16/02/2026

വിവാഹമോചനം : ഭാഗം 10

രചന – സുധീ മുട്ടം

“മോൾക്ക് ഇഷ്ടമായോ ഇവിടം… ആനന്ദൻ നന്ദിനിക്കുട്ടിയെ നോക്കി…ഇഷ്ടമായതിന്റെ സന്തോഷം മുഖത്ത് പ്രകടമായി.. ” നിറ്യേ നിറ്യേ ഇഷ്ടമായി… ഒരു പ്രത്യക ഈണത്തിൽ പറഞ്ഞു.. അതവളിൽ നിന്നും ഒഴുകിയ മാറ്റത്തിന്റെ ഈണമായിരുന്നു… ശാന്ത സുന്ദരമായ അന്തരീക്ഷവും പച്ചപ്പു നിറഞ്ഞ സഹ്യനും കൂടുതൽ ശോഭ ഏറിയിരുന്നു.. “ഇവിടെ വന്നാൽ ആർക്കും അങ്ങനെ തിരികെ പോകാൻ കഴിയില്ല..അത്രയേറെ സ്നേഹിച്ചു പോകും ഈ നാടും നാട്ടുകാരെയെല്ലാം… അനുഭവങ്ങളിൽ നിന്നും അയാൾ ഓരോന്നും പറഞ്ഞു കൊണ്ടിരുന്നു… ” മോളെന്നാ ജോയിൻ ചെയ്യുന്നത്… “നാളെ തന്നെ ആയാലോ അങ്കിളേ… ” ഞാനും അതു പറയാൻ ഇരുക്കുവാരുന്നു…

നടന്നു വീട്ടിലെത്താനുളള ദൂരമേയുള്ളൂ…ഏകദേശം പതിനഞ്ച് മിനിറ്റ് നടത്തം…. “വീട്ടിൽ ആക്റ്റീവ് ഉണ്ട്…അതിൽ വേണമെങ്കിൽ നാളെ മുതൽ വരാം… ” വേണ്ട അങ്കിളേ ഇവിടത്തെ തണുത്ത കാറ്റേറ്റ് നടക്കാനൊരു സുഖമാണ്… നടന്നവർ തിരികെ വീട്ടിലെത്തി…ബാലനും ഉമയും അവരെ കാത്തിരിക്കുക ആയിരുന്നു… “എങ്ങനെയുണ്ട് മോളേ സ്കൂളൊക്കെ…ഇഷ്ടമായോടീ… ” ഒരുപാട് ഒരുപാട് ഇഷ്ടമായി അമ്മേ…കുറച്ചു കൂടി നേരത്തെ വരാതിരുന്നതിലെ സങ്കടമുള്ളൂ… ഉമയുടേയും ബാലന്റെയും മനസിലൊരു തണുപ്പ് വീണു… എരിയുന്ന വേനലിൽ പെയ്തിറങ്ങിയ മഴ പോലെ മകൾ ശാന്തമാണെന്നു കണ്ടു… “ഞാൻ ആന്റിയെ ഒന്നു കണ്ടിട്ടു വരാം… പുഞ്ചിരിയോടെ തുളസിയുടെ മുറിയിലേക്ക് കയറിപ്പോയി…അവർ  മയക്കത്തിൽ ആയിരുന്നു…നന്ദിനിക്കുട്ടി അരികിലിരുന്നു നെറ്റിയിൽ ചുണ്ടുകൾ അമർത്തി…. മെല്ലെ മുടിയിൽ തഴൂകി അങ്ങനെ കുറച്ചു സമയം ഇരുന്നു…

അടുത്ത ദിവസം രാവിലെ നന്ദിനിക്കുട്ടി ഒരുങ്ങി ഇറങ്ങി… സാരിയാണ് വേഷം…അതിലവൾ കൂടുതൽ സുന്ദരിയും പക്വമതിയായും തോന്നിച്ചു… ” ദാ മോളേ പുതിയ ഫോൺ.. പുതിയ കണക്ഷനും ആണ്… ആനന്ദൻ വില കൂടിയൊരു മൊബൈൽ അവൾക്ക് നേരെ നീട്ടി…. “എന്തിനാ അങ്കിളേ ഇത്രയും വില കൂടിയ ഫോൺ… തെറ്റില്ലാത്തൊരു ഫോൺ മതിയായിരുന്നു… ” മോൾക്കിതൊരു പുതിയ ജീവിതമാണ്… അപ്പോൾ പുതിയ മൊബൈലും സിമ്മും ആകട്ടെയെന്ന് ഞാനും ബാലനും കരുതി… ഇന്നലെ അച്ഛനോട് പുതിയ സിം എടുക്കുന്നതിനെ കുറിച്ച് നന്ദിനി സൂചിപ്പിച്ചിരുന്നു…അതിനു അനുസരിച്ച് ബാലനും ആനന്ദും കൂടി ഇന്നലെ പോയി പുതിയ ഫോൺ വാങ്ങിച്ചു… “ഇരിക്കട്ടെ മോളേ  …പുതിയൊരു മാറ്റമാകട്ടെ… അച്ഛൻ കൂടി അഭിപ്രായപ്പെട്ടതോടെ പിന്നെ ഒന്നും പറഞ്ഞില്ല…

നന്ദിനിക്കുട്ടി അച്ഛന്റെയും അമ്മയുടെയും അങ്കിളിന്റെയും അനുഗ്രഹം വാങ്ങിച്ചു…മുറിയിൽ കയറി തുളസി ആന്റിയുടെ കാൽ തൊട്ടു വന്ദിച്ചു.. അവർ ഉണർന്നു കിടക്കുകയാണെങ്കിലും ഒന്നും അറിയുന്നില്ലായിരുന്നു… ” കൂടെ വരണോ മോളേ… “വേണ്ടാ തനിച്ചു പൊയ്ക്കോളാം… നന്ദിനിക്കുട്ടി അവിടെ നിന്ന് ഇറങ്ങി നടന്നു… പതിയെയാണു നടന്നത്..ഗ്രാമത്തിന്റെ സുഗന്ധവും നൈർമല്യവും ആസ്വദിച്ചു നടന്നു… സ്കൂളിലേക്ക് കുട്ടികൾ പോകുന്നത് കണ്ടു…പ്രത്യേകം യൂണിഫോം ഇല്ല..അവർക്ക് ഇഷ്ടമുള്ള വർണ്ണങ്ങളിൽ പാറി  നടക്കട്ടേയെന്ന് ആനന്ദൻ തീരുമാനിച്ചിരുന്നു… സ്കൂളിലേക്ക് പോകും വഴി കുഞ്ഞൊരു ക്ഷേത്രമുണ്ട്…അരയാൽ തറയുളള ചെറിയ ഒരു ദേവീക്ഷേത്രം…ആനന്ദൻ ഇന്നലെ കാണിച്ചു കൊടുത്തിരുന്നു… മാസത്തിലൊരിക്കൽ പൂജയുളള ക്ഷേത്രമാണ്.. വനദുർഗ്ഗയാണ് പ്രതിഷ്ഠ.. വിളിച്ചാൽ വിളിപ്പുറത്ത് ഉണ്ടെന്നാണു വിശ്വാസം… അടഞ്ഞു കിടക്കുന്ന ക്ഷേത്രത്തിനു മുന്നിലായി തൊഴു കൈകളുമായി നന്ദിനി നിന്നു…

” പുതിയൊരു ജീവിതത്തിന്റെ പുതിയ തുടക്കമാണു…എന്നും കൂടെ കാണണേ ദേവി… നിറഞ്ഞ മനസ്സോടെ ഇറങ്ങി നടന്നു… പുതിയൊരു നവോന്മേഷം സിരകളിൽ ലയിച്ചു ചേരുന്നത് അറിഞ്ഞു… സ്കൂളിലെത്തി സ്റ്റാഫ് റൂമിലേക്ക് കയറി… സഹപ്രവർത്തകരെ നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു… തിരികെ അവരും ചിരിച്ചു… ആനന്ദൻ സാറിന്റെ വേണ്ടപ്പെട്ട കുട്ടിയായതിനാൽ എല്ലാവരും നന്ദിനിക്കൊരു പ്രത്യേക പരിഗണന നൽകി…ടീച്ചേഴ്സ് എല്ലാം സ്ത്രീകളാണ്.. മുപ്പതിൽ താഴെ പ്രായമുളളവർ…അതിനാൽ നന്ദിനിക്കുട്ടി വേഗം എല്ലാവരുമായി ഇണങ്ങി… “കേട്ടോ ടീച്ചറെ..ആനന്ദൻ സാറെന്നു വെച്ചാൽ ഇവിടെയുളളവർക്ക് കാണപ്പെട്ട ദൈവമാണ്…മനസ്സറിഞ്ഞ് ഇല്ലാത്തവരെ സഹായിക്കും..അതുപോലെയാണ് തുളസി ടീച്ചറും..പാവമായിരുന്നു… അങ്കിളിനു എത്രത്തോളം റെസ്പെക്റ്റ് ഉണ്ടെന്ന് അവൾക്ക് മനസിലായി…

നന്ദിനിക്കുട്ടിക്ക് ആദ്യത്തെ ദിവസം രണ്ടാം ക്ലാസിലായിരുന്നു ചാർജ്.. ക്ലാസ് എങ്ങനെ എടുക്കണമെന്ന് ആനന്ദൻ ഒരു ഐഡിയ കൊടുത്തിരുന്നു… ക്ലാസിലേക്ക് പുതിയ ടീച്ചർ എത്തിയപ്പോൾ കുഞ്ഞിക്കണ്ണുകൾ വിടർന്നു…അവൾ എല്ലാവരെയും നോക്കി…വിവിധ വർണ്ണങ്ങൾ അണിഞ്ഞ പൂമ്പാറ്റകൾ… ” ഞാനാ ട്ടൊ കുഞ്ഞുമക്കളുടെ പുതിയ ടീച്ചർ… “എന്താ ടീച്ചറിന്റെ പേര്… ഒരുമിടുക്കി കുട്ടി കൊഞ്ചലോടെ ചോദിച്ചു… നന്ദിനി അതിനെ പ്രത്യേകം ശ്രദ്ധിച്ചു… ഇരുവശവും പിന്നിയിട്ട് റിബണാൽ മുടി കെട്ടി വെച്ചിരിക്കുന്നു..കണ്ണുകൾ വാലിട്ടെഴുതിയത് കാണാനൊരു ചന്തമുണ്ട്…നെറ്റിയിൽ ഒരു കുഞ്ഞ് പൊട്ട്..ചുണ്ടിൽ കുസൃതി പുഞ്ചിരി… അവൾക്ക് എന്തെന്നില്ലാത്തൊരു വാത്സല്യം ആ കുട്ടിയോട് ഉണ്ടായി… ” എന്താ മോളുടെ പേര്… “ആരതി… ഈണത്തിൽ മറുപടി കിട്ടി… ” എന്താ ടീച്ചറുടെ പേര്… ആരതി വിടാനുളള ഭാവമില്ല…അവൾക്ക് എല്ലാം ചോദിച്ചറിയണം…

“നന്ദിനി….എല്ലാവരും നന്ദിനിക്കുട്ടിയെന്നു വിളിക്കും… നന്ദിനിക്കുട്ടിയെന്നു കേട്ടതും കുഞ്ഞിക്കണ്ണുകൾ കൂടുതൽ വിടർന്നു.. ” എന്റെ അമ്മയുടെ പേരും നന്ദിനിക്കുട്ടിയെന്നാ… “ആഹാ കൊള്ളാലൊ..ടീച്ചർ ഒരു ദിവസം വീട്ടിൽ വരാമേ…ആരതി മോളുടെ അമ്മയേയും കാണാം… പെട്ടെന്ന് ആ കുഞ്ഞുമുഖം വാടിപ്പോയി.. “എന്തു പറ്റി മോളേ… ” വീട്ടിൽ വന്നാലെന്റെ അമ്മയെ കാണാൻ പറ്റൂല്ല… “എന്ന് ആരാ പറഞ്ഞത്.. ” അച്ഛ… “അമ്മയെ കാണണമെങ്കിൽ എന്താ ചെയ്യാ… ” രാത്രിയാകണം.. അങ്ങനെ ആകാശത്ത് നക്ഷത്രമായി വരുമെന്നാ അച്ഛ പറഞ്ഞത്.. ഒരുനിമിഷം നന്ദിനിക്കുട്ടി നടുങ്ങിപ്പോയി… അവൾ വല്ലാതായി… “എന്തിനാ ടീച്ചറമ്മ കരയുന്നത്…ആരതി മോൾക്ക് സങ്കടം വരും…. കരയുന്ന നന്ദിനിക്കുട്ടിയുടെ മുഖത്തെ കണ്ണുനീര് കുഞ്ഞി വിരലുകളാൽ തുടച്ചു കളയാൻ ശ്രമിച്ചു… അവളുടെ മനസ്സിലൊരു നോവ് ഉണർന്നതും ആരതിയെന്ന മിടുക്കി പെണ്ണിനെ ചേർത്തു പിടിച്ചു… തുടരും…