രചന – ജ്വാലാമുഖി
അയാൾ എനിക്ക് നേരെ നടന്നു അടുക്കും തോറും എന്റെ ഹൃദയമിടിപ്പും കൂടി കൂടി വന്നു…
“ടാ… ഇപ്പൊ എങ്ങനെ ഉണ്ട് നിനക്ക് ..? ”
അപ്പോളാണ് തൊട്ടു അപ്പുറത്തെ ബെഡിലേക്ക് ഞാൻ നോക്കിയത്…
സൗകര്യങ്ങൾ ഒക്കെ കുറഞ്ഞ ഹോസ്പിറ്റൽ ആയത് കൊണ്ടു ആകെ ഒരു വാർഡ് മാത്രം ഉള്ളു… അതിൽ എല്ലാ തരം രോഗികളും ഉണ്ട്…
അപ്പുറത്തെ കട്ടിലിൽ തലയിൽ ഒരു വലിയ കെട്ടൊക്കെ ആയിട്ടൊരു ചേട്ടൻ കിടപ്പുണ്ട്… അയാളെ നോക്കി ആണ് ഗൗതം ചോതിച്ചതെന്ന് അപ്പോളാണ് എനിക്ക് മനസിലായത്…
ഞാൻ ഒന്നും അറിയാത്ത പോലെ കണ്ണുകൾ പൂട്ടി കിടന്നു…
“ടാ.. നീ വല്ലതും കഴിച്ചോ… ”
“ഇല്ലടാ… നീ ഇപ്പൊ വരാം എന്ന് പറഞ്ഞു പോയതല്ലേ… ”
“കുറച്ചു പണികൾ ഉണ്ടായിരുന്നു … ആ പൊലീസുകാരെ ഒന്ന് ഒതുക്കണ്ടേ… അതിനു പോയതാ… ”
“നീ അപ്പുറത്തെ ബെഡിലെ ആളെ കണ്ടോ… നമ്മുടെ ദൃക്‌സാക്ഷി… ”
“അവള്ടെ അമ്മേ കണ്ടു ഞാൻ ഇപ്പൊ… പേടിച്ചു പനി പിടിച്ചു വന്നേക്കണതാ… ”
“പനി പണി ആവോ… ”
“നീ എന്താ ഉദ്ദേശിച്ചത്… ”
“അവൾ മൊഴി കൊടുക്കോ… ”
“ഏയ്.. കൊടുത്താൽ പിന്നെ അവള്ടെ തല കാണില്ല… ”
എന്റെ താടി കൂട്ടി ഇടിക്കുന്ന ശബ്‌ദം പുറത്തു വരാതിരിക്കാൻ ഞാൻ പാടുപെട്ടു… മറുപുറം തിരിഞ്ഞു കിടന്നു… ആരും കാണാതെ കണ്ണു തുടച്ചു ഞാൻ…
“അല്ലേൽ തന്നെ ഇവൾ കാരണ…ഞാൻ അവന്റെ കഴുത്തിനു നേരെ ആണ് ഓങ്ങിയത്… അപ്പോളല്ലേ ഈ പെണ്ണ് മേളം നോക്കി വായും പൊളിച്ചു ചുറ്റും ഉള്ളതൊന്നും കാണാതെ നിന്നത്… അവൻ ഒഴിഞ്ഞു മാറിയതും വെട്ടു ഇവള്ടെ മേൽ കൊല്ലാതെ നോക്കിപോളാണ് കൈ അറ്റത്… ”
എന്റെ കൃഷ്ണ… എന്റെ കയ്യും കാലും ഒക്കെ ചത്ത പോലെ ആയി…
ഇവന്മാർ മിക്കവാറും എന്നെ കൊല്ലും എന്നെന്റെ മനസ്സ് പറഞ്ഞു…
ആ വെട്ടേറ്റ പയ്യന്റെ മുഖം എന്റെ കണ്ണിൽ തറഞ്ഞു നിന്നു…
ഇവനൊക്കെ മനുഷ്യൻ തന്നെ ആണോ എന്ന് ഞാൻ ചിന്തിച്ചു…
അപ്പോളാണ് കട്ടിൽ കുലുങ്ങുന്ന പോലെ തോന്നിയത്…
അയാൾ എന്റെ കട്ടിലിന്റെ കാൽക്കൽ ഇരുപ്പായി…
എന്റെ കൃഷ്ണ… ഇവിടന്ന് ഒന്ന് പോയികിട്ടിയെങ്കിൽ എന്ന് ആശിച്ചു ഞാൻ ഇരിക്കുമ്പോൾ ആണ് അമ്മ മരുന്നു മായി വന്നത്…
“ധനു… മോൾ ഉറങ്ങിയോ… ”
ഞാൻ മയക്കം ഉണർന്നപോലെ അഭിനയിച്ചു… അപ്പോളേക്കും അയാൾ എന്റെ ബെഡിൽ നിന്നും എണീറ്റു മാറി ഇരുന്നു..
“ട്രിപ്പ് ഇടാൻ വരുന്നുണ്ട് …. അന്ന് കാലിൽ കുപ്പിച്ചില്ലു കേറിപ്പോ ഇൻജെക്ഷനു കരഞ്ഞ പോലെ ഇപ്പൊ ഇവിടെ കിടന്നു ഓളി ഇട്ടാൽ അമ്മേടെ കയ്യിന്നു നീ വേടിക്കും ട്ടൊ.. ”
ഞാൻ ഇടക്കണ്ണിട്ടു അപ്പുറത്തെ കട്ടിലിലേക്ക് നോക്കി..
ആ തലയിൽ കെട്ടുള്ള ചേട്ടൻ എന്നെ നോക്കി കളിയാക്കി ചിരിക്കുന്നുണ്ട്…
ഇൻജെക്ഷൻ എന്ന് കേട്ടാലേ എനിക്ക് പേടിയാ… അപ്പോളാണ് ട്രിപ്പ്… അതും ഈ സൂചി കയ്യിൽ തന്നെ മണിക്കൂറുകളോളം കെട്ടിവച്ചാൽ ഹോ… ഓർക്കാൻ വയ്യ…
എന്റെ കണ്ണൊക്കെ നിറഞ്ഞു ഒഴുകി…
“അമ്മ… ”
“എന്താടി.. ”
“എനിക്ക് ഇച്ചിരി ഗ്ളൂക്കോസ് കലക്കി തന്നാൽ പോരെ… ”
“ദേ… നീ മിണ്ടാതെ ഇരുന്നോട്ടാ… ”
അപ്പോളേക്കും ഒരു ട്രേ കൊണ്ടു നേഴ്സ് അങ്ങോട്ട് വന്നു.. എനിക്ക് കാലൻ വരണ പോലെ തോന്നി..
കൈ അവർ തന്നെ നീട്ടി വൈപ്പിച്ചു…
ഞാൻ കണ്ണുകൾ ഇറുക്കി പൂട്ടി അടച്ചു…
“മോളെ പതുക്കെ കുത്തിക്കോളൂ ട്ടാ… ഇവൾക്ക് സൂചി കണ്ടാൽ ഓർമ പോകും… അങ്ങനാ… ”
“അല്ലേലും ഞാൻ പതുക്കെ കുത്താറുള്ളു… പിന്നെ പെൺകുട്ടികൾ ആയാൽ ഇച്ചിരി വേതന ഒക്കെ സഹിക്കാൻ പഠിക്കണം… ഇങ്ങനെ പേടിച്ചാൽ എങ്ങനാ… ”
ഞാൻ ഒന്നും മിണ്ടിയില്ല…
അവർ എന്റെ വെയിൻ തപ്പി… കുറെ കഴിഞ്ഞു… സൂചി എന്റെ കയ്യിനു നേരെ കൊണ്ടു വന്നതും ഞാൻ അമ്മേ എന്ന് പറഞ്ഞു കരഞ്ഞു തുടങ്ങി… പരിസരം ഒക്കെ ഞാൻ മറന്നു…
സൂചി കേറിയതും എന്റെ കരച്ചിലിന്റെ ഈണം കൂടി…
അവർ അത് കയ്യിൽ ഫിക്സ് ചെയ്തു… ബാൻഡേജ് ഒക്കെ ഒട്ടിച്ചു ട്രിപ്പ് ഇട്ടു… അപ്പോളും എന്റെ ഏന്തൽ തീർന്നിട്ടില്ലായിരുന്നു..
“ധനു… ”
“ഉം. ”
“കഴിഞ്ഞില്ലേ ഇനി എന്തിനാ കരായണേ… ”
ഞാൻ ഒന്നും മിണ്ടിയില്ല. പക്ഷെ എന്റെ കയ്യിലേക്ക് നോക്കുമ്പോൾ ഒക്കെയും എനിക്ക് സങ്കടം വന്നു…
“ചേച്ചി… ”
അമ്മയെ നോക്കി ആ ചേട്ടൻ വിളിച്ചപ്പോൾ ആണ് ഞാൻ അപ്പുറത്തു ഇവരൊക്കെ ഉണ്ടല്ലോ എന്ന് ഓർത്തത്…
പെട്ടന്ന് ആ നേഴ്സ് തിരിച്ചു വന്നു…
“അതെ….ലൂസ് മോഷൻ ഒന്നും ഇല്ലാലോ… ”
ഞാൻ ചമ്മലോടെ ഇല്ല എന്ന് പറഞ്ഞു…
“ഉം… ശരി… ഈ ഡപ്പിയിൽ യൂറിൻ എടുത്തു ലാബിലേക് കൊണ്ടു വന്നോളൂ.. ”
അമ്മ അത് വാങ്ങി…
“ചേച്ചി… ”
ആ ചേട്ടൻ പിന്നേം വിളിച്ചു..
അമ്മ ആ പയ്യനെ എന്താ എന്ന അർത്ഥത്തിൽ നോക്കി…
“അല്ല ചേച്ചിടെ മോളിപ്പോ യൂ കെ ജി യിൽ ആണോ പടിക്കണേ…?? ”
“അവൾക്കു പണ്ടേ സൂചി കണ്ടാൽ വല്ല്യ പേടിയാ… ”
ബെസ്റ്റ്… വെട്ടും കുത്തും ചോരക്കളവുമായി നടക്കുന്ന ഇവർക്ക് വടിവാൾ കണ്ടാലും പേടി ഇല്ലാലോ… അപ്പൊ പിന്നെ ഇങ്ങനെ ഒക്കെ കാണുമ്പോൾ അവർക്ക് തമാശ ആണല്ലോ…
“ധനു… യൂറിൻ ടെസ്റ്റ് നു കൊടുക്കണ്ടേ… ”
“ഉം… ”
ഗ്ളൂക്കോസ് ഡപ്പി എടുത്തു മറ്റേ കയ്യിൽ പിടിച്ചു ബാത്റൂമിലേക്ക് നടക്കാൻ നേരം പിന്നിൽ നിന്നും ഒരു വിളി…
അമ്മ ആണേൽ അങ്ങേ അറ്റം എത്തി..
“ഡി… ”
തിരിഞ്ഞു നോക്കിയപ്പോൾ അയാൾ ആണ്..
അയാൾ എന്റെ അടുത്ത് വന്നു… എന്റെ കയ്യിന്നു ഗ്ലൂക്കോസ് ഡപ്പി തട്ടിപ്പറിച്ചു…എന്നിട്ട് ഡെപ്പീടെ വയറിലെ ബട്ടണിൽ തിരിച്ചു…
ഞാൻ ഒന്നും മനസിലാവാതെ നോക്കി നിന്നു..
“ആ കൈ ഇങ്ങ് നീട്ടി പിടിക്കെടി… ”
ഞാൻ പേടിച്ചു കൈ നീട്ടി…
കയ്യിലെ സൂചിയുടെ ബട്ടണിൽ നിന്നും ഗ്ലൂക്കോസ് വയർ ഊരി അത് അടച്ചു വച്ചിട്ട്..എന്റെ കൈ താഴേക്കു ഇട്ടു..
അയാൾ അങ്ങനെ പിടിച്ചപ്പോൾ… സത്യത്തിൽ എനിക്ക് നല്ലോണം വേദനിച്ചു… പക്ഷെ ഞാൻ മിണ്ടിയില്ല…
ആ ഡപ്പി അയാൾ എടുത്തു കൊണ്ടു എന്റെ ബെഡിന്റെ സൈഡിലെ സ്റ്റാൻഡിൽ തൂക്കി ഇട്ടു..
“പോടി…”
ഞാൻ വേഗം തിരിച്ചു നടന്നു…
അപ്പോളാണ് ഞാനും ഓർത്തത്.. ഇതും താങ്ങി അങ്ങോട്ട് പോയാൽ പ്രോബ്ലം ആവൂല്ലൊ എന്ന്..
ബാത്‌റൂമിലേക്ക് നടക്കുമ്പോൾ എന്റെ മുന്നിൽ ഭദ്രകാളി പോലെ നില്പായിരുന്നു അമ്മ…
“അവന്മാരോടൊന്നും മിണ്ടാൻ നിൽക്കണ്ട… ഇവനൊക്കെ ഒന്ന് വിരലിൽ തൊട്ടാൽ പോലും കാണുന്നവർ അങ്ങനെ അല്ല കരുതാ…”
അത്രയും മോശം ആണോ അയാൾ…
ഞാൻ ഒന്നും മിണ്ടാതെ നിന്നതേ ഉള്ളു…
തിരിച്ചു ബെഡിൽ വന്നു ഇരിക്കുമ്പോൾ അയാൾ എന്റെ അടുത്തേക്ക് വരുമോ എന്ന് ഞാൻ ഭയന്നു.. ഭാഗ്യത്തിന് അപ്പോളേക്കും നേഴ്സ് വന്നു… ട്രിപ്പ് ഇട്ടു തന്നു…
ഫാനിലേക്ക് നോക്കി കുറെ നേരം കിടന്നു… അപ്പുറത്തെ ബെഡിൽ ഓറഞ്ച് തൊലി കളയുന്ന മണം മൂക്കിലേക്ക് അടിച്ചു കയറുന്നു…
ഞാൻ തിരിഞ്ഞു കിടന്നു… അപ്പോളേക്കും യൂറിൻ ടെസ്റ്റ് നു കൊടുത്തു അമ്മ അങ്ങോട്ട് വന്നു…
“ധനു.. ”
“ഉം… ”
“നിനക്ക് കഴിക്കാൻ എന്തെങ്കിലും വാങ്ങണോ… ”
“വേണ്ട… അമ്മ പോയി കഴിച്ചോളൂ… ”
“വീട്ടിൽ ഒന്ന് പോയെങ്കിൽ അത്യാവശ്യം കുറച്ചു ഡ്രെസ്സും പുതപ്പും… തൂക്കുപാത്രോം ഒക്കെ കൊണ്ടു വരാമായിരുന്നു… ”
“അമ്മ പോയിട്ട് പോരെ… ഞാൻ ഇവിടെ കിടന്നോളാം.. ”
“ഇവന്മാരുടെ അടുത്ത് നിന്നെ ഇട്ടിട്ടു പോവേ…നല്ല കഥ.. ”
ഞാൻ ഇടക്കണ്ണിട്ട് അപ്പുറത്തെ ബെഡിലേക്ക് നോക്കി…
അമ്മ പറഞ്ഞത് കേട്ടിട്ട് ആകണം അവരുടെ മുഖം വലിഞ്ഞു മുറുകി വരുന്നത് ഞാൻ കണ്ടു…
“നീ ഒരു കാര്യം ചെയ്യ്.. ആ ശീലു നെ ഒന്ന് വിളിച്ചു വരാൻ പറ… ”
അമ്മ അമ്മേടെ കൊച്ചു നോക്കിയ ഫോൺ എനിക്ക് നേരെ നീട്ടി…
ഞാൻ ഫോൺ വാങ്ങി അവളെ വിളിച്ചു വരാൻ പറഞ്ഞു..
കുറച്ചു കഴിഞ്ഞതും ശീലു വന്നു…
ശീലുനെ എന്നെ ഏല്പിച്ചു പോകാൻ നേരത്തും അമ്മയുടെ മുഖത്തു വല്ലാത്ത ഭയം നിഴലിച്ചു നിന്നു..
“ധനു… ”
“ഉം… ”
“ശരിക്കും നിനക്ക് എന്താ ഇങ്ങനെ പെട്ടന്ന് പനി വരാൻ കാരണം… നീ വല്ലതും കണ്ടു പേടിച്ചോ…? ”
ഞാൻ എന്ത് പറയണം എന്നറിയാതെ ഗൗതമിന്റെ മുഖത്തേക്ക് നോക്കി… ഗൗരവം നിറഞ്ഞ ആ മുഖം കണ്ടതും… ഇന്നലെ അയാളുടെ മുഖത്തെ രൗദ്ര ഭാവം എന്റെ മനസ്സിൽ തെളിഞ്ഞു വന്നു…
ആ കണ്ണുകൾ എന്നിൽ തന്നെ തറഞ്ഞു നിന്നു…
“എന്താടി ഒന്നും മിണ്ടാത്തെ… ”
“ഒന്നും കണ്ടു പേടിച്ചില്ലാടി… അറിയില്ല… പെട്ടെന്ന് വയ്യാതെ ആയതാ… ”
“ഉം.. പിന്നെ ടി… നിന്റെ ആ സിൽക്ക് ഉടുപ്പ് എനിക്ക് ഒന്ന് തരണം ട്ടൊ… നാളെ ജാനകി അമ്മായിടെ മോൾടെ കല്യാണനിശ്ചയം ആണ്… ഞാൻ അന്നു പറഞ്ഞില്ലേ… ”
ഈശ്വര… പിന്നെയും പെട്ടു… എന്ത് പറയണം എന്ന് ഞാൻ ശങ്കിച്ചു..
“എടി എന്റെ ആ ഉടുപ്പ് കാണാനില്ല… ”
“നീ ഇന്നലെ അതിട്ടു അമ്പലത്തിൽ പോകുന്നത് എന്റെ അമ്മ കണ്ടതാണല്ലോ… ഒരു രാത്രി കൊണ്ടു എവിടെ പോകാനാ… ”
എന്റെ തൊണ്ട ഒക്കെ വരണ്ടു…
“ഞാൻ മറന്നു.. ”
അവളോട് എന്ത് പറയും എന്റെ കൃഷ്ണ….
പെട്ടെന്ന് ഒരു പറ്റം പോലീസ് അങ്ങോട്ട് വന്നു…
എന്റെ കയ്യും കാലും വിറച്ചു…
അവർ നേരെ അപ്പുറത്തെ ബെഡിലേക്ക് നടന്നു..
“ആരാ അടിച്ചത് എന്ന് ഓർമ്മയുണ്ടോ ഇയാൾക്ക്.. ”
“ഇല്ല സർ… അവന് ഇപ്പോളും ബോധം വീണിട്ടില്ല… ”
“അപ്പൊ വേറെ ഹോസ്പിറ്റലിലേക്ക് മാറ്റമായിരുന്നില്ലേ… ”
“മാറ്റണം എങ്കിൽ ഡോക്ടർ പറയാം എന്നാണ് സർ പറഞ്ഞത്… ”
“അവിടെ ആ സമയത്തു ഉണ്ടായവരെ ഒക്കെ ഞങ്ങൾ പോക്കുന്നുണ്ട്… വൈകാതെ എന്തേലും തുമ്പ് കിട്ടും… ഇവന് ബോധം വീണാൽ ഉടനെ സ്റ്റേഷനിൽ അറിയിക്കണം… ”
എന്റെ കൃഷ്ണ.. ഇവർ എന്തൊക്കെ നുണ ആണ് പറയണേ… ആ ചേട്ടൻ ഇത്രേം നേരം സംസാരിക്കുന്നത് ഞാൻ കണ്ടതാണല്ലോ…
അവിടെ കൂടിയവരെ പൊക്കിയാൽ എന്നെ ആകും ആദ്യം പിടിക്കാ…
കൂട്ടത്തിൽ ഒരു പോലീസ് കാരന്റെ പിറകെ ഗൗതമും പോകുന്നുണ്ടായിരുന്നു… അവരോടു മാറി നിന്ന് എന്തൊക്കെയോ സംസാരിച്ചു അയാൾ തിരിച്ചു വന്നു..
ശീലു പേടിച്ചു ബാത്‌റൂമിലേക്ക് ഓടി…
ആ സമയം എന്റെ നേരെ നടന്നടുക്കുന്ന അയാളെ നോക്കിയതും ഒരു മിന്നൽ എന്റെ ചങ്കിലൂടെ പാഞ്ഞു… എന്റെ അടുത്തുള്ള സ്റ്റൂളിൽ അയാൾ ഇരുന്നു..
“അവർ പറഞ്ഞിട്ട് പോയത് കേട്ടല്ലോ…? ”
ഞാൻ ഉവ്വ് എന്ന് തലയാട്ടി…
“നിന്റെ വായിൽ നിന്നും ഒരക്ഷരം ആരും അറിയരുത്… പിന്നെ ഇപ്പൊ നിനക്ക് കാവൽ നിൽക്കണ ആ പെണ്ണില്ലേ അവളെ അങ്ങ് പറഞ്ഞു വിട്ടേക്ക്… അവള്ടെ കുത്തി കുത്തി ഉള്ള ചോദ്യം എനിക്ക് അത്ര പിടിക്കണില്ല… ”
അപ്പോളും ഞാൻ ഒന്നും പറഞ്ഞില്ല…
“നിനക്ക് വായിൽ നാവില്ലേടി… അതോ അഹങ്കാരം കൊണ്ട് മിണ്ടാത്തതാണോ… ”
“അയ്യോ… അല്ല… ”
ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു…
ആ കണ്ണുകൾ എന്നിൽ പതിയും തോറും… എന്റെ ശരീരത്തിൽ ആരോ സൂചികൊണ്ട് കുത്തുന്ന പോലെ തോന്നി എനിക്ക്…
അയാൾ തിരിഞ്ഞു കൂട്ടുകാരന് അഭിമുഖം ആയി ഇരുന്നു…
അപ്പോളേക്കും ശീലു അങ്ങോട്ട് വന്നു… പിന്നാലെ
നേഴ്സും.. എന്റെ പനി ഒന്നുടെ ടെസ്റ്റ് ചെയ്തു…
“ഇപ്പൊ എങ്ങനെ ഉണ്ട്… ”
“കുറവുണ്ട്… ”
“എങ്കിൽ എന്തെങ്കിലും കഴിച്ചോളൂ… എന്നിട്ട് ഒന്ന് മയങ്ങിക്കോ… ”
“സിസ്റ്റർ… ”
“ഉം ”
“ഈ ട്രിപ്പ് കഴിഞ്ഞാൽ പോകാമോ… ”
“രണ്ടു ദിവസം എന്തായാലും എടുക്കും… മരുന്നിന്റെ കോഴ്സ് കഴിയണ്ടേ… ”
അതും പറഞ്ഞു സിസ്റ്റർ നടന്നു പോകുന്നത് ദയനീയമായി ഞാൻ നോക്കി കിടന്നു..
“ശീലു… നീ വേണേൽ വീട്ടിലേക്കു പൊയ്ക്കോ… ഞാൻ ഇവിടെ ഒറ്റക്ക് കിടന്നോളാം.. ”
“പിന്നെടി.. അങ്ങനെ ഇപ്പൊ ഞാൻ പോണില്ല… നിനക്ക് ഇവന്മാരെ ഒക്കെ വായിൽ നോക്കി കിടക്കാൻ അല്ലെ… അങ്ങനെ നീ ഒറ്റക്ക് നോക്കണ്ട.. ഞാനും നോക്കിനോക്കട്ടെ… ”
“ടി… അതല്ല… ”
“ഈ ബെഡിൽ ഇരിക്കുന്ന കലിപ്പൻ ഇല്ലേ.. അവനെ ഞാൻ എടുത്തു… ആ തലേക്കെട്ടിനെ നീ എടുത്തോ.. ”
“ചെ… ”
ഞാൻ അവൾക്കു മുന്നിൽ മുഖം വെട്ടിച്ചു കിടന്നു… എന്നിട്ട് തിരിഞ്ഞു ആ തലേക്കെട്ടിനെ ഒന്ന് നോക്കി… അവന്റെ മുഖത്തെ വളിച്ച ചിരി കണ്ടു എനിക്ക് ഓക്കാനം വന്നു..
അപ്പോളും ആ ചുവന്ന രണ്ടു കണ്ണുകൾ എന്നിൽ തന്നെ ആയിരുന്നു എന്ന് ഞാൻ നോക്കാതെ തന്നെ കണ്ടു…
തുടരും….

by