രചന – നന്ദിത ദാസ്
നീ എന്താടി ഇങ്ങനെ ചത്തതു പോലെ നിൽക്കുന്നത്…
നിഖിലേട്ടൻ വരുന്നത് കണ്ടില്ലേ… ”
അപ്പോളേക്കും നിഖിലേട്ടൻ ഉമ്മറത്തേക്ക് കയറി…
“ആഹാ നന്ദു ഇവിടെ ഉണ്ടായിരുന്നോ…
നിനക്ക് ഇപ്പോൾ എങ്ങനെ ഉണ്ട്… സുഖം ആണോ? ”
“എനിക്ക് ഒരു കുഴപ്പവുമില്ല സുഖം… ”
ഈ നിഖിലേട്ടനു ഇത് എന്തിന്റെ കേടാ നന്ദുവിനോട് അസുഖത്തിന്റെ കാര്യമൊന്നും ചോദിക്കരുതെന്ന് ഞാൻ എത്ര വെട്ടം പറഞ്ഞിട്ടുള്ളതാ…
പുറത്തെ സംസാരം കേട്ടു അമ്മയും അവിടേക്കു വന്നു…
“ആഹാ മോൻ എത്തിയോ…
വാ.. വരൂ… വന്ന കാലിൽ തന്നെ നിൽക്കാതെ കയറി ഇരിക്കു ”
“ഇരിക്കാം അമ്മേ… ”
യാമിയുടെ അമ്മ നിഖിലേട്ടനോട് വിശേഷങ്ങളൊക്കെ ചോദിക്കുന്നുണ്ട്…
ഏട്ടൻ തിരിച്ചും ചോദിക്കുന്നുണ്ട്…
ഞാൻ നോക്കിയപ്പോൾ യാമി എന്തിലോ ദൃഷ്ടി പതിപ്പിച്ചു ഏതോ ഭയങ്കരമായ ചിന്തയിൽ ആയിരുന്നു…
ഞാൻ പതുക്കെ അവളെ ഒന്ന് തോണ്ടി…
പെട്ടെന്ന് അവളൊന്ന് ഞെട്ടി…
ഞാൻ എന്താണെന്നു ചോദിച്ചപ്പോൾ ഒന്നും ഇല്ല എന്ന് മറുപടിയും കിട്ടി…
കുറച്ചു സമയത്തിന് ശേഷം ഞാൻ ഗീതാമ്മയെയും കൂട്ടി അടുക്കളയിലേക്കു പോയി…
യാമിയും നിഖിലേട്ടനും കുറച്ചു ഫ്രീ ആയിട്ട് സംസാരിച്ചോട്ടെ എന്ന് കരുതി…
“എന്റെ ഗീതമ്മേ അവർ എന്തെങ്കിലുമൊക്കെ സംസാരിച്ചു നിൽക്കട്ടെ…
കണ്ടിട്ട് കുറേ നാളായില്ലേ…
ഈശ്വരനെയോർത്തു ഗീതാമ്മ ഇടയ്ക്കൊന്നും അങ്ങോട്ട് കയറി ചെല്ലരുത് കേട്ടോ… ”
“ഓഹ് സമ്മതിച്ചു ന്റെ തമ്പുരാട്ടി…
ഞാൻ അങ്ങോട്ട് പോകുന്നില്ല…പോരേ… ”
“മ്മ്… അത് മതി… ഇന്നെന്താ ഇവിടെ സ്പെഷ്യൽ ഞാൻ ഒന്ന് നോക്കട്ടെ… ”
അടുക്കളയിൽ അടച്ചു വെച്ചിരിക്കുന്ന ഓരോ പാത്രവും ഞാൻ തുറന്നു നോക്കി…
മനം മയക്കുന്ന ഗന്ധം അവിടെ ആകെ നിറഞ്ഞു…
വായിൽ കപ്പലോടിക്കാൻ പാകത്തിന് വെള്ളം നിറഞ്ഞു…
“എന്റെ ഈശ്വരാ… ഇതെന്തൊക്കെയാ… കൊതിമൂലം വായിൽ വെള്ളം നിറഞ്ഞിട്ട് വയ്യ… എന്താ മണം… ആാാഹാ… ”
“വെറുതെ കൊതിപിടിച്ചു നിൽക്കണ്ട… കുടം പുളി ഇട്ടു വെച്ച നല്ല ഒന്നാന്തരം നെയ്മീൻ കറിയാണ്…
പിന്നെ തെക്കേലെ ദാമൂന്റെ കയ്യിന്നു വാങ്ങിയ നല്ല നാടൻ താറാവ് കുരുമുളകും മസാലയും ചേർത്ത് ഫ്രൈ ചെയ്തത്… ”
“ഓഹ് ഇതൊക്കെ മരുമോന് കൊടുക്കാൻ ഉണ്ടാക്കിയതായിരിക്കും അല്ലേ… ഹും ”
“എന്റെ കൊതിച്ചിപാറുവിനു തന്നിട്ടേ വേറെ ആർക്കും കൊടുക്കുള്ളു… ”
ഗീതാമ്മ ഒരു പ്ലേറ്റിൽ രണ്ടു പാലപ്പവും മുഴുത്ത ഒരു കഷ്ണം നെയ്‌മീനും താറാവ് ഫ്രൈ ചെയ്തതും എടുത്തു എന്റെ കൈയിലേക്ക് തന്നു…
അത് കിട്ടിയ പാടെ ഞാൻ പ്ലേറ്റ് ഒന്നുകൂടി എന്റെ മൂക്കുവരെ കൊണ്ടു പോയി… ഓഹ് എന്താ മണം…
വെളുത്തുള്ളി അല്ലികളും കുടംപുളിയും കറിവേപ്പിലയും എല്ലാം കൂടി മീനുമായി കിടന്നു തിളച്ചു വെന്തു വരുമ്പോൾ ഒരു മണം ഉണ്ടല്ലോ ഓഹ്ഹ് സഹിക്കാൻ പറ്റൂല…
അല്ലെങ്കിലും ഗീതമ്മയ്ക്ക് നല്ല അസ്സല് കൈപ്പുണ്യം ആണ്…
അടിപൊളി ടേസ്റ്റി ഫുഡ് ഉണ്ടാക്കി തരും…
ഞാൻ കഴിക്കുന്നത് കണ്ടു ചിരിയോടെ നിൽക്കുകയാണ് ഗീതാമ്മ…
“ഞാൻ ഈ ചായ മോന് കൊണ്ടു കൊടുത്തിട്ട് വരാം നന്ദു മോളെ… ”
“എന്തോന്നാ………
ഞാൻ പറഞ്ഞതൊക്കെ ഇത്ര പെട്ടെന്ന് മറന്നു പോയോ…
ചായ ഇച്ചിരി കഴിഞ്ഞു കൊടുത്താൽ മതി…
ആഹ്ഹ് ഇപ്പോൾ എന്തായാലും കൈയിൽ ഇരിക്കുന്ന ചായ എനിക്ക് ഇങ്ങു തന്നേക്കു എന്തായാലും എടുത്തു പോയില്ലേ…. ”
“ഹമ്പടി…. ചായ വേണമെങ്കിൽ അത് അങ്ങ് പറഞ്ഞാൽ പോരേ കുഞ്ഞേ… ”
“ഹിഹി… ന്റെ ഗീതമ്മേ ചായ ഞാൻ കൊണ്ടു കൊടുത്തോളം കേട്ടോ.. ”
“ഓഹ് ആയിക്കോട്ടെ ആയിക്കോട്ടെ… ”
അങ്ങനെ ഒന്നും രണ്ടും പറഞ്ഞു ഞാൻ അവിടെ തന്നെ അങ്ങ് കൂടി…
“നീ എന്താ യാമി ഒന്നും മിണ്ടാത്തത്… എന്നോട് പിണക്കം ആണോ? ”
“ഞാൻ എന്തിനാ നിഖിലേട്ടനോട് പിണങ്ങുന്നത്? ”
“ഇന്നലെ വിളിച്ചപ്പോൾ സംസാരിക്കാതിരുന്നതിൽ ഉള്ള പരിഭവം അല്ലേ നിനക്ക്… ”
“ആഹ് അതേ… മുൻപൊന്നും ഇങ്ങനെ അല്ലായിരുന്നു… എന്റെ സ്വരം കേൾക്കാതെ ഉറക്കം വരില്ലെന്ന് പറഞ്ഞിരുന്ന ആളാ… ഇപ്പോൾ ആകെ മാറി…. ”
“ജോലി തിരക്കിന്റെ ഇടയിൽ പെട്ട് പോകുന്നതാ യാമി… അല്ലാതെ മനഃപൂർവം അല്ലാലോ… ഒരു പട്ടാളക്കാരന്റെ ധർമ്മങ്ങൾ നിനക്ക് പ്രത്യേകിച്ചു പറഞ്ഞു തരേണ്ടതില്ലലോ… ”
“മ്മ്… അതുകൊണ്ട് മാത്രം ആണ് ഞാൻ ഇതുവരെ ഒരു എതിർ അഭിപ്രായവും പറയാതിരുന്നത്…
പക്ഷേ ഇങ്ങനെ പോയാൽ ശരി ആകില്ല നിഖിലേട്ടാ… ”
“നീ എന്താ ഇങ്ങനെ മുള്ളും മുനയും വെച്ചു പറയുന്നത്…
എന്താണെന്നു വെച്ചാൽ തുറന്നു പറ ”
അങ്ങനെ പറഞ്ഞെങ്കിലും ആ മുഖത്തെ പതർച്ച എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു…
“ഇന്നലെ എന്തിനാ ഇത്ര ദൃതിയിൽ എറണാകുളം പോയത്… സാധാരണ വന്നാൽ എന്നെ കാണാതെ സമാധാനം കിട്ടാത്ത ആളായിരുന്നല്ലോ… ”
“അത് പിന്നെ…. എന്റെ ഒരു സുഹൃത്തിന്റെ വിവാഹം ഉണ്ടായിരുന്നു… അതിനു കൂടാൻ വേണ്ടിയാ ഇത്ര നേരത്തെ ഞാൻ നാട്ടിലേക്കു തിരിച്ചത് തന്നെ ”
“എന്നിട്ട് കല്യാണം നന്നായിരുന്നോ? ഫോട്ടോസ് എവിടെ… ഒന്നും കാണിച്ചില്ലല്ലോ… ”
“ഫോട്ടോ എടുക്കാൻ ഒന്നും പറ്റിയില്ല…
നീ എന്താ എന്നെ കൊസ്ട്യൻ ചെയ്യുവാണോ യാമി… ”
“ഹേയ്… ചോദിച്ചെന്നേ ഉള്ളു…. ”
ഞങ്ങൾ സംസാരിക്കുന്ന കൂട്ടത്തിൽ നിഖിലേട്ടന്റെ ഫോണിലേക്കു ഒരു കാൾ വന്നു…
വന്ന കാൾ പെട്ടെന്ന് തന്നെ ആള് കട്ട് ആക്കി…
ഇത് രണ്ടുമൂന്നു തവണ തുടർന്നപ്പോൾ വീണ്ടും എനിക്ക് സംശയം ആയി…
“ആരാ ഏട്ടാ ഫോണിൽ വിളിച്ചോണ്ട് ഇരിക്കുന്നത്… എടുത്തു സംസാരിക്കു എന്തെങ്കിലും അത്യാവിശ്യം കാണും… ”
“ഹേയ്… അത് അർജന്റ് കാൾ അല്ല… ”
വീണ്ടും വിളിച്ചപ്പോൾ ആള് വല്ലാതെ പരുങ്ങുന്നുണ്ടായിരുന്നു…
ഏട്ടന്റെ കയ്യിന്നു ഫോൺ പിടിച്ചു വാങ്ങി ഞാൻ ലൗഡ് സ്‌പീക്കറിൽ ഇട്ടു…
മറുതലയ്ക്കൽ നിന്നും ഒരു പെൺശബ്ദം….
“ഹലോ… നിഖിൽ… എന്താ കാൾ കട്ട് ചെയ്യുന്നത്…
ഇന്നലെ താൻ ഇവിടെ വന്നു പോയതിനു ശേഷം ആകെ പ്രോബ്ലം ആയിരുന്നു… ”
ഞാൻ എന്തെങ്കിലും ചോദിക്കും മുൻപേ നിഖിലേട്ടൻ എന്റെ കയ്യിന്നു ദേഷ്യപ്പെട്ടു ഫോൺ പിടിച്ചു വാങ്ങി….
“ആരാ അത്… ഇപ്പോൾ നിങ്ങളെ വിളിച്ചത് ആരാണെന്നു… ”
“ആഹ് എനിക്കൊന്നും അറിയില്ല… നീ അത് വിട്… ”
“തനിക്കു അറിയില്ല അല്ലേ… എങ്കിൽ എനിക്ക് അറിയാം ഇപ്പോൾ വിളിച്ചത് ആരാണെന്നു..
ഇവളെ കാണാനാണ് അപ്പോൾ താൻ ഇന്നലെ എറണാകുളം പോയത് അല്ലേ… ”
“യാമി അത്… ”
“വേണ്ട… ഒന്നും പറയണ്ട… കള്ളങ്ങളുടെ പുറത്ത് വീണ്ടും വീണ്ടും കള്ളങ്ങൾ ആവർത്തിച്ചാൽ അതൊരിക്കലും സത്യം ആകണമെന്നില്ല… ”
“ഞാൻ എല്ലാം പറയാം യാമി പ്ലീസ് നീ ഇങ്ങനെ ദേഷ്യപ്പെടാതെ.. ”
“സ്വന്തം ഭാഗം ന്യായീകരിക്കാൻ ഇനിയും എന്താ പറയാനുള്ളത്… ”
“സോറി യാമി… അത് നിഷ ആണ്… അന്ന് അവളുടെ ഫ്രണ്ട് മെസ്സേജ് ചെയ്തതിനു ശേഷം ഞാൻ അവളെ കോൺടാക്ട് ചെയ്തിരുന്നു…
ഭർത്താവുമായി ഡിവോഴ്സ് ആണെന്ന് പറഞ്ഞു…
അവളുടെ ലൈഫ് വല്ലാതെ മാറിപോയിരുന്നു… കുറച്ചു ക്യാഷ് എന്നോട് ചോദിച്ചിരുന്നു… ഒരിക്കൽ സ്നേഹിച്ചു പോയതല്ലേ ക്യാഷ് കൊടുക്കാമെന്നു ഞാൻ സമ്മതിച്ചു അതിനാണ് ഇന്നലെ എറണാകുളം പോയത്…
നീ അറിഞ്ഞാൽ പ്രോബ്ലം ആകുമെന്ന് കരുതി….
അതാണ് ഞാൻ മറച്ചു വെച്ചത്… ”
“വെറുതെ പറഞ്ഞു വീണ്ടും എന്നെ പറ്റിക്കുവാണോ ഏട്ടാ… ”
“ഒരിക്കലും അല്ല… നീ വിശ്വസിക്കു..പ്ലീസ്.. ”
“വിശ്വസിക്കാം…
പക്ഷേ ഇപ്പോൾ എന്റെ മുന്നിൽ വെച്ചു നിങ്ങൾ തമ്മിലുള്ള സംഭാഷണം എനിക്ക് കേൾക്കണം…
എന്താ അതിനു പറ്റുമോ? ”
“ഞാൻ പറഞ്ഞില്ലേ യാമി പ്ലീസ്… ”
“പറ്റില്ല… ഇനിയും ഈ യാമിയെ പൊട്ടി ആക്കാമെന്നു നിങ്ങൾ വിചാരിക്കേണ്ട…
നിങ്ങൾ പറയുന്നതൊക്കെ സത്യം ആണെങ്കിൽ പിന്നെ എന്റെ മുന്നിൽ വെച്ചു അവളോട് സംസാരിച്ചാൽ എന്താണ് കുഴപ്പം… ”
“അത്… അത് ശരിയാകില്ല… ”
“എന്തുകൊണ്ട് ശരിയാകില്ല…
നിഷയെ എനിക്ക് നേരിട്ട് പരിചയം ഇല്ല… നിഖിലേട്ടൻ പറഞ്ഞ അറിവേ എനിക്ക് അവളെക്കുറിച്ചു ഉള്ളു… അന്ന് അവൾക്കൊരു തേപ്പുകാരിയുടെ പരിവേഷം ആയിരുന്നു നിങ്ങൾ കൊടുത്തിരുന്നത്…
നിങ്ങൾക്ക് വയ്യങ്കിൽ ആ ഫോൺ ഇങ്ങു താ ഞാൻ സംസാരിച്ചോളാം… ”
“വേണ്ട… വേണ്ടെന്നു പറഞ്ഞില്ലേ…
നീ കൂടുതൽ ആളാവുക ഒന്നും വേണ്ട…
എന്നായാലും എന്റെ കാൽകീഴിൽ കിടക്കാനുള്ള ജന്മം ആണ് നിന്റേത്… മര്യാദക്ക് ഞാൻ പറയുന്നത് കേട്ടു നിന്നോളണം…. ”
“ഛീ…. നിന്റെ കാൽകീഴിൽ കിടക്കാൻ ഈ ജന്മം യാമി വരില്ലെടാ…
ഇറങ്ങി പൊയ്ക്കോ ഇവിടുന്നു…
ഒരിക്കൽ സഹതാപത്തിന്റെ പേരിൽ നിന്നോട് തോന്നിയ ഇഷ്ടം എല്ലാം ഈ യാമി ഇവിടെ വെച്ചു മറക്കുവാ….
ഇനി എന്റെ ജീവിതത്തിൽ നിഖിൽ ഇല്ല…. ”
ചായയും കൊണ്ടു പുറത്തേക്കു വന്ന ഞാനും ഗീതമ്മയും യാമിയുടെ വാക്കുകൾ കേട്ടു ഞെട്ടിത്തരിച്ചു നിന്നു….
“മോളെ… യാമി…. എന്തൊക്കെയാ നീ ഈ വിളിച്ചു കൂവുന്നത്… എന്തുപറ്റി നിനക്കു… ”
“ചതിക്കുവായിരുന്നു അമ്മേ ഇയാൾ എന്നെ….
സ്നേഹം നടിച്ചു വഞ്ചിക്കുവായിരുന്നു…. ”
ഒന്നും മനസ്സിലാകാതെ ഞാൻ യാമിയെയും നിഖിലേട്ടനെയും മാറി മാറി നോക്കി…
യാമി കരഞ്ഞുകൊണ്ട് മുറിയിലേക്കു ഓടി പോയി വാതിലടച്ചു…
ഗീതാമ്മ അവളുടെ പുറകേ പോയി…
എനിക്ക് കുറേ നേരത്തേക്ക് നിന്നിടത്തുനിന്നു അനങ്ങാൻ സാധിച്ചില്ല…
നിഖിലേട്ടൻ ചാടിതുള്ളി എന്തൊക്കെയോ പിറു പിറുത്തുകൊണ്ടു മുറ്റത്തേക്കിറങ്ങി കാറും എടുത്തു ഒരൊറ്റ പോക്കായിരുന്നു..
ഗീതാമ്മയുടെ നിർത്താതെയുള്ള കരച്ചിലും പരിഭവവും എന്നെ വീണ്ടും പൂർവ സ്ഥിതിയിലാക്കി..
ഈശ്വരാ ന്റെ യാമി….
“എന്താ…എന്താ അമ്മേ… ഇങ്ങനെ ബഹളം വെക്കാതെ ഗീതമ്മേ…. ”
“നന്ദുമോളെ… എന്റെ കുഞ്ഞ് വാതിൽ തുറക്കുന്നില്ല…
എന്താ പറ്റിയതെന്ന് ഒരു അറിവും ഇല്ലല്ലോ…”
“അമ്മ വിഷമിക്കാതെ… ഞാൻ വിളിക്കാം അവളെ… ”
“യാമി…. യാമി… കതക് തുറക്കുന്നുണ്ടോ നീ…
ഞങ്ങളെ വെറുതെ ടെൻഷൻ ആക്കരുത്… ”
“ന്റെ കൃഷ്ണാ… നന്ദുവിന്റെ മുൻപിൽ വെച്ചാണോ ഞാൻ നിഖിലേട്ടനോട് അങ്ങനെ എല്ലാം വിളിച്ചു പറഞ്ഞത്…
എന്താ ഇപ്പോൾ ചെയ്യുക… ഒന്നുറക്കെ കരയാൻ പോലും പറ്റാത്ത സ്ഥിതി ആയല്ലോ എനിക്ക്…
നന്ദു ഇതൊക്കെ അറിഞ്ഞാൽ അവൾക്കു ഒരിക്കലും താങ്ങാൻ പറ്റില്ല… എനിക്ക് വേദനിച്ചു എന്നറിഞ്ഞാൽ ആ ഹൃദയം തകർന്നു പോകും…
ഇല്ല… ഞാനായിട്ട് ഒരിക്കലും അവളെ സങ്കടപെടുത്താൻ പാടില്ല.. ”
ഉള്ള സങ്കടമെല്ലാം കടിച്ചമർത്തി ബാത്‌റൂമിൽ കയറി മുഖം കഴുകി വന്നു ഞാൻ വാതിൽ തുറന്നു….
അമ്മ ആകെ സങ്കടപ്പെട്ടിട്ടുണ്ട്…
നന്ദു അമ്പരപ്പോടെ എന്നെ നോക്കുന്നുണ്ട്…
ആ ഉണ്ടകണ്ണുകളിൽ നിന്നും മിഴിനീർ പീലിയിൽ തട്ടി കവിളിനെ ചുംബിച്ചു താഴേക്കു പതിച്ചു…
“ഒന്നുല്ല അമ്മേ… എനിക്ക് ദേഷ്യം വന്നപ്പോൾ നിഖിലേട്ടനോട് അങ്ങനെ പറഞ്ഞു പോയതാണ്… ”
“നീ ഇങ്ങനെ ആയിരുന്നില്ലലോ മോളെ… എന്താ അവൻ നിന്നോട് പറഞ്ഞത്… എങ്ങനെ നിന്നെ ചതിച്ചെന്നാണ് നീ പറയുന്നത്… ”
“ഓഹ്ഹ് എന്റെ പൊന്ന് അമ്മേ ഒന്ന് വെപ്രാളപെടാതെ ഇരിക്ക്…
നിഖിലേട്ടൻ ഡാൻസിന്റെ കാര്യം പറഞ്ഞു ചൂടായതാ…
പിജി ചെയ്യണ്ടാന്ന് പറഞ്ഞു… കേട്ടപ്പോൾ സഹിച്ചില്ല…
എന്റെ കരിയർ നഷ്ടപ്പെട്ടാലും വേണ്ടില്ല ഇനി ഞാൻ അങ്ങനെ ഒന്നും പറയില്ല..
അമ്മ വിഷമിക്കണ്ട… എനിക്ക് നല്ല വിശപ്പ്… കഴിക്കാൻ എന്തെങ്കിലും എടുക്കു… ”
“എന്നാലും മോളെ നിഖിൽ ദേഷ്യപ്പെട്ടായിരിക്കില്ലേ പോയത്…നീ ഒന്ന് വിളിക്കു…
വിവാഹ നിച്ഛയം വരെ കഴിഞ്ഞതാണ്…
അത് മുടങ്ങുക എന്ന് വെച്ചാൽ സഹിക്കാൻ പറ്റില്ല ഈ അമ്മയ്ക്ക്… എന്റെ സ്വപ്നം ആണ് നിന്റെ വിവാഹം… ”
“അമ്മ പേടിക്കണ്ട… നിഖിലേട്ടനെ ഞാൻ വിളിച്ചു സംസാരിച്ചാൽ തീരാവുന്ന പ്രശ്നം മാത്രേ ഉള്ളു…
ഇടയ്ക്ക് ഞങ്ങൾ ഇങ്ങനെ വഴക്കിടാറുള്ളതാണല്ലോ…
അമ്മ ചെല്ല്… പോയി കഴിക്കാൻ എടുക്കു… ”
“മ്മ് ”
അമ്മ അകത്തേക്ക് പോയി…
നന്ദു പോയി കഴിഞ്ഞു സത്യങ്ങൾ എല്ലാം അമ്മയോട് പറയണം…
എന്നെ മനസ്സിലാക്കാൻ അമ്മയ്ക്ക് കഴിയും… ആ ഉറപ്പുണ്ട്…
ഞാൻ പതിയെ നന്ദുവിന്റെ അരികിലേക്കു ചെന്നു…
“നീ എന്താടി പെണ്ണേ ഇങ്ങനെ അന്തിച്ചു നിൽക്കുന്നത്…
ചുമ്മാ പറഞ്ഞതല്ലേ അതൊക്കെ
വാ നമുക്ക് കഴിക്കാം… ”
“അഭിനയം നന്നായിരുന്നു യാമി…
എന്തെങ്കിലും പ്രോബ്ലം ഉണ്ടോന്നു പലവട്ടം നിന്നോട് ഞാൻ ചോദിച്ചതാണ്…
എന്തൊക്കെയോ നീ എന്നിൽ നിന്നും മറയ്ക്കുന്നുണ്ട് എന്ന് എനിക്ക് പലപ്പോഴും തോന്നിയിരുന്നു… ”
“ഒന്നും ഇല്ലഡാ… നിനക്ക് തോന്നുന്നതാ… ”
“വേണ്ട….
ഇത് എന്റെ യാമി അല്ല…
എന്റെ യാമി ഇങ്ങനെ ഒന്നും ആയിരുന്നില്ല…
എന്തിനെയാണ് നീ പേടിക്കുന്നതെന്നു എനിക്ക് ഇപ്പോളും മനസ്സിലാകുന്നില്ല…
നിഖിലേട്ടൻ അത്രയ്ക്ക് വലിയ എന്ത് തെറ്റാണ് നിന്നോട് ചെയ്തത്…
എല്ലാം അറിയണം എനിക്ക് …
അത് അറിഞ്ഞിട്ടല്ലാതെ ഇനി ഈ നന്ദു ഒരു തുള്ളി വെള്ളം പോലും കുടിക്കില്ല….
എന്റെ ഗുരുവായൂരപ്പനാണേ സത്യം…
ഇത് നന്ദുവിന്റെ വാക്ക്… ”
(തുടരും )

by