രചന – ജിഫ്ന നിസാർ
കുളിച്ചിറങ്ങി വരുന്ന തനിക്ക് മുന്നിൽ നിന്നെന്തോ ധൃതിയിൽ കുളിമുറിയുടെ പിന്നിലൂടെയുള്ള വയൽ വരമ്പിലേക്കുള്ള വഴിയിലൂടെ ഓടിയിറങ്ങി പോയത് പ്രിയ വ്യക്തമായും കണ്ടിരുന്നു.
വേഗത്തിൽ അവളും ആ വഴിയുടെ നേരെ ഓടിയിറങ്ങി ചെന്നു.
അതേ… അയാള് തന്നെ.
അവളുടെ പല്ലുകൾ ഞെരിഞ്ഞു.
വൃത്തികെട്ടവൻ.. ദേഷ്യം കൊണ്ട് അവൾ ചുവന്നു പോയിരുന്നു.
“എന്താ മോളെ നോക്കുന്നെ..?”
കയ്യിലുള്ള പാത്രത്തിൽ നിന്നുമെന്തോ മുറ്റത്തേക്ക് ഒഴിച്ച് കൊണ്ട് പിന്നിൽ നിന്നും സുജ ചോദിക്കുമ്പോൾ അവളൊന്നു തിരിഞ്ഞു നോക്കി.
“എന്താടി..?”
ആ മുഖം കണ്ടതും സുജ വീണ്ടും ചോദിച്ചു.
“എന്താവാൻ.. പതിവ് കലാപരിപാടി തന്നെ. ഒളിഞ്ഞു നോട്ടം. പ്രിയപ്പെട്ട മരുമോൻ ”
ദേഷ്യത്തോടെ പ്രിയ പറഞ്ഞു.
സുജ ആധിയോടെ ചുറ്റും നോക്കി.
അടുത്തടുത്താണ് വീടുകൾ.. അവർ വല്ലതും കേൾക്കുമോ എന്നാണ് ആ നോട്ടത്തിലുള്ളത്.
പ്രിയക്കതു മനസ്സിലായി.
“പിന്നെ… അല്ലങ്കിൽ ആർക്കും അറിയില്ലല്ലോ.. ഇതിനുള്ളിൽ നടക്കുന്നത്. അവരാരും ചെവി പൊട്ടന്മാരല്ല. കണ്ണും നല്ലത് പോലെ കാണും ”
ചുണ്ട് കോട്ടി പറഞ്ഞു കൊണ്ട് പ്രിയ കയ്യിലുള്ള അലക്കിയ തുണികൾ അയയിൽ വിരിച്ചു കൊണ്ട് അവൾ ഉറക്കെ തന്നെ പറഞ്ഞു.
“ആര് കേട്ടാലും പ്രശ്നമില്ലടി. പക്ഷേ.. അകത്തൊരുത്തി ഇതെല്ലാം കേട്ട് വേദനിച്ചു കിടപ്പുണ്ടെന്ന് നിനക്കും അറിയാമല്ലോ..?അതിനെ ഓർത്തെങ്കിലും.. നീ..”
പൊട്ടി വന്ന കരച്ചിൽ തോളിൽ കിടന്ന തോർത്തു കൊണ്ടടക്കി പിടിച്ചിട്ട് സുജ അകത്തേക്ക് കയറി പോയി.
കയ്യിലുള്ളത് മുഴുവനും ചിക്കി കഴിഞ്ഞു വീണ്ടും അവളാ വയൽ വരമ്പിലേക്ക് നോക്കി.
അപ്പോഴൊക്കെയും ദേഷ്യം അവളുടെ പിടി വിട്ട് പോകുന്നുണ്ടായിരുന്നു.
“എല്ലാത്തിനേം ഓർത്തിട്ട് തന്നാ.. ഒറ്റ കുത്തിനു കുടലെടുക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല ”
അവൾ സ്വയം പറഞ്ഞു കൊണ്ട് പല്ല് കടിച്ചു.
“അന്നൊരു വെട്ടിൽ നിന്നും നീ കഷ്ടിച്ച് രക്ഷപെട്ടു.. പക്ഷേ ഇനിയെന്റെ കയ്യിൽ കിട്ടിയാ… അന്നത്തോടെ നിന്റെ സൂക്കേട് ഞാൻ തീർത്തു തരുന്നുണ്ട്..”
നീണ്ടു കിടക്കുന്ന ആ വഴിയിലേക്ക് നോക്കി അവൾ പിറുപിറുത്തു.
അനൂപ്…അവളുടെ മൂത്ത ചേച്ചി പത്മജയുടെ ഭർത്താവാണ്.
ചിറ്റേടത്തെ… ചന്ദ്രദാസിനും ഭാര്യ സുജക്കും മൂന്ന് പെൺകുട്ടികളാണ്.
പത്മജ.. മാളവിക.. കൃഷ്ണ പ്രിയ.
ബസ് ഡ്രൈവറായിരുന്ന ചന്ദ്രദാസ് തന്നെ കൊണ്ടാവുന്നത് പോലെ… സ്വർഗമായി കൊണ്ട് നടന്നിരുന്ന കുടുംബത്തിന്റെ താളം പിഴച്ചു പോയത് മൂത്ത രണ്ട് പെൺകുട്ടികളുടെ വിവാഹത്തോടെയായിരുന്നു.
പ്ലസ് ടൂ കഴിഞ്ഞതോടെ… പഠനം തനിക്ക് പറ്റിയ പണിയല്ലെന്ന് മനസ്സിലായതും തയ്യൽ പഠിച്ചെടുത്ത് സ്വന്തമായി ചെറിയൊരു കടയൊക്കെയിട്ട്..പത്മ ചെറിയൊരു വരുമാനമാർഗം സ്വീകരിച്ചപ്പോൾ.. മാളവിക ഡിഗ്രിക്ക് പോകാതെ പ്രൈവറ്റായി കമ്പ്യൂട്ടർ കോഴ്സിന് ചേർന്നിട്ട്… അവളും ചെറിയൊരു ജോലി സമ്പാദിച്ചു.
വലുതായി പഠിപ്പിക്കാൻ അച്ഛനെ കൊണ്ടാവില്ലെന്ന് അവരും മനസ്സിലാക്കിയിരുന്നു.
ഒരു വയസ്സിന്റെ വ്യത്യാസം മാത്രമുള്ള പത്മക്കും മാളവികക്കും ചന്ദ്രദാസ് ഒരുമിച്ചാണ് വിവാഹം നോക്കിയത്.
പക്ഷേ… വിവാഹത്തിന്റെ അന്ന് രാവിലെ.. മാളവിക അവൾക്കിഷ്ടപെട്ടവന്റെ കൂടെയിറങ്ങി പോകുമ്പോൾ ആ കുടുംബം മൊത്തത്തിൽ അടിവേരിളകി പോയിരുന്നു.
അന്ന് വരെയും ചിറ്റേടത്തെ കുറിച്ച് നല്ലത് മാത്രം പറഞ്ഞവർ അന്ന് പറഞ്ഞു കൂട്ടിയത് മുഴുവനും വളർത്തു ദോഷത്തിന്റെ കഥയായിരുന്നു.
മാളുവിന്റെ പൂർണ ഇഷ്ടത്തോടെ തന്നെയാണ് ചന്ദ്രദാസ് ആ വിവാഹമുറപ്പിച്ചതെന്ന് അവർക്കെല്ലാം അറിയാം.
എന്നിട്ടും.. അന്നവൾ ഇറങ്ങി പോകും വരെയും അങ്ങനൊരു ഇഷ്ടമവൾക്ക് ഉണ്ടായിരുന്നു എന്നത് അവർക്ക് അറിയാൻ കഴിഞ്ഞില്ല.
ചേരിയിൽ താമസിക്കുന്ന ദീപുവിനെ വീട്ടുകാർ ഒരിക്കലും അംഗീകരിക്കില്ലെന്ന് അവളും കരുതിയിരിക്കാം.
പക്ഷേ ആ സംഭവത്തോടെ വെട്ടിലായി പോയത് പത്മയാണ്.
മാളുവിന് വിവാഹമുറപ്പിച്ച പയ്യനും കൂട്ടരും കുറെയൊക്കെ പ്രശ്നമുണ്ടാക്കിയെങ്കിലും.. കല്യാണം കഴിഞ്ഞിട്ട് ഇറങ്ങി പോയി കൂടുതൽ നാണം കൊടുത്തിയില്ലല്ലോ എന്നാശ്വാസിച്ചു കൊണ്ട് ഇറങ്ങി പോയി.
പക്ഷേ.. ഇത് പോലൊരു നാണം കെട്ട കുടുംബത്തിൽ നിന്നും ഒരു ബന്ധം ഇനി വേണ്ടന്ന് പറഞ്ഞു കൊണ്ട് പത്മയുടെ പ്രതിശ്രുത വരനും കൂട്ടരും കൂടി പന്തൽ വിട്ടിറങ്ങി പോയതോടെ.. അവരെല്ലാം തീർത്തും തകർന്ന് പോയിരുന്നു.
അടിമുടിയുലഞ്ഞു പോയ അവർക്ക് മുന്നിലേക്ക് ദൈവദൂതനെ പോലെ വന്നവനാണ് ഈ പറഞ്ഞ പ്രസ്തുത അനൂപ്.
അമ്മയും ഒരു പെങ്ങളും കൂടി അവനൊപ്പം സന്മനസ്സ് കാണിച്ചതോടെ..ചന്ദ്രദാസ് ഒരു തീരുമാനമെടുക്കാൻ കഴിയാതെ വലഞ്ഞു പോയി.
അനൂപിനെ അറിയില്ലെങ്കിലും ആ ഇച്ചിരി നേരം കൊണ്ട് ചെറിയൊരു അന്വേഷണം നടത്തി, മോശമായി ഒന്നും കേട്ടതുമില്ല.
അന്ന് വരെയും ചിറ്റേടത്തെ കുട്ടികൾ നല്ലവരായിരുന്നു.. നാട്ടുകാർക്ക് മുന്നിൽ. പക്ഷേ മാളവികയെന്ന ഒരു മകൾ പേരുദോഷമുണ്ടാക്കിയത് കൊണ്ട് തന്നെ.. മുടങ്ങിപോയ വിവാഹത്തോടെ മകളുടെ ഭാവി ഇരുളടഞ്ഞു പോകുമോ എന്നയാൾ ശരിക്കും ഭയന്ന് പോയിരുന്നു.
ഏറെ നേരത്തെ ആലോചനക്ക് സമയമില്ലന്നതും മുഹൂർത്തം കഴിയുമെന്നുള്ള വെല്ലുവിളിയുയർത്തിയത് കൊണ്ട്… ആ ഇത്തിരി നേരത്തെ പരിചയം മാത്രമുണ്ടായിരുന്ന അനൂപ് പത്മയുടെ പാതിയായി.
ജീവിതത്തിലെ ഏറ്റവും വൃത്തികെട്ടൊരു തീരുമാനമായിരുന്നു അതെന്ന് അവരപ്പോൾ അറിഞ്ഞതുമില്ല.
മാളവികയെന്നൊരു മകളില്ലെന്നൊക്ക പറയുമെങ്കിലും.. അവളെ കുറിച്ചുള്ള ഓർമ അയാളെ ഏറെ നോവിക്കുന്നുണ്ടെന്ന് സുജക്കും പ്രിയക്കും അറിയാമായിരുന്നു.
അതിനിടയിലാണ്… അനൂപിന്റെ ദുശീലങ്ങളെ കുറിച്ച് പത്മ അറിയിക്കുന്നത്.
ഏറെ സഹിച്ചിട്ടും.. പിന്നെയും വേദനിക്കാൻ വയ്യെന്നായപ്പോഴാണ് അവളത് വീട്ടിൽ അറിയിച്ചത് തന്നെ.
പണ്ടേ മനസ്സിൽ എത്ര സങ്കടമുണ്ടായാലും.. അതെല്ലാം ഉള്ളിലൊതുക്കി ശീലിച്ച അവൾക്ക് പോലും സഹിക്കാൻ വയ്യാത്ത അത്രേം ഭീകരമായിരുന്നു അനൂപിന്റെ പീഡനങ്ങൾ..
വിവാഹത്തോടെ വന്നു പോയ കടങ്ങളും.. മൂത്ത മകളുടെ വിവാഹജീവിതത്തിലെ തകർച്ചയും.. മാളവികയുടെ വിവരം പിന്നീടൊന്നും അറിയാത്തതും.. എല്ലാം കൂടി സഹിക്കാൻ.. ചന്ദ്രദാസ് എന്ന സാധു മനുഷ്യനും ശക്തിയുണ്ടായിരുന്നില്ല.
ഇരുപത്തി ഒന്ന് വയസ്സ് മുതൽ വളയം പിടിച്ച ആ ബസ്സിനുള്ളിൽ തന്നെ ഹൃദയം നിലച്ചു വീണു കൊണ്ടയാൾ ഈ ലോകത്തോട് വിട പറഞ്ഞു.
അയാളുടെ ശരീരം കാണാൻ പോലും.. മാളവിക വന്നിരുന്നില്ല.അവളെവിടെ പോയെന്ന് ആർക്കും അറിവുമില്ല.
ആ വിയോഗത്തിന്റെ ആഘാതം മാറും മുന്നേ.. സ്വന്തം അമ്മയെയും പെങ്ങളെയും തനിച്ചാക്കി അനൂപ് ഭാര്യവീട്ടുകാരെ സംരക്ഷണം കൊടുക്കാൻ ചിറ്റേടത്തേക്ക് താമസം മാറുമ്പോൾ ഉദ്ദേശം വേറെ പലതുമായിരുന്നു.
അവന്റെ ചെയ്തികൾ കൊണ്ട് മനം മടുത്ത അവന്റെ അമ്മയും പെങ്ങളും ആശ്വാസം കൊണ്ടപ്പോൾ… സുജയുടെയും പത്മയുടെയും പ്രിയയുടെ ദുരിതം അവിടെ തുടങ്ങിയിരുന്നു.
പ്രിയ അന്ന് ഡിഗ്രി വിദ്യാർത്ഥിനിയായിരുന്നു.
അനൂപ് ഒന്നും കൊണ്ട് വന്നിട്ട് കുടുംബം മുന്നോട്ടു പോകില്ലെന്ന് മനസ്സിലായതും.. പ്രിയ ചെറിയ ജോലിക്കായ് ശ്രമിച്ചു കൊണ്ടിരുന്നു.
തുടക്കത്തിൽ വലിയൊരു കുഴപ്പമൊന്നുമില്ലാതെ മുന്നോട്ടു പോയെങ്കിലും.. പതിയെ അനൂപ് അവന്റെ തനി സ്വരൂപം കാണിച്ചു തുടങ്ങി.
ഒരിക്കൽ പ്രിയയെ പിന്നിലൂടെ കയറി പിടിക്കാൻ ശ്രമിച്ചവനെ തടയാൻ നോക്കിയ പത്മയെ അവൻ നടുവിന് ചവിട്ടി വീഴ്ത്തി.
അതോടെ അവൾ അരക്ക് കീഴെ തളർന്നു പോയി.. കട്ടിലിൽ ഒതുങ്ങി കൂടി.
നല്ലൊരു ചികിത്സ കൊടുത്താൽ അവളെഴുന്നേൽക്കുമെന്നറിഞ്ഞിട്ടും.. അവനതിനൊന്നും ശ്രമിച്ചില്ല.
കരഞ്ഞു കാല് പിടിച്ചു കൊണ്ട് സുജ പറഞ്ഞിട്ടും പ്രത്യുപകരമായി അവൻ ആവിശ്യപെട്ടത് പ്രിയ കൂടി അവന്റ ഭാര്യയാവുക എന്നതായിരുന്നു.
അതോടെ വേദനയോടെയെങ്കിലും അവരത് പറയുന്നത് നിർത്തി.
ഉണ്ടായിരുന്ന ചെറിയ വീട് പോലും ജപ്തി ഭീക്ഷണി നേരിടുന്ന സാഹചര്യത്തിൽ മറ്റൊന്നും ചെയ്യാൻ അവർക്കും കഴിയില്ലായിരുന്നു.
ഇത് കൊണ്ടൊന്നും അനൂപ് അവന്റെ തരികിട പരിപാടികൾ നിർത്തിയില്ല.
പലവട്ടം പ്രിയ പോലീസിൽ അറിയിച്ചുവെങ്കിലും.. അവളോറ്റക്കാണെന്ന് മനസ്സിലായതോടെ പോലീസ്കാർക്കും വലിയ താല്പര്യമില്ലായിരുന്നു.
എത്രയൊക്കെ സൂക്ഷിച്ചു നടന്നിട്ടും.. ഒരിക്കൽ കൂടി തന്നെ കയറി പിടിക്കാൻ ശ്രമിച്ചവനെ… പ്രിയ വാക്കത്തി കൊണ്ട് വെട്ടിയതിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടതോടെ.. നേരിട്ടൊരു ആക്രമണതിന് പിന്നെ മുതിർന്നില്ലയെങ്കിലും.. അവളോടുള്ള ദേഷ്യം പത്മയോട് തീർക്കും.
കിടക്കയിലും വീൽ ചെയറിലും ഒതുങ്ങി പോയ അവളെ, അവനെ കൊണ്ടാവുന്ന പോലൊക്കെ ഉപദ്രവിച്ചു കൊണ്ട് കലി തീർക്കും.
രണ്ടു മക്കളുടെയും ജീവനെടുക്കും എന്നൊരു ഭീക്ഷണിയിൽ സുജയെ നിശബ്‍ദയാക്കുമ്പോൾ പിശാചിന്റെ മനസ്സുള്ള അവനെ അവർക്കും ഭയമായിരുന്നു.
പ്രിയ വീട്ടിലില്ലാത്ത നേരത്ത് മാത്രമാണ് അവന്റെ പേകൂത്തു മുഴുവനും.
നേർക്ക് നേർ അവളോട് മുട്ടാൻ ധൈര്യമില്ലെങ്കിലും അവളുടെ ജോലി സ്ഥലത്ത് കുടിച്ചു കൊണ്ട് പോയി.. പ്രശ്നമുണ്ടാക്കുക എന്നത് അവന്റെ ഇഷ്ടവിനോദമായിരുന്നു.
അവന്റെ ശല്യം സഹിക്കാൻ വയ്യാതെ അവളെ പിരിച്ചു വിട്ട ജോലികൾ നിരവധിയാണ്.
ഒടുവിൽ.. അവളുടെ അവസ്ഥയറിഞ്ഞിട്ടാണ് അന്നാട്ടിലെ പഴയ തറവാട്ടുക്കാരായ മാധവൻ മാഷ് അയാളുടെ സ്കൂളിൽ അവൾക്ക് ജോലി കൊടുക്കുന്നത്.
കുഞ്ഞിലേ മുതൽ സംഗീതം പഠിച്ചത് കൊണ്ട്.. ആ സ്കൂളിലെ മ്യൂസിക് അധ്യാപികയായി അദ്ദേഹം അവളെ നിയമിച്ചു.
അവിടേക്ക് മാത്രം അനൂപ് ഇത് വരെയും ചെന്നിട്ടില്ല.
മാധവൻ മാഷിനോട് കളിച്ചാൽ അദ്ദേഹം കളി പഠിപ്പിക്കുമെന്ന് അവനും നന്നായി അറിയാം.
പ്രായം തളർത്താത്ത അയാളുടെ ഓരോ നോട്ടം പോലും ബഹുമാനം അർഹിക്കുന്നതാണ്.
അന്നാട്ടുക്കാർക്ക് അത്ര മാത്രം പ്രിയപ്പെട്ട മാഷിനോട് ഏറ്റു മുട്ടാൻ ഭയമാണ് എന്നൊരൊറ്റ കാരണം കൊണ്ട് തന്നെ പ്രിയ അവിടെ ജോലിക്ക് കയറിയിട്ട് ഒരു വർഷം പൂർത്തിയായി.
“പ്രിയേ….”
അകത്തു നിന്നും സുജ വിളിക്കുമ്പോൾ ഒരു ദീർഘ നിശ്വാസത്തോടെ പ്രിയ തിരിഞ്ഞു നടന്നു.
“എനിക്കിച്ചിരി നേരത്തെ പോണം ഇന്ന് ”
അടുക്കള വാതിൽ കടന്നു അകത്തേക്ക് നടക്കുമ്പോൾ പാത്രം കഴുകി കൊണ്ട് നിൽക്കുന്ന സുജയോട് പ്രിയ പറഞ്ഞു.
“എന്തേ..യെന്ന് സുജ ചോദിച്ചങ്കിലും അവളൊന്നും മിണ്ടാതെ കല്ലിച്ച മുഖത്തോടെ അകത്തേക്ക് കയറി പോയി..
ഹാളിൽ നിന്നും തുറക്കാവുന്ന ഒരു മുറിയിലേക്ക് കയറി ചെന്നു..
“ചേച്ചി.. എഴുന്നേറ്റില്ലേ..?”
ജനാല കൊളുത്ത് നീക്കി തുറന്നു കൊണ്ടവൾ ചോദിച്ചു.
“പിന്നെ…”
ചുവരോട് ചേർത്ത് ഇട്ടിരുന്ന കട്ടിലിൽ നിന്നും അവശത നിറഞ്ഞ സ്വരം.
പിടിച്ചെഴുന്നേൽക്കാൻ പാകത്തിന് മുകളിൽ നിന്നൊരു കയർ നീട്ടി ഇട്ടിരുന്നു.
അതിൽ മുറുകെ പിടിച്ചു കൊണ്ട് പത്മ എഴുന്നേറ്റിരുന്നു.
“ഇന്നും…”
പാതി പറഞ്ഞു കൊണ്ട് പത്മ വേദനയോടെ പ്രിയയെ നോക്കി.
“അതൊന്നും സാരമില്ല ചേച്ചി.. എന്റെ കയ്യിൽ കിട്ടും ഒരൂസം”
പ്രിയ കണ്ണ് ചിമ്മി കൊണ്ട് മുറിയിലെ തോർത്ത് അഴിച്ചു മാറ്റി.
“ഇന്നെന്താ നേരത്തെ..?”
പത്മ അവളെ നോക്കി ചോദിച്ചു.
‘ഇന്ന്.. ഇന്നൊരാൾക്ക് അപ്പോയിന്മെന്റ് കൊടുത്തിട്ടുണ്ട് കാണാൻ ”
അത് പറയുമ്പോൾ വീണ്ടും അവളുടെ മുഖം കടുത്തു പോയി.
“അപ്പോയിന്മേന്റോ.. ആർക്ക്?”
പത്മ മനസ്സിലാകാത്ത പോലെ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു.
“അതൊക്കെയുണ്ട്.. എല്ലാം ഞാൻ വന്നിട്ട് പറയാം ”
അത് പറഞ്ഞിട്ട് കൂടുതൽ ഒന്നും ചോദിക്കാൻ അവസരം കൊടുക്കാതെ മുറിയിൽ നിന്നും ഇറങ്ങി പോയി..
❣️❣️
“പ്രിയക്ക് സങ്കടമൊന്നുമില്ലല്ലോ? ”
രാജീവിന്റെ ചോദ്യം കേട്ടവൾ ഒന്ന് ചിരിച്ചു.
എന്നിട്ട് ഇല്ലെന്ന് തലയാട്ടി കാണിച്ചു.
ഒരേ സ്കൂളിൽ ജോലി ചെയ്യുന്നതിനിടെ.. ഒരു വർഷത്തോളം അയാൾക്ക് തന്നോട് തോന്നിയ പ്രണയം. അത് വീട്ടുകാരുടെ അനുവാദത്തോടെ ഒരു മോതിരമിട്ടുറപ്പിച്ചതിനു ശേഷം.. അപ്രതീക്ഷിതമായി തന്റെ ജീവിതത്തിൽ വന്നൊരു ഗതിമാറ്റം.
തന്റെ കൂടെ ഇനിയും നിന്നാൽ സ്വന്തം സമ്പാദ്യം കൂടി നഷ്ടപ്പെടുമോ എന്ന് പേടിച്ചിട്ട് “അമ്മയ്ക്ക് എന്തോ ഇഷ്ടക്കേട്. അത് കൊണ്ട് നമ്മൾക്ക്.. നമ്മൾക്കിത് തുടരാൻ കഴിയില്ല പ്രിയ. ഒറ്റ ദിവസത്തേക്കൊന്നുമല്ലല്ലോ.”എന്നൊരു മുടന്തൻ ന്യായം പറയാൻ വിളിച്ചു വരുത്തിയവനാണ്…
അവന്റെയാണ് ചോദ്യം..
പ്രിയക്ക് സങ്കടമില്ലല്ലോയെന്ന്..!
ഇതിനേക്കാൾ വലിയ പ്രശ്നങ്ങൾ തലക്ക് മുകളിൽ തൂങ്ങിയാടുന്ന പ്രിയക്കിനി ഇതൊക്കെ എന്തോന്ന് സങ്കടം മിസ്റ്റർ രാജീവ്.?
ഞാനിത് വളരെ മുന്നേ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു..
ചുണ്ടിലൂറിയ പുച്ഛത്തോടെ അവളോർത്തു.
‘അപ്പൊ.. ശെരിന്നാ പ്രിയ. ഞാൻ പോകട്ടെ. ഇപ്പൊ തന്നെ വൈകി ”
മണിക്കൂറോളം തന്റെ ഒരു നോട്ടം കിട്ടാൻ വേണ്ടി കാത്ത് നിന്നവന്റെ അന്നത്തെ ധൃതി അവളെ ചിരിപ്പിക്കുക തന്നെ ചെയ്തു.
“രാജീവ്… ഒന്ന് നിന്നെ ”
അവളുടെ ചിരിക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ വയ്യെന്നത് പോലെ.. ഓടി രക്ഷപെട്ടു പോകുന്ന രാജീവ് പ്രിയ പിന്നിൽ നിന്ന് വിളിച്ചതും ഞെട്ടി കൊണ്ട് തിരിഞ്ഞു.
“പേടിക്കേണ്ട..”
ആ മനസ്സറിഞ്ഞത് പോലെ പ്രിയ പറഞ്ഞതും രാജീവൊന്ന് വിളറി.
“ഒരു കാര്യം പറയാൻ ഇയാൾ മറന്നു ”
പ്രിയ അവന്റെ മുന്നിൽ കൈ കെട്ടി നിന്നു.
“ഞാനോ…?”
രാജീവ് നെറ്റി ചുളിച്ചു.
“മ്മ് ”
നേർത്തൊരു ചിരിയോടെ പ്രിയ മൂളി..
“എന്താണ്?”
പിടികിട്ടാതെ രാജീവ് അവളെ നോക്കി.
“പ്രിയക്ക് എന്നേക്കാൾ നല്ലൊരു ചെക്കനെ കിട്ടും.. ആ ഡയലോഗ് പറയാൻ രാജീവ് മറന്നു.”
പ്രിയ ചിരിയോടെ പറഞ്ഞതും മുഖമടച്ചൊരു അടി കിട്ടിയത് പോലെ അവൻ നിന്നാടി.
“അത്.. പിന്നെ.. പ്രിയ അമ്മ…”
“ഗുഡ്ബൈ.. ഇനിയെന്റെ ജീവിതത്തിൽ കണ്ട് പോകരുത് നിങ്ങളെ..”
തപ്പി തടഞ്ഞു കൊണ്ടത് രാജീവെന്തോ പറഞ്ഞു തീർക്കും മുന്നേ കടുപ്പത്തിൽ പറഞ്ഞു കൊണ്ട് പ്രിയ തല ഉയർത്തി പിടിച്ചു കൊണ്ട് തന്നെ അവന് മുന്നിലൂടെ നടന്നു മറഞ്ഞു…
തുടരും..

by