രചന – ജന്നാ
കതിർ മണ്ഡപത്തിൽ ഇരിക്കുമ്പോൾ ഉള്ളിൽ ഒരു ഭയം ആയിരുന്നു….. ഇതുവരെ അകലങ്ങളിൽ നിന്നും മാത്രം കണ്ടു നിന്നിരുന്ന കാർത്തികേയൻ ഉണ്ട് തൊട്ട് അടുത്തായി തന്നെ…. പ്രണയത്തൊടെ നോക്കി അവള് ആ മുഖത്തേക്ക്……
ഇരുനിറം പകർന്ന മുഖത്തിന് അഴക് ഏറി നെറ്റിയിൽ ഒരു ചന്ദനക്കുറി… വെള്ള മുണ്ടിനും ഷർട്ടിനും പകിട്ട് കൂടിയത് പോലെ അവൾക്ക് തോന്നി….
മേൽച്ചുണ്ടിനെ മറച്ചു കൊണ്ട് മീശ ഉണ്ട്… ഇത്തിരി ഒത്തുക്കത്തിൽ തന്നെ താടിയും…. മിഴികൾ സദാ ശാന്തമാണ്…..
“””താലി ചാർത്തിക്കോളൂ……””തിരുമേനിയുടെ സ്വരം കാതിൽ പതിഞ്ഞതും കാർത്തികേയൻ അവളുടെ അച്ഛൻ എടുത്ത് കൊടുത്ത താലി ജനനിയുടെ കഴുത്തിൽ ചാർത്തി…..ഇരു കൈകളും കൂപ്പി മിഴികൾ അടച്ചു അവള് അവന്റെ താലി ഏറ്റു വാങ്ങി…. സീമന്ത രേഖയിൽ പതിഞ്ഞ സിന്ദൂരം അവളിൽ മറ്റൊരു അനുഭൂതി പകർന്നു നൽകുന്നത് ജനനി അറിയുന്നുണ്ടായിരുന്നു….. അവള് അച്ഛന്റെ മുഖത്തേക്ക് നോക്കി…. ആ വൃദ്ധൻ കണ്ണുകൾ അമർത്തി തുടച്ചു… മകളെ നോക്കി പുഞ്ചിരിച്ചു….
അഗ്നിയെ സാക്ഷി ആക്കി വലം വയ്ക്കുമ്പോൾ ഹൃദയം സന്തോഷം കൊണ്ട് ആർത്ത് ഉല്ലസിച്ചു….നിലത്തേക്ക് നോട്ടം എറിഞ്ഞു മുന്നിലേക്ക് നടന്നു… അവളുടെ കുഞ്ഞ് വിരലിൽ അവൻ തന്റെ വിരലുകൾ കോർത്തു,…. തന്റെ ഭർത്താവിന്റെ ആദ്യ സ്പർശനം…. ഒരു പുഞ്ചിരി ആ ചൊടിയിൽ മിന്നി മാഞ്ഞു…. ഫോട്ടോകൾ എടുക്കാനായി പോസ് ചെയ്യുമ്പോൾ അവളിലേക്ക് അവന്റെ നോട്ടം പോലും എത്തിയില്ല….. ഇതൊന്നും അറിയാതെ തനിക്ക് തന്റെ പ്രണയം ലഭിച്ച സന്തോഷത്തിൽ ആയിരുന്നു ജനനി…..
“”ജാനി………””അകലെ നിന്നും ഒരാള് വിളിച്ചതും അവളുടെ മിഴികൾ അവിടേക്ക് പാഞ്ഞു….”സേറാ…..”” ജാനിയുടെ ചുണ്ടുകൾ മൊഴിഞ്ഞു…. ചിരിയാലെ അവളുടെ അടുത്തേക്ക് ഓടി എത്തുമ്പോൾ ആ ചിരി സേറയിലും പതിഞ്ഞു പോയിരുന്നു….
അവളെ മുറുകെ കെട്ടിപ്പിടിച്ചു ജാനി….. “”ടാ…. എന്താ ഇതൊക്കെ….? ഹരി എവിടെ…? “”അവളുടെ പുഞ്ചിരി മാഞ്ഞു…””അറിയില്ലെനിക്ക്….. മുഹൂർത്തം അടുത്തിട്ടും ഹരി എത്താത്തത് കൊണ്ട് ആകണം അച്ഛൻ വിളിച്ചു…. പക്ഷേ പറഞ്ഞത് സ്ത്രീധനം കുറഞ്ഞു പോയെന്ന്….അതുകൊണ്ട് വിവാഹത്തിന് താല്പര്യം ഇല്ലെന്ന്….. സത്യം അതൊന്നും അല്ലെടീ…. അയാൾക്ക് മറ്റൊരു പെണ്ണിനെ ഇഷ്ടവാ… ഇന്നലെ വിവാഹവും കഴിഞ്ഞു….””””നീ എന്ത് കൂൾ ആയിട്ടാണ് ഇതൊക്കെ പറയുന്നത്…. ആ സമയത്തെ മാനസികാവസ്ഥ…..”””എന്ത് മാനസികാവസ്ഥ ? മനസ്സ് കൊണ്ട് ആ മനുഷ്യന്റെ പെണ്ണ് ആയത് ആണ് ഞാൻ….””പിന്നിലേക്ക് അവള് തിരിഞ്ഞ് കാർത്തികേയനെ നോക്കി….
“”ഇഷ്ടം ആണെന്ന് ഒരായിരം വട്ടം പറഞ്ഞിട്ട് ഉണ്ട്… പക്ഷേ എന്തു കൊണ്ടോ ഒരു ചിരിയാലെ ഒഴിഞ്ഞു മാറുകയാണ് ചെയ്തത്…. പിന്നെ ഞാനും കരുതി…പ്രണയം ഒരാളിൽ ഇല്ലെങ്കിൽ അത് പിടിച്ചു വാങ്ങുന്നതിൽ അർഥം ഇല്ലെന്ന്….
എങ്കിലും നിശ്ശബ്ദമായി അയാളെ ഞാൻ ആഴത്തിൽ , ഗഹനത്തിൽ ഇനി ഒരിക്കലും മറക്കാൻ കഴിയാത്ത അത്ര വേരോടെ പ്രണയിക്കുകയാണ് ചെയ്തത് സേറാ…. അച്ഛന്റെ നിർബന്ധം… അച്ഛന്റെ തീരുമാനം …അതായിരുന്നു ഹരി…..
ഇഷ്ടം ഉണ്ടായിട്ട് അല്ല… എനിക്ക് വേണ്ടി ഒരാണ്ട് കാലം ജീവിതം ത്യജിച്ച മനുഷ്യൻ ആണത്…. വേദനിപ്പിക്കാൻ വയ്യ…. മനസ്സ് കൊണ്ട്
കാർത്തിയെട്ടനെ മറക്കാൻ കഴിയുമായിട്ട് അല്ല…. എങ്കിലും പറഞ്ഞു പഠിപ്പിച്ചു… ഇനി ഹരിയുടെ പെണ്ണ് ആണെന്ന്… നിശ്ചയത്തിന്ശേഷം ഒരു ദിവസം പോലും അയാള് എന്നെ വിളിച്ചിരുന്നില്ല…. ഞാനൊട്ട് അത് ആഗ്രഹിച്ചിരുന്നുമില്ല….. ആശ്വാസമായിരുന്നു എനിക്ക് അതൊക്കെ…. പക്ഷേ അതിന്റെ കാരണം ഇന്നാണ് മനസ്സിലായത് സേറാ…. “”ജാനി ഒന്ന് ചിരിച്ചു…. പിന്നെ പറഞ്ഞു…
“”ഇപ്പൊ ഹാപ്പി ആണ്… ആഗ്രഹിച്ച ജീവിതം എനിക്ക് കിട്ടിയല്ലോ എന്നോർത്ത്…. “”വീണ്ടും കാർത്തികേയനിലേക്ക് നോട്ടം എറിഞ്ഞു ആ പെണ്ണ്… അവൻ എന്തോ ഗഹനമായ ചിന്തയിൽ ആണ്…. വെറുതെ നോക്കി നിന്നു അവള് ….. അവനിലെ ചലനങ്ങൾ പോലും മനസ്സാൽ ആവാഹിച്ചു നിൽക്കുക ആയിരുന്നു അവള്….സദ്യ കഴിക്കാൻ ചെന്ന് ഇരുന്നു ഇരുവരും….. രണ്ട് നാക്കില ഇട്ടു… അതിൽ ചോറും കറികളും വിളമ്പി…..കാർത്തികേയൻ അത് കൊത്തി പെറുക്കി ഇരിക്കുന്നത് കാണെ അവളിൽ ചെറിയൊരു ദേഷ്യം വന്നു….കൈയിൽ ചെറുതായി ഒന്ന് തട്ടി അവള് പറഞ്ഞു…””ഇറങ്ങനെ കൊത്തി പെറുക്കി ഇരിക്കാതെ കഴിക്കൂ മാഷേ…..””ചെറു ചിരിയോടെ പറയുന്നവളെ അവനും വെറുതെ നോക്കി ഇരുന്നു…. ആ കണ്ണുകളിലെ തിളക്കം കാണെ ഹൃദയം പൊടിഞ്ഞു പോകുന്നത് പോലെ കാർത്തികേയന് തോന്നി….. എന്തൊക്കെയോ കഴിച്ചു എന്ന് വരുത്തി അവൻ എഴുന്നേറ്റ് പോയി…. കൂടെ അവളും…
🖤🖤🖤🖤🖤🖤🖤
തിരികേയുള്ള യാത്രക്ക് സമയം ആയെന്ന് ആരോ പറയുന്നത് ജാനി കേട്ടു… നെഞ്ചിനു മേൽ ആരോ ഭാരം കയറ്റി വച്ചത് പോലെ….അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് ചെന്നു… കാലിൽ വീണു അനുഗ്രഹം വാങ്ങി… ഒന്നും മിണ്ടാൻ കഴിഞ്ഞില്ല…””പോയിട്ട് വരട്ടെ അച്ഛാ…..””ഹൃദയം വിങ്ങി…. നെഞ്ച് പൊട്ടി….. അയാള് അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഒരു മുത്തം കൊടുത്തു… “”പോയി വരണം… ഞങൾ കാത്തിരിക്കും രണ്ടു പേരെയും…. “”കരുതലോടെ അയാള് പറഞ്ഞു…. കണ്ണുകൾ അനിയനിലേക്ക് നീണ്ടു…. ഇതുവരെ തല്ല് കൂടി , പാര വച്ച് , പരസ്പരം കലഹിച്ചു കൊണ്ട് നിന്നവൻ ആണ്… ഇന്ന് ആ മിഴികളിലും വേദന മാത്രം….””പോട്ടെടാ….””ആ കൈകൾ കൂട്ടി പിടിച്ചു കൊണ്ട് ചോദിച്ചു….””ചേച്ചി…..””അവൻ ഉയർന്ന ഗദ്ഗദത്തോടെ വിളിച്ചു….
അവനെ കെട്ടിപ്പിടിച്ചു കരയുമ്പോൾ കാണികളും കണ്ണുകൾ തുടക്കുന്നുണ്ടായിരുന്നൂ…..”എന്താ മോളെ ഇത്…. ? ഇവിടെ അടുത്തല്ലെ… രണ്ടാൾക്കും എപ്പോൾ വേണമെങ്കിലും വരാലോ ….. “”കാർത്തികേയന്റെ അമ്മ അവളെ സമാധാനിപ്പിച്ചു…. ജാനിയുടെ കൈകളിൽ പിടിച്ച് കാർത്തികേയന്റെ അടുത്തേക്ക് ചെന്നു… അവന്റെ കൈകളിൽ അവളുടെ കൈ വച്ചു കൊടുത്തു…… അവള് കണ്ണുകൾ കൊണ്ട് എല്ലാവരോടും യാത്ര പറഞ്ഞു….
കാറിൽ കാർത്തികേയന്റെ ഒപ്പം അവള് ഇരുന്നു……വഴിയിലും അവൻ മൗനമായിരുന്നൂ…… മെല്ലെ ആ കരങ്ങളിൽ അവള് തന്റെ കൈകൾ ഉറപ്പിച്ചു… അവന്റെ തോളിലേക്ക് ചാഞ്ഞു….
“”മാഷേ….,.””പ്രണയത്തോടെ അവള് വിളിക്കുമ്പോൾ ഞെട്ടൽ ആയിരുന്നു അവനിൽ…. “”എന്താ…””. “”ഹൊ … ഭാഗ്യം…ഇപ്പോഴെങ്കിലും ഒന്ന് മിണ്ടിയല്ലോ…അത് പറഞ്ഞ് അവള് ചിരിച്ചപ്പോൾ അവനും ഒന്ന് ചിരിച്ചെന്ന് വരുത്തി….
🖤🖤🖤🖤🖤🖤🖤🖤
മംഗലത്ത് വീട്…… കാർത്തികേയന്റെ കൈകൾ പിടിച്ച് അവള് ഇറങ്ങി….ചിലർ മൂക്കത്ത് വിരൽ വച്ചു…. അയൽപക്കക്കാര് അവളെ കാണാൻ തിടുക്കം കൂട്ടി….എല്ലാവർക്കും ഒരു ചിരി സമ്മാനിച്ച് അവള് അകത്തേക്ക് അമ്മയെ നോക്കി നിന്നു….ശാരദാമ്മ അവൾക്ക് ഏഴുതിരിയിട്ട നിലവിളക്ക് കൊണ്ട് കൊടുത്തു….”വലത് കാൽ വച്ച് കയറി വാ മോളെ…. “”വാത്സല്യത്തോടെ വിളിച്ചു അവര്….
കാർത്തികേയനിൽ നിന്നും പിടി വിട്ട് കൊണ്ട് അവള് നിലവിളക്ക് വാങ്ങി വലത് കാൽ വച്ച് ആ വീട്ടിലേക്ക് കയറി….. “അതേ ശാരദാമ്മേ… കല്യാണം കൂടാൻ പോയ നിങ്ങള് വന്നത് മരുമകളെയും കൊണ്ട് ആണല്ലോ……””ചോദ്യങ്ങൾ എറിഞ്ഞു കൊണ്ട് അയലത്തുകാർ കടന്നു വന്നു…..
ജാനി ആരെയും ശ്രദ്ധിച്ചില്ല….. ഒരു തരം അപരിചിതത്വത്തോടെ അവള് അവിടെ ചടഞ്ഞു കൂടി നിന്നു….”മോള് വാ…. ഇവിടെ നിൽക്കണ്ട… ഞാൻ കാർത്തികയുടെ ഡ്രസ് എടുത്ത് തരാം….””അവളുടെ കൈകളിൽ പിടിച്ച് കൊണ്ട് ഗോവണി കയറി അവർ മുകളിൽ എത്തി….മുന്നിൽ കാണുന്ന മൂന്ന് മുറികളിൽ ഒന്നിന് നേരെ വിരൽ ചൂണ്ടി ശാരദാമ്മ പറഞ്ഞു….””കാർത്തികേയന്റെ മുറി അതാ…. ഇനി മോളുടെയും……. “”നേർത്ത ചിരിയോടെ അവർ പറഞ്ഞു മറ്റൊരു മുറിയിലേക്ക് കയറി…. അതിൽ നിന്നും തിരികെ ഇറങ്ങുമ്പോൾ ഒരു കോട്ടൺ ടോപ്പും പലാസോ പാന്റും അവരുടെ കൈയിൽ ഉണ്ടായിരുന്നു…””ദാ…. മോൾ പോയി ചെയിഞ്ച് ചെയ്ത് വാ…
കാർത്തു എന്റെ ആങ്ങളയുടെ വീട്ടിൽ പോയിരിക്കുവാ… ഇപ്പൊ വരും… അവളും കൂടെ വന്നിട്ട് പോയി വേണ്ട ഡ്രസ് എടുക്കാം…. ആല്ലാണ്ട് അമ്മക്ക് ഇപ്പോഴത്തേ പിള്ളേരുടെ ഫാഷൻ ഒന്നും അറിയില്ല മോളെ…. “”അവര് അതും പറഞ്ഞു താഴേക്ക് ഇറങ്ങി പോയി…
ജാനി കിട്ടിയ വസ്ത്രങ്ങളും കൊണ്ട് കാർത്തികേയന്റെ മുറിയിലേക്ക് കയറി….. പുറത്തേക്ക് നോക്കി നിൽക്കുകയാണ് കാർത്തികേയൻ….. “മാഷേ…… “”പിന്നിൽ നിന്നും കേട്ട വിളി ആകണം അവനെ ശ്രദ്ധ തിരിക്കാൻ പ്രേരിപ്പിച്ചത്……”വാഷ് റൂം എവിടാ മാഷേ…..? “”അവൻ മുറിയുടെ മൂലയിലേക്ക് വിരൽ നീട്ടി….അവള് ദേഹത്ത് ഉണ്ടായിരുന്ന ആഭരണങ്ങളും മുല്ല മാലയും ഒക്കെ മാറ്റി….തോൾ അറ്റം വരുന്ന മുടിയിഴകൾ നിവർത്തി ഇട്ടു……അപ്പോഴും അവളിലേക്ക് ശ്രദ്ധ ചായാതെ കാർത്തികേയൻ മറ്റെങ്ങോ ദൃഷ്ടി ഊന്നി….. “”മാഷിന്റെ ഭാര്യ ആകുവാനുള്ള ഒരു ക്വാളിറ്റി പോലും എനിക്കില്ലെ മാഷേ….?”” ചോദ്യത്തിൽ വേദന കലർന്നിരുന്നൂ…. അവനിലെ മറുപടി എന്താണെന്ന് അറിയാനുള്ള ആകാംഷയോടെ അവള് അവനിലേക്ക് നോട്ടം തെറ്റിച്ചു…. ഉത്തരം ഒരു പുഞ്ചിരിയായി നൽകി കാർത്തികേയൻ പുറത്തേക്ക് ഇറങ്ങി പോയി….നിരാശയോടെ കട്ടിലിലേക്ക് ഇരിക്കുമ്പോൾ ആദ്യമായി കാർത്തികേയനെ കണ്ടത് അവൾക്ക് ഓർമ്മ വന്നു…..തുടരും…..

by