രചന – കണ്ണന്റെ മാത്രം
ഞാൻ വേറൊരു കാര്യം ഏട്ടനോട് ചോദിക്കട്ടെ..നിധി ചോദിച്ചതും അഭി എന്താ എന്ന രീതിയിൽ അവളുടെ മുഖത്തേക്ക് നോക്കി..
ഏതാ ഏട്ടൻ സ്നേഹിക്കുന്ന ആ പെൺകുട്ടി…
നിധി അത് ചോദിച്ചതും സാവിത്രിയമ്മയും ആമിയും ഞെട്ടിപ്പോയി….
സ്നേഹിക്കുന്ന പെൺകുട്ടിയോ.. നീ എന്തൊക്കെയാ ഈ പറയുന്നത്… സാവിത്രിയമ്മ ഒന്നും മനസിലാവാതെ അവളോട് ചോദിച്ചു…
അതേ അമ്മേ.. ഏട്ടനും ഏതോ ഒരു പെണ്ണും തമ്മിൽ പ്രണയത്തിൽ ആണ്.. ആ പെണ്ണ് തന്നെ ആണ് നന്ദിനിയോട് അത് ഏട്ടന്റെ മുന്നിൽ വച്ച് പറഞ്ഞത്. വല്യേട്ടൻ അതിനെ എതിർത്തില്ല എന്നാ അവൾ പറഞ്ഞത്… നിധി പറഞ്ഞു..
നിധി പറയുന്നത് കേട്ടപ്പോൾ സാവിത്രിയമ്മ ഇതൊക്കെ എന്താ എന്ന രീതിയിൽ അഭിയുടെ മുഖത്തേക്ക് നോക്കി. ആമിയും അവന്റെ മുഖത്ത് നോക്കി നിൽപ്പായിരുന്നു.
അതേ എനിക്ക് ഒരു കുട്ടിയെ ഇഷ്ടമാണ്. അയാളെ കല്യാണം കഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്.. ഇപ്പൊ ഞെട്ടിയത് നിധിയും ജിത്തുവും ആണ്. നന്ദിനി അങ്ങനെ പറഞ്ഞെങ്കിലും അവൾക്ക് വല്ല തെറ്റും പറ്റിയതാവും എന്നേ അവർ കരുതിയുള്ളൂ. പക്ഷേ അത് അവൻ ഇങ്ങനെ തുറന്ന് സമ്മതിക്കും എന്ന് അവർ കരുതിയിരുന്നില്ല..
ഏത് പെൺകുട്ടി.. നമ്മുടെ കുടുംബത്തിന് ചേർന്നതാണോ…. നിധി ആകാംഷയോടെ ചോദിച്ചു..
പെൺകുട്ടി ഏതും ആയിക്കോട്ടെ.. നമ്മുടെ കുടുംബത്തിന് ചേരുന്നതാണോ അല്ലയോ എന്നൊക്കെ നീ എന്തിനാ അറിയുന്നത്… സാവിത്രിയമ്മ നിധിയോട് ഗൗരവത്തിൽ ചോദിച്ചു..
അതല്ല അമ്മേ.. നമുക്ക് പറ്റിയ ബന്ധം ആണെങ്കിൽ മുന്നോട്ട് കൊണ്ടുപോയാൽ മതി. അല്ലെങ്കിൽ വേണ്ടാന്ന് വെക്കണം. അതുമാത്രം അല്ല ആമിയുടെ കല്യാണം കഴിയാതെ വല്യേട്ടൻ കെട്ടിയാൽ നാട്ടുകാർ എന്ത് പറയും… നിധി ചോദിച്ചു..
അവൻ ഇഷ്ടപ്പെടുന്ന പെൺകുട്ടി അത് കുടുംബത്തിന് ചേർന്നതോ അല്ലെങ്കിൽ ചേരാത്തതോ ആണെങ്കിലും ആ ബന്ധം അവസാനിപ്പിക്കാൻ പറയാൻ നിനക്ക് എന്താ അവകാശം. നീ നിന്റെ ജീവിതം തിരഞ്ഞെടുത്തത് ആ ബന്ധം നമുക്ക് ചേരുന്നതാണോ അല്ലയോ എന്ന് നോക്കിയിട്ടാണോ.. അന്ന് മഹിയുടെ വീട്ടുക്കാർ പെണ്ണുകാണാൻ വന്നിട്ട് നമ്മളെകൊണ്ട് കൂട്ടിയാൽ കൂടാത്ത സ്ത്രീധനം ചോദിച്ചപ്പോ ഈ ബന്ധം വേണ്ടാന്ന് വെക്കാം എന്ന് പറഞ്ഞപ്പോ നീ എന്തൊക്കെ ലഹള ഇവിടെ ഉണ്ടാക്കി. അവനെ കിട്ടിയില്ലെങ്കിൽ ചാവും എന്ന് പറഞ്ഞായിരുന്നില്ലേ അങ്കം മുഴുവൻ. എന്നിട്ടിപ്പോ അവള് പറയാൻ വന്നിരിക്കുന്നു. പിന്നെ ചേട്ടൻ നിൽക്കുമ്പോൾ അനിയൻ കെട്ടിയതിനേക്കാൾ കൂടുതൽ ഒന്നും നാട്ടുകാർ പറയാൻ പോകുന്നില്ല ഇവളെ കെട്ടിക്കാതെ അവൻ കെട്ടിയാലും….
അമ്മേ ഞാൻ അങ്ങനെ അല്ല…
വേണ്ട അവന്റെ ജീവിതത്തിന്റെ കാര്യത്തിൽ അഭിപ്രായം പറയാൻ നിങ്ങൾക്ക് രണ്ടാൾക്കും യോഗ്യത ഇല്ല. രണ്ടാളും അവരവരുടെ ഇഷ്ടത്തിന് ജീവിതം തിരഞ്ഞെടുത്തവർ ആണ്. അപ്പൊ നിങ്ങൾ ചേട്ടന്റെ പോട്ടെ സ്വന്തം അമ്മയുടെ വാക്കിന് വരെ വില കൊടുത്തിട്ടില്ല… നിധിയെ പറഞ്ഞ് മുഴുവൻ ആക്കാൻ സമ്മതിക്കാതെ സാവിത്രിയമ്മ പറഞ്ഞു.. അതോടെ നിധിയും ജിത്തുവും ഒന്നും പറയാൻ ഇല്ലാതെ നിന്നു. കാരണം അവർ പറഞ്ഞതെല്ലാം സത്യം തന്നെ ആയിരുന്നു..
ഏതാ വല്യേട്ടാ ആ ചേച്ചി.. ആമി സന്തോഷത്തോടെ അഭിയോട് ചോദിച്ചു. അവൾക്ക് സന്തോഷം തന്നെ ആയിരുന്നു. കാരണം അഭി ഇപ്പോഴും നന്ദിനിയെ ആലോചിച്ചാണോ കല്യാണം ഒന്നും കഴിക്കാതെ ജീവിക്കുന്നത് എന്ന് അവൾക്ക് പേടി ഉണ്ടായിരുന്നു. അതാണ് ഇപ്പൊ പോയത്…
കോവിലകം ഗ്രൂപ്പ്സ് എന്ന് കേട്ടിട്ടില്ലേ മോള്. ഏട്ടൻ വർക്ക് ചെയ്യുന്നത് അവരുടെ കൺസ്ട്രക്ഷൻസിൽ ആണ്… അഭി ചോദിച്ചു..
ആ അറിയാം.. അവർക്ക് ഒരുപാട് ബിസിനസ് ഇല്ലേ. പിന്നെ ഞങ്ങളുടെ കോളേജിന്റെ അടുത്താണ് അവരുടെ എഞ്ചിനീയറിംഗ് കോളേജ്.. ഹോ.. ഒന്ന് കാണണം അതിന്റെ ഉള്ളൊക്കെ.. എന്താ സെറ്റപ്പ് എന്ന് അറിയോ… ആമി വലിയ കാര്യത്തിൽ പറഞ്ഞു.
ആ കോവിലകം ഗ്രൂപ്പിന്റെ ഓണർ പത്മനാഭൻ സാറിന്റെ ഒരേഒരു മകളാണ് ഇവന്റെ പെണ്ണ്… ബാക്കി വിച്ചു ആണ് പറഞ്ഞത്…
അത് കേട്ടതും എല്ലാവരും ഞെട്ടിപ്പോയി. നിധിയും ജിത്തുവും ആണ് കൂടുതൽ ഞെട്ടിയത്. ഇത്രയും വലിയ ബന്ധം ആയിരിക്കും അഭിയുടെ എന്ന് അവർ ഒരിക്കലും വിചാരിച്ചിരുന്നില്ല. അയാളുടെ സ്വത്തിന്റെ മുന്നിൽ തങ്ങളൊക്കെ വെറും ശിശുക്കൾ ആണെന്ന് നിധിക്കും ജിത്തുവിനും അറിയാം..സത്യത്തിൽ അവർക്ക് അസൂയ തോന്നുന്നണ്ടായിരുന്നു. അഭിക്ക് ഇത്രയും വലിയ പ്രൊപോസൽ കിട്ടിയതിൽ. അത് അവരുടെ മുഖത്ത് തെളിയുന്നും ഉണ്ടായിരുന്നു..
വിച്ചു ജിത്തുവിന്റെയും നിധിയുടെയും മുഖത്തെ ഞെട്ടലും അസൂയയും നന്നായി ആസ്വദിച്ചു…
അല്ല മോനേ.. ഇത്രയും വലിയ കൂട്ടർ.. അവർക്ക് നമ്മളെപോലുള്ളവരുമായി ബന്ധം താൽപ്പര്യം ഉണ്ടാവുമോ…
അവരും മനുഷ്യരല്ലേ അമ്മേ.. പിന്നെ പപ്പൻ സാർ ആണ് അഭിയോട് ഇങ്ങോട്ട് ചോദിച്ചത് ഈ ബന്ധം താൽപ്പര്യം ഉണ്ടോന്ന്.. പിന്നെ ഹരി സാർ.. അമ്മക്ക് ഓർമയില്ലേ ഇവനെ കൂടെപഠിച്ചിരുന്ന ഒരുത്തൻ കള്ളകേസിൽ കുടുക്കിയിരുന്നത്. അന്ന് ഇവനെ രക്ഷിച്ച ആ വകീൽ ഇല്ലേ ഇവന്റെ സാർ ആയിരുന്നത്.. അദ്ദേഹം പപ്പൻ സാറിന്റെ ഫ്രണ്ടും അളിയനും ആണ്. ആൾക്ക് ആണ് ഇവർ തമ്മിൽ ഉള്ള ബന്ധത്തിൽ ഏറ്റവും താൽപ്പര്യം.. അതുപോരാതെ നാളെ മുതൽ ഇവനോട് ആളുടെ ഓഫീസിൽ ചെല്ലാൻ പറഞ്ഞിട്ടുണ്ട്. ആളുടെ കീഴിൽ പ്രാക്ടീസ് ചെയ്യാൻ. കേരളത്തിലെ തന്നെ വൺ ഓഫ് ദ ബെസ്റ്റ് അഡ്വക്കേറ്റ് ആണ് ആള്… വിച്ചു സന്തോഷത്തോടെ പറഞ്ഞു നിർത്തി…
ആണോ മോനേ.. നാളെ മുതൽ നീ നിന്റെ ഇഷ്ടപെട്ട ജോലി ചെയ്യാൻ പോവുകയാണോ.. അമ്മക്ക് സന്തോഷമായി.. ഞങ്ങൾക്ക് വേണ്ടി നീ നിന്റെ ഇഷ്ടങ്ങൾ വേണ്ടാന്ന് വച്ച അന്ന് മുതൽ നെഞ്ചിൽ ഒരു പിടപ്പായിരുന്നു അമ്മക്ക്.. ഇപ്പോഴാ സമാധാനം ആയത്…അവർ നിറഞ്ഞകണ്ണോടെ പറഞ്ഞു നിർത്തി..
ആ ചേച്ചി എന്താ ചെയ്യുന്നേ.. വല്യേട്ടാ..
എന്ത് ചെയ്യാൻ അച്ഛന്റെ കൈയിലെ കാശിൽ അടിച്ചുപൊളിച്ചു ജീവിക്കുന്നുണ്ടാവും… നിധി ഒരു പുച്ഛത്തോടെ പറഞ്ഞു…
അതിന് അയാളുടെ പേര് അഭിനിധി എന്നല്ല ഭർത്താവിന്റെ അല്ലെങ്കിൽ അച്ഛന്റെ കാശിന് അടിച്ചുപൊളിച്ചു ജീവിക്കാൻ. അയാൾക്ക് അയാളുടെ സ്വന്തം ആയിട്ട് ഒരു ഐഡന്റിറ്റി ഉണ്ട്. അല്ലാതെ പത്മനാഭന്റെ മകൾ എന്ന ലേബലിൽ അല്ല അയാളുടെ ജീവിതം… അഭി പറഞ്ഞു നിർത്തി.. പഠിപ്പ് ഉണ്ടായിട്ടും ജോലിക്കൊന്നും പോകാതെ അവൾ വെറുതെ സമയം കളയുന്നതിന്റെ എല്ലാ അമർഷവും അവന്റെ വാക്കുകളിൽ ഉണ്ടായിരുന്നു…
ഓഹ്.. എന്താണാവോ ഇത്ര വലിയ ഐഡന്റിറ്റി.. നിധി അഭി പറഞ്ഞത് ഇഷ്ടപ്പെടാതെ ചോദിച്ചു..
കഴിഞ്ഞ ആഴ്ച ഒരു റിപ്പോർട്ട് വന്നതിന്റെ പേരിൽ ആഭ്യന്തരമന്ത്രി രാജി വച്ചത് ഓർക്കുന്നുണ്ടോ ആമി.. നീ… വിച്ചു ചോദിച്ചു..
ഉവ്വ്.. അന്ന് ആ റിപ്പോർട്ട് എഴുതിയ ജേർണലിസ്റ്റിന്റെ ധൈര്യത്തിൽ ഞാൻ അതിശയപ്പെട്ടിരുന്നു…
ആ എന്നാൽ ആ ശ്രീപ്രിയ പത്മനാഭൻ ആണ് നിന്റെ വല്യേട്ടന്റെ പെണ്ണ്… വിച്ചു ഒരു ചിരിയോടെ പറഞ്ഞു..
ആണോ…. ആമിയുടെ കണ്ണുകൾ വിടർന്നു..
മ്മ്… അതിന് അഭിയൊന്ന് മൂളി…
ജിത്തുവിന്റെ മുഖത്ത് അസൂയ തെളിഞ്ഞു കാണാം.. വിച്ചുവിന് അതുകണ്ടപ്പോ ചിരിയാണ് വന്നത്.
ഇത്രനാളും എല്ലാംകൊണ്ടും അഭിയേക്കാൾ ഉയർന്നാണ് അവൻ എന്നുള്ള ഒരു അഹങ്കാരം ഉണ്ടായിരുന്നു. അതിന്മേൽ ആണ് ഇപ്പൊ അടി കിട്ടിയത്…
കുറച്ചുനേരം കൂടി അവിടെ നിന്നിട്ട് ആണ് വിച്ചു അവന്റെ വീട്ടിലേക്ക് പോയത്.. നിധിയും ജിത്തുവും അധികം വൈകാതെ തന്നെ പോയിരുന്നു.. ആമിയും സാവിത്രിയമ്മയും അഭിക്ക് നല്ലൊരു ജീവിതം കിട്ടിയല്ലോ എന്ന സന്തോഷത്തിൽ ആണ് അന്ന് ഉറങ്ങാൻ കിടന്നത്…
………
പിറ്റേന്ന് വിച്ചുവിന്റെ കൂടെ ആണ് അഭി കോവിലകം കൺസ്ട്രഷൻസിൽ എത്തിയത്. അവർ അവിടെ എത്തുമ്പോൾ നവിയൊന്നും എത്തിയിരുന്നില്ല.. അവർ എത്തി കുറച്ച് കഴിഞ്ഞപ്പോഴേക്കും നവിയും പപ്പനും ഹരിയും പിയയും കൂടി ആണ് വന്നത്… കാശി അപ്പോഴും എത്തിയിരുന്നില്ല…
അന്നത്തെ പേപ്പറിലോ ന്യൂസിലൊ പിയയെ കുറിച്ചുള്ള ന്യൂസ് ഒന്നും കാണാതെ വന്നതും ചെറിയ,ടെൻഷനോടെ ആണ് മേഘ ഓഫീസിൽ എത്തിയത്. പക്ഷേ ഒരിക്കലും തന്നെ കണ്ടുപിടിക്കാൻ കഴിയില്ല എന്നൊരു ധൈര്യം അവൾക്ക് ഉണ്ടായിരുന്നു. എങ്കിലും അവിടെ എന്തായി എന്നറിയാൻ ഉള്ള ആകാംഷയിൽ അവൾ ആ വെയ്റ്റിനെയും അവിയെയും വിളിച്ചെങ്കിലും രണ്ടാളുംu ഫോൺ എടുത്തിരുന്നില്ല.. അതുംകൂടി അവളുടെ ടെൻഷന് കാരണമായി..
മേഘ അവളുടെ കേബിനിൽ എത്തി കുറച്ച് കഴിഞ്ഞപ്പോഴേക്കും അവളെ നവി അവന്റെ കേബിനിലേക്ക് വിളിപ്പിച്ചിരുന്നു…
മേഘ നവിയുടെ കേബിൻ ഡോറിൽ ഒന്ന് മുട്ടിക്കൊണ്ട് ഉള്ളിലേക്ക് കടന്നു…
സാർ… എന്താ വിളിച്ചത്..
ആ മേഘ… ഞാൻ ഇന്നലത്തെ പാർട്ടിയുടെ വിശേഷങ്ങൾ അറിയാൻ വേണ്ടി വിളിച്ചതായിരുന്നു.. എങ്ങനെ ഉണ്ടായിരുന്നു പാർട്ടി ഒക്കെ..
അത്.. അതുപിന്നെ നല്ലതായിരുന്നു.. എല്ലാവർക്കും നല്ല ഇഷ്ടമായി… എന്താ സാർ ചോദിച്ചത്…ആദ്യം ഒന്ന് വിക്കിയെങ്കിലും പിന്നെ അവൾ പറഞ്ഞൊപ്പിച്ചു…
ഏയ്യ് ഒന്നുമില്ല.. മേഘ.. ഞാൻ അറിയാൻ വേണ്ടി ചോദിച്ചു എന്നേ ഉള്ളൂ… ആ സമയത്താണ് പപ്പനും ഹരിയും പിയയും കൂടി അങ്ങോട്ട് വന്നത്..
ആ മേഘ… ഇവളെ അറിയില്ലേ… നവി പിയയെ കാട്ടികൊണ്ട് ചോദിച്ചു..
അ…അറിയാം സാർ.. ശ്രീപ്രിയ മേഡം അല്ലേ… മേഘ ഒരു വിക്കലോടെ പറഞ്ഞു..
എന്താ മേഘ തനിക്ക് എന്തിനാ ഇത്ര പരിഭ്രമം.. നവി ഒന്നും അറിയാത്ത പോലെ ചോദിച്ചു…
ഒന്നുമില്ല സാർ.. എനിക്ക് പരിഭ്രമം ഒന്നുമില്ല.. സാറിന് തോന്നിയതാവും
ആണോ… ചിലപ്പോ എന്റെ തോന്നൽ ആവും അല്ലേ..
അതിന് മേഘ ഒന്ന് തലയാട്ടി കാട്ടി..
ആ ഞാൻ മറന്നു.. ദേ ഇവളുടെ കല്യാണം ഉറപ്പിച്ചു..
ആണോ.. കൺഗ്രാറ്റ്സ് മേം.. മേഘ അവളുടെ നേരെ നോക്കികൊണ്ട് ചിരിയോടെ പറഞ്ഞു..
താങ്ക്സ് മേഘ.. എന്റെ ഫിയാൻസിയെ മേഘ ചിലപ്പോ അറിയും…. പിയ ഒരു ഗൂഢമായ ചിരിയോടെ പറഞ്ഞു…
ആരാ മേഡം അത്… മേഘ അവളോട് ചോദിച്ചു…
ആളിപ്പോ വരുമെടോ.. തനിക്ക് നേരിട്ട് കാണാലോ.. പിയ അത് പറഞ്ഞതും കേബിൻ ഡോർ തുറന്ന് അഭിയും വിച്ചുവും അങ്ങോട്ട് വന്നതും ഒരുമിച്ചായിരുന്നു.. ആ വന്നല്ലോ.. ദേ ഇതാണ് ആള്.. പിയ അഭിയെ ചൂണ്ടിക്കാട്ടി പറഞ്ഞു. അത് കേട്ടതും മേഘയുടെ മുഖം വിളറി വെളുത്തു.. അവൾക്ക് ഭയംകൊണ്ട് കൈയും കാലും വിറച്ചു തുടങ്ങി. അവർക്ക് എന്തൊക്കെയോ അറിയാം എന്ന് അവൾക്ക് മനസിലായി.
പിയയും അഭിയും നവിയും ഒക്കെ അവളുടെ വിളറി വെളുത്ത മുഖം ആത്മസംതൃപ്തിയോടെ കണ്ടു..
എന്താ മേഘ മേഡം.. ഇപ്പൊ പരിഭ്രമം തോന്നുന്നുണ്ടോ… അഭി ഒരു ചിരിയോടെ ചോദിച്ചു..
അഭി താൻ എന്ത് വർത്താനം ആണ് പറയുന്നത് മേഘക്ക് എന്തിനാ പരിഭ്രമം അല്ലേ.. മേഘാ.. നവി ഒരു പുച്ഛചിരിയോടെ ചോദിച്ചു..
നിങ്ങൾ എന്താ പിള്ളേരെ ഇങ്ങനെ ആ കുട്ടിയെ എന്തിനാ ഇങ്ങനെ ടെൻഷൻ ആക്കുന്നത്… പപ്പൻ അവരെ കണ്ണുരുട്ടി നോക്കികൊണ്ട് ചോദിച്ചു..
ഇല്ല.. ഞങ്ങൾ ഒന്നും പറയുന്നില്ല.. ഇനി ഇയാള് പറയട്ടെ… നവി മേഘയെ കാട്ടികൊണ്ട് പറഞ്ഞു…
ഞാ.. ഞാൻ… എന്ത് പറയാനാ സാർ… മേഘ പരുങ്ങലോടെ ചോദിച്ചു..
തനിക്ക് അറിയില്ലേ എന്താ പറയേണ്ടത് എന്ന്.. അതുവരെ ഉണ്ടായിരുന്ന കളി മാറി നവിയുടെ ശബ്ദത്തിൽ ഗൗരവം കലർന്നു..
ഇ.. ഇല്ല സാർ..
ഒക്കെ.. ചിലപ്പോ ഒരാളെ കണ്ടാൽ തനിക്ക് പറയാനുള്ള കാര്യങ്ങൾ ഓർമ വന്നാലോ.. അല്ലേ..
ആരെയാ സാർ…
ഹാ.. താൻ ദൃതി പിടിക്കാതെ ഞാൻ വിളിക്കാം…നവി പറഞ്ഞുകൊണ്ട് ഫോൺ എടുത്ത് കാശിയെ വിളിച്ചു..
കുറച്ച് കഴിഞ്ഞതും ആരോ കേബിൻ ഡോർ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ ആണ് എല്ലാവരും അങ്ങോട്ട് നോക്കിയത്.. അവിടേക്ക് വന്ന ആൾക്കാരെ കണ്ടതും മേഘയുടെ കണ്ണുകൾ ഭയത്താൽ തുറിച്ചു…
തുടരും….

by