നിയോഗം
ഇരുളിൻ്റെ കരിമ്പടം മൂടിയ ആകാശത്തിൽ നിന്നും ഇടയ്ക്ക് അനാവൃതമാകുന്ന ചന്ദ്രികയുടെ സൗന്ദര്യം ആസ്വദിച്ച് ഇരുകണ്ണുകളിൽ പ്രതീക്ഷയുടെ വിളക്ക് കൊളുത്തി അവൾ ഇരുന്നു..
” കാർത്തിക ”
തിങ്ങി നിറഞ്ഞു നിൽക്കുന്ന മരങ്ങൾക്ക് ഇടയിലൂടെ അവൻ നടന്നു വരുന്നത് ദൂരെ നിന്നും അവളറിഞ്ഞു.നാസികയിലൂടെ അവൻ്റെ ചൂടുചോരയുടെ ഗന്ധം ഉള്ളിലേക്ക് ആഞ്ഞ് വലിച്ചു .അവൾക്ക് അരികിലേക്ക് ചുവടുകൾ അതിവേഗം വച്ച് അവൻ നടന്നു..
” സത്യേന്ദ്രൻ ”
സാധാരണയായി അവളെ കാണുന്ന സ്ഥലത്ത് എത്തിയപ്പോൾ ഒരുവേള സത്യേന്ദ്രൻ നിന്നു.അവളെ കാണാതെ കണ്ണുകൾ പിടഞ്ഞു.അപ്പോഴാണ് കാറ്റിലൂടെ പാലപ്പൂവിൻ്റെ മണം അവനെ പൊതിഞ്ഞത്.
” സഖീ ..നീ എൻ്റെ അടുത്തേവിടെയോ തന്നെ ഉണ്ടല്ലേ…എനിക്ക് സൂചന കിട്ടി…ഇനിയും നിന്നെ കാണാൻ കാത്തിരിക്കാൻ വയ്യ .. ഒന്നെൻ്റെ മുന്നിലേക്ക് വരൂ…”
കരിമഷി എഴുതിയ മാൻമിഴികളും താമരപൂവിതൾ പോലെയുള്ള ചുവന്ന ചുണ്ടുകളും പൂർണചന്ദ്രനെ പോലെ ശോഭയാർന്ന മുഖകാന്തിയും ,നക്ഷത്രങ്ങൾ പോലെ തിളങ്ങുന്ന മൂക്കുത്തി അവളുടെ നാസികയുടെ മാറ്റ് ഒന്നുകൂടെ വർധിപ്പിച്ചു. പനംകുല പോലെ നീളത്തിൽ ഇടതൂർന്ന കാർകൂന്തൽ ,ചിരിക്കുമ്പോൾ വെളിവാക്കുന്ന മുല്ലപ്പൂമൊട്ടുകൾ പോലെയുള്ള ദന്തനിരകൾ..ഇതെല്ലാം ചേർന്ന സൗന്ദര്യധാമത്തെ കണ്ട് അവൻ്റെ മനസ്സും ശരീരവും ഉണർന്നു.
” കാന്താ….ഇന്നെന്താണിത്ര താമസം..ഞാൻ കാത്തിരിക്കാൻ തുടങ്ങി നേരം എത്രയായെന്ന് അറിയാമോ…?”
” ആണോ…ആരും കാണാതെ എൻ്റെ പ്രാണസഖിയെ കാണാൻ വരണ്ടെ…അതാണ് ഇത്തിരി താമസിച്ചത്…ഒരു മനുഷ്യൻ ആയിരുന്നിട്ടും ആത്മാവായ നിന്നിൽ അലിയാൻ വരുന്നെന്ന് ആരെങ്കിലും അറിഞ്ഞാൽ ചിലപ്പോൾ എന്നേക്കുമായി നിന്നെ എനിക്ക് നഷ്ടപ്പെടും.അത് നിനക്കും അറിയുന്നതല്ലെ..?”
” മ്മ്മ്മ….എന്നെ നിങ്ങളിൽ നിന്നും പിരിച്ചത് അല്ലെ… ദാസിയായ ഞാൻ തമ്പുരാൻ ആയ നിങ്ങളെ പ്രണയിച്ചതിൽ ഉള്ള അഭിമാനക്ഷതം… ഹ്‌മം…”
” ഞാൻ പറഞ്ഞതല്ലേ എന്നേകൂടി നിൻ്റെ ലോകത്തേക്ക് കൂട്ടി കൊണ്ടുപോകാൻ… പക്ഷേ നീ ..നീയല്ലേ സമ്മതിക്കാത്തത്..”
” ഇത്രയും കാലം സ്നേഹിച്ച് നടന്നിട്ട് നിങ്ങളെ ഞാൻ തന്നെ കൊല്ലാനോ…ഞാൻ അത്രയ്ക്ക് നീചയാണെന്ന് അങ്ങ് കരുതിയോ…ഇല്ല ഒരിക്കലും എനിക്കതിനു ആവില്ല…”
അവൻ നിറഞ്ഞ മിഴികളോടെ അവളെ പുണർന്നു…
” സത്യേന്ദ്ര…..”
പിന്നെ കേട്ടത് ഒരു അലർച്ച ആയിരുന്നു.ഞെട്ടി തരിച്ചു അവർ തിരിഞ്ഞ് നോക്കുമ്പോൾ കോപത്തിൻ്റെ ജ്വാലകൾ കൊണ്ട് മൂടിയ മിഴികളുമായി നിൽക്കുന്ന അച്ഛൻ ധർമേന്ദ്രൻ തമ്പുരാനെ ആയിരുന്നു…
” അച്ഛാ….എന്തിനാണ് എന്നെ പിന്തുടർന്നു നിങ്ങൾ വന്നത്.ജീവിക്കുമ്പോൾ ഒരുമിച്ച് കഴിയാൻ അനുവദിച്ചില്ല.മരണത്തിൻ്റെ ലോകത്തേക്ക് അവളെ വിടാതെ നിർത്തിയത് എൻ്റെ പൂജകൾ കൊണ്ട് ആണ്.ഇനിയും ഇവളെ ഉപദ്രവിക്കാൻ ആണെങ്കിൽ നിങ്ങളുടെ ശിങ്കിടികൾ ഇവളെ മരത്തിൽ കെട്ടിത്തൂക്കി കൊന്നത് പോലെ എനിക്ക് നിങ്ങളെയും കൊല്ലേണ്ടി വരും…”
” ഹ…..ഹ….ഹ….നീ എന്നെ കൊല്ലുമെന്നോ…
കേൾക്കുമ്പോൾ തന്നെ ചിരി വരുന്നു…നിനക്ക് എന്നെ ഒന്ന് തൊടാൻ പോലും ആവില്ല…”
സംശയത്തോടെ സത്യേന്ദ്രൻ അയാളെ നോക്കി.എന്നിട്ട് കൈകൾ കൊണ്ട് കഴുത്തിൽ പിടിക്കാൻ നോക്കി.പക്ഷേ അയാളുടെ കൈകൾ കഴുത്തിനു കുറുകെ പോയി.അയാളെ സത്യയ്ക്ക് തൊടാൻ ആവുന്നില്ല.ഒരു നിമിഷം എന്താ സംഭവിച്ചത് എന്ന് മനസ്സിലാവാതെ അയാൾ നിന്നു.
” എന്താ …..നിനക്ക് എന്നെ കൊല്ലണ്ടെ..? പറ്റുന്നില്ല അല്ലെ….നീ ഇപ്പൊൾ വെറും ആത്മാവ് ആണ്.നിൻ്റെ ശരീരം അവിടെ ജീവനറ്റ് കിടക്കുന്നുണ്ട്.നീ ഇവൾക് വേണ്ടി ചെയ്തത് എല്ലാം ഞാൻ അറിഞ്ഞിരുന്നു.ഇവളുടെ മരണശേഷം ഇവളുടെ ആത്മാവിനെ ഇവിടെ ബന്ധിച്ച് നിനക്ക് സ്വന്തമാക്കാൻ ചെയ്തത് എല്ലാം….ഇന്നത്തെ രാത്രി നീയും ഇവളും ഒന്നുചേർന്നാൽ പിന്നെ ഇവളൊരിക്കലും ഈ ഭൂമി വിട്ട് പോകില്ല എന്നും അവൾക്ക് പല ശക്തികളും വന്നുചേരുമെന്നും എനിക്ക് അറിയാം…ഇവളെ കാണാതായി എന്ന് പറഞ്ഞ് അന്വേഷിക്കുന്ന ആളുകൾക്ക് മുന്നിൽ എന്നെ നിനക്ക് കാണിച്ച് കൊടുക്കാൻ എളുപ്പം ആവുമല്ലെ….നീ ഇതെല്ലാം മനസ്സിൽ കണ്ടു..അതിനു മുൻപ് ഞാൻ മാനത്ത് കണ്ടു.ജാതിക്കും മതത്തിനും മുന്നിൽ എനിക്ക് മകനോ രക്തബന്ധമോ ഇല്ല …പിന്നെ നിങ്ങൾക്ക് അറിയാത്ത മറ്റൊരു രഹസ്യം ഞാൻ പറയാം…ഇവളുടെ അമ്മ എനിക്ക് അടിമപെട്ടപ്പോൾ ഉണ്ടായ പിഴ സന്തതി ആണ് ഇവൾ….നിനക്ക് സഹോദരി….”
ഇരുവരും അയാളെ ഞെട്ടലോടെ കേട്ടു.പിന്നിൽ അയാളുടെ ശിങ്കിടികളും വന്നിരുന്നു.അവരിൽ ഒരാളുടെ തോളിൽ സത്യേന്ദ്രന്റെ ശരീരം ഉണ്ടായിരുന്നു.നെറ്റിയിൽ പാമ്പ് കടിച്ച പോലുള്ള പാട്..ശരീരം മുഴുവൻ നീലനിറം വ്യാപിച്ചിരുന്നു.
” ദ്രോഹി….നീ ഞങ്ങളെ വീണ്ടും ചതിച്ചു.എന്തിന് വേണ്ടി ആയിരുന്നു ഇതെല്ലാം….നിനക്ക് നിൻ്റെ ജാതി മാത്രം കെട്ടിപിടിച്ച് ഇരുന്നാൽ മതിയായിരുന്നു… ഞങ്ങൾ എവിടെയെങ്കിലും പോയി…”
” സഹോദരനും സഹോദരിയും ഒന്നാവുകയോ….അസംഭവ്യം…”
” ഹ…. ഹാ…..ഞാൻ അവളുടെ സഹോദരൻ അല്ലെങ്കിൽ…”
” നീ…നീ…എന്താണ് പറയുന്നത്….”
” അതെ….നിങ്ങൾക്ക് രാവുകളിൽ മാറി മാറി ഉപയോഗിക്കാൻ അവിടെയുള്ള ദാസി പെണ്ണുങ്ങൾ ഉണ്ടായിരുന്നു….എന്നാലോ നിങ്ങളുടെ സഹോദരന് പ്രിയം നിങ്ങളുടെ ഭാര്യയിൽ ആയിരുന്നു എന്ന് ഈ നിമിഷം വരെയും നീയറിഞ്ഞില്ല….ധർമേന്ദ്ര….നീ തോറ്റ് പോയിരിക്കുന്നു….”
ധർമേന്ദ്രൻ ഇരുകൈകളും തലയിൽ വച്ച് അലറി.പിറകിൽ ഉണ്ടായിരുന്ന ശിങ്കിടികളും അയാളെ കളിയാക്കി ചിരിക്കുന്നത് കണ്ടപ്പോൾ അയാളുടെ മനോനില ആകെ തെറ്റി.
” കൊല്ലും ഞാൻ അവനെയും അവളെയും…ഇത്രയും കാലം ഞാൻ ഒരു പൊട്ടനായി തീർന്നെന്നോ….”
” നിനക്ക് അതിനു കഴിയില്ല… അതിനു നിനക്ക് ജീവൻ ശരീരത്തിൽ ഉണ്ടെങ്കിൽ അല്ലെ…”
പിന്നിൽ നിന്നും ഒരു അമ്പ് വന്നു അയാളുടെ നെഞ്ചകം തുളച്ച് കയറി.തിരിഞ്ഞ് നോക്കുമ്പോൾ സ്വന്തം അയാളുടെ സഹോദരൻ ആയിരുന്നു….ധർമേന്ദ്രൻ്റെ സഹോദരൻ ജയേന്ദ്രൻ..
” നീ…. നീ….”
പറയാൻ വന്നത് മുഴുവനാക്കാൻ ആവാതെ അയാൾ മരണത്തിന് കീഴടങ്ങി.
” അച്ഛാ….”.
” ഇത് എൻ്റെ നിയോഗം ആണ്…നിനക്കും ഇവൾക്കും ഇനി ഒരുമിക്കാൻ വേറെ തടസങ്ങൾ ഒന്നുമില്ല ….ജാതിയും മതവും ഇല്ലാത്ത ലോകത്ത് ചെന്ന് നീ ഒന്നാവുക…”
അതും പറഞ്ഞു അയാൾ സ്വന്തം മകനായ സത്യേന്ദ്രന്റെ ശരീരം അഗ്നിക്ക് ഇരയാക്കി.കാർത്തികയുടെ ആത്മാവിനെയും മോചിപ്പിച്ചു.ഇരുവരും അവരുടെ ലോകങ്ങളിലേക്ക് പറന്നു.
***********************************************
” അല്ലാ…ഇതെന്താ ഇങ്ങനൊരു കഥ…ജാതിക്കും മതത്തിനും വേണ്ടി പ്രണയത്തെ പോലും പറിച്ചെറിയുന്ന ലോകമോ…”
അച്ഛൻ പറഞ്ഞ കഥയിൽ വിശ്വാസം വരാത്ത രീതിയിൽ അവൾ ചോദിച്ചു.
” മാളൂട്ടി…ഇത് കഥ മാത്രമല്ല ജീവിക്കാൻ കൊതിച്ച പലരെയും തമ്മിൽ അകറ്റിയ ലോകത്തിൻ്റെ ശരിയായ മുഖമാണ്.. ഇന്നു ഇനി ഉറങ്ങാൻ നോക്ക്..നേരം ഒരുപാട് ആയി..”
” ഓക്കേ പപ്പാ… ഗുഡ് നൈറ്റ് ആൻഡ് സ്വീറ്റ് ഡ്രീംസ്…ലൗ യൂ..”
അയാളുടെ കവിളിൽ നനുത്ത മുത്തം നൽകി ആ പതിനഞ്ച് വയസ്സുകാരി മുറിയിലേക്ക് പോയി . അയാൾ പതിയെ മുറിയിലേക്ക് നടന്നു.അവിടെയുള്ള ഷെൽഫിൽ നിന്നും ഒരു ഡയറി എടുത്തു.അതിൽ ഒരു പെൺകുട്ടിയുടെയും ആൺകുട്ടിയെയും കല്യാണ ഫോട്ടോ ഉണ്ടായിരുന്നു.അതിലേക്ക് നോക്കവെ അയാളുടെ കണ്ണുകൾ ഈറൻ അണിഞ്ഞിരുന്നു…സ്വന്തം ചേട്ടൻ്റെയും ചേട്ടത്തിയമ്മയുടെയും കല്യാണ ഫോട്ടോ..അതിലേക്ക് നോക്കി അയാൾ കണ്ണീരോടെ പറഞ്ഞു
” നിങ്ങളും ഇതേപോലെ ജാതിയുടെയും മതത്തിൻ്റെയും പേരിൽ കൊല്ലപ്പെട്ടവർ ആണെന്നും നിങ്ങളുടെ മകൾ ആയ അവളെ രക്ഷിക്കാൻ സഹോദരൻ ആയ ഞാൻ ഓടി രക്ഷപെട്ടു മറ്റൊരു സ്ഥലത്തേക്ക് വന്നതാണെന്നും എങ്ങനെ ഞാൻ അവളോട് പറയും.ഇന്നും അവൾ മമ്മിയെ തിരക്കാറുണ്ട്.അവൾക്ക് വേണ്ടി മാറ്റി വച്ച ഈ ജീവിതത്തിൽ ഞാനൊരു ഇണയെ കണ്ടെത്താൻ ശ്രമിച്ചില്ല.അതുകൊണ്ട് ആകാശത്തേക്ക് ചൂണ്ടി ഒരു നക്ഷത്രത്തെ അവൾക്കായി കാണിച്ച് കൊടുക്കാറുണ്ട്.ഇതെൻ്റെ നിയോഗം ആണ്.ഞാൻ അവളെ വളർത്തും ജാതിയുടെയും മതത്തിൻ്റെയും വിത്ത് ഉള്ളിൽ മുളപൊട്ടാതെ….അവളും ജീവിക്കട്ടെ ഒന്നിൻ്റെയും ചരടുകൾ കൊണ്ട് ബന്ധിക്കപെടാതെ…മതിൽകെട്ടുകൾ ഇല്ലാതെ….
അവസാനിച്ചു

by