രചന : അഞ്ജുതങ്കച്ചൻ
ഗോപേട്ടാ…. നിങ്ങളറിഞ്ഞോ, ആ സാന്ദ്രയെ പോലീസ് പിടിച്ചു.അറിഞ്ഞു സൗദാമിനി, എല്ലാർക്കും ഇപ്പോൾ ഇക്കാര്യം പറയാനേ നേരമുള്ളൂ.ഓഹ്… എന്നാലും ആ പെണ്ണിന് ഒരാളെ കൊല്ലാൻ മാത്രം ധൈര്യമൊക്കെ ഉണ്ടായിരുന്നോ?അവൾ ഈ കുടുംബത്തിൽ വന്ന് കേറാത്തത് എത്ര ഭാഗ്യമായി. ഇല്ലെങ്കിൽ ഈ കുടുംബം തന്നെ അവൾ നശിപ്പിച്ചേനെ.അതെ ഗോപേട്ടാ, എന്റെ പാവം കാർത്തുവിനെയും അവളുടെ അപ്പനെയും ഇല്ലാതാക്കിയതവളും അവളുടെ ഡാഡിയും ചേർന്നല്ലേ, അവൾക്കിത് തന്നെ വരണം.
ഇക്കാര്യം അറിഞ്ഞപ്പോൾ ഗുപ്തൻ എന്തെങ്കിലും പറഞ്ഞോ?അയാൾ ഭാര്യയോട് ചോദിച്ചു.ഒന്നും പറഞ്ഞില്ല ഗോപേട്ടാ.അവൻ രാവിലെ എന്തോ എമർജൻസി ആയിട്ട് ഹോസ്പിറ്റലിലേക്ക് പോയി.
അവൻ ഓരോ തിരക്കുകളിലേക്ക് മനഃപൂർവ്വം പോകുന്നതാ ഗോപേട്ടാ, കാർത്തുവും കറുപ്പനും മരിച്ചതിൽ അവന് വലിയ വിഷമമുണ്ട്.അവന് മാത്രമാണോടീ നമുക്കും ഇല്ലേ വിഷമം, നമ്മുടെ ഗൗതമിന്റെ ജീവൻ തിരിച്ച് തന്നത് കാർത്തുവല്ലേ, എന്നിട്ടും ആ കുട്ടിയെ രക്ഷിക്കാൻ നമുക്ക് കഴിഞ്ഞോ??എല്ലാം വിധിയാണ് ഗോപേട്ടാ, മുകളിൽ ഇരുന്ന് ഒരാൾ എല്ലാം തീരുമാനിച്ചു വച്ചിട്ടുണ്ട് അതുപോലയെ എല്ലാം നടക്കൂ..എന്നാലും ഇടക്കൊക്കെ ഞാൻ ആ പെങ്കൊച്ചിനെ ഓർക്കും ഗോപേട്ടാ,ഞാൻ ഒത്തിരി അവളെ സ്നേഹിച്ച് പോയിരുന്നു.എന്റെ മകളായി ഞാൻ അവളെ കണ്ടിരുന്നുപക്ഷെ യോഗമില്ല…സൗദാമിനി മൂക്ക് പിഴിഞ്ഞു.ആഹ്… എല്ലാം സഹിക്കുക, അല്ലാതെ എന്ത് ചെയ്യാനാടീ..
*************
ഗുപ്തന്, സാന്ദ്രയുടെ കാര്യങ്ങൾ അറിഞ്ഞപ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.
ചന്ദ്രശേഖരന് അയാൾ അർഹിച്ച ശിക്ഷ തന്നെയാണ് കിട്ടിയത്.അയാൾ വളർത്തിയെടുത്ത അയാളുടെ ഗുണ്ട തന്നെ അയാളുടെ ജീവൻ എടുത്തു.
വാളെടുത്തവൻ വാളാൽ, അത്ര തന്നെ.അയാൾ മൊബൈൽ എടുത്തു.കാർത്തു അറിയാതെ ഒരിക്കൽ അവളുടെ ഫോട്ടോ എടുത്തതിലേക്ക് അയാൾ സൂക്ഷിച്ചു നോക്കി.
പെണ്ണേ… നിന്നെ ദ്രോഹിച്ചവർക്ക് അവർ അർഹിക്കുന്ന ശിക്ഷ കിട്ടി. നീയറിയുന്നുണ്ടോ അതൊക്കെ?എന്നാലും എന്നെ വിട്ട് പൊയ്ക്കളഞ്ഞില്ലേ നീ പക്ഷെ ഞാൻ നിന്നെ മറക്കില്ല. അതിനിനി ഈ ഗുപ്തൻ മരിക്കണം.സത്യം പറ കാർത്തു, നമ്മൾ പൊയ്പ്പോയ എല്ലാജന്മങ്ങളിലും ഒന്നായിരുന്നില്ലേ?
അതുകൊണ്ടല്ലേ നിന്നെ കണ്ടമാത്രയിൽ നീയെന്റെ ജീവനായത്.നമുക്ക് ഈ ജന്മത്തിൽ ഒരുമിക്കാനുള്ള ഭാഗ്യം കിട്ടിയില്ല. സാരമില്ല ഇനിയുമേറെ ജന്മങ്ങൾ നമുക്ക് ഇണയാവാണം…. തുണയാവണം…
മാനായും, മയിലായും, മരങ്ങളായും ഒക്കെ നമുക്ക് ജനിക്കണം…അയാൾ അവളുടെ ചിത്രത്തിൽ ചുണ്ടുകൾ അമർത്തി.
*************
ഗൗതം ഇത് നോക്കിക്കേ, എന്റെ വയർ ഇത്തിരി വലുതായി അല്ലേ?സീത ഗൗതമിനോട് ചോദിച്ചു.
ഹേയ്… അത്ര വലുതൊന്നും ആയിട്ടില്ല.ഇനി എന്നാ ഗൗതം വയറൊക്കെ വീർത്തു വരുന്നത്?
എനിക്കറിയില്ല സീതേ,ഞാൻ ഗർഭിണി ആയിട്ടില്ലല്ലോ
ഒന്ന് പോ ഗൗതം. അവൾ കുറുമ്പോടെ കട്ടിലിൽ ഇരുന്ന പില്ലോ എടുത്ത് അയാളുടെ നേരെ എറിഞ്ഞു.
അയാൾ അവളുടെ അടുത്തിരുന്നു.ഇപ്പോൾ നമുക്കൊപ്പം കാർത്തു കൂടെ ഇവിടെ ഉണ്ടായിരുന്നെങ്കിൽ, നമ്മുടെ ഏട്ടന് എന്ത് സന്തോഷം ആയേനെ അല്ലേ..?ശരിക്കും കാർത്തുവിനെ ഈ വീട്ടിൽ എല്ലാവരും സ്നേഹിച്ചിരുന്നു അല്ലേ ഗൗതം?അതെ..കാർത്തു എങ്ങനെയാ കാണാൻ വലിയ സുന്ദരി ആയിരുന്നോ?
നീ ആ കുട്ടിയെ ഒന്ന് കാണണം സീതേ….
കണ്ണെടുക്കാൻ തോന്നില്ല. നമുക്കൊരു വാത്സല്യവും,സ്നേഹവും ഒക്കെ തോന്നും അതിനോട്. കണ്ണൊക്കെ ഈ ചെറിയ കുട്ടികളുടെ നിഷ്കളങ്കത നിറഞ്ഞ കണ്ണില്ലേ അതുപോലെ ഇരിക്കും.എങ്കിലും ഒരു വിഷാദ ഭാവമാണ് മുഖത്ത്.
ശരിക്കും പറഞ്ഞാൽ മുടിയൊക്കെ അഴിച്ചിട്ടു നിൽക്കുമ്പോൾ ഒരു യക്ഷിക്കുട്ടി ആണെന്ന് തോന്നും.അത്രക്കും സുന്ദരിയാണോ?ആണോന്ന്… സീത എങ്ങാനും കാർത്തുവിനെ കണ്ടാൽ കണ്ണ് ചിമ്മാതെ നോക്കിയിരുന്നേനെ..സൗന്ദര്യം മാത്രമല്ല സീതേ ആ മനസ്സ് നിറയെ നന്മയാണ്. ഇത്രേം പാവം മനുഷ്യരൊക്കെ ഈ ഭൂമിയിൽ ഉണ്ടോ എന്ന് നമുക്ക് അതിശയം തോന്നും.എന്നിട്ടും ഈ ഭൂമിയിൽ ജീവിക്കാനുള്ള ഭാഗ്യം മാത്രം ഈശ്വരൻ അവൾക്ക് നൽകിയില്ല അല്ലേ ഗൗതം?
ഉം…. അവളുടെ ദാനമാ ഈ ജീവൻ. ഇവിടെ ആരും അവരെ ഒരിക്കലും മറക്കില്ല.ഞാനും മറക്കില്ല ഗൗതം, എന്റെ ഗൗതം ഇങ്ങനെ എന്റെ മുന്നിൽ ഇരിക്കാൻ, ആ കുട്ടിയല്ലേ കാരണം.
ഈ ജന്മം മുഴുവൻ ഞാനാ കുട്ടിയോട് കടപ്പെട്ടിരിക്കുവാ..എത്രയും പെട്ടന്ന് ഏട്ടന് വേണ്ടി ഒരു പെൺകുട്ടിയെ നമുക്ക് കണ്ടെത്തണം ഗൗതം.ഏട്ടന്റെ ജീവിതത്തിൽ ഒരു പെണ്ണ് വരണം.ഏട്ടൻ ഒന്ന് സമ്മതം മൂളി കിട്ടിയാൽ മതി. ഏട്ടനെ സ്വന്തമാക്കാൻ എത്ര പെണ്ണുങ്ങൾ വേണമെങ്കിലും വരും സീതേ പക്ഷെ ഏട്ടൻ ഒന്ന് സമ്മതിക്കണ്ടേ.ഞാൻ സമ്മതിപ്പിച്ചാലോ ഗൗതം?നടക്കില്ല സീതേ.
നടക്കും. എങ്ങനെയെങ്കിലും ഏട്ടനെക്കൊണ്ട് ഞാൻ സമ്മതിപ്പിക്കും. ഒരു പെൺകുട്ടി നമ്മുടെ ഏട്ടന്റെ ജീവിതത്തിലേക്ക് വരണം.
നോക്കിക്കോ ഞാൻ ഏട്ടനെക്കൊണ്ട് സമ്മതിപ്പിക്കും.അവൾ വീറോടെ പറഞ്ഞു.ഉം.. നമുക്ക് നോക്കാം.എന്റെ സീത തോറ്റു തൊപ്പിയിടുന്നത് എനിക്ക് കാണേണ്ടി വരും അത്ര തന്നെ.ഒന്ന് പോ ഗൗതം. ഞാൻ ജയിക്കും. നമ്മുടെ വീടിന്റെ പടികടന്ന് ഒരു ലേഡിഡോക്ടർ തന്നെ വരും, ഞാൻ വരുത്തും.ഉം… ഉം… നമുക്ക് കാണാം.ഉവ്വാടാ… നമുക്ക് കാണാം. അവൾ ചിരിച്ചു.
***********
തുടരും.

by