15/02/2026

ജനനി : ഭാഗം 10

രചന – രോഹിണി ആമി

മൊബൈൽ ബെല്ലടിക്കുന്നതുകേട്ടാണ് ജനി അടുക്കളയിൽ നിന്നും മുറിയിലേക്ക് വന്നത്…….. അടുക്കളയിൽ കയറരുത് ന്ന് പറഞ്ഞാൽ അവൾ കേൾക്കില്ല………. രാധമ്മയും സിദ്ധു സാറും അമ്പലത്തിൽ പോയിരിക്കുകയാണ്……..

അഭിയേട്ടനാ വിളിക്കുന്നത്……….. എന്തിനാവും വിളിക്കുന്നത്…….. എടുക്കണോ……. വേണ്ടയോ……. ഇങ്ങനൊക്കെ ആലോചിച്ചു നിന്നു…….. കാൾ എടുത്തു…….

ജനീ…… ഇതു ഞാനാണ് അഭി……..

മനസ്സിലായി……….. ഞാൻ ഈ നമ്പർ മറന്നിട്ടില്ല…… എന്താ വിളിച്ചത്………

നിനക്ക് സുഖമാണോ അവിടെ…….

അതേ…… സുഖം……

എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്………… നേരിൽ കാണാൻ പറ്റുവോ…..

അഭിയേട്ടൻ എന്താ ഈ പറയുന്നത്…..കണ്ടിട്ട് എന്തിനാ………… ഞാൻ വരില്ല………. എന്താണെങ്കിലും ഇപ്പോൾ പറഞ്ഞോളൂ……. നേരിൽ കാണാനുള്ള അവസരങ്ങൾ ഒഴിവാക്കുകയാണ് ഞാൻ………

ജനീ…… എനിക്കറിയാൻ പറ്റുന്നുണ്ട്……. ഞാൻ നഷ്ടപ്പെടുത്തിയത് എന്നെ തന്നെയാണെന്ന്……. എനിക്ക് ദേഷ്യപ്പെടാനെങ്കിലും നീ ഇവിടെ ഉണ്ടായിരുന്നപ്പോൾ ഒരാശ്വാസമായിരുന്നു…… ഇപ്പോൾ…… ഒന്നിനും പറ്റുന്നില്ല എനിക്ക്…… മനസ്സിൽ മുഴുവൻ നിന്നോട് ചെയ്തതും പ്രവർത്തിച്ചതും മാത്രമേ ഉള്ളൂ…….. ജീവിക്കാൻ മറന്നു പോകുംപോലെ………

കുറച്ചു നേരത്തേക്ക് രണ്ടാളും ഒന്നും മിണ്ടിയില്ല…….

രണ്ടാളുടെയും ഇടയിൽ നിശബ്ദത കൂടിയതുകൊണ്ടാവും ജനി തന്നെ തുടക്കമിട്ടു………..

അഭിയേട്ടന് ഇപ്പോൾ ഞാൻ തനിച്ചായിപ്പോയല്ലോ എന്നോർത്തുള്ള വിഷമം ആണ്…… അല്ലാതെ വേറൊന്നുമില്ല….. ഞാൻ പറഞ്ഞില്ലേ ഇവിടെ എനിക്ക് ഒരു പ്രോബ്ളവും ഇല്ല……. സുഖമാണ്…….. എന്നെയോർത്തു വെറുതെ ടെൻഷൻ അടിക്കേണ്ട…….. അഭിയേട്ടൻ വേറൊരു പെണ്ണിന്റെ സ്വന്തം അല്ലായിരുന്നുവെങ്കിൽ ഞാനിപ്പോൾ തന്നെ ഓടി വന്നേനെ അരികിൽ…….. ഇതിപ്പോൾ ആ പെണ്ണിന്റെ കൂടെ ശാപം വാങ്ങിത്തരല്ലേ എനിക്ക് അഭിയേട്ടാ……. നിങ്ങൾ സന്തോഷമായിട്ട് ജീവിക്കുന്നു എന്നു കേട്ടാൽ മതി……..

നിന്നെ ഞാനായിട്ട് ഇനി ഉപദ്രവിക്കില്ല……. ഒരു ഫോൺ കോൾ ആയിട്ടുപോലും……..
അനിക്കുട്ടനെ കണ്ടുപിടിക്കാൻ പത്രത്തിൽ ഒരു പരസ്യം കൊടുത്താലോ……. അതു കണ്ടിട്ടെങ്കിലും തിരിച്ചു വന്നാലോ അവൻ ……. അവനുള്ളതെല്ലാം ഞാൻ മാറ്റിവെച്ചിട്ടുണ്ട്….. നീ വിഷമിക്കണ്ട…….

എനിക്ക് വിഷമം ഒന്നുമില്ല അഭിയേട്ടാ……. അവന്റെ കൈയ്യിലെ പൈസ തീരുമ്പോളോ…… കൂട്ടുകാർക്ക് അവനെ മടുക്കുമ്പോളോ…… തിരിച്ചു വരുമെന്നാണ് എന്റെ വിശ്വാസം…… ഇതിപ്പോൾ ഈ തീരുമാനം എന്നെ ആശ്വസിപ്പിക്കാനോ അതോ സ്വയം ആശ്വസിക്കാനോ………

നിനക്കു എന്തുവേണമെങ്കിലും കരുതാം……. ഞാൻ വച്ചോട്ടെ……..

അഭിയുടെ ശബ്ദത്തിലെ വിഷമം തിരിച്ചറിഞ്ഞു ജനി………..

അഭിയേട്ടാ…….

എന്താ…….

അഭിയേട്ടന് ജനിക്കുന്ന കുഞ്ഞു പെൺകുഞ്ഞാണെൽ എന്റെ പേരിടുവോ…….

അവളുടെ ചിരി അഭി ഫോണിൽ കേട്ടു……

നീ ഒന്നു പോ പെണ്ണേ……. കുടുംബകലഹം ഉണ്ടാക്കാതെ………..

അഭി ആശ്വാസത്തോടെ പറഞ്ഞു……. നീയെന്നും ഇങ്ങനെ സന്തോഷമായിട്ടിരിക്കണം……… എങ്കിലേ എനിക്ക് സമാധാനമായി ജീവിക്കാൻ പറ്റു…… ഞാൻ വെക്കുവാ…….

അവളുടെ മറുപടി കേൾക്കാൻ നിന്നില്ല അഭി…… കാൾ കട്ട്‌ ചെയ്തു…….

കുറേ നേരം മൊബൈലും പിടിച്ചു അങ്ങനെ നിന്നു…….. സാഹചര്യമാണ് അഭിയേട്ടനെ ജനിയിൽ നിന്നും അകറ്റിയത് ….. ഒരുകണക്കിനത് വളരെ നന്നായി….. ആരെയും വേദനിപ്പിക്കേണ്ടി വന്നില്ല…… ജനിയുടെ കണ്ണു നിറഞ്ഞു………

നിനക്ക് അഭിയെ മറക്കാൻ പറ്റിയിട്ടില്ല അല്ലേ…………

പിറകിൽ നിന്നും ശബ്ദം കേട്ട് ജനി ഞെട്ടി….. കയ്യിലിരുന്ന മൊബൈൽ താഴേക്കു വീണു……..

സിദ്ധു സാറാണ്….

ഓർക്കാൻ ശ്രമിക്കാറില്ല ഞാൻ …… ഇപ്പോൾ അഭിയേട്ടൻ വേറൊരു പെണ്ണിന്റെ ഭർത്താവാണ്……… അതെനിക്കറിയാം….. മൊബൈൽ നിലത്തു നിന്നുമെടുത്തു തുടച്ചു കൊണ്ടു പറഞ്ഞു……

ഓഹ്…… എന്നിട്ടാണോ അവനോടു ചിരിച്ചു സംസാരിച്ചത്……. വേറൊരു പെണ്ണിന്റെ ഭർത്താവാണെന്ന് പറഞ്ഞില്ലേ……. അതു നീയോർത്താൽ നിനക്കു കൊള്ളാം……. പരുഷമായി പറഞ്ഞിട്ട് സിദ്ധു പോയി…….

അഭിയേട്ടനോട് സംസാരിച്ചതിൽ അവസാനം താൻ പറഞ്ഞതു മാത്രമേ സിദ്ധു സാർ കേട്ടിട്ടുള്ളു എന്നു മനസ്സിലായി……… തെറ്റിദ്ധരിച്ചതാണ് പാവം……

പിന്നീട് ജനിയെ കാണുമ്പോൾ മുഖം തിരിക്കാൻ തുടങ്ങി സിദ്ധു……… എന്തിനും ഏതിനും അമ്മയെ ആശ്രയിക്കാൻ തുടങ്ങി…… സിദ്ധുവിന്റെ അവഗണന ജനിക്ക് മനസ്സിലാവാൻ തുടങ്ങി…….. അതെന്താണ് ന്ന് ചോദിക്കാൻ തന്നെ തീരുമാനിച്ചു ജനി……. ഉള്ള ധൈര്യമൊക്കെ ചേർത്തു വച്ചു സിദ്ധുവിനോട് ചോദിച്ചു………

എന്നോടെന്തെങ്കിലും ദേഷ്യം ഉണ്ടേൽ അതെന്റെ മുഖത്തു നോക്കി പറയണം…. അല്ലാതെ ഇങ്ങനെ മിണ്ടാതെ നടന്നാൽ ഞാനെന്താ കരുതണ്ടത്……. ഇവിടെ ഞാനുള്ളത് ഇഷ്ടമില്ലാഞ്ഞിട്ടാണെന്നോ……..

നിനക്ക് എന്തു വേണമെങ്കിലും കരുതാം……..

പിന്നെന്തിനാ എന്നെ ഇങ്ങോട്ടു കൊണ്ടുവന്നത്…….. ഞാനവിടെ നിന്നോളുമായിരുന്നല്ലോ…….

നീ ഒരു പാവം പെണ്ണാണെന്നു വിചാരിച്ചു ഞാൻ…….. ഇപ്പോഴും പഴയ കാമുകനെ വിളിച്ചു കൊഞ്ചുന്നവളാണെന്നു ഞാൻ അറിഞ്ഞില്ല….. അതും കല്യാണം കഴിഞ്ഞവനെ……. അന്ന് വീട്ടിൽ വച്ചു ആ സാഹചര്യത്തിൽ കണ്ടപ്പോളെങ്കിലും ഞാൻ മനസ്സിലാക്കണമായിരുന്നു………..
സിദ്ധു ദേഷ്യത്തിൽ പറഞ്ഞു…….

ജനിക്ക് മനസ്സിലായി… സിദ്ധു തന്നെപ്പറ്റി വേറെന്തോ വിചാരിച്ചു വച്ചിരിക്കുകയാണെന്നു……… ഒഴുകി വന്ന കണ്ണുനീർ തുടച്ചിട്ട് ഒന്നും മിണ്ടാതെ ജനി ഉള്ളിലേക്ക് നടന്നു…… കട്ടിലിൽ കമഴ്ന്നു കിടന്നു കരഞ്ഞു………. തനിക്കു മാത്രമെന്താ ഇങ്ങനെ മാത്രം സംഭവിക്കുന്നത്…… ഒരു സന്തോഷം തന്നാൽ കൂടെ ഫ്രീയായിട്ട് ഒരു വിഷമം കൂടി തരും ഈശ്വരൻ…….

സിദ്ധു സാർ കരുതി വച്ചിരിക്കുന്ന പോലൊരു പെണ്ണല്ല ഞാനെന്നു പറയണമെന്നുണ്ടായിരുന്നു ജനിക്ക്…….കഴിയുന്നില്ല……… മനസ്സിൽ തികട്ടി വന്ന വിഷമം മുഴുവൻ കണ്ണുനീരായി ഒഴുക്കി കളഞ്ഞു ജനി……

ഒരിക്കലും ഇങ്ങോട്ടു വരരുതായിരുന്നു ഞാൻ……പട്ടിണി കിടന്നാലും അന്യരെ ആശ്രയിച്ചു ജീവിക്കരുതെന്നു അച്ഛൻ പറഞ്ഞു പഠിപ്പിച്ചിട്ടുള്ളത് എത്ര സത്യമാണ്…… ജനി ഓർത്തു…….

ഒന്നും രാധമ്മയെ അറിയിച്ചില്ല ജനി……അവരുടെ മുന്നിൽ നല്ല സന്തോഷം അഭിനയിച്ചു…………. വിഷമം മുഴുവൻ രാത്രിയിൽ കരഞ്ഞു തീർത്തു………….. പിന്നീട് സിദ്ധുവിന്റെ മുൻപിൽ ചെന്നതേയില്ല…… മനഃപൂർവം കണ്മുന്നിൽ നിന്നും മാറി നടന്നു……. തന്നെ തേടുന്നുണ്ടെന്ന് അറിഞ്ഞുകൊണ്ട് തന്നെ………. കുത്തി നോവിക്കുമ്പോൾ വേദന എല്ലാവർക്കും ഒരുപോലെയാണെന്ന് മനസ്സിലാക്കട്ടെ………….

രാധമ്മയാണ് വന്നുപറഞ്ഞത് ആരോ കാണാൻ വന്നിട്ടുണ്ടെന്ന്…….. സുമേച്ചിയാവുമെന്നാണ് വിചാരിച്ചത്……… ആയിരുന്നില്ല………

അനിക്കുട്ടൻ……….

കണ്ടതും ഓടിപ്പോയി കെട്ടിപ്പിടിച്ചു…….. പഴയതൊന്നും ഓർക്കാൻ മനസ്സ് പോലും അനുവദിച്ചില്ല….. ആകെ ക്ഷീണിച്ചിരിക്കുന്നു അവൻ…… കുറേക്കാലം പട്ടിണി കിടന്നവനെപ്പോലെ…….

വീട്ടിൽ പോയിട്ടു വരികയാണ്……. സുമേച്ചിയാണ് ഇവിടുത്തെ അഡ്രസ് കൊടുത്തത്………

അമ്മയുടെ കാര്യമൊക്കെ പറഞ്ഞപ്പോൾ അവന്റെ കണ്ണു നിറഞ്ഞൊഴുകി……. അവന്റെ കൂടെ ചെല്ലാൻ വിളിച്ചു…….. ഇനി ഇട്ടിട്ട് പോവില്ലത്രേ…….. ചേച്ചി മാത്രമേ ഉള്ളുവെന്ന് അവൻ മനസ്സിലാക്കിക്കഴിഞ്ഞു…….

എന്താ ചെയ്യണ്ടതെന്ന് ജനിക്ക് ഒരെത്തും പിടിയും കിട്ടിയില്ല…….. രാധമ്മയോടു പറഞ്ഞു……. വിഷമത്തോടെ ആണെങ്കിലും അവർ പറഞ്ഞു………. അനിയനല്ലേ വിളിക്കുന്നത്…… പോയല്ലേ പറ്റു…… പൊക്കോളു……..ഇടയ്ക്കു വരണം……. സിദ്ധുവിനോട് ഒന്നു വിളിച്ചു പറഞ്ഞിട്ട് പൊക്കോ നീ…….

കാൾ ചെയ്യുമ്പോൾ കട്ട്‌ ചെയ്തു വിടുകയാണ്…. രണ്ടു മൂന്നു വട്ടം അങ്ങനെ തന്നെ ചെയ്തപ്പോൾ പിന്നെ വിളിക്കാൻ പോയില്ല………. തന്റെ നമ്പർ കാണുമ്പോൾ കട്ട്‌ ചെയ്യുന്നതാവും………. ജനി വിചാരിച്ചു…….

ബാഗെല്ലാം പാക്ക് ചെയ്തു സിദ്ധുവിന്റെ മുറിയിലേക്ക് പോയി………. ഒരു പേപ്പറിൽ ഇങ്ങനെ എഴുതി…..

ഞാൻ പോകുവാണ്……… എന്നെ കാണേണ്ടി വരുമല്ലോന്നോർത്തു വീടിനകത്തു കൂടി ഒളിച്ചു നടക്കേണ്ട ഇനി……… ജനിയെ വിശ്വാസമുണ്ടെങ്കിൽ മാത്രം വിശ്വസിക്കൂ…….. സാർ മനസ്സിൽ കരുതും പോലെ ഒരു പെണ്ണല്ല ഞാൻ……. അർഹിക്കാത്തത് ഒന്നും കൈയ്യിലൊതുക്കാൻ ജനി ശ്രമിച്ചിട്ടില്ല…… ഇനി ഉണ്ടാവുകയുമില്ല……… എനിക്കുവേണ്ടി ചെയ്തു തന്ന സഹായങ്ങൾക്ക് എല്ലാം നന്ദി……. പോകുവാ ഞാൻ……..

രണ്ടു തുള്ളി കണ്ണുനീർ കവിളിലേക്ക് ഒലിച്ചിറങ്ങി……….

രാധമ്മയുടെ കണ്ണുനീർ തുടച്ചു കെട്ടിപ്പിടിച്ചു യാത്ര പറഞ്ഞു ജനി…….

അനിക്കുട്ടന്റെ കൂടെ ബൈക്കിൽ വീട്ടിലേക്കുള്ള യാത്രയിൽ അഭിയെ കണ്ടു……. ആ മുഖത്ത് ആശ്വാസത്തിന്റെ ഒരു പുഞ്ചിരി തെളിഞ്ഞതുപോലെ……..

തുടരും