11/02/2026

അഗ്രഹാരം : ഭാഗം 34

രചന – നിവേദ്യ ഹരിഹരൻ

📱 “ഹലോ… “ഹലോ … ആരാ സംസാരിക്കുന്നത്…?? “ഇത് അനുശ്രീ ആണോ …? “അതെ … അനുശീ ആണ്.. “ഹായ് അനു … എന്റെ പേര് ആഷ്മി.. “ആഷ്മീ …?? എനിയ്ക്ക് മനസ്സിലായില്ല.. ആരാ.. എന്നെ എങ്ങനാ അറിയുന്നത്..? ” ഞാൻ ഡോക്ടർ എബിന്റെ കോളേജ് മേറ്റാണ്.. ഞാനും ഒരു ഡോക്ടറാ… “ഓഹ്… ഡോക്ടർ ആഷ്മി.. ആഹ് എബി ഡോക്ടർ പറഞ്ഞിട്ടുണ്ട് ഡോക്ടറെപ്പറ്റി.. അനു പരിചിത ഭാവത്തിൽ ചിരിച്ചു.. “എന്താ അവൻ എന്നെ പറ്റി പറഞ്ഞിട്ടുള്ളത്..? “നിങ്ങൾ.. നിങ്ങൾ നല്ല ഫ്രണ്ട് സ് ആണെന്ന്.. അല്ലാ ഡോക്ടർക്ക് എവിടുന്നാ എന്റെ നമ്പർ.. “അതൊക്കെ കിട്ടി അനു… ഞാനൊരു കാര്യം പറയാൻ വേണ്ടീട്ടാ വിളിച്ചത്.. “എന്താ ഡോക്ടറെ പറഞ്ഞോ.. “എബി പറഞ്ഞിരുന്നു.. നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെന്ന് .. ആണോ അനു …? “അത് ..ഡോക്ടറെ… അനുവിന്റെ ശബ്ദത്തിൽ ചെറിയൊരു നാണം കലർന്നു..

“അപ്പോ അത് സത്യാ … അല്ലേ..ടോ… “മ്മഹ്… അനു വെറുതെ മൂളി.. “പക്ഷെ അനു .. തനിയ്ക്കറിയാത്ത ഒരു കാര്യമുണ്ട്.. “എ..എന്താ ഡോക്ടറെ..?? “അനു അവനെ പരിചയപ്പെടും മുൻപേ വർഷങ്ങളായി അവനെ മനസ്സിൽ കൊണ്ടു നടക്കുന്ന ആളാ ഞാൻ.. എന്റെ പെയ്ൻ അനു മനസ്സിലാക്കണം. താനും ഒരു പെണ്ണല്ലേ.. എന്നെ തനിക്ക് മനസ്സിലാക്കാൻ പറ്റില്ലേ.. മറുതലയ്ക്കൽ നിന്നും ഒരു വിതുമ്പൽ അനുവിന്റെ കാതുകളിൽ അലയടിച്ചു.. “അവനല്ലാതെ ഒരാളെ എനിയ്ക്ക് സങ്കൽപിക്കാൻ പോലും ആവില്ല അനു… ഏഴെട്ട് വർഷായി അവനെന്റെ ഹൃദയത്തോടു ചേർന്നിരിക്കുന്നത്.. അവനെ അടർത്തിമാറ്റാൻ ശ്രമിക്കുമ്പോൾ നെഞ്ചിൽ നിന്നും രക്തം പൊടിയുവാടോ … വീണ്ടുമൊരു തേങ്ങൽ.. അനു സ്തബ്ദിച്ചു നിന്നു.. “അവൻ എന്നോട് യെസ് പറയാൻ ഇരുന്നതാ.. അപ്പോഴാ താൻ ഞങ്ങൾക്കിടയിലേക്ക് വന്നത്… എബിയെ എനിയ്ക്ക് മറക്കാനോ ഉപേക്ഷിക്കാനോ കഴിയില്ല അനു .. അതെന്റെ മരണത്തിന് തുല്യമാ … അനുവിന്റെ കണ്ണിൽ നിന്നും ഒരിറ്റു കണ്ണുനീർ കവിളിലൂടെ ഒഴുകിയിറങ്ങി..

“എബിയെ എനിയ്ക്ക് നഷ്ടമായാൽ ചിലപ്പോൾ എനിയ്ക്ക് സൂയിസൈഡിലേക്ക് പോലും പോകേണ്ടി വരും അനു .. അത്രയ്ക്ക് ഡിപ്രഷനിലാ ഞാനിപ്പോ .. പ്ലീസ് തന്റെ കാലുപിടിക്കാം.. താൻ ഞങ്ങൾക്കിടയിൽ നിന്നും ഒഴിഞ്ഞു തരണം അനു… തനിയ്ക്ക് ഞാൻ എന്തു വേണമെങ്കിലും തരാടോ .. പണമായിട്ടോ സ്വർണമായി ട്ടോ പ്രോപ്പർട്ടിയായിട്ടോ .. അങ്ങനെ … “ഡോക്ടർ..!! അനുവിന്റെ ശബ്ദം കടുത്തു… “ഞാൻ വിലപേശിയതല്ല അനു … എന്റെ ഗതികേടിനു പറഞ്ഞതാ .. അവനെ എനിയ്ക്കു വേണം.. താൻ എനിയ്ക്ക് തന്നേക്കണം അവനെ .. പ്ലീസ്… ആഷ്മിയിൽ നിന്നുള്ള തേങ്ങൽ അപ്പോഴും ഉയർന്നു കേട്ടു കൊണ്ടിരുന്നു.. എന്തു പറയണം എന്നറിയാതെ തരിച്ചു നിൽക്കുകയായിരുന്നു അനു അവളുടെ കൈയ്യിലിരുന്നു ഫോൺ വിറകൊണ്ടു.. “ഞാൻ..ഞാൻ ഒന്നാലോചിക്കട്ടെ ഡോക്ടറെ.. ഞാൻ വിളിക്കാം… “ഓക്കെ അനു … ആഷ്മി കോൾ കട്ട് ചെയ്തു.. കോൾ കട്ടായിട്ടും ഫോണും ചെവിയിൽ പിടിച്ച് നിൽക്കുകയായിരുന്നു അനു

… അവളുടെ തലയ്ക്കകത്ത് ശരി തെറ്റുകൾ തമ്മിൽ വടം വലി നടന്നുകൊണ്ടിരുന്നു… കസേരയിലേക്കിരിക്കവെ ഫോൺ കൈയ്യിൽ നിന്നും താഴേക്കു വീണു.. അനു അറിയാതെ തന്നെ കണ്ണുനീർ ചാലുകളായി താഴേക് ഒഴുകിക്കൊണ്ടിരുന്നു… ഒരു വശത്ത് അമ്മയും ഇപ്പോ ആഷ്മിയും.. മറുവശത്ത് ഡോക്ടർ… അവൾക്ക് ഭ്രാന്ത് പിടിക്കുന്നതു പോലെ തോന്നി… നെഞ്ച് കീറിമുറിക്കുന്നതു പോലെയും … ഒരു തീരുമാനം എടുക്കാനാവാതെ അനുവിന്റെ മനസ്സുഴറി … ടേബിളിൽ തലചായ്ച്ചു കൊണ്ടവൾ തകർന്ന ഹൃദയത്തോടെ പതിയെ കിടന്നു… ❣️❣️❣️❣️❣️ ഫോൺ കട്ട് ചെയ്ത ശേഷം ആഷ്മി അസ്വസ്ഥതയോടെ ബെഡ്ഡിലേക്കിരുന്നു.. “ചെയ്തത് തെറ്റായിപ്പോയോ .. പക്ഷെ എബി… അവനെ മറക്കാൻ തനിക്ക് പറ്റോ.. അവൾ സ്വയം ചോദിച്ചു.. അർജുൻ പറഞ്ഞു തന്നതു പോലെയാ താൻ ചെയ്തത്.. അത് പക്ഷെ അവനു വേണ്ടി മാത്രമല്ലല്ലോ.. തനിയ്ക്കും കൂടി വേണ്ടിയല്ലേ… പ്രണയം തിരിച്ചു കിട്ടുന്നതിനായി ഒരാളോട് യാചിക്കുന്നതിൽ ഒരു തെറ്റും ഇല്ല… എബിയെ സ്വന്തമാക്കുന്നതിനപ്പുറം വേറെന്ത് സന്തോഷാ തനിയ്ക്കുള്ളത്… ചെയ്ത തെറ്റിനെ ന്യായീകരിച്ചു കൊണ്ട് ഓരോന്നും ആലോചിച്ചും തീരുമാനിച്ചും അവൾ ബെഡ്ഡിലേക്ക് മറിഞ്ഞു.. ❣️

കുറേ ദിവസങ്ങളായിട്ട് എബി അസ്വസ്ഥനായിരുന്നു.. ഒരാഴ്ചയോളമായി അനു ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല.. മെസ്സേജ് ആണെങ്കിൽ റീഡ് ചെയ്യുന്നതുമില്ല.. നേർക്കുനേർ കാണുന്ന സന്ദർഭങ്ങളും പരമാവധി ഒഴിവാക്കുന്നു.. ടെറസ്സിലേക്കും വരുന്നില്ല.. “എന്താ അവൾക്ക് പറ്റിയത്.. ഇനി ആന്റി എന്തെങ്കിലും പറഞ്ഞുകാണോ …? അവൻ ആത്മഗതം പറഞ്ഞു.. “എന്താണെങ്കിലും ഒന്നു തുറന്നു പറഞ്ഞിരുന്നെങ്കിൽ കാര്യം അറിയാരുന്നു… ഗായത്രി ആന്റിയ്ക്ക് കാര്യങ്ങൾ ഒക്കെ അറിയാവുന്നതുകൊണ്ട് ഒന്നും തുറന്നു ചോദിക്കാനും പറ്റുന്നില്ല.. ടെൻഷന്റെ പാരമ്യത്തിൽ എബി ഒന്നു തലകുടഞ്ഞു.. പെട്ടെന്ന് കുറേ ദിവസത്തിനു ശേഷം ടെറസ്സിൽ നിന്നും ചിലങ്കയുടെ ശബ്ദം കേട്ടു… അവന്റെ മുഖമൊന്നു തെളിഞ്ഞു.. എബി വേഗം ടെറസ്സിലേക്കു നടന്നു.. പടികൾ കയറി മുകളിലെത്തിയപ്പോൾ പ്രാക്ടീസിൽ മുഴുകിയ അനുവിനെ കണ്ടു.. പക്ഷേ സമീപത്തായി ശ്രീക്കുട്ടിയും ഉണ്ടായിരുന്നു.. “ആഹ് ഡോക്ടർ… എബിയെ കണ്ടപ്പോൾ ശ്രീക്കുട്ടി ചിരിച്ചു.. അനു അവനെ കണ്ടെങ്കിലും എബിയെ ഒന്നു ശ്രദ്ധിക്കുക കൂടി ചെയ്യാതെ അവൾ നൃത്തം തുടർന്നുകൊണ്ടിരുന്നു..

“ചേച്ചി ഡോക്ടർ… ശ്രീക്കുട്ടി അനുവിനെ നോക്കി പറഞ്ഞു.. “അതിനു ഞാനെന്തു വേണം..?? എബിയും കൂടി കേൾക്കാനെന്നവണ്ണം അവൾ ഉറക്കെ പറഞ്ഞു.. അനുവിന്റെ മുഖത്ത് ദേഷ്യം നിറഞ്ഞു… “മിണ്ടാതിരിക്ക് എന്ന് അനു നൃത്തത്തിനിടയിൽ അവളോട് കൈ കൊണ്ട് ആംഗ്യവും കാണിച്ചു.. ശ്രീക്കുട്ടി സങ്കടത്തോടെ എബിയെ നോക്കി.. അവനൊന്നു ചിരിച്ചു… “പിന്നെ വരാം ” എന്ന് ശ്രീക്കുട്ടിയോട് ചുണ്ടനക്കി പറഞ്ഞു.. പിന്നെ അതുവരെ ഉണ്ടായതിന്റെ ഇരട്ടി വേദനയോടെ താഴേക്കിറങ്ങി… എബിയുടെ ആ പോക്ക് കണ്ടപ്പോൾ അനുവിന് നെഞ്ചു പിടഞ്ഞു… എങ്കിലും അവളത് മറച്ചു കൊണ്ട് വേദനയെ നൃത്തത്തിൽ ലയിപ്പിച്ചു.. ഓരോ പടിയും ഇറങ്ങുമ്പോഴും അനുവിനെന്താ സംഭവിച്ചത് എന്ന ചിന്തയിലായിരുന്നു അവന്റെ മനസ്സ്… അവിടെ നിന്നിറങ്ങിയ ശേഷം എബി ചിന്താഭാരത്തോടെ കുറേ സമയം ബാൽക്കണിയിൽ നിന്നു … കുറച്ചു കഴിഞ്ഞപ്പോൾ ശ്രീക്കുട്ടി താഴേക്ക് ഇറങ്ങിപ്പോകുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടു… കൈയ്യിലിരുന്ന ഫോണിൽ നിന്നും അവൻ അനുവിനെ വിളിച്ചു.. രണ്ടാമത്തെ റിംഗിൽ അനു കോളെടുത്തു.. “എന്താടോ … എന്തിനാ താൻ എന്നോടിങ്ങനെയൊക്കെ ചെയ്യുന്നത്..

അതിനു മാത്രം എന്ത് തെറ്റാ അനു ഞാൻ ചെയ്തത്..?? എബിയുടെ ശമ്പ്ദമിടറി… മറുഭാഗത്തു നിന്നും മറുപടി ഒന്നും ഉണ്ടായില്ല.. “എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ എന്നോട് തുറന്നു പറ .. അല്ലാതെ ഇങ്ങനെ കൊല്ലാതെ കൊല്ലരുത് അനു… പ്ലീസ് … താൻ എന്തെങ്കിലും പറയെടോ… എബി ആകെ നിയന്ത്രണം വിട്ട അവസ്ഥയിലായിരുന്നു.. “എനിയ്ക്കൊന്നും പറയാനില്ല ഡോക്ടറെ… നമ്മൾ തമ്മിൽ ഉണ്ടായതൊക്കെ അവസാനിച്ചു… പലകാരണങ്ങൾ കൊണ്ടും ഇനി അത് തുടരാൻ എനിയ്ക്ക് താൽപര്യമില്ല… ഡോക്ടർ ഇനിയിവിടെ താമസിക്കുന്നതും എനിയ്ക്ക് ഇഷ്ടമല്ല…. കൂടുതൽ ഒന്നും പറയാനില്ല.. ഇനി എന്നെ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്യരുത്… ഗുഡ് ബൈ… കോൾ ഡിസ്കണക്ടായി .. എബി മറ്റേതോ ലോകത്തെന്നപോൽ നിൽക്കുകയായിരുന്നു.. അവൾ പറഞ്ഞ ഓരോ വാക്കും അവനു കൂരമ്പു തറയ്ക്കുന്ന പോലെ അനുഭവപ്പെട്ടു.. കണ്ണുകൾ കലങ്ങി ചുവന്നു.. അനുവിനെ എന്നന്നേയ്ക്കുമായി നഷ്ടപെട്ടു എന്ന ചിന്തയിൽ ഉറക്കെ കരയണം എന്നു തോന്നിയെങ്കിലും ഉള്ളിൽ മൗനമായി ആ കരച്ചിലിനെ അവൻ ഒതുക്കി…

ഫോൺ വെച്ച ശേഷം കൂനിക്കൂടി ടെറസ്സിന്റെ ഒരു മൂലയിരുന്നുക്കൊണ്ട് അനു തേങ്ങി കരഞ്ഞു… എബിയുടെ ഇപ്പോഴത്തെ അവസ്ഥ എന്തായിരിക്കും എന്നോർത്തപ്പോൾ അവൾക്ക് നെഞ്ച് കത്തുന്നതു പോലെ തോന്നി.. “ഡോക്ടർക്ക് സഹിക്കാൻ പറ്റുന്നുണ്ടാവില്ല തന്റെ വാക്കുകൾ…” കണ്ണീർ ധാരധാരയായി അവളിൽ നിന്നും ഒഴുകിക്കൊണ്ടിരുന്നു.. “പക്ഷെ ഈ തീരുമാനമാണ് ശരി.. ഞാനും ഡോക്ടറും വേദനിച്ചാലും അമ്മയടക്കം കുറേ പേർക്ക് സന്തോഷാവും… അതു മതി…!! തികട്ടി വന്ന സങ്കടത്തെ ന്യായങ്ങളാൽ തടഞ്ഞു നിർത്താൻ ശ്രമിച്ചെങ്കിലും അതിർത്തികൾ ലംഘിച്ചുക്കൊണ്ട് അതി ഭയങ്കരമായി അവളിൽ നിന്നു മതു പുറത്തേക്ക് പ്രവഹിച്ചു കൊണ്ടിരുന്നു.. അനു മുകളിൽ നിന്നും പോയിട്ടില്ലെന്ന് എബിയ്ക്ക് മനസ്സിലായി… എന്തിനാണവൾ ഇങ്ങനെയൊക്കെ പറഞ്ഞതെന്ന് അപ്പോഴും അവനറിയില്ലായിരുന്നു.. “ഇത്രവേഗം എന്നെ വെറുത്തോ അനു … അവന്റെ ഹൃദയം നീറി.. ഒരു പക്ഷേ അഗ്രഹാരത്തിലെ അവസാനത്തെ രാത്രിയായിരിക്കും ഇത്… അനുവിനു വേണ്ടി അവസാനമായി ഒരു പാട്ടുപാടണമെന്ന് എബിയ്ക്ക് തോന്നി… അവൾ കേൾക്കാൻ വേണ്ടി മാത്രം… സങ്കടത്തിന്റെ ആഴക്കടലിൽ നിന്നു കൊണ്ട് അവൾക്കായി അവന്റെ കണ്ഠം ശബ്ദിച്ചു…

🎵 നീ തെളിച്ചൊരനുരാഗ ദീപമെൻ … മനസ്സിൽ ജ്വാലയായി മാറി.. അണയല്ലേ എൻ പ്രിയതേ… വിരഹാർദ്രം ഈ നിമിഷം…(2) ഈ കുളിർ കാറ്റിനും ഈറൻ നിലാവിനും .. അറിയാമോ നിൻ മൗനം..(2) എബിയുടെ ശബ്ദം കേട്ടപ്പോൾ തല ഉയർത്തിക്കൊണ്ട് അനു ചാടി എഴുന്നേറ്റു… അവൻ നിന്നിരുന്ന ബാൽക്കണിക്ക് നേരെ മുകളിലായി ഓടിച്ചെന്നു നിന്നു… പാട്ടിന്റെ വരികൾ കേട്ടപ്പോൾ അവളുടെ നെഞ്ച് പിന്നെയും ശക്തമായി ഉലഞ്ഞു… നിയന്ത്രിക്കാനാവാത്ത വികാര വിക്ഷോഭങ്ങൾക്കടിപ്പെട്ടു ക്കൊണ്ട് കണ്ണീരൊഴുകി അവൾ അവനെ മാത്രം കേട്ടു നിന്നു… 🎵 എത്ര രാത്രികളിൽ നിന്റെ ഓർമകളാൽ … നീറി നിൽപ്പു ഞാനോമലേ.. നിന്റെ മൊഴികളിൽ നിറയും സാന്ത്വനം .. തേടി ഉരുകുന്നു ഞാൻ സഖി.. കണ്ടുവോ എൻ മനം.. അറിയുന്നുവോ എൻ നൊമ്പരം.. നീ മാത്രമാണിന്നെൻ സ്വന്തം..!! ഓരോ വരികൾ പാടുമ്പോഴും എബി കരയുകയായിരുന്നു.. പക്ഷെ അനു തന്റെ ശബ്ദത്തിനു കാതോർക്കും എന്നവന് ഉറപ്പായിരുന്നു.. 🎵 നിന്റെ സ്വപ്നവും എന്റെ സ്വപ്നവും പങ്കു വെച്ചു നാം തമ്മിൽ.. ഇണക്കിളീ നീ എൻ മനസ്സിൽ.. മോഹത്തിൻ കൂടൊരുക്കി.. നിൻ കിളിക്കൊഞ്ചൽ കേൾക്കാനലയും ആൺകിളിയാണിന്നു ഞാൻ..(2) (എത്ര രാത്രികളിൽ) അവരുടെ സങ്കടം മനസ്സിലാക്കിയിട്ടെന്നവണ്ണം ചന്ദ്രനും നക്ഷത്രങ്ങളും ദുഃഖം താങ്ങാനാവാതെ മേഘങ്ങൾക്കിടയിൽ ഒളിച്ചു… 🌙⭐ തുടരും