24/04/2026

അമ്മയുടെ മുലക്കണ്ണുകളിൽ ഇവന്റെ ചുണ്ടു തൊട്ടിട്ടില്ല , മുലപ്പാലിന്റെ രുചി ഇവന്റെ നാവിന്നറിയില്ല .

രചന – ആന്റിണി അന്തപ്പൻ

ഒരിക്കലെങ്കിലും ഒരുസ്ത്രീയുടെ മുലകുടിക്കണം അതായിരുന്നു അവന്റെ ഏറ്റവും വലിയ ആഗ്രഹം. . കേൾക്കുമ്പോൾ നെറ്റിചുളിയുന്നുണ്ടെങ്കിൽ നിങ്ങളിവനെയൊന്നറിയണം.
അമ്മയുടെ മുലക്കണ്ണുകളിൽ ഇവന്റെ ചുണ്ടു തൊട്ടിട്ടില്ല , മുലപ്പാലിന്റെ രുചി ഇവന്റെ നാവിന്നറിയില്ല .

തല്ലു കൂടിയും , തെണ്ടിത്തിന്നും ഈ തെരുവിൽ വളർന്നതിനോടൊപ്പം അവന്റെ മനസ്സിലെ ആഗ്രഹവും വളർന്നു . തെരുവോരത്തെ പാർക്കിലിരുന്നു കുഞ്ഞിന് മുലകൊടുക്കുന്ന അമ്മമാരെ അവൻ കൊതിയോടെ നോക്കിനിന്നു.
എങ്കിലും അവരാരും അവനെയടുത്തേക്ക് വിളിച്ചില്ല .

എങ്കിലും മുലകുടിക്കാനുള്ള ശ്രമം ആ അഞ്ചുവയസുകാരൻ ഉപേക്ഷിച്ചില്ല .. അപ്പുറത്തു കിടന്നുറങ്ങിയ പട്ടിയുടെ , വഴിവക്കിൽ നിന്ന പശുവിന്റെയൊക്കെ മുലക്കണ്ണുകളിലേക്ക് അവന്റെ ചുണ്ടുകൾ നീണ്ടു . അവിടെയും അവനു തോൽവിയായിരുന്നു , പട്ടിയവനെ കടിച്ചോടിച്ചു , പശുവവനെ തൊഴിച്ചു വീഴ്ത്തി .. തെണ്ടിചെക്കനെന്നു പറഞ്ഞു കൂവി ആളുകളവനെ കല്ലെറിഞ്ഞോടിച്ചു

ഓടിത്തളർന്ന അവൻ ഇരുട്ടിന്റെ മറവിൽ ഒരുവളെക്കണ്ടു , മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ചിരുന്ന അവൾ അലസ്സമായിരുന്നു തന്റെ കുഞ്ഞിന് പാലുകൊടുക്കുന്നു . നിന്റെ കയ്യിൽ എത്രയുണ്ട് അവന്റെയാഗ്രഹം കേട്ടപ്പോൾ അവൾ ചോദിച്ചു . കയ്യിലൊന്നുമില്ലെന്നറിഞ്ഞപ്പോൾ അവളുമവനെ കയ്യൊഴിഞ്ഞു .

ഇരന്നും മോഷ്ടിച്ചും അവൻ കുറച്ചു പണമുണ്ടാക്കി .. അതുമായി അവൻ വീണ്ടും അവളുടെയടുത്തെത്തി . കയ്യിലുണ്ടായിരുന്ന പണം മുഴുവൻ അവളുടെനേരെ നീട്ടി . മാറിലിരുന്ന കുഞ്ഞിനെ നിലത്തുകിടത്തി അവളവനെ മടിയിലിരുത്തി . മുഷിഞ്ഞു നാറിയ വസ്ത്രങ്ങൾക്കിടയിലൂടെ അവനവളുടെ മുലക്കണ്ണുകളിലേക്ക് ചുണ്ടുകൾ ചേർത്തു
.
” എന്റെ കയ്യിലുമുണ്ടെടീ പണം, എനിക്കും താടീ” എന്നു പറഞ്ഞു വന്നവനോട് ” തൊട്ടുപോകരുത് , ഇനിമുതൽ ഇതെന്റെ അമ്മയാണ് എന്ന് പറയുമ്പോൾ അവന്റെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു . അവളുടെ കുഞ്ഞിനേയും മാറത്തടുക്കി അവളുടെ കൈപിടിച്ച് നടക്കുമ്പോൾ ആ കുഞ്ഞുകാലുകൾ തളർന്നിരുന്നില്ല .

വർഷങ്ങൾക്കിപ്പുറത്തും തന്റെമാറിൽവീണ് കരഞ്ഞ തന്റെ കുഞ്ഞുപെങ്ങളെ സമാധാനിപ്പിച്ചു ഭർത്താവിന്റെ വീട്ടിലേക്കയക്കുമ്പോൾ അവന്റെ കണ്ണിലും അശ്രുക്കൾ നീറഞ്ഞിരുന്നു . എങ്കിലും എല്ലാ വിഷമവും മറക്കാൻ ആ അമ്മയുടെ നെഞ്ചിലെ ചൂട് അവിടെത്തന്നെയുണ്ടായിരുന്നു .