14/02/2026

എന്തിനെന്നറിയാതെ : ഭാഗം 02

രചന – കഥയെ പ്രണയിച്ചവൾ

രോഹിത്തേ മിണ്ടാതിരുന്നേ… നീ പറഞ്ഞിട്ട ഇത്രയും സമ്മതിച്ചത്…. ഇതിൽ കൂടുതൽ എനിക്ക് പറ്റില്ല….

അർപ്പണ രണ്ടുപേരെയും ഒന്ന് നോക്കി പിന്നെയാ വണ്ടിയിൽ നിന്നുമിറങ്ങി……. അവളിറങ്ങിയതും ആ വണ്ടി റോഡിലൂടെ അതിന്റെ ലക്ഷ്യസ്ഥാനത്തേക്ക് ചീറിപ്പാഞ്ഞു…….

കല്യാണവേഷത്തിൽ ആയതിനാലാകും പലരും അവളെ വല്ലാതെ ചൂഴ്ന്നു നോക്കുന്നുണ്ട്…. എന്തുചെയ്യുമെന്നറിയാതെ അവളെങ്ങനെ നിൽക്കുകയാണ്…. എങ്ങോട്ട് പോവണമെന്നോ എന്ത് ചെയ്യണമെന്നോ അറിയാത്തൊരവസ്ഥ….. എല്ലാവരാലും ഒറ്റദിവസംകൊണ്ട് ഉപേക്ഷിച്ച തന്റെയവസ്ഥ ഓർത്ത് അവൾക്ക് അവളോട് തന്നെ സഹതാപം തോന്നി…… സങ്കടത്തിന്റെയും ഒറ്റപെടലിന്റെയും മൂർച്ചനാവസ്ഥ ആയതിനാലാകും അവളുടെ മനസ് മരവിച്ചു…..

എന്താ മോളേ…… കൂടെപോരുന്നോ……

ഏതോ നല്ലവനായ ചെറുപ്പക്കാരന്റെ ചോദ്യം കേട്ടതും അവള് അയാളെ നോക്കി….. ചോദ്യത്തിന്റെ ഉദ്ദേശം വ്യക്തമായി മനസിലാക്കിയിട്ടേന്നോണം അവളൊന്നു പുഞ്ചിരിച്ചു……

എനിക്ക് ഒറ്റയ്ക്ക് പോവാൻ അറിയാം…. ആരുടെയെങ്കിലും സഹായം ആവശ്യമായി വരുമ്പോൾ ഉറപ്പായും ഏട്ടനെ ഞാൻ ഓർക്കാം..
..

അത്രയും പറഞ്ഞു അവളവിടുന്ന് മാറി…..

എങ്ങോട്ടാ പോവേണ്ടത്….. ഈ വേഷത്തിൽ എങ്ങനെ പോവും…… ബട്ട്‌ ഇതെങ്ങനെ മാറും…. ക്യാഷ് ആയി കയ്യിലൊന്നും ഇല്ലല്ലോ….. ദാഹിക്കുന്നുണ്ട്….. ഇതെന്തിനാ ഇങ്ങനെയൊക്കെ എന്നെ പരീക്ഷിക്കുന്നത്…. അതിനുമാത്രം എന്ത് തെറ്റാ ഞാൻ ചെയ്തത്…… ആദിയേട്ടൻ….. ഏട്ടൻ അറിഞ്ഞുകാണുമോ ഇത്….. അറിഞ്ഞിട്ടും എന്താ പ്രയോജനം ഒന്നും ചെയ്യാൻ കഴിയില്ലല്ലോ……..

ഓരോന്ന് ആലോചിച്ചു അവള് ലക്ഷ്യമില്ലാതെ ആ നഗരത്തിലൂടെ നടന്നു…….

അർജുന്റെ കാലു ആക്‌സിലാറെറ്ററിൽ ശക്തിയിൽ അമരുന്നുണ്ട്…… രോഹിത് എന്തോ പറയാൻ തുടങ്ങിയെങ്കിലും പിന്നെയത് വേണ്ടെന്ന് വച്ചു…….

ഫോൺ അടിയുന്ന ശബ്ദം കേട്ടതും അർജുൻ വണ്ടിയുടെ സ്പീഡ് കുറച്ചു….. ഫോൺ നോക്കിയപ്പോൾ unknown നമ്പർ ആണ്….

ഇതിനിയെന്ത് മാരണം ആണാവോ….

പിറുപിറുത്ത് അവനാ കോൾ അറ്റൻഡ് ചെയ്തു…….

ഹലോ അർജുനല്ലേ

ഒരു പുരുഷശബ്ദമാണ്….

യെസ്…. നിങ്ങളാരാ

ഞാൻ ആദിത്യൻ…. ആദിത്യ വർമ….

താൻ ആദ്യത്തേതോ അവസാനത്തേതോ എന്തോ ആവട്ടെ…. എന്നെ എന്തിന് വിളിച്ചതാ മനസിലായില്ല……

അർജുൻ ഞാൻ അപ്പുവിന്റെ… I’m സോറി അർപ്പണയുടെ ചേട്ടനാണ്…… അറിഞ്ഞു കാര്യങ്ങളൊക്കെ….. ഈയാഴ്ച ഇറങ്ങാൻ നോക്കിയതാ ബട്ട്‌ ചെറിയൊരു പണി കിട്ടി…. അതാ അവിടെ എത്താൻ കഴിയാതിരുന്നത്….. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയി…… ബട്ട്‌ അപ്പുവിന് ഒരു കുഴപ്പവും ഉണ്ടാവാൻ പാടില്ല…… നെക്സ്റ്റ് വീക്ക്‌ ഞാൻ വരുന്നുണ്ട് നിങ്ങളെ കാണാൻ….. അപ്പുവിനെ വിളിച്ചിട്ട് കിട്ടുന്നില്ല അവളോട് പറയണം….. ഇവിടെ ഫോൺ അങ്ങനെ യൂസ് ചെയ്യാൻ കഴിയില്ല ബൈ……

ആ കോൾ അവസാനിച്ചതും അർജുനൊന്ന് വിളറി…..

എടാ ആരാ വിളിച്ചത്…….

അർപ്പണയുടെ ബ്രദർ……

അർജൂ……. ജിഷ്ണു പറഞ്ഞത് അങ്ങേര് ജയിലിൽ ആണന്നല്ലേ….

ഉം….. അയാള് ഏത് അടുപ്പിലെങ്കിലും ആവട്ടെ…. ഐ ഡോണ്ട് കെയർ……

എന്താ പറഞ്ഞത്…..

അവളെ കാണാൻ അടുത്താഴ്ച വരുമെന്ന്… ഒപ്പം എന്നെയും…..

ഇപ്പോൾ എന്ത് ചെയ്യും… അവളെ കാണണമെന്ന് പറഞ്ഞാൽ….

അയാള് വന്നു കണ്ടിട്ട് പോട്ടെ….. അതിന് നമ്മളെന്തിനാ പേടിക്കുന്നത്….

എടാ പൊട്ടാ നീയല്ലേ അവളെ ഇറക്കിവിട്ടത്….. ഈയൊരു കോലത്തിൽ അവളെ കണ്ടിട്ട് ആരെങ്കിലും ഉപദ്രവിച്ചാൽ അയാള് നിന്നെ കൊല്ലും…….അവളെ ശല്യം ചെയ്തതിന് ഏതോ ഒരുത്തന്റെ കയ്യും കാലും വെട്ടിയതിനാ അയാളിപ്പോ ജയിലിൽ….. നീയാവളെ ഇങ്ങനെ ചെയ്‌തെന്ന് അറിഞ്ഞാൽ എന്താകുമെന്ന് ആലോചിച്ചിട്ടുണ്ടോ……

നീയെന്താ പറഞ്ഞു വരുന്നത്….

അവളെ കണ്ടുപിടിച്ചു ഒപ്പം കൂട്ടാൻ…..

വീട്ടില് ഞാൻ എന്താ പറയേണ്ടത്….. ഞാൻ കെട്ടിയ പെണ്ണാണെന്നോ….. അച്ഛൻ എന്നെ അടിച്ചിറക്കും വീട്ടീന്ന്…. പിന്നെ ശ്രയ അവളോട് ഞാൻ എന്ത് പറയും…. അവളുടെ കണ്ണുനീര് കാണാൻ എനിക്ക് പറ്റില്ല……

എടാ….. നീ കെട്ടിയപ്പെണ്ണ് ആണെന്നൊന്നും പറയണ്ട….

പിന്നെ നീ കെട്ടിയെന്ന് പറയണോ……..

അർജൂ നീയൊന്ന് അടങ്…. ഇങ്ങനെ ദേഷ്യപ്പെട്ടിട്ട് എന്താ കാര്യം…. ആദ്യം നമുക്കവളെ കണ്ടുപിടിക്കാം…. ബാക്കി എന്നിട്ട് ആലോചിക്കാം…..

എനിക്കെ ഇപ്പൊ ശനി വല്ലതും ആകും…

വണ്ടി തിരിയ്ക്കുന്നതിനിടയിൽ അവൻ രോഹിതിനോടായി പറഞ്ഞു….

അവളെയും തിരഞ്ഞു ആ വണ്ടി പിന്നെയും നഗരത്തിലൂടെ ഓടി…..ഇത്തവണ സ്പീഡ് കുറച്ചാണ് പോകുന്നത്…..

കുറെ പോയതും പാർക്കിൽ അവളിരിക്കുന്നത് രോഹിത് കണ്ടു….

എടാ അർജൂ വണ്ടി നിർത്ത്… അതാ അവള്…..

ഈ നാശംപിടിച്ചവള് ഇവിടെ വന്നിരിക്കാണോ….

നീയൊന്ന് മിണ്ടാതെ വാ……

ഒരുമിനിറ്…. നീയൊന്ന് പറഞ്ഞെ ഇവളെ എന്തുംപറഞ്ഞു എഴുന്നള്ളിക്കും വീട്ടിലേക്ക്……..

അതിപ്പോ…. എന്താടാ പറയാ….. നിന്റെ കൂടെ വർക്ക്‌ ചെയ്യുന്നതാണെന്ന് പറഞ്ഞാലോ…….

അത് കൂടുതൽ കോംപ്ലിക്കേറ്റഡ് ആവും…. നിന്റെ ഫ്രണ്ടിന്റെ അനിയത്തി ആണെന്ന് പറയാം….

എടാ നീയിത്….

പറയുന്നത് കേൾക്ക്…. അവളുടെ കോളേജ് എന്റെ വീടിന്റെ അങ്ങോട്ട് അല്ലെ…..

ആണെന്ന് തോന്നുന്നു…..

അങ്ങനെയാണേൽ….. അതന്നെ പറയാം….. ആ കാലമാടന്മാർ സൈൻ ചെയ്യിപ്പിച്ചില്ലായിരുന്നെങ്കിൽ വേറെ എവിടെയെങ്കിലും കൊണ്ടുതള്ളാമായിരുന്നു….. ഇതിപ്പോ ഒരുവർഷം സഹിക്കണ്ടേ…….

നീ വാ…. അവളെപ്പോയി വിളിക്കാം…..

രണ്ടുപേരും അങ്ങോട്ട്‌ നടന്നു….. അർപ്പണ മറ്റേതോ ലോകത്താണ്…..

അർപ്പണ…..

രോഹിത്തിന്റെ ശബ്ദം കേട്ടതും അവള് തലയുയർത്തി നോക്കി…. അർജുനെ കണ്ടതും അവളുടെ കണ്ണുകൾ തിളങ്ങി……

നീ ഇവിടെയിരിക്കാണോ വാ പോകാം…..

രോഹിത്തിന്റെയാണ് ക്ഷണം….

എങ്ങോട്ടാ…..

അർജുന്റെ വീട്ടിലേക്ക്…..

 

തന്നെ താലിച്ചാർത്തി സ്വന്തമാക്കിയാൾ കൂട്ടിക്കൊണ്ടുപോകാൻ വന്നെന്നറിഞ്ഞപ്പോൾ ആ പെണ്ണിന്റെ മനംനിറഞ്ഞു….. സന്തോഷത്തോടെ അവളവിടുന്ന് എണീറ്റ് അർജുനെ നോക്കി…… അവളെ കാണുംതോറും അവനു ദേഷ്യം ഇരട്ടിച്ചുവന്നു……

ഡീ…… ഒരു കാര്യം ഇപ്പോഴേ പറഞ്ഞേക്കാം….. നിന്റെ തന്തയുടെ ഭീഷണി ഒന്നുകാരണമാ ദാ ഈ താലി നിന്റെ കഴുത്തിൽ കെട്ടിയത്….. എനിക്ക് നിന്നോട് ഒരു കോപ്പും ഇല്ല…. ഞാനൊരാളെയാ സ്നേഹിച്ചത് ശ്രയയെ….. അതെന്റെ വീട്ടുകാർക്കും ഫ്രണ്ട്സിനുമെല്ലാം അറിയാം…… ഒരുവർഷം അത് കഴിയുമ്പോൾ നീയെന്നു പറയുന്ന മാരണം എന്നുന്നേക്കുമായി എന്റെ ജീവിതത്തിൽനിന്നും ഒഴിഞ്ഞു പോവണം……. അത് മാത്രമല്ല…. ഇപ്പോൾ നിന്നെ അങ്ങോട്ട്‌ എന്റെ ഭാര്യ ആണെന്ന് പറഞ്ഞല്ല എഴുന്നള്ളിക്കുന്നത്…. ഇവന്റെ ഫ്രണ്ടിന്റെ അനിയത്തി….. പഠിക്കാനായി അവിടെ താമസിക്കുന്നു…. Thats it…. മനസിലായോ…… ഞാനും നീയും തമ്മിലുള്ള ഈയൊരു ബന്ധം എന്റെ വീട്ടുകാരോ ശ്രയയോ അറിഞ്ഞാൽ ഇങ്ങനെയായിരിക്കില്ല ഞാൻ ബീഹെവ് ചെയ്യുക…..

ഹൃദയഭാരംകൊണ്ട് കണ്ണുകൾ തുളുമ്പാതിരിക്കാൻ അവള് പാടുപെടുന്നുണ്ടായിരുന്നു……

അജൂ….. I’m സോറി….. അർജുൻ ….. ഞാൻ ആരോടും ഒന്നും പറയില്ല….. തന്റെ വീട്ടിലേക്ക് വരാതിരിക്കുന്നതല്ലേ നല്ലത്….. ഞാൻ എന്തെങ്കിലും ചെയ്തോളാം…. താൻ അതോർത്ത് വറീഡ് ആവണ്ട……

പിന്നെ നിന്നെയോർത്ത് വറീഡ് ആവാൻ നീയെന്റെ ആരാ…… വീട്ടുകാര് മുഴുവൻ ഗുണ്ടകളാണല്ലോ അവരെ പേടിച്ചാ…. അതല്ലാതെ നിനക്ക് എന്തെങ്കിലും പറ്റുമോ എന്നോർത്തല്ല…… നീയെന്തായാലും എനിക്ക് പുല്ലാ….. നിന്റെ പുന്നാര ഏട്ടൻ വിളിച്ചിരുന്നു….. നിന്നെ കാണാൻ അടുത്താഴ്ച കെട്ടിയെടുക്കുന്നുണ്ടെന്ന് അറിയിക്കാൻ……. അതുകൊണ്ടാ വിളിച്ചത്……… ഇനി നീ കാരണം ചാവാൻ എനിക്ക് താല്പര്യം ഇല്ല……

അവള് മറുപടിയൊന്നും പറഞ്ഞില്ല…… തലയുംകുനിച്ചു നിൽപ്പാണ്….

ഇനി എഴുന്നള്ളാൻ താലപൊലി വല്ലതും ഒരുക്കണോ…..

എടാ അർജു നീയെന്തിനാ ഇവളോട് ഈ ചൂടാകുന്നത്…….

രോഹിത്തിന്റെ ചോദ്യം പാടെ അവഗണിച്ചു അർജുൻ മുൻപിൽ നടന്നു………

അപ്പു….. വാ…. പോവാം……. അവൻ പറയുന്നത് കാര്യമാക്കണ്ട…… പതിയെ അവൻ എല്ലാം മറന്നോളും……

അതെ…. മറക്കും വളരെ പെട്ടന്ന് എല്ലാം…… അത് ചിലർക്ക് മാത്രമുള്ള പ്രത്യേക കഴിവാണ്……..

അർജുൻ പോയവഴിയേ നോക്കി അവള് പറഞ്ഞതും രോഹിത് നെറ്റിച്ചുളിച്ചു…..

എന്താ……

ഒന്നുല്ല…… എനിക്ക് നല്ല ക്ഷീണം വിശക്കുന്നു….. പിന്നെ ഈ വേഷം മാറണം….

നീ വാ…. അതിനുവേണ്ട ഏർപ്പാടുണ്ടാക്കാം……..

അവള് രോഹിത്തിന്റെ പുറകെ നടന്നു……. അവൾക്കുള്ള ഡ്രെസ് വാങ്ങിയതും മറ്റും അവൻ തന്നെയാണ്…….

അവര് പിന്നെയും യാത്ര തുടർന്ന്…… ഇടയ്ക്ക് അർജുന്റെ ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് അർപ്പണ ഞെട്ടിയുണരുന്നത്…..

ശ്രയ എന്ന് കണ്ടതും അർജുന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു…. എന്നാൽ അന്നുണ്ടായ മറ്റുസംഭവങ്ങൾ ഓർമയിലേക്കോടിയെത്തിയതും ആ ചിരി വേദനയ്ക്ക് വഴി തെളിച്ചു…. മനസ്സില്ലാമനസോടെ അവനാ കോൾ അറ്റൻഡ് ചെയ്തു…….

അജൂ…… നീയെവിടെയ….. കല്യാണം ഒക്കെ കഴിഞ്ഞോ….

കുസൃതിയുടെയുള്ള ആ ചോദ്യം അവനെ തെല്ലൊന്നുമല്ല നൊമ്പരപ്പെടുത്തിയത്……അതിനുള്ള ഉത്തരം ഒരു മൂളലിൽ ഒതുക്കുമ്പോൾ ശ്രയ അറിഞ്ഞു അവന്റെ വേദന …..

അജൂ….. എന്താടാ നിനക്ക് പറ്റിയത്…. വയ്യേ…..

എനിക്ക് കുഴപ്പമൊന്നുമില്ല…… ഞാൻ ഇപ്പൊ ഡ്രൈവിങ്ങിലാ…… പിന്നെ വിളിക്കാം….

ഇത് വല്യ കഷ്ടമുണ്ട്….. ഒരു കല്യാണം എന്ന് പറഞ്ഞു പോയിട്ട്… ഇതിപ്പോ മൂന്നിസമായില്ലേ മര്യാദക്കൊന്ന് മിണ്ടീട്ടു….. നിന്റെ ഈ തിരക്ക് കണ്ടാൽ കരുതും നിന്റെ കല്യാണമാണെന്ന്…….

സച്ചൂ…….

ഞെട്ടലോടെ അവൻ വിളിച്ചതും മറുഭാഗത്ത് കുണുങ്ങി ചിരിക്കുന്നത് കേൾക്കാം……

ചുമ്മ….. അങ്ങനെ നീയെന്നെ ഒഴിവാക്കി വേറെ കെട്ടില്ലെന്ന് എനിക്ക് നന്നായി അറിയാമെന്റെ മോനേ……… വേഗം വാടാ…. എനിക്ക് നിന്നെ കാണാൻ കൊതിയാകുന്നു…….

ഉം…. ഓക്കേ…..

ലവ് യു…..

ഹ്മ്…….

അവൻ വേഗം ഫോൺ കട്ട്‌ ചെയ്തു…… അപ്പു അവനെ മിററിലൂടെ നോക്കുന്നുണ്ടെന്ന് മനസിലായതും അവനവളെ തറപ്പിച്ചു നോക്കി………..അവളാ നോട്ടം മാറ്റി നേരെയിരുന്നു……

വീടെത്തുംതോറും അവന്റെ ഹൃദയമിടിപ്പ് വർധിച്ചു….. താനൊരു ഡ്രാമയാണ് ഇനി മറ്റുള്ളവർക്കുമുൻപിൽ അരങ്ങേറാൻ പോകുന്നതെന്ന് ഓർത്തപ്പോൾ അവനറിഞ്ഞു താൻ മനസാൽ എത്ര ദുർബലൻ ആണെന്ന്…….

വീടെത്തി അവനും രോഹിത്തും ഇറങ്ങി… ഒപ്പം അപ്പുവും…..

ഡീ പറഞ്ഞതൊന്നും മറക്കണ്ട…. ഇതത്രയും ഒരു ഡ്രാമയാണ്…..

താക്കീതോടെ പറഞ്ഞു അവൻ കോളിങ് ബെൽ അടിച്ചു……..

അപ്പു ആ വീട് സസൂക്ഷമം വീക്ഷിച്ചു….. ഒരിക്കൽ ആഗ്രഹിച്ചതാണ് ഈ വീട്ടിലേക്ക് അർജുന്റെ കയ്യുമ്പിടിച്ചു അവന്റെ പെണ്ണായി കയറിവരണമെന്ന്…… ആ ആഗ്രഹം സഫലമായിരിക്കുന്നു…. എന്നാൽ…..

തുടരും….