രചന : ഗായത്രി സുരേന്ദ്രൻ
മുഖമടക്കിയുള്ള ഒരു അടിയേറ്റാണ് ആരാധ്യ തറയിലേക്കു വീണത്….ഒരുനിമിഷം അവൾക്ക് പെട്ടന്നു സംഭവിച്ചതെന്തെന്നു മനസിലായില്ല….ആശയക്കുഴപ്പത്തിനിടയിലും അടിയുടെ ശക്തിയിൽ തലയിൽ നിന്നും കാൽവിരൽ വരെ അവൾക്കു നീറി….കവിളിൽ നിന്നും ചൂടുപുകയുന്നു…. കണ്ണിൽ നിന്നും കണ്ണീരു വഹിക്കുന്നു…തലകറങ്ങുന്നതു പോലെ… കവിൾത്തടത്തിൽ അഞ്ചു വിരലുകളുടെ പാട് അവൾതൊട്ടറിഞ്ഞു…”ആഹ്….”അവളവിടം സ്പർശിച്ചപ്പോൾ തന്നെ പിടഞ്ഞു പോയി…. ചെറുതാരി കവിളു മുറിഞ്ഞോ എന്നവൾ സംശയിച്ചു…
സ്വബോധം വീണ്ടെടുത്ത് അവൾ തന്നെ പ്രഹരിച്ച കൈകളുടെ ഉടമയെ തിരഞ്ഞു മുകളിലേക്കു നോക്കി…ഒരു മാത്ര അവളിലും ഒരു ഞെട്ടലുണ്ടായി…മിഴി…..!!!!!!!!!!!
മുന്നിൽ സംഹാരരുദ്രയെന്ന ഭാവേണ നിലയുറപ്പിച്ചിരിക്കുകയാണ്…..ഇന്നേവരെ കണ്ട മുഖഭാവമല്ല അവളിലുളവായിരിക്കുന്നത്….
ക്രോധം മൂലം കണ്ണുകളിൽ അഗ്നി ജ്വലിച്ചു നിൽക്കുന്നു….പുഞ്ചിരിയും കരച്ചിലും കൊഞ്ചലും ലാളിത്യവും മാത്രം കണ്ടു പോന്ന മിഴിയുടെ ഭാവത്തിന്റെ പൊടന്നനെയുള്ള മാറ്റം അവളെയും ചെറുതായൊന്നു പരിഭ്രമിപ്പിച്ചു…..എങ്കിലും അവൾ നിലത്തു നിന്നും പിടഞ്ഞെഴുന്നേറ്റു….
മിഴിയുടെ പൊടുന്നനെയുണ്ടായ ഭാവവ്യത്യാസത്തിൽ അവളൊന്നു പകച്ചുവെങ്കിലും മിഴിയെ അവൾ പകയെരിയുന്ന കണ്ണുളോടെ നേരിട്ടു…..”നീ….. നീയെന്നെ….ഛീ…..നിന്നെയെനിനിക്ക് നശിപ്പിക്കാനുള്ള ശേഷിയില്ലാഞ്ഞിട്ടല്ല ഞാൻ നിന്നോടു ദയ കാണിച്ചത്….നിനക്ക് എന്നെ ഒന്നും ചെയ്യാനുള്ള കഴിവില്ലാത്തതു കൊണ്ടാണ്…..നീയെന്റെ മുൻപിൽ ഒരു പുൽക്കൊടിയോളം ചെറുതാണ്….അത്രയേറെ നിസ്സാരമാണ്….നീയിപ്പോൾ ചെയ്തതിന്റെ പരിണിതഫലം എന്താണെന്നു നിനക്കറിയില്ല മിഴീ….അതു നീ പ്രതീക്ഷിക്കുന്നതിനേക്കാളെത്രയോ പ്രഹരശേഷിയുള്ളതായിരിക്കും……
നിന്നെ ഞാനൊരു തടസ്സമായി കരുതിയില്ല അതുകൊണ്ട് ഇത്രയും നേരം വെറുതേ വിട്ടു….
ഇപ്പോൾ , ഇപ്പോൾ നീ നിനക്കുള്ളതു ചോദിച്ചു വാങ്ങാൻ പോവുകയാണ്….നിനക്കതു നേരിടാനുള്ള കഴിവുപോലും ഉണ്ടാവുകയില്ലാ…..” ആരാധ്യയെ അമ്പരപ്പിച്ചു കൊണ്ട് മിഴി പൊട്ടിച്ചിരിക്കുകയായിരുന്നു ചെയ്തത്….അതവളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു….മിഴി ആരാധ്യയുടെ കണ്ണുകളിലേക്കു ദൃഷ്ടി മാറ്റി…. അവളുടെ കണ്ണുകളുടെ തീവ്രതയ്ക്കു മുന്നിൽ ആരാധ്യ മുഖം വെട്ടിച്ചു….
മിഴിയുടെ മുഖം വലിഞ്ഞു മുറുകി…. അവളിൽ അവളനുഭവിച്ച വേദനയുടെ കനലെരിഞ്ഞു കത്തി….”നീ…. നീയെന്താണു ചിന്തിച്ചത്…
നിലത്തിട്ടു ചതച്ചരച്ചാൽ പോലും പ്രതികരിക്കാത്ത പെണ്ണാണു ഞാനെന്നോ….ആരെന്തു പറഞ്ഞാലും കരഞ്ഞു പോവുന്നത്ര ദുർബലമാണെന്റെ മനസ്സെന്നോ??….എങ്കിൽ നീയിത്ര നേരം എന്നെക്കുറിച്ചു ധരിച്ചതെല്ലാം തെറ്റാണ് ആരാധ്യാ….
ഞാൻ ഒരു പുൽക്കൊടിയെപ്പോലും നോവിക്കാറില്ല… കാരണമതെന്നെയും ദ്രോഹിക്കാറില്ലെന്നതു തന്നെ….
പ്രിയപ്പെട്ടവർക്കു വേണ്ടി ഞാൻ പലതും ത്യജിക്കാറുണ്ട് ക്ഷമിക്കാറുണ്ട് മറക്കാറുണ്ട്…..
കാരണം അവർക്കു ഞാനെന്റെ ജീവനേക്കാളും വിലയർപ്പിക്കുന്നു….എന്നു കരുതി പ്രതികരണശേഷിയില്ലാത്ത പെണ്ണാണു ഞാനെന്നു നീ കരുതിയെങ്കിൽ അതു നിന്റെ മാത്രം തെറ്റ്…….
ശാന്തമായ സമുദ്രത്തെ കണ്ടു അതിനുമേലെന്തും ചെയ്യാമെന്നു കരുതിയാലതു തെറ്റ്….
അതേ സമുദ്രത്തിൽ നിന്നുയരുന്ന കൂറ്റൻ തിരമാലകളുടെ ശക്തിയെ വിസ്മരിക്കുന്നതു കൊണ്ടാണ് അങ്ങനെ തെറ്റിദ്ധരിക്കുന്നത്….
നീയുമതേ ബുദ്ധിമോശം ചിന്തിച്ചൂ ആരാധ്യാ….
എന്റെ ഹൃദയത്തിൽ പതിഞ്ഞ പേരാണു മാധവ്… അതു നിന്നെപ്പോലെ വെറുമൊരു വാശിപ്പുറത്തു ജന്മം കൊണ്ട പ്രണയമല്ല….ജീവിതം ഉഴിഞ്ഞു വച്ച തപസ്യയാണ്….നിന്നെപ്പോലുള്ള ജന്മങ്ങൾക്കതൊരിക്കലും മനസിലാകുകയില്ല….”
“നിനക്കെന്നെ എന്തു ചെയ്യാൻ കഴിയും മിഴീ???!!!!….നിന്റെ വിവാഹമിവിടെ നിശ്ചയിക്കാൻപോവുകയാണ്….
മാധവ് എന്നെ വിവാഹം കഴിക്കുകയും ചെയ്യും…..
അതിനിടയിൽ നിനക്കു ചെയ്യാനായി യാതൊന്നും ബാക്കിയില്ല….പിന്നെ എനിക്കു ചെയ്യാനൊരുപാടുണ്ട്… കൂട്ടത്തിൽ നിന്നേയും…..
നീയിനി കരയാൻപോവുന്നേയുള്ളൂ…മാധവിനെ ഞാനെന്റെ കൈവെള്ളയിൽ വയ്ക്കും അതിനു ചുറ്റും നീയാടും…കാരണം എനിക്കറിയാം അവന്റെ ജീവനെ നീ നിന്റെ ജീവനേക്കാളേറെ സ്നേഹിക്കുന്നുവെന്ന്….നിന്റെ ജീവനെത്തന്നെയും ഞാൻ അവനിലൂടെ അകറ്റിയെടുത്തിരിക്കും….
അതിനു മുൻപ് നീയിപ്പോഴെനിക്കു തന്ന കടം ഞാൻ ഇരട്ടിയായി തന്നുതീർക്കും…”ആരാധ്യ മുറിവേറ്റ സിംഹത്തിന്റെ കണക്കു പകയോടെ മിഴിക്കു മുന്നിൽ ചീറി….മിഴി അവൾ പറയുന്നതു ശാന്തമായിരുന്നു കേട്ടു…
ആരാധ്യയുടെ വാക്കുകളിൽ അവൾക്കൊട്ടും ഭയം തോന്നിയില്ല…എന്തും നേരിടാനുള്ള തയ്യാറെടുപ്പിലവൾ മനസ്സിനെ സജ്ജമാക്കിയിരുന്നു….നീയെന്തു പറഞ്ഞാലും എന്തുതന്നെ ചെയ്താലും എനിക്കൊന്നും സംഭവിക്കാൻ പോകുന്നില്ല ആരാധ്യാ….കാരണം എന്റെ കണ്ണേട്ടനെ നിന്റെ വെറുമൊരു വാശിക്കു വേണ്ടി ബലികൊടുക്കാനുള്ളതല്ല….അതിപ്പോ എന്റെ ജീവൻ തന്നെ അർപ്പിച്ചിട്ടായാലും നിന്റെ ആഗ്രഹം നടക്കാൻ പോകുന്നില്ല…എനിക്കെന്തു ചെയ്യാൻ കഴിയുമെന്നു നീ കണ്ടോളൂ…”മിഴി ശക്തമായ കൽവയ്പ്പുകളോടെ മുറിക്കു പുറത്തിറങ്ങി…
അവൾക്കു പതിവിൽ കവിഞ്ഞ ധൈര്യം അനുഭവപ്പെട്ടു….അവൾക്കു വിഷമം വന്നതേയില്ല…ആരാധ്യയുടെ ചതിക്കുഴിയെപ്പറ്റി മാധവിനെ ബോധ്യപ്പെടുത്താനുള്ള തത്രപ്പാടായിരുന്നു അവൾക്കത്രയും…..അവൾ തൊടിയിലേക്കു നടന്നു…
എന്തു ചെയ്യണം എവിടുന്നു തുടങ്ങണം എന്ന് അവൾക്കൊരു എത്തും പിടിയും കിട്ടിയിരുന്നില്ല….
അവളാകെ തലപുകഞ്ഞിരുന്നു….കഴിഞ്ഞുപോയ ദിനങ്ങളിൽ കണ്ണേട്ടനൊപ്പം ആഹ്ലാദിച്ച നിമിഷങ്ങൾ അവളിൽ മിന്നിമാഞ്ഞു….നിറഞ്ഞ സന്തോഷമായിരുന്നുരണ്ടുപേർക്കും…..എന്നാലിനിയാ സന്തോഷങ്ങളെല്ലാം ഒരിക്കലും വന്നെത്താത്ത മായത്തഓർമ്മകൾമാത്രമായിരിക്കുമോ…..ചതിയിലൂടെ ആരാധ്യ കണ്ണേട്ടനെ സ്വന്തമാക്കിയാൽ തന്നെ അദ്ദേഹത്തിന്റെ മനസ്സ് അവൾക്കു കിട്ടില്ലല്ലോ….
എന്നിട്ടും അവളെന്തിനാണിങ്ങനെ…..പക്ഷേ എന്തും സംഭവിക്കട്ടെ ഈ ചതി ഞാൻ എങ്ങനെയും തടയുക തന്നെ ചെയ്യും….അവൾ മൈലാഞ്ചിപ്പടർപ്പുകൾക്കു മേലെ കൈകൾ വച്ചു ഒരു നിമിഷം കണ്ണടച്ചു…
അമ്മ….. അച്ഛൻ…….അവളുടെ ഉള്ളു തണുക്കും വരെ അവളവിടെയിരുന്നു….
കണ്ണുനീർത്തുള്ളികൾ കവിളിനെ ഒഴുകിയപ്പോൾ മനപ്പൂർവം അവളവയെ അവഗണിച്ചു…..
ഇനിയിങ്ങനെ നിന്നിട്ടു കാര്യമൊന്നുമില്ലാ…ആദ്യം കണ്ണേട്ടനെക്കാണണം… സ്വയം അന്ധത വരിക്കരുതെന്നു പറഞ്ഞു മനസിലാക്കണം….ഉറച്ചൊരു പറ്റില്ല എന്ന വാക്ക് ഏട്ടൻ പറഞ്ഞാൽ തീരാവുന്നതേയുള്ളൂ പ്രശ്നങ്ങളെല്ലാം അതിൽ നിന്നും വിലങ്ങുതടിയായി ഏട്ടന്റെ മുന്നിൽ നിൽക്കുന്ന കർത്തവ്യം എന്താണെന്നു മനസിലാക്കണം…..അവളവനെ അന്വേഷിച്ചു നടന്നു…. വീടിനകം മുഴുവൻ തിരക്കിയിട്ടും അവൾക്കവനെ കണ്ടുകിട്ടിയില്ലാ…..
ഇനി തൊടിയിൽ കൂടൊന്നു നോക്കണം….
കുളപ്പുരയിലും…..അവിടേക്കധികമാരുമിപ്പോൾ കടന്നു ചെല്ലാത്തതാണ്….ഉപയോഗിക്കാതെ ഉപേക്ഷിച്ചതിനാൽ ആ പരിസരമൊക്കെയും കാടു കയറാൻ തുടങ്ങിയിട്ടുണ്ട്….ഇനി അങ്ങോട്ടെങ്ങാനും….പറയാൻ കഴിയില്ല , കാരണം മനസ്സിനത്രയധികം ഭാരങ്ങൾ കെട്ടിക്കിടക്കുമ്പോൾ എങ്ങോട്ടെന്നില്ലാതെ മനുഷ്യൻ ചലിക്കും…..
******** ******** ********
മാധവ് ഇതേ സമയം മിഴി പ്രതീക്ഷിച്ചതുപോലെ കുളപ്പടവിൽവന്നിരിക്കുകയായിരുന്നു…എന്തുചെയ്യണമെന്നു നിശ്ചയമില്ല…ഏറെ സ്നേഹിച്ചതെന്തോ കൈമോശം വന്നു പോയിരിക്കുന്നു….എല്ലാം നിയന്ത്രിക്കാൻ കഴിയാത്ത വിധമായിത്തീർന്നു….
അതുപോലെ അമ്മയോടും മിഴിയോടും ആരാധ്യയെ സ്നേഹിക്കുന്നുവെന്നു പറഞ്ഞത് എത്ര വലിയ നുണയാണ്….മിഴിക്കതൊരിക്കലും വിശ്വസിക്കാൻ കഴിയില്ല…എങ്കിലും അവളെ വിശ്വസിപ്പിച്ചേ മതിയാകൂ…..അവൾക്കു വേണ്ടി ശ്രീനാഥിനു നൽകിയ വാക്കിനു വേണ്ടി……അവിടെ അവസാനം ബാക്കിയാകുന്നത് താൻ മാത്രം….
അവനിലൊരുപ്രതീക്ഷയുംശേഷിക്കുന്നില്ലായിരുന്നു….
മെല്ലെവേ തഴുകിയെത്തിയ കാറ്റിൽ അവന്റെ കാൽപാദത്തിനരികിലേക്ക് ഒരു പേരാലില പതിയേ പാറിവീണു….കുളപ്പടവിനോരം ചേർന്നു നിൽക്കുന്ന പേരാലിന്റെ സമ്മാനം….പ്രകൃതിയും തന്നെ സാന്ത്വനിപ്പിക്കുന്നതായി അവനു തോന്നി……പതിയേ അവനാ ഇല കുനിഞ്ഞെടുത്തു…..ഇലപ്പച്ചയിൽ മഞ്ഞരാശി പടർന്നു കയറാൻ തുടങ്ങിയതേയുള്ളൂ…..ജീവിതം പൂർത്തിയാക്കുന്നതിനു മുൻപു കൊഴിഞ്ഞു പോയ ജന്മം…..അതെവിടെയെങ്കിലും തന്നെ ധ്വനിപ്പിക്കുന്നുവോ…..തന്റെ അവസാനവും ഇങ്ങനെ ആയിരിക്കുമോ….അവനു മിഴിയെ ഓർമ്മവന്നു…..”എന്റെ മിഴീ….നിന്നോളം ഞാനെന്നെത്തന്നെയും സ്നേഹിച്ചിട്ടില്ല….
എന്റെ ഹൃദയത്തുടിപ്പിന്റെ വേരുകളിലാണ് നിന്റെ സ്ഥാനം….എന്നിട്ടും എന്റെ ഹൃദയത്തെ നഷ്ടപ്പെടാൻ പോവുകയാണ്…..അതിനു ഞാൻ മാത്രമാണ്ഉത്തരവാദി….ഞാൻമാത്രം….നീയെന്നോടു ക്ഷമിക്കുകില്ലേ???!!!…..”
അവനാ പേരാലിലയെ നെഞ്ചോടു ചേർത്തു പിടിച്ചു……ഇല്ലാ……ഞാൻ നിങ്ങളോടൊരിക്കലും ക്ഷമിക്കുകയില്ല…..ഇതേ പോലെയെന്നോടൊരു വട്ടം പറഞ്ഞുവെങ്കിൽ ഞാനിങ്ങനെ എരിയേണ്ടി വരില്ലായിരുന്നു…..”മാധവ് ഞെട്ടിത്തിരിഞ്ഞു നോക്കി….തൊട്ടുപിന്നിൽ ദേഷ്യം സ്ഫുരിക്കുന്ന മുഖവുമായിമിഴി…..എല്ലാമവൾകേട്ടിരിക്കുന്നു…..അവനവൾക്കു മുന്നിൽ ശിരസ്സു കുനിച്ചു നിന്നു….മിഴി മാധവിനടുത്തേക്കു വന്നു അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു എങ്കിലും മുഖത്തു ധൈര്യംതുളുമ്പിനിന്നിരുന്നു…”നിങ്ങൾ….. നിങ്ങൾ ദുഷ്ടനാണ്…സ്വന്തം തീരുമാനങ്ങൾക്കു വേണ്ടി ചുറ്റുമുള്ളവരെ ബലിയാടാക്കുന്നു…..
ഉണ്ണിയേട്ടനോടെന്നെ വിവാഹമാലോചിക്കാൻ പുർണ്ണപിന്തുണ കൊടുക്കുമ്പോൾ നിങ്ങൾ മനപ്പൂർവം എന്റെസ്വപ്നങ്ങളെകണ്ടില്ലെന്നുനടിച്ചു…..ഇഷ്ടമില്ലാതിരുന്നിട്ടു കൂടി എന്നെ വേദനിപ്പിക്കാനും നിങ്ങളിൽ നിന്നകറ്റാനും വേണ്ടി നിങ്ങൾ അവളെ ആരാധ്യയെ പ്രണയിക്കുന്നെന്നു പറഞ്ഞു…..ഇത്രത്തോളം എന്നോടു ക്രൂരത കാണിക്കാൻ നിങ്ങൾക്കെങ്ങനെ മനസ്സു വന്നു???!!!!………അറിയണം എനിക്ക്….എന്റെ ഓർമ്മകൾ ആരംഭിക്കുന്നതു പോലും നിങ്ങളിൽ നിന്നല്ലേ…..എന്റെ ഓരോ സ്പന്ദനവും നിങ്ങളെ തേടുകയായിരുന്നില്ലേ…..
ആ എന്നെ നിങ്ങൾക്ക് നിങ്ങളുടെ ജീവനിൽ നിന്നും പറിച്ചെറിയാനാമോ?????!!!….എനിക്കറിയണം….
അറിഞ്ഞേ തീരൂ……പറയ്….. ഇനിയുമീ മൗനം തുടരാൻ ഞാനനുവദിക്കില്ല….”
മിഴി അതുവരേയ്ക്കും തടഞ്ഞുനിർത്തിയ നൊമ്പരങ്ങൾ ഒരു പെരുമഴയായി അവളുടെ കണ്ണുകളിലൂടെ പെയ്തിറങ്ങി…അവൾ പൊട്ടിക്കരഞ്ഞുകൊണ്ടു മാധവിന്റെ ഷർട്ടിന്റെ കോളറുകളിൽ മുറുകെപ്പിടിച്ചുലച്ചു കൊണ്ട് ചീറി…..
അവളുടെ വേദന അധികം കണ്ടുനിൽക്കാനവനു സാധിച്ചില്ല…..അവന്റെ ഉള്ളം വിങ്ങി….സ്വയം മറന്നു പരിസരബോധമില്ലാതെ പുലമ്പിക്കൊണ്ടിരുന്നു മിഴി……അവളുടെ പ്രതിരോധങ്ങളെ തടുത്തുകൊണ്ട് പതിയേ മാധവ് മിഴിയെ ചേർത്തു പിടിച്ചു….അവളുടെ പരിഭവങ്ങൾ അവനിൽ നിന്നു കുതറിമാറാനവളെ പ്രേരിപ്പിച്ചു….എന്നാൽ കൈകൾ കൊണ്ടു മാധവ് കുരുക്കുകൾ തീർത്തുകൊണ്ട് അവളുടെ പരിശ്രമങ്ങളെ ചെറുത്തു…..അവന്റെ കൈകളിൽ അവൾ താനേ തളർന്നു പോവുന്നത് സ്വയം തിരിച്ചറിഞ്ഞു….എതിർപ്പുകൾ ദുർബലങ്ങളായി….പതിയേ പതിയേ അവളവനിലേക്കു ചാഞ്ഞു…..ഏറെക്കഴിഞ്ഞു പടിക്കെട്ടുകളിൽ മാധവിന്റെ മടിയിൽ തല വച്ചു മിഴി കിടന്നു….
അവളുടെ മനസ്സു തിരയൊഴിഞ്ഞ സമുദ്രം കണക്കു ശാന്തമായിത്തുടങ്ങിയിരുന്നു…..അവൾ മാധവിന്റെ കൈവിരലുകൾ ചേർത്തു പിടിച്ചു…..തന്നിൽ നിന്നും ഒരിക്കലും വേർപെടാൻ അനുവദിക്കില്ലെന്ന രൂപേണ ആവുംവിധംഅവൾവിരലുകളിലമർത്തിപ്പിടിച്ചു…..മാധവ് അവളുടെ ചിതറിക്കിടന്ന മുടിയിഴകളിലൂടെ വിരലോടിച്ചു…..”മിഴീ….നിന്നെ ഞാനൊരിക്കലും വേദനിപ്പിക്കാനാഗ്രഹിച്ചിരുന്നില്ല…..പക്ഷേ അങ്ങനെ ആരാധ്യയെ വിവാഹം കഴിക്കുക എന്ന തീരുമാനമെടുക്കേണ്ടി വന്നത് പ്രത്യുഷിനു വേണ്ടിയാണ്…..അവനോടെനിക്കുള്ള കടപ്പാടിന്റെ പുറത്താണ്…..ഒക്കേയും നിന്നോടു ഞാൻ പറയാം……..”
…..”തുടരും…….
(ഇനിയധികം വലിച്ചു നീട്ടുന്നില്ല… ഒന്നോ രണ്ടോ ഭാഗത്തോടെ അവസാനിപ്പിക്കാം😊എല്ലാ പ്രോത്സാഹനങ്ങൾക്കും ഒരുപാട് നന്ദി ❤
സസ്നേഹം ഗായത്രി 😊)

by