോടെയാണ് ചോദിച്ചത്. തന്റെ മുന്നിൽ പാതി തളർന്നിരിക്കുന്ന വ്യക്തിയെ കണ്ട് നഴ്സിന്റെ കണ്ണിൽ കരുണ നിറഞ്ഞു.

” icu ആണ് സർ… ”

നഴ്സ് പറഞ്ഞത് ബാക്കി കേൾക്കാൻ നിൽക്കാതെ അയാൾ ഉള്ളിലേക്ക് ഓടി. ഓരോ കോണിലും അയാളുടെ കണ്ണുകൾ ചലിച്ചു. ഭ്രാന്ത് പിടിക്കുന്ന പോലെ. എവിടേക്കാണ് തന്റെ ഓട്ടമെന്ന് വ്യക്തമില്ല.

” സിസ്റ്റർ icu എവിടെയാ. ഒരു ആക്‌സിഡന്റ് കേസ്”

മുന്നിലെ നടന്നു പോവുന്ന നഴ്സിന്റെ അടുത്തേക്ക് പ്രഭാകരൻ നിന്ന്.

” ഓ അതാണോ. പോയിട്ട് കാര്യം ഉണ്ടെന്ന് തോന്നുന്നില്ല. ഇങ്ങോട്ട് കൊണ്ട് വരുമ്പോൾ തന്നെ blood ഒരുപാട് പോയിരുന്നു.. തലയ്ക്കായിരുന്നു പറ്റിയത്. ചെറിയ പ്രതീക്ഷ മാത്രമേ ഉണ്ടായിരുന്നുള്ളു. പക്ഷെ കുറച്ചു നേരം മുന്നേ മരിച്ചു. ”

ചെവി കൊട്ടിയടഞ്ഞ പോലെ തോന്നി അയാൾക്ക്. ഒരു ദക്ഷണ്യവുമില്ലാതെ മനുഷ്യന്റെ അവസ്ഥ മനസിലാക്കാതെ സിസ്റ്റർ പറഞ്ഞത് അയാൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. തളർന്നു കൊണ്ട് അടുത്തുള്ള ചെയറിലേക്ക് ഇരുന്നു മോളെ കെട്ടി പിടിച്ചു ഒച്ചത്തിൽ കരഞ്ഞു. നഴ്സ് പേടിച്ചു പോയിരുന്നു. സ്ഥലകാല ബോധമില്ലാതെ അർത്തു കരയുന്ന പ്രഭാകരനേ അവർ നോക്കി നിന്ന്. ജിതിന്റെ അച്ഛൻ നിശ്ചലമായി. ഒന്ന് സമാധാനിപ്പിക്കാൻ പോലും കഴിയാതെ

” എന്താ ഇവിടെ ”

റൂമിലേക്ക് കയറാനായി വന്ന ഡോക്ടർ നഴ്സിനോടായി ചോദിച്ചു.

” അത് സർ ആ ആക്‌സിഡന്റ് ആയി മരിച്ച കുട്ടിയുടെ ആരോ ആണെന്ന് തോന്നുന്നു”

അവർ വിക്കി വിക്കി പറഞ്ഞു.

” അതിന് ഇന്ന് 3 ആക്‌സിഡന്റ് കേസ് വന്നിട്ടുണ്ടല്ലോ അതിലെതാണ്. ”

ഡോക്ടറുടെ ചോദ്യം കേട്ട് നഴ്സ് പ്രഭാകരനെ നോക്കി. അയാൾ ഇതൊന്നും കേൾക്കുന്നില്ല. മറ്റൊരു ലോകത്തെന്ന പോലെയാണ് ഇരിക്ക്.

” ഡോക്ടർ നന്ദു. റിസെപ്ഷനിൽ ചോദിച്ചപ്പോൾ icu ആണെന്ന് പറഞ്ഞു. ”

” അതേ നന്ദു icu ആണ്. തലയ്ക്കാണ് പറ്റിയത്. പിൻ ഭാഗം അടിച്ചാണ് വീണത്. കൊണ്ട് വരുമ്പോൾ തന്നെ ബ്ലഡ്‌ ഒരുപാട് പോയിരുന്നു. പക്ഷെ കറക്റ്റ് ടൈം ഇവിടെ എത്തിച്ചത് കൊണ്ട് രക്ഷപെട്ടു. ”

ഡോക്ടർ പ്രഭാകരന്റെ പുറത്ത് തട്ടി. മനസിൽ എരിഞ്ഞു കൊണ്ടിരുന്ന കനലിലേക്ക് മഞ്ഞു വീണ സുഖമായിരുന്നു ഡോക്ടറുടെ വാക്കുകൾക്ക്.

” നിക്ക്… നിക്ക്… ന്റെ കുട്ടിയെ ഒന്ന് കാണണം ”

ചുണ്ടുകൾ വിറ കൊണ്ട് ശബ്ദം വല്ലാതെ പതിഞ്ഞിരുന്നു
ഡോക്ടർ പറഞ്ഞു കൊടുത്ത വഴിയിലൂടെ നിവിന്റെ അച്ഛൻ അയാളെയും കൊണ്ട് നടന്നു.
Icu മുമ്പിൽ തലയ്ക്ക് കൈ കൊണ്ടുത്തിരിക്കുന്ന രാജേഷിനെ കണ്ടപ്പോൾ കാലിനു വേഗത കൂടി.

” എങ്ങനെ നന്ദി പറയണമെടോ ഞാൻ. ”

കാൽ പിടിക്കാനായി താഴ്ന്ന പ്രഭാകരനെ കണ്ട് രാജേഷ് ചാടി എഴുനേറ്റു.

” എന്താ ഈ ചെയ്യുന്നത് ഇവിടെ ഇരിക്കൂ. ”

രാജേഷ് ചെയറിൽ ഇരുത്തി. മരുന്ന് വാങ്ങി നടന്നു വന്ന ശ്രുതി അത് ഉള്ളിലെ നഴ്സിന് ഏൽപ്പിച്ചു അച്ഛന്റെ കയ്യിൽ നിന്ന് ദേവൂട്ടിയെ എടുത്തു. പെട്ടെന്ന് ഞെട്ടി എഴുന്നേറ്റ മോള് ശ്രുതിയെ നോക്കി അവളുടെ മാറിലേക്ക് മുഖം താഴ്ത്തി.ശ്രുതി അവിടെ നിന്ന് മാറി നിന്നു.

” ഇപ്പോൾ എന്തിനാണ് കരയുന്നത്. നന്ദുവിന് ഒന്നുമില്ല. കുറച്ച് ദിവസം കഴിഞ്ഞാൽ അവൻ പണ്ടത്തെ പോലെ ഓടി നടക്കും ”

രാജേഷ് അയാളെ ആശ്വസിപ്പിച്ചു.

” എന്താ പറ്റിയത്. ”

ജിതിന്റെ അച്ഛനാണ്.

” ഞാൻ വീട്ടിലേക്ക് വരുന്ന വഴിയാണ് കണ്ടത്. ആദ്യം ശ്രദ്ധിക്കാതെ പോവാൻ നിന്നതായിരുന്നു. പിന്നെ എന്തോ വന്ന് നോക്കാൻ തോന്നി. ആ പരിസരത്തൊന്നും ആരുമില്ലായിരുന്നു . ആദ്യം മുഖം വ്യക്തമായില്ല. സൂക്ഷിച്ചു നോക്കിയപ്പോളാണ്..
പക്ഷെ നന്ദു അണോ കിച്ചു അണോ എന്ന സംശയം ഉണ്ടായിരുന്നു. വണ്ടിയിൽ ഇവനെ കയറ്റി വരുമ്പോൾ ശ്രുതിയോട് വിളിച്ചു കൺഫോം ചെയ്യാൻ പറഞ്ഞു. കിച്ചു ഫോൺ എടുത്തപ്പോൾ നന്ദു ആണെന്ന് മനസിലായി. മോള് പറഞ്ഞു കിച്ചു നല്ല ദേഷ്യത്തിൽ ആയിരുനെന്ന്. ശരത്തിനെ വിവരമറിയിച്ചോ ”

പ്രഭാകരൻ ഒന്ന് തേങ്ങി. ജിതിന്റെ അച്ഛന്റെ തല താഴ്ന്നത് കണ്ട് രാജേഷ് രണ്ട് പേരെയും സൂക്ഷിച്ചു നോക്കി.

” കഷ്ട്ടകാലം എല്ലാം ഒന്നിച്ചു വന്നതാണ് മോനേ. നിലയെയും പാറുവിനെയും കാണുന്നില്ല. രണ്ട് പേരെയും അന്വേഷിക്കാൻ പോയതാണ്. എവിടെ പോയി ആര് കൊണ്ട് പോയി എന്നൊന്നും അറിയില്ല. എന്റെ കുട്ടികൾക്ക് ഒന്നും സംഭവിക്കാതെ തിരിച്ചു കിട്ടിയാൽ മതിയായിരുന്നു. ”

രാജേഷിന്റെ മനസ്സിൽ ഒരു മിന്നൽ പിള കടന്നു പോയി. മനസിൽ പല ചിന്തകളും കടന്ന് കൂടി . ദേവൂട്ടിയെയും കൊണ്ട് അങ്ങോട്ട് വന്ന ശ്രുതി ഒരു നിമിഷം നശ്ചലമായി.

“പോലീസിൽ അറിയിച്ചോ ”

രാജേഷ് പ്രഭാകരന് നേരെ തിരിഞ്ഞു.

” കിച്ചു പോയിട്ടുണ്ട്. എനിക്ക് അറിയില്ല എന്താണ് നടക്കുന്നതെന്ന്. ആരെയും ഇത് വരെ വേദനിപ്പിക്കാത്ത എന്റെ കുട്ടിക്ക്… ”

വാക്കുകൾ മുറിഞ്ഞു അയാൾ രാജേഷിന്റെ ഷോൾഡറിൽ തല വച്ചു

🌻🌻🌻🌻🌻🌻🌻

ഓടിട്ട പഴയ ഇരുനില്ല വീടിന് മുൻപിലാണ് വണ്ടി ചെന്ന് നിന്നത്. ഭയം അവളെ വന്ന് പൊതിഞ്ഞു. സമയം ഒരുപാട് വൈകി. തന്നെ എല്ലാവരും തിരക്കുന്നുണ്ടാവില്ലേ. സമയം ഇത്രയായിട്ടും കാണാത്തത്തിൽ ഭയക്കുന്നുണ്ടാവില്ലേ. എന്റെ ദേവൂട്ടി എഴുന്നേറ്റിട്ടുണ്ടാവും. വിശന്നു കരയുന്നുണ്ടാവില്ലേ നിലയ്ക്ക് മാറിൽ വേദന അനുഭവപെട്ടു. അവളിലെ പെണ്ണ് നിലവിളിച്ചു കരഞ്ഞു. എന്നിരുന്നാലും ദേവൂ സുരക്ഷിതമായ കൈക്കുള്ളിലാണ്. അവൾക്ക് ചുറ്റും അതിർവരമ്പുകൾ ഉണ്ട്. സ്‌നേഹിക്കാൻ ഒരുപാട് പേരുണ്ട്. പക്ഷെ തന്റെ കൈക്കുള്ളിലെ കുഞ്ഞിന് ഇന്ന് താൻ മാത്രമേ ഉള്ളു.
എന്തിനാണ് ഇവർ കൊണ്ട് വന്നത് എന്ന് പോലും അറിയില്ല. എന്റെ പ്രതീക്ഷയിൽ മാത്രമാണ് ഒന്ന് ഒച്ച വയ്ക്കാതെ പാറു നിൽക്കുന്നത്. എന്നിൽ മറ്റാരേക്കാളും വിശ്വാസം ഉള്ളത് കൊണ്ട്. ഇനി ഇവിടെ കിടന്നു മരിക്കേണ്ടി വന്നാലും എന്റെ കുട്ടിക്ക് ഒന്നും സംഭവിക്കരുത് .
നില പാറുവിനെ ചേർത്ത് പിടിച്ചു. തുളുമ്പിയ കണ്ണുകൾ വാശിയിൽ തുടച്ചു.
അവളിലെ അമ്മ മനസ് ഉണരുകയായിരുന്നു. തന്റെ ജീവനെക്കാളെറേ ഏതൊരു സ്ത്രീയും തന്റെ കുഞ്ഞിനാണ് മുൻ‌തൂക്കം നൽകും .
ഡോർ തുറന്നു ഇറങ്ങാൻ അവശ്യപെട്ട നിരഞ്ജനേ തീപാറുന്ന കണ്ണുകളാൽ നോക്കി പാറുവിനെ വിളിച്ചു പുറത്തേക്ക് ഇറങ്ങി.
അവളിലെ അഗ്നിയിൽ ഒരു നിമിഷം നിരഞ്ജൻ പതറി. ബലം പിടിത്തം നടത്താതെ ഒച്ചത്തിൽ ആർക്കുക കൂടി ചെയ്യാതെ നിശബ്ദമായി എല്ലാം നോക്കി കാണുന്ന നില അയാൾക്ക് അത്ഭുതമായിരുന്നു. ഇന്ദ്രന്റെ തല താഴ്ന്നു തന്നെ നിന്നു.

” ഇറ്റ് എവിറ്റ അമ്മേ സ്ഥലം ”

പാറുവിന്റെ കണ്ണുകൾ ആ ഇരുട്ടിൽ ചുറ്റും വീക്ഷിച്ചു.

” ഇത് ഈ മാമ്മന്മാരുടെ വീടാണ്. ഇന്ന് നമ്മൾ ഇവിടെയാണ്‌ നിൽക്കുന്നത്. ”

” അയ്യോ. അപ്പോൾ ദേവൂട്ടിയും പപ്പയും കാർണോരും വിക്രമനും കിച്ചു സേട്ടനും ശോന്തമാവില്ലേ. ”

പാറു സങ്കടത്തോടെ നിലയെ നോക്കി.

” അവരെങ്ങനെ തനിച്ചാവും. കുറെ പേരില്ലേ. നമ്മളല്ലേ തനിച്ചായത്.”

നില പാറുവിന്റെ കവിളിൽ തഴുകി.

” വെൻറ്റ അമ്മേ നമുക്ക് പോവാ. ഇവിറ്റേ പാരുവിന് ഈസ്‌ട്ടമായില്ല ”

” നമ്മൾ പോവും പാറു. ഇപ്പോളല്ല കുറച്ച് കഴിഞ്ഞു. ഇവർക്ക് അമ്മയോട് എന്തോ സംസാരിക്കാൻ ഉണ്ട് അതെല്ലാം കേട്ട് കഴിഞ്ഞ് നമ്മൾ ഇവിടെ നിന്ന് പോവും അല്ലേൽ കൊണ്ട് പോവും ”

നിലയുടെ കണ്ണുകൾ നിരഞ്ജനിൽ തറഞ്ഞു നിന്ന്.
നിഷ്കളങ്കതയിൽ നിന്നും കരുത്തുറ്റ സ്ത്രീയിലേക്കുള്ള മാറ്റമായിരുന്നു അത്. തനിച്ചായി… ആരും കൂട്ടിനില്ല… പോരാടി ജയിക്കാൻ താൻ മാത്രമേ ഉള്ളു എന്ന തോന്നൽ വരുമ്പോൾ ജീവിക്കാൻ വല്ലാത്തൊരു കൊതിയാണ് അവിടെ മരണം പോലും തല താഴ്ത്തും. തന്റെ മകൾക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറായ ഒരമ്മയാണെങ്കിലോ പോരാടാനുള്ള ധൈര്യം കൂടും.
എന്നാൽ നിരഞ്ജനിൽ തെളിഞ്ഞു നിന്നത് പുച്ഛമായിരുന്നു.
അത് മനസിലാക്കിയ പോലെ രണ്ട് പേരെയും നോക്കി നില പറയാതെ തന്നെ തുറന്നിട്ട വാതിലിലൂടെ ഉള്ളിലേക്ക് കയറി. നിമിഷ നേരം കൊണ്ട് അത് അടഞ്ഞു . എന്നാലവൾ തിരിഞ്ഞു നോക്കിയില്ല…. കരഞ്ഞില്ല…. ഡോർ അടഞ്ഞ ശബ്ദത്തിൽ ഇറുക്കെ അടച്ച കണ്ണുകൾ തുറന്നു ഭയന്നു കാലിൽ പിടിച്ച പാറുവിന്റെ കൈ കൂട്ടി പിടിച്ചു.

” ഏട്ടാ എന്ത് തോന്നിവാസമാണ് കാണിക്കുന്നത്. അത് തുറക്ക് ”

ഇന്ദ്രൻ ഡോറിന്റെ എടുത്തേക്ക് ഓടിയത് നിരഞ്ജൻ തടഞ്ഞു.

” അവൾ രണ്ട് ദിവസം അതിന്റെ ഉള്ളിൽ കിടക്കട്ടെടാ. വല്ലാത്ത കരുത്താണ് പെണ്ണിന്. രണ്ട് ദിവസം ഭക്ഷണവും വെള്ളവും ഇല്ലാതാവുമ്പോ താനേ അത് കേട്ടടങ്ങും. ”

ഒരു ദയയും ഇല്ലാതെ നിരഞ്ജൻ കീ കറക്കി കാറിന്റെ എടുത്തേക്ക് നടന്നു.

” ഏട്ടാ ഇങ്ങനെയൊന്നും ചെയ്യരുത്. ഒരു ചെറിയ കുട്ടി ഉള്ളതാണ് ”

” അതിന് നിനക്കെന്താ ”

നിരഞ്ജൻ തിരിഞ്ഞു.

” അവളെ നമുക്ക് തിരിച്ചയക്കാം ഏട്ടാ. എന്തിനാണ് വെറുതെ ”

ഇന്ദ്രൻ കേണു.

” എന്താടാ സെന്റിമെന്റ്സ് അണോ. നിനക്ക് ഉള്ളിൽ കയറണോ ”

” ചെറ്റത്തരം പറയരുത് ”

ഇന്ദ്രന്റെ മുഖത്ത് ദേഷ്യം ഇരച്ചു കയറി.

” ചെറ്റത്തരം കാണിക്കാം. അത് പറയുന്നതാണോ പ്രശ്നം. മര്യാദക്ക് വണ്ടിയിൽ കയറിക്കോ. അവളതിന്റെ ഉള്ളിൽ കിടക്കട്ടെ ഇനി അവിടെ കിടന്നു ചത്താലും കുഴപ്പമില്ല ഞാൻ തന്നെ കുഴി കുത്തി മൂടും. ഇനിയും ഞാൻ എന്തേലും സംസാരിച്ചാൽ കൂടി പോവും ഇന്ദ്ര. എന്നും നിങ്ങൾ പറയുന്നത് ഞാൻ കേൾക്കാറുണ്ട്. പക്ഷെ ഇന്ന് ഞാൻ പറയുന്നത് മാത്രം കേട്ടാൽ മതി.
നമ്മുടെ ചെക്കന്മാർ പുറത്ത് ഉണ്ടാവും.
നീ വന്ന് കയറു… ”

നിരഞ്ജന്റെ ശബ്ദം ഉയർന്നപ്പോൾ ഇന്ദ്രൻ മനസ്സില്ലാതെ ഡോറിലേക്ക് നോക്കി കാറിൽ കയറി. ഉള്ളിൽ നിന്ന് നില അറിയുന്നുണ്ടായിരുന്നു കാർ അകലുന്നത്.

🌻🌻🌻🌻🌻

ശരത്തിന്റെയും കിച്ചുവിന്റെയും ബൈക്ക് ലക്ഷ്യമില്ലാതെ അലഞ്ഞു. ജിതിനെ എല്ലാ സ്ഥലത്തും തിരക്കി കാണാനില്ല.
ശരത്തിന്റെ കണ്ണുകൾ നിറഞ്ഞു വന്നു.
എവിടെ പോയി പെണ്ണേ നീ…
ഇനി എവിടെയാണ് തിരക്കാനുള്ളത്. പാറുവിന്റെ മുഖം മനസിൽ തെളിഞ്ഞതും വണ്ടിയുടെ സ്പീഡ് കൂടി.

” ഏട്ടാ… ”

പിറകിൽ നിന്ന് മുഴങ്ങിയ കിച്ചുവിന്റെ ശബ്ദത്തിൽ ശരത് വണ്ടി നിർത്തി തിരിഞ്ഞു നോക്കി. കിച്ചുവിന്റെ കണ്ണുകൾ ടൗണിലെ ഒരു പെട്ടിക്കടയിലേക്കാണെന്ന് കണ്ടതും ശരത്തിന്റെ ശ്രദ്ധ അങ്ങോട്ട് പതിച്ചു.
ചുണ്ടിൽ സിഗരറ്റ് വച്ചു ലൈറ്റർ കൊണ്ട് കത്തിക്കുന്ന ജിതിനെ കണ്ടതും വണ്ടി സ്റ്റാൻഡിൽ നിർത്തി ശരത് ഓടി വലത് കാൽ നീട്ടി പുറത്ത് ചവുട്ടി. പ്രതീക്ഷിക്കാത്തത് കൊണ്ട് അവൻ തെന്നി നിലത്തേക്ക് വീണു തിരിഞ്ഞു നോക്കി.

” നില എവിടെടാ ”

നിലത്ത് കിടന്ന അവന്റെ കോളർ ശരത് പിടിച്ചു വലിച്ചു. ജിതിൻ കാര്യം മനസിലാവാതെ എപ്പോൾ വേണമെങ്കിലും പൊട്ടി തെറിക്കാൻ നിൽക്കുന്ന കിച്ചുവിനെ നോക്കി. ശരത് ചോദിച്ചത് തന്നെ വീണ്ടും ആവർത്തിച്ചു.

” എനിക്കറിയില്ല അവൾ എവിടെയാണെന്ന് ”

ശരത്തിന്റെ കൈ ബലത്തിൽ പിടിച്ചു മാറ്റി ജിതിൻ എഴുനേറ്റു.

” നിനക്ക് അല്ലാതെ വേറെ ആർക്കാണ് അറിയുന്നത് നായെ. ”

ഉറഞ്ഞു തുള്ളിയ പോലെ കിച്ചു ജിതിന്റെ കാരണത്തൊന്ന് പൊട്ടിച്ചു.

” പറ നില എവിടെയാണെന്ന് നിനക്ക് അറിയില്ലേ… പാറു എവിടെയാണെന്ന് നിനക്കറിയില്ലേ ”

ശരത് വീണ്ടും ജിതിന്റെ കഴുത്തിന് പിടിച്ചു. അവന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി. ശ്വാസം കിട്ടാതെ ജീവൻ നഷ്ട്ടപെടുമെന്ന് തോന്നി.
പാറുവും മിസ്സിംഗ്‌ ആണെന്നറിഞ്ഞതും അവനിൽ ഒരു തരിപ്പ് കയറി.
എനിക്കറിയില്ല എന്ന് ശബ്ദം പുറത്തേക്ക് വരാതെ പറയുന്നുണ്ട്. പക്ഷെ ശരത്തിന്റെ കയ്യ് മുറുക്കം കൂടി . അത് കണ്ട് കിച്ചു ഇടപെട്ടു ശരത്തിനെ പിടിച്ചു മാറ്റി. ജിതിൻ കുറച്ചു പിറകിലേക്ക് നീങ്ങി ചുമയ്ക്കാൻ തുടങ്ങി.

” ജിതിൻ എല്ലാം കയ്യിന്ന് പോയി നിൽക്കുകയാണ് ഞങ്ങൾ.
വേണ്ടി വന്നാൽ നിന്നേ കൊന്നെന്നും വരും. നീ സത്യം പറയുന്നതാണ് നല്ലത്. എവിടെയാണ് അവരെ കൊണ്ട് പോയത്. അത് നീ മാത്രമേ ചെയ്യൂ എന്ന് ഞങ്ങൾക്കറിയാം. ഇപ്പോൾ നീ പറഞ്ഞാൽ നിന്നേ ഒന്നും ചെയ്യാതെ വിടും മറിച്ചാണെൽ. ”

കിച്ചു സമീപനം പാലിച്ചു മയത്തിൽ ചോദിച്ചു.

” എനിക്ക് അറിയില്ല കിച്ചു. ഇന്ന് ഞാൻ അവരെ കണ്ടിരുന്നു അത് നേര് തന്നെ പിന്നെ അവരെ ഞാൻ ലക്ഷ്യം വച്ചിട്ടില്ല.. അവളെ കൊണ്ട് പോവേണ്ട ആവശ്യം എനിക്കില്ല. ഇഷ്ട്ടമായിരുന്നു അത് എല്ലാവർക്കും അറിയാം നഷ്ട്ടപെട്ടു എന്ന് അറിഞ്ഞിട്ടും മനസിനെ പഠിപ്പിക്കാൻ കഴിഞ്ഞില്ല. അത് accept ചെയ്യാൻ കഴിഞ്ഞില്ല. ഇങ്ങോട്ടൊന്നും പ്രതീക്ഷിച്ചിട്ടല്ല അങ്ങോട്ട് പതിൽ മടങ്ങായി തന്നെ സ്നേഹിച്ചു…. ഇപ്പോഴും .”

” Enough jithin…. ”

ശരത് ഇഷ്ട്ടക്കേടോടെ തല വെട്ടിച്ചു.

” നീ…. നീ തന്നെയാണ്
നിനക്കല്ലാതെ മറ്റാർക്കാണ് അവളോട് ശത്രുതയുള്ളത്. നിനക്കെല്ലാതെ മറ്റാർക്കാണ് അവളെ നേടിയെടുക്കേണ്ടത്…
നീ ഒരുപാട് അഭിനയിക്കേണ്ട സത്യം പറയുന്നതാവും നല്ലത്….

ശരത്തവന്റെ കോളർ പിടിച്ചു മുന്നോട്ട് വലിച്ചു.

” നിലയെ സ്നേഹിക്കുന്ന എനിക്ക് അവളെ ഇല്ലാതാക്കാൻ കഴിയില്ല. പക്ഷെ അവൾ ഇല്ലാതായാൽ പലതും നേടിയെടുക്കാൻ കഴിയുന്നവർ വീണു കിട്ടുന്ന അവസരം പാഴാക്കില്ല. ”

ജിതിന്റെ മിഴികൾ ശരത്തിന്റെ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങി ശരത്തിന്റെ കൈ പതിയെ അയഞ്ഞു. കിച്ചുവിന്റെ മുഖത്ത് ഞെട്ടൽ വ്യക്തമാണ്.

🦋തിരികെ വരും 🦋