15/02/2026

വധു : ഭാഗം 10

രചന – ആയിഷ അക്ബർ

അവൻ തന്നിൽ നിന്നും മുഖം തിരിച്ചു കിടന്നുറങ്ങുന്നതും നോക്കി അവളല്പ നേരമങ്ങനെ നിന്നു….

ഇല്ലാ…. താൻ കിടക്കേണ്ടതിനെ കുറിച് അവൻ പറഞ്ഞില്ല….

അവനോട് ചോദിക്കണോ….

അവന്റെ ദേഷ്യപ്പെട്ടുള്ള മുഖം ഓർത്തപ്പോൾ തന്നെ അവൾക്ക് ചോദിക്കാനുള്ള ധൈര്യം മുഴുവൻ ചോർന്നു പോയിരുന്നു…..

അവൾ കട്ടിലിനു താഴെ യായി പതിയേ പോയിരുന്നു….

അവൻ ഉറങ്ങിയെന്നു തോന്നുന്നു…..
പതിവിലും ഉയർന്നൊരു ശ്വാസോച്വാസം കേൾക്കാം…..

അവൾ കാലിൽ മുഖമമർത്തി അല്പ നേരം അങ്ങനെ ഇരുന്നു….

ശേഷം പതിയേ ആ തറയിലേക്ക് കിടന്നു….

ചുവന്ന കാവിയിട്ട ആ തറക്ക് നല്ല തണുപ്പുണ്ടായിരുന്നു…..

എങ്കിലും ആ മുറിയിൽ അവനുള്ളത് കൊണ്ട് തന്നെ ധൈര്യത്തോടെ കിടക്കാമായിരുന്നു…..

ഭയം തൊട്ട് തീണ്ടാതെ ആ രാത്രിയെന്നുറങ്ങാൻ അവൾക്ക് ഏറെ കോതി തോന്നി….

അവൾ ആ നിലത്തു കിടന്നതും നിദ്ര അവളെ വാരിപ്പുണർന്നിരുന്നു….

ഒരുറക്കം കഴിഞ്ഞ് എഴുന്നേറ്റ് വെള്ളം കുടിക്കുക പതിവുള്ളത് കൊണ്ട് തന്നെ അവൻ ഉറക്കത്തിൽ നിന്നും യാന്ത്രികമായി എഴുന്നേറ്റു….

മേശ മേൽ വെച്ച ജഗ്ഗെ ടുത്ത് വായിലേക്ക് കമിഴ്ത്തി തിരിഞ്ഞപ്പോഴാണ് ജനലിലൂടെ വരുന്ന പുറത്തെ വെളിച്ചത്തിൽ തറയിൽ കിടക്കുന്നവളെ അവൻ കാണുന്നത്…..

വായിലുള്ള വെള്ളം അവൻ ഇറക്കി കൊണ്ട് ഒന്ന് കൂടി അവളെ നോക്കി…

ശേഷം തറയിലൊന്ന് അമർത്തി ചവിട്ടി നോക്കി….

തറ വല്ലാതെ തണുത്തുറഞ്ഞിട്ടുണ്ട്….

എന്തോ ഒരു പ്രയാസം അവനിൽ നിറയുന്നത് പോലെ…..

അവൻ അവളെ മനഃപൂർവം അവഗണിച്ചു കൊണ്ട് കിടന്നു….

എന്നാൽ ഉറക്കം വരുന്നില്ല….

ആ തറയിലെ തണുപ്പ് തന്റെ ദേഹത്താകെ പൊതിഞ്ഞത് പോലെ….

തന്റെ ഹൃദയത്തിൽ വല്ലാത്തൊരു അസ്വസ്ഥത നിറയുന്നത് പോലെ…

അവൻ വീണ്ടുമൊന്നെഴുന്നേറ്റിരുന്നു…..

ഒന്ന് കൂടി അവളെ നോക്കി…

അപ്പോഴും അവളെ വിളിക്കാനൊരു മടി….

അവളങ്ങനെ കിടക്കുന്നിടത്തോളം തനിക്കുറക്കം വരില്ലെന്നത് സത്യമാണ്….

എന്ത് ചെയ്യും….

അവൻ രണ്ടും കല്പ്പിച്ചു അവളെ വിളിക്കാൻ തന്നെ തീരുമാനിച്ചു…..

അവന്റെ ഹൃസയമീടിപ്പ് കൂടി…..

അവളുടേ മുന്പിൽ താൻ താഴ്ന്നു പോകുമോയെന്നൊരു ചിന്ത അവനിൽ നിറഞ്ഞെങ്കിൽ കൂടി അസ്വസ്ഥത തന്നെ ഉറക്കത്തിനു വിട്ട് കൊടുക്കില്ലെന്ന് അവനുറപ്പുള്ളത് കൊണ്ട് തന്നെ പതിയെ അവൾ കിടക്കുന്നതിന്റെ അരികിലായി ചെന്നിരുന്നു…..

അതേയ്…..
ആ വിളിയിൽ അങ്ങേയറ്റം ഗൗരവം കലർന്നിരുന്നു…

അവൾ വിളി കേട്ടില്ല….

അതേയ്….

അവൻ ഒന്ന് കൂടി വിളിച്ചു…
അപ്പോഴേക്കും ആ ശബ്ദം ഒന്ന് നേർത്തിരുന്നു….

അപ്പോഴും അവളെഴുന്നേറ്റില്ല….

അതേയ്…..

അവൻ പതിയേ കൈ അവളുടേ കയ്യിനു മേൽ വെച്ചു കൊണ്ട് വീണ്ടും വിളിച്ചു….

അവൾ ഒന്നനങ്ങി….

അവൻ അവന്റെ കൈ പിൻ വലിക്കാൻ തുടങ്ങിയതും തന്റെ കയ്യവൾ കൂട്ടി പിടിച്ചതും ഒരുമിച്ചായിരുന്നു…..

തന്റെ കയ്യിന്റെ ചൂടവൾ ചേർത്ത് പിടിച്ചു വീണ്ടും ഉറക്കമാണ്…..

ഇത്രയൊക്കെ വിളിച്ചിട്ടും ഒരാൾ അറിയാതിരിക്കുമോ….

അറിഞ്ഞിരുന്നെങ്കിൽ ചാടി എഴുന്നേറ്റൊരു പക്ഷെ തത്ത ചിലക്കും പോലെ എന്തെങ്കിലുമൊക്കെ ചിലച്ചു തുടങ്ങിയേനെ…..

അതും താനിഷ്ടപ്പെട്ടു തുടങ്ങിയോ….
അവനൊരു സംശയം തോന്നി….

അറിഞ്ഞിട്ടുണ്ടാവില്ലെന്ന് അവനൂഹിച്ചു…..

അവൻ അവളുടേ കൈ പതിയേ വിടുവിച്ചു എഴുന്നേൽക്കാനൊരുങ്ങി….

അപ്പോഴാണ് അവളുടേ വിറയലിന്റെ ശബ്ധം അവന് കേൾക്കാൻ കഴിഞ്ഞത്…..
ചുവപ്പ് നിറത്തിലുള്ള ആ അധരങ്ങൾ ഒരു താളത്തോടെ കൂട്ടി മുട്ടുന്നു…..

പിന്നീടവനൊന്നും നോക്കിയില്ല….

ഇരു കൈകൾ കൊണ്ടും അവളെ കോരിയെടുക്കുക യായിരുന്നു…..

ബലമേറിയ തന്റെ ശരീരത്തോട് അവളൊരു പൂച്ച കുഞ്ഞിനെ പോൽ ഒതുങ്ങി കിടന്നു….

അപ്പോഴും തണുത്തുറഞ്ഞ അവളുടേ ശരീരം തന്നിലൊരു കുറ്റ ബോധത്തിനിടം നൽകിയിരുന്നു…..

അവളെ പതിയേ അവൻ കട്ടിലിനൊരു വശത്തായി കിടത്തി…..

പുതപ്പ് അവളുടേ ദേഹത്തേക്ക് നീക്കിയിട്ട് കൊടുത്തു…..

പതിയേ അവളുടേ അധരങ്ങൾ നിശ്ചലമായി…..

ഉറങ്ങി കിടക്കുന്ന അവളുടേ രൂപം അവനല്പ നേരമങ്ങനെ നോക്കി നിന്നു…..

ഒരു കുഞ്ഞു മുഖം….
ഇളം കാറ്റിൽ പാറി കളിക്കുന്ന അവളുടേ കുഞ്ഞ് മുടി നാരിഴകൾ….

ആരോ പറഞ്ഞ് പണിയിപ്പിച്ച പോലുള്ള ഭംഗിയുള്ള മൂക്കിൻ തുമ്പ്….

നീളൻ കൺ പീലികൾ ഇളകാതെ നിൽക്കുന്നുണ്ട്….

അവന്റെ ചുണ്ടിലൊരു പുഞ്ചിരിയൂറിയിരുന്നു….
പക്ഷെ അതവനറിഞ്ഞില്ലെന്ന് മാത്രം…..

അല്ലെങ്കിലും താൻ ഒരു പെണ്ണിന് മുന്പിൽ അടി പതറിയിട്ടുണ്ടെങ്കിൽ അതവൾക്ക് മുന്പിൽ മാത്രമാണ്….

ഒരു പാട് പെൺകുട്ടികളെ കണ്ടിട്ടുണ്ട്….
അവരിലൊന്നും കാണാത്തൊരു ആകർഷനീയത തനിക്കിവളോട് തോന്നിയതെന്തെന്ന് തനിക്കിന്നുമറിയില്ല…..

അവൻ ഒരു ദീർഘ നിശ്വാസത്തോടെ കട്ടിലിന്റെ മറു വശത്തായി ചെന്നു കിടന്നു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ബാല ഞെട്ടിയാണ് ഉറക്കിൽ നിന്നെഴുന്നേറ്റത്..
നേരം അല്പം വൈകിയിട്ടുണ്ട്….

ചെറുതായി വെളിച്ചം വീണു തുടങ്ങിയിട്ടുണ്ട്….

കിളികളുടെ കല പില ശബ്ദം കാതിലേക്ക് തുളച്ചു കയറുന്നു….

അവൾ വേഗം കൊട്ടി പിടഞ്ഞെഴുന്നേറ്റിരുന്നു…

കട്ടിലിൽ നിന്നും ഇറങ്ങാൻ നേരമാണ് അവൾക്കൊരു സംശയം തോന്നിയത്….

താനെങ്ങനെ കട്ടിലിലെത്തി…

കിടക്കുമ്പോൾ തറയിലായിരുന്നല്ലോ…

ഇതുവരെ ഉറങ്ങാത്തതിന്റെ ക്ഷീണം മുഴുവൻ ഉറങ്ങി തീർത്തതുമാണ്…..

മുറിയിലൂടെ അവളൊന്ന് കണ്ണോടിച്ചു….

ഇല്ലാ…. മുറിയിൽ അവനില്ല….
താഴെ കിടന്ന താൻ കട്ടിലിലും…

എന്താണ് സംഭവിച്ചതെന്ന് ഓർത്തിരിക്കുമ്പോഴാണ് മുറിയുടെ വാതിൽ തുറന്നവൻ അകത്തേക്ക് കയറി വരുന്നത് …

ഒരു ബനിയനും പാന്റുമാണ് അവന്റെ വേഷം…..

മുഖം ഒന്നാകേ വിയർതൊലിക്കുന്നുണ്ട്….

തണുപ്പ് വിട്ട് മാറാത്ത ഈ പ്രഭാതത്തിൽ അവനിങ്ങനെ വിയർക്കണമെങ്കിൽ ജോഗിങ്ങിനു പോയി വരികയായിരിക്കുമെന്നവളൂഹിച്ചു…..

താൻ കട്ടിലിൽ കിടക്കുന്നത് കണ്ടിട്ടും അവനൊന്നും ചോദിക്കാത്തതോ പറയാത്തതോ എന്താണെന്നൊരു സംശയം അവളിൽ വന്നു….

ഞാൻ…. ഞാനെങ്ങനെ കട്ടിലിലെത്തി…..

അവൻ മേശ മേലുള്ള ജഗ് വായിലേക്ക് കമിഴ്ത്തുമ്പോഴാണ് അവൾ ധൈര്യം സംഭരിച്ചത് ചോദിച്ചത്…..

കുടിച്ചിരുന്ന വെള്ളം അവന്റെ നെറുകെയിൽ കയറി അവനൊന്നു ചുമച്ചു…..

പിന്നീട് പതിയേ അവളിലേക്കൊന്ന് നോക്കി…

തന്നെ നോക്കി നിൽപ്പാണ്… ഉത്തരത്തിനെന്ന പോൽ…

ആ … അതിനാണല്ലോ താലി കഴുത്തിൽ കെട്ടണമെന്ന് പറഞ് വാശി പിടിച്ചത്…….
അതാവുമ്പോൾ കൂടെ കയറി കിടക്കാൻ ലൈസൻസ് ആകുമല്ലോ….

ദേ….. അനാവശ്യം പറയരുത്…..

അവൻ അവളെ ചോദിപ്പിക്കാനെന്ന വണ്ണം അത് പറഞ്ഞപ്പോഴേക്കും ദേഷ്യത്താലവളതും പറഞ്ഞവന് നേരെ വിരൽ ചൂണ്ടിയിരുന്നു…..

അവൻ അവളെ ഒരു നിമിഷമൊന്ന് നോക്കി…

തന്നെ നോക്കി നിൽക്കുന്ന ആ കണ്ണുകളിൽ തീയാണ്….

പറഞ്ഞാൽ നീയെന്ത് ചെയ്യുമെടി…..

ഗൗരവത്തോടെ അതും ചോദിച്ചവൻ അവൾക്കരികിലേക്ക് അല്പം നടന്നു നീങ്ങി…….

അവൻ വരുന്നത് അവളുടേ ഹൃദയമിടിപ്പ് കൂട്ടിയിരുന്നെങ്കിൽ കൂടി അവൾ പിറകിലേക്ക് നീങ്ങിയില്ല….

അവന്റെ ശ്വാസം അവളുടേ മൂക്കിൻ തുമ്പിൽ പതിക്കുമ്പോഴും അവൾ പിറകോട്ടു നീങ്ങിയില്ല….

പറയെടി…. നീയെന്നെ എന്ത് ചെയ്യും….

അവൻ അവളുടേ കാതോരം അത് ചോദിച്ചതും അവനെ പിടിച്ചവൾ തള്ളിയതും ഒരുമിച്ചായിരുന്നു…..

പ്രതീക്ഷിക്കാതെ കിട്ടിയതായത് കൊണ്ട് തന്നെ അവൻ പിറകിലേ കട്ടിലിലേക്കിരുന്നു പോയിരുന്നു….

അവൻ ദേഷ്യത്തോടെ അവൾക്ക് നേരെ മുഖമുയർത്തി….

അപ്പോഴേക്കും അവളിൽ ഭയം ഇരച്ചു കയറി തുടങ്ങിയിരുന്നു….

തന്നെ മോശമായി പറഞ്ഞപ്പോൾ കാര്യങ്ങൾ കൈ വിട്ട് പോയതാണ്….

താൻ തള്ളിയത് ആരെയാണെന്നവളൊന്നോർത്ത് നോക്കി….

ഇവിടെ നിൽക്കുന്ന ഈ വേഷത്തെ മറന്നവൾ കോട്ടും സ്യുട്ടുമിട്ട് ആ വലിയ ഓഫീസിലെ കസേരയിലിരിക്കുന്ന അവനെ യൊന്നു ഓർത്ത് നോക്കി…..

ദേഷ്യത്താൽ ചുവന്ന അവന്റെ മുഖത്ത് നോക്കി അവളുടേ ഉള്ളം വിറച്ചിരുന്നു എങ്കിലും പുറമെയുള്ള ആ ഗൗരവത്തെ അവൾ കൈ വിട്ടില്ല….

തനിക്ക് സ്വന്തമെന്ന് പറയാൻ ആകെയുള്ളത് തന്റെ മനോധൈര്യം മാത്രമാണ്….

അതും കൂടി നഷ്ടപ്പെട്ടാൽ ഒരു പക്ഷെ ഞാൻ ഞാനല്ലാതാവും…..

പാതി ചത്ത ഞാൻ വെറുമൊരു പാവയായി മാറും…..

സായുവേട്ടാ…. വല്യമ്മാമ്മ വിളിക്കുന്നുണ്ട്…..

സതി അപ്പച്ചിയുടെ മോള് വരദ അതും പറഞ് അങ്ങോട്ട് വന്നതും അവന്റെ കണ്ണുകൾ തന്നിൽ നിന്നടർന്ന് മാറുന്നത് അവളറിഞ്ഞു….

തന്നെ ഒന്നിരുത്തി നോക്കിയ ശേഷം അവൻ താഴെക്കിറങ്ങി പോയി…

എന്തെന്നില്ലാത്തൊരു ആശ്വാസം അവളിൽ നിറഞ്ഞു നിന്നു ….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
സായു താഴെക്കിറങ്ങുമ്പോഴും അവന്റെ മാറ്റത്തെ അവന് തന്നെ ഉൾകൊള്ളാൻ കഴിഞ്ഞിരുന്നില്ല….

അവൾക്ക് മുന്പിൽ താൻ മറ്റാരോ ആയി മാറുകയാണ്….

ഇത് വരെ ആർക്ക് മുമ്പിലും ആകാതൊരു സായുവാകുകയാണ്…

അവളുടേ കിലുക്കം പോലുള്ള സംസാരവും ദേഷ്യപ്പെടുമ്പോൾ വിടരുന്ന മിഴികളും എല്ലാം താനറിയാതെ തന്നെ ആസ്വദിക്കുന്നുണ്ടോ….

തന്റെ ദേഹത്തു തൊടാൻ അവൾ ധൈര്യം കാണിച്ചിട്ടും ഒന്നും മിണ്ടാതെ താൻ പോന്നതെന്താണ്…..

അവളുടേ സ്ഥാനത് മറ്റാരായിരുന്നാലും തന്റെ പ്രതികരണം ഇങ്ങനെ ആകുമായിരുന്നില്ല….

പിന്നെന്താണ് അവളോട് മാത്രം താനിങ്ങനെ…..

ഇവിടെ നിന്ന് പോകുന്നത് വരെ മാത്രമുള്ള അവളെ തന്റെ ഹൃദയം ഇത്രയേറെ വലിച്ചടുപ്പിക്കുന്നതെന്താണ്…….

വേണ്ടാ…. ഇത് വരെ ഇല്ലാത്ത ചിന്തകളൊന്നും ഇനിയും വേണ്ടാ….

എത്രത്തോളം അവളിൽ നിന്നകന്നു നിൽക്കാൻ കഴിയുമോ അത്രയും അകന്ന് തന്നെ നിൽക്കണം…..

അത്രയും സ്വഭാവ ദൂഷ്യങ്ങളുള്ളൊരു പെണ്ണ് ഈ സ്ഥാനം പോലും അർഹിക്കുന്നില്ലായിരുന്നു..

മനഃപൂർവം അവനവളിലേക്ക് ദേഷ്യം ചൊരിഞ്ഞു……

(തുടരും)