06/05/2026

ഭാഗ്യജാതകം : ഭാഗം 50

രചന – അയിഷ അക്ബർ

അവളുടെ ഹൃദയത്തിൽ വരച്ച ചിത്രങ്ങളെ വസ്ത്രങ്ങളുടെ രൂപത്തിലേക്ക് പകർത്തുമ്പോൾ അവ അത്യധികം മനോഹരമായിരുന്നു…..

നല്ല തുണികൾ നോക്കി വാങ്ങുന്ന ചുമതല അവനായിരുന്നു….

തുണിത്തരങ്ങളെ തിരഞ്ഞെടുക്കാൻ അവനെക്കാൾ പരിചയ സമ്പന്നനായ മറ്റൊരാളെ അവൾക്ക് കിട്ടാനുണ്ടായിരുന്നില്ല….

അവന്റെ പരിചയവും അവളുടെ കഴിവും കോർത്തിണക്കിയ ആ തുണികൾക്കൊക്കെയും അവരുടേതായൊരു മുദ്ര പതിപ്പിക്കാൻ അവർക്ക് കഴിഞ്ഞിരുന്നു…..

അവന്റെ അനുഭവ സമ്പത്തിലൂടെ അവരുടെ അധ്വാനത്തെ കച്ചവടമാക്കി മാറ്റാനും അവനറിയാമായിരുന്നു….

ആ കമ്പനിയിൽ മാത്രം തുണികൾ കൊടുക്കാതെ മറ്റു പല കമ്പനികളിലും അവൻ മോഡഡലുകളുമായി കയറിയിറങ്ങി…..

മനോഹരമായ അവയെ വിറ്റഴിക്കാൻ അവനോതിരിയൊന്നും പ്രയാസപ്പെടേണ്ടതായി വന്നിരുന്നില്ല…… എങ്കിലും അവൻ അവന്റെ പരമാവധി ഓടി കൊണ്ടിരുന്നു…..

ദിവസങ്ങൾ കഴിയും തോറും തുന്നി തീർക്കേണ്ട തുണികളുടെ എണ്ണം കൂടി….

അമ്പിളി ചേച്ചിയോട് ചോദിച്ച് തയ്യൽ അറിയാവുന്ന ഒരാളെ കൂടി സഹായത്തിനു വെക്ക്….
ഒറ്റക്ക് നീയാകെ ക്ഷീണിച്ചിട്ടുണ്ട്…..

അവളുടെ മുടിയിഴകളിൽ വാത്സല്യത്തോടെ തഴുകി കൊണ്ടത് പറഞ്ഞവനിറങ്ങുമ്പോൾ നടന്നകലുന്നവനെ ഒരല്പം ആരാധനയോടെയാണ് അവൾ നോക്കിയത്…..

ശെരിയാണ്….. ക്ഷീണിച്ചിരുന്നു…. ഇത്രയധികം ഒറ്റക്ക് തന്നെ കൊണ്ടാകുമോയെന്നു ഭയമുണ്ടായിരുന്നു….

എങ്ങനെ അവനോട് പറയുമെന്ന ചിന്തയിലായിരുന്നു മനസ്സ്….

അവളുടെ അദരങ്ങളിൽ ഒരു പുഞ്ചിരി വിരിഞ്ഞു….
ഹൃദയത്തിലെ ആനന്ദത്തിൽ നിന്നും തുളുമ്പിയതാവണം….. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഇപ്പൊ പഴയ തുന്നൽക്കാരിയല്ല….. നിന്റെ ഡിസൈനുകൾ നിന്റെ പേരിൽ അറിയപ്പെടണമെങ്കിൽ ഒരു ബ്രാൻഡ് നെയിം അത്യാവശ്യമാണ്…..

ചിത്രകാരിക്ക് അതിനു മറ്റൊരാളുടെ സഹായം ആവശ്യമുണ്ടാവില്ലല്ലോ….

അവൻ പുഞ്ചിരിച്ചു കൊണ്ടത് പറയുമ്പോൾ അവളുടെ മനസ്സിലെ സന്തോഷത്തിനതീരില്ലായിരുന്നു……

ഒരു കുഞ്ഞുടുപ്പിൽ നിന്നും എത്ര വേഗമാണ് ഒരു സംരംഭമായി വളർന്നതെന്ന് ആഹ്ലാദത്തോടെ അവളോർത്തു….

അവൻ പോയി കഴിഞ്ഞും അവളുടെ മനസ്സിൽ മുഴുവൻ നല്ലൊരു പേരിനായുള്ള തിരച്ചിലായിരുന്നു…..

വൈകുന്നേരം അവൻ മടങ്ങിയെത്തിയതും അവളുടെ മുഖത്ത് പതിവില്ലാത്തൊരു സന്തോഷം കാണപ്പെട്ടു….

മ്മ്…..?
അവൻ പുരികമുയർത്തി…

മ്ച്ചും….. അവൾ ചുമൽ കുലുക്കി….

കൈകൾ പിറകിലേക്ക് കെട്ടി അവനോട് ചേർന്ന് വന്നവൾ നിൽക്കുമ്പോൾ അവൻ കൊടുക്കാനുള്ള ഓർഡറുകളുടെ കണക്കെഴുത്തിലായിരുന്നു….

തന്നോടവൾക്കെന്തോ പറയാനുണ്ടെന്ന് തോന്നിയത് കൊണ്ട് തന്നെ ഒരു ചോദ്യത്തിനിടം കൊടുക്കാതെ അവൻ പേന പുസ്തകത്തിനുള്ളിലാക്കി അടച്ചു വെച്ചു….

അവൾക്ക് പറയാനുള്ളതിനെ ഹൃദയം കൊണ്ട് കേൾക്കാനെന്ന വണ്ണം അവളെ നോക്കിയവനിരുന്നു…..

പിറകിലേക്ക് പിടിച്ച കൈകളെ അവന് മുമ്പിലേക്ക് കാണിച്ചു കൊടുക്കുമ്പോൾ അവന്റെ കണ്ണുകൾ അവനറിയാതെ വിടർന്നു….

അവളുടെ ബ്രാൻഡ് നെയിം ഒരു ലോഗോ കണക്കെ മനോഹരമായി കട്ടിയുള്ള ഒരു പേപ്പറിൽ ചെയ്തു വെച്ചിരുന്നു…..

അവനതിൽ തന്നെ നോക്കി കൈകളിൽ വാങ്ങി…..

ശിവാദിത്യ…….

മനോഹരമായ ആ പേര് അവനിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ ചുണ്ടുകളിൽ ഒരു മന്ദഹാസം മൊട്ടിട്ടു…..

കണ്ണുകലുയർത്തി അവളിലേക്ക് നോക്കുമ്പോൾ അത്രയേറെ വശ്യമായി ആ മുഖമവന് തോന്നി…..

അവൻ പതിയേ എഴുന്നേറ്റു….

തന്റെ സൃഷ്ടിയെ ഇഷ്ടപ്പെട്ടു എന്നൊരു വാക്കിനായവൾ കാതോർത്തു…..

എന്നാൽ ഒരു വാക്കിനതിനെ വർണിക്കാൻ കഴിയില്ലെന്ന് തോന്നിയത് കൊണ്ടാവാം അവനവളെ വാരിപ്പുണർന്നത്…..തന്റെ ശ്വാസത്തോടവളെ ചേർത്ത് നിർത്തുമ്പോൾ അതിലടങ്ങിയ വാക്കുകളെ അവൾക്കും തിരിച്ചറിയാൻ കഴിഞ്ഞിരുന്നു…

അവളുടെ മിഴികൾ സന്തോഷത്താൽ നനഞു….
ഇരുകയ്കളാൽ അവനെ ചുറ്റിപ്പിടിക്കാനും അവൾ മറന്നിരുന്നില്ല……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

വാതിലിൽ മുട്ടുന്നത് കേട്ടാണ് തയ്യൽ മെഷിനിന്റെ അടുത്ത് നിന്നും ശിവയെഴുന്നേറ്റത്…

ഗീതു…. ഇത് നോക്കി ചെയ്യണേ….

കൂടെ ജോലിക്ക് നിൽക്കുന്ന പെൺകുട്ടിയോടതും പറഞ്ഞവൾ വാതിൽ തുറക്കാനായി പോയി….

വാതിൽ തുറന്നതും ശങ്കരനെ കണ്ടപ്പോൾ വിരിഞ്ഞ ചിരി പിറകിലായി നീതുവിനെ കണ്ടപ്പോൾ മാഞ്ഞു പോയി….

അതൊരിക്കലും ദേഷ്യം കൊണ്ടായിരുന്നില്ല…. മറിച് ഒട്ടും പ്രതീക്ഷിക്കാത്തത് കൊണ്ടായിരുന്നു….

വരൂ… കയറു…..
മാഞ്ഞു പോയ പുഞ്ചിരി വീണ്ടും വിരിയിച്ചവളകത്തേക്ക് ക്ഷണിച്ചു….

ആഹാ….. വീടൊരു കൊച്ചു തുണിക്കടയായിട്ടുണ്ടല്ലോ..

ശങ്കരൻ ചിരിച്ചു കൊണ്ടത് പറയുമ്പോൾ ശിവയും ചിരിച്ചു…..

ഇതേതാ മോളേ ഈ പെൺകുട്ടി….

തയ്യൽ മെഷിൻ ചവിട്ടി കൊണ്ടിരിക്കുന്ന ഗീതുവിനെ നോക്കിയാണ് ശങ്കരനത് ചോദിച്ചത്….

അത് ജോലി സഹായത്തിനായി നിർത്തിയതാണച്ചാ…ഒറ്റക്ക് നടക്കുന്നില്ല…..

ചായ ക്കായി ഗ്ലാസ്‌ കഴുകിയെടുക്കുമ്പോഴാണ് ശിവായത് പറഞ്ഞത്….

ആഹാ… ഒരാളെ കൂടി നിർത്താനുള്ള കച്ചവടമൊക്കെ യായി അല്ലെ….അച്ഛന് സന്തോഷമായി മോളേ….

ശങ്കരന്റെ കണ്ണുകൾ ആനന്ദത്താൽ തുളുമ്പി….

സ്നേഹം നിറഞ്ഞൊരു പുഞ്ചിരി ശിവയും സമ്മാനിച്ചു….

നീതു അപ്പോഴും അത് പോലെ തന്നെ നിൽക്കുകയായിരുന്നു….

എന്തൊക്കെ തിരക്കുകളുണ്ടായാലും ആദിയുടെ കാര്യത്തിൽ വിട്ട് വീഴ്ച ചെയ്യരുത് …

നീ ചെയ്ത് കൊടുത്താൽ അവന് സന്തോഷമാകുന്ന കാര്യങ്ങൾ മരണം വരെ നീ തന്നെ ചെയ്ത് കൊടുക്കണം….

എന്ത് ജോലിയായാലും തിരക്കായാലും കൂടെയുള്ളവരുടെ സന്തോഷത്തിനു എപ്പോഴും പ്രാധാന്യം നൽകണം….

ശങ്കരൻ അത്രയേറെ വാത്സല്യത്തോടെ അത് പറയുമ്പോൾ ശിവ തല കുലുക്കി……

നീതുവിന്റെ മനസ്സിലെ പ്രയാസം അവളുടെ മുഖത്ത് തെളിഞ്ഞു കാണാൻ ശിവക്ക് കഴിഞ്ഞിരുന്നു….

ശങ്കരൻ ഉമ്മറത്തേക് നീങ്ങിയപ്പോഴും നീതു അടുക്കളയിൽ തന്നെ നിന്നു….

നീ… നീയെപ്പോഴാ വീട്ടിലേക്ക് വന്നത്…..
ശിവയവളോടത് ചോദിക്കുമ്പോൾ അവൾ തല താഴ്ത്തി നിന്നു…..

ഞാൻ…. ഞാൻ രണ്ട് ദിവസം ഇവിടെ നിന്നോട്ടെ…..
തലയുയർത്തി തന്റെ മുഖത്ത് നോക്കി പരിഭ്രാമത്തോടെ അവളത് ചോദിക്കുമ്പോൾ പഴയ നീതുവിനെ തനിക്കവളിൽ കാണാൻ കഴിഞ്ഞില്ലായിരുന്നു…..

പകരം മനസ്സും ശരീരവും തളർന്നു പോയ ഒരു ജീവച്ഛവമായി അവളെ തോന്നി…..
മുഖത്ത് ഒരു തരം നിരാശ നിറഞ്ഞു നിന്നു…..

അച്ഛാ….. നീതു രണ്ട് ദിവസം എന്റെ കൂടെ ഇവിടെ നിൽക്കട്ടെ…..

ശിവയത് പറയുമ്പോൾ ശങ്കരന്റെ മുഖത്തൊരു തരം ദുഃഖം നിഴലിച്ചു….

ഇത് ഞാൻ അങ്ങോട്ട് പറയണമെന്ന് വിചാരിച്ചതായിരുന്നു മോളേ….
ഇങ്ങോട്ട് അവള് വന്നത് തന്നെ ഞാൻ ഒത്തിരി നിർബന്ധിചിട്ടാ…..

ആരോടും മിണ്ടാട്ടവുമില്ല… കളിയും ചിരിയുമില്ല…. ഒരേയിരിപ്പാ…..
ഒരു മാറ്റം നല്ലതാ….. എന്താ അവിടെ പ്രശ്നമെന്ന് ചോദിച്ചിട്ട് പറയുന്നുമില്ല…. നീ യൊന്നു ചോദിച്ചു നോക്ക്……

അത്രയും പറഞ്ഞു കൊണ്ട് ശങ്കരനിറങ്ങി…..

ശങ്കരൻ പറഞ്ഞതിനെ ശെരി വെച്ച് സദാ സമയവും അവളിലൊരു തരം ദുഃഖം നിഴലിച്ചു കണ്ടു…..

ചിരിച്ചു സംസാരിക്കുന്ന ആ വായാടി പെണ്ണ് ഇന്നവളിൽ നിന്നും ഒത്തിരി ദൂരെയാണെന്ന് ശിവയോർത്തു……

ആദി വന്നപ്പോൾ നീതുവിനെ കുറിചവൾ പറഞ്ഞപ്പോഴും പ്രത്യേകിച്ച് മാറ്റമൊന്നും അവനിൽ കണ്ടില്ല…

നീ പറയുന്നത് കേട്ടിട്ടും അവളെ കണ്ടിട്ടും ഒരു സഹതാപമൊന്നും എനിക്ക് തോന്നുന്നില്ല ശിവാ…..
അത്രയേറെ അവളെന്നെ വിഡ്ഢിയാക്കിയിട്ടുണ്ട്…. അതിനു ദൈവം കൊടുത്ത ശിക്ഷയായിരിക്കും….

ആദിയത് പറയുമ്പോൾ നീതുവിനോടുള്ള ദേഷ്യം വാക്കുകളിൽ നിറഞ്ഞു കാണപ്പെട്ടു….

ശിവ പതിയേ പുഞ്ചിരിച്ചു കൊണ്ടവന്റെ അരികിലായിരുന്നു….

അല്ലങ്കിലും സഹതാപം ആർക്ക് വേണം…. ആർക്കും ആവശ്യമില്ലാത്ത ഒന്നാണത്…..
നിങ്ങളുടെയോ എന്റെയോ സഹതാപം കൊണ്ട് അവൾക്ക് യാതൊരു പ്രയോജനവുമില്ല താനും….

ശിവ അത്രയും പറഞ്ഞത് ഒരു പുഞ്ചിരിയോടെയായിരുന്നു…..

അവൾ ഇവിടെ നിൽക്കണമെന്ന് പറയുമ്പോൾ അവളുടെ കണ്ണുകളിൽ ഞാൻ കണ്ടത് ഒരിത്തിരി സ്വസ്ഥതക്കു വേണ്ടിയുള്ള തിരച്ചിലായിരുന്നു….

ശ്വാസം കിട്ടാത്തവന് ശുദ്ധ വായു കിട്ടുന്നത് പോലെയാണത്…..
ജീവനെ നില നിർത്തുന്ന ഒന്ന്…..

അതില്ലെങ്കിൽ ഒരുപക്ഷെ ആ മനുഷ്യൻ തന്നെ ഇല്ലാതായെന്ന് വരാം….

മരണത്തോടുള്ള ചെറിയൊരു പ്രണയവും അവളുടെ കണ്ണുകളിൽ ഞാൻ കണ്ടിരുന്നു….

മനുഷ്യൻ ഇല്ലാതാകുമ്പോൾ നിങ്ങൾ പറഞ്ഞ ഈ സഹതാപം അപ്പൊ വന്നെന്ന് വരാം….
വല്ല കാര്യവുമുണ്ടോ…..
ജീവിച്ചിരിക്കുമ്പോൾ ആവശ്യമില്ലാത്ത സഹതാപം മരിച്ചവർക്കെന്തിനാ…..

നമ്മുടെ ഉള്ളിലെ വികാരങ്ങളിലല്ല…. ചെയ്യുന്ന പ്രവർത്തിക്കാണ് തൂക്കം കൂടുതൽ…..

അവൾ വരേണ്ടിയിരുന്ന ശെരിയായ സ്ഥലം ഇത് തന്നെയാണ്….
നമ്മുടെ സന്തോഷവും സമാധാനവും കാണുമ്പോൾ അവൾ മനസ്സിലാക്കണം സമ്പത് കൊണ്ട് മനുഷ്യനെ അളന്നു മുറിക്കുന്ന താൻ എത്ര വലിയ മണ്ടിയായിരുന്നെന്ന്…..

എല്ലാ സാമ്പത്തിനേക്കാളും മൂല്യം ആത്മാർത്ഥമായ ബന്ധങ്ങൾക്കാണെന്ന്…..

ശിവ അത്രയും പറഞ്ഞു നിർത്തുമ്പോൾ അവളിലെ വാക്കുകളിലെ ശെരിയെ ആധി തിരിച്ചറിഞ്ഞിരുന്നു….

ഞാൻ വെറുമൊരു മനുഷ്യനായി ചിന്തിക്കുമ്പോൾ അവളൊരു മാലാഖയായി തനിക്കും തന്റെ ചിന്തകൾക്കും മേൽ പറന്നുയരും….

എന്നാൽ ചിലയിടത് ആർക്കു മുമ്പിലും താഴ്ന്നു കൊടുക്കാൻ മനസ്സില്ലാത്ത ഒരു പർവതമായി അവൾ നില കൊള്ളും…..

അതവളുടെ ശെരിയാണ്….

ആർക്കും തിരുത്താനില്ലാത്ത അവളുടെ ശെരി…..

അവൻ അവളുടെ മുഖം കയ്കുമ്പിളിലെടുത്തു….

വീതിയുള്ള നെറ്റിത്തടത്തിൽ അവൻ ചുണ്ടുകൾ ചേർത്തു…..

അവളുടെ നീളൻ മിഴികൾ പതിയേ കൂമ്പിയടഞ്ഞു….

അങ്ങേയറ്റം നിശബ്ദമായിരുന്ന ആ പ്രവർത്തിയിലും നിന്നെ ഞാൻ പൂർണമായും ഉൾകൊള്ളുന്നു എന്നവൻ പറയുന്നത് അവളുടെ കാതുകൾ പോലും കേട്ടില്ലെങ്കിലും അവളുടെ ഹൃദയം കേൾക്കുന്നുണ്ടായിരുന്നു….

(തുടരും )