രചന – അനീഷ ആകാശ്
ഭദ്രയുടെ കൈവിരലുകൾ തന്റെ വിരലിൽ കൊണ്ടപ്പോൾ ദേവൻ പെട്ടെന്ന് അവളെ നോക്കി…മനസ്സിൽ തോന്നിയ എന്തോ ഒരു വികാരം അതെന്താണെന്നും ദേവന് മനസിലായില്ല…ചിന്തകൾക്കൊപ്പം അവന്റെ കണ്ണുകൾ ഭദ്രയുടെ മുഖത്ത് തന്നെ നോക്കിയിരുന്നു.. തന്റെ കൈകൾ വിറക്കുന്നതായി തോന്നിയപ്പോൾ ദേവൻ പെട്ടെന്ന് കൈകളിലേക്ക് നോക്കി…. ഭദ്ര മോതിരം ഇടുന്നതിന്റെ വിറയലാണ് തനിക്ക് അനുഭവപ്പെട്ടത്….
അവളുടെ വിറയൽ കണ്ടപ്പോൾ ദേവന് ചിരി വന്നു… ഒരുവിധത്തിൽ അവൾ ദേവന്റെ വിരലിൽ മോതിരം കയറ്റി… “ഇനി നമുക്ക് ഡേറ്റ് നോക്കാം അല്ലേ മേനോനെ? “രാഘവമേനോൻ മോതിരം മാറിയ ഉടൻ ചോദിച്ചു.അതിനെന്താ കുറിക്കാം… അടുത്ത മുഹൂർത്തം തന്നെ നോക്കാം അല്ലേ? “മേനോൻ രാഘവമേനോനെ നോക്കി ചോദിച്ചു.. “അത് തന്നെയാ എന്റേം അഭിപ്രായം… ജോത്സ്യരെ നമുക്ക് അടുത്ത നല്ലൊരു മുഹൂർത്തം നോക്കാം…രാഘവമേനോൻ വന്നിരിക്കുന്ന ജോത്സ്യനോടായി പറഞ്ഞു.. “ഇത് മകരം അല്ലേ… മേടത്തിലോട്ട് നോക്കാം എന്തേ? “ജ്യോൽസ്യൻ രണ്ടുപേരോടുമായി ചോദിച്ചു.. “അത്രയും നീണ്ടുപോകണ്ട ദേവന്റെ ജന്മനാളാണ് മേടം… മീനത്തിലെ നല്ലൊരു മുഹൂർത്തം നോക്കി പറയുമോ? “മേനോൻ ചോദിച്ചു… “മീനത്തിൽ മുഹൂർത്തം ഉണ്ട്… പക്ഷേ അത് ഒരുപാട് അടുത്ത് പോകില്ലേ…? “ജ്യോൽസ്യൻ രണ്ടുപേരോടുമായി പറഞ്ഞു
“അത് സാരമില്ല… ഞങ്ങൾക്ക് എത്രയും പെട്ടെന്ന് നടക്കുന്നതാണ് സന്തോഷം.. “രാഘവമേനോൻ മേനോനെ നോക്കി പറഞ്ഞു.. “എങ്കിൽ കുഴപ്പമില്ല… മീനം ഒന്ന് ഉണ്ട്… നല്ല മുഹൂർത്തം ആണ്… വിരോധമില്ലെങ്കിൽ നമുക്ക് സമയം കുറിക്കാം…രണ്ടുപേരുടെയും അഭിപ്രായം അറിയാൻ ജ്യോൽസ്യൻ പറഞ്ഞു “എന്താ രാഘവമേനോനെ നമ്മുക്കത് തീരുമാനിക്കാം? ഒരുമാസം ഉണ്ടല്ലോ…”അതിനെന്താ… ഞങ്ങൾക്കും സമ്മതം തന്നെയാ… ഇനി കുട്ടികൾക്ക് എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കിൽ പറയട്ടെ… “രാഘവമേനോൻ ദേവനെയും ഭദ്രയേയും നോക്കികൊണ്ട് പറഞ്ഞു… രണ്ടുപേർക്കും സമ്മതമെന്ന് പറഞ്ഞപ്പോൾ ജ്യോൽസ്യൻ സമയം കുറിച്ചു…”മീനം ഒന്ന് വ്യാഴം രാവിലെ പത്ത് മുപ്പത്തി അഞ്ചിനും പതിനൊന്നു മണിക്കും ഇടയിൽ നല്ലൊരു മുഹൂർത്തം ഉണ്ട്… അതങ്ങ് കുറിക്കട്ടെ… “ജ്യോൽസ്യൻ രണ്ട് പേരോടും ചോദിച്ചു… “ആയിക്കോട്ടെ… “മേനോൻ മറുപടി കൊടുത്തു…
ജ്യോൽസ്യൻ കല്യാണത്തിനുള്ള കുറി എഴുതി മേനോന്റെ കൈയ്യിൽ കൊടുത്തു “ഇനി രണ്ടുപേരും ജാതകം കൈമാറി കൊള്ളുക “ജ്യോൽസ്യൻ പറഞ്ഞപ്പോൾ ജാതകങ്ങൾ മേനോനും രാഘവമേനോനും കൈമാറി.. “ഇനി കുറി വായിക്കാം എല്ലാവരും കേട്ടുകൊള്ളുക…””മംഗലത്തു വീട്ടിൽ മേനോന്റെയും ദേവകിയുടെയും പുത്രൻ ദേവൻ അനിഴം നക്ഷത്രം.. ശ്രീനന്ദത്ത് വീട്ടിൽ രാഘവമേനോന്റെയും സാവിത്രിയുടെയും പുത്രി ഭദ്രശ്രീ കാർത്തിക നക്ഷത്രം തമ്മിലുള്ള വിവാഹം മീനം ഒന്നിന് പത്തരക്കും പതിനൊന്നിനും ഇടക്കുള്ള മുഹൂർത്തത്തിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നു…”ജ്യോൽസ്യൻ ഉറക്കെ വായിച്ചു… അതുകേട്ടപ്പോൾ ധ്യാനിനും ദയക്കും സന്തോഷമായി… ഒരുമാസത്തിനുള്ളിൽ തങ്ങളുടെ വീട്ടിൽ ഒരു അംഗം കൂടി എത്തുന്നു… അതും ഒരിക്കലും നടക്കില്ലാ എന്നു കരുതിയ കല്യാണം നടക്കാൻ പോകുന്നത് ഓർത്തപ്പോൾ അവരുടെ സന്തോഷം ഇരട്ടിച്ചു…
“എന്താ മേനോനെ നമുക്കപ്പോൾ ഒരുക്കങ്ങൾ തുടങ്ങാം അല്ലേ…? “രഘവമേനോൻ ചോദിച്ചു.. “പിന്നല്ലാതെ…. കല്യാണം നമുക്ക് ആർഭാടമായി തന്നെ നടത്തണം… അതിൽ ഒരു കുറവും വരുത്തണ്ട അല്ലേ…? “മേനോന്റെ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു… കഴിക്കാൻ ഇരുന്നപ്പോൾ ദയ വന്നു ഭദ്രയെ വിളിച്ചു… അവളുടെ ഒപ്പം ഇരുന്നപ്പോഴാണ് തന്റെ അപ്പുറത്ത് ഇരിക്കുന്നത് ദേവേട്ടനാണെന്ന് മനസിലായത്….. എന്ത് ചെയ്യണമെന്ന് അറിയാതെ ഇരുന്നപ്പോഴാണ് മഹി അടുത്തേക്ക് വന്നത്… അളിയാ നീ സാമ്പാറൊക്കെ വരുമ്പോൾ ഒന്ന് ശ്രദ്ധിച്ചിരിക്കണം ഇവളുടെ ഹോബി നിനക്ക് അറിയാമല്ലോ… “ദേവനോടായിട്ട് പറഞ്ഞപ്പോൾ ഭദ്ര മഹിയുടെ കാലിനിട്ടൊരു ചവിട്ട് കൊടുത്തു… ദേവൻ ചിരിച്ചുകൊണ്ട് അവളെ നോക്കി…
ദേവന്റെ ചിരി കണ്ടപ്പോൾ ഭദ്രക്ക് അത്ഭുതമായി..ഈ മനുഷ്യൻ ചിരിക്കുമോ…. അവൾ മനസ്സിൽ ഓർത്തു… കഴിക്കാൻ ഒപ്പം ഇരുന്നതല്ലാതെ ഒന്നും തന്നെ പരസ്പരം അവർ മിണ്ടിയില്ല… ദേവനെ പലവട്ടം ഇടങ്കണ്ണിട്ട് ഭദ്ര നോക്കിയതല്ലാതെ ദേവന്റെ ഭാഗത്തു നിന്ന് ഒരു റെസ്പോൺസും ഉണ്ടായില്ല… ഒരു കൂട്ട് കിട്ടിയപോലെ ഭദ്രയോട് ദയ വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു…എന്റെ മോളെ നീ ഒന്ന് കുറച്ചു നേരം ഭദ്രക്ക് റസ്റ്റ് കൊടുക്ക്… നമ്മുടെ വീട്ടിലോട്ടല്ലേ വരുന്നത്…. അപ്പോഴും എന്തെങ്കിലും പറയാൻ വേണ്ടേ… “ദേവകി ദയയെ അടക്കി ഇരുത്താൻ ശ്രെമിച്ചു…. “എന്റമ്മേ ഇപ്പോഴാ എനിക്ക് ഒരു കൂട്ട് കിട്ടിയത്… ഇതുവരെ ദേ ഇതു പോലുള്ള രണ്ട് കാട്ടാളന്മാരുടെ ഇടയിൽ ഒറ്റക്ക് കിടന്ന് പോരടുവല്ലായിരുന്നോ… “ദേവനെ ചൂണ്ടി കാണിച്ചുകൊണ്ട് അവൾ പറഞ്ഞു കാട്ടാളൻ….. കൊള്ളാം അപ്പോൾ ഞാൻ മാത്രമല്ല അങ്ങനെ വിളിക്കുന്നത് .. ദയയുടെ വർത്തമാനം കേട്ടപ്പോൾ ഭദ്ര മനസിൽ കരുതി…
ഒരിക്കൽ പോലും ദേവേട്ടൻ തന്നെ നോക്കാത്തതിൽ ഭദ്രക്ക് വിഷമം ഉണ്ടായിരുന്നു.. മഹി ഇടക്ക് വന്ന് കളിയാകുമ്പോൾ ചിരിക്കുമെങ്കിലും ദേവൻ ഭദ്രയെ ഒന്ന് നോക്കുകപോലും ചെയ്തില്ല… ഭക്ഷണം കഴിച്ച് കഴിഞ്ഞ് എല്ലാവരും പോകാൻ റെഡിയായി… അപ്പോൾ നമുക്ക് ഒരുക്കങ്ങളൊക്കെ തുടങ്ങാം.അല്ലേ രാഘവാ… “മേനോൻ ചോദിച്ചു…
“തുടങ്ങാം…. കുറി അടിക്കാൻ നാളെ തന്നെ കൊടുക്കാം… ഈ ആഴ്ച്ച തന്നെ വിളി തുടങ്ങണം… ഇനി ഒരുപാട് ടൈം ഇല്ലല്ലോ… “രഘവമേനോൻ പറഞ്ഞിട്ട് മേനോനെ നോക്കി… ദേവൻ ഒന്നും മിണ്ടാതെ നിന്നതേ ഉള്ളൂ… സാവിത്രിയും ദേവകിയും വിശേഷങ്ങളൊക്കെ പറഞ്ഞു നിൽക്കുകയായിരുന്നു… ധ്യാനും മഹിയുമെല്ലാം തമാശകൾ പറഞ്ഞിരുന്നു… ഭദ്ര ഒന്നും മിണ്ടാതെ തൂണിൽ പിടിച്ച് നിന്നു…
ദേവനെ ഇടക്കിടക്ക് നോക്കുന്നുണ്ടെങ്കിലും ദേവൻ ഒരു മൈൻഡും കൊടുത്തില്ല… പുറത്തേക്ക് നോക്കി നിന്നതല്ലാതെ അവളെ നോക്കിയതേ ഇല്ല… പോകാൻ നേരം എല്ലാവരും വന്ന് ഭദ്രയോട് യാത്ര പറഞ്ഞു.. ദേവകിയും ദയയും യാത്ര പറഞ്ഞിട്ട് കാറിലേക്ക് കയറി… ദേവൻ ഒന്നും മിണ്ടാതെ വണ്ടിയിൽ കയറി ഇരുന്നു… പോകാൻ നേരം ഭദ്ര കാറിലേക്ക് നോക്കിയെങ്കിലും ദേവൻ വണ്ടി റിവേഴ്‌സ് എടുക്കുന്ന തിരക്കിൽ ആയിരുന്നു…
മ്രാഘവമേനോനും സാവിത്രിയും മഹിയും അവരുടെ കാറിന്റെ അടുക്കൽ വരെ ചെന്നു… വിഷമത്തോടെ ആണെങ്കിലും ഭദ്ര വണ്ടിക്കുള്ളിലേക്ക് നോക്കി ദയയെ കൈ കാണിച്ചു… വണ്ടി നീങ്ങിയപ്പോഴാണ് സൈഡ് മിററിൽകൂടി തന്നെ നോക്കുന്ന രണ്ട് കണ്ണുകൾ അവൾ കണ്ടത്…. ആ നോട്ടം മതിയാരുന്നു ഭദ്രക്ക് ഉള്ളിൽ ഉണ്ടായിരുന്ന വിഷമങ്ങളൊക്കെ മാറാൻ…
വണ്ടി അകന്ന് പോകും തോറും ആ കണ്ണുകൾ തന്നെ തന്നെ നോക്കുന്നത് കണ്ടപ്പോൾ തുള്ളിചാടണമെന്ന് തോന്നി അവൾക്ക്… വന്നവരെല്ലാം പോയി കഴിഞ്ഞപ്പോൾ അവൾ റൂമിൽ കയറി ഫ്രഷായി… ക്ഷീണം മാറ്റാൻ കിടന്നപ്പോഴാണ് തന്റെ വിരലിൽ കിടക്കുന്ന മോതിരം ശ്രദ്ധിച്ചത്… ദേവൻ… ആ സ്വർണ ലിപികളുടെ തിളക്കം അവളുടെ മനസ്സിൽ ഒരു കുളിർമഴ പെയ്യിച്ചു.. ദേവേട്ടന്റെ പെണ്ണെന്നുള്ള തെളിവാണ് തന്റെ വിരലിൽ കിടക്കുന്നത്…
ഓരോന്ന് ആലോജിച്ച് കിടന്നപ്പോഴാണ് പെട്ടെന്ന് ദേവൻ അമ്പലത്തിൽ വെച്ച് തന്നോട് പറഞ്ഞ കാര്യങ്ങൾ ഓർത്തത്… അതോർത്തപ്പോൾ അവളുടെ ഉള്ളിൽ ഒരു നീറ്റൽ അനുഭവപെട്ടു… ഞാനിപ്പോൾ സ്നേഹിക്കുന്ന ദേവേട്ടന്റെ മനസ്സിൽ തന്നെക്കാൾ മുന്നേ ഒരു പെണ്ണ് സ്ഥാനം പിടിച്ചിരിക്കുന്നു… ആ സ്ഥാനത്ത് മറ്റൊരു പെണ്ണിനെ കാണാൻ പറ്റില്ലെന്ന് പറഞ്ഞ ദേവേട്ടൻ എങ്ങനെ തന്നെ സ്നേഹിക്കും…ഈ മോതിരം പോലും ദേവേട്ടൻ ഇഷ്ടത്തോടെ ആകുമോ ഇട്ടത്…?
ഓരോന്ന് ആലോജിച്ചപ്പോൽ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു… ദേവേട്ടനോട് ഒന്ന് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ… മനസ്സിലെ ആഗ്രഹം ആരോട് പറയുമെന്ന് ആലോജിച്ച് ഇരുന്നപ്പോഴാണ് ദേഹേണക്കാരോട് സംസാരിക്കുന്ന മഹിയുടെ സൗണ്ട് കേട്ടത്… പിന്നെ ഒന്നും ആലോജിക്കാതെ തന്നെ അവൾ മഹിയുടെ അടുത്തേക്ക് ഓടി… മഹിയുടെ അടുത്ത് പോയി നിന്നപ്പോൾ തന്നെ അവൾക്ക് ചങ്കിടിപ്പ് കൂടി… തന്റെ ആവിശ്യം കേൾക്കുമ്പോൾ തന്നെ ചിലപ്പോൾ ഓടിച്ചെന്ന് വരാം.. അതുമല്ലെങ്കിൽ നല്ല വഴക്കും പറഞ്ഞെന്ന് വരാം…. “എന്താടി പോത്തേ വന്ന് നിന്ന് ആലോജിക്കുന്നത്? “മഹിയുടെ സൗണ്ട് കേട്ടപ്പോഴാണ് ഭദ്രക്ക് സ്വാബോധം വന്നത്…പറയാൻ വന്ന കാര്യം ഈ ചൂടനോട് പറയണോ എന്ന് ഒന്നുകൂടി അവൾ ആലോജിച്ചു…
“നീ ഇപ്പോഴേ സ്വപ്നം കാണുവാണോ? “മഹി വീണ്ടും ചോദിച്ചു.. സ്വപനം കാണുവല്ല… എനിക്കൊരു കാര്യം പറയാനാ… “”എന്താടി? “സാധനങ്ങൾ അടുക്കുന്നതിനിടയിൽ മഹി ചോദിച്ചു.. “അതേ എനിക്ക് ദേവേട്ടനെ ഒന്ന് വിളിച്ച് തരുമോ? “ഒന്നും ആലോജിക്കാതെ അവൾ പെട്ടെന്ന് ചോദിച്ചു.. ചോദ്യം കേട്ടിട്ട് മഹി ഒന്നും മിണ്ടാതെ അവളെ നോക്കി… എന്തിനാ അവനെ വിളിക്കുന്നത്? ”
അതൊരു കാര്യം ചോദിക്കാനാ..? “എന്ത് കാര്യം? “മഹി ഗൗരവത്തോടെ ചോദിച്ചു “അതൊക്കെ ഉണ്ട്.. വിളിച്ചു തരാൻ പറ്റുമോ ഇല്ലയോ…? “അവളും ദേഷ്യത്തോടെ തന്നെ ചോദിച്ചു.. ഇപ്പോൾ പറ്റില്ല…. എന്തുണ്ടെങ്കിലും ഒരു മാസം കഴിഞ്ഞിട്ട് വിശദമായി ചോദിക്കാം … അതുമതി… “മഹി പറഞ്ഞിട്ട് പോകാൻ തിരിഞ്ഞു ..
“മഹിയേട്ടാ…. പ്ലീസ്…. പ്ലീസ്… ”ഭദ്ര കെഞ്ചിക്കൊണ്ട് പറഞ്ഞു… “മാളു വേണ്ട അത് ശെരിയല്ല…. അവൻ ഇങ്ങോട്ട് വിളിക്കുന്നത് പോലെ അല്ല നീ അങ്ങോട്ട് വിളിക്കുന്നത്…. “അതിന് ദേവേട്ടൻ ഇങ്ങോട്ട് വിളിക്കുമെന്ന് മഹിയേട്ടന് തോന്നുന്നുണ്ടോ? “”അത് തന്നെയാ ഞാനും പറഞ്ഞത്… അവൻ ഇങ്ങോട്ട് വിളിക്കാതെ നീ അങ്ങോട്ട് വിളിക്കുന്നത് മോശമാണെന്ന്… “മഹി കാര്യങ്ങൾ വ്യക്തമാക്കി പറഞ്ഞു ഇനിയും മഹിയോട് ചോദിക്കുന്നതിൽ കാര്യമില്ലെന്ന് മനസ്സിലായത് കൊണ്ട് അവൾ പിന്നെ ചോദിക്കാൻ നിന്നില്ലാ… റൂമിൽ തിരികെ വന്നു കിടന്നു….
*****************************
വീട്ടിലെത്തിയ ഉടൻ ദയയും ദേവകിയും മേനോനും കൂടി അതിഥികളെയെല്ലാം യാത്ര ആക്കുന്നതിന്റെ തിരക്കിൽ ആയിരുന്നു…. ദേവൻ ഫ്രഷാകാൻ റൂമിലേക്ക് പോയി… കുളികഴിഞ്ഞു വന്നപ്പോഴാണ് മഹിയെ വിളിച്ച് എത്തിയ കാര്യം പറഞ്ഞില്ലെന്ന് ഓർത്തത്… മഹിയുടെ ഫോണിലേക്ക് വിളിച്ചെങ്കിലും ആരും കോൾ അറ്റൻഡ് ചെയ്തില്ല…ഫോൺ കട്ടാക്കിയിട്ട് ദേവൻ താഴേക്ക് ചെന്നു… “മോനേ.. നിനക്ക് വിളിക്കാനുള്ളവരുടെ ലിസ്റ്റ് ഇന്ന് തരണം .. നാളെ പോയി കുറി അടിക്കാൻ കൊടുക്കണം അപ്പോൾ എത്രയെണ്ണം വേണമെന്ന് അറിയണമല്ലോ… “മേനോൻ ദേവനെ കണ്ടപ്പോൾ പറഞ്ഞു…
“ഞാൻ ഇന്ന് തരാം അച്‌ഛാ… ഇപ്പോൾ ജയന്റേം ടോമിയുടേം കൂടെ പുറത്തേക്ക് പോകുവാ.. വന്നിട്ട് എഴുതി തരാം… “ദേവൻ അച്ഛനോടായിട്ട് പറഞ്ഞിട്ട് പുറത്തേക്കിറങ്ങി… ദേവൻ പോകുന്നതും നോക്കി നിന്നപ്പോഴാണ് ദേവകി മേനോന്റെ അടുത്തേക്ക് വന്നത്… അതേ… ഏട്ടൻ വിളിച്ചായിരുന്നു…. വിദ്യയുമായി അവർ ഹോസ്പിറ്റലിൽ പോയത് കൊണ്ടാണ് വരാഞ്ഞതെന്ന്….. അവൾക്ക് പെയിൻ ഉണ്ടായെന്ന്… “ദേവകി അത് പറഞ്ഞപ്പോൾ മേനോൻ ഒന്നും പറയാതെ കസേരയിലേക്ക് ചാരി കിടന്നു..
“താൻ അവളുടെ കാര്യം പറയാതെ നമ്മുടെ മോളുടെ കാര്യം പറ… “”ദയയെ പറ്റി എന്ത് പറയാനാ…? “സംശയത്തോടെ ദേവകി ചോദിച്ചു “ദയ മാത്രമാണോ തന്റെ മകൾ? ഭദ്രയും തന്റെ മകൾ തന്നെയല്ലേ…? “അയ്യോ ഞാൻ അങ്ങനെ പറഞ്ഞതല്ല…. “ദേവകി വിഷമത്തോടെ പറഞ്ഞു.. “നമുക്ക് ഇനി രണ്ട് പെണ്മക്കൾ ഉണ്ട്… വന്നു കേറുന്ന കുട്ടിയേയും നമ്മുടെ ദയയെ പോലെ തന്നെ കാണണം… “മേനോൻ ദേവകിയെ ഉപദേശിച്ചു…
******************************
ഒരു സമാധാനവും ഇല്ലാതെ ഇരുന്നപ്പോൾ ഭദ്ര പുറത്തേക്കിറങ്ങി… ദേവേട്ടനോട് എങ്ങനെ ഒന്ന് സംസാരിക്കുമെന്ന് ആലോജിച്ച് ഇരുന്നപ്പോഴാണ് മുത്തശ്ശി വന്ന് അടുത്ത് ഇരുന്നത്… “എന്താ എന്റെ കുട്ടി ആലോജിക്കുന്നത്? “ഒന്നുമില്ല മുത്തശ്ശി…മഹിയേട്ടനെ കണ്ടോ? “”മഹി വാടകക്ക് എടുത്ത സാധനങ്ങൾ കൊടുക്കാൻ പോയി… എന്തേ അവനെ തിരക്കാൻ…?. “”ഒന്നുമില്ല മുത്തശ്ശി…മഹിയേട്ടനെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല… അതാ… “അവന്റെ ഫോൺ ഇവിടെ ഉണ്ടല്ലോ… കറണ്ടില്ലെന്നോ എന്തോ പറഞ്ഞിട്ട് അവിടെ കുത്തി ഇട്ടിട്ടുണ്ട്… “”മഹിയെട്ടന്റെ ഫോൺ ഇവിടുണ്ടോ…?”മുത്തശ്ശിയോട് ചോദിച്ചിട്ട് അവൾ ഫോൺ എടുക്കാൻ പോയി…
നേരാ ചാർജ് ചെയ്യാൻ ടേബിളിൽ വെച്ചിട്ടുണ്ട്…മഹിയെട്ടന്റെ ഫോണിൽ ദേവേട്ടന്റെ നമ്പർ കാണുമല്ലോ…അതോർത്തപ്പോൾ അവൾ ഫോൺ ഓൺ ആക്കി… പാസ്സ് വേർഡ് ചോദിച്ചിരിക്കുന്നു…. ഈശ്വരാ ഈ ദുഷ്ടൻ പാസ്സ് വേർഡ് ഇട്ടിരുക്കുവാനോ….. അതാലോജിച്ച് ഇരുന്നപ്പോഴാണ് കയ്യിലിരുന്ന ഫോൺ റിംഗ് ചെയ്‌തത്… ഡിസ്‌പ്ലേയിലെ നെയിം കണ്ടപ്പോൾ അവൾക്ക് സന്തോഷമായി… ദേവേട്ടൻ… തേടിയ വള്ളി കാലിൽ ചുറ്റിയെന്ന് പറയുന്നപോലെ ഉണ്ട്… അവൾ ആദ്യം എടുക്കാൻ മടിച്ചെങ്കിലും പതിയെ നീല ഐക്കണിൽ വിരൽ അമർത്തി ചെവിയിൽ വെച്ചു ……തുടരും

by