രചന – കണ്ണന്റെ മാത്രം
അലക്സ് കോടതി മുറ്റത്തെത്തി വണ്ടിയിൽ നിന്നും ഇറങ്ങുന്ന സമയത്താണ് ഡേവിയുടെ കാർ വരുന്നത്. കാറിൽ നിന്നും ആദ്യം ജെനിയും അന്നയും ഇറങ്ങി. കാറിൽ നിന്നും ഇറങ്ങിയ അന്നയെ കണ്ട അലക്സിന്റെ മുഖം ഒന്ന് ഇരുണ്ടു. അവന്റെ സ്വന്തം പെങ്ങളാണ് ഇപ്പൊ അവനെ ശത്രുവിനെ പോലെ കാണുന്നത്. അവനെ അത് ഒരേസമയം വിഷമിപ്പിക്കുന്നും ദേഷ്യം പിടിപ്പിക്കുന്നും ഉണ്ട്. പക്ഷേ അവന് ഒന്നും പറയാൻ ഉള്ള ധൈര്യം ഉണ്ടായിരുന്നില്ല. പബ്ലിക് പ്ലേസ് ആണെന്ന് നോക്കാതെ അവൾ ചിലപ്പോ പ്രതികരിച്ചെന്നിരിക്കും. അവൻ ആലോചനയോടെ നോക്കിയപ്പോൾ ആണ് ക്രിസ്റ്റിയെയും ഡേവിയെയും കാണുന്നത്. ഡേവിയെ അവരുടെ കൂടെ കണ്ടപ്പോൾ അവന്റെ മുഖം ചുളിഞ്ഞു. ഇവൻ എന്താ ഇവരുടെ കൂടെ.. അലക്സ് ചിന്തിച്ചു. അപ്പോഴേക്കും അവരെ ഉള്ളിലേക്ക് വിളിപ്പിച്ചിരുന്നു. അലക്സും ജെനിയും ഉള്ളിലേക്ക് പോയി. ബാക്കി ഉള്ളവർ പുറത്തായി നിന്നു.
കുറച്ച് കഴിഞ്ഞപ്പോൾ രണ്ടാളും പുറത്തേക്ക് വന്നു…
എന്തായി ജെനി.. അന്ന ജെനിയെ കണ്ടതും ചോദിച്ചു.
ഒന്നുമില്ല അന്ന. അവർ ഡിവോഴ്സ് തന്നെ ആണോ തീരുമാനം എന്നൊക്കെ ചോദിച്ചു. ഇനി രണ്ട് സിറ്റിംഗ് കൂടെ ഉണ്ടാവും എന്നും. 6 മാസം അല്ലേ ഷൈമത്ത പറഞ്ഞത്.
മ്മ്… എങ്കിൽ നമുക്ക് ഇറങ്ങിയാലോ… അന്ന ചോദിച്ചു. ക്രിസ്റ്റിയും ചേട്ടായിയും കാറിന്റെ അവിടെ ഉണ്ടാവും
ആ പോകാം.. ഈ ഒരു ചെറിയ കാര്യത്തിന് എത്ര പേരാണ് കഷ്ടപ്പെട്ടത്. നിങ്ങൾ രണ്ടാളും പോരാതെ വെറുതെ അദ്ദേഹത്തെ വരെ ചുറ്റിച്ചു… ജെനി വിഷമത്തോടെ പറഞ്ഞു.
അതൊന്നും സാരമില്ല എന്റെ പെണ്ണേ. ഞങ്ങൾക്ക് ആർക്കും ഇതൊരു ബുദ്ധിമുട്ടല്ല. നീ വായോ ഇപ്പൊ നമുക്ക് പോകാം…
അലക്സ് കാറിനടുത്തേക്ക് വരുമ്പോൾ കാണുന്നത് സംസാരിച്ച് നിൽക്കുന്ന ഡേവിയെയും ക്രിസ്റ്റിയെയും ആണ്. അവൻ അവരെ ഒന്ന് നോക്കികൊണ്ട് കാറിലേക്ക് കയറി. അപ്പോഴേക്കും അന്നയും ജെനിയും അവരുടെ കാറിന്റെ അടുത്തേക്ക് വരുന്നത് അലക്സ് കണ്ടു. അവർ പരസ്പരം എന്തൊക്കെയോ സംസാരിക്കുന്നതും ഇടയിൽ ഡേവി ജെനിയോട് എന്തോ ചോദിക്കുന്നതും അതിന് അവൾ എന്തോ മറുപടി കൊടുക്കുന്നത് കണ്ടതും അലക്സിന്റെ കൈകൾ സ്റ്റിയറിംഗ് വീലിൽ മുറുകി. അവന് എന്തോ ആ കാഴ്ച്ച അരോചകമായി തോന്നി. അവർ എല്ലാം കാറിൽ കയറി പോകുന്നത് വരെ അലക്സ് അവരെ തന്നെ നോക്കി നിന്നു.
അവർ പോയതും അലക്സ് ദേഷ്യത്തോടെ വണ്ടിയെടുത്ത് പോയി.
…………
ഡേവിയെയും അന്നയും കൂടി ആദ്യം ജെനിയെയും ക്രിസ്റ്റിയെയും അവരുടെ വീട്ടിൽ ഇറക്കി അവരുടെ നിർബന്ധത്തിന് ഓരോ ചായ കുടിച്ചിട്ടാണ് അവരുടെ വീട്ടിലേക്ക് തിരിച്ചത്. അന്നയെ തറവാട്ടിൽ ഇറക്കിയിട്ട് ഡേവി ഇപ്പൊ വരാം എന്നും പറഞ്ഞ് എങ്ങോട്ടോ പോയി.അന്ന ഒറ്റക്ക് കയറി വരുന്നത് കണ്ട വല്യമ്മച്ചി ചോദിച്ചു.
അവൻ എവിടെ മോളെ…
അറിയില്ല വല്യമ്മച്ചി ഇപ്പൊ വരാം എന്നും പറഞ്ഞ് പോയി..
മ്മ്.. എന്തായി അന്ന മോളെ കോടതിയിൽ… എൽസി ചോദിച്ചു.
ഇനി രണ്ട് സിറ്റിംഗ് കൂടി ഉണ്ടാവും. മ്യൂച്ചൽ ആയതുകൊണ്ട് ആറുമാസം ആണ് ഷൈമത്ത പറഞ്ഞത്. പിന്നെ ജെനി ഒന്നും വേണ്ട എന്ന് പറഞ്ഞത് കൊണ്ട് അങ്ങനെ ഒരു പ്രശ്നവും വരുന്നില്ലല്ലോ…
മ്മ്.. ജെനി മോള് ഓക്കേ അല്ലേ.. റാണി ചോദിച്ചു.
അവള് ഓക്കേ ആണ് എളേമ്മേ. അവൾക്ക് എങ്ങനെയും ഈ ബന്ധത്തിൽ നിന്ന് ഒരു മോചനം മതി. അത്രേം വെറുത്തുപോയി അയാളെ..
ആ കൊച്ചിനെ പറഞ്ഞിട്ടും കാര്യമില്ല. ചതി.. അത് ഒരു മനുഷ്യനും സഹിക്കാൻ കഴിയില്ല. രണ്ട് കൊല്ലത്തോളം അല്ലേ അവൻ ആ കൊച്ചിനെ ചതിച്ചത്. അന്ന് അത് കണ്ടില്ലായിരുന്നെങ്കിൽ ഇപ്പോഴും അവൻ അത് തുടർന്നുകൊണ്ടിരുന്നേനില്ലേ… വല്യമ്മച്ചി പറഞ്ഞു.
അത് ശരിയാ അമ്മച്ചി പറഞ്ഞത്. കർത്താവായിട്ടാണ് അത് ആ മോൾക്ക് കാട്ടികൊടുത്തത്. ഇല്ലെങ്കിൽ ഇപ്പോഴും അവനേം വിശ്വസിച്ച് കഴിഞ്ഞേനെ ജെനിമോള്… റീനാമ്മ പറഞ്ഞു.
മ്മ്.. ഞാൻ ഈ ഡ്രെസ്സ് ഒന്ന് മാറിയിട്ട് വരാം മമ്മി. അല്ല ജാനിമോള് എന്തിയേ…
ഉറക്കം ആണ് മോളെ.. രാവിലെ എഴുന്നേറ്റപ്പോൾ കുറേ നേരം ആരെയോ അന്വേഷിച്ചു നടക്കുന്നത് പോലെ ഇവിടെ ഒക്കെ നടപ്പായിരുന്നു ആള്. എനിക്ക് തോന്നുന്നത് ജെനി മോളെ ആയിരുന്നു എന്ന്..
ഇന്നലെ മുഴുവൻ അവളുടെ കൂടെ തന്നെ ആയിരുന്നില്ലേ മോള്. അതാവും..അന്ന അതും പറഞ്ഞു കൊണ്ട് ഫ്രഷ് ആവാനായി പോയി
……………..
കോടതിയിൽ നിന്ന് വീട്ടിൽ എത്തിയ ജെനി ഒന്ന് കുളിച്ച് കുറച്ചുനേരം കിടന്നു. അവൾക്കെന്തോ ആകെ ഒരു വിഷമം തോന്നുണ്ടായിരുന്നു. എന്താ കാരണം എന്ന് അവൾക്കും മനസിലാകുന്നുണ്ടായില്ല. വല്ലാത്ത ഒരു ശൂന്യത തന്നെ പൊതിയുന്നത് പോലെ അവൾക്ക് തോന്നി. അങ്ങനെ എന്തൊക്കെയോ ആലോചിച്ച് ഇങ്ങനെ കിടക്കുമ്പോൾ ആണ് ക്രിസ്റ്റി വന്നിട്ട് ജെനിയെ വിളിക്കുന്നത്…
ഇച്ചേച്ചി.. ഒന്ന് വന്നേ.. എനിക്കൊരു കാര്യം പറയാൻ ഉണ്ട്..
എന്താടാ കാര്യം.. അവൾ കിടന്നിടത്തു നിന്ന് എഴുന്നേറ്റ് അവനോട് ചോദിച്ചു.
ഇച്ചേച്ചി വാ ഞാൻ പറയാം.
അതോടെ അവൾ എഴുന്നേറ്റ് ഹാളിലേക്ക് പോയി. അവിടെ മേരിയമ്മയും മാത്യുവും സോഫയിൽ ഇരിക്കുന്നുണ്ടായിരുന്നു. ജെനിയെ ക്രിസ്റ്റി അവരുടെ ഇടയിൽ ആയി പിടിച്ചിരുത്തികൊണ്ട് അവരുടെ മുന്നിലായി മുട്ട് കുത്തിയിരുന്നു.
മൂന്നാളും അവനെ തന്നെ നോക്കിയിരുന്നു. എന്തോ അത്യാവശ്യ കാര്യം ആണ് അവന് പറയാൻ ഉള്ളതെന്ന് അവർക്ക് മനസിലായി..
എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാൻ ഉണ്ട്.. അവൻ മൂന്നാളുടെയും കൈകൾ കൂട്ടിപിടിച്ചുകൊണ്ട് പറഞ്ഞു..
എന്താ കാര്യം നീ പറയെടാ ചെക്കാ..
ഞാൻ upsc മെയിൻ എക്സാം പാസ്സ് ആയിട്ടുണ്ട്. ഒന്ന് രണ്ട് മാസത്തിനുള്ളിൽ ഇന്റർവ്യൂ ഉണ്ടാവും. അത് അറ്റൻഡ് ചെയ്യാൻ ഡൽഹിയിലേക്ക് പോകേണ്ടി വരും.
ജെനി കൈകൊണ്ട് വായ മൂടി വിശ്വാസം വരാത്ത പോലെ ക്രിസ്റ്റിയെ തന്നെ നോക്കി ഇരുന്നു…
മാത്യുവിനും മേരിയമ്മക്കും കാര്യമായിട്ട് ഒന്നും മനസിലായില്ല..
എന്താ മോനെ പറയുന്നത്. എന്തു ഇന്റർവ്യൂ ആണ്. പുതിയ ജോലി ആണോ…മേരിയമ്മ ചോദിച്ചു.
പുതിയ ജോലി ആണ്. അമ്മച്ചിയുടെ മോൻ കളക്ടറോ പോലീസോ ഒക്കെ ആവാനുള്ള പരീക്ഷ പാസ്സായി. ഇനി ഇന്റർവ്യൂ കൂടി കഴിഞ്ഞ് അതും പാസ്സ് ആയാൾ ഇതിൽ ഏതേലും ഒക്കെ ആവും.. അല്ലേടാ.. ജെനി ചോദിച്ചു
ആണോ മോനെ മേരിയമ്മ കണ്ണ് നിറച്ചുകൊണ്ട് ചോദിച്ചു. മാത്യുവിന്റെയും കണ്ണുകൾ നിറഞ്ഞൊഴുകി
അതേ അമ്മച്ചി… എന്തിനാ ഇങ്ങനെ കണ്ണ് നിറക്കുന്നെ മൂന്നാളും. സന്തോഷിക്കുകയല്ലേ വേണ്ടത്..
സന്തോഷം തന്നെ ആണ് മോനെ… ഇത് സന്തോഷംകൊണ്ടുള്ള കണ്ണുനീർ ആണ്.
അതിനുള്ള സമയം ആയിട്ടില്ല അമ്മച്ചി. ഇന്റർവ്യൂ കൂടി കഴിഞ്ഞാലേ ഞാൻ പാസ്സ് ആയി എന്ന് പറയാൻ പറ്റുള്ളൂ. പിന്നെ ട്രെയിനിങ് ഉണ്ടാവും ഒന്നര കൊല്ലത്തോളം. ഇപ്പൊ ആരോടും പറയണ്ട. ഇന്റർവ്യൂ കൂടി കഴിഞ്ഞിട്ട് അതിന്റെ കൂടെ റിസൾട്ട് വന്നിട്ട് പറയാം എല്ലാവരോടും.
അത് മതി മോനെ.. അപ്പൊ പറഞ്ഞാൽ മതി… മേരിയമ്മ പറഞ്ഞു.
അപ്പച്ചാ.. എന്താ ഒന്നും പറയാതെ ഇരിക്കുന്നെ..
ഒന്നുല്ലടാ ചെക്കാ. അപ്പച്ചന് സന്തോഷം കൊണ്ട് എന്താ പറയേണ്ടേ എന്ന് അറിയാതെ ഇരിക്കാണ്. എന്റെ മക്കള് രണ്ടാളും എന്നും ഈ അപ്പച്ചന് അഭിമാനം ആണ്. അയാൾ അവന്റെ തലയിൽ തഴുകി കൊണ്ട് പറഞ്ഞു. മറുകൈകൊണ്ട് ജെനിയെ ചേർത്തുപിടിക്കാനും അയാൾ മറന്നില്ല.
അപ്പൊ ഇതിന്റെ എക്സാമിന് ആയിരുന്നോ നീ അന്നയുടെ സമ്മതത്തിന്റെ അന്ന് പോയത്.. ജെനി ചോദിച്ചു.
ആ ഇച്ചേച്ചി. പ്രിലിമിനറി എക്സാം ആദ്യമേ കഴിഞ്ഞിരുന്നു. അത് കിട്ടിയിട്ടുണ്ടായിരുന്നു. മെയിൻ കൂടി കിട്ടിയിട്ട് നിങ്ങളോട് പറയാം എന്ന് കരുതിയിട്ടാണ് പറയാഞ്ഞത്. ആദ്യം എനിക്ക് അത്ര പ്രതീക്ഷ ഉണ്ടായിരുന്നില്ല. പക്ഷേ മെയിൻ എക്സാം കഴിഞ്ഞപ്പോൾ ഉറപ്പിച്ചിരുന്നു കിട്ടും എന്ന്.
മ്മ്.. എന്തായാലും ഇന്റർവ്യൂ കൂടി കഴിഞ്ഞിട്ട് നമുക്ക് എല്ലാവരോടും പറയാം… അല്ലേ ക്രിസ്റ്റി.
അതുമതി ഇച്ചേച്ചി….
അതുവരെ ജെനിക്ക് ഉണ്ടായിരുന്ന വിഷമം അതോടെ പോയി മറഞ്ഞു. എല്ലാവരും വിഷമിച്ചിരിക്കുന്ന ഒരു ദിവസം ആവേണ്ടത് ഈ ഒരു വാർത്തയോടെ എല്ലാവരെയും സന്തോഷത്തിൽ ആഴ്ത്തി.
…………………
ദിവസങ്ങൾ പിന്നെയും കടന്നു പോയി. ജെനി പിള്ളേര് പടക്ക് വാക്ക് കൊടുത്തപോലെ ഇടക്കിടക്ക് തറവാട്ടിലേക്ക് പോകാറുണ്ട്. രാത്രി നിൽക്കാറില്ല എന്ന് മാത്രം. ജാനിമോളുമായി വളരെ അടുത്ത് പോയി ജെനി. അതുകൊണ്ട് തന്നെ അവൾക്കും തറവാട്ടിലേക്ക് പോകാൻ ഇപ്പൊ ആദ്യത്തെ മടി ഇല്ല. ജാനിമോളും ഇടക്ക് വാശി പിടിച്ച് സ്കൂളിലേക്ക് വരും അന്നയോടൊപ്പം പിന്നെ കുറച്ചുനേരം ജെനിയുടെ കൂടെ ഇരുന്നിട്ടൊക്കെ ആള് പോവുകയുള്ളൂ.
………………

by