രചന – ആയിഷ അക്ബർ
വീടെത്തുന്നത് വരെ ആദിയുടെ മുഖത്തെ ദേഷ്യം ഒരു ചിരിയോടെ റാനി ആസ്വദിച്ചിരുന്നു….
എന്നാൽ വീടിന്റെ ഗേറ്റ് കടന്നതും അവന്റെ മുഖം വിടർന്നു……
ഇറങ്ങെടാ….
അന്തം വീട്ടിരിക്കുന്ന അവനെ തോണ്ടി റാനിയത് പറയുമ്പോൾ ആദി പുഞ്ചിരിയോടെ ഇറങ്ങി….
ജാമീലത്താ…. രണ്ട് ചായ…..
സോഫയിലേക്ക് ഇരിക്കുന്നതിനു മുൻപ് തന്നെ റാനി അടുക്കളയിലേക്ക് നോക്കി വിളിച്ചു പറഞ്ഞു….
ചായ കൊണ്ട് വരുന്നത് അവളാകണേ എന്നവൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നു…
ആദി എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും അതിലൊന്നുമായിരുന്നില്ല അവന്റെ ശ്രദ്ധ …..
അടുക്കള വഴിയിൽ തന്നെ കണ്ണുകൾ നട്ടവനിരുന്നു…..
ആരുടെയോ കാലനക്കം അറിഞ്ഞതും അവൻ മുഖമുയർത്തിയൊന്ന് നോക്കി…..
ശ്ശെ…..
ചായയുമായി വരുന്ന ജമീലത്തയെ കണ്ടതും അവൻ നിരാശയോടെ പറഞ്ഞു പോയിരുന്നു…..
ആദി എന്തെന്ന അർത്ഥത്തിൽ അവനെയൊന്നു നോക്കി….
ദാ കുട്ടി ചായ…..
ജമീലത്ത ചായ അവർക്ക് നേരെ നീട്ടി…..
കുറെ ആയല്ലോ മോനെ ഈ വഴിക്ക് കണ്ടിട്ട്….
ജമീലത്ത ആദിയോട് സംസാരിക്കുമ്പോഴും റാനി അവളെ കാണാത്ത നിരാശയിലായിരുന്നു …
ആഹാ…. നല്ല ചായ…..
ജമീലത്ത പോയി കഴിഞ്ഞും ആദി അതും പറഞ്ഞു ചായ ഊതി കുടിക്കുകയാണ്….
അവനെ ചായ കുടിക്കാൻ കൊണ്ട് വന്ന പോൽ…
റാനിക്ക് ചിരി വന്നു….
അതേ സമയം അവളെ എങ്ങനെ വരുത്തുമെന്നൊരു ചിന്തയും…..
അവൻ ഗ്ലാസ്സിലെ ചായ അല്പം താഴെക്കൊഴിച്ചു….
ഏയ്….
അവൻ കാണിക്കുന്നത് കണ്ട് ആദി ശബ്ധിക്കാൻ നോക്കിയതും റാനി മിണ്ടരുതെന്ന അർത്ഥത്തിൽ ചൂണ്ട് വിരൽ ചുണ്ടിനു മേലെ വെച്ചു…….
ജമീലത്താ…. ഇവിടെ കുറച്ച് ചായ നിലത്തു പോയിട്ടുണ്ട്…..
അവൻ വീണ്ടും അടുക്കള ഭാഗത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു……
ഇതവണയെങ്കിലും വരുന്നത് അവളായിരിക്കണേ എന്നവൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നു….
ആളനക്കം അറിഞ്ഞവൻ മുഖമുയർത്തി നോക്കിയില്ല…..
ഡാഹ്…..
ആദിയുടെ ആ വിളിയിൽ എല്ലാമുണ്ടായിരുന്നു….
അവൻ മുഖമുയർത്തിയത് ആദിയിലേക്കായിരുന്നു….
അവന്റെ കണ്ണുകൾ പുറത്തേക്ക് വീഴാനെന്ന വണ്ണം തുറിച്ചു വന്നിട്ടുണ്ട്…..
റാനിയുടെ ചുണ്ടിൽ ചിരി വിരിഞ്ഞു നിന്നു…..
അവൾ അരികിലെത്തിയതും അവൻ അവൾക്ക് നേരെയൊന്നു മുഖമുയർത്തി….
അതേ…. അതവളാണ്….
ഓഫ് വൈറ്റ് നിറത്തിലുള്ള ആ കോട്ടൺ ചുരിദാറിനും തട്ടത്തിനും ഭംഗി കൂട്ടിയിരുന്നത് അവളായിരുന്ന പോലെ തോന്നി…..
കയ്യിലുള്ള മോപ് കൊണ്ട് അവൾ നിലത്തു പോയ ചായ തുടച്ചു നീക്കി…..
ഹിമാ…..
ആർക്കും മുഖം നൽകാതെ താഴേക്ക് മിഴികളൂന്നി നിന്ന അവൾ ആദിയുടെ വിളിയിൽ വെപ്രാളത്തോടെ മിഴികൾ ഉയർത്തി…..
അവനപ്പോഴും അവളെ കണ്ട ഞെട്ടലിൽ നിന്ന് പുറത്ത് വന്നിരുന്നില്ല…..
ചുറ്റും ആരെങ്കിലും കേട്ടോയെന്ന് നോക്കുന്നതോടൊപ്പം അവനായി ഒരു പുഞ്ചിരി അവൾ ചൊടിയിൽ വരുത്തി തീർക്കാൻ ശ്രമിച്ചിരുന്നു…..
അവൾ തന്നിലേക്ക് നോക്കില്ലെന്ന് ഉറപ്പുണ്ടെങ്കിലും റാനി ഒരു നിമിഷം അവളെ തന്നെ നോക്കിയിരിക്കുകയായിരുന്നു…..
എന്നാൽ അവൾ പോകാൻ നേരം ആ മിഴികൾ തന്നിലേക്കൊന്ന് പാറി വീണിരുന്നു…..
റാനിയുടെ കണ്ണുകൾ വല്ലാതെ വിടർന്നു….
അല്ല മോനെ…. കൂട്ടുകാരന്റെ നിക്കാഹുറച്ചു…. ഇനിയിപ്പോ നിന്റെ എന്നാ….
അങ്ങോട്ട് വന്ന ജമീലത്ത പുഞ്ചിരിയോടെ ആദിയോടത് ചോദിച്ചതും ആദി ഞെട്ടലോടെ റാനിയെ നോക്കി…..
കേൾക്കാൻ ഇഷ്ടമില്ലാത്ത കാര്യം കേട്ടത് കൊണ്ട് തന്നെ റാനിയുടെ മുഖം വല്ലാണ്ട് മങ്ങി….
ഹിമക്കും അവിടെ നിന്നു എത്രയും പെട്ടെന്ന് പോന്നാൽ മതിയെന്ന് തോന്നിയിരുന്നു…..
മോനെ… ഹാഷി….
എന്താ നിന്റെ കുട്ടിയുടെ പേര്…..
വേറെ ആരും കേട്ട് വരേണ്ടെന്ന നിലക്ക് ശബ്ദം താഴ്ത്തിയാണ് ജമീലത്ത അത് ചോദിച്ചതെങ്കിലും അരികിലായി നിന്നിരുന്ന ഹിമയുടെ ഉള്ളു ആ ചോദ്യം കീറി മുറിച്ചിരുന്നു…..
റാനിയും ഒരു നിമിഷം ഒന്നും പറയാൻ കഴിയാത്ത അവസ്ഥയിലിരുന്നു…..
ല്… ലൈല….
അവൻ ശ്വാസം അകത്തേക്ക് പിടിച്ചത് പറയുമ്പോൾ പതിയേ അവളിലേക്കൊന്ന് നോക്കിയിരുന്നു…..
ആ പേര് ഹൃയത്തിൽ തീർത്ത മുറിവ് രക്തത്തിൽ കുതിർന്നത് പോലെ….
അവൾ കണ്ണു നിറയുമോയെന്ന് ഭയന്നത് കൊണ്ട് തന്നെ വേഗം അവിടെ നിന്നും നടന്നകന്നു…..
റാനി നിസ്സഹായനായി അങ്ങനെ ഇരുന്നു….
ആദി ദേഷ്യത്തോടെ എഴുന്നേറ്റോരൊറ്റ പോക്കായിരുന്നു…..
റാനി വേഗം എഴുന്നേറ്റു അവന് പിറകെ നടന്നു…..
ഡാഹ്…..
റാനി ഓടി ചെന്നവന്റെ കൈ പിടിച്ചു….
നിന്റെ സ്ഥാനം മാറിയതനുസരിച്ചു ഞാനകന്നു നിൽക്കണമായിരുന്നു….
നിന്റെ ജോലിക്കാരനാണെന്ന ഓർമയും എനിക്ക് വേണമായിരിന്നു….
സുഹൃത്താണെന്നും എന്നോട് നീയെല്ലാം തുറന്ന് പറയുമെന്നും കരുതിയത് ഞാൻ ചെയ്ത തെറ്റാണ്…
ആദിയത് പറയുമ്പോൾ അവന്റെ അമർഷം റാനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു…..
എടാ…. ഞാൻ നിന്നോടെല്ലാം പറയാൻ വേണ്ടി തന്നെയാണ് ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നത് …..
റാനിയത് പറയുമ്പോഴും ആദി നിൽക്കാൻ കൂട്ടാക്കിയില്ല…..
അവൻ അപ്പോഴും മുന്പോട്ട് നടന്നു…..
അവനെ വാക്കുകൾ കൊണ്ട് പിടിച്ചു നിർത്താൻ കഴിയില്ലെന്ന് തോന്നിയതും റാനി അവന്റെ കൈ പിടിച്ചു തിരിച്ചു കൊണ്ട് അവനെ തോളിലേക്കിട്ടു….
മെലിഞ്ഞ പ്രകൃതമുള്ള ആദിയേ എടുക്കാൻ റാനിയുടെ ബലമുള്ള ശരീരത്തിന് പ്രയാസം തോന്നിയില്ല….
വിടെടാ എന്നേ..
ആദി തോളിൽ കിടന്നു കുതറിയെങ്കിലും റാനി അവനെ വിട്ടില്ല…..
പിടിച്ച പിടി ഒന്ന് കൂടി മുറുക്കി…..
അവൻ ആദിയേയും തോളിലേറ്റി കോണിപ്പടികൾ കയറുമ്പോൾ കണ്ടവർ കണ്ടവർ അവരെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു…..
റാനിക്കും അതിൽ വല്ലാത്തൊരു രസം തോന്നി….
ആദിയുടെ ദേഷ്യവും ഒരു ചിരിക്ക് വഴിമാറി….
അവൻ ആദിയെ കൊണ്ട് പോയി നേരെ മുറിയിലെ കട്ടിലിലെക്കിട്ടു….
കാണുന്ന പോലെയല്ല നീ…. നല്ല വെയ്റ്റ് ആണല്ലോടാ..
റാനി ചിരിയോടെ പറഞ്ഞതും ആദി അവനെ തറപ്പിച്ചൊന്നു നോക്കി….
എന്നേ എടുത്ത് തലയിൽ വെക്കാൻ ഞാൻ പറഞ്ഞില്ലല്ലോ നിന്നോട്….
ആദി അവന് നേരെ ചിറി കോട്ടി…..
റാനി കട്ടിലിലായിരിക്കുന്ന ആദിക്ക് അരികിൽ നിലത്തായി ഇരുന്നു…..
അവന്റെ തുറന്ന് പറച്ചിൽ ആദ്യം എത്തിയത് വയലേലകൾ നൃത്തം ചെയ്യുന്ന ആ നാട്ടിലേക്കായിരുന്നു…..
ഓരോന്നും അവൻ തുറന്ന് പറയുമ്പോൾ അവന്റെ കണ്ണുകൾ കൂടുതൽ കൂടുതൽ നിറഞ്ഞു തുളുമ്പുന്നത് തുടച് കൊടുക്കാൻ പോലും മറന്നെന്ന പോൽ ആദി എല്ലാം കേട്ടിരുന്നു….
കേട്ടത് വിശ്വസിക്കണോ വേണ്ടയോ എന്ന് പോലും അറിയാതെ…..
നിനക്ക് ഭ്രാന്താണോ റാനി….
താലി കെട്ടിയ പെണ്ണിനെ അടുക്കളക്കാരിയായി കൊണ്ട് വരാൻ മാത്രം കല്ലായി പോയോ നിന്റെ മനസ്സ്…..
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ആദി അവന് നേരെ പൊട്ടി തെറിക്കുകയായിരുന്നു…
ഞാൻ പറഞ്ഞല്ലോ…. എന്റെ അവസ്ഥ…..
റാനിയത് പറഞ് തുടങ്ങിയതും ആദി അവന് നേരെ കയ്യുയർത്തി……
നീ അവളോട് ചെയ്യുന്നത് നിന്റെ അവസ്ഥ യാണെങ്കിൽ നിന്നോട് അവൾ പറഞ്ഞതും അങ്ങനെയൊരു അവസ്ഥയിൽ തന്നെയായിരിക്കുമെന്നതിൽ സംശയമില്ല റാനി…
എത്ര സമ്പത്തുണ്ടായാലും ഒരു പെണ്ണും ഇത്രയൊന്നും സഹിച് നിൽക്കില്ല….
ഒരു ജോലിക്കാരിയായി അവൾ ഇവിടെ കഴിയുന്നത് തീർച്ചയായും നിന്നോടുള്ള പ്രണയം കൊണ്ട് തന്നെയായിരിക്കും….
അതേ പ്രണയമാണ് അവളെ നമ്മുടെ ഓഫീസിലും എത്തിച്ചതെങ്കിലോ…..
ആദി ചോദ്യങ്ങള്കൾ മേൽ ചോദ്യങ്ങൾ തന്റെ നേർക്ക് എറിയുമ്പോഴും ഉത്തരം കയ്യിലില്ലാത്തത് കൊണ്ട് തന്നെ അവൻ നിശബ്ദനായി…..
ഇത്രയൊന്നും താൻ ചിന്തിച്ചിട്ടില്ല….
അവളോടുള്ള ദേഷ്യത്തിനും പകക്കും ഇടയിൽ ഇങ്ങനെ ചിന്തിക്കാനെവിടെയാണ് സമയം കിട്ടിയത്….
കുറച്ച് മുന്പേ ആദിയോട് എല്ലാം തുറന്ന് പറഞ്ഞാൽ മതിയായിരുന്നെന്ന് അവന് തോന്നി…..
ഇനിയൊരു പക്ഷെ ആദി പറയുന്നത് അവന്റെ കണക്ക് കൂട്ടലുകളിൽ മാത്രം ഒതുങ്ങുന്നതാണെങ്കിലോ…
അവന് തലക്ക് വല്ലാത്ത ഭാരം തോന്നി…..
താലി എന്നതിന്റെ പവിത്രത എന്താണെന്ന് നിനക്കറിയുമോ റാനി …..
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അവളാണ് നിന്റെ ഭാര്യ…..
അവൾ നീ അണിഞ്ഞ താലിയുമായി നിൽക്കെ ഈ വീട്ടിൽ മറ്റൊരു കല്യാണ പന്തൽ ഉയരുന്നത് അവൾക്ക് സഹിക്കുമോ…..
ആദിയത് ചോദിച്ചതും അവളെയോർത് ഹൃദയം വല്ലാതെ വിങ്ങി…..
ഇനി…. ഇനിയെന്ത് ചെയ്യുമെടാ……
റാനിയുടെ ചോദ്യം ദയനീയമായിരുന്നു….
ആദിക്കും അവനെയോർത് വല്ലാത്തൊരു വീർപ്പു മുട്ടൽ തോന്നി….
നീ ആദ്യം ലൈലയോട് സംസാരിച്ചു എങ്ങനെയെങ്കിലും ഈ വിവാഹം നിർത്തി വെക്ക്….
അതാണ് ആദ്യം ചെയ്യേണ്ടത്…..
പിന്നത്തെ കാര്യം പിന്നെയല്ലേ…..
നമുക്ക് നോക്കാം…..
അവൻ കയ്യിൽ പിടിച്ചത് പറഞ്ഞപ്പോൾ റാനിക്ക് വല്ലാത്തൊരു ആശ്വാസം തോന്നി….
റാനി അവനെ കെട്ടിപ്പിടിച്ചു….
ചില സൗഹൃദങ്ങൾ അങ്ങനെയാണ്….
നമ്മളെക്കാളേറെ അവർ നമ്മളെ മനസ്സിലാക്കും….
ഒത്തിരി പേരൊന്നും വേണ്ടാ…..
നമ്മളെ മനസ്സിലാക്കി ചേർന്ന് നിൽക്കുന്ന ഒരൊറ്റ ആൾ മതി…..
എന്റെ ആദിയെ പോലെ…
റാനി അവനെ നോക്കി മനോഹരമായോന്ന് പുഞ്ചിരിച്ചു…….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അവിടെ നിന്ന് പൊന്നതും ഹിമ വേഗം പിറക് വശത്തേക്ക് പോയി…..
നിറഞ്ഞു കവിഞ്ഞ കണ്ണു നീർ തുള്ളികളെ ആരും കാണാതെ ഒഴുക്കി ക്കളയാൻ…..
ലൈല….അവന്റെ പെണ്ണിന്റെ പേരാണ് അവൻ പറഞ്ഞത്…..
ഓർക്കുമ്പോൾ തന്നെ ഹൃദയം വിങ്ങി പൊട്ടി….
തന്റെ മുമ്പിൽ വെച്ച് തന്നെ അവനത് അവളോട് പറഞ്ഞതാണ്….
വീണ്ടും അവൻ അടുത്തിടപഴകിയപ്പോൾ ആ പഴയ റാനിയെ താനവനിൽ കണ്ടെത്തിയത് എന്തിനായിരുന്നു…..
അവന് തന്നോടുള്ള സഹതാപം മാത്രമാണ്…..
ആരെയും വേദനിപ്പിക്കാൻ കഴിയാത്ത അവൻ തന്നെ വേദനിപ്പിച്ചു എന്ന തോന്നല് കൊണ്ട് മാത്രമാണ്…..
അവന്റെ പ്രണയിനിയെന്ന സ്ഥാനം ലൈലയിലേക്ക് നീങ്ങി പോയിരിക്കുന്നു….
മോളേ……നൂറാ..
ജമീലത്ത അകത്ത് നിന്ന് വിളിച്ചതും അവൾ ഇരു മിഴികളും തുടച്ചു നീക്കി അകത്തേക്ക് പോയിരുന്നു……
(തുടരും)

by