11/02/2026

നില : ഭാഗം 29

രചന – അഹാനിക അനു

രാജേഷും ശ്രുതിയും രേവതിയും ഇറങ്ങാൻ നിൽക്കുമ്പോളാണ് നിവിനും തൃത്തയും അങ്ങോട്ട് വന്നത്………..

“” ഹാ ശ്രുതി എപ്പോൾ വന്നു…… “”

ശ്രുതിയെ കണ്ട മാത്രേ നിവിൻ അടുത്തേക്ക് ചെന്നു …

“” രാവിലെ വന്നിട്ടുണ്ട് ഏട്ടാ….. പാറുവിനെ കാണാൻ വന്നതാ…… “”

“” എന്നിട്ട് താൻ എന്താടോ അങ്ങോട്ട് വരാത്തത്….”

“” പാറു ഇവിടെ അല്ലായിരുന്നോ…. അതായിരുന്നു….. “”

ഒരു ഇളിഞ്ഞ ചിരി ചിരിച്ചു ശ്രുതി പറഞ്ഞത് കേട്ട് നിവിൻ ഒന്ന് ചിരിച്ചു……

“” അത് താൻ പറഞ്ഞത് ശെരിയ…….. എനിക്ക് പോലും ഇവളെ കാണാൻ കിട്ടാറില്ല…….. നിലയുടെ എടുത്ത് ഉണ്ടാവും രാവിലേ മുതൽ രാത്രി വരെ……അല്ല ഇതാര അച്ഛനും അമ്മയും അണോ…..

രാജേഷിന്റെ എടുത്തേക്ക് കൈ നീട്ടി നിവിൻ ചോദിച്ചപ്പോൾ അവൾ തലയനക്കി….. നിവിന് കൈ കൊടുത്തു ഒന്ന് ചേർത്ത് പിടിച്ചു സോറി പറഞ്ഞപ്പോൾ അവൻ ചിരിച്ചു രാജേഷിന്റെ പുറത്ത് തട്ടി……

“” അതൊന്നും കുഴപ്പമില്ലെന്നേ……..ഇത് കൊണ്ട് സുഖമായത് അവൾക്കല്ലേ…. നേഴ്സറിയിൽ പോവാതെ രക്ഷപ്പെട്ടില്ലേ ………. “”

നിവിൻ പാറുവിനെ ഇടം കണ്ണിട്ട് നോക്കി പറഞ്ഞു ……….

“”പപ്പ എന്നേ കലിയാക്കണ്ട……””

നന്ദുവിന്റെ കൈ പിടിച്ചു പടിയിൽ കയറി നിന്ന് പാറു പറഞ്ഞു………..

“” ഞാൻ ആരെയും കളിയാക്കിയിട്ടില്ല….. ഒരു സത്യം പറഞ്ഞുന്നെ ഉള്ളു…… “”

“” എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ ലേറ്റ് ആയി….””

ഉമ്മറത്തു നിൽക്കുന്ന എല്ലാവരെയും ഒന്ന് നോക്കി നിവിനെ കൂട്ടി പിടിച്ചു രാജേഷ് വണ്ടിയിലേക്ക് കയറി….. ശ്രുതി തിരിഞ്ഞു പോയി പാറുനും ദേവൂട്ടക്കും ഒരു ഉമ്മ കൊടുത്തു തിരിഞ്ഞു നടന്നു ….. രേവതി നിലയെ സങ്കടത്തോടെ നോക്കി …. അവൾ നിറഞ്ഞ ഒരു പുഞ്ചിരി നൽകി….. തിരിച്ചവരും…….. തൃത്തയെ നോക്കിയപ്പോൾ അവളും ഒന്ന് ചിരിച്ചു ……….. കാർ റോഡിലേക്ക് ഇറങ്ങിയപ്പോൾ മിററിലൂടെ രാജേഷ് മോളെ എടുത്തു നിൽക്കുന്ന നിലയെയും അടുത്ത് നിൽക്കുന്ന ശരത്തിനെയും നോക്കി……….

“” ടി പാറുസേ വാ…. നമുക്ക് ഡ്രെസ്സൊക്കെ വാങ്ങാൻ പോവണ്ടേ…… “”

നന്ദുവിന്റെ തോളിലൂടെ കൈ ഇട്ട് നിൽക്കുന്ന പാറുവിന്റെ വയറിൽ ഇക്കിളി ആക്കി കൊണ്ട് നിവിൻ വിളിച്ചു……

“” നാൻ ഇല്ല പപ്പ പോയിക്കോ…… “”

“”അഹ്…. ഇത് നല്ല കൂത്ത്….. നിന്റെ പിറന്നാൾ അല്ലേ…. കേക്ക് ഡ്രസ്സ്‌ ഒക്കെ വാങ്ങണ്ടേ……””

“” നാൻ കേക്ക് മുരിച്ചു……..ഈ ഡ്രസ്സ്‌ കൻറ്റിലേ വിക്രമൻ വാങ്ങി തന്നതാ……

“”നിനക്ക് കോളടിച്ചല്ലോ…… ഇവനെയും മുടിപ്പിച്ചോ….””

“” നാൻ ഒന്നും പരഞ്ഞില്ല…. ഇറ്റോക്കേ വിക്രമൻ ശോന്തം ബാങ്ങിയതാ…… “”

“”എന്നാലേ മോള് ബാ…. നമുക്ക് വാങ്ങണ്ടേ….. കുറച്ചു കഴിഞ്ഞാൽ എല്ലാവരും വരും…..””

“” നാൻ ഇല്ല പപ്പേ……..പപ്പയും അമ്മയും പോയി വാങ്ങിയാൽ മറ്റി……… “”

“” അത് പറഞ്ഞാൽ പറ്റില്ല പാറു വന്നേ….. “”

അത്രയും നേരം മിണ്ടാതെ നിന്ന തൃത്ത മുന്നോട്ട് വന്നു പറഞ്ഞു…… പാറു പോവാൻ താല്പര്യം ഇല്ലാത്ത പോലെ നന്ദുവിനെ വിട്ട് നിലയുടെ അടുത്തേക്ക് നീങ്ങി നിന്നു………

“” പാറു പൊക്കോ…… ഇഷ്ട്ടത്തോടെ വിളിക്കല്ലേ… മോള് ചെല്ല്…… “”

നില കൂടി അവരുടെ ഭാഗം നിന്നപ്പോൾ അവൾക്ക് സങ്കടായി….

“” നാൻ പോണില്ല നിലാന്റി…. പ്ലീശ്…….. “”

മുഖമൊക്കെ ചുവന്നു വിതുമ്പൽ പുറത്തേക്ക് വന്നപ്പോൾ നിവിൻ ഇടപെട്ടു…..

“” ആ എന്നാൽ പാറുസ് വരണ്ട…. പപ്പയും അമ്മയും പോയി എടുത്തോളാം….. വികൃതി കളിക്കരുത് ട്ടോ…””

പാറുവിന്റെ കവിളിൽ തട്ടി എല്ലാവരെയും നോക്കി ഒന്ന് ചിരിച്ചു നിവിൻ പുറത്തേക്ക് ഇറങ്ങി…. അവരുടെ കൂടെ തന്നെ ശരത്തും………റോഡിലേക്ക് ഇറങ്ങാൻ നേരം തൃത്ത പാറുവിനെയൊന്ന് തിരിഞ്ഞു നോക്കി..

“”നില ആയിരുന്നെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു പോവാറുണ്ട് ശരത്ത് …….””

മുന്നിൽ നടന്നു പോവുന്ന തൃത്തയെ നോക്കി നിവിൻ പറഞ്ഞത് വിശ്വസിക്കാൻ കഴിയാതെ ശരത് അവനെ നോക്കി……ആ കണ്ണ് നിറഞ്ഞിട്ടുണ്ട്……….

“”അവളുടെ ഈ ദേഷ്യം നിലയോടുള്ള വെറുപ്പല്ല……… അസൂയയാണ്….. താൻ പ്രസവിച്ച തന്റെ മകൾ മറ്റൊരു സ്ത്രീയോട് കൂടുതൽ അടുത്തു അവരെ അമ്മയുടെ സ്ഥാനത്ത് കാണുമ്പോളുള്ള അസൂയ………. അവളെ ഞങ്ങൾക്ക് കിട്ടുന്നത് കുറച്ച് സമയം മാത്രമാണ്……… ആ നിമിഷവും അവൾക്ക് പറയാൻ ഉണ്ടാവ നില…. നില…. നില…….. എനിക്ക് തന്നെ അത്ഭുതം തോന്നാറുണ്ട്……. ഞങ്ങളിൽ ഇല്ലാത്ത അല്ലേൽ ഞങ്ങൾ കൊടുക്കാത്ത എന്താണ് അവൾക്ക് ഇവിടെ നിന്ന് കിട്ടുന്നത് എന്ന്………ഇന്നവൾ ഒരുപാട് ആഗ്രഹിച്ചിരുന്നു പാറുവിനെ……… മോളെ ഇഷ്ട്ടത്തിന് നിന്നു കൊടുത്തതാണ്….. അവളുടെ സന്തോഷം അല്ലേ ഞങളുടേതും……… കരയിപ്പിക്കേണ്ട എന്ന് വച്ചു….. എന്നാൽ പോട്ടെ ട്ടോ…..

ശരത്തിന്റെ തോളിൽ തട്ടി നിവിൻ ഒന്ന് ചിരിച്ചു വീട്ടിലേക്ക് നടന്നു………. അവൻ പറഞ്ഞത് കേട്ട് ശരത് തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് കിച്ചുവിനോട് എന്തോ പറഞ്ഞു ചിരിക്കുന്ന പാറുവിനെയാണ്…………..ശരത്തിന്റെ ചുണ്ടിലും ഒരു ചിരി വന്നു……….

🌻🌻🌻🌻🌻🌻🌻🌻

വീട്ടിലേക്കു തിരിക്കുമ്പോളും കാറിൽ നിന്ന് 3 പേരും ഒന്നും സംസാരിച്ചിരുന്നില്ല……..രാജേഷ് രേവതിയെയും ശ്രുതിയെയും ഒന്ന് നോക്കി…. രണ്ട് പേരും ഇവിടെയൊന്നും അല്ല……………… അയാളും ഒന്നും ചോദിക്കാൻ തോന്നിയില്ല ……… മനസ്സിൽ തെളിഞ്ഞു വന്നത്………കുട്ടിത്തം വിട്ട് മാറാത്ത മുഖവുമായി ചെറിയ കുട്ടിയേയും എടുത്ത് നിൽക്കുന്ന വെളുത്തു മെലിഞ്ഞു ഹൈറ്റ് കുറഞ്ഞ നിലയുടെ മുഖമായിരുന്നു…………. ശ്വാസമൊന്ന് വലിച്ചു ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു…….

🌻🌻🌻🌻🌻🌻🌻🌻

“” വിക്രമ നാൻ ഒരു കാര്യം പരഞ്ഞാൽ ശാധിച്ചു തരോ……….. “”

കിച്ചുവിന്റെ കൂടെ പടിയിൽ താടിക്ക് കയ്യും കൊടുത്തിരിക്കുന്ന പാറു ചോദിക്കുന്നത് കേട്ട് ഫോണിൽ കളിച്ചു കൊണ്ടിരിക്കുന്ന നന്ദു എന്താന്ന് പുരികം പൊക്കി ചോദിച്ചു…..

“” പര…. ശാധിച്ചു തരോ….. “”

“” ആ നീ കാര്യം പറ….. “”

അലസമായി പറഞ്ഞു നന്ദു ഫോണിൽ നോക്കി…..

“” എന്നേ വൻടിയിൽ കരങ്ങാൻ കൊണ്ട് പോവോ…

പെട്ടെന്ന് കിച്ചു ചിരി കുടിച്ചു കൊണ്ട് നിൽക്കുന്ന ചായ നെറുകയിൽ കയറി ചുമയ്ക്കാൻ തുടങ്ങി…. നന്ദുവിനെ നോക്കിയപ്പോൾ അവൻ പാറുവിനെ നോക്കി തടി ഉഴിഞ്ഞു ചിരിക്കാണ്………

“” പാറുസേ…. ഈ കുശുമ്പ് എന്ന് പറഞ്ഞാൽ എന്താണ്…….. “”

ചിരി നിർത്താതെ കിച്ചു ചോദിക്കിന്നത് കേട്ട് പാറു തല വെട്ടിച്ചു ………

“” നിക്ക് അറീല….. “”

വല്യ താല്പര്യമില്ലാത്ത പോലെ പാറു കൈ മലർത്തി പറഞ്ഞപ്പോൾ രണ്ട് പേരും വീണ്ടും ചിരിച്ചു…..

“” അത് ഇനി അറിയേണ്ട ആവശ്യമില്ല നീ നിന്നേ തന്നെ നോക്കി നിന്നാൽ മതി……. എന്നാലും ഇവൾ പൊളിയാണ് ലേ നന്ദു……. ശ്രുതിയെ നീ കൊണ്ട് പോയത് അവൾക്ക് അത്രയും ഇഷ്ട്ടപെട്ടിട്ടുണ്ട്….””

കിച്ചുവിനാണേൽ ചിരി നിർത്താൻ കഴിയുന്നില്ല…… നന്ദുവാണേൽ പാറുവിന്റെ എക്സ്പ്രഷൻ നോക്കി ചിരിക്കുകയാണ് …. രണ്ട് പേരും കൂടി തന്നെ കളിയാക്കാണെന്ന് മനസിലായി പാറു വേഗം താഴേക്ക് ഇറങ്ങി…

“” എന്നേ കോൻറ്റോവോ…. “”

“” ഈ ഷെഢി ഇട്ടിട്ടൊന്നും എന്റെ കൂടെ വരണ്ട
ഞാൻ കൊണ്ട് പോവില്ല…… “”

“” ഇറ്റ് വിക്രമൻ വാങ്ങി തന്നതല്ലേ…….. “”

“” ഞാൻ വാങ്ങിയതൊന്നും അല്ല….. ആ ശ്രുതി സെലക്ട്‌ ചെയ്ത് വാങ്ങിയതാ ……. “”

“” എന്നാൽ ഇറ്റ് മാറ്റാം…… “”

റൂമിലേക്ക് ഡ്രെസ്സ് മാറ്റാൻ ഓടിയ പാറുവിനെ കിച്ചു പിടിച്ചു വച്ചു…..

“” ഇനി ഇത് മാറ്റാൻ പോവാണോ…….ഇത് മതി….. അവൻ അങ്ങനെ പലതും പറയും…. “”

കിച്ചു പറഞ്ഞപ്പോൾ പാറു നന്ദുവിനെ ഒന്ന് നോക്കി മാറ്റണോ മാറ്റണ്ടേ എന്ന രീതിയിൽ…… നന്ദുവിന്റെ മുഖത്ത് ഒരു ചിരി കണ്ടപ്പോൾ പുറത്തേക്ക് ചാടി………

“” നിലാന്റി ഞങ്ങൾ ഇപ്പോ ബര ട്ടോ… “”

പെണ്ണ് വണ്ടിയുടെ മുന്നിൽ എത്തിയിട്ടുണ്ട്……. പാറുവിന്റെ ഒച്ച കേട്ട് നില അകത്തു നിന്ന് ഓടി വന്നു…… മുണ്ട് ഒന്ന് പൊക്കി വണ്ടിയിൽ കയറുന്ന നന്ദുവിനെയും പിറകിൽ കയറാൻ പാകത്തിന് കിച്ചുവിനെയും കണ്ട് അവൾ തലയ്ക്ക് കൈ വച്ചു ….

“” എടാ നിങ്ങളിത് എങ്ങോട്ടാ…….. “”

“” ഇപ്പോൾ വരാം ഏട്ടത്തി…. ഒരാളുടെ കുശുമ്പ് ഒന്ന് മാറ്റി കൊടുത്തിട്ട് വരാം……

പാറുവിനെ എടുത്ത് പൊക്കി പിറകിൽ കയറ്റി ഇരുത്തി കിച്ചു ബാക്കിൽ കയറി കൊണ്ട് വിളിച്ചു പറഞ്ഞു ….. അവർ പോവുന്നത് നോക്കി നിന്ന് ചിരിച്ചു നില അകത്തേക്ക് കയറി…..

“””””””””””””””””

“” വിക്രമ ഇവിടെ നിർത്ത്…. നിർത്തി……….””

നന്ദുവിന്റെ പുറത്ത് തല്ലി പാറു ഉറക്കെ പറഞ്ഞു…

“” എവിടെ നിർത്താൻ ഈ ചായ കടയിലോ…. “”

“” ആ ഇവിടെ തന്നെ….. ഇവിടത്തെ പയം പോരി നല്ല രശ എനിക്ക് കാർണോർ ഒരു ദിവശം വാങ്ങി തന്നിട്ടുണ്ട്…….””

“” ടി നീ കാർണോർ എന്ന് ഞങ്ങളെ അച്ഛനെയല്ലേ വിളിക്കുന്നത്… “”

വണ്ടി കടയുടെ മുന്നിൽ നിർത്തി നന്ദു തല ചെരിച്ചു നോക്കിയപ്പോൾ പെണ്ണ് വളിഞ്ഞ ചിരി ചിരിച്ചു…….

“” ഓ മതി ചിരിച്ചത് കിച്ചു അതിനെ ഇറക്ക്…. “”

വണ്ടിയിൽ നിന്ന് ഇറങ്ങി കിച്ചു പാറുവിനെ പൊന്തിച്ചു താഴെ ഇറക്കലും പെണ്ണ് കടയിലേക്ക് ഓടി കയറി…….

“” അച്ഛച്ച ഒരു പയം പോരി….. “”

അടുത്തുള്ള ബെഞ്ചിൽ വലിഞ്ഞു കയറി ചായ ഉണ്ടാക്കുന്ന സോമേട്ടനെ നോക്കിയാണ് പെണ്ണ് വിളിച്ചു പറഞ്ഞത്…….. അടുത്തു ഇരിക്കുന്നവർ വരെ ചിരിച്ചു പോയി…… അവളുടെ വിളിയൊക്കെ കേട്ടാൽ ഇവിടത്തെ സ്ഥിരം കസ്റ്റമർ ആണെന്ന് തോന്നും…….. നന്ദു കിച്ചുവിനെ നോക്കി……ഇവൾ ഇവിടെയും നാറ്റിക്കോ ……..പെണ്ണ് ചോദിക്കേണ്ട താമസം പഴം പോരി മുന്നിൽ………

“”വേഗം ഉള്ളിൽ കയറിക്കോ കിച്ചു… അല്ലേൽ പെണ്ണ് കട മുഴുവൻ തിന്നും……””

രണ്ട് പേരും കടയിലേക്ക് കയറി ബെഞ്ചിൽ കയറി ഇരുന്നു……

“” ബെണോ കിച്ചു സേട്ടാ നല്ല രസമുണ്ട്…. “”

“” നീ കഴി ഞങ്ങൾ എടുത്തോളാം ….. “”

3 ചായ പറഞ്ഞു കിച്ചു പാറുവിനെ നോക്കി……

“” നിക്ക് പാൽ ചായ മറ്റി ട്ടോ…… “”

പഴം പൊരി കഴിച്ചു ആരെയും ശ്രദ്ധിക്കാതെയാണ് കഴിക്കുന്നതിലാണ് ശ്രദ്ധ … നന്ദു ചുറ്റും കൂടി ഇരിക്കുന്നവരെ നോക്കി…. പലാരും അവൾ കഴിക്കുന്നത് നോക്കി നിൽക്കുകയാണ്….. അവരെയും കുറ്റം പറയാൻ പറ്റില്ല…. പെണ്ണ് കഴിക്കുന്നത് കണ്ടാൽ നമുക്കും കഴിക്കാൻ തോന്നും………… കൈ പൊന്തിച്ചു ചില്ലു കൂട്ടിൽ നിന്ന് 2 പഴം പൊരിയെടുത്തു കിച്ചുവിന് നേരെ നീട്ടി….കടയിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ പെണ്ണ് എല്ലാവരുമായി കൂട്ടായിരുന്നു…… വീണ്ടും വരണമെന്ന് പറഞ്ഞു കുപ്പിയിൽ നിന്ന് ഒരു സോന എടുത്തു കൊടുത്താൻ സോമേട്ടൻ അവളെ യാത്രയാക്കിയത്…. ആ സ്നേഹം വേറൊന്നും കൊണ്ടല്ല…. പാറു അവിടെ ഉണ്ടേൽ അയാൾക്ക് നല്ല കച്ചവടം ആവും…… ഇവളെ സംസാരം കേട്ട് റോഡിൽ കൂടെ പോവുന്നവർ വരെ കയറി പോവും ……..അവിടെ നിന്ന് ഇറങ്ങിയ സമയം തന്നെ മഴ പെയ്തു… കടയിൽ കയറി നിന്ന് കുറച്ച് കഴിഞ്ഞു പോവാം എന്ന് പറഞ്ഞത് പെണ്ണ് കേട്ടില്ല…. ആ മഴയത്ത് തന്നെ പോണം….. പിന്നെ ഒന്നും നോക്കിയില്ല ഏട്ടത്തിയുടെ ചീത്ത കേൾക്കാം എന്ന് വച്ചു മഴ നനഞ്ഞു വീട്ടിലേക്ക് പോയി ………

നിലയുടെ വായയിൽ നിന്ന് കേൾക്കണ്ട എന്ന് വച്ചു പാറു വണ്ടിയിൽ നിന്നിറങ്ങി വേഗം അവളുടെ വീട്ടിലേക്ക് ഓടി…… നന്ദുവും കിച്ചും മുന്നിലെ ഡോർ അടച്ചിട്ടത് കണ്ട് പിറക് വശത്തേക്ക് പോയി കുളിക്കാൻ കയറി…………പാറു മാറ്റി വന്നപ്പോൾ ഉമ്മറത്തു ശരത്ത് ഇരിക്കുന്നത് കണ്ട് അവനെ നോക്കിയൊന്ന് ചിരിച്ചു ഉള്ളിലേക്ക് കയറി…..റൂമിൽ നില ചെരിഞ്ഞു കിടന്നു ദേവൂട്ടിയെ ഉറക്കുന്നത് കണ്ട് പെണ്ണും വലിഞ്ഞു ബെഡിൽ കിടന്നു……. ഒരു കുഞ്ഞി കൈ തന്റെ വയറിൽ ചുറ്റിയതറിഞ്ഞു നില ചിരിച്ചു ചെരിഞ്ഞു കിടന്നു പാറുവിനെ കൂട്ടി പിടിച്ചതും പെണ്ണ് മുഖം കഴുത്തിലേക്ക് ഒളിപ്പിച്ചു നിലയെ കെട്ടി പിടിച്ചു…………

“”””””””””””””””””””””””””””””””””””

പകുതി തുറന്നിട്ട ജനലിൽ നിന്ന് വെളിച്ചം മുഖത്തേക്ക് അടിച്ചപ്പോൾ നില കണ്ണുകൾ ചുളിച്ചു ഒന്ന് എഴുനേൽക്കാൻ ശ്രമിച്ചു പാറു തന്നെ കൂട്ടി പിടിച്ചു ഉറങ്ങുന്നത് കണ്ട് അവളുടെ കവിളിൽ ഉമ്മ വച്ചു തിരിഞ്ഞു ദേവൂട്ടിയെ നോക്കി… രണ്ട് പേരും നല്ല ഉറക്കമാണ്…. ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം 7 മണി….. ഈശ്വര… സമയം ഇത്രയയോ…. നെഞ്ചിൽ കൈ വച്ചു വേഗം എഴുനേൽക്കാൻ നോക്കി…. പാറുവിന്റെ കൂടെ കിടന്നപ്പോൾ ഉറങ്ങിപോയതാണ്……..
കാതുകളിലേക്ക് വണ്ടികളുടെ ശബ്ദം തുളച്ചു കയറിയപ്പോൾ നില പകുതി തുറന്ന ജനൽ നീട്ടി തള്ളി………. ശ്യാമേച്ചിയുടെ വീട്ടിലേക്കാണ് വണ്ടി വരുന്നത്….. പാറുവിന്റെ പിറന്നാളിന് വന്നവരാവും എന്ന് കരുതി ബെഡിൽ നിന്ന് നിരങ്ങി താഴേക്ക് ഇറങ്ങിയപ്പോൾ കേട്ടത് ആംബുലൻസിന്റെ ഒച്ചയാണ്…….. ഞെട്ടി കൊണ്ട് അവൾ എഴുനേറ്റിരുന്നു ഒന്ന് കൂടെ നോക്കി……… ആരൊക്കയോ ചേർന്നു ടാർപായ മതിലിൽ കയറി വലിച്ചു കെട്ടുന്നത് കണ്ട് പേടിച്ചു പുറത്തേക്ക് ഓടാൻ നിന്നപ്പോൾ കാണുന്നത് വാതിൽക്കൽ നിൽക്കുന്ന നന്ദുവിനെയും ശരത്തിനെയും അച്ഛനെയുമാണ്………….3 പേരുടെയും കണ്ണുകൾ പാറുവിലാണെന്ന് കണ്ടപ്പോൾ നിലയ്ക്ക് ദേഹം വെട്ടി വിയർക്കുന്ന പോലെ തോന്നി……….

“” ശരത്തെട്ട അവിടെ എന്താ ആംബുലൻസ് ഒക്കെ….. “”

തൊണ്ട വരണ്ട് പോയിരുന്നു……… മനസ്സിൽ തെളിഞ്ഞ കാര്യമാവരുതേ ശരത് പറയുന്നത് എന്ന് പ്രാർത്ഥിചാണ് അവളത് ചോദിച്ചത്……….

“” നീ വാ ഞാൻ പറയാം……. “”

ശരത് നിലയെ ചേർത്ത് പിടിച്ചു വാതിൽക്കൽ
നിന്ന് അപ്പുറത്ത മുറിയിലേക്ക് നടന്നു……..

“” അച്ഛാ….. രണ്ട് പേരും……. “”

ഓടി വന്ന് ഉള്ളിലേക്ക് കയറി കിച്ചു പകുതി പറഞ്ഞു എല്ലാവരെയും നോക്കി നില ഭയത്തോടെ ശരത്തിന്റെ ഷർട്ടിൽ കൂട്ടി പിടിച്ചു അവന്റെ ഞെഞ്ചിൽ മുഖമമർത്തി……

” രണ്ട് പേരും പോയി നില………. “”

അവനത് പറഞ്ഞപ്പോൾ ശബ്ദമിടറിയിരുന്നു…..

“” പറയല്ല ശരത്തെട്ട….. എന്റെ പാറു……. “”

“” അറിയണം നില……… നീ പോയി വിളിക്ക്….. “”

“” എന്നേ കൊണ്ട് കഴിയില്ല…….. “”

“” വേണം നില…. മറ്റാരേക്കാളും അത് നിന്നേ
കൊണ്ടേ കഴിയു……… “””

“” ഞാൻ തളർന്നു പോവും ഏട്ടാ……. അവളെ നോക്കാൻ എനിക്ക് കഴിയില്ല…….. നന്ദു നീ ഒന്ന്………. “”

ചിലമ്പിച്ച ശബ്ദത്തോടെ നില നന്ദുവിനെ ദയനീയമായി നോക്കി……… ശ്യാമേച്ചിയുടെ കരച്ചിൽ ഉച്ചത്തിൽ കേട്ടപ്പോൾ നില ചെവി കൈ കൊണ്ട് പൊത്തി ശരത്തിന്റെ മേലേക്ക് ചാഞ്ഞു…… നന്ദു കലങ്ങിയ കണ്ണുകളോടെ പാറുവിന്റെ എടുത്തേക്ക് നടന്നു…….. വീടിന്റെ മുന്നിൽ ആളുകളുടെ ഒച്ച കേട്ട് അച്ഛൻ ഉമ്മറത്തേക്ക് പോയി…….

“” മോനേ പാറുവിനെ കൊണ്ട് ചെല്ലാൻ പറഞ്ഞു…….. “”

ഉമ്മറത്തു വന്നവർ ആവശ്യപെട്ടത് അച്ഛൻ ശരത്തിനെയും കിച്ചുവിനെയും നോക്കി പറഞ്ഞു …..

നന്ദു പാറുവിനെ ഒന്ന് തട്ടി വിളിച്ചപ്പോൾ പെണ്ണ് ഞെരങ്ങി കൊണ്ട് വീണ്ടും ചുരുണ്ടു കൂടി…… രണ്ടാമതും വിളിച്ചപ്പോൾ ഏതോ ഓർത്ത പോലെ ചാടി എഴുനേറ്റു നന്ദുവിനെ നോക്കി…………..

“” പപ്പ കേക്ക് വാങ്ങി വന്നോ വിക്രമ…… എന്നേ വിലിക്കുണ്ടോ………. “”

എഴുനേറ്റിരുന്നു കണ്ണ് തിരുമി നന്ദുവിനെ നോക്കി…… തിരിച്ചു മറുപടി ഒന്നുമില്ലെന്ന് കണ്ട് പെണ്ണ് അവനെ ഉന്തി പുറത്തേക്ക് നടന്നു……..

“” നിലാന്റി……. നിലാന്റി…. നാൻ പോറ്റേ ….. “”

ഹാളിൽ എത്തി ശരത്തിന്റെ നെഞ്ചിൽ കിടക്കുന്ന നിലയെ തോണ്ടി പാറു പറഞ്ഞപ്പോൾ അവളൊന്ന് മൂളുക മാത്രം ചെയ്തു………..

“” നിലാന്റി എന്താ സരതങ്കിൽ ഒന്നും പരയാത്തത്…. പാരു പോവാ…….. പപ്പ വന്നിറ്റുണ്ടാവും……. കേക്ക് മുരിക്കുമ്പോ വരണം ട്ടോ……… “”

“” പാറു വാ അച്ഛച്ചൻ കൊണ്ടാക്കി തരാം…. “”

“” ബേൻറ്റ കാർണോരെ…… നാൻ പോയിക്കോളാം…. “”

തുള്ളി ചാടി പുറത്തേക്ക് ഓടാൻ നിന്ന പാറുവിന്റെ കൈ നില പിടിച്ചു വച്ചു……….
ഒന്നും മിണ്ടാതെ നടക്കുന്ന നിലയുടെ കൂടെ പാറു അനുസരണയോടെ ചെന്നു…. ദേവൂട്ടിയെ റൂമിൽ നിന്ന് എടുത്തു കിച്ചുവും നന്ദുവും ശരത്തും അച്ഛനും പിറകെ ചെന്നു ………

കുസൃതി കാട്ടി തോട്ടൊരുമി താഴ്ന്നിറങ്ങിയ മഴ ഇന്ന് കണ്ണീരിന്റെ കഥ പറയാൻ വെമ്പി…..വലിച്ചു കെട്ടിയ ടാർപായയുടെ മുകളിലൂടെ ഒലിച്ചിറങ്ങിയ വെള്ളം ശക്തിയിൽ നിലത്തേക്ക് പതിച്ചു ചളി നിറച്ചു……….മുറ്റത്തും ഉമ്മറത്തും സ്ഥാനം പിടിച്ച കസേരയിൽ ഇരിക്കുന്ന പുതു മുഖങ്ങളെ പാറു അത്ഭുതത്തോടെ നോക്കി……

“‘ പാരുവിന്റെ പിരന്നാളിന് പപ്പ വിലിച്ചു വന്നതാണോ…….””

കസേരയിൽ ഇരുന്നു പാറുവിനെ തന്നെ നോക്കി നിൽക്കുന്ന കണ്ണുകളിൽ കണ്ടത് സഹതാപവും വേദനയുമായിരുന്നു…. നിഷ്കളങ്കമായുള്ള അവളുടെ ചോദ്യം കേട്ട് കൂടി നിന്ന പലരുടെയും കണ്ണുകൾ നിറഞ്ഞു………ആ കുഞ്ഞി കണ്ണുകൾ ആരെയോ തിരയുന്നത് കാണേ നില തളർന്നു പോയി…. ഒന്ന് ഒച്ചത്തിൽ കരയാൻ തോന്നുന്നു…. പക്ഷെ കഴിയുന്നില്ല…….. അവളുടെ അവസ്ഥ മനസിലാക്കിയ പോലെ ശരത് അടുത്തേക്ക് വന്നു പാറുവിനെ എടുത്തു നിലയെ ചേർത്ത് പിടിച്ചു ഉള്ളിലേക്ക് നടന്നു……….. തലയ്ക്ക് കയ്യും കൊടുത്തു നിവിന്റെ അച്ഛൻ പടിയിൽ ഇരിക്കുന്നുണ്ട്…….. അടുത്ത് തന്നെ ജിതിനും ഉണ്ട്………. പാറു എല്ലാവരെയും ഒന്ന് നോക്കി…..

പാറുവിനെ കണ്ട നിമിഷം തളർന്നു നിലത്തു കിടന്ന ശ്യാമേച്ചി പിടഞ്ഞു എഴുനേറ്റു അവളെ കൂട്ടി പിടിച്ചു…………….

“” കൊണ്ട് പോയിലേ മോളെ അവരെ……. എന്റെ കുട്ടിയെ തനിച്ചാക്കി അവർ പോയിലേ……. രണ്ട് ജീവനാണ് വേണ്ടതെങ്കിൽ ആർക്കും വേണ്ടാതെ കിടക്കുന്ന രണ്ട് പേർ ഈ വീട്ടിൽ തന്നെ ഉണ്ടായിരുന്നല്ലോ……….. ജീവിച്ചു തുടങ്ങിയിട്ടല്ലേ ഉണ്ടായിരുന്നു എന്റെ കുട്ടികൾ …………….. “”

പാറുവിനെ കൂട്ടി പിടിച്ചു കരഞ്ഞു കൊണ്ട് അച്ഛമ്മ പറയുന്നതൊന്നും മനസിലാവാതെ അവൾ കൈ തട്ടി തെറിപ്പിച്ചു അടുത്തുള്ള നിലയെ ചുറ്റി പിടിച്ചു…….ശ്വാസം മുട്ടുന്നു…. നിലയ്ക്ക് മാത്രമല്ല പാറുവിനും…. പ്രതീക്ഷിച്ചു വന്നതല്ല കാണാൻ ഇടയായത്…… കൂട്ടം കൂടിയ ആളുകളെ കാണെ പാറു തല പൊക്കി നിലയെ നോക്കി……..

“” നിലാന്റി അമ്മയെ കാനനം……. “”

ആൾക്കൂട്ടത്തിൽ നിന്ന് രക്ഷ നേടാൻ അവളിന്ന് ആ കൈ ആശ്രയിക്കുന്നു…….എത്ര അകന്നാലും ആ നെഞ്ചിലെ ചൂടിനോളം ഭൂമിയിൽ മറ്റൊന്നുമില്ലെന്ന് അവൾ തിരിച്ചറിഞ്ഞിരിക്കുന്നു………ഒറ്റപെടുമ്പോൾ ആ കരുതൽ അവൾ കൊതിക്കുന്നു………. പപ്പ എന്ന് ഒരായിരം വട്ടം ഉരിവിട്ടു നടന്നു ഇന്നമ്മയെ കാണണമെന്ന് പറയുമ്പോൾ അവൾ പോലും അറിയാതെ മനസിലാക്കിയിരിക്കുന്നു ആ സ്ത്രീ ഇല്ലാതെ താൻ തനിച്ചാണെന്ന്………

എന്തിനാണ് ഇങ്ങനൊരു പരീക്ഷണം ഈശ്വര…ഒറ്റയ്ക്കായോ എന്റെ കുട്ടി……….

തന്നെ ഉറ്റു നോക്കുന്ന ആ കണ്ണുകളെ നോക്കാൻ ത്രാണിയില്ലാതെ നില തന്റെ കണ്ണുകൾ ഇറുക്കെ അടച്ചു പാറുവിന്റെ മുടിയിൽ തഴുകി…..

“” അമ്മേ……. “”

എന്തോ കണ്ട പോലെ പാറു നിലയിൽ നിന്നകന്നു നിലത്ത് വെള്ള പുതച്ചു കിടത്തിയ തൃത്തയുടെയും നിവിന്റെയും ബോഡിയുടെ അടുത്തേക്ക് ഓടി………

“” പപ്പേ…. ഉരങ്ങുവാണോ…..പാരുവിന്റെ പിരന്നാലിന് കുരെ പേർ ബന്നിട്ടുണ്ട്………. അമ്മേ എയുനേൽക്ക്………കേക്ക് വാങ്ങിയോ….. മുരിക്കേണ്ടേ…… “”

തന്നിൽ നിന്ന് അടർന്നു വീണ വലിയൊരു നഷ്ടത്തെ ആ നിമിഷവും തിരിച്ചറിയാതെ ആ പിഞ്ചു മനസ് അവർക്കായി കാത്തു നിൽക്കുകയാണ്…………….. ഭൂമിയിലേക്ക് പറഞ്ഞയച്ച ദൈവത്തെ പോലും ശപിച്ച നിമിഷമായി അത് മാറിയിരുന്നു……. ആ കാഴ്ച്ച കണ്ട് നിൽക്കാൻ കഴിയാതെ നില വാ പൊതി കൊണ്ട് പിറകിലേക്ക് ഓടി……….

🦋തിരികെ വരും 🦋