രചന – ഗംഗ ശലഭം
“ചൊവ്വാഴ്ച ആയിട്ട് ഇവിടുന്ന് പോകാനൊന്നും പറ്റില്ല. ചൊവ്വേം വെള്ളിയും വീട്ടീന്ന് പോകാനും വരാനുമൊന്നും പാടില്ല. ”
അമ്മ അതിഷ്ടപ്പെടാത്തത് പോലെ പെട്ടെന്ന് പറഞ്ഞു.
ഇത് എന്റെ വീട്ടിൽ അച്ഛമ്മേം പറയാറുള്ളതാണ്. എന്നാലും സ്വന്തം വീട്ടിൽ പോകുന്നതിനും ഇങ്ങനെ ഒക്കെ ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു.
“എന്നാപ്പിന്നെ മറ്റന്നാൾ പൊയ്ക്കോട്ടേ…”
” ഇത് നല്ല കഥ… ബുധനാഴ്ച്ചയാ..? അല്ലെങ്കിലേ നിന്റെ അച്ഛന് എണീറ്റ് നടക്കാൻ വയ്യ. ബുധനാഴ്ച ആയിട്ട് പോയിട്ട് വേണം അങ്ങേര് കിടപ്പിലാവാൻ…! നിനക്ക് അറിഞ്ഞൂടെ ഹരി…? വയ്യാത്ത ആൾക്കാരൊള്ള വീട്ടീന്ന് ബുധനും ശനീം ഒന്നും പോകാനും വരാനും പാടില്ലന്ന്. ആ വീട്ടിൽ ഉള്ളവർക്കാ ദോഷം….”
ഇത് വരെ കെട്ടിട്ടില്ലാത്തൊരു പുതിയ സംഭവം കേട്ട് ഞാൻ അന്തംവിട്ട് ഹരിയേട്ടനെ നോക്കി. ആളും നീരസത്തോടെ അമ്മയെ നോക്കിയിരിക്കുകയാണ്.
ശനിയും ബുധനും വയ്യാതെ കിടക്കുന്നവരെ അന്വേഷിച്ചു പോകാൻ പാടില്ല എന്നെന്റെ അച്ഛമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ ഇപ്പൊ കേട്ടത് തീർത്തും പുതിയ കാര്യമാണ്.
“വ്യാഴാഴ്ച്ച പോകാം ദേവൂ….”
അമ്മയുമായിട്ട് ഒരു തർക്കത്തിന് വയ്യാത്തത് കൊണ്ടാവണം ഹരിയേട്ടൻ എന്നെ നോക്കി.
“വ്യാഴാഴ്ച ഒന്നാം തീയതിയാ…. ”
അമ്മ അതിനും മുടക്കം പറഞ്ഞു.
” എന്തോന്നാ അമ്മ? ഇതിപ്പോ ആഴ്ച്ചേൽ എല്ലാ ദിവസോം ആയല്ലോ? ഇക്കാലത്ത് ആരെങ്കിലും ഇങ്ങനെ ഒക്കെ നോക്കുമോ?”
അനിഷ്ടത്തോടെ പറഞ്ഞു ഹരിയേട്ടൻ.
” ഇങ്ങനെ ഒക്കെ നോക്കണോണ്ടാ ഇവിടെ ആർക്കും ഒരു കുഴപ്പോം ഇല്ലാതെ അങ്ങനെ പോണത്…. ”
അമ്മയ്ക്ക് അതിനുമുണ്ട് മറുപടി.
അമ്മയോട് പറഞ്ഞു ജയിക്കാൻ ആർക്കും പറ്റില്ല.
ഇത്ര ബുദ്ധിമുട്ടി എനിക്ക് ഒരിടത്തും പോകണ്ട എന്ന് പറയണം എന്നുണ്ടായിരുന്നു. പക്ഷെ ആവശ്യം എന്റേതായിപ്പോയില്ലേ?
” വരുന്ന ഞായറാഴ്ചയ്ക്കും അടുത്ത വ്യാഴാഴ്ചയ്ക്കും എന്തെങ്കിലും കുഴപ്പം ഉണ്ടോ? ”
ഹരിയേട്ടന്റെ ശബ്ദം കേട്ടാലറിയാം ദേഷ്യം കടിച്ച് പിടിച്ചാണ് ചോദിക്കുന്നതെന്ന്.
അമ്മ എഴുന്നേറ്റ് ചുമരിൽ തൂക്കിയിരുന്ന കലണ്ടറിൽ പോയി നോക്കുന്നത് കണ്ടു. കുറച്ചു നേരം കഴിഞ്ഞ് ഇല്ല എന്ന് മറുപടി വന്നു.
“ഞായറാഴ്ച ഞാൻ നിന്നെ വീട്ടിൽ കൊണ്ട് വിടാം. വ്യാഴാഴ്ച വന്ന് തിരികെ കൂട്ടാം.”
ഒരു താല്പര്യമില്ലായ്മ ഹരിയേട്ടന്റെ സ്വരത്തിൽ ഉണ്ടായിരുന്നു. ഒരുപക്ഷേ മൂന്ന് ദിവസം എന്നെ വീട്ടിൽ നിർത്തുന്നതിനാലാകുമോ?
മൂന്ന് ദിവസം വീട്ടിൽ നിൽക്കാം…
ഓർത്തപ്പോ തന്നെ സന്തോഷം തോന്നുന്നുണ്ടെനിക്ക്…
” മൂന്നാലു ദിവസം മോളെ കൊണ്ട് നിർത്താൻ പോവാണോടാ ഹരി ? ഇത്തിരി ഒന്ന് നേരെയായി വരുന്നതാ… അവിടെ ചെന്ന് നേരാം വണ്ണം ഒന്നും തിന്നാതാവുമ്പോ പണ്ടത്തേന്റെ പിന്നെത്തതാവുമെന്റെ കൊച്ച്….! ”
സ്നേഹം വഴിഞ്ഞൊഴുകുന്നുണ്ട്.
അവരുടെ സംസാരത്തിൽ എനിക്ക് വല്ലാതെ അസഹ്യത തോന്നി. ഇന്നലെ കൂടി അച്ഛനോട് എന്നെ ചീത്ത പറഞ്ഞത് എന്റെ ചെവിയിലുണ്ടിപ്പോഴും.
എന്തൊരു സ്ത്രീയാണിവര്? ഓന്ത് മാറുന്ന പോലെയല്ലേ നിറം മാറുന്നത്? മീനു പറഞ്ഞത് എത്ര ശെരിയാ?
എന്റെ വീട്ടിൽ ഞാൻ ഒന്നും കഴിക്കാതെയാ കഴിഞ്ഞിരുന്നത് എന്ന ഭാവത്തിലുള്ള ഈ സംസാരം ഇത് എത്രാമത്തെ വട്ടമാണ്?
” അപ്പൊ അതാണോ അമ്മയ്ക്ക് ഇവളെ വീട്ടിലേക്ക് വിടാൻ മടി? അതവളുടെ വീടല്ലേ അമ്മാ… മതീന്ന് തോന്നുമ്പോ നിർത്താലോ? ഇവിടെ നമ്മളെയൊക്കെ പേടിച്ചു കഴിക്കുന്നതാവും. അല്ലേടോ?”
ഹരിയേട്ടന്റെ മുഖം കാർമേഘം മാറി തെളിഞ്ഞിട്ടുണ്ട്. അമ്മയ്ക്ക് എന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാണ് എന്നെ എന്റെ വീട്ടിലേക്ക് വിടാൻ മടിക്കുന്നതെന്ന് കരുതിയിട്ടുണ്ടാവണം. അല്ല, അവരുടെ സംസാരം കേട്ടാൽ ആർക്കായാലും അങ്ങനേ തോന്നൂ….
” എന്നാലും എടാ…. മൂന്ന് നാല് ദിവസം എനിക്കെന്റെ കൊച്ചിനെ കാണാൻ പറ്റൂല്ല എന്ന് പറഞ്ഞാ…. നിനക്ക് ഇവളെ ഞായറാഴ്ച കൊണ്ട് വിട്ടിട്ട് തിങ്കളാഴ്ച വിളിച്ചോണ്ട് വന്നൂടേടാ…”
അമ്മ എന്റെ അടുത്ത് വന്നിരുന്നു.
” നിന്നെപ്പോലെ തന്നാ എനിക്കിവളും. നീ ഒരു ദിവസം മാറി നിക്കുമ്പോ തോന്നുന്ന പോലെ ഇവള് പോണെന്നു പറയുമ്പഴും വിഷമം തന്നാ…”
അമ്മ എന്റെ മുടിയിലൊക്കെ തലോടുന്നുണ്ട്.
എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. എന്തൊരു അഭിനയം?
” ഞായറാഴ്ച എനിക്ക് രാവിലെ ഒരു പ്രോഗ്രാം ഉണ്ട്. വൈകിട്ടേ ഇവളെ കൊണ്ട് വിടാൻ പറ്റൂ… തിങ്കളാഴ്ച വൈകിട്ട് എനിക്ക് സംഘടനേടെ ഒരു മീറ്റിങ്ങും ഉണ്ട്. അത് കൊണ്ടാ ഞാൻ നാളെ കൊണ്ട് വിട്ടിട്ട് വ്യാഴാഴ്ച വിളിച്ചിട്ട് വരാന്ന് കരുതിയത്. അപ്പൊ അമ്മയ്ക്ക് ആഴ്ചയിൽ ഒരു ദിവസോം പറ്റില്ല. പിന്നെ എന്ത് ചെയ്യും? തത്കാലം അവള് ഞാൻ പറഞ്ഞു പോലെ പോയിട്ട് വരട്ടെ….”
കൂടുതൽ ഒന്നും പറയാനില്ലാത്തത് പോലെ ഹരിയേട്ടൻ എഴുന്നേറ്റ് പോയി.
എന്റെ വീട്ടിലൊന്ന് പോണമെന്നു പറഞ്ഞതിനാണ് ഇത്രേം ചർച്ച? എന്തോ അന്താരാഷ്ട്ര പ്രശ്നം പോലെ….?!
ഞാൻ ആലോചിക്കാതിരുന്നില്ല.
******
വീട്ടിൽ പോകുന്നേന്റെ അന്ന്, ട്രിപ്പ് ക്യാൻസൽ ആക്കാൻ വേണ്ടി കാണിച്ചത് പോലെ, അമ്മ വല്ല അഭിനയവും കാണിക്കുമോ എന്നൊരു ശങ്ക തോന്നി എങ്കിലും ഒന്നും ഉണ്ടായില്ല.
“ഐ വിൽ ഡെഫിനിറ്റ്ലി മിസ്സ് യൂ ദേവൂ….”
ഇറങ്ങുന്നതിനു മുൻപ് ഞങ്ങളുടെ മുറിയിൽ വച്ച് എന്നെ മുറുകെ പുണർന്ന് കവിളിലും നെറ്റിയിലുമൊക്കെ മാറി മാറി ചുംബിച്ചു ഹരിയേട്ടനത് പറയുമ്പോ ആ കണ്ണുകൾ നിറഞ്ഞിരുന്നു.
“വീഡിയോ കാൾ ചെയ്യും ഞാൻ… എടുക്കണം കേട്ടോ?”
ചുറ്റിപിടിച്ച കൈ വിടാതെ പറയുന്നേരം എനിക്കും നെഞ്ച് നീറി. ഞാനും ആളിന്റെ നെഞ്ചോരം ചേർന്നു നിന്നു. കുറേ നേരം എന്നെ അങ്ങനെയേ ചുട്ടിപ്പിടിച്ചു നിന്നു ഹരിയേട്ടൻ.
അത് വരെയും തോന്നാത്ത ഒരു സങ്കടം വന്നെനെ പൊതിഞ്ഞു.
എങ്കിലും അമ്മയെ കാണാമല്ലോ, അമ്മേടെ ഒപ്പം നിൽക്കാമല്ലോ എന്നൊക്കെ ഓർത്തപ്പോ ആ സങ്കടത്തിന്റെ ആഴം തന്നെ കുറഞ്ഞു.
പോകുന്നേന് മുന്നേ അമ്മേടെ വകയും ഉണ്ടായിരുന്നു എന്നെ വല്ലാതെ വീർപ്പു മുട്ടിച്ച കുറേ സ്നേഹപ്രകടനങ്ങൾ….!
***
ഹരിയേട്ടൻ തന്നെയാണ് എന്നെ വീട്ടിൽ കൊണ്ട് വിട്ടത്.
എന്നെ കണ്ട അമ്മേടെ മുഖം പൂർണ്ണ ചന്ദ്രൻ ഉദിച്ചത് പോലെ ഉണ്ടായിരുന്നു. കണ്ട പാടെ ഓടി വന്നെനെ കെട്ടിപ്പിടിച്ചു.
കുറേ ഉമ്മ തന്നു. ഞാനും അമ്മയെ ചുട്ടിപ്പിടിച്ചു കൊണ്ടാണ് വീടിനകത്തേക്ക് കയറിയത്.
ഹരിയേട്ടന്റെ വിഷമം കണ്ട് ഞാൻ വരാൻ മടിച്ചിരുന്നെങ്കിൽ എനിക്കെന്റെ അമ്മയുടെ മുഖത്തെ ഈ സന്തോഷം കാണാൻ പറ്റുമായിരുന്നോ….?
അമ്മയുടെ മുഖത്ത് മാത്രമല്ല, അച്ഛന്റെയും, എന്തിന് അച്ഛമ്മയുടെ മുഖത്ത് വരെ ഉണ്ട് ഞങ്ങളെ കണ്ട് ഒരു ചിരി.
മീനുവും മാമിയും ഞങ്ങടെ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. മധു എവിടെയോ പോയിരിക്കുകയാണെന്ന് മീനുവാണ് പറഞ്ഞത്.
ഞങ്ങൾ വരുന്നത് പ്രമാണിച്ച് അമ്മ എന്തൊക്കെയോ ഉണ്ടാക്കി വച്ചിരുന്നു. ഹരിയേട്ടനെ കഴിപ്പിക്കാനൊക്കെ അമ്മയ്ക്ക് എന്തൊരുത്സാഹം ആയിരുന്നെന്നോ?
ഹരിയേട്ടൻ പക്ഷെ അധികം അങ്ങനെ സംസാരിച്ചൊന്നുമില്ല. ആള് പൊതുവെ അങ്ങനെയാണ്. ആരോടും പെട്ടെന്ന് ഇടപഴകുന്ന ടൈപ്പ് അല്ല. ഞാനും അങ്ങനെ തന്നെ ആണല്ലോ?
ചായ കുടിയൊക്കെ കഴിഞ്ഞു ഹരിയേട്ടൻ അധികനേരം നിന്നില്ല. ആള് പോയപ്പോ എനിക്ക് ചെറിയ വിഷമം തോന്നി എങ്കിലും അമ്മയും മീനുവും മാമിയുമൊക്കെ വിശേഷം ചോദിച്ചും പറഞ്ഞും കൂടെ കൂടിയപ്പോ അതൊക്കെ അങ്ങ് മാറി.
**********

by