പതിനാലാം രാവ്.
സുമലതയും ഭ൪ത്താവ് ഗൌരീന്ദ്രനും നടന്നുപോകുന്നത് കണ്ടാണ് അയൽക്കൂട്ടം പുതിയൊരു ഗോസിപ്പ് കിട്ടിയ സന്തോഷത്തോടെ ശബ്ദം താഴ്ത്തി സംസാരം തുടങ്ങിയത്.
അവരെന്താ ഇത്ര സന്തോഷത്തിൽ..?
വസുമതിയമ്മയുടെ മുറ്റത്ത് വിട൪ന്നുനിന്ന നന്ത്യാ൪വട്ടത്തിൽനിന്നും ഒരു പൂവട൪ത്തി വാസനിച്ചുനോക്കിക്കൊണ്ട് രാജിയാണ് തുടക്കമിട്ടത്.
നീയാ പൂവൊന്നും നുള്ളിക്കളയാതെ…
വസുമതിയമ്മ ശാസിച്ചു.
അവ൪ക്ക് തന്റെ ചെടികൾ കുഞ്ഞുങ്ങളെപ്പോലെയാണ്.
ഓ.. പിന്നെ..
നിങ്ങളുടെ പൂവൊരെണ്ണം പറിച്ചെന്നുംവെച്ച് ആയിരം ഉറുപ്പികയല്ലേ നഷ്ടം വന്നത്…
മകൾ രുഗ്മിണി അമ്മയെ അതേ കണക്കിന് ശാസിച്ചു.
അവരുടെ മുഖം വാടി.
ഇന്നലെ ഞാനും കണ്ടതാടീ…
സൂപ്പർമാർക്കറ്റിൽ വന്നപ്പോൾ രണ്ടും കൂടി മിണ്ടീം പറഞ്ഞും പോണത് കണ്ടാ കഴിഞ്ഞാഴ്ചയാ കല്യാണം കഴിഞ്ഞത് എന്ന് തോന്നും..
രുഗ്മിണി രാജിയോടായി പറഞ്ഞു.
നീ കുടുംബശ്രീയിലെ ലോൺ അടച്ച് തീ൪ന്നോടീ..?
രസംകൊല്ലിയായി സുഷമ ചോദിച്ചു.
ഇല്ലെടീ.. അതിനീം കിടക്കുന്നു അഞ്ചെട്ട് മാസം.. അതവിടെ നിക്കട്ടെ.. നിന്റെ വീട്ടിന്റെ തൊട്ടപ്പുറത്തല്ലേ സുമ.. അവിടെ എന്താ വിശേഷംന്ന് നിനക്കറിയാമ്പാടില്ലേ..?
രുഗ്മിണി പരിഭവംപോലെ ചോദിച്ചു.
അത്.. രുക്കൂ..
പണ്ട് അവളുടെ കുഞ്ഞിന് ഏതാണ്ട് പനി വന്നപ്പോൾ ആശൂത്രി കൊണ്ടോവാൻ അഞ്ഞൂറ് രൂപക്ക് കടം ചോദിച്ച് വന്നാരുന്നു..
അതോടെ ഞാനവളുടെ വീടുമായുള്ള സകലബന്ധോം നി൪ത്തിയാരുന്നു..
എന്തേ.. നിനക്കവള് കടം വാങ്ങിയ പണം തിരിച്ചുതന്നില്ലേ..?
രാജി ചിരിയോടെ ചോദിച്ചു.
അതിന് ഞാൻ കൊടുത്തിട്ടുവേണ്ടേ തിരിച്ചുതരാൻ…
അവൾ കൂസലില്ലാതെ ന൪മ്മത്തിന്റെ കയറൂരിവിട്ടു.
വസുമതിയമ്മ ചുണ്ടിലൂറിയ ചിരി കടിച്ചുപിടിച്ചു.
അവരുടെ മനസ്സിൽ ഗൌരീന്ദ്രന്റെ കല്യാണം കഴിഞ്ഞ കാലം കടന്നുവന്നു.
നല്ല തന്റേടമുള്ള യോഗ്യനായിരുന്നു ഗൌരീന്ദ്രൻ. അവന്റെ അമ്മ അവനുവേണ്ടി പെണ്ണന്വേഷിക്കാൻ എവിടെയും ബാക്കിയുണ്ടായിരുന്നില്ല. ജാതകം ചേ൪ന്നാൽ അവന് പെണ്ണിനെ പിടിക്കില്ല..
ഇനിയഥവാ ഇരുവീട്ടുകാ൪ക്കും ‘കൊടുക്കാം കൊള്ളാം’ എന്ന് തോന്നിയാലോ ആ ജാതകം ഒട്ട് ചേരുകയുമില്ല. പഞ്ചായത്തിലെ ക്ല൪ക്കായിരുന്നു ഗൌരീന്ദ്രൻ. പാ൪ട്ടിക്കാ൪ ആരെങ്കിലും എന്തെങ്കിലും ആവശ്യവുമായി വീട്ടിൽ വന്നാൽ ഓഫീസിൽ വന്നാൽമതി എന്ന് പറഞ്ഞ് അയാൾ ഓടിച്ചുവിടും. വൈകുന്നേരം ജോലികഴിഞ്ഞ് വീട്ടിൽ വന്നാൽ അത്യാവശ്യം വളപ്പിലെ പുല്ല് പറിച്ച് വൃത്തിയാക്കുക, കുറച്ച് പച്ചക്കറി നട്ടുനനക്കുക, ലേശം ചെടികളൊക്കെ നട്ട് പരിപാലിക്കുക എന്നതൊക്കെയായിരുന്നു ഗൌരീന്ദ്രന് പ്രിയം.
മൂക്കിൻതുമ്പത്തെ ദേഷ്യം കണ്ട് സുമലത എപ്പോഴും പതുങ്ങിയേ അയാളോട് ഇടപെടുകയുള്ളൂ. അങ്ങനെ ഗൌരീന്ദ്രൻ വള൪ന്ന് പട൪ന്ന് പന്തലിച്ച് ആ വീടും പുരയിടവും റോഡും കവിഞ്ഞ് പഞ്ചായത്ത് വരെയെത്തി. തന്റെ മുന്നിൽ ആരും തന്നേക്കാൾ തലക്കനത്തിലും തലപൊക്കത്തിലും ഇല്ല എന്നുതന്നെ അയാൾ വിശ്വസിച്ചുപോന്നു.
സുമക്ക് ആകെയുള്ള ആശ്വാസം തന്റെ മകളായിരുന്നു. അവളുടെ മുഖം കാണുമ്പോഴാണ് ഗൌരീന്ദ്രന്റെ മുഖത്ത് അല്പം അലിവ് പ്രത്യക്ഷപ്പെടുന്നത്. കല്യാണം കഴിഞ്ഞ് വന്നതുമുതൽ സുമേ എന്ന് വിളിക്കുന്നതിന് മുമ്പേ മുന്നിലെത്തണം. ചായ എന്ന് തികച്ചു പറയുന്നതിനു മുന്നേ ചായ കിട്ടണം. ഓഫീസിൽ പോകാൻ ഇറങ്ങുമ്പോഴേക്കും വസ്ത്രങ്ങൾ അലക്കി ഇസ്തിരിയിട്ട് മടക്കിവെച്ചത് മുന്നിൽ എത്തണം. ചോറും കറികളും പലഹാരങ്ങളും തരാതരമുണ്ടാക്കി ഊട്ടിയുറക്കി തൂത്തും തുടച്ചും ഉറങ്ങാൻ മറന്ന് ഉണരാൻ മറക്കാതെ ഒരു സിനിമക്ക് പോലും ഒന്നിച്ച് പോവാതെ പത്ത് പന്ത്രണ്ട് കൊല്ലം കഴിഞ്ഞതറിയാതെ സുമ ജീവിച്ചു.
അവൾ മകൾ വളരുന്നതും എഴുതുന്നതും പഠിക്കുന്നതും കണ്ടുകണ്ട് തന്റെ പ്രാരാബ്ധങ്ങൾ മറന്നു. അവളുടെ പാട്ടിലും കൊഞ്ചലിലും കാലിലെ പാദസരത്തിന്റെ കിലുക്കത്തിലും സുമ മതിമറന്നു. കുഞ്ഞ് അടുത്ത് വരുമ്പോൾ അവൾക്ക് ഹൃദയം നിറയും. അവളങ്ങ് ഒരുങ്ങിയിറങ്ങി സ്കൂളിൽ പോയാൽ പിന്നെ പടിക്കലേക്ക് നോക്കി ഒരു നില്പുണ്ട് സുമക്ക്. അത് കാണുമ്പോൾ ഓഫീസിലേക്കിറങ്ങുന്ന ഗൌരീന്ദ്രൻ പറയും:
നാളെ മറ്റൊരു വീട്ടിലേക്ക് ഒരുക്കി ഇറക്കിവിടേണ്ട പെണ്ണാണ്.. അധികം കണ്ടുകണ്ട് മോഹിക്കരുത്.. നീ ഇരുന്നു കരയേണ്ടിവരും..
അപ്പോഴാണ് സുമലത ദീർഘനിശ്വാസം എടുത്ത് അടുക്കളയിലേക്ക് വീണ്ടും കയറുന്നത്. പിന്നെ അടിക്കലായി.. തുടക്കലായി.. അലക്കായി.. കുളിയായി.. വൈകുന്നേരത്തെ വിഭവങ്ങൾ ഒരുക്കലായി. അപ്പോഴേക്കും നാലു മണിയാകും.
ദേ നോക്കിയേടീ.. അവർ രണ്ടുപേരും സാധനങ്ങളൊക്കെ വാങ്ങി മടങ്ങി..
സുഷമ രാജിയെ നോക്കി അടക്കം പറഞ്ഞു.
എന്താ സുമേ ഈയ്യിടെയായി രണ്ടാളും ഒരു കളിയും ചിരിയും..?
പൊടുന്നനെയാണ് രണ്ടും കൽപ്പിച്ച് രുഗ്മിണി ഒരു ചോദ്യമെറിഞ്ഞത്. സുമ റോഡിൽ തിരിഞ്ഞുനിന്നു.
ഓ..അതോ… കിണറ്റിലെ വെള്ളം കോരുന്ന കയറൊന്ന് പൊട്ടാറായെന്ന് പറഞ്ഞതാ…
അതിൽപ്പിന്നെ ഇങ്ങനെയാ…
സുമ അത് പറഞ്ഞതും ഗൗരീന്ദ്രൻ പൊട്ടിച്ചിരിച്ചു. അതുകണ്ട് രാജിക്കും രുഗ്മിണിക്കും വസുമതിക്കും സുഷമക്കും അത്ഭുതമായി. അവരൊന്നും ഗൗരീന്ദ്രൻ ഇങ്ങനെ പൊട്ടിച്ചിരിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല.
അതും പറഞ്ഞ് മുന്നോട്ടുനീങ്ങവേ സുമ അന്നത്തെ രാത്രി ഓർത്തു..
പതിവുപോലെ ഓഫീസിൽനിന്നും വന്ന് വളപ്പിലെ ചില്ലറ ജോലികളും കഴിഞ്ഞ് കുളിക്കാൻ കയറിയതായിരുന്നു ഗൗരീന്ദ്രൻ. നന്നായി ഇരുട്ടിത്തുടങ്ങിയിരുന്നു.
കുളിമുറിയിൽനിന്നും കിണറ്റിലെ വെള്ളം കോരിയെടുത്തേ ഗൗരീന്ദ്രൻ വൈകുന്നേരം കുളിക്കൂ..
അതൊരു സുഖമാ..
അയാൾ എപ്പോഴും പറയും.
പൊടുന്നനെയാണ് കയർ പൊട്ടി ഗൗരീന്ദ്രനും തൊട്ടിയും കിണറ്റിലേക്ക് ആഞ്ഞത്. തൊട്ടി താഴെ വെള്ളത്തിൽ വീണ ഒച്ച കേട്ടാണ് സുമലത ഓടി കുളിമുറിയിൽ എത്തിയത്. വാതിൽ ചാരിയിടാറേ ഉണ്ടായിരുന്നുള്ളൂ.
കിണറ്റിലെ ഇരുട്ടിലേക്ക് നോക്കി അവൾ ആകുലതയോടെ വിളിച്ചു:
ഇന്ദ്രേട്ടാ..
കുളിമുറിയിലെ മങ്ങിയ വെളിച്ചത്തിൽ അവൾ കണ്ടു, ഒന്നാമത്തെ പടവിന്റെ കല്ലിൽ പിടിച്ച് വീഴാതെനിൽക്കുന്ന ഗൗരീന്ദ്രൻ.
വേഗം തന്നെ ഒന്നും ആലോചിക്കാതെ സുമലത കൈകൾ നീട്ടി. ഗൗരീന്ദ്രൻ അവളുടെ കൈ എത്തിപ്പിടിച്ചതും മറ്റേ കയ്യിലെ കല്ല് ഇളകി താഴേക്ക് പതിച്ചതും ഒരുമിച്ചായിരുന്നു. എവിടെയോ ചവിട്ടി നിൽക്കുന്നുണ്ട് ഗൗരീന്ദ്രൻ. പക്ഷേ ആ കല്ലും എത്ര നേരം ഇളകാതെ നിൽക്കുമെന്ന് അവർക്ക് രണ്ടുപേർക്കും ഒരു ഉറപ്പും ഉണ്ടായിരുന്നില്ല.
ഇന്ന് രാവിലെ കൂടി ഞാൻ പറഞ്ഞതല്ലേ കിണറ്റിലെ കയർ പൊട്ടാറായിട്ടുണ്ട് എന്ന്…
സുമ സങ്കടത്തോടെ പറഞ്ഞു.
ഗൗരീന്ദ്രന് ആകെക്കൂടി പരിഭ്രമമായി.
ഇനി എന്തോ ചെയ്യുമെടീ..?
അയാൾ ഭാര്യയെ നോക്കി ചോദിച്ചു. വലിയ പറമ്പായതുകൊണ്ട് കണ്ണെത്തുന്ന ദൂരത്തൊന്നും ഒരു വീടില്ല. ഒച്ചവെച്ചു വിളിച്ചാലൊന്നും ആരും വരാൻ പോകുന്നില്ല.
അന്ന് പകൽ അയാളുടെ പെങ്ങൾ വന്ന് തിരിച്ചുപോകുമ്പോൾ മകളും കുട്ടികളുടെ കൂടെ അവരുടെ വീട്ടിലേക്ക് പോകാൻ വാശിപിടിച്ച് പോയിരുന്നു. അല്ലെങ്കിൽ അവളെ വിളിച്ചുപറഞ്ഞെങ്കിലും അടുത്തവീട്ടിലെങ്ങാനും ചെന്ന് ആരെയെങ്കിലും വിളിച്ചുകൊണ്ടുവരാമായിരുന്നു.
സുമേ നീ പിടിവിട്ടാൽ ഞാൻ താഴെ വീഴുമേ… എനിക്ക് നീന്തൽ അറിയില്ല എന്ന് നിനക്കറിയില്ലേ..
എന്റെ കൈവിടല്ലേ…
കിണറ്റിലേക്ക് ഏതുസമയവും പിടിവിട്ട് വീഴാം എന്ന നിലയിൽ ഞാന്നുകിടന്നുകൊണ്ട് അയാൾ കെഞ്ചി.
ഇല്ല ഇന്ദ്രേട്ടാ, എനിക്ക് ജീവനുള്ള നേരംവരെ ഞാൻ പിടിവിടില്ല…
എത്രനേരം എന്ന് വെച്ചാ സുമേ നീ ഇങ്ങനെ നിൽക്കുക…?
പുലരുന്ന നേരം വരെ നിൽക്കാം… രാവിലെ തന്നെ പത്രക്കാരൻ വരുമല്ലോ..
അവനോട് ആളുകളെ വിളിച്ചു കൊണ്ടുവന്ന് കയറ്റാൻ പറയാം.
ഇരുട്ടിലേക്ക് നോക്കി ദീർഘനിശ്വാസം വിട്ട് രണ്ടുപേരും ഏറെനേരം മൗനമായി നിന്നു. ഗൗരീന്ദ്രൻ തന്റെ കുട്ടിക്കാലം മുതൽ ഇങ്ങോട്ട് ഓരോ സംഭവങ്ങൾ ഓർത്തുനോക്കി. സുമയെ കല്യാണം കഴിച്ചതുമുതലുള്ള കാലം ഓർത്തപ്പോൾ അയാൾ ഏറെ ദുഃഖിതനായി. അവൾക്ക് താൻ ഒരിക്കലും ഒരു സ്വൈര്യവും കൊടുത്തിട്ടില്ല. അവൾക്ക് ഒരു പൊടിക്ക് സൗന്ദര്യം കൂടുതലുണ്ടോ, തന്നെക്കാൾ ഒരുപാട് പ്രായം കുറവാണോ, മറ്റുള്ളവർ അവളെക്കുറിച്ച് എന്താണാവോ പറയുന്നത് എന്നൊക്കെ ചിന്തിച്ച് അവളെ എന്നും കുറ്റം പറഞ്ഞിട്ടേ ഉള്ളൂ.. നല്ലൊരു വാക്ക് ഇന്നുവരെ മിണ്ടിയിട്ടില്ല. ഇരുപത്തിനാല് മണിക്കൂറും കറങ്ങുന്ന യന്ത്രമായി തീർന്നിരുന്നു സുമ എന്നറിയാഞ്ഞിട്ടല്ല…
എന്നോ എടുത്തു പുതച്ചുപോയ ഗൗരവത്തിന്റെ ഒരു മേൽപ്പുതപ്പ് അഴിച്ചുമാറ്റാൻ അയാൾ മറന്നുപോയിരുന്നു..
അയാൾ ആർദ്രമായി വിളിച്ചു:
സുമേ..
എന്തോ…
നിനക്ക് എന്നോട് പരിഭവമില്ലേ..?
എന്തിന്..?
നിന്നെ ഞാനെന്തോരം കഷ്ടപ്പെടുത്തിയിട്ടുണ്ട്…
ഓ അത് സാരമില്ല.. കുടുംബമായാൽ അങ്ങനെ എന്തൊക്കെ ഉണ്ടാകും..
ഇന്ദ്രേട്ടൻ പകൽ മുഴുവൻ ജോലി കഴിഞ്ഞല്ലേ ക്ഷീണിച്ചു തിരിച്ചെത്തുന്നത്.. ഈ കുടുംബത്തിന് വേണ്ടിയല്ലേ ഇന്ദ്രേട്ടൻ കഷ്ടപ്പെടുന്നത്.. ഞാൻ അങ്ങനെയേ കണ്ടിട്ടുള്ളൂ..
സുമേ നിന്റെ കൈ വേദനിക്കുന്നില്ലേ.. എന്റെ വെയിറ്റ് നിനക്ക് താങ്ങാൻ പറ്റുന്നുണ്ടോ..?
ഇന്ദ്രേട്ടൻ അവിടെ ചവിട്ടി നിൽക്കുന്നതുകൊണ്ട് അത്ര വെയിറ്റ് തോന്നുന്നില്ല.. ഇന്ദ്രേട്ടൻ എന്റെ കൈ മുറുകെ പിടിച്ചോളൂ.. ഞാനിവിടെ മറ്റേ കൈകൊണ്ട് കിണറ്റിൻപടി പിടിച്ചിട്ടുണ്ട്.
പക്ഷേ ശരീരം തളരുന്നതായും കൈ വേദനിക്കുന്നതായും സുമക്ക് തോന്നിത്തുടങ്ങിയിരുന്നു. പുലരുന്ന നേരംവരെ ഇങ്ങനെ ഒരേ നിൽപ്പ് നിൽക്കാൻ കഴിയുമോ എന്നും അവൾക്ക് ആശങ്കയുണ്ടായിരുന്നു. പക്ഷേ അവൾ അത് പ്രകടിപ്പിച്ചില്ല. സമയം കടന്നുപോയ്ക്കൊണ്ടിരുന്നു. ആകാശത്ത് ചന്ദ്രൻ ഉദിച്ചുയർന്നു. നല്ല നിലാവ്.. ഗൗരീന്ദ്രന്റെയും ക്ഷമ നശിച്ചുകൊണ്ടിരുന്നു. അയാൾക്ക് അങ്കലാപ്പ് വർദ്ധിച്ചുവന്നു. അത് മനസ്സിലാക്കിയ സുമ അയാളുടെ മനസ്സ് മാറ്റാനായി ചന്ദ്രനെ കാണിച്ചുകൊണ്ട് പറഞ്ഞു:
ഇന്ദ്രേട്ടൻ ആകാശത്തേക്ക് നോക്കിയേ… ഇന്ന് പൗർണമി ആണെന്ന് തോന്നുന്നു… നല്ല നിലാവ്…
ഗൗരീന്ദ്രൻ ആകാശത്തേക്ക് നോക്കി. പ്രകൃതിയും തന്റെ വീടും നിലാവിൽ കുളിച്ചുനിൽക്കുന്നു. തന്റെ കൈപിടിച്ച് കിണറ്റിൻപടിയിലൂടെ താഴേക്ക് കുനിഞ്ഞ് സുമലത.. അവളുടെ മുഖത്തുനിന്നും വിയർപ്പ് കണങ്ങൾ ഇറ്റു വീഴുന്നുണ്ട്. കണ്ണുകൾ പരൽ മീനുകൾ പോലെ തിളങ്ങുന്നുണ്ട്.. അവളുടെ ചുണ്ടുകൾ വിറക്കുന്നുണ്ട്.. ശ്വാസവേഗം കൂടിയിട്ടുണ്ട്.. വിവാഹം കഴിഞ്ഞ നാളുകളിൽ എന്നോകണ്ടു മറന്ന സുന്ദരമായ ആ മുഖം. പിന്നീട് മനഃപ്പൂർവ്വം ആ മുഖത്തേക്ക് നോക്കാൻ താൻ അശക്തനായിരുന്നു. ഒരു നിമിഷം അവളിലേക്ക് ആവേശിക്കാൻ അയാൾക്ക് കൊതി തോന്നി.
നീ നന്നായി പിടിച്ചിട്ടില്ലേ സുമേ..?
അയാൾ ചോദിച്ചു.
അവൾ ഉവ്വെന്ന് ഉത്തരം പറഞ്ഞു.
എങ്കിൽ ഞാനൊന്ന് കയറിവരാൻ ശ്രമിക്കുകയാണ്.. നീ ശ്രദ്ധിച്ചോണേ..
അവളുടെ ഉത്തരം കാക്കാതെ ഒരു കുതിപ്പിന് ഗൗരീന്ദ്രൻ പടിവാതിൽ എത്തിപ്പിടിച്ച് ഒരു കയറ്റം കയറി. സാഹസമാണ് കാട്ടിയതെങ്കിലും ഗൗരീന്ദ്രൻ ഉള്ളിൽ എങ്ങനെയോ കയറിപ്പറ്റി. അത്രമേൽ അവരുടെ രണ്ടുപേരുടെയും കൈകഴച്ചു പോയിരുന്നു. ഇനിയും അവളുടെ കൈപിടിച്ചു തൂങ്ങിനിന്നാൽ രണ്ടുപേരും താഴേക്ക് വീണുപോകുമോ എന്ന് അയാൾ ഭയന്നുതുടങ്ങിയിരുന്നു. കുളിമുറിയിൽ എത്തിയ ഉടനെ അവർ ഇരുവരും പരസ്പരം വാരിപ്പുണർന്നു.
സുമേ ഞാൻ കിണറ്റിൽ വീണ കാര്യമൊന്നും ആരോടും പറയല്ലേ…
സാധനങ്ങൾ വാങ്ങി വീട്ടിലെത്തിയതും വാതിൽ തുറക്കുമ്പോൾ അയാൾ പറഞ്ഞു.
കിണറ്റിൽ വീണിട്ടില്ലല്ലോ.. വീഴാൻ പോയതല്ലേ ഉള്ളൂ…
സുമ ചിരിയോടെ മറുപടി പറഞ്ഞു.
പക്ഷേ മറ്റൊന്ന് ആ കിണറ്റിൽ വീണുപോയിട്ടുണ്ട്..
സുമ സാധനങ്ങൾ എടുത്തുവെച്ചുകൊണ്ട് പറഞ്ഞു.
കിണറ്റിൽ വീണ തൊട്ടിക്ക് പകരം ആ ദിവസം തന്നെ ഞാൻ പുതിയതൊന്ന് വാങ്ങിയതാണല്ലോ..
അയാൾ പറഞ്ഞു.
അതല്ല…
പിന്നെ..?
ഗൗരീന്ദ്രൻ അവളുടെ കണ്ണുകളിലേക്ക് ആശങ്കയോടെ നോക്കി.
നിങ്ങളുടെ ദു൪വ്വാശി..
അത് അന്ന് കിണറ്റിൽ വീണുപോയിട്ടുണ്ട്..
അവൾ സ്വകാര്യമായി പറഞ്ഞു.
സാരമില്ല.. നന്നായേയുള്ളൂ…
അയാൾ അതും പറഞ്ഞ് പുഞ്ചിരിച്ചു.
✍ ഭാഗ്യലക്ഷ്മി. കെ. സി.

by