17/02/2026

നിയതി : ഭാഗം 26

രചന – കണ്ണന്റെ മാത്രം

നിയതി… ജോയുടെ കൂടെ നടന്നുവരുന്നവരെ കണ്ടതും ഗ്രേസിയമ്മയുടെ വായിൽ നിന്ന് അറിയാതെ ആ പേര് പുറത്തേക്ക് വന്നു…

എല്ലാവരുടെയും കണ്ണുകൾ നിധിയിൽ തന്നെ ആയിരുന്നു കുറച്ചുനേരം.. പിന്നെ ആണ് കൂടെ ഉള്ള കുഞ്ഞുങ്ങളിലേക്ക് പോയത്… ജോയുടെ ചെറുപ്പത്തിലേ അതേ പോലെ ഇരിക്കുന്ന ആ ആൺകുഞ്ഞിനെ എല്ലാവരും കണ്ണെടുക്കാതെ നോക്കി.. പെൺകുട്ടിക്കും ഉണ്ട് ജോയോട് ചെറിയ ചില സാദൃശ്യങ്ങൾ.. പക്ഷേ ആൺകുട്ടി തനി ജോ തന്നെ ആണ്…

അവൻ ആരെയും ശ്രദ്ധിക്കാതെ നിധിയേയും മക്കളെയും കൂട്ടി വല്യപ്പച്ചന്റെ മുറിയിലേക്ക് കടന്നു… അപ്പോഴാണ് വല്യപ്പച്ചനും വല്യമ്മച്ചിയും നിധിയേയും മക്കളെയും കാണുന്നത്…

മോളെ നിധി… വല്യമ്മച്ചി നിറഞ്ഞ കണ്ണോടെ വിളിച്ചു…

വല്യമ്മച്ചി… അവളും അവരുടെ അടുത്തേക്ക് ഇരുന്നു…

എവിടെ ആയിരുന്നു മോളെ നീ… ഇവൻ എവിടെയൊക്കെ അന്വേഷിച്ചു മോളെ…. എത്ര വിഷമിച്ചു ഞങ്ങൾ എന്നറിയോ… ഞങ്ങൾ പോകുമ്പോൾ സന്തോഷത്തോടെ യാത്രയാക്കിയ ആളെ തിരികെ വന്നപ്പോൾ ഇവിടെ കാണാൻ ഇല്ല… ആർക്കും അറിയുകയും ഇല്ല.. വിഷമിച്ചുപോയി… വല്യപ്പച്ചൻ അവളുടെ തലയിൽ തഴുകിക്കൊണ്ട് പറഞ്ഞു… വല്യപ്പച്ചൻ അത് പറഞ്ഞതും നിധിയുടെ തല കുറ്റബോധത്താൽ കുനിഞ്ഞു..

അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ അല്ലേ വല്യപ്പച്ചാ.. ദേ ഇങ്ങോട്ട് നോക്കിയേ.. ഇവരെ മനസ്സിലായോ വല്യപ്പച്ചനും വല്യമ്മച്ചിക്കും… ജോ മക്കളെ രണ്ടാളെയും ഇരുസൈഡിലും തന്നിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് ചോദിച്ചു….

വല്യമ്മച്ചനും വല്യമ്മച്ചിയും വിടർന്ന കണ്ണോടെ മക്കളെ നോക്കി…

ഇങ്ങ് വന്നേ…. വല്യമ്മച്ചി അവരെ തന്റെ അടുത്തേക്ക് വിളിച്ചു… അവർ ജോയെ ഒന്ന് നോക്കികൊണ്ട്‌ വല്യമ്മച്ചിയുടെ അടുത്തേക്ക് ഇരുന്നു.. വല്യപ്പച്ചനും അവരുടെ അടുത്തേക്ക് വന്നിട്ട് അവരുടെ തലയിലായി തഴുകി…

എന്റെ ജോന്റെ മക്കൾ… വല്യമ്മച്ചി നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു…

ആഹാ.. അപ്പോഴേക്കും ഉറപ്പിച്ചോ ഇത് എന്റെ മക്കൾ ആണെന്ന്.. ജോ ഒരു കുസൃതി ചിരിയോടെ ചോദിച്ചു…

നീ പോടാ.. ഈ മക്കളെ പ്രത്യേകിച്ചും ഈ മോനേ കണ്ടാൽ നിന്നെ ചെറുപ്പത്തിൽ കണ്ടിട്ടുള്ള ആരോടും പറയണ്ട അവർ നിന്റെ മക്കൾ ആണെന്ന്… വല്യമ്മച്ചി ഒരു ചിരിയോടെ പറഞ്ഞു…

എന്താ മക്കളുടെ പേര്…

ഞാൻ ആവ്‌ലിൻ… ഇവൻ ആരോൺ.. കുഞ്ഞി എന്നും ചിട്ടും എന്നാണ് വീട്ടിൽ വിളിക്കുന്നത്.. ഗ്രാൻഡ്മാ യുടെ പേരെന്താ… കുഞ്ഞി അവരുടെ കൈയിൽ പിടിച്ചുകൊണ്ട് ചോദിച്ചു…

കുഞ്ഞി ഗ്രാൻഡ്മാ അല്ലാ.. വല്യമ്മച്ചി ആണ് അല്ലേ മമ്മ… ചിട്ടു കുഞ്ഞിയെ തിരുത്തി കൊണ്ട് നിധിയെ നോക്കി ചോദിച്ചു…

മ്മ്… നിധി ഒരു ചിരിയോടെ മൂളി…

പിന്നെ അങ്ങോട്ട് കുഞ്ഞിയും ചിട്ടുവും കൂടി അവരെ രണ്ടുപേരെയും കത്തിവച്ചു കൊന്നു എന്ന് പറഞ്ഞാൽ മതി.. അപ്പുവിന്റെ ടോയ് കാർ മുതൽ കൗശികിന്റെ ഹവേലി വരെ അവരുടെ സംസാരത്തിൽ നിറഞ്ഞു… വല്യപ്പച്ചനും വല്യമ്മച്ചിയും ഒരു ചിരിയോടെ അവരുടെ സംസാരം കേട്ടിരുന്നു…

കുഞ്ഞിപ്പെണ്ണേ.. മതിയെടി.. എന്റെ പാവം വല്യപ്പച്ചന്റേം വല്യമ്മച്ചിയുടെയും ചെവി ഓട്ടയാവും നിങ്ങൾ ഇങ്ങനെ അവരോട് കത്തി വച്ചാൽ…. ജോ കുഞ്ഞിയുടെ തലയിൽ പിടിച്ചു കുലുക്കികൊണ്ട് പറഞ്ഞു…

അയ്യടാ.. ഇത് ഞങ്ങടെ വല്യപ്പച്ചനും വല്യമ്മച്ചിയും ആണ് പപ്പയുടെ അല്ല അല്ലേ.. കുഞ്ഞി ജോയോട് അതും പറഞ്ഞുകൊണ്ട് ഉറപ്പിക്കാൻ എന്നതുപോലെ വല്യപ്പച്ചനെ നോക്കി.. വല്യപ്പച്ചൻ ചിരിയോടെ അത് സമ്മതിച്ചതും അവൾ ഒരു വിജയചിരിയോടെ ജോയെ നോക്കി..

നിധി ഇതെല്ലാം കണ്ട് സന്തോഷത്തോടെ നിന്നു.. അവളെ നോക്കി നിൽക്കുന്നവരെ അവൾ ഇടം കണ്ണാൽ കാണുന്നുണ്ടായിരുന്നു… ഓരോരുത്തരുടെയും മുഖത്തെ ഭാവം കണ്ടതും അവളുടെ മുഖത്ത് പുച്ഛം നിറഞ്ഞു…

എന്നാൽ ഞങ്ങൾ ഇറങ്ങാൻ നോക്കട്ടെ വല്യമ്മച്ചി… ഇനി പിന്നെ വരാം.. ജോ അത് ചോദിച്ചതും വല്യപ്പച്ചന്റെയും വല്യമ്മച്ചിയുടെയും മുഖം മങ്ങി..

കൊച്ചുങ്ങളെ കണ്ടു മതിയായില്ലെടാ മോനേ… നിനക്ക് ഇവിടെ നിന്നൂടെ… വല്യപ്പച്ചൻ ദയനീയമായി അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു….

അവൻ എന്ത് പറയണം എന്നറിയാതെ നിന്നു.. അവരോട് എങ്ങനെ നോ പറയും എന്ന് അവന് അറിയില്ലായിരുന്നു.. പക്ഷേ ഒരിക്കലും ഇവിടെ തുടരാൻ അവന് താൽപ്പര്യം ഉണ്ടായിരുന്നില്ല…. അത്രയും മനസ്സുകൊണ്ട് അകന്നിരുന്നു അവിടെ ഉള്ള ഓരോരുത്തരും ആയിട്ട്….

അതേ മോനേ… നിങ്ങൾ ഇവിടെ വേണം… ഇനിയെത്രകാലം ഉണ്ടാവും വല്യമ്മച്ചിക്ക് എന്നറിയില്ല… അതുവരെ നിങ്ങൾ എല്ലാവരും എന്റെ കൂടെ വേണം എന്നാണ് എന്റെ ആഗ്രഹം… ഇവിടെ നിന്നൂടെ മക്കളെ നിങ്ങൾക്ക്…. വല്യമ്മച്ചിയും പറഞ്ഞതോടെ അവൻ ആകെ ധർമസങ്കടത്തിൽ ആയി…

അത് വല്യമ്മച്ചി ഞങ്ങൾ… അവൻ അവരോട് എന്തോ പറയാൻ പോയപ്പോഴേക്കും നിധി അവനെ തടഞ്ഞിരുന്നു…..

ഇച്ചായാ… ഞങ്ങൾ വരാം വല്യമ്മച്ചി.. ഈ ആഴ്ച അവസാനം ഞങ്ങൾ ഇങ്ങോട്ട് മാറാം.. ഇന്ന് എന്തായാലും ഞങ്ങൾക്ക് പോവണം… നിധി അവനെ തടഞ്ഞുകൊണ്ട് അത് പറഞ്ഞതും ജോ അവളെ അതിശയത്തോടെ നോക്കി… ഇത്രയൊക്കെ ഈ വീട്ടുക്കാർ ഓരോന്നും ചെയ്തിട്ടും അവൾക്ക് എങ്ങനെ ഇതിന് മനസ്സ് വന്നു എന്നത് ജോയ്ക് മനസിലായില്ല…

നിധി പറഞ്ഞത് കേട്ടതും വല്യപ്പച്ചനും വല്യമ്മച്ചിക്കും സന്തോഷമായി… പിന്നെ അധികം വൈകാതെ തന്നെ ജോ നിധിയേയും മക്കളെയും കൂട്ടി പോകാനായി ഇറങ്ങി… വാതിക്കലായി നിൽക്കുന്ന ആലുക്കൽ തറവാട്ടിലെ എല്ലാവരെയും കണ്ടെങ്കിലും നിധി മറ്റാരെയും ശ്രദ്ധിക്കാതെ അതിഥിയുടെ അടുത്തേക്ക് പോയി… അവരുടെ അടുത്തായി നിൽക്കുന്ന സേവ്യറിനെ നോക്കി ചിരിക്കാനും അവൾ മറന്നില്ല… ഇവിടെ ഉണ്ടായിരുന്ന സമയത്ത് വല്യപ്പച്ചനെയും വല്യമ്മച്ചിയേയും കഴിഞ്ഞാൽ കുറച്ചെങ്കിലും തന്നെ നോക്കി സ്നേഹത്തോടെ ഒന്ന് ചിരിച്ചിട്ടെങ്കിലും ഉള്ളത് അവർ ആണെന്ന് അവൾ മറന്നിട്ടില്ല….

സുഖല്ലേ മേമേ… അതിഥിയുടെ കൈയിൽ കോർത്തുപിടിച്ചുകൊണ്ട് അവൾ ചോദിച്ചു…

സുഖം മോളെ.. നിനക്കോ.. മക്കൾക്ക്‌ സുഖം… അവരും ചോദിച്ചു…

സുഖായിട്ട് ഇരിക്കുന്നു മേമേ… എന്നിട്ട് അവൾ മക്കളെ തന്റെ അടുത്തേക്ക് വിളിച്ചിട്ട് അവർക്ക് അതിഥിയെ പരിചയപ്പെടുത്തി കൊടുത്തു…. അതുവരെ ഒന്നും മിണ്ടാത്തെ നിന്ന ഗ്രേസിയമ്മക്ക് അതുകൂടി കണ്ടതും സഹിച്ചില്ല… അവർ വേഗം അവരുടെ അടുത്തേക്ക് വന്നു…

മോളെ നിധി… അവർ വിളിച്ചതും നിധി മനസിലാകാത്ത പോലെ അവരെ നോക്കി…

എന്നെയാണോ വിളിച്ചത്… അവൾ ഒരു പുച്ഛചിരിയോടെ ചോദിച്ചു…

മോള് എത്ര വേണേൽ എന്നെ പരിഹസിച്ചോ.. ദേഷ്യപ്പെട്ടോ… അതിനൊക്കെ ഉള്ള അവകാശം മോൾക്കുണ്ട്.. അത്രയും വലിയ തെറ്റുകൾ ആണ് മമ്മി മോളോട് ചെയ്തിട്ടുള്ളത്… പക്ഷേ എന്റെ മോന്റെ മക്കളെ എന്നിൽ നിന്നും അകറ്റല്ലേ… അവർ ദയനീയമായി പറഞ്ഞു….

നിങ്ങളുടെ മകന്റെ മക്കളോ… നിങ്ങളുടെ മോന്റെ കുട്ടി ഹന്നയുടെ വയറ്റിൽ അല്ലേ ആയിരുന്നേ… അല്ലാതെ ഈ അനാഥപെണ്ണിന്റെ വയറ്റിൽ ആണോ…. അത് പറഞ്ഞിട്ടല്ലേ നിങ്ങൾ എന്നോട് ഇച്ചായന്റെ ലൈഫിൽ നിന്ന് ഇറങ്ങിപോകാൻ പറഞ്ഞത്… നിധി ഒരു ചിരിയോടെ എന്നാൽ മൂർച്ചയുള്ള ശബ്ദത്തിൽ അവരോട് ചോദിച്ചു.,.

എന്നെ ചതിച്ചതാണ് മോളെ അവൾ കൂട്ട് ദേ ഇവരും… അന്ന് നമ്മൾ അങ്ങനെ ഒരു കാഴ്ച്ച കണ്ടില്ലേ… അതിനുശേഷം ഹന്ന പ്രെഗ്നന്റ് ആണെന്ന് പറഞ്ഞപ്പോൾ ഞാനും വിശ്വസിച്ചുപോയി… നീയും അതൊക്കെ വിശ്വസിച്ചില്ലേ അതല്ലേ ഇറങ്ങിപ്പോയത്… അവർ നിധിയോട് ചോദിച്ചു….

എന്ത്‌ കാഴ്ച്ച കണ്ടു എന്നാണ് ഇവർ പറയുന്നത് നിധി… നിധിയെ പറയാൻ സമ്മതിക്കാതെ ജോ ചോദിച്ചു…..

ആക്‌സിഡന്റ് കഴിഞ്ഞ് റസ്റ്റിൽ ആയിരിക്കുന്ന നിങ്ങളുടെ റൂമിൽ നിന്ന് അഴിഞ്ഞുലഞ്ഞ മുടിയും സ്ഥാനം തെറ്റിയ വസ്ത്രങ്ങളുമായി പുറത്തിറങ്ങിയിട്ട് ഹന്ന ഒരു അഭിനയം കാഴ്ച്ച വച്ചു ഞങ്ങൾക്ക് മുന്നിൽ… അതാണ് അവർ പറയുന്നത്…
നിങ്ങൾക്ക് കോമൺസെൻസ് എന്നത് ഒന്നില്ലേ.. ആക്‌സിഡന്റ് കഴിഞ്ഞിരിക്കുന്ന ആളുടെ റൂമിൽ നിന്ന് അങ്ങനെ ഒരു രൂപത്തിൽ ഇറങ്ങിയാൽ അതൊക്കെ വിശ്വസിക്കാൻ മാത്രം മണ്ടി ഒന്നുമല്ല ഞാൻ… ആ ഒരു സീൻ വിശ്വസിച്ചിട്ടാണ് ഞാൻ ഇറങ്ങിപ്പോയത് എന്നൊരു ധാരണ ഉണ്ടോ നിങ്ങൾക്ക്… അന്നത്തെ അവളുടെ കാട്ടികൂട്ടൽ ഞാൻ വിശ്വസിച്ചില്ല എന്ന് മാത്രം അല്ല എനിക്ക് ചിരിയാണ് അവളുടെ അഭിനയം കണ്ടപ്പോൾ വന്നത്.. ഒന്നുമില്ലെങ്കിൽ ഞാൻ ഒരു ഡോക്ടർ അല്ലേ.. എനിക്ക് അറിഞ്ഞൂടെ ഒരു ആക്‌സിഡന്റ് കഴിഞ്ഞ് കിടക്കുന്ന വ്യക്തിയെ കൊണ്ട് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ… അവൾ ഒരു പുച്ഛത്തോടെ പറഞ്ഞു…

പിന്നെ നീ എന്തിനാ അന്ന് ഇറങ്ങിപ്പോയത്… അവൾ അവരെ പുച്ഛിച്ച് സംസാരിച്ചത് ഇഷ്ടപ്പെടാതെ ഗ്രേസിയമ്മ ചോദിച്ചു…

അല്ല ഇതിനിടയിൽ ഇങ്ങനെ ഒക്കെ നടന്നിരുന്നോ… ജോ അത്ഭുധത്തോടെ ചോദിച്ചു…

മ്മ്.. അങ്ങനെ ഒക്കെ ഇവിടെ നടന്നിരുന്നു.. പിന്നെ ഗ്രേസിയമ്മ ചോദിച്ചതിനുള്ള മറുപടി.. അവളുടെ അന്നത്തെ കാട്ടികൂട്ടൽ വിശ്വസിച്ചിട്ടൊന്നും അല്ല ഞാൻ ഇവിടെ നിന്ന് പോയത്… ഇച്ചായന്റെ വായിൽ നിന്ന് വന്ന വാക്കുകൾ അതാണ് എന്നെ കുറച്ചെങ്കിലും തെറ്റിദ്ധരിപ്പിച്ചത്… ഒരു കാര്യം ഞാൻ ചോദിച്ചോട്ടെ നിങ്ങളുടെ അടുത്ത്.. നിധി ചോദിച്ചു…

നിധി ചോദിക്കുന്നത് കേട്ടതും എന്താ എന്ന രീതിയിൽ ഗ്രേസിയമ്മ അവളെ നോക്കി…

അന്ന് ഹന്ന അങ്ങനെ ഒരു കാര്യം പറഞ്ഞപ്പോൾ എന്തുകൊണ്ട് നിങ്ങൾ ഇച്ചായനോട് ഒന്നും ചോദിച്ചില്ല… എന്നെ കാണുമ്പോഴേ മുഖം തിരിച്ചു പോകുന്ന ഒരാളോട് എനിക്ക് ഒന്നും ചോദിക്കാനോ പറയാനോ പറ്റില്ല… പക്ഷേ നിങ്ങളുടെ അടുത്ത് അങ്ങനെ ആയിരുന്നില്ല ഇച്ചായൻ.. പിന്നെ എന്തുകൊണ്ട് ഒരിക്കൽ പോലും ഇച്ചായനോട് നിങ്ങൾ ഒന്നും ചോദിച്ചില്ല…

അത്.. പിന്നെ… മോളെ…അവർ മറുപടി ഒന്നുമില്ലാതെ നിന്നു…

അങ്ങനെ ചോദിച്ച് ഇച്ചായൻ അങ്ങാനും അത്തരം ഒരു റിലേഷൻ അവളുമായിട്ട് ഇല്ല എന്ന് പറഞ്ഞാൽ ഞാൻ ഇറങ്ങിപോവാതെ ഇരുന്നെങ്കിലോ അല്ലേ… നിങ്ങൾ നേരത്തേ പറഞ്ഞു നിങ്ങളെ അവർ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് നിങ്ങൾ എന്നോട് ഇറങ്ങിപോകാൻ പറഞ്ഞതെന്ന്… പക്ഷേ അങ്ങനെ യാതൊരു വിധ തെറ്റിദ്ധാരണയും ഇല്ലാത്ത സമയത്തും അതായത് ഇച്ചായന്റെ ആക്സിഡന്റിന് മുൻപും എന്നോട് നിങ്ങൾ എങ്ങനെ ആണ് പെരുമാറിയിട്ടുള്ളത്… എത്രയോ തവണ അനാഥ എന്നും പറഞ്ഞ് എന്നെ നിങ്ങൾ വേദനിപ്പിച്ചിരിക്കുന്നു.. നിങ്ങളോട് ഞാൻ ക്ഷമിക്കുമായിരുന്നു ആദ്യം മുതലേ എന്നെ സ്നേഹിച്ചിരുന്ന നിങ്ങൾ ഹന്നയുടെ ചതിയിൽ തെറ്റിദ്ധരിച്ചതായിരുന്നെങ്കിൽ… പക്ഷേ ഇത് അങ്ങനെ ആണോ… ഇവിടെ വന്നു കയറിയ അന്ന് മുതൽ നിങ്ങൾ നോവിച്ചു തുടങ്ങിയതല്ലേ എന്നെ… അവൾ ദേഷ്യത്തോടെ ചോദിച്ചു….

എല്ലാവരും നിധിയെ തന്നെ നോക്കി നിൽപ്പായിരുന്നു.. ഇവിടെ ഉണ്ടായിരുന്ന സമയത്ത് ആരെന്ത് പറഞ്ഞാലും ഒന്നും മിണ്ടാതെ ഒതുങ്ങി കൂടിയിരുന്ന നിധി തന്നെ ആണോ ഇതെന്നായിരുന്നു എല്ലാവരുടെയും സംശയം..

നിധി പറയുന്നത് കേട്ട് അവൾക്ക് ഒരു മറുപടി കൊടുക്കാൻ പറ്റാതെ കുറ്റബോധത്തോടെ തലയും കുനിച്ച് നിൽപ്പായിരുന്നു ഗ്രേസിയമ്മ… അവരുടെ മനസിലൂടെ നിധി വന്നു കയറിയ സമയം മുതൽ അവർ അവളോട് പെരുമാറിയിരുന്ന രീതി നിറഞ്ഞു നിന്നു…

ഒരു കാര്യം ഞാൻ പറയാം.. നെക്സ്റ്റ് വീക്ക്‌ മുതൽ ഇവിടെ ഉണ്ടാവും ഞങ്ങൾ.. ക്ഷമിക്കണം എന്നൊരു വാക്കുംകൊണ്ട് ഒരാള് പോലും എന്റെ അടുത്തേക്ക് വന്നുപോകരുത്.. പ്രത്യേകിച്ച് നിങ്ങൾ.. വേറെ ആരോട് ഞാൻ ക്ഷമിച്ചാലും നിങ്ങളോട് ഞാൻ ക്ഷമിക്കില്ല… നിധി ഗ്രേസിയമ്മയെ നോക്കി പറഞ്ഞുകൊണ്ട് മക്കളെയും കൂട്ടി പുറത്തേക്ക് പോയി..

മോനേ ജോ.. മമ്മിക്ക്… അവളുടെ പിന്നാലെ പുറത്തേക്ക് ഇറങ്ങാൻ നിന്ന ജോയുടെ കൈയിൽ പിടിച്ചുകൊണ്ട് അവർ എന്തോ പറയാനായി പോയി…

വേണ്ടാ… ഒന്നും പറയണ്ട… ഒരു വിശദീകരണവും എനിക്ക് കേൾക്കണ്ട.. നിങ്ങളുടെ പ്രവർത്തികൾ കൊണ്ട് എനിക്ക് നഷ്ടമായത് എന്തായിരുന്നു എന്ന് ഇപ്പൊ നിങ്ങൾക്ക് മനസിലായി കാണുമല്ലോ.. എന്റെ മക്കളുടെ കുട്ടിക്കാലം.. എന്തിന് ഇങ്ങനെ രണ്ടുമക്കൾ ഉള്ളതുവരെ ഞാൻ അറിഞ്ഞിട്ടുണ്ടായിരുന്നില്ല… അന്ന് നിങ്ങൾ നിധിയെ കുറിച്ച് അങ്ങനെ ഒന്നും എന്നോട് പറഞ്ഞിരുന്നില്ലെങ്കിൽ ഒരിക്കലും ഞാൻ അവളെ വെറുക്കുമായിരുന്നില്ല.. എന്റെ മിന്ന് കഴുത്തിൽ ഇട്ടു നടക്കുന്ന ഒരു പെണ്ണിന് മുന്നിലൂടെ മറ്റൊരു പെണ്ണിന്റെ കൈ കോർത്തുപ്പിടിച്ചു നടക്കുമായിരുന്നില്ല.. ഇത്തിരി ബുദ്ധിമുട്ടിയായാലും അവളെ ഞാൻ എന്റെ ഭാര്യയായി അംഗീകരിക്കുമായിരുന്നു… എങ്കിൽ ഞങ്ങളുടെ ലൈഫ് ഇങ്ങനെ ഒന്നും ആകുമായിരുന്നില്ല… പക്ഷേ നിങ്ങൾ ചെയ്യ്തത് എന്താ.. നിങ്ങൾക്ക് അവളോടുള്ള വെറുപ്പ്‌ മുഴുവൻ എന്റെ ഉള്ളിലേക്കും കയറ്റി.. ഞാനൊരു വിഡ്ഢി.. എന്റെ അമ്മയല്ലേ ഒരിക്കലും എന്നെ അവർ പറ്റിക്കില്ലല്ലോ എന്ന് ചിന്തിച്ച് നിങ്ങൾ പറയുന്നത് മുഴുവൻ വിശ്വസിച്ചു… അങ്ങനെ നിങ്ങളെ വിശ്വസിച്ചതുകൊണ്ട് എനിക്ക് നഷ്ടമായത് പത്തുകൊല്ലം എന്റെ മക്കളും ഒരുമിച്ചുള്ള ജീവിതം ആണ്… അല്ല എനിക്കിത് കിട്ടണം പെറ്റമ്മയെ മറന്നുക്കൊണ്ട് നിങ്ങളെ എന്റെ സ്വന്തമായി കരുതിയതിന് എനിക്ക് ഇത് തന്നെ കിട്ടണം… ജോ അത്രയും പറഞ്ഞുകൊണ്ട് അവരുടെ കൈ വിടീപ്പിച്ചു അവിടെ നിന്നും പോയി…

ഗ്രേസിയമ്മ ഒരു പൊട്ടികരച്ചിലോടെ വെറും നിലത്തായി പടഞ്ഞിരുന്നു പോയി… ആർക്കും അവരുടെ അവസ്ഥ കണ്ടിട്ട് വിഷമം ഒന്നും തോന്നിയില്ല എന്നത് മറ്റൊരു സത്യം…

…………………

നിധി… തറവാട്ടിൽ നിന്ന് യാത്ര തിരിച്ച് മക്കൾ രണ്ടാളും മയങ്ങി എന്ന് കണ്ടപ്പോൾ ആണ് ജോ അവളെ വിളിച്ചത്..

എന്താ ഇച്ചായാ…. പുറത്തേക്ക് കണ്ണുംനട്ടിരുന്നിരുന്ന നിധി അവന്റെ വിളികേട്ടപ്പോൾ അവനെ നോക്കികൊണ്ട്‌ ചോദിച്ചു…

ഇത്രയൊക്കെ ആ വീട്ടിൽ കിടന്ന് അനുഭവിച്ചിട്ടും എന്തിന് വേണ്ടിയാണ് ഇനിയും അവിടെ ചെന്ന് താമസിക്കാം എന്ന് അവർക്ക് ഉറപ്പ് കൊടുത്തത് നീ… ഞാൻ എങ്ങനെയെങ്കിലും അവരെ പറഞ്ഞുമനസിലാക്കുമായിരുന്നില്ലേ…

രണ്ടു കാര്യങ്ങൾ ഉണ്ട് ഇച്ചായാ അങ്ങനെ ഒരു കാര്യം ഞാൻ പറഞ്ഞതിന്… ഒന്ന് നമ്മൾ അവരോട് നോ പറഞ്ഞാൽ അവർ സങ്കടത്തോടെ ആണെങ്കിലും സമ്മതിക്കുമായിരിക്കും… പക്ഷേ നമുക്ക് ഒരു കുറ്റബോധം ആയിരിക്കും പിന്നീട് അവർക്ക് എന്തെങ്കിലും പറ്റി എന്നറിയുമ്പോൾ…. നമ്മളെ അത്രയും സ്നേഹിച്ചവരുടെ ആഗ്രഹം നമുക്ക് നടത്തികൊടുക്കാൻ പറ്റിയില്ലല്ലോ എന്ന്…

രണ്ടാമത്തെ കാര്യം…. നിധി പറഞ്ഞത് സമ്മതിച്ചുകൊണ്ട് ജോ ചോദിച്ചു…

നമ്മുടെ ജീവിതത്തിൽ കയറി കളിച്ചവർ ഇപ്പോഴും ആരും ഒന്നും അറിഞ്ഞിട്ടില്ലല്ലോ എന്നൊരു അഹങ്കാരത്തിൽ ജീവിക്കുന്നില്ലേ.. അവർക്ക് അവർ ചെയ്തതിനുള്ള ശിക്ഷ കൊടുക്കാൻ… നിധി വല്ലാത്തൊരു പകയോടെ പറഞ്ഞു..

തുടരും…..