02/04/2026

പാർവ്വതി പരിണയം : ഭാഗം 33

രചന – മഴ

ഹോസ്പിറ്റൽ വരാന്തയിലൂടെ ഓടി അവൻ ഐസിയുവിൻറെ മുന്നിൽ ചെന്നു നിന്നു. “അങ്കിൾ…..” വിറയ്ക്കുന്ന ശരീരത്തോടെയും ശബ്ദത്തോടെയും അവൻ മാത്തനെ വിളിച്ചു” മോനേ… “അയാൾ എന്തു പറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയാതെ കുഴങ്ങി. ജോഷിയെ അവിടെയുള്ള കസേരയിൽ പിടിച്ചിരുത്തി.അപ്പോഴേക്കും മഹിയും കുട്ടനും അക്കുവും അവിടെ എത്തിയിരുന്നു. അക്കു ജോഷിയുടെ അരികിലിരുന്നു.കുട്ടനും മഹിയും മാത്തനെ വരാന്തയുടെ ഒരറ്റത്തേക്കായി കൊണ്ടുപോയി.. എന്താ അങ്കിൾ….? എന്താ സംഭവിച്ചത്…? ” മഹി ചോദിച്ചു.

“കുർബാന കഴിഞ്ഞ് പള്ളിയിൽ നിന്നും തിരിച്ചു വരികയായിരുന്നു. നിയന്ത്രണം തെറ്റി വന്ന ഒരു ലോറി ഇവരുടെ കാറിലേക്ക് ഇടിച്ചുകയറി. അച്ചായനും ചേട്ടത്തിയും സ്പോട്ടിൽ തന്നെ…… മോളുടെ കാര്യം കുറച്ചു സീരിയസ് ആണ്.. ഉടനെ ഓപ്പറേഷൻ നടത്തണം എന്നാണ് ഡോക്ടർ പറഞ്ഞത്…”മഹിയുടെയും കുട്ടൻറെയും മനസ്സിൽ അപ്പച്ചന്റെയും അമ്മച്ചിയുടെയും ചിരിക്കുന്ന മുഖം മിന്നി മാഞ്ഞു പോയി.. നെഞ്ചിൽ കനത്ത ഭാരം എടുത്തു വെച്ചത് പോലെ.. നിറഞ്ഞ മിഴികളോടെ ഇരുവരും പരസ്പരം താങ്ങിപ്പിടിച്ചു..അൽപ്പസമയം കഴിഞ്ഞ് അവർ ജോഷിക്ക് അരികിലായി വന്നിരുന്നു. അപ്പോഴേക്കും ജെസി മോളെ ഓപ്പറേഷൻ ആയി കയറ്റിയിരുന്നു.

ഓപ്പറേഷൻ തിയേറ്ററിന് മുന്നിൽ പ്രാർത്ഥനയോടെ കാത്തിരുന്നു.. മിനിട്ടുകൾ യുഗങ്ങൾ പോലെ കടന്നുപോയി. ഏറെ നേരം കഴിഞ്ഞപ്പോൾ ഡോക്ടർ വാതിൽ തുറന്നു ഇറങ്ങി വന്നു.മഹി ഡോക്ടറിൻറെ അടുത്തേക്ക് ചെന്നു. ” ഡോക്ടർ… ജെസി മോൾക്ക്…….”വിഷാദം നിറഞ്ഞ ഡോക്ടറുടെ മുഖം തന്നെ മറുപടിയായിരുന്നു. സോറി… ഞങ്ങൾ പരമാവധി ശ്രമിച്ചു….” മഹിയുടെ ചുമലിൽ തട്ടി പറഞ്ഞുകൊണ്ട് അദ്ദേഹം അവിടെ നിന്നും പോയി. ജോഷി ഉറക്കെ കരഞ്ഞു.. അവനെ ആശ്വസിപ്പിക്കാൻ ആവാതെ… കരച്ചിൽ അടക്കാനാവാതെ… അക്കുവും കുട്ടനും ഇരുന്നു.

ആ സമയം കൊണ്ട് തന്നെ മഹിയുടെയും അക്കുവിന്റെയും അച്ഛനമ്മമാരും പ്രിയയും എത്തിയിരുന്നു.ബോഡി കൊണ്ടുപോകേണ്ട ഫോർമാലിറ്റീസ് ഒക്കെ മഹിയുടെ അച്ഛൻ ഗോപാലകൃഷ്ണനും അക്കുവിന്റെ അച്ഛൻ രാമചന്ദ്രനും ചെയ്തിരുന്നു.ഒരുപാട് ബന്ധുക്കൾ ഒന്നും വരാൻ ഇല്ലാത്തതിനാലും ആക്‌സിഡന്റ് ആയതിനാലും അന്ന് വൈകുന്നേരം തന്നെ പള്ളിയിൽ മൂന്നുപേരെയും അടക്കം ചെയ്തു.മീരയെ ദേവി വിവരങ്ങൾ അറിയിച്ചിരുന്നെങ്കിലും ദൂര കൂടുതൽ കാരണം അവൾക്ക് അന്ന് എത്താൻ സാധിച്ചില്ല. സുഭദ്ര അമ്മയും അച്ഛനും ലച്ചുവും കുട്ടൻറെ അച്ഛനും അമ്മയും അമ്മുവും മഹിയും അക്കുവും പ്രിയയും കുട്ടനും അന്ന് ജോഷിയുടെ വീട്ടിൽ തങ്ങി.

ഒരു ദിവസംകൊണ്ട് കുടുംബത്തെ നഷ്ടപ്പെട്ട ജോഷിയുടെ മാനസികാവസ്ഥ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അക്കുവും കുട്ടനും പ്രിയയും മഹിയും അവൻറെ അടുത്തു നിന്നും മാറാതെ നിന്നു.
പിറ്റേന്ന് ദേവിയും മീരയും ജോഷിയുടെ വീട്ടിലേക്ക് എത്തി.ജോഷിയെ കണ്ടപ്പോൾ മീരയുടെ ഹൃദയം വിങ്ങി. നെഞ്ചോട് ചേർത്ത് അവനെ ആശ്വസിപ്പിക്കണം എന്ന് അവൾക്ക് തോന്നി. ആരോടും സംസാരിക്കാൻ ഉള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ലെങ്കിലും മീരയ്ക്കും ദേവിക്കും ഒരു പുഞ്ചിരി സമ്മാനിച്ച് അവൻ റൂമിനുള്ളിൽ അപ്പച്ചനും അമ്മച്ചിയും ജെസ്സി മോളുടെയും ഫോട്ടോ കെട്ടിപ്പിടിച്ച് ഇരുന്നു.

ദിവസങ്ങൾ കടന്നു പോയി
ജോഷിയിൽ വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടായില്ല. മഹിയുടെ വീട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചിരുന്നെങ്കിലും അതിന് അവൻ തയ്യാറായിരുന്നില്ല.ദേവി ഇടയ്ക്കൊക്കെ വന്നുപോയി. മീര ദിവസവും വിളിക്കുമായിരുന്നു. പക്ഷേ ഒരിക്കൽപോലും ജോഷി സംസാരിച്ചിരുന്നില്ല. അവൻറെ അവസ്ഥ അറിയാവുന്നതിനാൽ അവൾ നിർബന്ധിക്കാനും പോയില്ല. കോളേജ് തുറക്കുന്നതിന് തലേദിവസം മീര ഹോസ്റ്റലിൽ എത്തി. അന്ന് തന്നെ ദേവിക്കൊപ്പം ജോഷിയുടെ വീട്ടിൽ എത്തി.അപ്പോഴേക്കും മഹിയുടെയും കുട്ടൻറെയും അച്ഛനമ്മമാരും പോയിരുന്നു. അന്നത്തെ അതേ അവസ്ഥയിൽ തന്നെ അവരെ വീണ്ടും കണ്ടപ്പോൾ അവർക്ക് ഒരുപാട് സങ്കടമായി. എങ്ങനെയും അവരെ പഴയ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരണമെന്ന് അവർ ഉറപ്പിച്ചു.ഇടയ്ക്ക് ക്ലാസ്സ് കട്ട് ചെയ്തും വൈകുന്നേരവും ഒക്കെയായി അവർ പാണ്ഡവരുടെ അരികിലേക്ക് എത്തിയിരുന്നു. കോളേജ് വിശേഷങ്ങൾ പറഞ്ഞു ദേഷ്യപ്പെട്ടും കളിയാക്കിയും ഒക്കെ പതിയെ അവരെ പഴയ ജീവിതത്തിലേക്ക് കൊണ്ടുവന്നു. ജോഷിയിലും കുറച്ചൊക്കെ മാറ്റങ്ങൾ വരുത്തിയിരുന്നു എങ്കിലും ചിലപ്പോഴൊക്കെ അവൻറെ മനസ്സും കൈവിട്ടു പോകുമായിരുന്നു.

🌄🌅🌄🌅🌄🌅🌄🌅🌄🌅🌄🌅🌄🌅🌄

അപ്പച്ചന്റെയും അമ്മച്ചിയുടെയും ജെസ്സി മോളുടെയും ഫോട്ടോയിലേക്ക് നോക്കി നിറമിഴികളോടെ നിൽക്കുകയായിരുന്നു ജോഷി.” എന്തിനാ അപ്പച്ചാ… നിങ്ങൾ എന്നെ തനിച്ചാക്കി പോയത്..? ഞാനും വന്നാൽ മതിയായിരുന്നു പള്ളിയിൽ.. നമുക്ക് ഒരുമിച്ച് ഈ ഭൂമിയിൽ നിന്നും പോകാമായിരുന്നു..””ഇതിപ്പോ….. ഇതിപ്പോ…. ഞാൻ ഒറ്റയ്ക്കായില്ലേ അമ്മച്ചി….”ജെസ്സി മോളേ…. നിൻറെ ഇച്ചായന് കഴിയുന്നില്ലടീ… ” ഹൃദയം പൊട്ടുന്ന വേദനയോടെ ജോഷി പറഞ്ഞൂ.”ജോഷിച്ചായാ……” ഒരു തേങ്ങലിന്റെ അകമ്പടിയോടെയുള്ള വിളി കേട്ട് ജോഷി തിരിഞ്ഞുനോക്കി..നിറഞ്ഞൊഴുകിയ കണ്ണുകളുമായി മീര.. അവൾ ഓടി വന്ന് അവനെ ഇറുകെ പുണർന്നു.

“ഇച്ചായൻ പോയാൽ പിന്നെ എനിക്ക് ആരാ ഉള്ളത്…? ഇച്ചായൻ ഒറ്റയ്ക്ക് ആണെന്ന് ആരാ പറഞ്ഞത്…? ഞാനില്ലേ എൻറെ ഇച്ചായനു…..? “ജോഷി ഒന്നും മിണ്ടിയില്ല. പകരം അവളെ തന്നോട് ചേർത്ത് പിടിച്ചു കരഞ്ഞു.” എൻറെ ഇച്ചായൻ ഒരിക്കലും ഒറ്റക്കല്ല…. ഒറ്റയ്ക്ക് ആക്കില്ല ഈ മീര…”ഏറെ നേരം പരസ്പരം പുണർന്നു കരഞ്ഞു. അല്പം കഴിഞ്ഞ് അവൾ അടർന്നുമാറി.” ഇച്ചായൻ കുറച്ചുനേരം കിടക്ക്.. “അവൾ അവനെ പിടിച്ച് ബെഡിലേക്ക് ഇരുത്തി. അവളുടെ മടിയിൽ തല വെച്ച് അവൻ കിടന്നു. അവൻറെ നെറുകയിൽ തലോടിക്കൊണ്ട് അവൾ അപ്പച്ചന്റെയും അമ്മച്ചിയുടെയും ജെസ്സി മോളുടെയും ഫോട്ടോയിലേക്ക് നോക്കിയിരുന്നു. ജോഷി പതിയെ ഉറക്കത്തിലേക്ക് വീണു. അവൾ പതിയെ അവനെ ബെഡിലേക്ക് കിടത്തി പുതപ്പിച്ചു കൊടുത്തു റൂം വിട്ടിറങ്ങി.

താഴെയെത്തിയപ്പോൾ അടുക്കളയിൽ നിന്നും ശബ്ദം കേട്ടു അവൾ അങ്ങോട്ടേക്ക് ചെന്നു.
മഹിയാണ് കാര്യമായിട്ട് എന്തോ ഉണ്ടാക്കുകയാണ്.” എന്താണ് മാഷേ പരിപാടി…? ” മീര ചോദിച്ചു. ശബ്ദം കേട്ട് മഹി തിരിഞ്ഞുനോക്കി. അവളെ കണ്ടപ്പോൾ അവൻറെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.”അവരൊക്കെ എവിടെ….? “” അക്കുവിൻറെ വീട്ടിൽ പോയി.. ഇപ്പോൾ വരും…”” എന്താ ഉണ്ടാക്കുന്നേ..? മാറിക്കേ.. നോക്കട്ടെ..” അവൾ ഗ്യാസിന് അരികിലേക്ക് ചെന്നു.അവൻ ചെറുചിരിയോടെ സൈഡിലേക്ക് മാറി കൊടുത്തു.

“മ്മ്മ്മ്….സൂപ്പർ… എന്താ ഇതിൻറെ പേര്..? ” അവൾ അല്പം രുചിച്ച് നോക്കിയിട്ട് ചോദിച്ചു.” കൊഞ്ചും മാങ്ങയും… കുംഭഭരണി സ്പെഷ്യൽ വിഭവമാണ്… ജോഷിക്ക് ഭയങ്കര ഇഷ്ടമാണ്…””മ്മ്മ്… സംഭവം കിടുക്കിട്ടുണ്ട്…”അവൾ അല്പം കൂടി കഴിച്ചുകൊണ്ട് പറഞ്ഞു. അവൻ അവൾക്കായി ഒരു പുഞ്ചിരി നൽകി.” ദേവി എവിടെ..? സാധാരണ രണ്ടു പേരും ഒരുമിച്ച് ആണല്ലോ വരാറുള്ളത്…? ” അവൻ ഗ്യാസ് ഓഫ് ചെയ്ത് ഹാളിലേക്ക് നടന്നു കൊണ്ട് ചോദിച്ചു.” എൻറെ മാഷേ.. അവളെ നോക്കി നിന്ന് ഞാൻ മടുത്തു. അവസാനം ഞാൻ ഇങ്ങ് വരുവാന്നു പറഞ്ഞു അവൾ എത്തിക്കോളും… “”നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് എന്നെ മാഷേ എന്ന് വിളിക്കരുതെന്ന്….” അവൻ കപട ദേഷ്യത്തോടെ അവൾക്കു നേരെ വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു.” അറിയാതെ വരുന്നതാ മാഷേ ക്ഷമിക്കെൻറെ മാഷേ…” അവൾ അബദ്ധം പിണഞ്ഞ പോൽ നാക്കു കടിച്ചു. ” ഏട്ടാ…” ഇളിയോടെ അവൾ വിളിച്ചു.അവൻ ചിരിച്ചുകൊണ്ട് അവളുടെ തലയിൽ കൊട്ടി. അവളും ഒപ്പം ചിരിച്ചു.

” ഞാൻ ജോഷിയെ വിളിക്കാം…” മഹി എഴുനേൽക്കാൻ തുടങ്ങി.” വേണ്ട.. ഞാൻ കണ്ടു.. ഉറങ്ങുകയാണ്…” മീര അവന്റെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു. “അതെപ്പോ…? ” അവൻ അത്ഭുതം മറച്ചുവെച്ചില്ല.” ഞാൻ വന്നപ്പോൾ ഇവിടെ ആരെയും കണ്ടില്ല.. അപ്പോഴാ മുകളിലേക്ക് ചെന്നത്.. അപ്പൊ ജോഷ്……….”എവിടെ ബാക്കിയെല്ലാവരും….? ” അവിടേക്ക് കടന്നു വന്ന ദേവി ചോദിച്ചു. ഓഹ്… എത്തിയോ തമ്പുരാട്ടി…?” മീര അവളെ കൂർപ്പിച്ചു നോക്കി.അവൾ നന്നായി ഒന്ന് ഇളിച്ചു കാട്ടി അവർക്കൊപ്പം ഇരുന്നു

സംസാരിച്ചുകൊണ്ട് ഇരിക്കുന്നതിന് ഇടയ്ക്ക് അക്കുവും കുട്ടനും പ്രിയയും എത്തി. ഉറക്കം കഴിഞ്ഞ് ജോഷി എത്തിയതും ദേവി കാര്യത്തിലേക്ക് കടന്നു.”എല്ലാവരോടും കൂടി ഒരു കാര്യം പറയാനാ ഞങ്ങൾ വന്നത്…” ദേവി പറഞ്ഞു.മീര ഒഴികെ മറ്റെല്ലാവരും അവളെ എന്താ എന്ന അർത്ഥത്തിൽ നോക്കി. അടുത്ത ദിവസം മുതൽ എല്ലാവരും കോളേജിൽ വന്നേക്കണം… ഇനി ഇങ്ങനെ അടച്ചുകെട്ടി ഇരിക്കാൻ പറ്റില്ല… അവസാനവർഷം അല്ലേ ഇത്…? “അക്കുവും കുട്ടനും പ്രിയയും മഹിയും പരസ്പരം നോക്കി.വെക്കേഷൻ കഴിഞ്ഞപ്പോൾ കോളേജിൽ പോവാൻ എല്ലാവരും നിർബന്ധിച്ചപ്പോൾ ജോഷി വരാതെ പോവില്ലെന്ന് മഹിയും കുട്ടനും പ്രിയയും കട്ടായം പറഞ്ഞിരുന്നു.

ജോഷി മുഖം കുനിച്ചിരുന്നു. അതെ… നിങ്ങൾ കോളേജിലേക്ക് വരണം.. കോഴ്സ് കംപ്ലീറ്റ് ചെയ്യണം…” മീര ദേവിയെ പിന്താങ്ങി.ജോഷി മീരയെ നോക്കി. അവൾ അവനെ അപേക്ഷ ഭാവത്തിൽ നോക്കി. അവൻ അവൾക്ക് ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു.” ഞങ്ങൾ വരാം…”അവന്റെ വാക്കുകൾ എല്ലാവരുടെയും ഉള്ളിൽ ഒരു കാറ്റായി വീശി.” പക്ഷേ കുറച്ചു ദിവസത്തെ സമയം കൂടി എനിക്ക് വേണം..”അത്രയും പറഞ്ഞ് അവൻ മുകളിലേക്ക് പോയി..അപ്പച്ചനും അമ്മച്ചിയും ജെസ്സി മോളുടെയും ഫോട്ടോയിലേക്ക് നോക്കി.”ഞാൻ കാരണം അവരുടെ ഭാവി കൂടി കളയുന്നത് എന്തിനാ അല്ലേ അമ്മച്ചി… ഞാനില്ലാതെ അവരാരും കോളേജിലേക്ക് പോവുകയുമില്ല… പക്ഷേ നിങ്ങളുടെ ഓർമ്മകൾ നിറഞ്ഞ ഇവിടെനിന്ന് എനിക്ക് ഒന്നും സാധിക്കില്ല അപ്പച്ചാ… അതുകൊണ്ട് ഞാൻ സുഭദ്ര അമ്മയുടെ അടുത്തേക്ക് പോവുകയാണ്….” നിറഞ്ഞു വന്ന കണ്ണുകൾ ഇറുക്കിയടച്ച് അവൻ ബെഡിലേക്ക് മലർന്നുകിടന്നു….തുടരും…