17/02/2026

രൗദ്രം : ഭാഗം 49 & 50

രചന  –  ജിഫ്ന നിസാർ

അങ്ങേയറ്റം ഗൗരവമാണ് ആ മുഖം നിറയെ.

അഞ്ജലി ക്ഷമയോടെ അവനെ നോക്കി ഇരിപ്പുണ്ട് അരികിൽ തന്നെ.

മിന്നി മാറുന്ന ആ ഭാവങ്ങൾ അവൾ ചിരിയോടെ നോക്കി.

ഇടയ്ക്കിടെ വലിഞ്ഞു മുറുകുന്ന മുഖം.
കൈകൾ കൊണ്ട് നെറ്റിയിൽ ഉഴിയുന്നു..

മുഷ്‌ടി ചുരുട്ടി പിടിക്കുന്നു.

പതിയെ ആണ് അവൻ സംസാരിക്കുന്നത്.

വീട്ടിലേക്ക്തിരിച്ചു പോകും വഴിയാണ്.

അതിനിടയിൽ ഫോൺ വരുമ്പോൾ റോഡിന്റെ അരികിൽ ചേർത്ത് നിർത്തിയാണ് അവനത് എടുത്തത്.
അത് വരെയും ചിരിച്ചു കൊണ്ട് കളി പറഞ്ഞവൻ .. കുസൃതി കാണിച്ചവന് മുഖം എത്ര പെട്ടന്നാണ് മാറിയത്.

അഞ്ജലി വീണ്ടും അവന്റെ മുഖത്തേക്ക് തന്നെ നോക്കി.

“ഇവിടെ തന്നെ ഇരിക്കണം. ഞാൻ ഇപ്പൊ വരാം. എന്റെ കൂടെ ഇറങ്ങി വരരുത് ”

അവളെ നോക്കി കനത്തിൽ പറഞ്ഞു കൊണ്ട് അവൻ ഡോർ തുറഞ്ഞിറങ്ങി.

തിരിച്ചൊന്നും പറയാതെ അവളും അവൻ പോകും വഴിയേ നോക്കി.

ഇത്തിരി മാറി നിന്നിട്ട് വീണ്ടും അവനാ ഫോൺ ചെയ്യുന്നത് തുടരുമ്പോൾ അഞ്‌ജലിയും അവളുടെ ഫോൺ എടുത്തു.

ശിവയുടെ മെസ്സേജ് ഉണ്ട്..

“എന്തായി ഏട്ടത്തി. ഏട്ടൻ നല്ലത് പോലെ സ്നേഹിച്ചോ ”

ആ ചോദ്യം വായിക്കുമ്പോൾ തന്നെ അഞ്ജലി ചിരിച്ചു പോയി.

ശിവയെ ഒന്ന് വിളിക്കാൻ അവളൊരുങ്ങും മുൻപ് രുദ്രൻ വന്നിട്ട് ഡോർ തുറന്നു കയറി.

വലിഞ്ഞു മുറുകിയ മുഖം അൽപ്പം പോലും അയാഞ്ഞിട്ടില്ല.
“എന്തെങ്കിലും പ്രശ്നമുണ്ടോ രുദ്രേട്ടാ ”

അഞ്ജലി അവളുടെ ഫോൺ തിരികെ ബാഗിൽ വെച്ചു കൊണ്ട് അവനെ നോക്കി ചോദിച്ചു.

“ഒന്നുമില്ല ”
സ്വരം പോലും വല്ലാതെ മുറുകി.

പിന്നെ എന്തെങ്കിലും ചോദിക്കാൻ ആ മുഖം കണ്ടപ്പോൾ അഞ്‌ജലിക്കും തോന്നിയില്ല.

“എനിക്കൊരിടം വരെയും പോവാനുണ്ട്. വരാനും ലേറ്റ് ആവും. നിന്നെ ഞാൻ ശ്രീ ഏട്ടന്റെ വീട്ടിൽ ആക്കി തരാം. അവിടെ അവരെല്ലാം ഉണ്ടല്ലോ ”

വേഗത്തിൽ വണ്ടി ഓടിക്കുന്നതിനിടെ തന്നെ രുദ്രൻ പറയുമ്പോൾ അഞ്ജലിയുടെ മുഖം വാടി.

“ഞാൻ.. എനിക്കൊറ്റക്ക് പേടിയൊന്നും ഇല്ല. ഞാൻ വീട്ടിൽ നിന്നോളാം . നാളെ നമുക്കൊരുമിച്ചു പോവാം രുദ്രേട്ടാ ”

അഞ്ജലി എങ്ങനൊക്കെയോ പറഞ്ഞു.
അവൾക്കുള്ളിൽ നല്ല സങ്കടം ഉണ്ടായിരുന്നു.
അവനൊപ്പമുള്ള നല്ല നിമിഷങ്ങളെ.. അതിനി എന്തിന്റെ പേരിൽ ആയിരിന്നാലും കളയാൻ അവൾക്ക് മനസ്സ് വന്നില്ല.

രുദ്രന്റെ നോട്ടത്തിന് മുന്നിൽ അവളുടെ തല താഴ്ന്നു.
പറയുന്നത് അങ്ങോട്ട് അനുസരിച്ച മതി. ഒരു ധൈര്യശാലി. മുന്നേ ഒരു ദിവസം നിന്റെ വാക്കും കേട്ട് പോയ ഞാൻ വരാൻ അൽപ്പം കൂടി വൈകിയിരുന്നു എങ്കിൽ… പേടിച്ചു വിറച്ചു ചത്തു പോയേനെ. എന്നിട്ട് അവളാണ് ധൈര്യം പറയുന്നത്. പറയുന്നതങ്ങോട്ട് അനുസരിച്ച മതി. കൂടുതൽ ഇങ്ങോട്ട് പറയണ്ട. ”

അവന്റെ കൈകൾ സ്റ്റിയറിങ്ങിൽ മുറുകി.

അഞ്‌ജലിക്ക് കരച്ചിൽ വരുന്നുണ്ട് അവന്റെ ശബ്ദം ഉയർന്നപ്പോൾ.

പക്ഷേ അവൾ മിണ്ടാതെ സീറ്റിലേക്ക് ചാരി.
എന്നാൽ അതൊന്നും ശ്രദ്ധിക്കാൻ കഴിയാവുന്ന ഒരു അവസ്ഥയിൽ അല്ലായിരുന്നു രുദ്രനും.

പരമാവധി വേഗത്തിൽ അവൻ വണ്ടി ഓടിക്കുന്നുണ്ട്.

അര മണിക്കൂർ കൊണ്ട് അവൻ ശ്രീയുടെ വീട്ടിൽ എത്തിയിരുന്നു.

“വേഗം ഇറങ്ങി വാ.. നിന്നെ ഇവിടെ ആക്കിയിട്ട് വേണം എനിക്ക് പോവാൻ.”
വല്ലാത്തൊരു ധൃതിയിൽ സീറ്റ് ബെൽറ്റ് ഊരി മാറ്റി കൊണ്ടവൻ പറയുമ്പോൾ… അഞ്ജലി കണ്ണ് നിറച്ചു കൊണ്ടവനെ നോക്കി.

തിരിഞ്ഞു നോക്കിയ രുദ്രൻ തന്നെ നോക്കി കണ്ണും നിറച്ചിരിക്കുന്നവളെ നോക്കി കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ട് നെറ്റിയിൽ കൈ ചേർത്ത് പിടിച്ചു.

“ഡീ.. യൂദാസേ… സോറി.. ഞാൻ.. അപ്പോഴത്തെ ടെൻഷനിൽ പറഞ്ഞതാടി ”

അവൻ അഞ്ജലിയുടെ കവിളിൽ കൈ ചേർത്ത് വെച്ചു കൊണ്ട് പറഞ്ഞു.

“എല്ലാം ഞാൻ വന്നിട്ട് പറയാം. അത്രയും അത്യാവശ്യം ആയത് കൊണ്ടല്ലേ. അല്ലേൽ നിന്നെ ഞാൻ ഇവിടെ വിട്ടിട്ട് പോകുവോ.”

സ്നേഹത്തോടെ അവളുടെ നെറ്റിയിൽ അവനൊരു ഉമ്മ കൊടുത്തു.

“കൈ വയ്യാതെ… എവിടെ പോകുവാ.”
അഞ്ജലി അവന്റെ നേരെ നോക്കി ചോദിച്ചു.

“അതൊക്കെ മാറി.”
അവൻ കണ്ണടച്ച് കാണിച്ചു.

“ഇവിടെ ആണെന്ന് കരുതി പുറത്തൊന്നും ഇറങ്ങി നടക്കരുത്. റോഡ് സൈഡ് ആണ്
വളരെ വളരെ സൂക്ഷിക്കണം. മനസ്സിലായോ ”

മുന്നറിയിപ്പ് പോലെ രുദ്രൻ പറഞ്ഞു.
അതിൽ നിന്നും തന്നെ അവൾക്ക് മനസ്സിലായി എന്തോ വലിയൊരു പ്രശ്നം അവന്റെ മുന്നിൽ ഉണ്ടെന്ന്.

“രാത്രി വന്ന വീട്ടിൽ പോകുവോ ”
അഞ്ജലി ചോദിച്ചു.

“ഇങ്ങോട്ട് വരണോ ”
അവൻ തിരിച്ചു ചോദിച്ചു.
അവൾ ചുണ്ട് കൂർപ്പിച്ചു.

“പെട്ടന്ന് വരില്ലേ ”
അഞ്‌ജലിയും ടെൻഷനോടെ ചോദിച്ചു.
വീണ്ടും അവന്റെ ഫോൺ ബെല്ലടിച്ചു.
രുദ്രൻ അവളുടെ കവിളിൽ തട്ടി കൊണ്ട് അതെടുത്തു.
അവളോട് ഇറങ്ങാൻ കണ്ണ് കാണിച്ചു.

ഒന്നോ രണ്ടോ മിനിറ്റ് നേരം മാത്രം സംസാരിച്ചു കൊണ്ടവൻ ധൃതിയിൽ തന്നെ ഇറങ്ങി.

കല്യാണവീടിന്റെ ബഹളം ദൂരെ വരെയും കേൾക്കാം.
അലങ്കാരബൾബുകളുടെ വെളിച്ചം..

റോഡ് സൈഡിൽ നിർത്തിയിട്ട ധാരാളം വണ്ടികൾ.
രുദ്രനെ കണ്ണുകൾ ജാഗ്രതയോടെ നാല് പാടും ചിതറി തെറിക്കുന്നുണ്ട്.

താൻ ചേർത്ത് പിടിച്ച കൈകൾ വിറക്കുന്നു.
രുദ്രൻ അഞ്ജലിയെ വലിച്ചു നെഞ്ചിൽ ചേർത്ത് പിടിച്ചു.
“എന്തിനാ ഈ ടെൻഷൻ..”
അവൻ ചോദിക്കുമ്പോൾ അവൾ മുഖം ഉയർത്തി നോക്കി.

വർണ്ണ ബൾബുകളുടെ നിഴൽ വിരിച്ച അവളുടെയാ മുഖം.. അതിൽ നിറഞ്ഞു നിൽക്കുന്ന ടെൻഷൻ.

രുദ്രന് സ്നേഹം കൊണ്ട് ഹൃദയം വിങ്ങി.
തന്നെയോർത്താണ് അവളുടെ ആ ടെൻഷൻ എന്നോർക്കുമ്പോൾ അവനുള്ളിൽ വല്ലാത്തൊരു സന്തോഷം അലതല്ലി.. ആ അവസ്ഥയിലും.

“പേടിക്കണ്ട. നീ വിചാരിച്ച പോലൊന്നും ഉണ്ടാവില്ല.”
അവൻ കണ്ണടച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു.
എന്നിട്ടും തെളിയാത്ത മുഖം.

“യൂദാസേ ”
കാതിൽ അവന്റെ ചുണ്ടുകൾ പതിഞ്ഞു.
അഞ്ജലി പിടഞ്ഞു കൊണ്ടവനെ നോക്കി.

വളരെ പതിയെ ആണ് നടക്കുന്നത്.

ധാരാളം ആളുകൾ കയറി പോവുന്നുണ്ട്. ഇറങ്ങി വരുന്നുണ്ട്.

“നിനക്കിനിയും രക്ഷപെട്ടു പോകാൻ ടൈം ഉണ്ട്. കാരണം എന്റെ ലൈഫ് ഇങ്ങനെ ഒക്കെ തന്നെ ആവും. ഇതിനേക്കാൾ വലിയ പ്രശ്നങ്ങൾ ഇനിയും അഭിമുഖികരിക്കേണ്ടിയും വരും. അപ്പോഴെല്ലാം സ്ട്രോങ്ങ്‌ ആയിട്ട് നിന്നു എന്നെ കൂടി ചാർജ് ചെയ്യിക്കേണ്ട ഉത്തരവാദിത്തം എന്റെ ഭാര്യക്കാണ് ”

രുദ്രൻ പറയുമ്പോൾ അഞ്ജലി അവനെ ഒന്ന് നോക്കി.

“ആ കാര്യത്തിൽ നീ ഒട്ടും പോരന്റെ യൂദാസേ.എനിക്ക് വേണ്ടത് എന്നോട് കട്ടക്ക് നിക്കുന്ന ആളെയാണ്. അല്ലാതെ ഒരു കിസ്സ് കിട്ടിയ ഒടിഞ്ഞു തൂങ്ങുന്ന.. ഒരു പ്രശ്നം വന്ന പേടിച്ചു വിറക്കുന്ന നീ… എനിക്കൊട്ടും മാച്ച് അല്ലാല്ലോ ”
അത് പറയുമ്പോൾ അവന്റെ സ്വരത്തിൽ കുസൃതിയാണ്.

“ഞാൻ സ്ട്രോങ്ങ്‌ ആണ് ”
അഞ്ജലി പിടഞ്ഞു മാറി കൊണ്ട് അവനെ നോക്കി പറഞ്ഞു.
“ആണോ.. പക്ഷേ എനിക്കങ്ങനെ തോന്നിയില്ല. നീ സ്ട്രോങ്ങ്‌ ആണ്.. എന്നെ ചാടി കേറി കിസ്സ് ചെയ്യാൻ മാത്രം ”

കള്ള ചിരിയോടെ രുദ്രൻ പറയുമ്പോൾ അഞ്ജലിയുടെ കണ്ണുകൾ കൂർത്തു.

“വാ.. ബാക്കി സ്ട്രോങ്ങ്‌ ഞാൻ തിരിച്ചു വന്നിട്ട് തെളിയിക്കാം .. ഇപ്പൊ ടൈം ഇല്ല.”
രുദ്രൻ അവളെ പിടിച്ചു നടത്തി കൊണ്ട് പറഞ്ഞു.

“ഞാൻ ശ്രീയെ കണ്ടിട്ട് പോകും. നീ പറഞ്ഞ മതി. അമ്മയോടും മുത്തശ്ശിയോടും. അത്യാവശ്യം എന്ന് മാത്രം പറഞ്ഞ മതി. അല്ലെങ്കിൽ അവര് ടെൻഷൻ ആവും. നിന്നെ പോലെ അവരും ഈ കാര്യത്തിൽ ഭയങ്കര സ്ട്രോങ്ങ്‌ ആണ്.”

നടത്തതിന്റെ വേഗത കൂട്ടി രുദ്രൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

ഫോണെടുത്തു ശ്രീയെ വിളിച്ചു കൊണ്ടാണ് രുദ്രൻ ഗെറ്റ് കടന്ന് അകത്തേക്ക് നടന്നത്.

അറിയാവുന്നവരെല്ലാം രുദ്രൻ കയറി ചെല്ലുമ്പോൾ ചിരിച്ചു.

അഞ്ജലിയെ ചേർത്ത് പിടിച്ചു കൊണ്ട് അവനും തിരിച്ചു ചിരിച്ചു പരിജയം പുതുക്കി.

കൂടുതൽ സ്നേഹപ്രകടനങ്ങൾ ഒന്നും തന്നെയില്ല.

“എന്താടാ…”

ആൾകൂട്ടത്തിൽ നിന്നും അകത്തേക്ക് കയറും മുൻപ് എവിടെ നിന്നോ ധൃതിയിൽ വന്നിട്ട് ശ്രീ അവനോട് ചോദിച്ചു.

ഒരു കള്ളി മുണ്ടും ഷർട്ടും… തലയിൽ ചുറ്റി കെട്ടിയ ഒരു തോർത്തും. വിയർപ്പ് തുള്ളികൾ പൊടിഞ്ഞ മുഖം.

“ഒന്നുല്ല ശ്രീഏട്ടാ. എനിക്ക്… എനിക്കൊരു സ്ഥലം വരെയും പോവാനുണ്ട്. അഞ്ജലി വീട്ടിൽ ഒറ്റക്കല്ലേ. അവിടെ നിർത്തിയിട്ടു പോവാൻ വയ്യ. എനിക്ക് പോവേണ്ടത് അത്യാവശ്യമാണ് ”

ശ്രീയെ നോക്കി രുദ്രൻ പറഞ്ഞു.

അവന്റെ കണ്ണുകൾ ഒരു നിമിഷം അഞ്ജലിയുടെ നേരെയായി. അവളും അവനെ ഒന്ന് നോക്കി ചിരിച്ചു.

“ഞാൻ.. കൂടി വരണോടാ ”
ഇപ്രാവശ്യം രുദ്രനിൽ ഉണ്ടായിരുന്ന ടെൻഷൻ ശ്രീയിലേക്കും പടർന്നു.

“ഏയ്‌. അതിന്റെ ആവിശ്യമില്ല. ഞാൻ വിളിക്കാം. ശ്രീയേട്ടൻ ഇവളെ അകത്തേക്കു കൂട്ടിക്കോ. അമ്മയോട് പറഞ്ഞേക്കണേ. ഞാൻ ഉടനെ വരും.”
അഞ്ജലിയെ നീക്കി നിർത്തി കൊണ്ട് രുദ്രൻ പറഞ്ഞു.

“അതൊക്കെ ഞാൻ നോക്കി കൊള്ളാം.”
ശ്രീ അവന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു.

“സൂക്ഷിക്കണം. കേട്ടോ ”

അഞ്ജലിയുടെ കണ്ണുകൾ തന്നിലാണ്‌ എന്ന് കണ്ടപ്പോൾ ആ കവിളിൽ ഒന്ന് കൂടി തട്ടി കൊണ്ട് രുദ്രൻ പറഞ്ഞു.

അവൾ ഒന്ന് തലയാട്ടി.

“ബൈ.. ശ്രീയെട്ട.”
പിന്നൊന്നും പറയാൻ നിൽക്കാതെ രുദ്രൻ തിരിഞ്ഞു നടന്നു തുടങ്ങി.

“ഡാ.. രുദ്ര ”
വീണ്ടും ശ്രീ വിളിക്കുമ്പോൾ അവൻ തിരിഞ്ഞു നോക്കി.

“ജീവൻ വന്നില്ലല്ലോ. നിന്നെ വിളിച്ചായിരുന്നോ. ഇന്ന് വരും എന്നെന്നോട് പറഞ്ഞതാ. ശിവയോടും. പക്ഷേ വിളിച്ചിട്ട് കിട്ടുന്നില്ല ”

ശ്രീ ചോദിച്ചു.

“അവൻ.. അവൻ വരും ശ്രീയേട്ടാ. ഉടനെ തന്നെ വരും. ശിവയോടും പറഞ്ഞേക്കണേ ”
അത് പറഞ്ഞിട്ട് രുദ്രൻ വേഗത്തിൽ നടന്നു പോയി.

“വാ അഞ്ജു..

ശ്രീ വിളിക്കുമ്പോഴാണ് അഞ്ജലി അകത്തേക്ക് പോയത്.

മുറ്റത്തുള്ളത് പോലെ തന്നെ. അകത്തും അതിനേക്കാൾ വലിയ തിരക്കാണ്.. ആളുകൾ തിങ്ങി നിറഞ്ഞു നിൽക്കുന്നടത്തു നിന്നും ശ്രീ അവളെ കൈ പിടിച്ചു കൊണ്ട് മുന്നോട്ടു നടന്നു.

❣️❣️❣️❣️

അഞ്ജുസേ ”
പെട്ടന്ന് അവളെ മുന്നിൽ കണ്ടപ്പോൾ ശിവ ആവേശത്തിൽ വിളിച്ചു.
അഞ്ജലിക്കും അവളെ കണ്ടപ്പോൾ എന്തെന്നില്ലാത്ത ഒരു ആശ്വാസം തോന്നിയിരുന്നു.

ശ്രീയേട്ടന്റെ അനിയത്തി… മൈലാഞ്ചിയിൽ കുളിച്ചു ഒരു അരികിൽ ഇരിപ്പുണ്ട്.

ശിവയും പിന്നെ മൂന്നാലു പെൺകുട്ടികളും കൂടി ആ മുറിയിലുണ്ട്.

“ഏട്ടൻ എങ്ങനെ നിന്റെ കൂടെ വന്നു. ഇന്ന് തന്നെ ”

അഞ്ജലിയെ ചുഴിഞ്ഞു നോക്കി ശിവയത് ചോദിക്കുമ്പോൾ അതിനുള്ളിലെ കുസൃതി ആസ്വദിക്കാൻ പാകത്തിന് അല്ലായിരുന്നു അഞ്ജലിയുടെ മനസ്സ്.

അൽപ്പം മുന്നേ ടെൻഷനോടെ ധൃതി പിടിച്ചു പോയവനൊപ്പം അവളുടെ മനസ്സ് കൂടി ഓടി പോയിരുന്നു.

“ഡീ.. നീ എന്താ ഇങ്ങനെ അനങ്ങാതെ നിൽക്കുന്നെ. ഏട്ടൻ നിന്റെ തലയ്ക്കു വല്ലതും തന്നോ ”
ശിവ വീണ്ടും ചോദിച്ചു.

അഞ്ജലി അവളെ ഒന്ന് നോക്കി.

“രുദ്രേട്ടൻ എന്നെ ഇവിടെ ആക്കിയിട്ട് പോയി ശിവ.”
അഞ്ജലി പതിയെ പറഞ്ഞു.

“പോയോ. അതെന്താ അഞ്ജുസേ. വീണ്ടും ഉടക്കിയോ നിങ്ങൾ തമ്മിൽ. അതോ നീ വീണ്ടും അങ്ങേരെ പീഡിപ്പിക്കാൻ ശ്രമിച്ചോ അഞ്ജലിയെ നോക്കി വീണ്ടും ശിവ ചോദിച്ചു.

“എന്തോ അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞു.

തീരെ നേർത്ത സ്വരത്തിൽ അഞ്ജലി പറയുമ്പോൾ ശിവയുടെയും ചിരി മാഞ്ഞു.

റൂമിൽ ഉള്ളവരെല്ലാം അഞ്ജലിയെ തന്നെ നോക്കുന്നുണ്ട്.

“എന്റെ രുദ്രേട്ടന്റെ ഭാര്യയാണ് ”
അൽപ്പം അഹങ്കാരത്തോടെ ശിവ അവളെ പരിജയപെടുത്തി കൊടുത്തു.

അവരുടെ അന്വേഷണങ്ങൾക്ക് ചിരിച്ചു കൊണ്ട് തന്നെ അഞ്ജലി മറുപടി പറയുന്നുണ്ട് എങ്കിലും.. മനസ്സ് പുകയുന്നത് അവൾക്കറിയാം.

“മോളെ..

ചിരിച്ചു വിളിച്ചു കൊണ്ട് ലക്ഷ്മി കയറി വരുമ്പോൾ.. അഞ്ജലി തല ചരിച്ചു നോക്കി.
മനസ്സിൽ അവൾക് ഇച്ചിരി കൂടി ആശ്വാസം കിട്ടി.. ആ ചിരി കണ്ടപ്പോൾ.

“അവൻ പോയിയല്ലേ. ഇവന്റെയൊരു തിരക്ക്.”

ചോദ്യവും ഉത്തരവും അവർ തന്നെ പറയുന്നുണ്ട്.

“വാ. വന്നിട്ട് ഒന്നും കഴിച്ചില്ലല്ലോ. വിശക്കുന്നുണ്ടാവും. അമ്മ എന്തെങ്കിലും കഴിക്കാൻ തരാം.”

അഞ്ജലിയുടെ കയ്യും പിടിച്ചു കൊണ്ട് ലക്ഷ്മി മുറിയുടെ പുറത്തേക്ക് നടന്നു.

“രുദ്രന്റെ പെണ്ണാണ്.. ഭാര്യയാണ് എന്നൊക്കെ പറഞ്ഞു അവിടെ കൂടിയവർക്ക് മുഴുവനും പരിജയപെടുത്തുന്നുണ്ട്.

അതിലൊന്നും മനസ്സുറക്കാതെ അഞ്ജലി ഇല്ലാത്തൊരു ചിരി മുഖത്തു നിറച്ചു കൊണ്ട് അവർക്കിടയിൽ നിന്നും വീർപ്പു മുട്ടി.

അവരാരും അവളെ മുന്നേ കണ്ടിട്ടില്ലാത്തത് കൊണ്ട് തന്നെ ഏറെകുറെ എല്ലാവരുടെ കണ്ണുകളിലും കുറച്ച് നേരത്തെ വിശ്രമം അഞ്‌ജലിയിലാണ്.

അവൾ ആ നോട്ടങ്ങളിൽ വീർപ്പുമുട്ടിയാണ് ഇരിക്കുന്നത്.

ഗായത്രിയാണ് അവൾക്ക് കഴിക്കാൻ എടുത്തു കൊടുത്തത്.
എപ്പോഴത്തെയും പോലെ.. അനാവശ്യമായ സ്നേഹപ്രകടനം ഒന്നുമില്ല.
കുഞ്ഞൊരു ചിരിയിൽ ഒതുക്കി

വിശപ്പ് ഉണ്ടായിട്ടും അഞ്‌ജലിക്ക് ഒന്നും കഴിക്കാൻ തോന്നിയില്ല.
പക്ഷേ മുന്നിലേക്ക് എടുത്തു വെച്ച ഭക്ഷണം കളഞ്ഞിട്ട് എഴുന്നേറ്റു പോകാനും വയ്യ.

നിനക്ക് വേണ്ടങ്കിൽ അവിടെ വെച്ചേക്ക് അഞ്ജുസേ.”

അവൾ കഴിക്കുന്ന ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് ശിവ അങ്ങനെ പറഞ്ഞത്.
എന്നിട്ടും കുത്തി നിറച്ചു വെള്ളം കുടിച്ചിച്ചിറക്കി കൊണ്ടാണേലും അഞ്ജലി അത് മുഴുവനും കഴിച്ചു കഴിഞ്ഞാണ് എഴുന്നേറ്റത്.

“വാ അഞ്ജുസേ ”

കഴിച്ചു കഴിഞ്ഞ ഉടനെ തന്നെ അഞ്ജലിയെ അവിടെ നിന്നും വലിച്ചു കൊണ്ട് ശിവ നടന്നു.

“മുത്തശ്ശി എവിടെ ശിവ. കണ്ടില്ലല്ലോ ”

അഞ്ജലി ശിവയെ നോക്കി ചോദിച്ചു.

“ദാ.. അവിടെ കുറച്ചു ഓൾഡ്പീപ്പിൾസിനെ കിട്ടിയിട്ടുണ്ട്. മുത്തശ്ശിക്ക് തള്ളി മറിക്കാൻ. വന്നപ്പോ തുടങ്ങിയതാ ”

വേറൊരു മുറിയുടെ നേരെ ശിവ വിരൽ ചൂണ്ടി.

അവൾക്കൊപ്പം ചെലുമ്പോൾ ശിവ പറഞ്ഞത് പോലെ. അവിടെ നല്ല കത്തി വെപ്പാണ് ആള്.

അഞ്ജലിയെ കണ്ടപ്പോൾ ആ മുഖം വിടർന്നു.

എന്റെ രുദ്രന്റെ പെണ്ണാണ് എന്ന് അഞ്ജലിയുടെ കയ്യിൽ പിടിച്ചു പറഞ്ഞു.

ഇത്തിരി നേരം അവിടെ ചുറ്റി തിരിഞ്ഞിട്ട് ശിവ തന്നെയാണ് അഞ്ജലിയെ പുറത്തേക്ക് രക്ഷപെടുത്തി കൊണ്ട് പോയത്.

“ഇനി പറ. എന്താ ഉണ്ടായേ. ഏട്ടൻ പിന്നെയും ദേഷ്യപെട്ടോ ”

മുകളിലെ ഒഴിഞ്ഞൊരു കോണിലേക്ക് അഞ്ജലിയെ പിടിച്ചു നിർത്തി ശിവ ചോദിക്കുമ്പോൾ… അവളുടെ മുഖത്തും ടെൻഷൻ ആയിരുന്നു.

“രുദ്രേട്ടന് ഒരു കുഴപ്പവുമില്ല ശിവ ”

അഞ്ജലി ചിരിച്ചു കൊണ്ട് പറഞ്ഞു.

“ആ സാധനത്തിന് അല്ലെങ്കിലും കുഴപ്പമൊന്നും ഉണ്ടാവില്ല. മൂപ്പര് സ്ട്രോങ്ങ്‌ അല്ലേ.പക്ഷേ കുഴപ്പം മുഴുവനും ഇവിടെ ഈ മുഖത്തല്ലേ.”
അഞ്ജലിയുടെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് ശിവ പറഞ്ഞു.

“അയ്യോ… നീ വിചാരിക്കുന്ന പോലൊന്നും ഇല്ലെന്റെ ശിവ.”

അഞ്ജലി ശിവയുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

പുറത്ത് പോയതും,അവിടെ നിന്ന് തിരിച്ചു പോരും വഴി വന്നൊരു ഫോൺ കോളിൽ..രുദ്രന്റെ ഭാവം തന്നെ മാറിയതും അഞ്ജലി പറഞ്ഞു.
ശിവയുടെ മൂടി കെട്ടിയ മുഖം അതോടെ തെളിഞ്ഞു.

“പൊട്ടത്തി.. ഇതിനാണോ നീ ഇത്രേം ടെൻഷനടിച്ചത്. അയ്യേ. നീ എന്റെ ഏട്ടന് ഒട്ടും മാച്ച് ആവൂല ട്ടാ ”

ശിവയവളെ കളിയാക്കി കൊണ്ട് പറഞ്ഞു.
അഞ്ജലി ചുണ്ട് കൂർപ്പിച്ചു.

“കയ്യിലെ മുറിവും വെച്ചല്ലേ ശിവ പോയത് ”
അഞ്ജലി വീണ്ടും സങ്കടത്തോടെ പറഞ്ഞു.
ശിവക്ക് അവളോട് അലിവ് തോന്നി.

“അതാണോ വല്ല്യ കാര്യം അഞ്ജുസേ ”
ശിവ അവളുടെ അരികിലേക്ക് ചേർന്നിരുന്നു.

“ഉടലിന് മീതെ തലയുണ്ടെങ്കിൽ പോയി മനസ്സിൽ ഉള്ളത് ചെയ്തിട്ടു വരുന്നൊരു ഏട്ടൻ ഉണ്ടായിരുന്നു. കുറെ മുന്നേ. ആ ഏട്ടനെ തിരിച്ചു കിട്ടിയ സന്തോമാണ് പെണ്ണെ എനിക്കിപ്പോ തോന്നുന്നത്. അങ്ങേർക്കാണോ ഒരു മുറിവ്. അത് രുദ്രദേവ് ആണ് അഞ്ജുസേ. നീ ഒട്ടും പേടിക്കണ്ട. നാളെ രാവിലെ ഏട്ടൻ പോയത് പോലെ നിന്റെ മുന്നിലുണ്ടാവും. ഞാനല്ലെടി പറയുന്നേ ”

തോളിൽ ചേർത്ത് പിടിച്ചു കൊണ്ട് ശിവ പറയുമ്പോൾ അഞ്‌ജലിക്ക് അൽപ്പം ആശ്വാസം തോന്നി.

“സാറ് വന്നില്ലേ ശിവ..”
അഞ്ജലി ചോദിക്കുമ്പോൾ ശിവയുടെ ചുണ്ട് കൂർത്തു.ഇല്ലെന്ന് തലയാട്ടി കാണിച്ചു അവൾ.

“ഇങ്ങ് വരട്ടെ.. കാണിച്ചു കൊടുക്കുന്നുണ്ട് ഞാൻ. വൈകുന്നേരം വരാം എന്ന് എന്നോട് ഉറപ്പിച്ചു പറഞ്ഞതാ. അന്നേരം മുതൽ ഞാനും നോക്കി ഇരിക്കുന്നു.”
ശിവ നിരാശയോടെ പറഞ്ഞു.

അവളുടെ ഭാവം അഞ്ജലി ചിരിച്ചു പോയി.

“അവിടുത്തെ അമ്മയ്ക്ക് വിളിച്ചിരുന്നു ഞാൻ. ഇങ്ങോട്ട് ആണെന്ന് പറഞ്ഞു കൊണ്ട് വീട്ടിൽ നിന്നും ഇറങ്ങിയിട്ടുണ്ട്. പിന്നെവിടെ പോയാവോ?”

ശിവ അഞ്ജലിയെ നോക്കി.

“എന്തെങ്കിലും തിരക്ക് കാണും ശിവ. സാറ് വന്നോളും ”
അഞ്ജലി അവളെ ആശ്വാസിപ്പിച്ചു.

പിന്നെയും എന്തൊക്കെയോ പറഞ്ഞും ചിരിച്ചും അറിയാതെ തന്നെ ആ ആഘോഷങ്ങളിലേക്ക് ലയിച്ചു ചേർന്നിരുന്നു അഞ്‌ജലിയും ശിവയും.

അവക്കിടയിലുള്ള ഒരാളാണ് എന്ന് തോന്നിപ്പോകും വിധം അഞ്ജലി അവരോട് ഇണങ്ങി ചേർന്നിരുന്നു.

പാതിരാത്രി എപ്പഴോ… കളി ചിരികൾക്കളുടെ അവസാനം.. ഉറങ്ങാൻ കിടക്കുമ്പോൾ വീണ്ടും മനസ്സൊരു ഭാരത്തെയും വലിച്ചു കൊണ്ട് വന്നിരുന്നു ശിവയിലും അഞ്ജലിയിലും.

പക്ഷേ രണ്ടാളും അത് തമ്മിൽ പറഞ്ഞില്ല..

യൂദാസേ എന്നൊരു വിളിയോടെ രുദ്രൻ അഞ്ജലിയുടെ ഉറക്കം കെടുത്തി എങ്കിൽ… കിടക്കുന്നതിനു തൊട്ട് മുൻപ് കൂടി ഫോണിൽ വിളിച്ചിട്ടു കിട്ടാത്ത ജീവനെ ഓർത്തിട്ട് ശിവയുടെ ഉള്ളിലും നോവിന്റെ വലിയൊരു ചിറക്കടി ഉണ്ടായിരുന്നു.

ബെല്ലടിച്ചു തീരും വരെയും… ജീവന്റെ ഫോണിലെക്ക് നോക്കി,ഗൂഢമായി ചിരിക്കുന്ന ജെറിനും ഉണ്ടായിരുന്നു…അന്നത്തെ രാത്രി ഒരുപാട് തീരുമാനങ്ങൾ നടപ്പിലാക്കാൻ..

തുടരും.

“കൂടുതൽ ചോദ്യം ഒന്നുമില്ല ജസ്റ്റിൻ. അതിന് പറ്റിയ അവസ്ഥയിലല്ല നീ. എനിക്കാണേൽ ഒട്ടും സമയവുമില്ല. അത് കൊണ്ട് പെട്ടന്ന് പറഞ്ഞ നിന്റെ ഇപ്പൊ ഉള്ള വേദന ഇനിയും കൂടില്ല.”

യാതൊരു ദയവുമില്ലാതെ രുദ്രൻ മുന്നിൽ ഇരുന്നു പറയുമ്പോൾ.. ജസ്റ്റിൻ അവനെ ഭയത്തോടെ നോക്കി.

നീര് വന്നു ചീർത്ത മുഖം വീണ്ടും ഭയം കൊണ്ട് വിളറി.
കയ്യും കാലും ഒടിഞ്… മുഖത്ത് നിറയെ ചോര കല്ലിച്ച പാടുകൾ..
നെറ്റിയിൽ ഉള്ള വലിയൊരു ചുറ്റി കേട്ട് തലയുടെ പാതി മറച്ചിട്ടുണ്ട്.

“പറഞ്ഞോ. എനിക്ക് ടൈം ഇല്ല.”
വീണ്ടും രുദ്രന്റെ സ്വരം.

“നിനക്കറിയാത്ത ഒരു ഒളി താവളവും ജെറിൻ തോമസിന് ഇല്ല എന്നത് ശെരിക്കും അറിഞ്ഞിട്ട് തന്നെയാണ് ഞാൻ നിനക്ക് മുന്നിൽ നിൽക്കുന്നത്.”
രുദ്രൻ വീണ്ടും പറഞ്ഞു.

ജസ്റ്റിൻ വേദന കൊണ്ട് ഒന്ന് ഞരങ്ങി.

“എനിക്കത് കണ്ടു പിടിക്കാൻ കഴിയാഞ്ഞിട്ട് നിന്റെ സഹായം തേടി വന്നതല്ല ഞാൻ. ”

രുദ്രൻ ഒന്നൂടെ ഓർമിപ്പിച്ചു.
നിന്നോട് ഇങ്ങനെയല്ല ചോദിക്കേണ്ടത് ”

പറഞ്ഞു കൊണ്ട് രുദ്രൻ എഴുന്നേറ്റു.

ജസ്റ്റിന്റെ മുഖത്തു നോക്കി അവൻ വാതിലിനു നേരെ നടന്നു.

ഞാൻ പറയാം

അവൻ വാതിൽ അടക്കും മുന്നേ ജസ്റ്റിന്റെ തളർന്ന സ്വരം.

രുദ്രന്റെ ചുണ്ടിൽ ഒരു വിജയചിരി ഉണ്ടായിരുന്നു.

❣️❣️❣️❣️

വിവേകത്തോടെ ചിന്തിക്ക് ജീവാ.. വികാരത്തോടെയാവുമ്പോൾ നഷ്ടം നിനക്ക് മാത്രമാണ്. നിനക്ക് മാത്രം ”

വീണ്ടും മുന്നിൽ ഇരുന്നിട്ട് ജെറിൻ പറയുമ്പോൾ ജീവന്റെ ചുണ്ടിലെ ചിരിയിൽ പുച്ഛമാണ്.

“ഞാൻ പറയുന്നത് പോലെ അനുസരിച്ചാൽ.. നീ സ്വപ്നം കാണുന്നത് പോലാവും പിന്നെ നിന്റെ ജീവിതം.. എന്റെ ഹോസ്പിറ്റലിൽ നിനക്ക് സ്ഥിരമായി ജോലി.. ഇനി അത് വേണ്ടങ്കിൽ… എന്താണ് നിനക്കിഷ്ടം? അത് പറഞ്ഞോ..”

വീണ്ടും ജെറിൻ വാക്താനങ്ങൾ വാരി കോരി നൽകുന്നുണ്ട്.

ജീവന്റെ ചിരിക് യാതൊരു മങ്ങലും വന്നിട്ടില്ല അപ്പോഴും.

“നീ ചോദിക്കുന്നത്. അതാണ് നിനക്കുള്ള എന്റെ സമ്മാനം. ചെയ്യേണ്ടത് ചെറിയൊരു കാര്യം. പക്ഷേ കിട്ടുന്നത്…”
ജെറിൻ ഗൂഡമായി ചിരിച്ചു കൊണ്ട് ജീവനെ നോക്കി.

“പിന്നെ ഉള്ളത് അവളല്ലേ.. ആ രുദ്രന്റെ പെങ്ങൾ. നിനക്കെത്ര പെണ്ണ് വേണം. ഏത് സൈസ് പെണ്ണ് വേണം. അത് പറ. ഞാൻ എത്തിക്കും. നീ പറയുന്നിടത്.. എത്ര പേരെ വേണമെങ്കിലും ഞാൻ എത്തിക്കും ”
ജെറിൻ ആവേശത്തിൽ വിളിച്ചു പറഞ്ഞു.

“നീ അല്ലെങ്കിൽ നിനക്ക് പകരം ഒരാൾ.. അത്രേം ഒള്ളു എനിക്ക്. പക്ഷേ ജീവനോടെ നീ ഇനി ഇവിടുന്ന് പോവുന്നു എങ്കിൽ.. അത് ഞാൻ പറയുന്നത് പോലെ രുദ്രന്റെ അവസാനം കാണാൻ ആയിരിക്കണം. അല്ലാത്തൊരു മടങ്ങി പോക്ക് ഇനി നിനക്കില്ല.”

ജെറിൻ ചിരിച്ചു കൊണ്ട് സ്വന്തം പുറകിലേക്ക് ഒന്ന് നോക്കി.
ജീവന്റെയും കണ്ണുകൾ അങ്ങോട്ട് നീങ്ങി.
ജെറിന്റെ കാവൽ നായ്ക്കൾ..
ഇരയെ കടിച്ചു കുടയാനുള്ള വ്യഗ്രതയോടെ തുറിച്ചു നോക്കി നിൽക്കുന്നു .
അതോന്നും പക്ഷേ ജീവന്റെ ചിരി മായ്ച്ചില്ല.

“എന്ത് പറയുന്നു,ജീവൻ. സമ്മതമാണോ..?

ജെറിന്റെ ചോദ്യം.
ജീവൻ ഒന്നൂടെ മനോഹരമായി ചിരിച്ചു.

“എന്റെ അച്ഛന്റെ പേര്…. സ്റ്റീഫൻ തോമസ് എന്നല്ല ജെറിനെ ”

ശാന്തമായിരുന്നു ജീവന്റെ സ്വരം.

ജെറിന്റെ മുഖം വലിഞ്ഞു മുറുകി.

ദേഷ്യം കൊണ്ട് ചുവന്നു..

“അപ്പൊ… അപ്പൊ നീ ചാവാൻ തന്നെ തീരുമാനം എടുത്തു. അല്ലേ?”
ക്രൂരത നിറഞ്ഞ ചിരിയോടെ ജെറിൻ എഴുന്നേറ്റു.

“ഒരാളെ ചതിക്കാൻ കൂട് നിൽക്കുന്നതിലും ഭേദം മരണമാണ് ”
അപ്പോഴും ജീവന്റെ ചിരി മാഞ്ഞിട്ടില്ല.

മുഖം അടച്ചു കിട്ടിയ അടിയിൽ ജീവൻ വീണു പോയി..

ജെറിൻ കലിയോടെ അവന്റെ ചെന്നു വലിച്ചുയർത്തി.

ജീവന്റെ ചുണ്ട് പൊട്ടി ചോര വരുന്നുണ്ട്.
പുറം കൈ കൊണ്ടത് തുടച്ചു കളഞ്ഞിട്ട് വീണ്ടും ജെറിനെ നോക്കി.

“അളിയൻ പോലീസിനെ കണ്ടാണോടാ ഇത്ര നെഗളിപ്പ് ”
ജെറിൻ അവന്റെ ഷർട്ട് പിടിച്ചു.

“അങ്ങനൊരു ധൈര്യം വേണ്ടത് നിനക്കല്ലേ ജെറിൻ. ദേ പിന്നിൽ ഇവരെ പോലുള്ള വേട്ട പട്ടികൾ നിരന്നു നിൽക്കാതെ നിന്റെ കയ്യോ… വാക്കോ ഉയരാറില്ല.. അത്ര ധൈര്യമല്ലേ നിനക്ക് ”
ജീവന്റെ കളിയാക്കൽ കൂടി ആയപ്പോൾ ജെറിന്റെ പിടി വിട്ട് പോവുന്നുണ്ട്.

“പക്ഷേ. എനിക്കതിന്റെ ആവിശ്യമില്ല. നിങ്ങളോട് എതിർത്തു ജയിക്കാൻ ഇത് സിനിമയൊന്നും അല്ലെന്ന് നല്ല ബോധ്യവുമുണ്ട്. മരണം കൊണ്ട് പോലും ജീവനെ വിലക്കെടുക്കാൻ ആവില്ലെന്ന് നിനക്ക് മനസ്സിലാക്കി തരാൻ എനിക്ക് നല്ല ധൈര്യമുണ്ട് എന്ന് ഞാൻ തെളിയിക്കും ”

ജെറിന്റെ മണ്ണിലേക്ക് തുറിച്ചു നോക്കി ജീവൻ പറഞ്ഞു.

“ഒരിക്കൽ കൂടി… അവസാനമായി ചോദിക്കുന്നു. ഞാൻ പറഞ്ഞത് പോലെ ചെയ്താൽ ഒരു പോറൽ പോലും ഇല്ലാതെ ഇനി എന്റെ കാവൽ നിനക്കുണ്ടാവും.മറിച്ചാണേൽ… ജെറിൻ മോശമാണ്.. വളരെ വളരെ മോശമാണ്..

ജെറിൻ വീണ്ടും പറഞ്ഞു.

“എനിക്ക്.. എന്റെ അച്ഛനെ പോലെ. ഒറ്റ വാക്കേ ഒള്ളു.”
അതേ ചിരിയോടെ ജീവൻ പറയുമ്പോൾ വീണ്ടും ജെറിന്റെ ചുണ്ടിലെ ചിരിക്ക് ക്രൂരത ഏറി.

“നീ മരണം ഇരന്നു വാങ്ങുകയാണ് ”
ജെറിൻ ഓർമിപ്പിച്ചു..

നീയും… ജീവനും ചിരിച്ചു കൊണ്ട് പറയുമ്പോൾ ജെറിന്റെ പൊട്ടിച്ചിരി ഉയർന്നു.

“ആത്മവിശ്വാസം നല്ലതാ ജീവാ. പക്ഷേ സ്വന്തം ജീവൻ പോലും അപകടത്തിലാക്കി കൊണ്ട് നീ രക്ഷിക്കാൻ നോക്കുന്നവനുണ്ടല്ലോ… അവൻ ജെറിന്റെ ഇരയാണ്. ഞാൻ കാത്തു കാത്ത് വെച്ച എന്റെ ഇര ”

ജെറിൻ സ്വന്തം നെഞ്ചിൽ തട്ടി കൊണ്ട് പറഞ്ഞു.

ജീവൻ കൈ കെട്ടി നിന്നിട്ട് അവനെ തന്നെ നോക്കി.
ജീവന്റെ കൂസലില്ലാത്ത ഭാവം ജെറിനെ വിളറി പിടിപ്പിച്ചു.

“നീ തീർന്നാലും രുദ്രൻ അവന്റെ പെങ്ങൾക്ക് നിന്നെക്കാൾ നല്ലൊരാളെ തേടി പിടിച്ചു കൊടുക്കും. അവനൊക്കെ വേണ്ടി സ്വന്തം ജീവൻ കളയുന്ന നീ വെറും വിഡ്ഢി..”
പരമാവധി അവന്റെ മനസ്സിളക്കാൻ നോക്കുന്നുണ്ട് ജെറിൻ.

പക്ഷേ ജീവന് യാതൊരു മാറ്റവുമില്ല.

അത് ജെറിന്റെ മുഖം കൂടുതൽ ദേഷ്യതിലാകുന്നുണ്ട്.

അവൻ കണ്ണുകൾ കൊണ്ട് കൂടെ ഉള്ളവർക്ക് ആക്ഞ്ഞ നൽകി.

“ഇനിയുള്ളത് പറയാനല്ല ജീവാ ”

പറഞ്ഞതും ജെറിൻ അവനെ ഒരു തള്ളായിരുന്നു.

വാതിലേക്ക് ജീവൻ ഇടിച്ചു പോയി വീഴും മുൻപ്.. അവന് മുന്നിൽ ആ വാതിൽ തുറന്നു.
കരുത്തുറ്റ ഒരു കൈകൾ ജീവനെ വീഴാതെ ചേർത്ത് പിടിച്ചു.

“ടൈമിംഗ് ഒക്കെയാല്ലെടാ അളിയാ ”
ചിരിച്ചു കൊണ്ട് ചോദിക്കുന്നവനെ കാണെ ജെറിന്റെ മുഖത്തെ ചിരി മാഞ്ഞു.
പക്ഷേ നിമിഷനേരം കൊണ്ടവൻ ആ ചിരി തന്നെ കടമെടുത്തു .

“ഹോ. ഒരുപാട് വാങ്ങി കൂട്ടിയോടാ അളിയാ നീ. ഞാൻ ലേറ്റാണ് അല്ലേ ”

ജീവന്റെ ചുണ്ടിലെ മുറിവ് കണ്ടിട്ട് രുദ്രൻ അവന്റെ മുഖം ചെരിച്ചും തിരിച്ചും നോക്കുന്നുണ്ട്.

“ഇല്ലളിയാ.. ജസ്റ്റ്‌ വൺ ”
ജീവനും ചിരിച്ചു കൊണ്ട് കണ്ണടച്ച് കാണിച്ചു.

“അപ്പൊ അളിയനും അളിയനും അറിഞ്ഞു കൊണ്ടുള്ള കളിയാണ്. അല്ലേ. കൊള്ളാം… കൊള്ളാം ”

ജെറിൻ രസിച്ചത് പോലെ തലയാട്ടി ചിരിച്ചു.

“അതേല്ലോ അളിയാ ”
രുദ്രൻ ഈണത്തിൽ പറയുമ്പോൾ ജെറിൻ അവനെ തുറിച്ചു നോക്കി.

“അളിയനും എന്റെ വേറൊരു അളിയൻ തന്നെയാണ് അളിയാ ”
രുദ്രൻ അവന്റെ ഭാവം കണ്ട് ചിരിച്ചു കൊണ്ട് പറഞ്ഞു.

“എനിക്കങ്ങനെ ഒരു ബന്ധം വേണ്ടങ്കിലോ രുദ്ര ”
ജെറിൻ അവനെ നോക്കി കൊണ്ട് പരിഹാസത്തോടെ പറഞ്ഞു.

“എനിക്കും വേണമെന്നില്ല അളിയാ. പക്ഷേ എന്ത് ചെയ്യാം. എന്റെ പെണ്ണിന്റെ ഒരേ ഒരു ആങ്ങളയായി പോയില്ലേ നീ ”

രുദ്രൻ വീണ്ടും ചിരിച്ചു.

“അങ്ങനൊരു പെങ്ങളെ എനിക്കിനി വേണ്ട ”
വീണ്ടും ജെറിന്റെ ശബ്ദം കടുത്തു.

“സമാധാനം.. അവൾക്ക് ആകെ ഒരു പോരായ്മ ഉണ്ടായിരുന്നു. അതിപ്പോ ഇല്ലാതായി ”

രുദ്രൻ പറയുന്നത് കേട്ടപ്പോൾ ജെറിൻ പുച്ഛത്തോടെ ചിരിച്ചു.

“അളിയനും അളിയനും ഒന്നിച്ചു വന്ന സ്ഥിതിക്ക് എന്റെ ജോലി കൊറേ കൂടി എളുപ്പമാണ് ഇനി ”
ജെറിന്റെ മുഖത്തു വീണ്ടും ക്രൂരമായൊരു ചിരി ഉണ്ടായി.

“പക്ഷേ നീ ഒരു അഞ്ചു മിനിറ്റ് കൂടി ഡയലോഗ് പറഞ്ഞോ ജെറിനെ. സ്റ്റൻണ്ട് തുടങ്ങാനുള്ള ബെൽ അടിച്ചിട്ടില്ല. ഒരാൾ കൂടി വരാനുണ്ട് ”

അവന്റെ നേരെ മുന്നിൽ വന്നു നിന്നിട്ട് രുദ്രൻ പറഞ്ഞു.

“കണ്മുന്നിൽ സ്വന്തം തന്ത പിടഞ്ഞു തീരുന്നത് കണ്ടിട്ടും.. പിന്നെയും എനിക്ക് മുന്നിൽ വന്നു നിന്ന് ചൊറിയാൻ നിൽക്കാതെ വഴി മാറി പോകാൻ പോലും ബുദ്ധിയില്ലാത്ത നീയൊക്കെ എങ്ങനർയാണ് IPS നേടിയത് ”

ജെറിന്റെ ചുണ്ടുകൾ കോടി.

അവനൊപ്പം ഉള്ളവരുടെ ചിരി അൽപ്പം ഉയർന്നു കേട്ടു.

രുദ്രൻ ഒറ്റക്കാണ് എന്നത് അവരുടെ വീര്യം തിരികെ കൊടുത്തിരുന്നു.

“അത് ഞാൻ നിനക്ക് സൗകര്യം പോലെ പറഞ്ഞു തരാം ജെറിനെ. വെയിറ്റ് ”

രുദ്രൻ ചുറ്റും ഒന്ന് കണ്ണോടിച്ചു കൊണ്ട് പറഞ്ഞു.

“ചുറ്റുമുള്ള നിന്റെ കൊമ്പ് ഒടിച്ചു എനിക്ക് ഒറ്റയ്ക്ക് കിട്ടണമായിരുന്നു നിന്നെ. അതിന് വേണ്ടി കാത്തിരിപ്പായിരുന്നു ഞാനും ”

രുദ്രൻ ജെറിനെ നോക്കി പറയുമ്പോൾ അവന്റെ നെറ്റി ചുളിഞ്ഞു.

“നീ കരുതുന്നത് എന്നെ നീ കെണി വെച്ച് പിടിച്ചു എന്നല്ലേ. പക്ഷേ സത്യത്തിൽ അത് അങ്ങനല്ല അളിയോ.. ഞാൻ വിരിച്ച കെണിയിലേക്ക് നീ വന്നു ചേരുകയായിരുന്നു ”

രുദ്രൻ കയ്യിലുള്ള ഫോൺ അവൻ നേരെ നീട്ടി.

“ഇത്… ഇത്‌ ജസ്റ്റിന്റെ ഫോണല്ലേ. ഇതങ്ങനെ നിന്റെ കയ്യിലെത്തി ”

ജെറിന്റെ സ്വരത്തിനൊപ്പം ഫോണിന് നേരെ നീണ്ട വിരൽ കൂടി വിറച്ചു.

“ആഹ… നീ ടെൻഷനാവാതെ അളിയാ. പറഞ്ഞു തരാം ”

രുദ്രൻ ചിരിച്ചു കൊണ്ടാ ഫോൺ ജീൻസിന്റെ പോക്കറ്റിൽ ഇട്ടു.

“ഒരു കുഴപ്പവും വരില്ല.. എല്ലാം നീ നോക്കികോളാം എന്ന് ഉറപ്പ് കൊടുത്തു എന്റെ വീട്ടിലേക്ക് പറഞ്ഞു വിട്ടവന് ഇനി ഒരു കുഴപ്പവും വരാനില്ലാത്ത വിധം ഞാനാ പരാതി തീർത്തു കൊടുത്തിട്ടുണ്ട്.ഒന്നങ്ങാൻ അവനിപ്പോ ഒരു സഹായി വേണം ”

ജെറിന്റെ കണ്ണിലേക്കു നോക്കി രുദ്രൻ പറഞ്ഞു.

“അപ്പോൾ ആ വാക്ക് കൊടുക്കല് അളിയന്റെ അളിയന് സ്ഥിരമായി ഉള്ളതാണ് കേട്ടോ. എന്നോടും പറഞ്ഞു.. രുദ്രനെതിരെ കൂടെ നിന്നാൽ ഒന്നും പേടിക്കണ്ട.. എല്ലാം ഇയാൾ നോക്കികൊളളുമെന്ന് ”

ജീവൻ വിളിച്ചു പറയുമ്പോൾ രുദ്രൻ ചിരിച്ചു കൊണ്ട് ജെറിനെ നോക്കി.

“നീ ഏത് പാതാളത്തിൽ പോയോളിച്ചാലും ഞാൻ കണ്ടു പിടിക്കും. കാരണം നിന്നോട് എനിക്ക് അത്രയും പകയുണ്ട് ”
രുദ്രന്റെ മുഖം മാറി തുടങ്ങി..

ദേഷ്യം കൊണ്ടവന്റെ മുഖം ചുവന്നു…

“നീ എന്നെ ഒന്നും ചെയ്യില്ല. അതിനുള്ള പവർ ഒന്നും നിന്നക്കിപ്പഴും ഇല്ല രുദ്രാ ”

ഒപ്പമുള്ളവർക്കിടയിലേക്ക് ഒന്ന് നോക്കി കൊണ്ട് ജെറിൻ പറഞ്ഞു.

“എനിക്ക് ചെയ്യാനുള്ളതിൽ പാതി.. നീ തന്നെ വളർത്തി കൊണ്ട് വന്ന നിന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ ചെയ്തിട്ടുണ്ട് ജെറിനെ ”
രുദ്രൻ പുച്ഛത്തോടെ പറഞ്ഞു.

ജെറിന്റെ നെറ്റി ചുളിഞ്ഞു.

“മനസിലായില്ല.. അല്ലേ.”

വീണ്ടും രുദ്രൻ ജസ്റ്റിന്റെ ഫോണെടുത്തു ഓപ്പൺ ചെയ്തു.

“എന്നെങ്കിലും ജെസ്റ്റിൻ ഉദ്ദേശിച്ചത് പോലെ നീ അവന്റെ വഴിയിൽ വരാതിരിന്നാൽ നിനക്കെതിരെ കളിക്കാൻ അവന്റെ മുൻ കരുതൽ.. കാണ് ”

രുദ്രൻ നീട്ടിയ സ്‌ക്രീനിൽ.. നോക്കിയ ജെറിന് ചുറ്റും കറങ്ങുന്നത് പോലെ തോന്നി.

പലർക്കും പണി കൊടുക്കാനുള്ള ഗൂഡലോചന മുതൽ… ആരും അറിഞ്ഞില്ലെന്നു താൻ സമാധാനം കണ്ടെത്തിയ പെൺവാണിഭം വരെയും.. പല വിഡിയോകളായി ജെറിന്റെ കണ്മുന്നിൽ തെളിഞ്ഞു.

ദ്രോഹി… ഒപ്പം നിന്നിട്ട് ചതിച്ചു.

ജെറിന്റെ പല്ലുകൾ ഞെരിഞ്ഞു.

“എന്നോടുള്ള പക കൊണ്ടാണെങ്കിൽ പോലും.. അഞ്‌ജലിക്ക് അരികിലേക്ക് അവനെ നീ പറഞ്ഞു വിട്ടു. അവൾ നിന്റെ പെങ്ങളല്ലേ . അവൻ മറന്നാലും അത് നീ മറക്കാൻ പാടുണ്ടോ ജെറിനെ. അപ്പോൾ പിന്നെ.. നിനക്കിത്ര കിട്ടിയാ മതിയോ ”

ചോദിച്ചു തീർന്നതും ഒട്ടും പ്രതീക്ഷിക്കാതെ ജെറിന്റെ നെഞ്ചിൽ രുദ്രൻ ആഞ്ഞു ചവിട്ടി.

പിന്നിലേക്ക് തെറിച്ചു വീണവനെ ഒപ്പമുള്ളവർ അമ്പരപ്പോടെ നോക്കി.

“അടിച്ചു കൊല്ലെടാ ഇവനെ..

കിടന്നിടത്തു നിന്നും ജെറിൻ അലറി..

“ഏയ്.. ആയിട്ടില്ല.. കളി തുടങ്ങാൻ ആയിട്ടില്ല..”
രുദ്രൻ കൈ കൊണ്ടവരെ തടഞ്ഞു.
ശേഷം ഫോൺ എടുത്തു കൊണ്ട് ആർക്കോ വിളിച്ചു.

“സ്റ്റാർട്ട് ചെയ്‌തോടാ ”

റെജിയാണ് വാതിൽ തുറന്നു കൊണ്ട് ആദ്യം അകത്തു കയറിയത്.

പിറകെ എന്തോ വലിച്ചു കൊണ്ട് സലീമും.

മുന്നിലേക്ക് തള്ളിയ അവന്റെ കയ്യിൽ ഉണ്ടായിരുന്ന ആ സാധനം.. അത് സ്വന്തം അപ്പൻ ആണെന്ന് സ്റ്റീഫൻ മുഖം ഉയർത്തി നോക്കിയപ്പോൾ മാത്രമാണ്.. ജെറിന് മനസ്സിലായത്.

അവന്റെ ഉള്ളിൽ ഭയം അരിച്ചു കയറി തുടങ്ങി.

“അപ്പൊൾ ഇനി കളി തുടങ്ങിയാലോ ജെറിൻ. ഞാൻ പറഞ്ഞ ആളെത്തി. നിനക്ക് കൊള്ളുന്ന ഓരോ അടിയും.. ഇയാൾ കണ്മുന്നിൽ കാണണം. അതാണ് സ്റ്റീഫനുള്ള എന്റെ മറുപടി ”

രുദ്രൻ ചോദിച്ചു തീർന്നത് റെജിയും സലീമും സ്റ്റീഫനെ ഒരു കസേരയിൽ ബലമായി ഇരുത്തി.

അയാൾക്ക് അപ്പോഴും കണ്മുന്നിൽ നടക്കുന്നത് വിശ്വാസം വരാത്ത പോലാണ്.

ജെറിൻ ചാടി എഴുന്നേറ്റു രുദ്രന് നേരെ കുതിച്ചു.

അരികിൽ എത്തും മുന്നേ രുദ്രൻ കാലുയർത്തി അവനെ ചവിട്ടി തെറിപ്പിച്ചു..

“രുദ്രാ…

സ്റ്റീഫന്റെ സ്വരം.

രുദ്രൻ തല ചെരിച്ചു നോക്കി.

“അവനെ ഒന്നും ചെയ്യല്ലേ. എന്റെ തെറ്റാണ്.. ഞാൻ തെറ്റ് തിരുത്തി കൊടുക്കാഞ്ഞത് കൊണ്ടാണ് അവൻ വഴി പിഴച്ചു പോയത്. അവനുള്ള ശിക്ഷ ഏറ്റുവാങ്ങാൻ ഏറ്റവും അർഹത എനിക്കാണ്. നിനക്ക് എന്നെ ശിക്ഷിക്കാം ”

അങ്ങേയറ്റം ദയനീയമായ ശബ്ദം..

രുദ്രൻ പുച്ഛത്തോടെ സ്റ്റീഫന് നേരെ തിരിഞ്ഞു..

“യാതൊരു തെറ്റും ചെയ്യാതെ.. ഒരച്ഛൻ സ്വന്തം മകന് വേണ്ടി… ധീരതയോടെ മരണത്തിലേക്ക് നടന്നു കയറിയത് നിനക്ക് മുന്നിൽ വെച്ചല്ലേ. മറന്നോ സ്റ്റീഫാ നീ അത്.”

രുദ്രന്റെ സ്വരം മുറുകി..
സ്റ്റീഫന്റെ തല താഴ്ന്നു.

“വിടില്ല ഞാൻ. നിന്നെയും നിന്റെ മോനെയും വിടില്ല. കിട്ടാവുന്ന പരമാവധി ശിക്ഷ ഞാൻ വാങ്ങിച്ചു കൊടുക്കും ഈ പുന്നാര മോന്.. അത് നീ കണ്ണ് നിറയെ കാണണം. നിന്റെ കാശ് കൊണ്ടോ പ്രശസ്തി കൊണ്ടോ നിന്റെ മകന് യാതൊരു ഉപകാരവുമില്ലാതെ അവൻ നരകിച്ചു ജീവിക്കുന്നത് കണ്ട് തീരണം നീ.അതാണ്‌ നിനക്കുള്ള ശിക്ഷ ”

രുദ്രൻ വിരൽ ചൂണ്ടി.

“ഒറ്റയടിക്ക് നിന്നെ ഞാൻ നിയമത്തിനു വിട്ട് കൊടുക്കില്ല ജെറിനെ. ഞാൻ എന്ന മകന്റെ ഉത്തരവാദിത്തം തീരും വരെയും നിന്നെ ഞാൻ സ്നേഹിച്ചു രസിക്കും. അതിന് ശേഷം ഒരിക്കലും പുറം ലോകം കാണാത്ത വിധം നിന്നെ ഞാൻ പൂട്ടും ”

ഇപ്രാവശ്യം ക്രൂരത നിറഞ്ഞ ആ ചിരി.. രുദ്രന്റെ മുഖത്ത് ആയിരുന്നു.

തുടരും..