10/02/2026

നിൻ നിഴൽ വീഥിയിൽ : ഭാഗം 03

രചന – കാർത്തിക ശ്രീ

കോളേജിൽ ചുറ്റുമോന്നു കണ്ണോടിക്കുമ്പോൾ കണ്ടു ഓരോ ഭാഗത്തു കൂട്ടം കൂടി നിൽക്കുന്ന സീനിയർസിനെ……
ചിലർ പരിചയപ്പെടുന്നു….. ചിലർ പാട്ട് പാടിക്കുന്നു.. ഡാൻസ് കളിപ്പിക്കുന്നു…
തങ്ങളുടെ വിധി എന്താകുമോ???എന്നുചിന്തിച്ചു നടന്നത് കൊണ്ടുതന്നെ എതിരെ വരുന്നവനെ വാമി കണ്ടില്ല.. അവന്റെ നെഞ്ചിൽ തട്ടി നിന്നപ്പോഴാണ് അവൾക്ക് ബോധം വന്നത്.. ഞെട്ടി പുറകോട്ട് മാറി അവന്റെ മുഖത്തേക്ക് നോക്കി.. അവൾ ആദ്യം ശ്രദ്ധിച്ചത് അവന്റെ കാപ്പികണ്ണുകൾ ആയിരുന്നു.. അഖി കൈയിൽ തട്ടിയപ്പോഴാണ് താൻ അവനെ നോക്കി നിൽക്കുകയാണെന്ന് അവൾ മനസിലാക്കിയത്..

“നിനക്ക് എന്താടി കണ്ണ് കണ്ടുടെ?? മനുഷ്യന് ഇവിടെ നിന്നു തിരിയാൻ നേരമില്ല.. അതിനിടയിൽ ഓരോന്ന് വന്നോളും നെഞ്ചത്തോട്ട്…”

“സോറി.. എന്റെ തെറ്റാണ്.. ഞാൻ ശ്രദ്ധിക്കാഞ്ഞതുകൊണ്ടാണ്..”

“എന്തുപറഞ്ഞാലും ഒരു സോറി.. ആ വാക്ക് കണ്ടുപിടിച്ചവനെ ആദ്യം തല്ലണം..ഓരോന്ന് വന്നോളും മനുഷ്യനെ വട്ടാക്കാൻ…”

“അത് ഞാൻ കാണാതെ.. അറിയാതെ പറ്റിയതാ ”

“മുഖത്ത് രണ്ട് ഉണ്ടാക്കണ്ണുകൾ ഉണ്ടല്ലോ… നോക്കി നടന്നൂടെ???”

വാമി അതിന് ഉത്തരമെന്തെങ്കിലും പറയുന്നതിന് മുൻപേ..

” അജു… നിന്നെ പ്രിൻസിപ്പാൾ വിളിക്കുന്നു ”

” ആ വരുന്നു ദേവ്..”

“മറ്റുള്ളവരുടെ നെഞ്ചത്തോട്ട് കയറാതെ ക്ലാസ്സിൽ പോടീ ” എന്നും പറഞ്ഞു അർജുൻ ദേവിന്റെ കൂടെ പോയി..

“എന്താടി ഇപ്പോൾ ഇവിടെ നടന്നെ??? ആരാണാവോ ഈ കലിപ്പൻ??”

“ആരായാലും കൊള്ളാം നല്ല സ്റ്റൈൽ ഉണ്ട് കാണാൻ..” അഖിയുടെ ഉള്ളിലെ കോഴി തലപൊക്കി

“നിന്നോട് പറഞ്ഞിട്ട് കാര്യമില്ല ആദ്യ ദിവസം തന്നെ എന്റെ അനുഭവം ഇങ്ങനെ ആയല്ലോ… ”

‘അതിനെന്താടി നല്ല പൊളി ചേട്ടനല്ലേ നിന്നെ ചീത്ത പറഞ്ഞേ..നീ ഒന്ന് ചുറ്റും നോക്കിക്കേ എല്ലാരുടെയും കണ്ണുകൾ ആ പോയ ചേട്ടന്റെ പുറകെ ആണ്…കലിപ്പൻ ആണെങ്കിലും ആളു പുലി ആണെന്ന് തോന്നുന്നു ”

അതിന് ഒന്നും പറയാതെ
“നീ വാ ക്ലാസ്സിൽ പോകാം
“ഇത്രയും പറഞ്ഞു വാമി അഖിയുടെ കൈയും പിടിച്ചു ക്ലാസിലേക്ക് നടന്നു..
ക്ലാസിലുള്ളവരെ പരിചയപ്പെടുമ്പോഴേക്ക് സാർ കയറി വന്നു.. ഫസ്റ്റ് ഡേ ആയതുകൊണ്ട് തന്നേ ക്ലാസ്സ്‌ എടുത്തില്ല.. പരിചയപ്പെട്ടു കഴിഞ്ഞപ്പോൾ പാർവതി എന്ന പവി ഞങ്ങളുമായി കൂടുതൽ അടുത്തു.. ഒരു പാവം.. അച്ഛനും അമ്മയും ചേച്ചിയും അടങ്ങുന്ന ഒരു ചെറിയ കുടുംബം ആണ് അവൾക്ക്.. അച്ഛൻ വർക്ക്‌ഷോപ്പ് നടത്തുന്നു…ചേച്ചി രേവതി.. ഇപ്പോൾ പിജി ചെയ്യുന്നു..

🍁🍁🍁🍁🍁🍁🍁🍁

കൂടുതൽ മാറ്റങ്ങൾ ഇല്ലാതെ ഒരാഴ്ച പോയി.. ഇതിനിടയിൽ അർജുൻ എന്ന അജു ചേട്ടനെകുറിച്ച് പലരിൽ നിന്നും അറിയാൻ കഴിഞ്ഞു.. കക്ഷി ഒരു കുഞ്ഞു നേതാവ് ആണ്.. ഈവർഷം കോളേജ് ചെയർമാൻ ആകാൻ സാധ്യത ചേട്ടനാണെന്നും.. പഠനത്തിൽ മിടുക്കൻ… ന്യായമായ ഏത് കാര്യത്തിലും ഇടപെടും… കാണാൻ സൂപ്പർ ആണെങ്കിലും സ്വഭാവം വെച്ച് ഒരു പെൺകുട്ടിയും പോയി പ്രപ്പോസ് ചെയ്തിട്ടില്ല..കാരണം ഒരിക്കൽ ഒരു പെണ്ണ് അറിയാതെ പോയി പറഞ്ഞു ഇഷ്ടമാണെന്നു അതിന് മറുപടി കൊടുത്തത് കക്ഷിയുടെ കൈ ആയിരുന്നു..
മൂക്കിന് തുമ്പിലാണ് ദേഷ്യം…
ഇതൊക്കെ കേട്ടപ്പോഴേ എനിക്ക് മനസിലായി മുന്നിൽപ്പെടുന്നത് ബുദ്ധിയല്ല എന്നു ആദ്യ ദിവസത്തിന്റെ ബാക്കി എങ്ങാനും കിട്ടിയാലോ???
അഖി പിന്നെ ത്രില്ലടിച്ചു നിൽക്കുവാണ് വായി നോക്കാൻ സൂപ്പർ ചേട്ടനെ അല്ലെ കിട്ടിയേ…

ഇന്നാണ് ഫ്രഷേഴ്‌സ് ഡേ.. എന്താണ് ആവോ ഇന്ന് പണി കിട്ടുക??? വാമിയും അഖിയും കോളേജിലേക്ക് വരുമ്പോൾ തന്നെ പവി ഗേറ്റിന്റെ അടുത്ത കാത്തു നിൽക്കുന്നുണ്ട്…

“എന്താടീ ഇന്ന് ഇവിടെ നിൽക്കുന്നെ.. സാധാരണ ഈ പതിവ് ഇല്ലല്ലോ ”

“അത് അഖി .. ഇത്രയും ഡേ ക്ലാസ്സിലേക്കല്ലേ പോകണ്ടത്.. ഇന്ന് ഓഡിറ്റോറിയത്തിലേക്ക് ആകുമ്പോൾ ഞാൻ ഒറ്റക്ക്.. അതാ ”

” കുറച്ചു ധൈര്യം വേണം എന്നെ പോലെ..നിങ്ങളെ രണ്ടുപേരും ഇങ്ങനെ ആയിപോയല്ലോ??? ”

ഇത് പറഞ്ഞ അഖിയെ വാമിയും പവിയും ഒന്ന് നിന്നു നോക്കി..
“അത് ഞാൻ ഒരു ഓളത്തിൽ പറഞ്ഞതാ.. വാ സമയം പോയി ” ഒരു ചമ്മിയ ചിരി ചിരിച്ചു അവൾ മുമ്പിൽ നടന്നു വാമിയും പവിയും തൊട്ടു പുറകിലും…

ഓഡിറ്റോറിയത്തിൽ അവസാനത്തെ ബെഞ്ചിൽ മൂന്നുപേരും സ്ഥാനം പിടിച്ചു.. ഓരോ ആളെ ആയിട്ടു വിളിക്കാൻ തുടങ്ങി.. പരിപാടിയുടെ നേതൃത്വം അനുചേച്ചിയും ജെറി ചേട്ടനും അമൽചേട്ടനും ദേവേട്ടനും ആയിരുന്നു.. ഇവരൊക്കെ അജു ചേട്ടന്റെ കമ്പനി ആണ്.. പക്ഷേ അജു ചേട്ടനെ അതിനിടയിൽ കണ്ടില്ല.. പെൺകുട്ടികളോട് അധികം മിണ്ടാത്ത അജു ചേട്ടൻ അനു ചേച്ചിയുമായി കമ്പനിയാണ് എന്നത് കോളേജിലെ എല്ലാർക്കും അത്ഭുതം ആയിരുന്നു..

അടുത്ത ഊഴം പവിയുടെ ആയിരുന്നു… പേടിച്ചായിരുന്നു അവൾ പോയത്.. ബൗളിൽ നിന്നും പേപ്പർ എടുത്തപ്പോൾ കിട്ടിയത് അവർ പ്ലേ ചെയ്യുന്ന പാട്ടിനു ഡാൻസ് കളിക്കാൻ ആയിരുന്നു.. ഇങ്ങനൊക്കെയോ കളിച്ചു ഒപ്പിച്ചു അവൾ.. അഖിക്ക് കിട്ടിയത് ക്ലാസ്സിലെ ഒരാളെ പ്രപ്പോസ് ചെയ്യാനായിരുന്നു.. അതൊരു ഭാഗ്യമായി കണ്ടു അവൾ റാമിനെ അങ്ങ് പ്രപ്പോസ് ചെയ്തു.. അതൊരു തുടക്കമായിരുന്നു പുതിയൊരു സൗഹൃദത്തിന്റെ… ഞങ്ങളുടെ മൂന്നു പേരുടെ ലോകത്തിലേക്ക് അവൻ കടന്നു വരുന്നതിന്റെ…

അവസാനം എന്റെ ഊഴം… എനിക്ക് കിട്ടിയത് പാട്ട് പാടാൻ ആയിരുന്നു… ചെറുപ്പം മുതൽ പാട്ടുപഠിക്കുന്ന എനിക്ക് അത് കിട്ടിയത് ഒരു ആശ്വാസം ആയിരുന്നു… എങ്കിലും സ്റ്റേജിലേക്ക് കയറിയപ്പോൾ എല്ലാരും എന്നെ തന്നെ നോക്കി നിൽക്കുമ്പോൾ എന്തോ ചെറിയൊരു പേടി തോന്നി..

🎶വരമഞ്ഞളാടിയ രാവിന്റെ മാറില്‍
ഒരു മഞ്ഞു തുള്ളിയുറങ്ങി
നിമി നേരമെന്തിനോ തേങ്ങി നിലാവിന്‍
വിരഹമെന്നാലും മയങ്ങി.
പുലരിതന്‍ ചുംബന കുങ്കുമമല്ലേ
ഋതു നന്ദിനിയാക്കി അവളേ
പനിനീര്‍ മലരാക്കി…

വരമഞ്ഞളാടിയ രാവിന്റെ മാറില്‍
ഒരു മഞ്ഞു തുള്ളി ഉറങ്ങി…

കിളി വന്നു കൊഞ്ചിയ ജാലകവാതില്‍
കളിയായ്‌ ചാരിയതാരേ
മുടിയിഴ കോതിയ കാറ്റിന്‍ മൊഴിയില്‍
മധുവായ് മാറിയതാരെ
അവളുടെ മിഴിയില്‍ കരിമഷിയാലെ
കനവുകളെഴുതിയതാരേ
നിനവുകളെഴുതിയതാരേ
അവളെ തരളിതയാക്കിയതാരേ…

വരമഞ്ഞളാടിയ രാവിന്റെ മാറില്‍
ഒരു മഞ്ഞു തുള്ളിയുറങ്ങി
നിമി നേരമെന്തിനോ തേങ്ങി നിലാവിന്‍
വിരഹമെന്നാലും മയങ്ങി.. 🎶

കണ്ണ് അടച്ചു പാടിയതുകൊണ്ട് തന്നെ ബാക്കിയുള്ളവരുടെ കൈയടിയിലാണ് ഞാൻ കണ്ണ് തുറന്നത്.. തുറക്കുമ്പോൾ കണ്ടത് അജുചേട്ടന്റെ മുഖമായിരുന്നു… എനിക്ക് വേണ്ടി ഒരു ചെറിയ ചിരി സമ്മാനിച്ചു സ്റ്റേജിലേക്ക് കയറി കക്ഷി..
എല്ലാവരും വന്നു അഭിനന്ദിക്കുമ്പോഴും എന്റെ മനസ്സിൽ ആ ഒരു മുഖം മാത്രമേ ഉണ്ടായിരുന്നുള്ളു…

കാത്തിരിക്കാം…