രചന – ശ്രീതു ശ്രീ
ഉടനെ തന്നെ ഇരുവർക്കുമിടയിലേക്ക് അവളുടെ അമ്മയും എത്തി… തന്റെ മകളുടെ നിസ്സഹായ അവസ്ഥ മനസ്സിലാക്കിയ അവർ ലിന്റയുടെ അരികിൽ വന്നിരുന്ന് അവളെ തലോടി കൊണ്ട് പറഞ്ഞു: “” മോളെ അറ്റവും മൂലയും പറയാൻ നിൽക്കാതെ അച്ഛനോട് കാര്യങ്ങളൊക്കെ തെളിച്ചു പറ… “” അച്ഛനെയൊന്നു നോക്കിയശേഷം അവൾ പറയാനാരംഭിച്ചു….. “” ജനിയെ ഞാൻ അന്വേഷിച്ച് ചെന്നത് എന്തിനാണെന്നാ അച്ഛൻ വിചാരിക്കുന്നത്..? മകളോടുള്ള സ്നേഹം കൊണ്ടാണെന്നോ…? ഹ്ഹ്ഹ…. അതൊന്നുമല്ല…. പക്ഷേ എനിക്ക് അവളോട് സ്നേഹമൊക്കെ ഉണ്ട് കേട്ടോ….”” അയാളിൽ നിന്നും മറുപടിയൊന്നും ഉണ്ടാകാത്തതിനാൽ അവൾ തന്നെ തുടർന്നു…. “”എന്റെ ഫ്രഡ്ഡിച്ചായന് വയ്യാതെ കിടക്കുന്ന ഒരു അനിയൻ ഉണ്ടെന്ന് അച്ഛന് അറിയാമല്ലോ….അവന്റെ പേര് റോഷൻ എന്നാണെന്നും അറിയാമല്ലോ… അവന് നേരത്തെ ഒരു ഭാര്യ ഉണ്ടായിരുന്നു…. ആ ബന്ധത്തിൽ ഒരു മകനും ഉണ്ട്…..
ആ ഭാര്യയും മകനും ആണ് ജോണിക്കൊപ്പം ഇപ്പോഴുള്ള നേഹയും റോഹനും….”” അയാളാ സത്യം അവിശ്വസനീയതയോടെ വിഴുങ്ങുമ്പോൾ ലിന്റയും അമ്മയും ഒരു ഭാവഭേദവും ഇല്ലാതെ അയാളെ നോക്കി… “” ഇവിടെ എന്റെ റോൾ എന്താണെന്ന് വെച്ചാൽ….. ഫ്രഡ്ഡിച്ചായന് കുഞ്ഞുണ്ടാവില്ല എന്നാണ് ഡോക്ടേഴ്സ് പറഞ്ഞത്…. അങ്ങനെ വന്നാൽ ഇച്ചായന്റെ സ്വത്തിന് ഒരു അനന്തരാവകാശി ഇല്ലാതെയായി പോകും…. ഒരുപക്ഷേ എനിക്ക് പോലും ഇച്ചായന്റെ വീട്ടുകാർ ഒന്നും തന്നില്ലെന്ന് വരും…. ജനിയെ ഞാൻ എന്റെ ഒപ്പം കൊണ്ടുവന്നാൽ ആ സ്വത്തൊക്കെ അവൾക്കു കിട്ടും…. റോഷനും ഇനി അധികകാലം ഒന്നും ഈ ഭൂമുഖത്ത് ഉണ്ടാവില്ല….. അങ്ങനെ വരുമ്പോൾ റോഷന്റെ കാലശേഷം അവന്റെ സ്വത്തും നമ്മുടെ കൈപ്പിടിയിൽ ഒതുക്കണമെങ്കിൽ അവന്റെ മകനില്ലേ ആ റോഹൻ… അവനും നമ്മുടെ കൂടെ വേണം….. അവനെയും ഞാനും ഫ്രഡ്‌ഡിച്ചായനും ചേർന്ന് വളർത്തിക്കോളും…….. രണ്ടു പിള്ളാരെ വളർത്താനാണോ പ്രയാസം….? പിന്നെ ആ ചെറുക്കൻ എത്ര കാലം വളരണമെന്ന് ഞാൻ തീരുമാനിക്കും……
സ്വത്തൊക്കെ കൈയിൽ കിട്ടിക്കഴിഞ്ഞാൽ പിന്നെ മാത്യുവും എലിസബത്തും ഞാൻ പറയുന്നത് അനുസരിക്കും….. എന്റെ സ്വഭാവം അവർക്ക് പിടിക്കുന്നില്ല എന്നല്ലേ പറഞ്ഞിരിക്കുന്നത്…. അതൊക്കെ എനിക്ക് അവരോട് ഒന്നു ചോദിക്കണം……. അവരുടെ കുടുംബത്തിൽ എന്റെ അനുവാദമില്ലാതെ ഒരു ഇല അനങ്ങാൻ പോലും ഞാൻ സമ്മതിക്കത്തില്ല…. “” ലിന്റയുടെ അച്ഛന് അവൾ പറഞ്ഞതൊന്നും ദഹിച്ചില്ല… “”” നീ എന്തൊക്കെയാ പെണ്ണേ ഈ പറയുന്നത്….? ഇതൊക്കെ കേട്ടാൽ ദൈവം പോലും പൊറുക്കില്ല….. എന്തിനാ നീ ഇങ്ങനെ മനുഷ്യരെയൊക്കെ ദ്രോഹിക്കുന്നത്….?? നീ നിന്റെ ഭർത്താവിന്റെ മാതാപിതാക്കളോട് മോശമായി പെരുമാറിയിട്ടല്ലേ അവരൊക്കെ നിന്നെ വഴക്കു പറഞ്ഞതും അവിടുന്ന് ഇറക്കിവിട്ടതും ….. നീ ഒന്നോർത്തോ….. ഫ്രെഡി ഇതുവരെയും നിന്നെ വെറുത്തിട്ടില്ല… ഉപേക്ഷിച്ചിട്ടില്ല… അതുകൂടി സംഭവിച്ചാൽ പിന്നെ നിനക്ക് ആ വീടിന്റെ പരിസരത്ത് പോലും ഒരു സ്ഥാനം ഉണ്ടാകില്ല…..””” “” അച്ഛൻ ഇത് എന്തോന്ന് അറിഞ്ഞുകൊണ്ടാ എന്നോട് ഇങ്ങനെയൊക്കെ പറയുന്നത്…?? ഫ്രഡ്‌ഡിച്ചായന് ഇതൊന്നും അറിയില്ല….അത് സത്യം തന്നെ ….പക്ഷേ റോഷന് എല്ലാം അറിയാം….. അവനും കൂടി അറിഞ്ഞു കൊണ്ടാണ് ഞാൻ ജനിയെയും റോഹനെയും നമ്മുടെ കയ്യിൽ കിട്ടാൻ വേണ്ടി പരിശ്രമിക്കുന്നത്….
പിന്നെ…നേഹയെയും വേണമെന്നാണ് റോഷന്റെ ആഗ്രഹം…. പക്ഷെ എനിക്കതിനോട് യോജിപ്പില്ല… അവളിനി വന്നാലും വൈകാതെ ഞാനവളെ പൊകച്ചു പൊറത്ത് ചാടിക്കും…. മിക്കവാറും ജോണിയെ വിട്ടവൾ വരുമോന്ന് തന്നെ സംശയമാണ്….നേഹയ്ക്ക് അവന്റെ കൂടെ ജീവിക്കാൻ വേണ്ടി റോഹനെ റോഷന് കൊടുപ്പിക്കണം…. അതാണ് എന്റെ ലക്ഷ്യം…..ഈ രണ്ടുമക്കൾക്കും അവകാശപ്പെട്ടതൊക്കെ എന്റെ സ്വന്തമാകണം…..അതിന് വേണ്ടി ഞാൻ പരമാവധി ശ്രമിക്കും….””” “””ദേ… ഈ ചെയ്യുന്ന പാവങ്ങളൊക്കെ നീ എവിടെക്കൊണ്ടുപോയി കളയും കൊച്ചേ… നിനക്ക് ആവശ്യത്തിനുള്ള ഭൂസ്വത്തും പണവുമൊക്കെ ഇപ്പോഴുണ്ട്…. ഇനിയും അനാവശ്യമായി വെട്ടിപ്പിടിക്കാൻ പോയാൽ അത് നിന്റെ നാശത്തിലേക്കാവും വഴി തുറക്കുക…. ഞാൻ പറയാനുള്ളത് പറഞ്ഞു… ഇനി വരുന്നതൊക്കെ അമ്മയും മോളും കൂടി അനുഭവിച്ചോണം….. “” ദേഷ്യപ്പെട്ട് അവരുടെ അടുത്തുനിന്ന് എഴുന്നേറ്റു പോയ അയാളെ പുച്ഛത്തോടെ നോക്കി ആ അമ്മയും മകളും പരിഹസിച്ചു…. അൽപ്പനേരത്തിനുള്ളിൽ തന്നെ അവൾ ഫോണെടുത്ത് റോഷനെ വിളിച്ചു…. “”ഹലോ… ഏട്ടത്തി….”” അവന്റെ ശബ്ദം കാതിലെത്തിയപ്പോൾ അവൾ സ്നേഹപൂർവ്വം സംസാരിച്ചു തുടങ്ങി…..
“”ഞാൻ ഒരു കാര്യം തീരുമാനിച്ചു…അത് പറയാനാണ് ഇപ്പോ വിളിച്ചത്….. “” “”” ഏട്ടത്തി പറഞ്ഞോ… “” അവളുടെ വാക്കുകൾക്കായി കാതോർത്തുകൊണ്ട് അവൻ പറഞ്ഞു….. “” ഞാൻ എന്റെ കുഞ്ഞിനുവേണ്ടി ഇന്നും ജോണിയെ കാണാൻ പോയിരുന്നു…. പക്ഷേ അവൻ ആ കുഞ്ഞിന്റെ അമ്മ എന്നൊരു പരിഗണന പോലും എനിക്ക് തന്നില്ല…. എന്നെ നാട്ടുകാരുടെയൊക്കെ മുന്നിലിട്ട് അധിക്ഷേപിച്ചു….അപമാനിച്ചു….”” ഓരോ വാക്കു പറയുമ്പോഴും അവൾ തന്റെ ശബ്ദം വ്യതിയാനം വരുത്തി കൂടുതൽ സങ്കടം അഭിനയിച്ചുകൊണ്ടിരുന്നു…… “” ഇനി അവനോട് പറഞ്ഞിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല…. ഉടനെ നേഹയെ കാണണം…. നമ്മുടെ രണ്ടുപേരുടെയും മക്കളെ തിരികെ തരാൻ ആവശ്യപ്പെടണം….. അവൾക്ക് നിന്റെ കൂടെ വരാൻ താല്പര്യമുണ്ടെങ്കിൽ വരട്ടെ…. അല്ലെങ്കിൽ നിന്റെ മകനെ നിനക്ക് തന്നിട്ട് അവളോട് അവന്റെ കൂടെ പൊയ്ക്കോളാൻ പറ…. സ്വന്തം അപ്പന്റെ വാക്ക് കേട്ട് നിന്നെ ചതിച്ചവളല്ലേ…. നിന്റെ വയ്യാഴ്ക അറിഞ്ഞ് വേറൊരുത്തനെ കെട്ടി ഇപ്പോൾ സുഖിച്ചു ജീവിക്കുകയല്ലേ…. നിന്നെ അവൾക്ക് വേണമെന്ന് എനിക്ക് തോന്നുന്നില്ല….. ഇനി കൂടെ വന്നാലും നിന്നെ ചതിക്കാൻ ആയിരിക്കും…..” “” ഇല്ല ഏട്ടത്തി… അന്ന് ജോണി എന്റെ മുന്നിൽ നിന്ന് സത്യങ്ങളൊക്കെ സമ്മതിക്കുമ്പോഴും ഞാൻ അവളെ സ്നേഹിച്ചിരുന്നു…..
പിന്നെ ഏട്ടത്തിയോട് സംസാരിച്ചതോടെ എനിക്ക് അവളോട് വെറുപ്പാണ്….. എനിക്കിനി അവളെ വേണ്ട… പക്ഷേ എനിക്കെന്റെ കുഞ്ഞിനെ വേണം….ഞാൻ ജീവിച്ചിരിക്കുമ്പോൾ അവൻ വേറൊരാളെ അച്ഛാന്ന് വിളിക്കണ്ട….അതവള് സമ്മതിച്ചു തരുമോ എന്ന് അറിയില്ല…..പക്ഷെ…”” വാക്കുകൾ സങ്കടത്തിൽ പെട്ടെവിടോ മറഞ്ഞപ്പോൾ അവന് ആശ്വാസവും ധൈര്യവും നൽകിക്കൊണ്ട് അവൾ പറഞ്ഞു….. “” ഇനി നമ്മൾ രണ്ടുപേരും കുഞ്ഞുങ്ങൾക്ക് വേണ്ടി അവളുടെയൊ അവന്റെയോ മുന്നിൽ യാചിക്കാൻ പോവില്ല….. പകരം നമ്മൾ പറയുന്നിടത്തു അവർ കുഞ്ഞുങ്ങളെ കൊണ്ടുവരണം….. അതിനുവേണ്ട കാര്യങ്ങൾ നമുക്കിന്നുതന്നെ ചെയ്തു തുടങ്ങണം…. റോഷൻ ഞാൻ പറയുന്നത് അനുസരിച്ചാൽ മാത്രം മതി…. നമുക്ക് നമ്മുടെ കുഞ്ഞുങ്ങളെയും കൊണ്ട് അവരുടെ കൺവെട്ടത്ത് നിന്ന് പോകാം…..അവരൊട്ട് അന്വേഷിച്ചു വരികയും ചെയ്യരുത്…. അങ്ങനെയുള്ളൊരു പണിയാ ഞാൻ ആലോചിക്കുന്നത്….””” “”ഏട്ടത്തിക്ക് എന്നെക്കൊണ്ട് പറ്റാവുന്ന എന്ത് സഹായം വേണമെങ്കിലും ഞാൻ ചെയ്തുതരാം….ഏട്ടത്തിയുടെ കൂടെ നിൽക്കുന്നത് പപ്പയ്ക്കും മമ്മിക്കും ഇഷ്ടമല്ലെന്ന് അറിയാമല്ലോ…. അതുകൊണ്ട് നമ്മുടെ ബന്ധം തത്കാലം രഹസ്യമായി തന്നെയിരിക്കട്ടെ…..”” അവന്റെ വാക്കുകളെ ശരിവച്ചുകൊണ്ട് അവൾ ഫോൺ സംഭാഷണം അവസാനിപ്പിച്ചു….
നേഹ എവിടെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ പോയാലും റോഹനെയും ജനിയെയും ഒപ്പം കൂട്ടാറാണ് പതിവ്…….എന്ത് ഫങ്ക്ഷനുകളാണെങ്കിലും ആ പതിവ് തെറ്റിക്കാറില്ല…. ചില ദിവസങ്ങളിൽ അങ്ങനെയുള്ള യാത്രകൾ ജോണിയുടെ ഓട്ടോയിൽ തന്നെ ആയിരിക്കും……. പക്ഷെ മിക്കവാറും ജോണി പരിപാടികളിൽ ഒന്നും പങ്കെടുക്കാറില്ല…അടുത്ത ബന്ധുക്കളുടെതാണെങ്കിൽ മാത്രം പേരിന് പങ്കെടുക്കും……… അങ്ങനെയിരിക്കെ നേഹയുടെ ഒരു അങ്കിളിന്റെ മകളുടെ വിവാഹം വന്നു….ജോണിക്ക് അന്ന് ഹോസ്പിറ്റലിൽ പോകാനൊരു ഓട്ടം ഏറ്റതിനാൽ അവർക്കൊപ്പം വരാൻ കഴിഞ്ഞില്ല….നേഹയുടെ സ്കൂട്ടിയിൽ തന്നെയാണ് ആ ദിവസവും അവർ പോയത്…. തിരികെ വരുന്ന വഴി ഇടയ്ക്ക് വച്ച് റോഡിൽ ബ്ലോക്കുണ്ടായി….. ഒരു ലോറി മറുവശത്തേയ്ക്ക് പോകാനായി തിരിക്കുകയായിരുന്നു….കുട്ടികൾ കൂടെയുള്ളത് കൊണ്ട് അവൾ വളരെ ശ്രദ്ധയോടെ ആണ് വണ്ടി ഓടിച്ചിരുന്നത്….
എന്നിട്ടും പുറകിൽ നിന്നും ഓവർടേക്ക് ചെയ്ത് മുന്നിലേയ്ക്ക് പോകാൻ ശ്രമിച്ച ഒരു കാർ അവളുടെ സ്കൂട്ടിയിൽ ചെറുതായൊന്നു മുട്ടി,….. സ്കൂട്ടി മൂവരെയും കൊണ്ട് റോഡ് സൈഡിലേയ്ക്ക് മറിഞ്ഞു….ആർക്കും കാര്യമായ പരിക്കൊന്നും ഇല്ലായിരുന്നെങ്കിലും കുട്ടികൾ ഭയന്ന് കരയാൻ തുടങ്ങി…. ആരൊക്കെയോ ഓടിവന്ന് കുട്ടികളെയും അവളെയും എഴുന്നേൽപ്പിച്ചു… വണ്ടിയും ഉയർത്തി….. ഇടിച്ച കാർ സമീപത്തു തന്നെ നിർത്തിയിട്ടിരിക്കുകയായിരുന്നു…. അതിൽ നിന്നും ഒരു യുവതി ഇറങ്ങി അവരുടെ അടുത്തേയ്ക്ക് വന്നു….. എവിടെയോ കണ്ടത് പോലെ തോന്നിയെങ്കിലും അത് ലിന്റയാണെന്ന് നേഹ അറിഞ്ഞിരുന്നില്ല….. തങ്ങളുടെ ഭാഗത്ത് നിന്ന് തെറ്റുണ്ടായതാണെന്നും അതിന് മാപ്പ് ചോദിക്കുന്നുവെന്നും നേഹയോട് പറഞ്ഞു…..
എല്ലാം അംഗീകരിക്കാനല്ലാതെ നേഹയ്ക്ക് മറുത്തൊന്നും പറയാനില്ലായിരുന്നു…. തങ്ങൾക്ക് സംഭവിച്ച തെറ്റ് തിരുത്താനായി തൊട്ടടുത്ത ഹോസ്പിറ്റലിൽ കൊണ്ടുപോയി നേഹയെയും മക്കളെയും ഡോക്ടറെ കാണിച്ച് എന്തെങ്കിലും കുഴപ്പമുണ്ടോന്ന് പരിശോധിക്കാമെന്നും പറഞ്ഞപ്പോൾ അത് വേണ്ടെന്ന് നേഹ പറഞ്ഞു… പക്ഷേ അവിടെ കൂടി നിന്നവരും ലിന്റെ പറഞ്ഞതാണ് ശരിയെന്ന് അവളെ നിർബന്ധിച്ചതോടെ അവൾക്ക് ഒപ്പം പോയി വരാമെന്ന് നേഹ സമ്മതിച്ചു….. സ്കൂട്ടി അടുത്ത കണ്ട ഒരു കടയിൽ കയറ്റി വെച്ച ശേഷം നേഹ മക്കളെയും വിളിച്ചുകൊണ്ട് ലിന്റയുടെ കാറിൽ കയറി…. തന്റെ ദൗത്യം വിജയിച്ചതോർത്ത് ലിന്റ ഉള്ളിൽ ചിരിക്കുകയായിരുന്നു…… നേഹയെയും മക്കളെയും പിൻസീറ്റിൽ കയറ്റിയ ശേഷം ലിന്റയും അവർക്കൊപ്പം കയറി…… (തുടരും )

by