രചന – അനീഷ് ആകാശ്
ദേവന്റെ കാര്യം ഓർത്തിട്ട് ഭദ്രക്ക് ടെൻഷൻ ആയി .. അറിയാതെ ആണെങ്കിലും ചെയ്‌തത് തെറ്റ് തന്നെയാണ്…
പെട്ടെന്ന് പോന്നത് കൊണ്ട് ദേവേട്ടന്റെ റിയാക്ഷൻ എന്തായിരുന്നെന്ന് അറിയാനും കഴിഞ്ഞില്ല
മഹിയേട്ടനെ വിളിച്ച് കാര്യം തിരക്കാൻ പലതവണ ഫോൺ എടുത്തെങ്കിലും ദേവേട്ടൻ ഒപ്പം കാണുമോ എന്നോർത്ത് വിളിക്കാൻ മടിച്ചു
രണ്ടും കല്പിച്ച് ലാസ്റ്റ് മഹിയെ വിളിക്കാൻ തീരുമാനിച്ചു… എട്ടുമണി ആയതുകൊണ്ട് ദേവേട്ടൻ കൂടെ കാണാൻ ചാൻസ് ഇല്ല… ആ ഉറപ്പിൽ അവൾ വിളിച്ചു..
ബെല്ലടിച്ചിട്ടും മഹി ഫോൺ അറ്റൻഡ് ചെയ്തില്ല…
അല്ലേലും ഈ മനുഷ്യനെ ഒരു കാര്യത്തിനും ഉപകാരപ്പെടില്ല
വീണ്ടു വിളിച്ചു നോക്കി… എടുക്കുന്നില്ല… വിവരം അറിയാഞ്ഞിട്ട് ഒന്നും പഠിക്കാനും പറ്റുന്നില്ല…
ബുക്‌സും തുറന്നിരിക്കുന്നതല്ലാതെ ഒന്നും തന്നെ പഠിച്ചില്ല…
ഓരോന്ന് ആലോജിച്ച് ഇരുന്നപ്പോഴാണ് അമ്മ വന്നു വാതിലിൽ മുട്ടിയത്…
“എന്താ അമ്മേ…. ഞാൻ പഠിക്കുവാണെന്ന് അറിയില്ലേ? ”
അല്പം ദേഷ്യത്തോടെയാണ് ഭദ്ര ചോദിച്ചത് ..
“എന്റമ്മോ… നിന്റെ പഠിപ്പ് മുടക്കാൻ വന്നതല്ല.. മഹി വന്നിട്ടുണ്ട് നിന്നോടെന്തോ പറയാനാണെന്ന്.. അവൻ വിളിക്കാൻ പറഞ്ഞപ്പോൾ ഞാൻ വന്നു വിളിച്ചെന്നേ ഉള്ളൂ.. പഠിക്കുവാണെന്ന് ഞാൻ അവനോട് പറഞ്ഞോളാം.. ”
“അയ്യോ വേണ്ടാ… മഹിയേട്ടൻ വന്നെന്ന് എന്താ ആദ്യം പറയാതിയുന്നത്… ”
മഹി വന്നെന്ന് അറിഞ്ഞപ്പോൾ ഭദ്രക്ക് സന്തോഷമായി..
“അതിന് എന്തെങ്കിലും പറയുന്നതിന് മുൻപ് കടിച്ച് കീറാൻ വരുവല്ലേ… ”
“കടിച്ചു കീറാൻ എനിക്ക് ആകെ ഉള്ളത് ഈ പൊന്നമ്മയല്ലേ ഉള്ളൂ.. ”
സാവിത്രിയെ സോപ്പിട്ടു കൊണ്ട് ഭദ്ര പറഞ്ഞു…
“മതി മതി സോപ്പിട്ടത്… മഹി മുത്തശ്ശിയുടെ റൂമിൽ ഉണ്ട്…
അങ്ങോട്ട് ചെല്ല് .. ”
സാവിത്രി അത് പറഞ്ഞതും ഭദ്ര മുത്തശ്ശിയുടെ റൂമിലേക്ക് ഓടി…
മുത്തശ്ശിയുടെ മടിയിൽ കിടന്ന് വർത്തമാനം പറയുക ആയിരുന്നു മഹി…
“മുത്തശ്ശി നമ്മുടെ ഭദ്രയെ കെട്ടാൻ വന്ന പയ്യനെ കണ്ടതല്ലേ? ”
ഭദ്ര കയറി ചെന്നപ്പോൾ മഹി മുത്തശ്ശിയോട് ചോദിച്ചു…
“ഇവിടെ വന്നതല്ലേ… അപ്പോൾ ഞാൻ കണ്ടിരുന്നു… മിടുക്കനാ.. ”
മുത്തശ്ശിയുടെ മറുപടി കേട്ടപ്പോൾ ഭദ്രയുടെ മനസ്സ് കുളിർത്തു..
“മിടുക്കനൊക്കെ തന്നെയാ… എന്നാലും എന്റെ അത്രയും വരില്ല അല്ലേ…? ”
ഭദ്രയെ നോക്കികൊണ്ട് മഹി മുത്തശ്ശിയോട് ചോദിച്ചു.
“അതുപിന്നെ അങ്ങനെ അല്ലേ വരൂ… മുത്തശ്ശിയുടെ മഹികുട്ടന്റെ അത്രയും മിടുക്കൊന്നും കാണില്ല ”
“അതിന് ഇത് മിടുക്കനല്ലല്ലോ മുതുക്കാനല്ലേ… ”
ഭദ്ര മഹിയെ തള്ളി മാറ്റിക്കൊണ്ട് പറഞ്ഞു
“മുതുക്കൻ നിന്റെ അപ്പുപ്പൻ… ”
“മുത്തശ്ശി… കേട്ടോ കാരണവന്മാരെ വിളിക്കുന്നത് . ”
ഭദ്ര മുത്തശ്ശിയോട് മഹിയെ വഴക്ക് പറയാൻ പറഞ്ഞു..
മുത്തശ്ശി മഹിയുടെ ചെവിക്ക് പിടിച്ചു
അതുകണ്ടപ്പോൾ ഭദ്രക്ക് സന്തോഷമായി..
“നീ കൂടുതൽ ചിരിക്കേണ്ട… ഞാൻ ഇന്നത്തെ സംഭവത്തിന്റെ വിശേഷങ്ങൾ പറയാൻ വന്നതാ… ഇനി പറയണോ വേണ്ടായോ എന്ന് ആലോചിക്കട്ടെ .. ”
ഭദ്രയുടെ ചിരി കണ്ട് മഹി പറഞ്ഞു…
“അയ്യോ… ഞാൻ ദാ ചിരി നിർത്തി ഇനി പറ.”
പെട്ടെന്ന് ചിരി നിർത്തിക്കൊണ്ട് ഭദ്ര പറഞ്ഞു..
“മുത്തശ്ശി മഹിയേട്ടൻ പാവമല്ലേ… മുത്തശ്ശി ക്ഷെമിച്ചേക്ക്…”
ഭദ്രയുടെ വാക്കുകൾ കേട്ടപ്പോൾ മുത്തശ്ശി അവന്റെ ചെവിയിൽ നിന്ന് പിടി വിട്ടു .
“എന്നാലും മുത്തശ്ശി കൊള്ളാം എത്രപെട്ടെന്നാ കാലുമാറുന്നത്… ”
“മുത്തശ്ശി കാലുമറിയതല്ല… നീ തെറ്റ് ചെയ്തപ്പോൾ ശിക്ഷിച്ചതാ… തെറ്റ് ആര് ചെയ്താലും മുത്തശ്ശി ശിക്ഷിക്കും .. ”
“ആയിക്കോട്ടെ ഞാൻ പോകുവാ… ”
പിണങ്ങികൊണ്ട് മഹി പുറത്തേക്കിറങ്ങി…
“മഹിയേട്ടാ പോകല്ലേ… ”
ഭദ്ര പുറകെ ചെന്നു…
“എന്താ ഞാൻ വിളിച്ചിട്ട് എടുക്കാഞ്ഞത്? ”
ഭദ്ര പരിഭവത്തോടെ ചോദിച്ചു..
“മനഃപൂർവം എടുക്കാഞ്ഞതാ… നീ എന്നെ വഴക്ക് കേൾപ്പിച്ചില്ലേ…. ”
“ദുഷ്ടാ… ഞാൻ എത്ര ടെൻഷൻ അടിച്ചാ ഇവിടെ ഇരുന്നതെന്ന് അറിയുമോ? ”
“നീ അൽപ്പം ടെൻഷനടിക്കുന്നത് നല്ലതാ .. ”
“അങ്ങനെ പറയാതെ മഹിയേട്ടാ… നാളെ എനിക്ക് എക്സാം ഉള്ളതാ.. പഠിക്കാൻ ഇരുന്നിട്ട് ഒരു സ്വസ്ഥതയും ഇല്ലാതിരുന്നിട്ടാ വിളിച്ചത്…അപ്പോഴാ നിങ്ങളുടെ ജാഡ .. ”
“നിനക്കും ജാഡ ഉണ്ട്… ഇല്ലെങ്കിൽ ഇന്ന് അവനോട് ഒരു സോറിയെങ്കിലും പറയില്ലായിരുന്നോ.. ”
മഹി ദേഷ്യത്തോടെ ചോദിച്ചു..
“അതുപിന്നെ അപ്പോഴത്തെ സിറ്റുവേഷൻ അത്ര നല്ലതല്ലായിരുന്നല്ലോ… ഒന്നാമത് ആ മനുഷ്യനെ കാണുമ്പോൾ തന്നെ എന്റെ ഉള്ള ജീവൻ പോകും.. അപ്പോഴാ കുളിപ്പിച്ച് നിർത്തിയിട്ട് സോറി പറയാൻ പോകുന്നത് ..”
“എന്നാലും ഇതല്പം കൂടി പോയി… ”
“മഹിയെട്ടനും ഇങ്ങനെ പറയാതെ… ഞാൻ അറിഞ്ഞുകൊണ്ട് ഒഴിച്ചതല്ലല്ലോ… ”
സങ്കടത്തോടെ ഭദ്ര ചോദിച്ചു…
“പോട്ടെ …. അവനൊന്നും പറഞ്ഞില്ല… ഷർട്ട് മാറിയിട്ട് പോകാൻ പറഞ്ഞപ്പോൾ വേണ്ടാന്നും പറഞ്ഞു പോയി… ”
“എന്നോട് ദേഷ്യമായിരിക്കും അല്ലേ…? ”
വിഷമത്തോടെ ഭദ്ര ചോദിക്കുന്നത് കേട്ടപ്പോൾ മഹി ചിരിച്ചു…
“ദേഷ്യമല്ല…. സ്നേഹമായിരിക്കും… ഫ്രീ ആയിട്ട് കുളിപ്പിച്ച് കൊടുത്തില്ലേ… അപ്പോൾ മിക്കവാറും സ്നേഹമായിരിക്കും നിന്നോട്.. ”
“മഹിയേട്ടാ വേണ്ട… എന്റെ സങ്കടം മഹിയെട്ടന് അറിയില്ല…. ”
“ടി പോത്തേ സത്യമാ ഞാൻ പറഞ്ഞത്… വെള്ളമൊഴിച്ചിട്ട് നീ ഓടിയില്ലേ… അത് കണ്ടിട്ട് അവൻ ചിരിക്കുവാരുന്നു.. ”
മഹി പറഞ്ഞത് കേട്ടിട്ട് വിശ്വാസം വരാതെ അവന്റെ മുഖത്തേക്ക് നോക്കി…
“സത്യം…. ”
“സത്യമാടി പോത്തേ…. പിന്നെ ആ ചിരിയുടെ അർത്ഥമെന്താണെന്ന് നിങ്ങളുടെ കല്യാണം കഴിയുമ്പോൾ അറിയാം… ”
മഹി ചിരിച്ചുകൊണ്ട് പറഞ്ഞു..
“എന്താണെങ്കിലും ഇപ്പോൾ ഒരു സമാധാനം ഉണ്ട്… ആ കാട്ടുപോത്ത് ഒന്ന് ചിരിച്ചല്ലോ… ഇനി സമാധാനത്തോടെ ഞാൻ പോയി പഠിക്കട്ടെ… ”
ഭദ്ര ആശ്വാസത്തോടെ പറഞ്ഞു
“നിനക്ക് നാളെ എക്സാമാണെന്ന് മായ പറഞ്ഞതുകൊണ്ടാണ് ഇപ്പോൾ ഇങ്ങോട്ട് വന്നു വിവരം പറഞ്ഞത്.. ഫോൺ മനഃപൂർവം എടുക്കാതിരുന്നതാ.. നേരിട്ട് പറയാമെന്നു കരുതി… പോയിരുന്ന് പഠിക്കാൻ നോക്ക്… ഞാൻ കൊച്ചച്ഛനെ ഒന്ന് കാണട്ടെ… മാറ്റാനാളത്തെ പരിപാടിക്ക് ഫുഡ് ഓർഡർ ചെയ്യാൻ പോകണമെന്ന് പറഞ്ഞിട്ടുണ്ട്… നീ പോയി പഠിക്കാൻ നോക്ക്… ദേവൻ പഠിക്കാൻ മിടുക്കനാ… എക്‌സാമിന് തോറ്റു പോയാൽ ആകെ നാണക്കേട് ആകുമെ…. ”
ശ്വാസനാ രൂപത്തിൽ മഹി പറഞ്ഞു…
“ഞാൻ പഠിച്ചോളാം… ദേവേട്ടനെക്കാൾ നന്നായി പഠിക്കുന്ന കുട്ടിയാ ഞാൻ… ”
ഭദ്ര മഹിയോട് വാശിയോടെ പറഞ്ഞു…
“ആയിക്കോട്ടെ… ഞാൻ ഇറങ്ങുവാ…”
ഭദ്രയോട് യാത്ര പറഞ്ഞു മഹി ഇറങ്ങി…
*****************************
മേനോനും ദേവകിയും ദേവന്റെ ഒപ്പം രാവിലെ തന്നെ അമ്മാവന്റെ വീട്ടിലേക്ക് പുറപ്പെട്ടു.. .
“ദേവാ.. നീ ഞങ്ങളെ ചിറ്റാട്ട് ഇറക്കിയിട്ട് കടയിൽ പോയി മോതിരവും വാങ്ങി അങ്ങോട്ടേക്ക് വന്നാൽ മതി… ”
മേനോൻ ദേവനോടായിട്ട് പറഞ്ഞു…
“അതെന്താ അവനും കൂടി അങ്ങോട്ടേക്ക് വന്നാൽ? ”
ദേവകി നീരസത്തോടെ ചോദിച്ചു…
“അവൻ വരുന്നതിൽ എനിക്ക് കുഴപ്പമില്ല… നമ്മൾ നിർബന്ധിച്ചിട്ടല്ലേ ഇപ്പോൾ വരുന്നത്.. അതുകൊണ്ടാണ് വേണമെങ്കിൽ അകത്തു കയറിയാൽ മതിയെന്ന് ഞാൻ പറഞ്ഞത്… ”
മേനോൻ പറഞ്ഞത് എന്താണെന്ന് വ്യക്തമാക്കി..
“നിനക്ക് കയറാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ വേണ്ട മോനേ.. ”
കാര്യം മനസിലായപ്പോൾ ദേവകിയും പറഞ്ഞു
ദേവൻ ഒന്നും മിണ്ടിയില്ല…
ചിറ്റാട്ട് എത്തിയപ്പോൾ മേനോനും ദേവകിയും ഇറങ്ങി…
“നീ ഇറങ്ങുന്നില്ലേ. .? ”
ദേവകി ചോദിച്ചു..
“ഇല്ലമ്മേ… ഞാൻ മോതിരം വാങ്ങിയിട്ട് വരാം… ഞാൻ തിരിച്ചു വന്നിട്ട് നിങ്ങളെ വിളിക്കാം… ”
“നിന്റെ ഇഷ്ടം പോലെ… പിന്നെ മോതിരം മോന്റെ പേര് എഴുതിയത് വേണം വാങ്ങാൻ… ഭദ്രയുടെ വിരലിന്റെ അളവിൽ ഉള്ളത്… മാറി പോകരുത്.. ”
ദേവകി മകനോട് പറഞ്ഞു..
“ഇല്ലമ്മേ… ഞാൻ പോയിട്ട് വരാം… ”
രണ്ടുപേരോടും യാത്ര പറഞ്ഞു ദേവൻ പോയി
മേനോനും ദേവകിയും ഗേറ്റ് തുറന്ന് അകത്തേക്ക് കയറി…
ബെല്ലടിച്ചപ്പോൾ ഒരാൾ വന്നു ഡോർ തുറന്നു…
“അല്ല .. ആരാ ഇത്… അളിയനും പെങ്ങളുമോ?
ഈ വഴി കണ്ടിട്ട് എത്ര നാളായി… ”
“കുറെ ആയില്ലേ ബാല നമ്മൾ കണ്ടിട്ട് ..നിങ്ങളെയൊക്കെ ഒന്ന് കാണാമെന്നു കരുതി ഇറങ്ങിയതാ.. ”
മേനോനും ദേവകിയും അകത്തേക്ക് കയറി ഇരുന്ന് കൊണ്ട് പറഞ്ഞു..
“വനജ എന്തിയെ ഏട്ടാ? ”
ദേവകി ബാലനോട് ചോദിച്ചു…
“അവൾ അടുക്കളയിൽ ആയിരിക്കും .. ഞാൻ വിളിക്കാം …”
അയാൾ അകത്തേക്ക് കയറി പോയി
കുറച്ചു സമയം കഴിഞ്ഞപ്പോൾ അയാൾ തിരികെ വന്നു.. കൂടെ ഒരു സ്ത്രീയും ഉണ്ടായിരുന്നു…
“ദേവകി…. നിങ്ങളെന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ… ”
വനജ ദേവകിയോട് ചോദിച്ചു…
“പെട്ടെന്ന് തീരുമാനിച്ചു ഇറങ്ങിയതാ.. ഒരുപാട് നാളായില്ലേ ഇങ്ങോട്ടൊക്കെ വന്നിട്ട്…. ”
ദേവകി മറുപടി കൊടുത്തു..
“വിദ്യാമോൾ വന്നിട്ടുണ്ട്… വിശേഷം ഉണ്ട്… ഞാൻ വിളികാം അവളെ…. ”
ദേവകിയോട് പറഞ്ഞിട്ട് അവർ അകത്തേക്ക് നോക്കി വിളിച്ചു
“വിദ്യാ……. ഇങ്ങോട്ട് വന്നേ ഇതാരാ വന്നിരിക്കുന്നതെന്ന് നോക്കിക്കേ .. ”
അവരുടെ വിളി കേട്ടിട്ടെന്നവണ്ണം അകത്തു നിന്നൊരു പെൺകുട്ടി പുറത്തേക്ക് ഇറങ്ങി വന്നു…
വിദ്യയെ കണ്ടതും ദേവകി ഞെട്ടി പോയി…
ഇറുകിയ ബനിയനും ജീൻസും ഇട്ടൊരു രൂപം… മുടിയൊക്കെ സ്ട്രൈറ്റ് ചെയ്തിട്ടുണ്ട്… മുഖം കണ്ടാൽ ഇപ്പോൾ ബ്യൂട്ടി പാർലറിൽ നിന്ന് ഇറങ്ങിയ പോലുണ്ട്…
തന്റെ ദേവന്റെ പുറകെ നടന്ന പെണ്ണേ ആല്ല ഇപ്പോൾ…
ദേവകി മനസ്സിൽ കരുതി..
വിദ്യയെ കണ്ടപ്പോൾ തന്നെ മേനോന്റെ മുഖം മാറി
“മോൾക്ക് സുഖമാണോ..? ”
വന്ന സ്ഥിതിക്ക് എന്തെങ്കിലും ചോദിക്കണമല്ലോ എന്നു കരുതി ദേവകി ചോദിച്ചു
“എനിക്ക് സുഖം തന്നെയാ അമ്മായി… ഏട്ടൻ ഇപ്പോൾ അവിടെ പ്രൊമോഷനൊക്കെ വാങ്ങി കമ്പനി മാനേജർ ആണ്.. എനിക്ക് യാതൊരു കുറവും ഇല്ല…എന്റെ രൂപം കണ്ടപ്പോൾ തന്നെ അമ്മായിക്ക് മനസ്സിലായി കാണുമല്ലോ…? ”
മനസിലായെന്നുള്ള അർത്ഥത്തിൽ ദേവകി തലയാട്ടി…
“ഇപ്പോൾ തന്നെ അച്ഛനും അമ്മയും നിർബന്ധിച്ചിട്ടാ എന്നെ ഡെലിവറിക്ക് ഇങ്ങോട്ട് വിട്ടത്… ഏട്ടനും എനിക്കും ഇങ്ങോട്ട് വാരാൻ തീരെ താല്പര്യമില്ല… ഇവിടുത്തെ ക്ലൈമറ്റ് ഞങ്ങൾക്ക് തീരെ പിടിക്കില്ല… ”
വിദ്യയുടെ സംസാരം കേട്ടപ്പോൾ മേനോന് ദേഷ്യം വന്നു…
ഒന്നും മിണ്ടാതെ അദ്ദേഹം ദേവകിയെ നോക്കി…
“പറഞ്ഞപോലെ ദേവേട്ടൻ എന്തിയെ? കെട്ടാതെ നടകുവാണെന്നൊക്കെ അമ്മ ഇടക്ക് പറഞ്ഞു… ഇപ്പോൾ ആർക്കാ കൃഷിക്കാരനെയൊക്കെ കെട്ടാൻ താല്പര്യം… ”
വിദ്യയുടെ സംസാരത്തിലെ പരിഹാസം ദേവകിക്ക് ഒട്ടും പിടിച്ചില്ല
“കെട്ടാതെ നടക്കുവാണെന്ന് ആര് പറഞ്ഞു… അവനും ഒരു പെൺകുട്ടിയും തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നു… കൂട്ടുകാരന്റെ പെങ്ങളാ… കുറച്ചു നാളായിട്ട് ഇഷ്ടത്തിൽ ആയിരുന്നു… പെൺകുട്ടിയുടെ പഠിത്തം കഴിയാൻ കാത്തിരുന്നതാ..
ഞങ്ങൾ ഇപ്പോൾ വന്നത് തന്നെ ദേവന്റെ മോതിരം മാറൽ ചടങ്ങ് വിളിക്കാനാ…മറ്റന്നാൾ ആണ്… ”
ദേവകി വിദ്യയെ നോക്കികൊണ്ട് തന്നെ പറഞ്ഞു…
അവളുടെ മുഖത്തെ ഭാവ വിത്യാസം കണ്ടപ്പോൾ ദേവകിക്ക് ചിരി വന്നു…
“പെണ്ണിനെ കാണാൻ എങ്ങനെ ഉണ്ട്? ”
ബാലൻ ദേവകിയോട് ചോദിച്ചു..
“അത് പറയാതിരിക്കാൻ പറ്റില്ല അളിയാ….നമ്മുടെ ആരുടെയും കുടുംബത്തിൽ കാണില്ല ഇത്രയും ഐശ്വര്യം ഉള്ള പെൺകുട്ടി…സൗന്ദര്യത്തിൽ ദയയൊന്നും ഒന്നുമല്ല…. തറവാടും കൊള്ളാം… നമ്മളെക്കാൾ മികച്ചത് തന്നെയാണ്.. ”
ദേവകിയോടുള്ള ചോദ്യത്തിന് മേനോൻ മറുപടി കൊടുത്തു…
“ദേവനുമായി നല്ല ചേർച്ചയാ വനജേ… ആ കുട്ടിക്ക് വിദേശത്തെ ജോലിക്കാരുടെ ആലോചനകൾ ഒരുപാട് വന്നതാ… അതൊന്നും ഇഷ്ടപ്പെട്ടില്ല… അവരെ കുറ്റം പറയാൻ പറ്റില്ല ഇപ്പോഴത്തെ സാഹചര്യം അതാണല്ലോ… വിദേശത്തെ ജോലിക്കൊന്നും ഇപ്പോൾ ഒരു ഉറപ്പുമില്ല.. എപ്പോൾ വേണമെങ്കിലും നാടിലോട്ടു തിരിച്ചു വരാം…അതുകൊണ്ട് ദേവന്റെ ജോലിയൊക്കെ അവർക്കിഷ്ടപെട്ടു… കൊച്ചിന്റെ ഇഷ്ടവും നോക്കിയപ്പോൾ ഇതങ്ങു നടത്താമെന്ന് അവർ തീരുമാനിച്ചു… ”
വിദ്യക്ക് കൊള്ളുന്ന രീതിയിൽ ദേവകി പറഞ്ഞു…
വിദ്യാ ഒന്നും മിണ്ടാതെ നിന്നു.. .
“ആ ഫോൺ ഒന്നിങ്ങു തന്നെ മാഷേ… ദേവനെ വിളിക്കാനാ… ”
ദേവകി ചോദിച്ചപ്പോൾ മേനോൻ ഫോൺ കൈയ്യിൽ കൊടുത്തു..
ഫോണും വാങ്ങി ദേവകി പുറത്തേക്കിറങ്ങി…
വനജ ആ സമയത്ത് അവർക്ക് കുടിക്കാൻ വെള്ളം കൊണ്ടുവന്നു…
മേനോനും ബാലനും തമ്മിൽ വിശേഷങ്ങൾ പങ്കുവെച്ചു ഇരുന്നു…
ദേവകി ഫോണുമായിട്ട് അകത്തേക്ക് കയറി വന്നു…
“ദേവൻ മോതിരം വാങ്ങാൻ പോയതാ… ഇപ്പോൾ വരും… ”
ദേവകി ബാലനോടായിട്ട് പറഞ്ഞു…
അവർ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ദേവൻ കയറി വന്നു
“മോനേ ദേവാ…. വാ ഇരിക്ക്… ”
ബാലൻ സ്നേഹത്തോടെ അവനെ വിളിച്ചു..
ദേവൻ അമ്മയുടെ അടുത്തേക്ക് ഇരുന്നു…
വിദ്യ നിൽക്കുന്നത് ദേവൻ കണ്ടെങ്കിലും മൈൻഡ് ചെയ്യാതെ അമ്മാവനോടും അമ്മായിയോടും വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു…
“ദേവകി നമുക്കിറങ്ങാം? ”
മേനോൻ ദേവകിയോട് ചോദിച്ചു..
“എങ്കിൽ ഞങ്ങൾ ഇറങ്ങട്ടെ.. ഏട്ടാ വനജയേം കൂട്ടി മറ്റന്നാൾ ചടങ്ങിന് എത്തണം..കുഞ്ഞുങ്ങളെ അനുഗ്രഹിക്കണം… ”
ദേവകി ബാലനോട് പറഞ്ഞു… പുറത്തേക്കിറങ്ങിയപ്പോൾ
ബാലനും മേനോനും എന്തൊക്കെയോ സംസാരിച്ചു കൊണ്ട് മാറി നിന്നു…
വനജയും ദേവകിയും മുറ്റത്തു നിൽക്കുന്ന ചെടികളുടെ വിശേഷണങ്ങൾ പറഞ്ഞുകൊണ്ട് നിന്നു ..
വിദ്യ ആരെയും മൈൻഡ് ചെയ്യാതെ നിൽക്കുന്നത് കണ്ടപ്പോൾ ദേവൻ പതുക്കെ അവളുടെ അടുത്തേക്ക് ചെന്നു…
“വിദ്യാ…. നിന്നോട് ഈ ജന്മം ഞാൻ കടപ്പാടുള്ളവൻ ആയിരിക്കും.. ”
എന്തിനെന്ന അർത്ഥത്തിൽ അവൾ ദേവനെ നോക്കി…
“നീ എങ്ങാനും എന്റെ തലയിൽ കയറിയിരുന്നെങ്കിൽ ഈ കോലവും ചുമന്ന് ഞാൻ നടക്കേണ്ടി വന്നേനെ… അതിൽ നിന്ന് എന്നെ നീ രക്ഷപെടുത്തിയതിന് …..എനിക്ക് ചേരുന്ന പെണ്ണിനെ കണ്ടു പിടിക്കാൻ അവസരം തന്നതിന് ”
വിദ്യയോട് അത്രയും പറഞ്ഞു അവൻ വണ്ടിയുടെ അടുത്തേക്ക് പോയി….
പോകുന്ന വഴിയിൽ അവൻ അമ്മയെ നോക്കി കണ്ണടച്ചു കാണിച്ചു… ദേവകി അപ്പോൾ ചിരിച്ചു കൊണ്ട് വിദ്യയെ നോക്കി…..
തുടരും

by