രചന – കണ്ണന്റെ മാത്രം
കുഞ്ഞിയുടെ കരച്ചിലിന്റെ ശബ്ദം ആണ് നിധിയെ പഴയ ഓർമകളിൽ നിന്ന് പുറത്തേക്ക് കൊണ്ട് വന്നത്.. സ്വപ്നം കണ്ട് കരയുന്നതാണ്.. അവൾക്ക് ഇടക്കിടക്ക് ഉണ്ട് ഈ സ്വപ്നം കണ്ടുള്ള കരച്ചിൽ.. നിധി ആലോചിച്ചുകൊണ്ട് വേഗം കുഞ്ഞിയുടെ അടുത്തേക്ക് പോയി അവളെ ഒന്ന് തട്ടിയുറക്കി… രണ്ടുപേരുടെയും നെറ്റിയിലായി ഒന്ന് മുത്തിക്കൊണ്ട് അവൾ അവരുടെ അടുത്തായി കിടന്നു… ഇത്രനേരത്തേ ഉറങ്ങി ശീലമില്ലാത്തതുകൊണ്ടാവും ഉറക്കം വരുന്നുണ്ടായില്ല അവൾക്ക്..
അവളുടെ ചിന്തകൾ അപ്പോഴും മീര പറഞ്ഞ കാര്യങ്ങളിൽ ആയിരുന്നു.. ഹന്ന പ്രെഗ്നന്റ് ആയിരുന്നില്ലെങ്കിൽ പിന്നെ ഗ്രേസിയമ്മ എന്തിന് തന്നോട് നുണ പറഞ്ഞു.. അപ്പൊ ആ റിപ്പോർട്ടും കള്ളം ആയിരിക്കും… ഇച്ചായൻ തെറ്റൊന്നും ചെയ്യില്ല എന്ന് ആദ്യം ഉറച്ച വിശ്വാസമുണ്ടായിരുന്നെങ്കിലും ആളുടെ മനസ്സിനും ശരീരത്തിനും ഹന്നയാണ് ഒരേഒരു അവകാശി എന്ന് പറഞ്ഞതും ആ റിപ്പോർട്ടും കൂടി കണ്ടപ്പോൾ ഒരു നിമിഷം അവർ പറഞ്ഞത് വിശ്വസിച്ചുപോയി… തെറ്റായിപോയോ ഭഗവാനേ… എന്റെ കുഞ്ഞുങ്ങളെയും ഇച്ചായനെയും പരസ്പരം അകറ്റി നിർത്തി ഒരുപോലെ ശിക്ഷിച്ചോ ഞാൻ… അവൾ വിഷമത്തോടെ ചിന്തിച്ചു…
നാളെ മീരയോട് സംസാരിക്കണം.. ഇച്ചായന്റെ കാര്യങ്ങൾ ചോദിച്ചറിയണം… അവൾ ഉറപ്പിച്ചു…. പിന്നെയും കുറച്ച് നേരം എന്തെല്ലാമോ ആലോചിച്ച് കിടന്നിട്ടാണ് അവൾ ഒന്ന് മയങ്ങിയത്…
………………..
ഫോൺ ബെല്ലടിക്കുന്ന ശബ്ദം ആണ് ജോയെ പഴയ ഓർമകളിൽ നിന്ന് പുറത്തേക്ക് കൊണ്ട് വന്നത്.. നോക്കിയപ്പോൾ ആദം ആണ്…
ജോ.. നീ എവിടെയാ.. സമയം 9.30 ആവാറായി… ജോ ഫോൺ എടുത്തതും ആദം ചോദിച്ചു…
ഞാൻ സമയം പോയത് അറിഞ്ഞില്ലടാ… ദേ ഓഫീസിൽ നിന്ന് ഇപ്പൊ ഇറങ്ങും.. പിന്നെ ആദം എല്ലാവരോടും കിടക്കാൻ വരട്ടെ എന്ന് പറയണം.. എനിക്ക് സംസാരിക്കാൻ ഉണ്ട്…ജോ മുറുകിയ ശബ്ദത്തിൽ പറഞ്ഞു
എന്താടാ കാര്യം… എന്തെങ്കിലും ഇഷ്യൂ ഉണ്ടോ… ജോയുടെ ശബ്ദത്തിലെ ദേഷ്യം തിരിച്ചറിഞ്ഞപ്പോൾ ആദം ചോദിച്ചു…
വന്നിട്ട് പറയാം.. നീ വല്യപ്പച്ചനോട് പറഞ്ഞാൽ മതി.. ഇതും പറഞ്ഞ് ജോ ഫോൺ കട്ട് ചെയ്യ്തു.. ആദം കുറച്ചുനേരം ഫോണും പിടിച്ച് എന്തായിരിക്കും അവന്റെ ദേഷ്യത്തിന് കാരണം എന്ന് ആലോചിച്ചു നിന്നു.. അവന്റെ ഓർമയിൽ ദേഷ്യം വരാൻ മാത്രം ഇന്ന് ഓഫീസിൽ ഒന്നും നടന്നിട്ടില്ല.. പിന്നെ എന്താണാവോ..
അവൻ നേരെ വല്യപ്പച്ചന്റെ അടുത്ത് ചെന്ന് കാര്യം പറഞ്ഞു..
ജോ തറവാട്ടിലേക്ക് കയറുമ്പോൾ അവിടെ ഹാളിലായി എല്ലാവരും അവനെ കാത്തിരിപ്പുണ്ടായിരുന്നു.. അവൻ എല്ലാവരെയും ഒന്ന് നോക്കി നേരെ റൂമിൽ പോയി ഡ്രസ്സ് മാറി വന്നു…
അവൻ സോഫയിൽ ആയി ഇരുന്നുകൊണ്ട് എല്ലാവരുടെയും മുഖത്തേക്ക് ഉറ്റുനോക്കി… ചിലരുടെ മുഖത്ത് ആകാംഷ ആയിരുന്നെങ്കിൽ ചിലരുടെ മുഖത്ത് അവനെ കാത്തിരുന്നതിന്റെ ദേഷ്യം കാണാം…
എന്താ ജോ… എന്തിനാ നീ എല്ലാവരെയും കാണണം എന്ന് പറഞ്ഞത്… വല്യപ്പച്ചൻ ചോദിച്ചു…
നിയതി ഇവിടെ കഴിഞ്ഞിരുന്ന സമയത്ത് ഞാൻ ഇല്ലാത്ത നേരം നിങ്ങൾ ആരെങ്കിലും അവളെ
എന്തെങ്കിലും ഒക്കെ പറഞ്ഞ് കുത്തിനോവിക്കാറുണ്ടായിരുന്നോ… ജോ അത് ചോദിച്ചതും എല്ലാവരും ഞെട്ടലിൽ ആയിരുന്നു… ജോയ്ക്ക് ഓർമ തിരിച്ചു കിട്ടിയ സമയത്ത് അവളെ കുറിച്ച് പറഞ്ഞതിന് ശേഷം ഇപ്പോഴാണ് ആ പേര് അവന്റെ വായിൽ നിന്ന് വീഴുന്നത്… എല്ലാവരും പെട്ടന്ന് എന്തിന് അവൻ ഇതൊക്കെ ചോദിക്കുന്നു എന്ന നിലയിൽ അവനെ നോക്കി…
എനിക്ക് മറുപടി കിട്ടിയില്ല.. വല്ലാത്ത ഒരു ശാന്തത നിറഞ്ഞിരുന്നു അവന്റെ ശബ്ദത്തിൽ… ആ ശാന്തതയെ ആണ് എല്ലാവരും പേടിയോടെ നോക്കിയത്…
ആരും ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടതും അവൻ നേരെ അതിഥിയുടെ നേരെ തിരിഞ്ഞു…
മേമ പറയ്… നിയതിയെ ആരെങ്കിലും എന്തെങ്കിലും പറയാറുണ്ടോ….
അത് പിന്നെ ജോ… അവർ എന്ത് പറയും എന്നറിയാതെ നിന്നു..
എന്താണെങ്കിലും പറയ് മേമ… സത്യം പറഞ്ഞാൽ മതി….
ഹന്ന വരുമ്പോൾ ഇവരും അവളുടെ കൂടെ കൂടി എന്തെങ്കിലും ഒക്കെ പറയാറുണ്ട്… അതിഥി ആരുടേയും മുഖത്ത് നോക്കാതെ തന്റെ അടുത്തായി നിൽക്കുന്ന തെരേസയെയും മാഗിയെയും ഗ്രേസിയമ്മയെയും കാട്ടി പറഞ്ഞു…
മാഗിയും തെരേസയും ദേഷ്യം കടിച്ചുപിടിച്ചു നിന്നപ്പോൾ ഗ്രേസിയമ്മ കുറ്റബോധത്തോടെ തലകുനിച്ചു നിൽക്കുകയാണ് ചെയ്യ്തത്…
നിധി എന്തിനാ ഇറങ്ങിപ്പോയത്… ജോ ഗ്രേസിയമ്മയുടെ മുഖത്ത് തന്നെ ദൃഷ്ടി പതിപ്പിച്ചുകൊണ്ട് ചോദിച്ചു… അവന്റെ ചോദ്യം കേട്ടതും അവർ ഞെട്ടലോടെ തലയുയർത്തി നോക്കി.. അവന്റെ കണ്ണുകൾ തന്നിൽ ആണെന്ന് കണ്ടതും അവർ വെപ്രാളത്തോടെ കണ്ണുകൾ വെട്ടിച്ചു…
അറിയില്ല ജോ… ആ കുട്ടി എന്തിന് അങ്ങനെ ഒരു കാര്യം ചെയ്‌തെന്ന്… അത് ഞങ്ങൾ നിന്നോട് പറഞ്ഞതല്ലേ.. വല്യപ്പച്ചൻ വിഷമത്തോടെ പറഞ്ഞു…
വല്യപ്പച്ചന് അറിയില്ലായിരിക്കും.. പക്ഷേ നിധി എന്തിന് ഇവിടെ നിന്ന് പോയി എന്നറിയുന്ന ചിലർ ഇവിടെ ഉണ്ട്… അവർ പറഞ്ഞാൽ മതി…
അതാരാണ് ജോ… വിൻസെന്റ് ചോദിച്ചു..
ജോ അതിന് മറുപടി പറയാതെ ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേറ്റ് ഗ്രേസിയമ്മയുടെ മുന്നിലായി നിന്നു…
പറയ്.. എന്തിനായിരുന്നു നിധി ഈ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്… അവൻ അവരെ ഉറ്റുനോക്കിക്കൊണ്ട് ചോദിച്ചു…
എ.. എനിക്ക്.. അറിയില്ല…. ആദ്യം ഒന്ന് വിക്കിയെങ്കിലും അവർ പറഞ്ഞൊപ്പിച്ചു.. അവർക്ക് പക്ഷേ അവന്റെ മുഖത്തേക്ക് നോക്കാൻ പോലും പറ്റിയില്ല…
ദേ… ഞാൻ ആകെ നില വിട്ട് നിൽക്കുകയാണ് മര്യാദക്ക് പറഞ്ഞോ അല്ലെങ്കിൽ സ്ഥാനനവും പ്രായവും എല്ലാം ഞാൻ മറക്കും… പറയ്.. പറയാൻ.. അവൻ ആക്രോശിച്ചു…
ജോ നിന്റെ മമ്മി ആണ് അത്.. സൂക്ഷിച്ചു സംസാരിക്കണം… വിൻസെന്റ് ദേഷ്യത്തിൽ പറഞ്ഞു…
ആണോ… മമ്മി ആണോ… അല്ല.. ആണെന്ന് ഞാൻ വിശ്വസിച്ചിരുന്നു.. ഇവർക്ക് നോവരുതെന്ന് കരുതി എന്റെ മരിച്ചുപോയ മമ്മയുടെ പേര് അറിയാതെ പോലും നാവിൽ കൊണ്ടുവരാതെ ജീവിച്ചവനാ ഞാൻ… ഇവരോടുള്ള ഇഷ്ടം കൊണ്ട്.. എന്നിട്ട് ഇവർ എന്താ ചെയ്യ്തത്…. ജോ അത് പറഞ്ഞതും അവിടെ ഉള്ള എല്ലാവരും ഞെട്ടലോടെ നിന്നു.. കാരണം ജോ ഒരിക്കൽ പോലും ആഗ്നസിന്റെ പേര് പറയാറുണ്ടായിരുന്നില്ല.. എപ്പോഴും മമ്മി ആരാണെന്ന് ചോദിച്ചാൽ ഗ്രേസിയുടെ പേരേ പറയുമായിരുന്നുള്ളൂ.. ഗ്രേസിയമ്മ ആണ് ആകെ ഞെട്ടിയത്.. അവർ ജോയുടെ വായിൽ നിന്ന് ആഗ്നസിന്റെ പേര് കേട്ടപ്പോൾ തന്നെ തളർന്നു…
വിൻസെന്റ് ആദ്യം വിവാഹം കഴിച്ചത് ആഗ്നസിനെ ആയിരുന്നു.. ജോയ്ക്ക് അഞ്ചു വയസുള്ളപ്പോൾ ആണ് അവർക്ക് മഞ്ഞപിത്തം വന്ന് മരിക്കുന്നത്… അവർ മരിച്ച് രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങി ആണ് ഗ്രേസിയമ്മയെ വിൻസെന്റ് വിവാഹം കഴിക്കുന്നത്… അവർക്ക് ജോയെ വലിയ കാര്യം ആയിരുന്നു.. ജോ പക്ഷേ ആദ്യം ഇണങ്ങാൻ ഒന്ന് മടിച്ചു.. പിന്നെ അവരുമായി അടുത്തു.. അവർക്ക് പിന്നീട് കുട്ടികൾ ഒന്നും ഉണ്ടായതും ഇല്ല.. ജോയോട് ഒരു സ്വാർത്ഥത കലർന്ന സ്നേഹം ആയിരുന്നു ഗ്രേസിയമ്മക്ക്.. അവരെ കഴിഞ്ഞേ അവന് ആരും പാടുള്ളൂ എന്നൊരു ചിന്താഗതി.. അതിപ്പോ വിൻസെന്റ് ആണെങ്കിൽ വരെ… ഹന്നയുമായി ബ്രേക്കപ്പ് ആവുന്നതുവരെ അങ്ങനെ തന്നെ ആയിരുന്നു.. അവർ കഴിഞ്ഞിട്ടേ അവന് വേറെ ആരും ഉണ്ടായിരുന്നുള്ളൂ.. അതുകൊണ്ട് തന്നെയാണ് അവന് ഓർമപ്പോയപ്പോഴും അവർ പറഞ്ഞത് മുഴുവൻ അവൻ കണ്ണും അടച്ച് വിശ്വസിച്ചത്…ഹന്നയുമായി ബ്രേക്കപ്പ് ആയതിന് ശേഷം അവനെ മനസിലാക്കാതെ ഹന്നക്ക് വേണ്ടി വാദിച്ചു തുടങ്ങിയപ്പോൾ ആണ് ജോയും അവരും തമ്മിൽ ഉള്ള ബന്ധത്തിൽ ആദ്യം വിള്ളൽ വീഴുന്നത്.. അവർ എത്രത്തോളം ഹന്നക്ക് വേണ്ടി വാദിക്കുന്നോ അത്രയും ജോ അവരിൽ നിന്ന് അകന്നു..
ജോ.. എന്താ മോനേ.. എന്തിനാ നീ ഇങ്ങനെ ഒക്കെ പറയുന്നത്.. അതിനും മാത്രം എന്തുണ്ടായി… വിൻസെന്റ് തളർന്ന ശബ്ദത്തിൽ ചോദിച്ചു… അയാൾ ആകെ തളർന്നിരുന്നു.. ഒരു സൈഡിൽ മകൻ ആണെങ്കിൽ മറ്റൊരു സൈഡിൽ ഭാര്യ ആണ്.. രണ്ടും അയാൾക്ക് പ്രിയപ്പെട്ടവർ തന്നെ…
എനിക്ക് ഓർമ ഇല്ലാത്ത സമയത്ത് എന്റെ പെണ്ണിനെ കുറിച്ച് കള്ളം പറഞ്ഞത് ഞാൻ സഹിച്ചു… അവൾ ഇറങ്ങിപോയി എന്നറിഞ്ഞപ്പോഴും എനിക്ക് ഓർമ ഇല്ലാത്ത സമയത്ത് ഓരോന്നും പറഞ്ഞതിലും പ്രവർത്തിച്ചതിലും മനംനൊന്താണല്ലോ എന്നേ വിചാരിച്ചുള്ളൂ.. അല്ലാതെ ഇവർ അവളെ നിർബന്ധിതയാക്കിയത് ആണെന്ന് ഞാൻ അറിഞ്ഞില്ല.. അല്ലെങ്കിൽ ഒരിക്കലും അങ്ങനെ ഒരു കാര്യം ഞാൻ ചിന്തിച്ചില്ല… നിങ്ങൾ കാരണം എനിക്ക് ഉണ്ടായ നഷ്ടങ്ങൾ എത്ര വലുതാണെന്ന് അറിയോ.. ക്ഷമിക്കില്ല ഞാൻ ഒരിക്കലും ക്ഷമിക്കില്ല… ഇനി എനിക്കൊരു ബന്ധവും ഇല്ല നിങ്ങളുമായിട്ട്.. ഇന്നത്തോടെ അവസാനിച്ചു എല്ലാം… പറഞ്ഞു കഴിയുമ്പോഴേക്കും അവന്റെ കണ്ണുകൾ നിറഞ്ഞു.. വാക്കുകൾ ഇടറി.. സങ്കടം കടിച്ചുപിടിച്ച് അവന്റെ മുഖമാകെ ചുവന്നിരുന്നു…
ഗ്രേസിയമ്മയുടെയും കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു.. അവർക്ക് അവനോട് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു.. എന്ത് പറഞ്ഞാലും അവൻ ഒരിക്കലും തന്നോട് ക്ഷമിക്കില്ല എന്ന് അവർക്കറിയാം.. ഹന്നയെ വിശ്വസിച്ചുപോയി.. അവൾ പ്രെഗ്നന്റ് ആണെന്ന് പറഞ്ഞപ്പോൾ തന്റെ മകന്റെ കുഞ്ഞിനെ കുറിച്ച് മാത്രം ചിന്തിച്ചു.. കൂടെ നിധിയോടുള്ള ഇഷ്ടക്കേടും.. എല്ലാം കൂടി പറയാൻ പാടില്ലാത്തതും ചെയ്യാൻ പാടില്ലാത്തതും ചെയ്തുപോയി.. ഒരു ന്യായികരണവും ഇല്ല അതിനെന്ന് അവർക്കറിയാം.. അവർ ഒന്നും മിണ്ടാതെ കണ്ണീർ വാർത്തു…
ജോ നീ കാര്യം പറയ് മോനേ.. അതിനും മാത്രം എന്താണ് ഗ്രേസി ചെയ്യ്തത്.. നിധി മോള് എന്തിനാ വീടുവിട്ടിറങ്ങിയത്… വല്യപ്പച്ചൻ വിഷമത്തോടെ ചോദിച്ചു.. അയാൾക്ക് അവന്റെ അവസ്ഥ കണ്ടിട്ട് സങ്കടം വരുന്നുണ്ടായിരുന്നു…
ഇവർ.. എന്റെ അമ്മ എന്ന് പറഞ്ഞ് നടന്നിരുന്ന സ്ത്രീ എന്റെ നിധിയുടെ കാല് പിടിച്ചു ഇവിടെ നിന്ന് ഇറങ്ങിപോകാൻ പറഞ്ഞിട്ട് എന്തിന് വേണ്ടിയാണെന്ന് കേൾക്കണോ ഹന്നയുടെ വയറ്റിൽ വളരുന്ന എന്റെ കുഞ്ഞിന് അപ്പൻ ഇല്ലാതെ ആവാതെയിരിക്കാൻ… ജോ ഒരു ആത്മാനിന്ദ കലർന്ന ചിരിയോടെ എന്നാൽ നിറഞ്ഞ കണ്ണോടെ പറഞ്ഞു….
എന്താ… തെരെസ്സയും മാഗിയും അവരുടെ ഭർത്താക്കന്മാരും ഒഴികെ ബാക്കി ഉള്ളവർ ഞെട്ടിപ്പോയി ജോ പറഞ്ഞത് കേട്ടിട്ട്… അവർ വിശ്വാസം വരാത്തതുപോലെ ഗ്രേസിയമ്മയെ തന്നെ നോക്കി… വിൻസെന്റിന് കേട്ടകാര്യം വിശ്വസിക്കാൻ കഴിഞ്ഞില്ല… അവരുടെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു നീക്കം അയാൾ പ്രതീക്ഷിച്ചില്ല… അയാൾ പതിയെ എഴുന്നേറ്റ് അവരുടെ മുന്നിലായി ചെന്നുനിന്നു.. അവർ അയാളുടെ മുഖത്തേക്ക് പോലും നോക്കിയില്ല…
ജോ പറഞ്ഞത് സത്യമാണോ… നീ അങ്ങനെ എന്തെങ്കിലും ആ കുട്ടിയോട് പറഞ്ഞോ… അയാൾ മുറുകിയ ശബ്ദത്തിൽ ചോദിച്ചു…
ഇച്ചായാ.. ഞാൻ… അവർ എന്തോ പറയാൻ ശ്രമിച്ചു…
എനിക്ക് വിശദീകരണം ഒന്നും കേൾക്കണ്ട.. നീ ആ കുട്ടിയോട് അങ്ങനെ പറഞ്ഞോ ഇല്ലയോ… അയാൾ അവരെ പറഞ്ഞു മുഴുവനാക്കാൻ സമ്മതിക്കാതെ ഒന്നുകൂടി ചോദിച്ചു…
അവർ തലകുമ്പിട്ട് നിന്നുകൊണ്ട് തന്നെ തലയാട്ടി.. അടുത്തനിമിഷം വിൻസെന്റിന്റെ കൈ ഒന്ന് ഉയർന്നു താഴ്ന്നു… അടിയുടെ ശബ്ദം കേട്ടതും ജോ കണ്ണുകൾ ഇറുക്കി അടച്ചു.. അവന്റെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ ചാലിട്ടിറങ്ങി.. എത്രയായാലും അമ്മയായി കണ്ട് സ്നേഹിച്ചതാണ്.. അവർ ചെയ്തതൊന്നും ക്ഷമിക്കാൻ കഴിയില്ലെങ്കിലും അവർ വേദനിക്കുന്നത് അവന് വിഷമം തന്നെ ആയിരുന്നു…
ഗ്രേസിയമ്മ കൈ കവിളിൽ വച്ച് വിൻസെന്റിനെ പകച്ചു നോക്കി.. ഇന്നത്തെ വരെ കാര്യമായി മുഖം കറുപ്പിച്ചിട്ട് പോലും ഇല്ലാ.. ആ ആളാണ് ഇപ്പോൾ…
എല്ലാവരും മുന്നിൽ നടക്കുന്ന കാഴ്ച്ചയിൽ ഞെട്ടലോടെ നിന്നു… ഇന്നത്തെവരെ ഒരാളെയും അതിരിൽ കവിഞ്ഞു വഴക്ക് കൂടി പറയാത്ത ആളാണ് വിൻസെന്റ്.. അങ്ങനെ ഒരാളുടെ ഭാഗത്ത് നിന്നു ഇങ്ങനെ ഒരു നീക്കം ഒരാളും പ്രതീക്ഷിച്ചില്ല…
സ്ത്രീകളെ തല്ലി ആളാവുന്നവൻ ആണല്ല എന്ന് എനിക്കറിയാം.. പക്ഷേ നീ ചെയ്ത പ്രവർത്തിക്ക് നിന്നെ തല്ലുകയല്ല വേണ്ടത് കൊല്ലണം… എങ്ങനെ തോന്നി നിനക്ക് ആ കുഞ്ഞിനോട് അങ്ങനെ ഒക്കെ പറയാൻ. ഇവിടെ നിന്ന് ഇറങ്ങി പോകാൻ പറയുമ്പോൾ ആ കുഞ്ഞിന് പോകാൻ ഒരു അച്ഛനും അമ്മയും പോലും ഇല്ല എന്ന് നിനക്ക് അറിയില്ലായിരുന്നോ… അതുമാത്രമോ നീ വളർത്തിയ നിന്റെ മകൻ അങ്ങനെ ഒരു തെറ്റ് ചെയ്യും എന്ന് നീ കരുതിയോ.. അപ്പോൾ അത്രയേ നീ അവനെ മനസിലാക്കിയിട്ടുള്ളൂ അല്ലേ… എന്തിനായിരുന്നു…. പറയാൻ എന്തിന് വേണ്ടിയായിരുന്നു ഇങ്ങനെ ഒരു പ്രവർത്തി…. പറയാൻ.. അയാൾ അലറി..
അ.. അ.. അത് ഇച്.. ഇച്ചായാ… അയാളുടെ അലർച്ചയിൽ അവർ പേടിച്ചുപോയി… അവർ അവിടെ നിന്ന് വിറച്ചു…
ഗ്രേസിയമ്മ മാത്രം അല്ല ജോ അടക്കം എല്ലാവരും വിൻസെന്റിന്റെ പുതിയ രൂപത്തിൽ ഞെട്ടി നിൽപ്പായിരുന്നു..
മ്മ്… അയാൾ ഒന്ന് ശാന്തമായി മൂളി…
അത് ഹന്ന അങ്ങനെ പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചുപോയി.. ഹോസ്പിറ്റൽ റിപ്പോർട്ടും ഉണ്ടായിരുന്നു അവളുടെ കൈയിൽ.. ഞാൻ ആ കുഞ്ഞിനെ കുറിച്ചാണ് ചിന്തിച്ചത്.. നമ്മുടെ മോന്റെ കുഞ്ഞ് ഈ വീട്ടിൽ എല്ലാ അധികാരത്തോടെയും ജീവിക്കണം എന്ന് തോന്നി… നിധി ഇവിടെ ഉള്ളയിടത്തോളം ഹന്നക്കും കുഞ്ഞിനും അങ്ങനെ ഒരു അധികാരം കിട്ടില്ലല്ലോ… അതാ ഞാൻ…
എന്തുകൊണ്ട് അങ്ങനെ ഒരു കാര്യം ആ കുട്ടിയോട് പറയുന്നതിന് മുൻപ് ഈ കാര്യം നീ എന്നോടോ ജോയോടോ ചോദിച്ചില്ല… അവർ പറഞ്ഞു മുഴുവനാക്കുന്നതിന് മുൻപ് വിൻസെന്റ് ചോദിച്ചു…
അത്.. അതുപിന്നെ.. എൻ.. എനിക്ക് നിധിയെ ആദ്യമേ ഇഷ്ടമുണ്ടായില്ല… അവൾ വന്നതോടെ ഇവന് എന്നെ വേണ്ടാതായി.. എന്തിനും ഏതിനും അവളെ മതി… അതും പോരാതെ ഹന്നക്ക് ഞാൻ വാക്ക് കൊടുത്തിരുന്നു അവൾ ആയിരിക്കും എന്റെ മരുമകൾ എന്ന്… അതിന്റെ ഇടയിൽ ആയിരുന്നു ജോയുടെ ആക്‌സിഡന്റ്.. അതോടെ അവൻ പണ്ടത്തെപ്പോലെ എന്നെ സ്നേഹിച്ചു തുടങ്ങി.. നിധിയുടെ സത്യം പറഞ്ഞ് അവനേ പിന്നെയും എനിക്ക് നഷ്ടപ്പെടാൻ വയ്യായിരുന്നു.. അപ്പൊ ഹന്നയാണ് പറഞ്ഞത് നിധിയെ കുറിച്ച് ആദ്യമേ നല്ലതല്ലാത്ത കാര്യങ്ങൾ പറഞ്ഞാൽ പിന്നെ ജോ ഒരിക്കലും അവളോട് അടുക്കില്ല എന്ന്.. പിന്നെ ജോ ഇങ്ങനെ ഒരു സിറ്റുവേഷനിൽ ആയതുകൊണ്ട് അവനെ ടെൻഷൻ ആക്കണ്ട എന്ന് കരുതി അവൻ അറിഞ്ഞത് ആരും തിരുത്തുകയും ഇല്ലാ എന്ന്..
അവർ പറഞ്ഞു നിർത്തിയതും ജോയുടെ കണ്ണുകൾ നിറഞ്ഞു.. തന്നോടുള്ള അവരുടെ സ്വർത്ഥമായ സ്നേഹം ആണ് തന്റെ നിധിയേയും മക്കളെയും തന്നിൽ നിന്ന് അകത്തിയത് എന്നാലോചിച്ച് അവന് അവനോട് തന്നെ ദേഷ്യം തോന്നി….
തുടരും….

by