10/02/2026

പരിണയം : ഭാഗം 18

രചന – ആയിഷ അക്ബർ

രണ്ട് ദിവസങ്ങൾ കൂടി അതേ ഭംഗിയോടെ കടന്ന് പോയി…..

സദാ തന്നേ പരിപാലിച്ചു തനിക്ക് കൂട്ടായിരിക്കുന്നവളോട് സംഗീതക്ക് വല്ലാത്ത സ്നേഹം തോന്നിയിരുന്നു…..

എന്നാൽ അവനെ കുറിച് പറയുമ്പോഴും അവനെ കാണുമ്പോഴുമുള്ള നന്ദയുടെ കണ്ണുകളിലെ തിളക്കം സംഗീതക്ക് വല്ലാത്തൊരു നോവ് സമ്മാനിച്ചിരുന്നു…..

അവനവളെ തിരിച്ചു സ്നേഹിക്കില്ലെന്ന് അത്രമേൽ ഉറപ്പുള്ളത് കൊണ്ടായിരിക്കാം അത്….

നന്ദക്ക്…സഞ്ജുവിനെ ഇഷ്ടമാണോ……

അന്നൊരു വൈകുന്നേരം അവരങ്ങനെ സംസാരിച്ചിരിക്കുമ്പോഴാണ് സംഗീത യത് ചോദിച്ചത്……..

നന്ദയുടെ കണ്ണുകൾ പെട്ടെന്നൊന്നു വിടർന്നു….

ഒരു നിമിഷം ശ്വാസമെടുക്കാനാവാത്തത് പോലെ…….

ആ സംസാരത്തിനിടയിൽ അങ്ങനെയൊരു ചോദ്യം അവളോട്ടും പ്രതീക്ഷിച്ചിരുന്നില്ല…….

ഞാൻ…….

അവനൊരു പാവമാണ്…..
അവനോടൊന്നടുത്താൽ ആർക്കും അത് പെട്ടെന്ന് മനസ്സിലാവുകയും ചെയ്യും…….

നന്ദ പറഞ്ഞു തുടങ്ങിയപ്പോഴേക്കും സംഗീത തന്നെ ഇടക്ക് കയറിയത് പറഞ്ഞു….

ഒരു നിമിഷം നന്ദ അവളെ നോക്കി…..

താൻ അവർ ചോദിച്ചതിനുള്ള ഉത്തരത്തിനായി പരതുമ്പോഴും അവരത് കാത്തു നിൽക്കുന്നില്ല….

മറ്റെന്തോ തന്നോട് പറഞു ചേർക്കാനുള്ള ഒരു മുഖവുരയാണോ ആ ചോദ്യമെന്നവൾക്ക് സംശയം തോന്നി…….

നന്ദനക്കറിയുമോ…..
അമ്മ ഞങ്ങളെ പോലെ തന്നെയായിരുന്നു…..
നല്ല സുന്ദരി……
ആരും കുറ്റം പറയാത്ത സ്വഭാവവും…….

പക്ഷെ… സൗന്ദര്യമല്ല ദാമ്പത്യ ജീവിതത്തിന്റെ അടിസ്ഥാനമെന്ന് മനസ്സിലാക്കാൻ അവരുടെ ജീവിതം മാത്രം മതി……

വിവാഹ സമയത്ത് മുറ പെണ്ണായ ഭാനുമതിയെ വിവാഹം കഴിക്കാൻ മുത്തശ്ശി കുറെ നിർബന്ധിച്ചതാണത്രേ….

അന്ന് അമ്മയുടെ സൗന്ദര്യം കണ്ട് മയങ്ങി അച്ഛൻ അമ്മയെ വിവാഹം കഴിച്ചു…….

വർഷങ്ങൾ അല്പം കഴിഞ്ഞു ഞാനും സഞ്ജുവും ഉണ്ടായി…..

ഭാനുമതി യുടെ വിവാഹം കഴിഞ്ഞെങ്കിലും അച്ഛനോടുള്ള അടങ്ങാത്ത പ്രണയം കൊണ്ട് അവർ ഭർത്താവിനെ ഉപേക്ഷിച്ചു വീട്ടിലിരിപ്പായി…….

അത് വരെ തോന്നാത്ത ഇഷ്ടം അച്ഛനും അവരോട് തോന്നി തുടങ്ങി…..

അമ്മ ആകെ തകർന്നു തുടങ്ങിയിരുന്നു….

പതിയെ പതിയെ വിഷാധ രോഗത്തിലേക്ക് വീണു തുടങ്ങി……..

മനസ്സത്ര മേൽ ബലഹീനമായത് കൊണ്ടോ അച്ഛനോടുള്ള ഇഷ്ടം കൊണ്ടോ എന്തോ അവിടെ നിന്നും പിടിച് കയറാൻ അമ്മക്ക് കഴിഞ്ഞില്ല……

പൂർണമായും മാനസിക രോഗിയായി…….

സംഗീത അത് പറഞ്ഞു നിർത്തുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു…..

കേട്ട് നിന്നിരുന്ന നന്ദയും കണ്ണുകൾ അമർത്തി തുടച്ചു…….

അങ്ങനെ അമ്മ മരിച്ചതും അച്ഛൻ അവരെ വിവാഹം ചെയ്തു….ഞങ്ങളുടെ ജീവിതം ദുരിതത്തിൽ നിന്ന് ദുരിതത്തിലേക്ക്……..

എന്നെക്കാൾ ചെറുതാണെങ്കിലും എനിക്കവനൊരു കാവലായിരുന്നു……

എന്നെ വഴക്ക് പറയുന്നവരോടൊക്കെ അവനു പകയായിരുന്നു….

അവൻ എന്നോട് ചെയ്തതിനു പകരം ചെയ്യുന്ന വികൃതികൾ അവരുടെ കണ്ണിൽ ഭ്രാന്തായി……

പാരമ്പര്യമായി കിട്ടിയതാണെന്ന് അവര് പറയും……

എന്റെ അമ്മയെ ഭ്രാന്തിയാക്കിയതാണ്…… ഇവരെല്ലാവരും കൂടി……. പിന്നെങ്ങനെ അവനു ഭ്രാന്ത് പകർന്നു കിട്ടും……..

സംഗീത വിതുമ്പി പോയിരുന്നു…അക്ഷരങ്ങൾ വിറച്ചു……

നന്ദ കണ്ണിമ വെട്ടാതെ അവളെ നോക്കിയിരിക്കുകയാണ് ……

അമ്മ പോയ ഷോക്കിൽ അവന്റെ കൂടെയുണ്ടായിരുന്നത് ഞാനായിരുന്നു……

എന്നെ ചുറ്റിയായിരുന്നു അവനെപ്പോഴും…….

എന്നാൽ എന്റെ വിവാഹം കഴിഞ്ഞതോട് കൂടി അവൻ ശെരിക്കും വല്ലാതെ ഒറ്റപ്പെട്ടു….

അജീഷേട്ടൻ സ്നേഹമുള്ളവനായത് കൊണ്ട് ഇവിടുത്തെ അവസ്ഥ മനസ്സിലാക്കി എന്നോട് വീട്ടിൽ പോകുന്നില്ലേയെന്ന് ഇത് വരെ ചോദിച്ചിട്ടില്ല…..

ദൂരെ ആയത് കൊണ്ട് അവനും എപ്പോഴും എന്റെ അടുത്തു വരാനും പറ്റാത്ത അവസ്ഥയായിരുന്നു……

അമ്മ പോയ അതേ ശൂന്യത അവനു ഞാൻ പോയപ്പോഴുമുണ്ടായിരുന്നു…

ഫോൺ വിളിച്ചു എപ്പോഴും അവനോട് ഞാൻ സംസാരിച്ചു…

എന്നാൽ അവന്റെ സംസാരവും പതിയെ കുറയുന്നത് പോലെ എനിക്ക് തോന്നി തുടങ്ങി…..

അമ്മക്ക് സംഭവിച്ചത് പോലെ അവനും ആയി പ്പോകുമൊയെന്നെനിക്ക് ഭയം തോന്നിയ സമയത്താണ് അവളവന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്…..

ലയ….

സംഗീത അത് പറഞ്ഞതും നന്ദയുടെ ഹൃദയം ഒരു നിമിഷത്തേക്ക് നിശ്ചലമായി പ്പോയി….

സഞ്ജുവിന്റെ കട്ടിലിന്റെ ഭാഗത്തുള്ള ജനൽ നേരെ തുറക്കുമ്പോൾ കാണുന്ന ആ വീട്ടിലേക്ക് പുതുതായി വന്ന താമസക്കാരായിരുന്നു……

അവർ ബാംഗ്ലൂർ ആയിരുന്നത്രെ…..

അച്ഛനവിടെ ഒരു കടയുണ്ടായിരുന്നു പ്പോലും……

അച്ഛൻ പെട്ടെന്ന് മരിച്ചത് കൊണ്ട് അനിയത്തിയെയും കൂട്ടി അമ്മ യുടെ നാട്ടിലേക്ക് വന്നതാണ്…..

രണ്ട് പേർക്കുമിടയിൽ സങ്കടത്തിന്റെ കടലിരമ്പുന്നത് കൊണ്ടാവാം അവർ പെട്ടെന്ന് കൂട്ടായി……

ആരോടും മിണ്ടാട്ടമില്ലാത്ത അവനിലേക്ക് അവളിടിച്ചു കയറിയതായിരിക്കണം…..

പതിയെ പതിയെ അവനിലെ മാറ്റം ഞാനറിഞ്ഞു…..

അവളെ കുറിച് വാ തോരാതെ അവൻ സംസാരിച്ചു കൊണ്ടിരുന്നു……

സംഗീത പറയുന്ന നിമിഷങ്ങളിൽ അവൾ ഇപ്പോഴും അവന്റെ മനസ്സിലുണ്ടോയെന്ന ചോദ്യത്തിനുള്ള ഉത്തരം അറിയാനെന്തിനോ നന്ദയുടെ മനസ്സ് ധൃതി കൂട്ടി……..

എന്നാൽ പെട്ടെന്നൊരു ദിവസം അവന്റെ വാക്കുകളിൽ നിന്നവൾ മുറിഞ്ഞു പോയി……

അവള് പോയി……ഞാൻ അവൾക്ക് പറ്റിയൊരാളല്ല ചേച്ചി……

എന്ന് മാത്രം പറഞ്ഞവനവസാനിപ്പിച്ചു…

അതിൽ കലർന്ന വേദന ശെരിക്കും എനിക്കറിയാമായിരുന്നു…..

മനസ്സറിഞ്ഞു സ്നേഹിച്ചവരൊക്കെ അകന്ന് പോകുന്നതാണ് ഈ ജന്മമെന്റെ വിധി…..

പകരം വെക്കാൻ മറ്റൊരാൾക്ക് കഴിയാത്ത വിധത്തിൽ ഞാനൊന്നിനെയും ഇനി സ്നേഹിക്കില്ല ചേച്ചി ….

ആ വാക്ക് ഉറച്ചതായിരുന്നു…….

അന്നവൻ പേറിയ നിർവികാരത യിലേക്കാണ് അപ്രതീക്ഷിതമായി നീ കടന്ന് വന്നത്…….

അത് വരെയും ഒരു കൂട്ടിനെ കുറിച് പറയുമ്പോൾ അവനാ സംസാരം അവിടെ വെച് നിർത്തുമായിരുന്നു…….

നീ വന്ന ശേഷവും ഞാൻ സന്തോഷിച്ചപ്പോൾ അതോർത്തു ഒരിക്കലും സന്തോഷിക്കരുത്…… സഞ്ജു ഇനിയങ്ങോട്ടും ഒറ്റക്ക് തന്നെയായിരിക്കും എന്നവൻ താക്കീത് നൽകിയിരുന്നു……

ഞങ്ങൾക്കിടയിൽ ഇപ്പോഴുള്ള ബന്ധം എങ്ങനെയെന്നു ചേച്ചിക്ക് വ്യക്തമല്ല…..

പക്ഷെ നിന്റെ കണ്ണുകളിൽ കാണുന്ന അവനോടുള്ള വികാരം എനിക്ക് ഭയം തന്നെയാണ്……

നീയവനെ സ്നേഹിച്ചു അവനു തിരിച്ചു സ്നേഹിക്കാൻ പറ്റാതെയായാൽ നിനക്കത് ഉൾകൊള്ളാൻ കഴിഞില്ലെങ്കിലോ എന്ന ഭയം…….

മുൻപ് അവൻ പോയിരുന്ന അവസ്ഥയിലേക്ക് നീയെത്തുമോയെന്ന ഭയം…….

ആത്മാർത്ഥമായ സ്നേഹങ്ങൾ കത്തിയ വിറക് കൊള്ളി പോലെയാണ് നന്ദാ……

ചേർത്ത് പിടിക്കും തോറും കൂടുതൽ കൂടുതൽ പൊള്ളും……..

സംഗീത അത് പറഞ്ഞു അവളുടെ തോളിൽ കൈ വെച്ചപ്പോഴാണ് അവൾ ഏതോ ലോകത്ത് നിന്നെന്ന പോലുണർന്നത്…..

ശരീരമാകെ തളരുന്നത് പോലെ….

അതേ….. അവൻ തന്നിൽ നിന്നും എപ്പോഴും മിഴികൾ തെന്നി നീക്കിയത് അത് കൊണ്ട് തന്നെയായിരുന്നു……

ഒരിക്കലും തന്നോട് അടുക്കരുതെന്ന പോൽ….

പക്ഷെ…. താൻ……. താനിതൊന്നുമറിയാതെയാണ് അവനിലേക്ക് ആഴ്ന്നിറങ്ങിയത്…

അവൻ പറയും പോലെ തന്റെ മനസ്സിൽ അവന് പകരം വെക്കാൻ ആരാലും കഴിയില്ലയോ……..

ഒരു പക്ഷെ ഞങ്ങൾ തമ്മിൽ അടുത്താൽ…….

നന്ദ അത് ചോദിക്കുമ്പോൾ ഉള്ളിലെ വിങ്ങൽ മറച്ചു വെച്ചിരുന്നു……

അങ്ങനെയായാൽ ഈ ലോകത്ത് ഏറ്റവും സന്തോഷിക്കുന്നത് ഞാനായിരിക്കും……
നിന്നേ പോലൊരു സ്നേഹം അവൻ തീർച്ചയായും അർഹിക്കുന്നുണ്ട്…..

സംഗീത അത് പറയുമ്പോൾ നന്ദക്ക് അല്പം ആശ്വാസം തോന്നി….

പ… പക്ഷെ…… ചേച്ചിക്ക് പ്രതീക്ഷയില്ല മോളെ….
അവസാനം നീ വേദനയിലാവരുത്……

സംഗീത അത് പറയുമ്പോൾ അവളുടെ കണ്ണുകളിലേക്ക് നോക്കിയില്ല…..

എങ്കിലും ആ വാക്കുകളിൽ കലർന്നിരുന്ന നിരാശ നന്ദക്ക് വ്യക്തമായിരുന്നു….

ഞാൻ അവനോട് അതിനെ കുറിച് ഇപ്പോഴും സംസാരിച്ചിട്ടും അവനു താല്പര്യമില്ലെന്നത് അവർ പറയാതെ പറയുന്നതായി നന്ദക്ക് തോന്നി…..

തീർച്ചയായും അത് തന്നെ സംഭവിച്ചിരുന്നിരിക്കാം…..

അവളൊരു വിങ്ങലോടെ അങ്ങനെയിരുന്നു……

അപ്പോഴേക്കും പുറത് പരിചിതമല്ലാത്തൊരു വണ്ടിയുടെ ശബ്ദം കേട്ടതും ഇരു വരും പെട്ടെന്നെഴുന്നേറ്റു…..

കണ്ണുകൾ അമർത്തി തുടച്ചു നന്ദ സംഗീതക്ക് പിറകെ ഉമ്മറത്തേക്ക് നടന്നു……

(തുടരും)
Aysha Akbar