ഒരിക്കൽ എന്റെ ആരൊക്കെയോ
പ്രണയാമൃതം
ചെറുകഥ
ഇന്ന് വല്ലാത്തൊരു നോവ് പടർത്തിയ ദിവസമായിരുന്നു.. രാത്രിയിൽ ഏറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറങ്ങാനേ സാധിക്കുന്നില്ല. നാളെ മുതൽ ഇതുവരെ ലഭിച്ച സമാധാനമെല്ലാം ഇല്ലാതാവുകയാണല്ലോ എന്നോർത്ത് ആകെ മനസ്സ് വീർപ്പു മുട്ടുന്നു.ഇനി എന്ത് ചെയ്യണം എന്നറിയാത്തൊരു അവസ്ഥ.. വർഷങ്ങൾക്ക് മുമ്പ് മനസ്സിൽ കുഴുച്ചുമൂടിയതെല്ലാം ഓർമയിലേക്ക് തിരികെ കൊണ്ടു വരാനെന്നവണ്ണം ആണല്ലോ അവനെ എനിക്കിന്ന് അപ്രതീക്ഷിതമായി കാണേണ്ടി വന്നത്.
ഒരിക്കൽ എന്റെ ആരൊക്കെയോ ആയവൻ.. ഇപ്പോഴാണെങ്കിലോ അവനിൽ നിന്ന് ഞാൻ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നു.ഇന്ന് അവന്റെ കണ്ണിൽ പെടാതെ എങ്ങനെയൊക്കെയോ രക്ഷപെട്ടു.. പക്ഷേ നാളെ മുതൽ വീണ്ടും അവന്റെ മുമ്പിലേക്ക് എങ്ങനെ ഞാൻ കയറി ചെല്ലും. ആ രംഗം ഓർത്തപ്പോൾ തന്നെ ലാപ്ടോപ് ഓപ്പൺ ചെയ്ത് 2 ദിവസത്തേക്കുള്ള ലീവ് ഓഫീസിലേക്ക് മെയിൽ ചെയ്തു.2 ദിവസം കൊണ്ട് ഒരുപക്ഷെ ഒരു ധൈര്യമൊക്കെ വരുമായിരിക്കും.ഞാൻ സ്വയം മനസ്സിനെ ധൈര്യപ്പെടുത്തി.
ഞാൻ ചാരുലത. എന്റെ അച്ഛന്റെയും അമ്മയുടെയും ഒരേയൊരു സന്തതി.എനിക്ക് 10 വയസുള്ളപ്പോൾ ആണ് എന്റെ അച്ഛൻ ഒരു ആക്സിഡന്റിൽ മരിക്കുന്നത്. അതുവരെ അച്ഛന്റെ പിന്നിൽ മാത്രം നിന്നിരുന്ന അമ്മയ്ക്ക് ദൈവം പെട്ടെന്നൊരു ധൈര്യം കൊടുത്തത് പോലെ. അച്ഛന്റെ ബിസിനസ് എല്ലാം അമ്മ ഏറ്റെടുത്ത് അച്ഛനെക്കാൾ ഭംഗിയായി കൊണ്ടു നടന്നു.പാവം അമ്മ…അച്ഛൻ പോയതിന്റെ ഒരു കുറവ് പോലും എന്നെ അറിയിക്കാതെ എനിക്ക് ഇഷ്ടമുള്ളതൊക്കെ വാങ്ങി തന്ന് ഉള്ള സമയം അമ്മ എന്നെ സന്തോഷവതിയാക്കാൻ ശ്രമിച്ചിരുന്നു. എങ്കിലും എന്തൊക്കെയോ മിസ്സിംഗ് ആയതു പോലെ.. അച്ഛമ്മയുടെയും അച്ഛച്ഛന്റെയും കരവലയങ്ങളിൽ ഞാൻ സുരക്ഷിതയാണെന്ന് അമ്മയ്ക്ക് ഉറപ്പായിരുന്നു.അതുകൊണ്ട് തന്നെ വർഷങ്ങൾ പോകും തോറും അമ്മയുടെ മുഴുവൻ സമയവും ബിസിനസ്നായി മാറ്റിവെച്ചു.
പത്താം ക്ലാസ്സ് വരെ നാട്ടിലെ പേര് കേട്ട സ്കൂളിൽ തന്നെ ആയിരുന്നു എന്റെ പഠിത്തം. പ്ലസ് വൺ ആയപ്പോൾ ആണ് എന്നെ എൻട്രൻസ് കോച്ചിംഗ് സൗകര്യം നോക്കി ഹോസ്റ്റലിൽ ആക്കിയത്. ആദ്യമൊക്കെ അവിടം അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു. പിന്നെ ആണ് ഒരേ വേവ് ലെങ്ത് ഉള്ള ഫ്രണ്ട്സ്നെ കിട്ടിയപ്പോൾ ലൈഫ് ഇത്രയും വർണാഭം ആണെന്ന് മനസ്സിലായത്.. മനസ്സിൽ എന്നും സൂക്ഷിച്ചു വെയ്ക്കാനുള്ള ഒരുകൂട്ടം നിറമുള്ള ഓർമ്മകൾ തന്ന് ആ രണ്ടു വർഷം പെട്ടെന്ന് കടന്നു പോയി..
എൻട്രൻസിൽ മെഡിസിനും എഞ്ചിനീയറിംഗ് നും റാങ്ക് ലിസ്റ്റിൽ ഞാൻ പെട്ടിരുന്നു. എന്റെ താത്പര്യം പരിഗണിച്ച് എഞ്ചിനീയറിംഗ് ന് ചേർന്നു.അവിടെ വെച്ചാണ് ഞാൻ അവനെ കണ്ടുമുട്ടുന്നത്.. എന്റെ ജസ്റ്റ് സീനിയർ ആയ ഗൗതം കെ നായർ. സീനിയർസ് ഞങ്ങൾക്ക് നൽകിയ വെൽകം പാർട്ടി യിൽ അവൻ ആലപിച്ച പാട്ടിൽ ലയിച്ചിരിക്കുമ്പോൾ ആണ് ആദ്യമായി പ്രണയം എന്നൊരു വികാരവും എനിക്കുണ്ടെന്നു മനസ്സിലായത്. പ്ലസ് ടു വിൽ പഠിക്കുമ്പോൾ ഫ്രീ ടൈമിൽ ഞങ്ങൾ കൂട്ടുകാർ അവരവരുടെ ഭാവി വരനെ കുറിച്ചുള്ള സങ്കൽപ്പങ്ങളൊക്കെ പരസ്പരം പറഞ്ഞിരുന്നു.. അതിൽ ഞാൻ പറഞ്ഞ എല്ലാ ഗുണങ്ങളും ഏതാണ്ട് ഒത്തു വന്നൊരു പയ്യൻ. കാണാനും ചുള്ളൻ.. ഇനി സ്വഭാവം കൂടി അറിഞ്ഞാൽ മതി.
പിന്നെയുള്ള ദിവസങ്ങളിൽ മൗനാനുരാഗത്തിന്റെ ചിറകിലേറി ഞാൻ പാറിപ്പറന്നു നടക്കുകയായിരുന്നു. അവനെ കാണാൻ വേണ്ടി കാത്തിരുന്ന കോളേജ് വരാന്തകൾ.. കോളേജിലെ ഓരോ പ്രോഗ്രാമിനും അവൻ ആലപിക്കുന്ന പാട്ടിനായ് കാതോർത്തിരിക്കുന്നത് പതിവ് ശീലമായി.. ഒരിക്കൽ പോലും അവന്റെ ഒരു നോട്ടം എന്റെ നേർക്ക് വന്നതേയില്ല.. ഇങ്ങനെ ഒരു പ്രണയിനി അവന്റെ പിറകെ നടക്കുന്നുണ്ടെന്ന് അവന് അറിയില്ലല്ലോ.
പലപ്പോഴും എന്റെ പ്രണയം അവനെ അറിയിക്കണം എന്നെനിക്ക് തോന്നിയിരുന്നു. പക്ഷെ അതിനുള്ള ധൈര്യം മാത്രം വന്നില്ല.. ഉറ്റ കൂട്ടുക്കാരിയായ നേഹയോട് പോലും പറയുന്നത് ഒരു കൊല്ലം ഒക്കെ ആയപ്പോൾ ആണ്. അവളാണ് പറഞ്ഞത് പൊതുവെ പാട്ടു പാടുന്നവർക്ക് ആരാധകർ കൂടുതലായിരിക്കും.. ഇനിയിപ്പോൾ അതിലെ ഏതെങ്കിലും ആരാധിക അവന്റെ ചങ്കിൽ കയറിക്കൂടിയോ എന്നുള്ളത് അറിയില്ലല്ലോയെന്ന് .അവളുടെ ആ ചോദ്യം പിന്നീടുള്ള ദിവസങ്ങളിലെ എന്റെ ഉറക്കം ഇല്ലാതാക്കി.
അങ്ങനെ ഉറക്കമില്ലാതെ കിടക്കുന്ന ഒരു രാത്രിയിൽ ആണ് ഒരു ബുദ്ധി തോന്നിയത്. ഫേസ് ബുക്കിൽ ഒരു ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി അവന് ഫ്രണ്ട് റിക്വസ്റ്റ് അയച്ചത്.നീണ്ട ഒരാഴ്ചയുടെ കാത്തിരിപ്പിന് ശേഷം അവൻ ആ ഫ്രണ്ട് റിക്വസ്റ്റ് അക്സെപ്റ്റ് ചെയ്തപ്പോൾ ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു എനിക്ക് . മെല്ലെ മെസ്സഞ്ചറിൽ കയറി അവന് ഞാൻ ഹായ് അയച്ചു. ആൾ ഓൺലൈനിൽ ഉണ്ട് ബട്ട് മൈൻഡ് ചെയ്യുന്നില്ല..
ചേട്ടന്റെ വോയിസ് സൂപ്പർ ആണേ . ഞാൻ ചേട്ടന്റെ പാട്ടിന്റെ ഒരു ആരാധിക ആണ് കെട്ടോ.
ആ പാതിരാത്രിക്കുള്ള എന്റെ മെസ്സേജ് ഞങ്ങളുടെ പരിചയപെടലിന്റെ തുടക്കം കുറിക്കൽ ആയിരുന്നു. ആദ്യമൊക്കെ ഞാൻ ആരാണെന്ന് അവനോട് പറഞ്ഞില്ല .. ഒരു ദിവസം അവന്റെ നിർബന്ധം സഹിക്ക വയ്യാതെ ആയപ്പോൾ അവന്റെ ജൂനിയർ ആണെന്ന് പറയേണ്ടി വന്നു.. പിന്നെ എന്നെ തിരഞ്ഞു പിടിക്കേണ്ട നെട്ടോട്ടത്തിൽ ആയിരുന്നു അവൻ. ഒരു മാസം അവനെ എന്റെ പിന്നാലെ നടത്തി. പിന്നെ പാവം തോന്നി. അങ്ങനെ ഒരു ദിവസം ഞാൻ പറഞ്ഞ പ്രകാരം കോളേജിലെ ആളൊഴിഞ്ഞ വാക മര ചുവട്ടിലേക്ക് അവൻ എന്നെ കാണാൻ ആയി ഓടി എത്തി. കണ്ടമാത്രേ എന്നെ കെട്ടിപ്പിടിച്ചു നെറ്റിയിൽ നൽകിയ ചെറു ചുംബനം മതിയായിരുന്നു എന്നിലെ പ്രണയിനിക്ക് എന്നും സന്തോഷിക്കാൻ. എന്നെപോലെ തന്നെ അവനും എന്നെ പ്രണയിച്ചു തുടങ്ങി എന്ന് ആ ചുംബനത്തിലൂടെ എനിക്ക് മനസ്സിലായി.
പിന്നീടുള്ള ഓരോ രാവുകളും പുലരുന്നത് ഞങ്ങൾക്ക് വേണ്ടി മാത്രം ആണെന്ന് തോന്നി.. ശരിക്കും ആ പ്രണയ സാഗരത്തിൽ ഞങ്ങൾ നീന്തി തുടിക്കുകയായിയുന്നു. അവന്റെ കോഴ്സ് കഴിഞ്ഞ് ക്യാമ്പസ് സെലെക്ഷൻ വഴി അവന് ജോലി ശരിയായി ബ്ലാഗൂരിലേക്ക് പോയപ്പോൾ ആണ് ഞങ്ങൾക്ക് കാണാതിരിക്കേണ്ടി വന്നത്. എങ്കിലും ദിവസവും വീഡിയോ കാളിങ് ലൂടെ ഞങ്ങൾ കൂടുതൽ അടുത്ത് കൊണ്ടേയിരുന്നു.
എന്റെ കോഴ്സ് കഴിഞ്ഞ് വേറെ ജോലിയൊന്നും അന്വേഷിക്കേണ്ടതായി വന്നില്ല. അമ്മയുടെ കൂടെ ഞാനും ഞങ്ങളുടെ ഓഫീസിൽ പോയി തുടങ്ങി. അമ്മയ്ക്കത് വല്ലാത്തൊരു ആശ്വാസം ആയിരുന്നു.
ഞങ്ങളുടെ കല്യാണത്തെ കുറിച്ച് ആദ്യം സംസാരിച്ചത് അവൻ ആയിരുന്നു.
എടീ എന്നും നമുക്കിങ്ങനെ അക്കരെ ഇക്കരെ നിന്നാൽ മതിയോ. ഇനി നീയില്ലാതെ എനിക്ക് ശരിയാവില്ല.. വല്ലാത്തൊരു മിസ്സിംഗ് ആണെടീ. ഞാൻ വീട്ടിലേക്ക് എന്റെ അച്ഛനെയും അമ്മയെയും പറഞ്ഞയക്കട്ടെ.
ഇപ്പോൾ തന്നെയോ. ഞാൻ ആശ്ചര്യം പൂണ്ടു.. എടാ ഒരു കൊല്ലo കൂടെ കഴിഞ്ഞിട്ട് പോരെ. അല്ലെങ്കിൽ ഒരു 6 മാസം. പ്ലീസ്.
അതെന്താടീ.. നിനക്ക് എന്നെ മടുത്തോ..ഞാൻ വിചാരിച്ചത് ഇത് കേൾക്കുമ്പോൾ നീ തുള്ളിച്ചാടും എന്നായിരുന്നു.
അതല്ലെടോ.. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല.. പക്ഷേ എനിക്ക് നിന്നെ പോലെ എടുത്തു ചാടി തീരുമാനം എടുക്കാൻ ആവില്ല.. ഞാൻ പോയാൽ എന്റെ അമ്മ ഒറ്റയ്ക്കാവില്ലേ..
അതിപ്പോൾ നീ ഹോസ്റ്റലിൽ നിൽക്കുന്ന സമയത്തും അമ്മ ഒറ്റയ്ക്കായിരുന്നല്ലോ..
അന്ന് എല്ലാ ആഴ്ചയിലും എനിക്ക് വീട്ടിൽ ഓടിയെത്താമായിരുന്നു… പക്ഷെ കല്യാണം കഴിഞ്ഞാൽ അങ്ങനെ പറ്റുമോ.. എന്തായാലും ഞാൻ നിന്റെ കൂടെ ബാംഗ്ലൂർ ലേക്ക് വരണ്ടേ.. അച്ഛച്ഛൻ പോയതോടെ തന്നെ അമ്മയുടെ ധൈര്യം പകുതിയും പോയി.. അച്ഛമ്മ ആണെങ്കിൽ ഇന്നോ നാളെയോ എന്ന അവസ്ഥയിൽ ആണ്.പിന്നെ നിനക്കറിയാവുന്നതല്ലേ അച്ഛന്റെ കൂടെ അമ്മ ഇറങ്ങി പോന്നതോടെ അമ്മ വീട്ടുകാരുമായുള്ള ഒരു ബന്ധവും ഞങ്ങൾക്കില്ലെന്നുള്ളത്.ഞാൻ പോയാൽ എന്റെ അമ്മയ്ക്ക് ആരും ഉണ്ടാവില്ലെടോ.
ചാരു.. നീ എന്താ പറഞ്ഞു വരുന്നത്.. എനിക്ക് മനസ്സിലാവുന്നില്ല.
എല്ലാം ഓക്കേ ആയിട്ട് നിന്നോട് പറയാം എന്ന് വിചാരിച്ചു ഇരിക്കായിരുന്നു… എന്തായാലും ഇനി ഇപ്പോൾ തന്നെ പറയാം. എന്റെ കല്യാണത്തിനു മുൻപ് അമ്മയെ സേഫ് ആയ കരങ്ങളിൽ എത്തിപ്പിക്കണം.. ഐ മീൻ അമ്മയുടെ മാര്യേജ് നടത്തണം.. എന്നോ അത് ചെയ്യേണ്ടതായിരുന്നു ഞാൻ. പക്ഷേ അപ്പോഴൊന്നും ഇങ്ങനെയൊരു ചിന്ത എന്റെ മനസ്സിൽ വന്നതേ ഇല്ല.
നീ എന്താ ചാരു ഈ പറയുന്നത്.. നിനക്ക് വട്ടാണോ..
ഹാ വട്ടാണെന്ന് തോന്നുവാണെങ്കിൽ അങ്ങനെ തന്നെ ഇരിക്കട്ടെ. ഞങ്ങളുടെ ഓഫീസിൽ ഒരു ബിജു അങ്കിൾ ഉണ്ട്. അമ്മയേക്കാൾ 2 വയസ്സിനു മൂത്തത്.. ആളുടെ വൈഫ് ഒരു 5 വർഷം മുന്നേ കാൻസർ വന്ന് മരിച്ചു പോയി.. അവർക്കാണെങ്കിൽ മക്കളൊന്നും ഇല്ല.. ഞാൻ അങ്കിൾ നോട് എല്ലാം സംസാരിച്ചു സെറ്റ് ആക്കി വെച്ചിട്ടുണ്ട്.. ഇനി അമ്മയുടെ സമ്മതം കിട്ടണം. അമ്മ സമ്മതം മൂളാൻ പാടാണെന്നറിയാം.. എന്നാലും എന്റെ ഇഷ്ടത്തിനെതിരെ നിൽക്കാൻ എന്റെ അമ്മയ്ക്കാവില്ല. മെല്ലെ ആണെങ്കിലും അമ്മ സമ്മതിക്കും.. എനിക്കുറപ്പാണ്.. അതിനാണ് ഞാൻ നിന്നോട് ഇത്തിരി ഗ്യാപ് ചോദിച്ചേ.. ഈ നിമിഷം നിന്റെ കൂടെ ഇറങ്ങിവരുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ.പക്ഷെ….ഗൗതം നീ എന്താ ഒന്നും മിണ്ടാത്തത്?
നിനക്ക് ഇങ്ങനെ ഒരു പ്ലാൻ ഉണ്ടെങ്കിൽ ജസ്റ്റ് എന്നെ നേരത്തെ ഒന്ന് അറിയിക്കാമായിരുന്നു ചാരു…
അതിന് ഗൗതം…
നീ കൂടുതൽ ഒന്നും സംസാരിക്കണ്ട.. എനിക്കും ഉണ്ട് അച്ഛനും അമ്മയും ഒക്കെ. അവരൊക്കെ ഇത്തിരി ഫാമിലി സ്റ്റാറ്റസ് നോക്കുന്ന കൂട്ടത്തിലാ.. അവരോട് ഞാൻ എങ്ങനെ പറയും നിന്റെ അമ്മയുടെ മാര്യേജ് ആണെന്ന്.
നിനക്ക് ബുദ്ധിമുട്ടാണെങ്കിൽ ഞാൻ അവരോട് സംസാരിക്കാം ഗൗതം.. നീ ഇങ്ങനെ ചൂടാവല്ലേടോ
അങ്ങനെ ഞങ്ങളുടെ പ്രണയത്തിന്റെ വിള്ളലിന് അന്ന് തുടക്കം കുറിക്കുകയായിരുന്നു.. ക്രമേണ ഗൗതമിന്റെ വിളിയുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു.. ഞാൻ അങ്ങോട്ട് വിളിച്ചാലും സംസാരിക്കാൻ ഇഷ്ട്ടപെടാത്തത് പോലെ.. ഇനിയും അവന്റെ പിന്നാലെ നടക്കുന്നതിൽ കാര്യമില്ലെന്ന് മനസ്സിലായി. അവനെ നേരിട്ട് കണ്ടു സംസാരിക്കണം എന്ന് തോന്നി.
അങ്ങനെ എന്റെ നിർബന്ധപ്രകാരം അവൻ എന്നെ കാണാൻ നാട്ടിലേക്ക് വന്നു.ടൗണിൽ ഉള്ള ഒരു കഫേ യിൽ വെച്ച് ഞങ്ങൾ കണ്ടുമുട്ടി.
നിന്റെ മുഖത്തേക്ക് എത്ര നോക്കിയിരുന്നാലും കണ്ണെടുക്കാൻ തോന്നുന്നില്ല എന്ന് എത്രയോ തവണ എന്നോട് സ്വകാര്യം പറഞ്ഞവൻ ഇന്ന് എന്റെ മുഖത്തേക്ക് നോക്കാൻ നന്നേ കഷ്ട്ടപെടുന്ന പോലെ.
ഗൗതമിന്റെ തീരുമാനം അറിയാൻ ആണ് ഞാൻ വിളിപ്പിച്ചതെന്ന് പറഞ്ഞു ഞാൻ സംസാരത്തിന് തുടക്കം കുറിച്ചു.
എനിക്ക് കൂടുതലായി ഒന്നും പറയാൻ ഇല്ല മിസ്സ് ചാരുലത. നിന്റെ അമ്മയുടെ മാര്യേജ് നടത്താൻ ആണ് തീരുമാനമെങ്കിൽ എനിക്ക് നമ്മുടെ കല്യാണത്തിന് താത്പര്യം ഇല്ല.
അവന്റെ മിസ്സ് ചാരുലത എന്ന വിളിയിൽ തന്നെ അവൻ എന്നിൽ നിന്നും എത്ര അകന്നു പോയി എന്നെനിക്ക് ബോധ്യപ്പെട്ടു.
മറുപടിയായി എന്റെ ബാഗിൽ നിന്നും എടുത്ത ഒരു ഇൻവിറ്റേഷൻ കാർഡ് അവന് ഞാൻ നീട്ടി. നെക്സ്റ്റ് സൺഡേ ഗുരുവായൂർ വെച്ചാണ് അമ്മയുടെ മാര്യേജ്.. ഫാമിലിയേയും കൂട്ടി നേരത്തെ വരണം.
ഇൻവിറ്റേഷൻ കാർഡിലേക്ക് ഒന്ന് നോക്കിയിട്ട് അവൻ ഒന്ന് പുച്ഛിച്ചു ചിരിച്ചു.എന്നിട്ട് കാർഡ് എനിക്ക് മടക്കി തന്നു.
എനിവേ ചാരുലത .. ഓൾ ദി ബെസ്റ്റ്.. നിന്റെ സ്വപ്നങ്ങൾ എല്ലാം നീ ആഗ്രഹിക്കുന്ന പോലെ സാക്ഷാത്കരിക്കട്ടെ.ഇനി നമ്മൾ ഒരിക്കലും കാണാൻ ഇട വരാതിരിക്കട്ടെ….
ഇത്രയും പറഞ്ഞു എന്റെ മറുപടിക്കായി കാത്തു നിൽക്കാതെ അവൻ തിരിഞ്ഞു നടക്കുമ്പോൾ എന്റെ കണ്ണുകൾ അനുസരണക്കേട് കാണിക്കുന്നത് അവൻ കാണരുതേ എന്ന് മാത്രമായിരുന്നു എന്റെ പ്രാർത്ഥന.
അമ്മയുടെ കല്യാണം ഭംഗിയായി നടത്തി.അമ്മയുടെ സന്തോഷം കാണുമ്പോൾ എനിക്ക് വല്ലാത്തൊരു സമാധാനം ആയിരുന്നു.പക്ഷേ ഗൗതം തീർത്ത ശൂന്യതയിൽ ഞാൻ പലപ്പോഴും പകച്ചു നിന്നു. ഞാൻ മെല്ലെ ഡിപ്രഷനിലേക്ക് വഴുതി വീഴുകയാണെന്ന് തോന്നിയപ്പോൾ അവനെ വിളിച്ചു കെഞ്ചി പറയാം എനിക്ക് നീ ഇല്ലാതെ ശരിയാവില്ല എന്ന സത്യം . അവന്റെ സ്നേഹത്തിനു വേണ്ടി എത്ര തവണ തോറ്റു കൊടുക്കാനും ഞാൻ തയ്യാർ ആയിരുന്നു. അവന്റെ ഫോണിലേക്ക് വിളിച്ചപ്പോളാണ് മനസ്സിലായത് അവൻ എന്നെ ബ്ലോക്ക് ചെയ്തിരിക്കുന്നുവെന്ന് . എല്ലാ സോഷ്യൽ മീഡിയകളിൽ നിന്നും അവൻ എന്നെ ബ്ലോക്ക് ചെയ്തിട്ടുണ്ട്. അവനെ കോൺടാക്ട് ചെയ്യാൻ ഒരു മാർഗവും ഇല്ല. നെറ്റിൽ നിന്നും തപ്പിയെടുത്ത് അവൻ വർക്ക് ചെയ്യുന്ന ബാംഗ്ലൂരിലെ ഓഫീസിലേക്ക് വിളിച്ചു നോക്കി. അവൻ അവിടെ നിന്നും ജോലി റിസൈൻ ചെയ്തു എന്ന വിവരമാണ് ലഭിച്ചത്.
എനിക്ക് എവിടെയും പിടിതരാതെ അവൻ അതിവിദഗ്ധമായി മുങ്ങിയിരിക്കുന്നു.. നാലഞ്ച് വർഷം ഒരുമിച്ച് നെയ്തു കൂട്ടിയ സ്വപ്നങ്ങൾ ഒക്കെ എങ്ങനെ അവന് ഇത്ര പെട്ടെന്ന് മറക്കാൻ സാധിക്കുന്നു.എന്നോട് അവൻ കാണിച്ചിരുന്ന സ്നേഹമൊക്കെ വെറും പൊള്ളയായിരുന്നോ… ഉത്തരം കിട്ടാതെ കരഞ്ഞു കരഞ്ഞു തള്ളി നീക്കിയ രാത്രികൾ മാത്രമേ എന്നിക്ക് കൂട്ടായി ഉണ്ടായിരുന്നുള്ളൂ.
നീയും ഗൗതവും ആയുള്ള കല്യാണം എന്തിനാ ഇനി ഇങ്ങനെ നീട്ടി കൊണ്ടു പോകുന്നെ.. അവന്റെ വീട്ടിൽ ഞങ്ങൾ പോയി സംസാരിക്കട്ടെ എന്നുള്ള അമ്മയുടെ ഇടയ്ക്കിടെയുള്ള ചോദ്യത്തിന് സമയമായില്ല അമ്മ എന്ന് പറഞ്ഞു ഞാൻ തടിതപ്പി… അവസാനം അമ്മയുടെ നിർബന്ധം സഹിക്കവയ്യാതെ ആയപ്പോൾ ഞാൻ പറഞ്ഞു എനിക്ക് അവനെ വേണ്ടാ അമ്മ.. ഇപ്പോഴേ ഒരുപാട് റെസ്ട്രിക്ഷൻസ് ആണ്. ഇനിയിപ്പോ കല്യാണം കൂടി കഴിഞ്ഞാൽ പറയേം വേണ്ടാ..പരസ്പരം അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് മനസ്സിലായപ്പോൾ ഞങ്ങൾ ഗുഡ് ബൈ പറഞ്ഞു പിരിഞ്ഞു. അമ്മയോട് സമയമാവുമ്പോൾ പറയാം എന്ന് വിചാരിച്ചാണ് അപ്പോൾ ഒന്നും അറിയിക്കാതിരുന്നത്.
ഈ വിവരം അറിഞ്ഞതിനു ശേഷം അമ്മ ആകെ സങ്കടത്തിൽ ആയി. എന്നെ എത്രയും പെട്ടെന്ന് കല്യാണം കഴിപ്പിക്കുക എന്ന തീരുമാനത്തിലേക്ക് അമ്മ എത്തിയപ്പോൾ ആണ് ഞാൻ ബിജു അങ്കിളുമായി സംസാരിച്ചത്.. എനിക്ക് മാനസികമായി പൊരുത്തപ്പെടാൻ കുറച്ചു സമയം വേണം. പെട്ടെന്ന് ഒരു കല്യാണം ഓർക്കാൻ കൂടി വയ്യാ. അമ്മ അമ്മയുടെ ടെൻഷൻ കാരണം ആയിരിക്കുo ധൃതി പിടിക്കുന്നത് . പക്ഷേ അങ്കിൾ അമ്മയെ പറഞ്ഞു സമ്മതിപ്പിക്കണം. എന്റെ മനസ് ഓക്കേ ആവുമ്പോൾ ഞാൻ തന്നെ അറിയിക്കാം. അപ്പോൾ മതി എനിക്കൊരു കല്യാണം.
എല്ലാം കൊണ്ടും ഒരു മാറ്റം എനിക്ക് അനിവാര്യം ആണെന്ന് തോന്നിയപ്പോൾ ആണ് എന്റെ കസിൻ ശിഖ യോട് പറഞ്ഞു അവൾ വർക്ക് ചെയ്യുന്ന ഹൈദരാബാദ് ലെ ഓഫീസിലേക്ക് ഞാൻ ചേക്കേറുന്നത്.
പുതിയൊരു ലോകം ആയിരുന്നു എന്നെ അവിടെ കാത്തിരുന്നത്.. പെട്ടെന്ന് തന്നെ ഓഫീസിലെ എല്ലാവരും ആയി കൂട്ടായി.. ഒഴിവ് ദിവസങ്ങളിൽ എല്ലാം എല്ലാവരും ഒരുമിച്ച് യാത്രകൾ പോകുന്നത് ഒരു പതിവായി.. ജീവിതം സമ്പാദിച്ചു കൂട്ടാൻ മാത്രം ഉള്ളതല്ല നമ്മുടെ സ്വപ്നങ്ങൾ യാഥാർഥ്യം ആക്കാനും ഉള്ളതാണെന്ന് ഹൈദരാബാദ് ജീവിതം എന്നെ പഠിപ്പിച്ചു..6 മാസം കൂടുമ്പോൾ ഒരാഴ്ച നിൽക്കാൻ വീട്ടിലേക്ക് പോകും. എന്നെ കാണുമ്പോളെല്ലാം അമ്മയ്ക്ക് ഓർമപ്പെടുത്താൻ ഉണ്ടായിരുന്നത് എന്റെ വിവാഹ കാര്യം മാത്രമായിരുന്നു. സമയം ആയില്ല സമയo ആയില്ല എന്നും പറഞ്ഞ് ഞാൻ മുങ്ങി നടക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ കൊല്ലം ആറു കഴിഞ്ഞു. ഇപ്പ്രാവശ്യം നാട്ടിൽ പോയപ്പോൾ ആദ്യമായി അങ്കിളും കല്യാണത്തിനെ കുറിച്ച് എന്നോട് സംസാരിച്ചു..
മോളെ അങ്കിൾ നിന്നെ നിർബന്ധിക്കുകയല്ല.. പക്ഷേ മോൾടെ അമ്മയുടെ ടെൻഷൻ ദിവസവും കാണുന്നത് കൊണ്ട് പറഞ്ഞ് പോകുന്നതാണ്. നിന്നെ സേഫ് ആയി ഒരാളെ ഏല്പിച്ചാലേ അവൾക്ക് സമാധാനം കിട്ടൂ.. ചെറുപ്പത്തിലേ അവൾ ഒരുപാട് അനുഭവിച്ചതല്ലേ.. ഇനി മോൾ ആയിട്ട് വീണ്ടും അവളെ സങ്കടത്തിൽ ആക്കേണ്ട..
നെക്സ്റ്റ് ടൈം ലീവിന് വരുമ്പോൾ നമുക്ക് നോക്കാം..അങ്കിൾ അമ്മയോട് പറഞ്ഞോളൂ.. ഒരു 6 മാസം കൂടെ ഞാൻ ഫ്രീ ആയി നടന്നോട്ടെ.
എന്റെ പറച്ചിൽ കേട്ട് സന്തോഷം കൊണ്ട് അങ്കിൾ ന്റെ കണ്ണുകൾ നിറഞ്ഞപ്പോൾ ഒരച്ഛന്റെ വാത്സല്യം ആ കണ്ണുനീർ തുള്ളികളിൽ തിളങ്ങി നിന്നിരുന്നു.
വീണ്ടും ഹൈദരാബാദ് തിരിച്ചെത്തിയപ്പോൾ ബാക്കി വെച്ച യാത്രകൾ പൂർത്തീകരിക്കണം എന്ന ലക്ഷ്യം ആയിരുന്നു മനസ്സ് നിറയെ.. ഇനി കല്യാണം കഴിഞ്ഞാൽ എന്താകുമോ എന്തോ. അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാൻ മനസ്സ് ഇപ്പോഴേ പാകപ്പെടുത്തി എടുക്കേണ്ടതുണ്ട്.
ഒരാഴ്ച ലീവ് എടുത്ത് ശിഖ യുടെ കൂടെ മലേഷ്യ ടൂർ കഴിഞ്ഞു വന്നപ്പോൾ ആണ് അറിഞ്ഞത് ഓഫീസിൽ പുതിയ എം ഡി ജോയിൻ ചെയ്തു എന്നുള്ളത്. നിലവിലുള്ള എം ഡി യെ ഡൽഹിയിലേക്ക് ട്രാൻസ്ഫർ ആക്കിയിട്ടാണ് പുതിയ എം ഡി യുടെ ആഗമനം.. പിറ്റേ ദിവസം ഞാനും ശിഖയും മത്സരിച്ചു മേക്കപ്പ് ചെയ്താണ് ഓഫീസിലേക്ക് പോയത്.. പുതിയ എം ഡി ചുള്ളൻ ആണെന്നുള്ള ന്യൂസ് മറ്റുള്ളവർ പറഞ്ഞ് നേരത്തെ അറിഞ്ഞിരുന്നു ഞങ്ങൾ.ഓഫീസിൽ എത്തിയപ്പോൾ എം ഡി യെ കാണാൻ ഞങ്ങൾ അദേഹത്തിന്റെ ക്യാബിലേക്ക് എത്തി നോക്കി എങ്കിലും ആൾ എത്തിയിട്ടുണ്ടായിരുന്നില്ല.
ഒരാഴ്ച ലീവ് എടുത്തതിനാൽ പെന്റിങ് ആയ വർക്കുകൾ പെട്ടന്ന് ചെയ്തു തീർക്കുന്ന തിരക്കിനിടയിൽ ആണ് ശിഖ എന്റെ കയ്യിൽ തോണ്ടി പതുക്കെ പറഞ്ഞത്.. ചാരു നോക്ക് പുതിയ എം ഡി.. ഓഹ് എന്തൊരു ഗ്ലാമർ.. ആകാംക്ഷയോടെ ഞാൻ വേഗം തിരിഞ്ഞു നോക്കി… ക്യാബിലേക്ക് ധൃതിയിൽ നടന്നു പോകുന്ന ആളെ കണ്ട് ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി.. ഗൗതം കെ നായർ… ഞാൻ ഒരിക്കലും കാണരുതേ എന്ന് ആഗ്രഹിച്ച ആൾ.
പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല. ശിഖയോട് തല ചുറ്റുന്നു എന്നും പറഞ്ഞ് വേഗം താഴേക്കിറങ്ങി. ലീവ് പോലും പറയാതെ നേരെ റൂമിലേക്ക് പോന്നു
.. ഇനി രണ്ടു ദിവസം കഴിഞ്ഞാൽ വീണ്ടും അങ്ങോട്ട് ചെല്ലണമല്ലോ എന്നുള്ളത് എന്നെ അസ്വസ്ഥതയാക്കി.. ജോലി റിസൈൻ ചെയ്ത് നാട്ടിലേക്ക് മടങ്ങാം അവിടെ എപ്പോ ചെന്നാലും ജോലി റെഡി ആണല്ലോ എന്ന തീരുമാനത്തിൽ ഞാൻ എപ്പോഴോ ഉറങ്ങിപ്പോയി.
പിറ്റേ ദിവസം എണീറ്റപ്പോൾ എന്തെന്നില്ലാത്തൊരു ധൈര്യം മനസ്സിന് കിട്ടിയ പോലെ. അവനെ പേടിച്ചു ഞാൻ എന്തിന് മാറി നടക്കണം. വേഗം ലീവ് ക്യാൻസൽ ചെയ്ത് ഓഫീസിലേക്ക് പോവാൻ ഒരുങ്ങി.
ഓഫീസിൽ എത്തിയതും ഞാൻ പതിവ് പോലെ എന്റെ ജോലികളിൽ വ്യാപൃതയായി.ഒരു പതിനൊന്നു മണി ആയപ്പോൾ എന്നോട് സൈന് ചെയ്യാനുള്ള ഫയലുകൾ ആയി എംഡി യുടെ ക്യാബിലേക്ക് ചെല്ലാനുള്ള ഓർഡർ കിട്ടി. മനസ്സിനെ പരമാവധി സംയമനിപ്പിച്ചു കൊണ്ട് ഞാൻ ഫയലുകളുമായി എം ഡി യുടെ ക്യാബിലേക്ക് ചെന്നു.പെർമിഷൻ ചോദിച്ച് അകത്തു കയറി.. എന്റെ മുഖത്തേക്ക് നോക്കാതെ സീറ്റിൽ ഇരിക്കാൻ പറഞ്ഞു. ഞാൻ നീട്ടിയ ഫയലുകൾ ഓരോന്നും ചെക്ക് ചെയ്യുന്നതിനിടയിൽ ചോദിച്ചു.. വാട്ട് ഈസ് യുവർ നെയിം?
ചാരുലത
പേര് കേട്ടപ്പോൾ അവൻ ജസ്റ്റ് ഒന്ന് മുഖം ഉയർത്തി നോക്കിയതും മുഖത്ത് ഒരു ഞെട്ടൽ വന്നതും ഒപ്പമായിരുന്നു.
അറിയാതെ തന്നെ അവൻ സീറ്റിൽ നിന്നും എണീറ്റു
ചാരു നീ…ഇവിടെ….
സർ പ്ലീസ് കാൾ മി മിസ്സ് ചാരുലത. ദാറ്റ്സ് മൈ ഫുൾ നെയിം.
എന്റെ മുഖത്തേക്ക് നോക്കാൻ ആവാതെ അവൻ തല കുനിച്ചു നിന്നു.
സർ, ഫയലുകൾ നോക്കി കഴിഞ്ഞാൽ എന്നെ വിളിപ്പിച്ചാൽ മതി എന്നും പറഞ്ഞ് ഞാൻ അവിടെ നിന്നും ഇറങ്ങി പോന്നു.
എന്റെ സീറ്റിൽ വന്നിരിക്കുമ്പോൾ വല്ലാത്തൊരു ആശ്വാസം ആയിരുന്നു എനിക്ക്.. ഫസ്റ്റ് കണ്ടുമുട്ടൽ കഴിഞ്ഞിരിക്കുന്നു.. അത് മാത്രം ആയിരുന്നു ഓർക്കുമ്പോൾ ഒരു ടെൻഷൻ ഉണ്ടായിരുന്നത്.ഇനി കുഴപ്പമില്ല.ആ കടമ്പ കഴിഞ്ഞിരിക്കുന്നു.
ഗൗതം അന്നത്തെ ദിവസം എന്റെ മുന്നിലേക്ക് വന്നതേയില്ല.. അപ്രതീക്ഷിതമായി എന്നെ കണ്ടതോടെ ആൾ അസ്വസ്ഥൻ ആയിട്ടുണ്ട് എന്നെനിക്ക് മനസ്സിലായി. എനിക്കാണെങ്കിൽ വല്ലാത്തൊരു ധൈര്യം വന്നത് പോലെ… എല്ലാവരോടും പതിവിലും സംസാരിക്കുന്നതിനേക്കാൾ കൂടുതൽ ഞാൻ സംസാരിച്ചു കൊണ്ടേയിരുന്നു. പിറ്റേ ദിവസം ഉച്ചക്ക് ഗൗതം ജനറൽ ബോഡി മീറ്റിംഗ് വെച്ചിരുന്നു. പലപ്പോഴും എന്റെ നേർക്ക് വരുന്ന ഗൗതമിന്റെ നോട്ടം ഞാൻ കണ്ടില്ലെന്നു നടിച്ചു.
അവഗണനയാണ് ഗൗതമിന് കൊടുക്കാൻ പറ്റിയ ആയുധം എന്നെനിക്ക് മനസ്സിലായി. പലപ്പോഴും എന്നോട് സംസാരിക്കാൻ അവൻ തുനിഞ്ഞെങ്കിലും പിടികൊടുക്കാതെ ഞാൻ ഒഴിഞ്ഞു മാറികൊണ്ടേയിരുന്നു.
ഓഫീസിൽ ഞാൻ വളരെ സന്തോഷവതി ആയിരുന്നുവെങ്കിലും അവനെ കണ്ട ദിവസം മുതൽ പറഞ്ഞറിയിക്കാത്തൊരു സങ്കടം എന്റെ ഉള്ളിൽ ഉടലെടുത്തിരുന്നു.. എത്രയൊക്കെ മനസ്സിനെ നിയന്ത്രിച്ചാലും പഴയ കാര്യങ്ങളെല്ലാം ഒരു ഉളുപ്പും ഇല്ലാതെ മനസ്സിലേക്ക് ഓടിയണയും. അവന്റെ നെഞ്ചിൽ തല ചേർത്ത് വെച്ച് അവൻ പാടി തരുന്ന എന്റെ ഇഷ്ടഗാനവും കേട്ട് ആസ്വദിച്ച് ഇരിക്കുമ്പോൾ എന്നേക്കാൾ വലിയ ഭാഗ്യവതി ഈ ഭൂമുഖത്തു ഇല്ലെന്ന് ഞാനന്ന് കരുത.ഒരിക്കലും ഞങ്ങൾ പിരിയുമെന്ന് സ്വപ്നേവി ചിന്തിച്ചിരുന്നിരുന്നില്ലല്ലോ.. വീണ്ടും അവന്റെ പാട്ടുകൾ കേൾക്കാൻ മനസ്സ് വെമ്പൽ കൊള്ളുന്നത് പോലെ.. അവന്റെ കല്യാണം കഴിഞ്ഞുവോ, കുട്ടികൾ ആയോ,,ഫാമിലിയും കൂടെ വന്നിട്ടുണ്ടോ… ഒറ്റക്കിരിക്കുമ്പോൾ ഈ വക ചിന്തകൾ കൊണ്ട് വീർപ്പുമുട്ടും.. എന്തൊക്കെ പറഞ്ഞാലുo കുറേക്കാലം എന്റെ മാത്രം എന്നുകരുതി മനസ്സിൽ കൊണ്ടു നടന്നതല്ലേ ഞാൻ. അവനെ പോലെ പെട്ടെന്നൊരു സുപ്രഭാതത്തിൽ എല്ലാം മറക്കാൻ എനിക്ക് സാധിക്കണ്ടേ.
ഒരു ദിവസം വൈകുന്നേരം ഓഫീസിൽ നിന്നും ഇറങ്ങാൻ നേരം ആണ് ശിഖ വന്ന് പറഞ്ഞത് നിന്നോട് ഗൗതം സർ ഒരു പത്തു മിനിറ്റ് വെയിറ്റ് ചെയ്യാൻ പറഞ്ഞു.. നാളെ സബ്മിറ്റ് ചെയ്യേണ്ട പ്രൊജക്റ്റ് നെ കുറിച് എന്തോ ഡിസ്കഷൻ ഉണ്ടെന്ന്..
ഞാൻ അവിടെ തന്നെ ഇരുന്നു.. അര മണിക്കൂർ കഴിഞ്ഞും ആളെ പുറത്തേക്ക് കണ്ടില്ല.. എന്റെ ക്ഷമ നശിച്ചിരുന്നു. എല്ലാവരും ഓഫീസിൽ നിന്നും പോയി കഴിഞ്ഞിരുന്നു.. ഞാൻ മെല്ലെ ഓഫീസിൽ നിന്നും പുറത്തേക്കിറങ്ങി പോവാൻ നിൽകുമ്പോൾ ഗൗതം പിന്നാലെ ഓടി എത്തി.
ചാരുലത നമുക്ക് പുറത്ത് എവിടെയെങ്കിലും പോയി ഡിസ്കസ് ചെയ്താലോ.. ഐ മീൻ വല്ല കഫേ യിലും ..ഈ ഓഫീസ് അന്തരീക്ഷരത്തിൽ നിന്നും ഒരു ചേഞ്ച് ആവുമല്ലോ.
സോറി സർ,എനിക്ക് താത്പര്യം ഇല്ല. ഓഫീസിലെ കാര്യങ്ങൾ ചർച്ച ചെയ്യാൻ ഏറ്റവും ആപ്റ്റ് ആയ സ്ഥലം ഓഫീസ് തന്നെ ആണ്.
ഗൗതം ആകെ വല്ലാതായത് പോലെ തോന്നി..
ഓക്കേ.. നാളെ സബ്മിറ്റ് ചെയ്യാനുള്ള പ്രൊജക്റ്റ് പ്രെസെന്റ് ചെയ്യേണ്ടത് ചാരുലതയാണ്.. അതുകൊണ്ട് എല്ലാ മെയിൻ പോയിന്റ്സ് ഉം റഫ് ആയി കയ്യിലുണ്ടാവണം.
ഓക്കേ സർ… വേറെ എന്തെങ്കിലും?
യസ്….. അതുപിന്നെ ഒരു അഞ്ച് മിനിറ്റ് ഞാൻ പറയുന്നതൊന്ന് കേൾക്കാമോ ചാരു.. പ്ലീസ്.
ഞാൻ സർ പറയുന്നത് കേൾക്കുക തന്നെ ആണല്ലോ..പിന്നെ സാറിന് ഓർമ്മക്കുറവ് ഉണ്ടെന്ന് തോന്നുന്നു.. അത്കൊണ്ട് ഞാൻ വീണ്ടും ഓർമിപ്പിക്കുന്നു.. പ്ലീസ് കാൾ മി മിസ്സ് ചാരുലത.. ഓക്കേ
ചാരുവിന്റെ…. സോറി ചാരുലതയുടെ ഫാമിലിയൊക്കെ ഇവിടെ കൂടെ ഉണ്ടോ?
സർ ഇതും നാളെ കൂട്ടത്തിൽ പ്രെസെന്റ് ചെയ്യേണ്ടതാണോ?
എന്റെ പരിഹാസചുവയുള്ള മറുപടി കേട്ടപ്പോൾ അവൻ ആകെ ചൂളിപ്പോയി.
എനിവേ ഡിസ്കഷൻ കഴിഞ്ഞെങ്കിൽ എനിക്ക് പോകാമായിരുന്നു സർ.ചെന്നിട്ട് വേറെ തിരക്കുകൾ ഉണ്ട്
ഓക്കേ.. യൂ കാൻ ഗോ നൗ.ഞാൻ ഡ്രോപ്പ് ചെയ്യണോ?
നോ സർ, ടൂ വീലർ ഉണ്ട്… താങ്ക് യൂ സർ.
തിരികെ സ്റ്റെപ്പുകൾ ഓരോന്നായി ഇറങ്ങുമ്പോൾ കണ്ണുകൾ നിറഞ്ഞു തുളുമ്പുകയായിരുന്നു… ഒരിക്കൽ ജീവന്റെ ജീവൻ ആയവൻ.. അവനോടാണിപ്പോൾ അപരിചിതനെ പോലെ സംസാരിക്കേണ്ടി വരുന്നത്. ഒരുപക്ഷെ അന്ന് അങ്ങനെ ഒന്നും സംഭവിച്ചില്ലായിരുന്നുവെങ്കിൽ അവന്റെ കൂടെ ഞങ്ങളുടെ ഒന്നോ രണ്ടോ കുട്ടികളുമായി സുഖമായി ജീവിക്കേണ്ട ആളായിരുന്നു ഞാൻ .. നമ്മൾ ആഗ്രഹിക്കുന്നതല്ലല്ലോ ദൈവഹിതം..
അമ്മയുടെ കാൾ എന്നും രാത്രി എട്ടു മണി എന്നൊരു സമയം ഉണ്ടെങ്കിൽ വന്നിരിക്കും. ഇന്നും പതിവ് തെറ്റിയില്ല.. സംസാരത്തിനിടയിൽ അമ്മ പറഞ്ഞു മോളെ നീ എന്നാ വരുന്നത്.. രണ്ടു മൂന്നു കൂട്ടർ ആലോചനയുമായി വന്നിട്ടുണ്ട്.. മൂന്നും എല്ലാ കൊണ്ടും നമുക്ക് ഒത്തത് തന്നെ.. ജാതക ചേർച്ചയും ഉണ്ട്.. ഇനി നീ വന്ന് അതിൽ ആരെ മതി എന്ന് പറഞ്ഞാൽ മാത്രം മതി.
ഉം….ഞാൻ വെറുതെ മൂളി കൊടുത്തു
മൂളിയാൽ പോരാ.. ഈ മാസം അവസാനം നീ നാട്ടിലേക്ക് വരണം. എത്രെച്ചാ അവരെ വെറുതെ കാത്തിരിപ്പിക്കുന്നെ?
അമ്മക്കുട്ടി അതോർത്തു ടെൻഷൻ ആവേണ്ട.. ഈ മാസം ലാസ്റ്റ് ഞാൻ വരാം.. ഓക്കേ
ഹാവൂ ന്റെ കൃഷ്ണാ ഇപ്പോഴേ ഇയ്ക്ക് സമാധാനം ആയേ.
ഒരുപാട് കാതം അകലെയാണെങ്കിലും അമ്മയുടെ സന്തോഷം എനിക്കിവിടെയിരുന്നു അനുഭവിക്കാൻ പറ്റി.
പിറ്റേന്ന് ഞായറാഴ്ച ആയതിനാൽ എണീക്കാൻ മടിപിടിച്ചു കിടക്കുമ്പോൾ ആണ് ശിഖ പറഞ്ഞത് നമുക്കിന്നു ഷോപ്പിംഗ് ന് പോയാലോ എന്ന്.
കഴിഞ്ഞ ആഴ്ച പോയതല്ലേ ഉള്ളൂ.. ഈ സൺഡേ ഞാൻ എവിടെയും പോകുന്നില്ല.. മതിവരുവോളം ഉറങ്ങാൻ ആണ് എന്റെ പ്ലാൻ.
അപ്പോ നിനക്ക് ഫങ്ക്ഷന് ഡ്രസ്സ് എടുക്കേണ്ടേ?
എന്ത് ഫങ്ക്ഷൻ?
അപ്പോൾ ഗൗതം സർ നിന്നെ ക്ഷണിച്ചില്ലേ … സാറിന്റെ മോൾടെ ഫസ്റ്റ് ബർത്ത്ഡേ പാർട്ടി ആണ് ഈ ഫ്രൈഡേ.. രാത്രിയിൽ ആദം പ്ലാസ യിൽ വെച്ചാണ് സെലിബ്രേഷൻ.
ഓഹ് അതോ.. ഞാൻ മറന്നു പോയതാ… എന്നെ വിളിച്ചിരുന്നു.
അവളോട് കള്ളം പറഞ്ഞ് തലയിലൂടെ ബ്ലാങ്കറ്റും ഇട്ട് ഞാൻ വേഗം കമഴ്ന്നു കിടന്നു.. അടക്കി പിടിച്ച തേങ്ങൽ ശിഖ കേൾക്കാതിരിക്കാൻ ഞാൻ വേഗം ഫോണിൽ പാട്ട് വെച്ചു.
എന്തിനാണീ ഈ സങ്കടം.. എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.. അവൻ കല്യാണം കഴിച്ചില്ലായിരുന്നുവെങ്കിൽ ഞാൻ അവനെ സ്വീകരിക്കുമായിരുന്നോ.. ഒരിക്കലും ഇല്ല. എന്നെ വേണ്ടാ എന്ന് പറഞ്ഞു പോയവന് മുന്നിൽ ഒരിക്കൽ പോലും ഞാൻ തല കുനിക്കില്ല. പിന്നെ എന്തിന് വെറുതെ ഞാൻ എന്റെ കണ്ണുനീർ പാഴാക്കണം. ഞാൻ എന്നെ തന്നെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.
പിറ്റേ ദിവസം ഫയലുകളിൽ ഗൗതമിന്റെ സൈന് ചെയ്യിപ്പിച്ചു തിരിച്ചു പോരാൻ നിൽക്കുമ്പോൾ ആണ് ഗൗതം എന്നെ വിളിച്ചത്…
ചാരു..വൺ മിനിറ്റ്…
ഞാൻ തിരിഞ്ഞു നിന്ന് അവനെ ഒന്ന് ദഹിപ്പിച്ചു നോക്കി.
എന്റെ നോട്ടത്തിന്റെ അർത്ഥം മ നസ്സിലായെന്നവണ്ണം അവൻ വേഗം തിരുത്തി വിളിച്ചു
സോറി ചാരുലത… അത് പിന്നെ.. നെക്സ്റ്റ് ഫ്രൈഡേ എന്റെ മോൾടെ ബർത്ഡേ ആണ്. ചെറിയൊരു സെലിബ്രേഷൻ… ആദം പ്ലാസയിൽ വെച്ച് രാത്രിയിൽ ആണ്.. ഹസ്ബൻഡിനെയും മക്കളെയും കൂട്ടി താൻ നേരത്തെ വരണം. മറക്കരുത്.
ഓക്കേ സർ… അതല്ല എന്നാണ് ഡേറ്റ് പറഞ്ഞത്.. ഞാൻ കേട്ടില്ല.. സോറി
നെക്സ്റ്റ് ഫ്രൈഡേ…
ഓഹ് കെ… അപ്പോൾ ഇനിയും 4 ദിവസം ഉണ്ട് അല്ലേ .. അതിനിടയിൽ ഒരു ഹസ്ബൻഡിനെ ഞാൻ എങ്ങനെ എങ്കിലും റെഡി ആക്കിക്കൊള്ളാം.. പക്ഷേ 4 ദിവസത്തിനുള്ളിൽ മക്കൾ എന്ന് പറഞ്ഞാൽ… അത് ഇത്തിരി ബുദ്ധിമുട്ടാണ് സാറേ.. അതല്ല സാറേ കല്യാണം കഴിയാത്തവർക്ക് ഫങ്ക്ഷന് വരാൻ പറ്റില്ല എന്നുണ്ടോ?
ആവശ്യത്തിലധികം പുച്ഛം ഷോക്കേറ്റ് നിൽക്കുന്ന അവന്റെ മുഖത്തിലേക്ക് വാരിയെറിഞ്ഞു ഞാൻ ഒരു വിജയിയുടെ ഭാവത്തിൽ പുറത്തേക്കിറങ്ങി.
എന്റെയും അവന്റെയും പ്രണയത്തിന്റെ അന്തരം എത്രമാത്രം ആണെന്ന് അവനിപ്പോൾ ബോധ്യമായിട്ടുണ്ടാവും.എന്റെ പ്രണയം അത്രമേൽ ആഴത്തിൽ പതിഞ്ഞ് എന്റെ ആത്മാവിൽ അലിഞ്ഞു ചേർന്നതാണ് .. അല്ലാതെ അവൻ ചെയ്ത പോലെ കറിവേപ്പില പോലെ എടുത്തു കളഞ്ഞു വേറെ ഒന്നിനെ പുൽകാൻ വെമ്പുന്നതായിരുന്നില്ല.
വീണ്ടും ഉറക്കം നഷ്ടപ്പെട്ട രാത്രികൾ.. പരിപാടിക്ക് പോകണോ വേണ്ടയോ എന്ന ചിന്ത എന്റെ മനസ്സിനെ മദിച്ചു കൊണ്ടേയിരുന്നു. അവിടെ ചെല്ലുമ്പോൾ അവന്റെ കൂടെ അവന്റെ ഭാര്യയെ കാണുമ്പോൾ… അത് കണ്ടിരിക്കാനുള്ള ശക്തി എനിക്കുണ്ടാകുമോ…അറിയില്ല… ശിഖയുടെ നിർബന്ധം കൂടി ആയപ്പോൾ അവസാനം പോകാം എന്ന് തന്നെ തീരുമാനിച്ചു.
വാവയ്ക്ക് വേണ്ടി രണ്ടു കുഞ്ഞിടുപ്പുകളും ഒരു ഡോളും വാങ്ങിച്ചു… ആദ്യത്തെ കുട്ടി പെൺകുഞ്ഞു മതീട്ടോ.. ഗൗതം അന്നെന്റെ ചെവിയിൽ മന്ത്രിച്ചത് ഓർമയിൽ വന്നു.. കുഞ്ഞിന്റെ പേര് നീലിമ . അവൻ തീർത്തു പറഞ്ഞു.. അയ്യേ പഴയ പേരോ ഞാൻ സമ്മതിക്കൂല്ല… ഞാൻ വാശിപിടിച്ചു കൊണ്ടേയിരുന്നു.. അങ്ങനെ ഒരുമിച്ചിരുന്നു നെയ്തു കൂട്ടിയ എത്രയെത്ര സ്വപ്നങ്ങൾ… ഒരു ചെറിയ കാര്യത്തിന് വേണ്ടി ഗൗതമിന് എങ്ങനെ എല്ലാം വേണ്ടെന്ന് വെയ്ക്കാൻ സാധിച്ചു.ഇപ്പോഴും അറിയില്ല.
ബർത്ത് ഡേ പാർട്ടിക്ക് പോകുമ്പോൾ എല്ലാം നേരിട്ട് കാണാനും അത് സഹിക്കാനും മനസ്സിനെ പാകപ്പെടുത്തിയിരുന്നു ഞാൻ.ശിഖയുടെ കൂടെ ഹാളിലേക്ക് കയറുമ്പോൾ വല്ലാത്തൊരു വീർപ്പുമുട്ടൽ.. ഞങ്ങൾ ഓഫീസ് സ്റ്റാഫ് ഒഴികെ വളരെ കുറച്ചു പേര് മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.
ഗൗതമിന്റെ വൈഫ് നെ കാണാൻ എന്റെ കണ്ണുകൾ തിടുക്കം കൂട്ടി.. എവിടെയും കാണുന്നില്ല.. സ്റ്റേജിലൊക്കെ കണ്ണുകൾ പരതി കൊണ്ടേയിരുന്നു.. അപ്പോഴാണ് സ്റ്റേജിലെ ഡെക്കറേഷനിൽ എന്റെ കണ്ണുകൾ തറച്ചു നിന്നത്.. ഹാപ്പി ബർത്ത് ഡേ ചാരുലത എന്ന് വലുതായി എഴുതിയിരിക്കുന്നു… ഈശ്വരാ.. എന്റെ പേരാണോ കുഞ്ഞിന് ഇട്ടിരിക്കുന്നത്. അപ്പോൾ അവന്റെ ഭാര്യക്ക് എല്ലാം അറിയാമോ.എന്നെ ഇന്ന് നേരിട്ട് കാണുമ്പോൾ അവരുടെ പ്രതികരണം എന്തായിരിക്കും?
കേക്ക് കട്ടിങ്നായി ഗൗതമിന്റെ അച്ഛനും അമ്മയും പിന്നെ വൈഫ് ന്റെ അച്ഛനും അമ്മയും ആണെന്ന് തോന്നിപ്പിക്കുന്ന രണ്ടു പേരും സ്റ്റേജിൽ കയറിയിട്ടും ഗൗതമിന്റെ വൈഫ് നെ ആ വഴിക്കൊന്നും കണ്ടതേയില്ല. എന്നെ പോലെ മറ്റുള്ളവരും കുഞ്ഞിന്റെ അമ്മ എവിടെ എന്ന സന്ദേഹത്തിൽ ആയിരുന്നു
പ്രണയാമൃതം
പാർട്ട് 2 – അവസാന ഭാഗം
പാർട്ട് 1 ലിങ്ക്
https://m.facebook.com/groups/1725045934377816/permalink/3312825145599879/
കേക്ക് കട്ടിങ്നായി ഗൗതമിന്റെ അച്ഛനും അമ്മയും പിന്നെ വൈഫ് ന്റെ അച്ഛനും അമ്മയും ആണെന്ന് തോന്നിപ്പിക്കുന്ന രണ്ടു പേരും സ്റ്റേജിൽ കയറിയിട്ടും ഗൗതമിന്റെ വൈഫ് നെ ആ വഴിക്കൊന്നും കണ്ടതേയില്ല. എന്നെ പോലെ മറ്റുള്ളവരും കുഞ്ഞിന്റെ അമ്മ എവിടെ എന്ന സന്ദേഹത്തിൽ ആയിരുന്നു
കേക്ക് കട്ടിങ് കഴിഞ്ഞ ഉടനെ ഗൗതം മൈക്ക എടുത്ത് സംസാരിച്ചു തുടങ്ങി.
ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത രണ്ടു സംഭവങ്ങളുടെ ഓർമപ്പെടുത്തൽ ആണ് ഇന്നത്തെ ഈ ദിവസം.6 വർഷത്തെ കാത്തിരിപ്പിനൊടുവിൽ എനിക്കും എന്റെ വൈഫ് മീരക്കും ദൈവം കനിഞ്ഞു നൽകിയ ഞങ്ങളുടെ മോൾ ചാരുലതയെ, ഞങ്ങളുടെ ചാരുട്ടിയെ ദൈവം ഞങ്ങളുടെ കയ്യില്ലേക്ക് വെച്ചുതന്ന സന്തോഷ ദിവസം.. അതിന്റെ കൂടെ പത്തുമാസം ചുമന്നു നടന്ന് ഒരുപാട് ആകാംക്ഷയോടെ കാത്തിരുന്ന്………അവസാനം നൊന്തു പ്രസവിച്ച മോളെ ഒരു നോക്ക് കാണാൻ പോലും ആവാതെ ഞങ്ങളെ എന്നെന്നേക്കുമായി വിട്ടുപിരിഞ്ഞ എന്റെ മീരയുടെ ഒന്നാം ചരമ വർഷം കൂടി ആണിന്ന്.. സത്യം പറഞ്ഞാൽ ഇന്നത്തെ ഈ ദിവസം സെലിബ്രേറ്റ് ചെയ്യണോ വേണ്ടയോ എന്ന് അറിയില്ല.. മീര ഇന്ന് കൂടെ ഉണ്ടായിരുന്നുവെങ്കിൽ…അവൾ ഏറ്റവും കൂടുതൽ കളർഫുൾ ആയി ആഘോഷിക്കുന്ന ഒന്നായിരുന്നു ഇന്നത്തെ ഈ ദിവസം. ഇന്നിപ്പോൾ അവൾ കൂടെ ഇല്ലെങ്കിലും ദൂരെ ഇരുന്ന് ഇതെല്ലാം കണ്ട് അവൾ സന്തോഷിക്കുന്നുണ്ടാവും..അതുകൊണ്ട് മാത്രം ആണ് ഇങ്ങനെ ഒരു ചെറിയ ഫങ്ക്ഷൻ അറേഞ്ച് ചെയ്തത്..
സംസാരിക്കുമ്പോൾ ഇടയ്ക്കിടെ അവന്റെ വാക്കുകൾ മുറിഞ്ഞിരുന്നു..നിറഞ്ഞു തൂകിയ കണ്ണുകൾ തുടച്ചു കൊണ്ട് ഗൗതം വീണ്ടും പറഞ്ഞു തുടങ്ങി
എന്റെ മീരയ്ക്ക് വേണ്ടി ഞാനൊരു പാട്ട് പാടുന്നു.
ഗൗതം പാടി തുടങ്ങി
ആകാശമായവളേ…അകലേ പറന്നവളേ…
ചിറകായിരുന്നല്ലോ നീ…
അറിയാതെ പോയന്നു ഞാൻ…
നിഴലോ മാഞ്ഞുപോയ്
വഴിയും മറന്നുപോയ്
തോരാത്ത രാ മഴയിൽ…
ഗൗതമിന്റെ ഓരോ വരികളും എന്റെ നെഞ്ചിലേക്ക് കാരിരുമ്പ് പോലെ തുളച്ചു കയറി.. അവന്റെ മനോവേദന മുഴുവൻ ആ പാട്ടിൽ നിഴലിച്ചിരുന്നു..നിറഞ്ഞു തുളുമ്പുന്ന കണ്ണുകൾ ആരും കാണാതെ കെർചീഫ് കൊണ്ട് ഞാൻ തുടച്ചു മാറ്റി.
ആ ശോകാന്ദ്രമായ അന്തരീക്ഷരത്തിൽ കുഞ്ഞാവയ്ക്ക് എല്ലാവരും ഗിഫ്റ്റ് കൊടുക്കലും, ഫോട്ടോ എടുക്കലും,ഫുഡ് കഴിക്കലും ഒക്കെ ഭംഗിയായി നടന്നു.എല്ലാവരും മോളെ മാറി മാറി എടുക്കുന്നുണ്ട് . ആരോടും പരിചയകുറവില്ലാതെ അവൾ ചിരിച്ചു കാണിക്കുന്നുണ്ടായിരുന്നു. എല്ലാത്തിൽ നിന്നും മാറി നിന്ന് ഞാൻ ഒഴിഞ്ഞ കസേരയിൽ പോയിരുന്നു.
മനസ്സാകെ കലുഷിതമായിരുന്നു.ഗൗതം എന്നെ ഉപേക്ഷിച്ചു പോയതിൽ ഞാൻ ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട്… പൊട്ടി പൊട്ടി കരഞ്ഞിട്ടുണ്ട്… അവസാനം അവനോട് ദേഷ്യവും തോന്നിയിട്ടുണ്ട്.. എന്നാലും ഒരിക്കലും തമാശയ്ക്ക് പോലും അവനെ ഞാൻ ശപിച്ചിട്ടില്ല.. എന്നിട്ടും എന്തിന് ദൈവമേ ഇങ്ങനെ ഒരു ശിക്ഷ അവന് കൊടുത്തു.. ആ കുഞ്ഞിന്റെ മുഖത്തേക്ക് നേരാവണ്ണം നോക്കാൻ പോലും എനിക്കാവുന്നില്ലല്ലോ..
ഹാ മിസ്സ് ചാരുലത ഇവിടെ ഒറ്റയ്ക്കിരിക്കാണോ?
മുന്നിൽ ചിരിച്ചു നിൽക്കുന്ന ഗൗതമിനെ കണ്ടപ്പോൾ ഞാൻ വേഗം എണീറ്റു നിന്നു.
ഹാ താൻ ഇരിക്കെടോ.. മുന്നിലുള്ള ചെയർ എനിക്കഭിമുഖമായി ഇട്ട് അവനതിൽ ഇരുന്നു..
ചാരു.. സോറി മിസ്സ് ചാരുലത എന്റെ മോളെ ഒന്ന് തൊട്ടത് പോലും ഇല്ലല്ലോ.. ഇപ്പോഴും നിനക്കെന്നോട് ക്ഷമിക്കാൻ കഴിയുന്നുണ്ടാവില്ല അല്ലേ.
അത്… പിന്നെ…
ഞാൻ വാക്കുകൾ കിട്ടാതെ ഉഴറി
സാരമില്ലെടോ….നമ്മുടെ ലവ് സ്റ്റോറി മീരയോട് പറഞ്ഞ അന്ന് തൊട്ട് മീര എന്നോട് പറയാൻ തുടങ്ങിയതാണ് നിന്നോട് നേരിട്ട് വന്ന് സോറി പറയണം എന്ന്.അവൾക്കും നിന്നെ കാണാൻ നല്ല ആഗ്രഹം ആയിരുന്നു. അറിയാതെ ആണെങ്കിലും അവളും നിന്റെ സങ്കടത്തിന്റെ കാരണക്കാരി ആണല്ലോ എന്നോർത്ത് അവൾക്ക് നല്ല വിഷമം ആയിരുന്നു… കുട്ടികൾ ഉണ്ടാവാൻ ലേറ്റ് ആയപ്പോഴും അവൾ പറഞ്ഞു ആ കുട്ടിയുടെ കണ്ണുനീര് ഉണങ്ങിയിട്ടില്ല… അതാണ് ദൈവം നമ്മെ ഇങ്ങനെ പരീക്ഷിക്കുന്നതെന്ന്.മീര തന്നെയാണ് നേർച്ചയിട്ടത് ആദ്യം ഉണ്ടാകുന്നത് പെൺകുട്ടി ആണെങ്കിൽ നിന്റെ പേരിടാം എന്നുള്ളത്. എന്തായാലും അധികം വൈകാതെ ദൈവം ഞങ്ങളുടെ പ്രാർത്ഥന കേട്ടു.. പക്ഷേ ഇങ്ങനെ ഒരു വിധിയാണ് ഞങ്ങളെ കാത്തിരിക്കുന്നതെന്ന് അന്നറിയില്ലല്ലോ . ഞാൻ ചെയ്ത പാപത്തിന്റെ ഫലം അനുഭവിക്കേണ്ടി വന്നത് പാവം എന്റെ മീരയായി പോയി എന്നുമാത്രം. ഒരിക്കലും നിന്റെ മുന്നിൽ വന്ന് നിൽക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു ചാരു.. അതു കൊണ്ടാണ് മീര നിർബന്ധിക്കുമ്പോൾ എല്ലാം എന്തെങ്കിലും തിരക്ക് പറഞ്ഞു ഞാൻ ഒഴിവായത്..അന്ന് പ്രായത്തിന്റെ പക്വത കുറവായിരിക്കാം നിന്നോട് അങ്ങനെ ഒക്കെ ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്.. എല്ലാ കാര്യങ്ങളും എന്നോട് ഷെയർ ചെയ്യാറുള്ള നീ ആ കാര്യം മറച്ചു വെച്ചപ്പോൾ എന്തോ അതൊരു ദേഷ്യം ആയി മാറി.. കൂട്ടത്തിൽ പേരെന്റ്സിന് നിന്റെ അമ്മേടെ സെക്കന്റ് മാര്യേജ് എന്ന് കേൾക്കുമ്പോൾ അതൊരു കുറച്ചിൽ ആയിട്ടേ കാണൂ എന്നെനിക്ക് സ്വയം തോന്നി.ഇനി അതൊന്നും വീണ്ടും പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം.. സോറി ചോദിക്കാനുള്ള അർഹത ഇല്ലെന്നും അറിയാം.. എങ്കിലും എന്നെങ്കിലുമൊക്കെ എന്നോട് പൊറുത്തു തരണം കെട്ടോ..
വാക്കുകൾ ഒന്നും പുറത്തേക്ക് വരാത്തത് കൊണ്ട് നിശബ്ദമായി തന്നെ ഞാൻ ഇരുന്നു.
എന്റെ മറുപടി ഒന്നും കിട്ടാത്തത് കൊണ്ട് അവൻ തന്നെ വീണ്ടും സംസാരിച്ചു തുടങ്ങി.
എന്തേ ചാരു പിന്നെ കല്യാണം ഒന്നും നോക്കിയില്ല ?
അത്….. അതുപിന്നെ….അതിനെ കുറിച്ചൊന്നും പിന്നീട് ചിന്തിച്ചില്ല.
ഹ്മ്മ്…എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട്.. ഇനി നീട്ടി കൊണ്ടു പോവേണ്ട
ഹ്മ്മ്… അമ്മ നിർബന്ധിക്കുന്നുണ്ട്.. ഈ ഇയറിൽ തന്നെ ഉണ്ടാവും.
ഓഹ് ഗുഡ്..പിന്നെ ചാരൂ..വിരോധമില്ലെങ്കിൽ ഞാൻ എന്റെ മോളെ ഒന്ന് കൊണ്ടു വരട്ടെ.. നീ ഒന്ന് എടുക്കാമോ.. അത് കാണുമ്പോൾ ഏറ്റവും സന്തോഷിക്കുന്നത് മീര ആവും..
ഓഹ് ഷുവർ
എന്റെ മറുപടി കേട്ടതും ഗൗതം ഓടിപോയി മോളെ കൊണ്ടു വന്നു.. ഞാൻ കൈ നീട്ടിയതും അവൾ കുണുങ്ങി കൊണ്ട് എന്റെ നേർക്ക് ചാടി… കവിളിലൊരു കുഞ്ഞു ഉമ്മ കൊടുത്തപ്പോൾ അവൾ കുഞ്ഞരി പല്ലു കാട്ടി ചിരിക്കാൻ തുടങ്ങി.
ചാരൂട്ടി.. ആന്റിക്കൊരു ഉമ്മ കൊടുത്തേ… ഗൗതം പറഞ്ഞതും അവൾ എന്റെ കവിളിൽ നാലഞ്ച് ഉമ്മ ഒരുമിച്ചു തന്നു.. അതോടെ അത്രയും നേരം അടക്കിപിടിച്ച സങ്കടമൊക്കെ അണപ്പൊട്ടി ഒഴുകി.. മോളെയും കെട്ടിപിടിച്ചു എത്ര നേരം കരഞ്ഞു എന്നെനിക്ക് അറിയില്ല.
ഗൗതം എന്ത് ചെയ്യണം എന്നറിയാതെ വെപ്രാളപെടുന്നത് കണ്ടു.
സീ ചാരു.. എല്ലാവരും ശ്രദ്ധിക്കുന്നു.. നീ കരച്ചിൽ നിർത്തു.. ഞാനിപ്പോൾ പറഞ്ഞു പോയതിൽ എന്തെങ്കിലും നിന്നെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ റിയലി സോറി…
മോൾക്ക് കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്ത് അവളെ ഗൗതമിന് കൊടുത്ത് ആരോടും ഒന്നും പറയാതെ ഞാൻ വേഗം തിരിച്ചു പോന്നു.
റൂമിൽ എത്തിയിട്ടും സമാധാനം കിട്ടാത്ത പോലെ.. അമ്മയെ വല്ലാതെ മിസ്സ് ചെയ്യുന്നു.. എന്ത് സങ്കടം വന്നാലും അമ്മയെ ഒന്ന് കെട്ടിപ്പിടിച്ചാൽ ഇത്തിരി ആശ്വാസം ആണ്.. എത്രയും പെട്ടെന്ന് അമ്മയെ കാണണം എന്നൊരു തോന്നൽ. രണ്ടാമതൊന്ന് ആലോചിച്ചില്ല. വേഗം നാട്ടിലേക്ക് അവൈലബിൾ ആയ ഫ്ലൈറ്റിന് ടിക്കറ്റ് ബുക്ക് ചെയ്തു.. ഇനി ഒരാഴ്ച നാട്ടിൽ അമ്മയോടൊപ്പം.
വീട്ടിലെത്തി 2 ദിവസം കഴിഞ്ഞപ്പോൾ അമ്മ പതിവ് പല്ലവി തുടങ്ങി. എന്റെ കല്യാണക്കാര്യം. മൂന്ന് ചെക്കന്മാരുടെ ഫോട്ടോ കാണിച്ചു തന്നു.. നിനക്ക് ഇഷ്ടമായത് ഏതാ.. അവരോട് ആദ്യം വരാൻ പറയാലോ..
ഫോട്ടയിലൂടെ വെറുതെ കണ്ണോടിച്ചു. മൂന്ന് പേരും കുഴപ്പമില്ല.
3 ആളെയും ഇഷ്ട്ടമായി അമ്മ
ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞു
സൊ അമ്മയ്ക്ക് മരുമോൻ ആക്കാൻ പറ്റുന്ന ആളെ നോക്കി സെലക്ട് ചെയ്തോളൂ എന്നും പറഞ്ഞു ഞാൻ അവിടെ നിന്നും എണീറ്റു പോയി.
അന്ന് വൈകുന്നേരം പറമ്പിലൂടെ നടക്കുമ്പോൾ ആണ് ഒരു അൺനോൺ നമ്പറിൽ നിന്നും കാൾ വന്നത്.
ഹലോ എന്ന സൗണ്ട് കേട്ടതും ആളെ പെട്ടന്ന് തന്നെ മനസ്സിലായി
ഗൗതം
ഹലോ..ആർ യൂ ഫ്രീ നൗ ചാരു?
യെസ് സർ….
എന്തെ പെട്ടെന്ന് നാട്ടിലേക്ക് പോന്നത്. അറ്റ്ലീസ്റ്റ് ലീവ് പോലും പറയാതെ?
സോറി സർ. വീട്ടിൽ നിന്നും കാൾ വന്നപ്പോൾ അർജന്റ് ആയി പോരേണ്ടി വന്നു. ഞാൻ ശിഖയോട് ലീവ് ആണെന്ന് അറിയിക്കാൻ പറഞ്ഞിരുന്നു.
വാട്ട്സ് ദി മാറ്റർ? അവിടെ എല്ലാവരും ഓക്കേ ആണല്ലോ അല്ലേ?
യസ് സർ..
പിന്നെ എന്തെ ഒന്നും ആലോചിക്കാതെ പെട്ടെന്ന് പോയത്.. നീ ഓഫീസ് കാര്യങ്ങളിൽ വിജിലന്റ് ആയിരിക്കും എന്ന് കരുതി ഞാൻ.എത്ര വർക്കുകൾ ആണ് പെന്റിങ് ആയി കിടക്കുന്നതെന്നു അറിയുമോ?നല്ല പ്രൊജക്ടുകൾ എല്ലാം ക്യാൻസൽ ചെയ്യേണ്ട അവസ്ഥ ആണിപ്പോൾ.
സോറി . ഞാൻ ഇല്ലെങ്കിൽ സർ മാനേജ് ചെയ്യുമെന്ന് കരുതി.
എടോ ഞാനും ലീവ് ആണ്.. മോൾ ഹോസ്പിറ്റലൈസ്ഡ് ആണ്.
അയ്യോ എന്ത് പറ്റി?
പേടിക്കാൻ ഒന്നും ഇല്ല.. വൈറൽ ഫീവർ. ഇപ്പോൾ ഓക്കേ ആയി വരുന്നു..
സോറി സർ എനിക്ക് അറിയില്ലായിരുന്നു.
ഞാൻ പിന്നെ ഓഫീസിൽ പോയിട്ടില്ല.. എല്ലാം നീ മാനേജ് ചെയ്തിട്ടുണ്ടാവും എന്ന് കരുതി. നാളത്തെ പ്രൊജക്റ്റ് ന്റെ കാര്യം അറിയാൻ വേണ്ടി വിളിച്ചപ്പോൾ ആണ് നീ നാട്ടിൽ പോയത് അറിഞ്ഞത്.
സർ ഞാൻ വൺ വീക്ക് നാട്ടിൽ നിൽക്കണം എന്ന പ്ലാനിൽ ആണ് വന്നിരിക്കുന്നത്. അതിനിടയിൽ ചെറിയൊരു പെണ്ണുകാണൽ ചടങ്ങും ഉണ്ട്. അതുകൊണ്ട് പെട്ടെന്ന് വരവ് നടക്കില്ല സർ.
ഓക്കേ.. നോ പ്രോബ്ലം.. ഐ കാൻ മാനേജ് ഇറ്റ്.. യു ഡോണ്ട് വറി.. എനിവേ ഓൾ ദി ബെസ്റ്റ്.
താങ്ക് യു .
ഫോൺ കട്ട് ആയപ്പോൾ വല്ലാത്തൊരു ആശ്വാസം തോന്നി.എങ്കിലും മോൾക്ക് പനി ആണെന്നുള്ളത് എന്റെ മനസ്സിനെ അലട്ടി കൊണ്ടിരുന്നു.അമ്മയുടെ സ്നേഹവും വാത്സല്യവും കിട്ടാതെ… പാവം കുഞ്ഞ്. ഇത്രയും വയസ്സായിട്ട് പോലും ഒരു സങ്കടം വന്നപ്പോൾ ഒന്നും ഓർക്കാതെ അമ്മയുടെ അടുത്തേക്ക് ഓടി വന്നവളാണ് ഞാൻ.അമ്മയില്ലാത്ത ആ കുഞ്ഞിന് അച്ഛന്റെ സാമിപ്യം പോലും കിട്ടാതെ വന്നാൽ….
ഞാൻ ഓഫീസിൽ എത്തിയില്ലെങ്കിൽ ഗൗതമിന് നല്ല ബുദ്ധിമുട്ടായിരിക്കും..കുഞ്ഞിന്റെ കാര്യവും ഓഫീസിലെ ടെൻഷനും..
അമ്മയോട് പേടിച്ചു പേടിച്ചാണ് കാര്യം പറഞ്ഞത്
അമ്മാ എനിക്ക് പെട്ടന്ന് തന്നെ പോണം. ഓഫീസിൽ നിന്നും കാൾ വന്നിരുന്നു. അമ്മയ്ക്കറിയാലോ ഓഫീസിലെ അവസ്ഥകൾ എങ്ങനെയൊക്കെ ആയിരിക്കും എന്ന്.. ഒരിക്കലും കല്യാണത്തിൽ നിന്നും ഒളിച്ചോടാൻ വേണ്ടി പറയുന്നതല്ല.. പ്ലീസ് ബിലീവ് മി.
മോൾ പോവാൻ റെഡി ആയിക്കോളൂ.. അമ്മയെ ഞാൻ ഹാൻഡിൽ ചെയ്തോളാം
എന്റെ രക്ഷകനായി അങ്കിൾ പ്രത്യക്ഷപെട്ടത് എനിക്ക് വലിയ ആശ്വാസം ആയി.
ഗൗതമിന്റെ നമ്പർ സേവ് ചെയ്ത് ഞാൻ മെസ്സേജ് ചെയ്തു.. ഞാൻ പുറപ്പെട്ടു.. സർ മോൾടെ കൂടെ സമാധാനം ആയി ഇരിക്കൂ. നാളത്തെ പ്രൊജക്റ്റ് കറക്റ്റ് ടൈമിൽ ഞാൻ പ്രെസെന്റ് ചെയ്യും..ഡോണ്ട് വറി.
ജോലിയിൽ ഞാൻ ഒന്നൂടെ ഉത്തരവാദിത്തം കാണിക്കേണ്ടിയിരിക്കുന്നു എന്നെനിക്ക് ബോധ്യപ്പെട്ടു. ഒന്നും ചിന്തിക്കാതെ ഉള്ള എന്റെ വരവ്. ഗൗതം ആയത് കൊണ്ടാണ് മാന്യമായി എന്നോട് സംസാരിച്ചത്.
എന്തായാലും പ്രൊജക്റ്റ് എല്ലാം ഭംഗിയായി പ്രെസെന്റ് ചെയ്ത് അതിന്റെ അപ്ഡേഷൻ ഗൗതമിന് അയച്ചു കൊടുത്തപ്പോൾ ആണ് എനിക്കൊന്ന് റിലാക്സ് ചെയ്യാൻ കഴിഞ്ഞത്.
റൂമിൽ ചെന്ന് ഫ്രഷ് ആയി ഇരിക്കുമ്പോൾ ആണ് ശിഖ പറഞ്ഞത് നമുക്ക് ഗൗതം സർ ന്റെ മോളെ ഒന്ന് കാണാൻ പോയാലോ.
പാവം കുട്ടി…അഡ്മിറ്റ് ആണ്.
എനിക്കും ആഗ്രഹം ഉണ്ടായിരുന്നു. എങ്ങനെ ഹോസ്പിറ്റലിൽ ഒറ്റയ്ക്ക് കയറി ചെല്ലും എന്ന് മടിച്ചിട്ടാണ് പോകാതിരുന്നത്. ശിഖ പറഞ്ഞതോടെ ഞാനും വേഗം റെഡി ആയി.
ഹോസ്പിറ്റലിൽ ഗൗതമിന്റെ അമ്മയും മോളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അന്ന് ഫങ്ക്ഷന് ഞങ്ങളെ കണ്ടത് കൊണ്ട് അമ്മയ്ക്ക് പെട്ടെന്ന് ഞങ്ങളെ മനസ്സിലായി.
മോൾ ഉറങ്ങുകയായിരുന്നു.. കുഞ്ഞി കയ്യിൽ ക്യാന്നുലയൊക്കെ ഇട്ട് ക്ഷീണിച്ച കുഞ്ഞി മുഖം കണ്ടപ്പോൾ തന്നെ വല്ലാത്തൊരു സങ്കടം തോന്നി. വൈകുന്നേരത്തെ ഇൻജെക്ഷൻ എടുക്കാൻ നേഴ്സ് കയ്യിൽ തൊട്ടതും അവൾ കുഞ്ഞി വായിൽ ഉറക്കെ കരയാൻ തുടങ്ങി.. അമ്മയും ശിഖയും അവളെ എങ്ങനെയൊക്കെയോ അടക്കി പിടിച്ചു ഇൻജെക്ഷൻ എടുപ്പിച്ചു.. വേദനിപ്പിച്ചതിന്റെ സങ്കടം അവൾ കരഞ്ഞു പ്രകടിപ്പിച്ചു കൊണ്ടേയിരുന്നു.. കുപ്പി പാൽ കൊടുത്ത് കരച്ചിൽ മാറ്റാൻ നോക്കിയെങ്കിലും എല്ലാം അവൾ തട്ടി മാറ്റി കൊണ്ടിരുന്നു.
Qqqq
പൊതുവെ കുട്ടികളെ കാണുന്നത് എനിക്ക് വല്ലാത്തൊരു ഇഷ്ട്ടമാണെങ്കിലും ഇങ്ങനെയുള്ള സിറ്റുവേഷൻ ഒന്നും കൈകാര്യം ചെയ്യാൻ എനിക്കറിയില്ലായിരുന്നു. അങ്ങനെ ഒരു അനുഭവം എനിക്ക് ഉണ്ടായിട്ടില്ല. എന്നും കൊഞ്ചിപ്പിക്കുമ്പോൾ ചിരിക്കുന്ന കുട്ടികളേ കണ്ടിട്ടുള്ളൂ.
മോൾടെ കരച്ചിൽ നിൽക്കുന്നേയില്ല.. അമ്മയും ശിഖയും മാറി മാറി എടുത്തു നടക്കുന്നുണ്ട്.
അമ്മയുണ്ടെങ്കിൽ അമ്മിഞ്ഞ പാൽ വായിൽ തിരുകി കൊടുത്താൽ തീരുന്ന വേദനയും കരച്ചിലും മാത്രേ ഉള്ളൂ..പക്ഷേ എന്റെ പൊന്നിന് അതിന്റെ രുചി എന്താണെന്ന് അറിയാനുള്ള ഭാഗ്യം പോലും കിട്ടാതെ പോയല്ലോ..
ആ അമ്മ അതും പറഞ്ഞ് കണ്ണുനീർ തൂകി.
മോൾ ശിഖയുടെ മടിയിലിരുന്ന് കുതറി മാറാൻ നോക്കുകയാണ്.
ഞാൻ പേടിയോടെ ആണെങ്കിലും മോളെ എടുത്തു… അപ്പോഴും കരച്ചിൽ തന്നെ… ഞാൻ മെല്ലെ ബെഡിൽ കിടന്ന് അവളെ എന്റെ മേലെ നെഞ്ചിലേക്ക് ചേർത്തു കിടത്തി മെല്ലെ കുലുക്കി കൊണ്ടിരുന്നു.. ഒരു കൈ കൊണ്ട് അവളുടെ മുടിയിലൂടെ തഴുകി .. വലിയ കരച്ചിൽ മെല്ലെ മെല്ലെ നേർത്ത തേങ്ങലായി മാറി കൊണ്ടിരുന്നു.. മെല്ലെ മെല്ലെ അവൾ ഉറക്കത്തിലേക്ക് വഴുതി കൊണ്ടിരുന്നു.. നല്ല ഉറക്കമായപ്പോൾ ഞാൻ മെല്ലെ ചെരിഞ്ഞു അവളെ ബെഡിലേക്ക് കിടത്തിയതും ഒരു ഞെട്ടലോടെ അവൾ ഉറക്കെ കരയാൻ തുടങ്ങി.വീണ്ടും അവളെ നെഞ്ചിലേക്ക് ചേർത്തു കിടത്തി താളത്തിൽ കുലുക്കി കൊണ്ടിരുന്നു.. ഇന്നലത്തെ യാത്രയുടെ ക്ഷീണവും ഓഫീസിലെ വർക്കും കാരണം എന്റെ കണ്ണുകളും മെല്ലെ അടഞ്ഞു കൊണ്ടിരുന്നു.
എന്തോ വലിയൊരു ശബ്ദം കേട്ടാണ് ഞാൻ ഞെട്ടി എണീറ്റത്. സ്ഥലകാലബോധം ഉണ്ടായിരുന്നില്ല.നെഞ്ചിൽ ചെറിയൊരു കനം പോലെ…തിരിയാൻ പറ്റുന്നില്ല.. ഈശ്വരാ മോളെയും കെട്ടിപിടിച്ചാണോ ഉറങ്ങി പോയത്.. ഞാൻ ചുറ്റു പാടും നോക്കി. ബെഡിന്റെ അടുത്തായി ഗൗതം ചെയറിൽ ഇരുന്ന് ഫോൺ നോക്കുന്നു.. അമ്മയെയും ശിഖയെയും കാണുന്നില്ല.. എന്ത് ചെയ്യണം എന്നറിയാതെ ഞാൻ കണ്ണുകൾ അടച്ചു കിടന്നു.
ഞാൻ എണീറ്റാൽ മോൾ ഉണരും. സമയം എത്രയായി എന്ന് ഒരൂഹവും ഇല്ല. എന്തായാലും മോളെ മെല്ലെ ബെഡിൽ കിടത്താം.. ഞാൻ സാവധാനം ചെരിഞ്ഞു അവളെ ബെഡിൽ കിടത്തിയതും അവൾ ചിണുങ്ങാൻ തുടങ്ങി. മോൾടെ സൗണ്ട് കേട്ടതും ഗൗതം ബാക്കിൽ നിന്നും പറയുന്നത് കേട്ടു
ആഹാ രണ്ടാളും എണീറ്റോ
ഞാൻ ബെഡിൽ നിന്നും വേഗത്തിൽ എണീറ്റു മോളെ എടുത്തു.
എന്റെ തോളിൽ ഉറക്കത്തിന്റെ ആലസ്യത്തിൽ അവൾ പറ്റി ചേർന്ന് കിടന്നു.
ഞാൻ റൂമിൽ ചുറ്റും നോക്കി
ശിഖ എവിടെ?
മാഡം ഒന്ന് വാച്ചിലേക്ക് നോക്കിയാട്ടെ. സമയം രാത്രി ഒമ്പതു മണി ആവാൻ ആയി.ശിഖ ഏഴര ആയപ്പോൾ പോയി.. അവൾ നിന്നെ ഉണർത്താൻ വേണ്ടി നിന്നതാ.. ഞാൻ ആണ് തടഞ്ഞത്.. മോൾ പനി ആയതിനു ശേഷം ഒരു അര മണിക്കൂർ പോലും തുടർച്ചയായി ഉറങ്ങിയിട്ടില്ല.. ഫുൾ ടൈം കരച്ചിലും വാശിയും തന്നെ.. നിന്നെ അപ്പോൾ ഉണർത്തിയാൽ മോളും ഉണരും.. അതുകൊണ്ട് കുറച്ചു നേരത്തേക്ക് ഞാനൊരു സ്വാർത്ഥത നിറഞ്ഞ അച്ഛനായി മാറിട്ടോ.. റിയലി സോറി..പിന്നെ ചാരുവിനെ ഞാൻ വീട്ടിലേക്ക് ഡ്രോപ് ചെയ്തോളാം എന്ന് പറഞ്ഞപ്പോൾ ആണ് ശിഖ പോയത് കെട്ടോ..
സോറി ഞാനും ഉറങ്ങിപ്പോയി.. ഇന്നലത്തെ യാത്രയും വർക്കും എല്ലാം കൂടെ ആകെ ടയേർഡ് ആയിരുന്നു..
അതെന്തായാലും ഞങ്ങൾക്ക് ഉപകാരം ആയി.. ചാരൂട്ടിക്ക് നന്നായി ഉറങ്ങാൻ പറ്റിയല്ലോ.
അമ്മ എവിടെ?
അമ്മ ഫ്ലാറ്റിലേക്ക് പോയതാ.. ഇവിടെ അടുത്ത് തന്നെയാ.. നടക്കേണ്ട ദൂരമേയുള്ളൂ.. അമ്മ വന്നാൽ ഞാൻ നിന്നെ കൊണ്ടു വിടാം കെട്ടോ
മോൾക് ഫുഡ് കൊടുക്കേണ്ടേ.. ഞാൻ വന്നതിനു ശേഷം അവൾ ഒന്നും കഴിച്ചിട്ടില്ല.
ഗൗതം സർലാക്കിന്റെ ടിൻ എടുത്ത് ഫുഡ് റെഡി ആക്കുന്നത് ഞാൻ നോക്കി നിന്നു. അതു കഴിഞ്ഞു മോളെ എന്റെ അടുത്ത് നിന്നും വാങ്ങി. പുതിയ ഒരു പാമ്പേഴ്സും എടുത്ത് ടോയ്ലറ്റിൽ കയറി.. പാമ്പർ എല്ലാം ചേഞ്ച് ചെയ്തപ്പോൾ കുഞ്ഞ് ഒന്നൂടെ ഉഷാർ ആയി.. അവളെ ചെയറിൽ ഇരുത്തി ഗൗതം മെല്ലെ കുറുക്കും കൊടുക്കുന്നത് ഞാൻ നോക്കിയിരുന്നു… മൂന്ന് നാല് സ്പൂൺ അവൾ നല്ല രീതിയിൽ കഴിച്ചു.. പിന്നെ അവൾ തുപ്പാനും വായിൽ വെച്ചിരിക്കാനും ഒക്കെ തുടങ്ങി.. പാട്ടു പാടിയും ഗോഷ്ടി കാണിച്ചുമൊക്കെ ഗൗതം അവളെ കഴിപ്പിക്കുന്നത് കണ്ട് ഞാൻ കുറേ ചിരിച്ചു..
വല്ലാത്തൊരു ടാസ്ക് തന്നെ ആണല്ലേ ഈ പണി.
ഞാൻ അറിയാതെ പറഞ്ഞ് പോയി..
ആണെന്നോ.. നമ്മുടെ ഓഫീസിൽ തുടർച്ചയായി വൺ വീക്ക് പണിയെടുത്താലും ഇത്രയ്ക്കും റിസ്ക് ഉണ്ടാവും എന്ന് എനിക്ക് തോന്നുന്നില്ല.
ഗൗതം ചിരിച്ചു കൊണ്ടു പറഞ്ഞു.
ഞാൻ ഒന്ന് കൊടുത്തു നോക്കട്ടെ
ഓഹ് ആയിരം വട്ടം സമ്മതം
ഗൗതം ഫീഡിങ് ബോട്ടിൽ എന്റെ കയ്യിൽ തന്നു.
എന്തായാലും അരമണിക്കൂർ എടുത്ത് ബോട്ടിൽ ഞാൻ കാലിയാക്കി കൊടുത്തു.. കുഞ്ഞിന്റെ മേലെയും എന്റെ മേലെയുമൊക്കെ ആയി ഫുഡ് ഫിനിഷ്ഡ്.
ഞങ്ങടെ രണ്ടു പേരുടെയും കോലം കണ്ട് ഗൗതം ചിരിച്ചുകൊണ്ട് പറഞ്ഞു
രണ്ടാളും തമ്മിൽ പൊരിഞ്ഞ യുദ്ധം കഴിഞ്ഞ പോലെയുണ്ടല്ലോ…
എന്തായാലും അധികം വൈകാതെ കല്യാണം കഴിക്കാൻ പോവുകയല്ലേ.. ഇത്തരം കോഴ്സ് ഒരു ഇൻസ്റ്റിറ്റ്യൂഷനിലും പഠിപ്പിക്കുന്നില്ല. അതുകൊണ്ട് ഇടയ്ക്കിടെ ഇതിലെ വന്നാൽ ഞങ്ങൾ ഇതിന്റെ ഫ്രീ കോഴ്സ് തരുന്നതായിരിക്കും.. അല്ലേ ചാരൂട്ടി..
മോളെ എന്റെടുത്ത് നിന്നും വാങ്ങിയിട്ട് അവൻ പറഞ്ഞു
മോളെ ക്ലീൻ ആക്കി വരാം.. ചാരു ഇരിക്ക് ട്ടോ
മ്മ്മ്
ഞാൻ ഫോണും പിടിച്ചു പുറത്തേക്കിറങ്ങി. അമ്മ ഇന്ന് വിളിച്ചിട്ടില്ല.. പെട്ടെന്ന് തിരിച്ചു പോന്നതിന്റെ പരിഭവം മാറിക്കാണില്ല.. വീട്ടിൽ എത്തിയിട്ട് വിളിച്ചു നോക്കണം.
ദൂരെ വരാന്തയിലൂടെ ഗൗതമിന്റെ അമ്മ നടന്ന് വരുന്നത് കണ്ടു.. പ്രായത്തിന്റെ ക്ഷീണം ശരീരത്തിൽ പ്രകടമാവുന്നുണ്ട്. പാവം റസ്റ്റ് എടുക്കേണ്ട പ്രായത്തിൽ പേരക്കുട്ടിയെ കൂടി നോക്കേണ്ട അവസ്ഥ.. ഇനി വലുതാകും തോറും മോൾടെ കുറുമ്പ് കൂടുകയേ ഉള്ളൂ.
എന്നെ കണ്ടതും നിറഞ്ഞ പുഞ്ചിരിയോടെ എന്റടുത്തു വന്നു.
ഉറങ്ങി എണീറ്റോ രണ്ടു ചാരൂട്ടികളും
ഞാനും നന്നായി ഉറങ്ങി പോയി.
ചമ്മലോടെ ഞാൻ പറഞ്ഞു
അത് നന്നായി.. ഉറക്കം നന്നായി കിട്ടിയാൽ തന്നെ കുഞ്ഞിന്റെ വാശിയൊന്ന് കുറഞ്ഞു കിട്ടും.
പുതിയ ഉടുപ്പൊക്കെ ഉടുപ്പിച്ച് ഗൗതം മോളെ കൊണ്ട് പുറത്തേക്ക് വന്നു.
ഹാ അമ്മ എത്തിയോ.. ഇനി അച്ഛമ്മയും മോളും കുറച്ചു നേരം അകത്തു ഇരിക്ക്.. ഞാൻ ചാരുലതയെ കൊണ്ടാക്കി പെട്ടന്ന് വരാം.
എനിക്ക് ഒരു ഓട്ടോ വിളിച്ചു തന്നാലും മതി
അത് പറ്റില്ല.. ഈ രാത്രിയിൽ കുട്ടി ഒറ്റക്ക് പോവേണ്ട.. അവൻ കൊണ്ടു വിടും.. പിന്നെ മോനേ ആ കുട്ടി അഞ്ചു മണിക്ക് വന്നതാ.. ഒരു തുള്ളി വെള്ളം കുടിച്ചിട്ടില്ല.. അതിന് വിശക്കുന്നുണ്ടാവും..
ഏയ്യ്.. വിശപ്പൊന്നും ഇല്ല.. അങ്ങനെ രാത്രിയിൽ ദിവസവും ഫുഡ് ഒന്നും കഴിക്കാറില്ല.. വീട്ടിലെ പോലെ ടേബിളിൽ പോയി ഇരുന്നാൽ മുന്നിലേക്ക് ഫുഡ് വരില്ലല്ലോ ഇവിടെ .. സ്വയം കുക്ക് ചെയ്യണം.. മടി കാരണം പലപ്പോഴും ഉണ്ടാക്കില്ല.. ഇപ്പോ അത് ശീലമായി.
മോൾക്ക് രണ്ടു കവിളിലും ഉമ്മ കൊടുത്ത് ഗൗതമിന്റെ പിന്നാലെ ഞാനും നടന്നു നീങ്ങി.
ഗൗതമിന്റെ കൂടെ ഫ്രണ്ട് സീറ്റിൽ തന്നെ ഇരുന്നു.. ഇനി ബാക്ക് സീറ്റിൽ ഇരുന്ന് മുഖം വീർപ്പിച്ച് ഒരു അവാർഡ് ഫിലിം പോലെ ആക്കേണ്ട യാത്ര…അവനിപ്പോൾ കൂൾ ആണ്. അവന്റെ മോളും അവന്റെ ലോകവുമായി അവൻ തിരക്കിലാണ് .
കാറിലിരുന്നു ഞങ്ങൾ സംസാരിച്ചതത്രയും ഓഫീസിലെ കാര്യങ്ങൾ ആയിരുന്നു. ഒരു ഹോട്ടലിന്റെ മുന്നിൽ കാർ നിർത്തിയപ്പോ ഞാൻ ഫുഡ് വേണ്ടെന്നു പറഞ്ഞു ഒഴിഞ്ഞു മാറി.
പക്ഷേ അവൻ നിർബന്ധിച്ചു കൊണ്ടേയിരുന്നു.. എനിക്കാകെ ദേഷ്യം വന്നു.
ഗൗതം… പറയുന്നത് മനസ്സിലാക്കൂ.. ഹോസ്പിറ്റലിൽ അമ്മയും മോളും ഒറ്റയ്ക്കാണ്. അമ്മയ്ക്ക് അവളെ നോക്കാനുള്ള ആരോഗ്യം പോലും ഇല്ല..എന്നെ ഡ്രോപ് ചെയ്ത് പെട്ടെന്ന് അവരുടെ അടുത്തേക്ക് എത്താൻ നോക്കൂ.
എന്റെ സ്വരം മാറിയപ്പോൾ ഗൗതം പിന്നെ ഒന്നും പറഞ്ഞില്ല.. കാർ മുന്നോട്ട് നീങ്ങി.
ഗൗതം.. ഞാൻ പറയുന്നത് ശരിയോ തെറ്റോ എന്നറിയില്ല.. മോളെ നോക്കാൻ ഒരു ഹോം നഴ്സിനെ വെച്ചൂടെ.. അവളുടെ കുസൃതി കൂടി കൂടി വരുന്നതേ ഉള്ളൂ.. അമ്മയ്ക്ക് അതിനുള്ള ആരോഗ്യമൊന്നും ഇല്ലാട്ടോ.
ശമ്പളം നോക്കി സ്നേഹം നൽകുന്നവരൊന്നും എന്റെ മോളെ നോക്കേണ്ട.. ഒരുപക്ഷെ ഒരച്ഛന്റെ സ്വാർത്ഥത ആയിരിക്കാം ഇത്.
ഉം.. എങ്കിൽ പിന്നെ ഒരു സെക്കന്റ് മാര്യേജ് നെ കുറിച്ച് ആലോചിച്ചു കൂടെ?
വരുന്നയാൾക്ക് എന്റെ മോളെ സ്വന്തം കുട്ടിയെ പോലെ സ്നേഹിക്കാൻ കഴിയും എന്ന് തോന്നുന്നുണ്ടോ ചാരുന്?
അതൊന്നും എനിക്കറിഞ്ഞൂടാ.. അതൊക്കെ ഓരോ വ്യക്തിയെ അനുസരിച്ചല്ലേ ഗൗതം.
അങ്ങനെ കഴിയും എന്ന് വിശ്വാസം ഉള്ള ഒരു വ്യക്തിയെ എനിക്കറിയാം ചാരു…. പക്ഷേ ഞാൻ വിളിച്ചാൽ അവൾ കൂടെ വരുമോ എന്നുള്ളത് സംശയമായിരുന്നു . പക്ഷേ ഇപ്പോൾ കുറച്ചു നിമിഷങ്ങൾക്ക് മുന്നേ എനിക്ക് മനസ്സിലായി അവൾ എന്റെ മോൾക്ക് എത്ര പ്രാധാന്യം കൊടുക്കുന്നുണ്ട് എന്ന്..പക്ഷേ.. വേണ്ടാ… അവളെ പണ്ട് ഞാൻ ഒരുപാട് സങ്കടപ്പെടുത്തിയതാ…ഇനിയും മുറിവേൽപ്പിക്കാൻ വയ്യാ.. ഇത്രയും കാലം അവൾ ഒറ്റയ്ക്ക് ജീവിച്ചത് എന്നെ മറക്കാൻ പറ്റാത്തത് കൊണ്ടു തന്നെയാണ്.. ഇതുവരെ സാർ എന്ന് വിളിച്ചവളുടെ വായയിൽ നിന്നും ഇപ്പോൾ ഗൗതം എന്ന് വിളി വന്നപ്പോൾ അവൾ പോലും അറിയാതെ അവളുടെ മനസ്സ് ഞാൻ വായിച്ചു കഴിഞ്ഞു.പക്ഷേ വേണ്ടാ ചാരു.. നിന്നോട് ചെയ്ത പാപത്തിന്റെ കറ ഏത് കടലിൽ പോയി കുളിച്ചാൽ ആണ് ഇല്ലാതാവുക എന്നോർത്ത് വീർപ്പു മുട്ടിയിരിക്കുകയാണ് ഞാൻ. അന്ന് അവസാനിപ്പിച്ചിടത്തിൽ നിന്നും ഇനി ഒന്നും പുതുതായി പൊട്ടി മുളയ്ക്കേണ്ട.
ചാരൂ… നീ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നെ… അന്ന് നിന്നെ മനസ്സിലാക്കാൻ എനിക്ക് സാധിക്കാതെ പോയി.. ഒരു മകൾ വിധവ ആയ അമ്മയ്ക്ക് ചെയ്തു കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ പുണ്യമാണ് നീ അന്ന് ചെയ്തത്. നിന്റെ സ്നേഹം ഉപേക്ഷിച്ചു പോയവന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ട് മനസ്സലിഞ്ഞു പോയതും നിന്റെ മനസ്സിന്റെ വലിയ പുണ്യം തന്നെ ആണ്.പക്ഷേ ആ പുണ്യം സ്വീകരിക്കാനുള്ള അർഹത എനിക്കും എന്റെ മോൾക്കും ഇല്ല.അതുകൊണ്ട് ഞാൻ പറയുന്നത് നീ മനസ്സിലാക്കാൻ ശ്രമിക്കൂ…നിന്റെ സ്നേഹം വലിച്ചെറിഞ്ഞു പോയവനെ അല്ല നീ നിന്റെ ജീവിതത്തിലേക്ക് കൂട്ടേണ്ടത് . നീ എനിക്ക് മുന്നിൽ മറ്റൊരു ജീവിതം സന്തോഷത്തോടെ ജീവിച്ചു കാണിക്കണം. അല്ലാതെ ഒരു കൊച്ചുള്ള രണ്ടാംക്കെട്ട്ക്കാരന്റെ പ്രാരാബ്ധം ഏറ്റെടുക്കേണ്ടവളല്ല നീ.
നിന്നെ അന്ന് ബർത്ത് ഡേ പാർട്ടി ക്ക് വിളിക്കേണ്ടിയിരുന്നില്ല എന്നിപ്പോൾ തോന്നിപോകുന്നു.. എന്റെ ജീവിതം നീ അറിഞ്ഞിരുന്നില്ലായെങ്കിൽ നിനക്കിങ്ങനെയൊരു മനമാറ്റം ഒരിക്കലും വരില്ലായിരുന്നു.എനിക്കെതിരെ വാശിയോടെ പുച്ഛത്തോടെ സംസാരിച്ചിരുന്ന ഓഫീസിലെ ആ പഴയ ചാരുവായി തന്നെ നീ മാറണം.. മനസ്സിലായോ മിസ്സ് ചാരുലത.
ഇത്രനേരമായും എന്റെ മറുപടി ഒന്നും കേൾക്കാത്തത് കൊണ്ടാവണം അവൻ എന്റെ മുഖത്തേക്കൊന്ന് പാളി നോക്കി.
ഇരുട്ടിലും എന്റെ കവിളിലൂടെ ഒഴുകുന്ന കണ്ണുനീർ തുള്ളികൾ അവൻ കണ്ടിട്ടുണ്ടാവണം.
കണ്ണ് തുടച്ച് മിസ്സ് ചാരുലത വേഗം ഇറങ്ങിയാട്ടെ.. എന്റെ മോൾ അവിടെ കാത്തിരിക്കാണ്.
വേഗം കണ്ണ് തുടച്ച് ഒന്നും പറയാതെ കാറിൽ നിന്നും ഇറങ്ങി.. റൂമിൽ എത്തിയപ്പോൾ ആണ് എന്താ ഇപ്പൊ സംഭവിച്ചേ എന്ന ബോധം ഉണ്ടായത്..
അയ്യേ.. ഗൗതം എന്റെ മനസ്സ് ആഴത്തിൽ ചികഞ്ഞെടുത്തിരിക്കുന്നു…എന്തോ അമ്മയില്ലാത്ത ആ കുഞ്ഞിനെ കണ്ടപ്പോൾ ഗൗതമിനോട് എല്ലാം പൊറുക്കാൻ കഴിഞ്ഞ പോലെ…ആ കുഞ്ഞിന്റെ മുഖം മറന്ന് എനിക്ക് വേറൊരു ജീവിതം തിരഞ്ഞെടുക്കാൻ പറ്റാത്തത് പോലെ…
കഴിഞ്ഞു പോയ കാര്യങ്ങൾ ഓരോന്നും ഓർക്കും തോറും ആകെ ഭ്രാന്ത് പിടിക്കുന്നു . തലയ്ക്കു മീതെ ഒരായിരം ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ വട്ടമിട്ടു പറക്കുന്നത് പോലെ…ഇത്തിരി സമാധാനം കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു.. സമയമൊന്നും നോക്കിയില്ല.. വേഗം അമ്മയെ വിളിച്ചു.. പറയണം എന്ന് വിചാരിച്ചതല്ല..പക്ഷേ അമ്മയുടെ ശബ്ദം കേട്ടപ്പോൾ എല്ലാ കാര്യവും വള്ളിപുള്ളി വിടാതെ അമ്മയോട് പറഞ്ഞു.. അവസാനം ഒരു ചോദ്യവും ഇനി ഞാൻ എന്താ ചെയ്യേണ്ടേ അമ്മേ?
ഈ പാതിരാത്രിയിൽ വിളിച്ചു ഞങ്ങളുടെ ഉറക്കവും കളയിപ്പിച്ചു നീ ഇത്രേം കാര്യങ്ങൾ വിശദീകരിച്ചു പറഞ്ഞു തരണം എന്നുണ്ടെങ്കിൽ നിനക്ക് അവനെ വിട്ടു കളയാൻ മനസ്സ് വരാത്തത് കൊണ്ടല്ലേ ചാരുവേ… നിന്റെ ഇഷ്ടം എന്താണോ അത് തന്നെ മോളെ ഞങ്ങടെ ഇഷ്ടവും. മോൾ ഒന്നൂടെ നന്നായി ആലോചിച്ചു തീരുമാനം അറിയിക്കൂ. ഞങ്ങൾ കൂടെ ഉണ്ടാവും എല്ലാത്തിനും.
താങ്ക്യൂ അമ്മാ … ഉമ്മാ…പിന്നെ അങ്കിൾ അടുത്തുണ്ടോ അമ്മേ
സ്പീക്കറിൽ ആണ് മോളെ.. ഞാൻ എല്ലാം കേട്ടോണ്ടിരിക്കുവാ
ഹാ അങ്കിളേ… ഒരു അപേക്ഷയുണ്ടേ.. എനിക്ക് കൊച്ചുങ്ങളെ നോക്കാൻ മേലാ.അവളാണെങ്കിൽ ഭയങ്കര വാശിക്കാരിയാ..അതുകൊണ്ട് ഒരു വർഷം അമ്മയെ എനിക്കൊന്ന് വിട്ടു തരണേ..
അങ്ങേ തലക്കൽ കേട്ട രണ്ടു പേരുടെയും പൊട്ടിച്ചിരി എന്റെ മനസ്സിൽ കുളിർമഴ ചൊരിയിപ്പിച്ചു.
ഫോൺ കട്ട് ചെയ്തു നേരെ ഗൗതമിന് മെസ്സേജ് ചെയ്തു.
അമ്മയും രണ്ടാനച്ഛനും സ്വന്തമായുള്ള 29 കാരിക്ക് വിഭാര്യനും ഒരു കൊച്ചും ഉള്ള ഫാമിലി സ്റ്റാറ്റസ് നോക്കാത്ത 30 തികഞ്ഞ ചെറുപ്പക്കാരിൽ നിന്നും കല്യാണ ആലോചനകൾ ക്ഷണിക്കുന്നു.
NB.. ഒരാഴ്ച ഞാൻ കാത്തിരിക്കും.. അതുകഴിഞ്ഞാൽ ഞാൻ എന്റെ കൊച്ചിനെ തട്ടിക്കൊണ്ടു പോരുമേ.. സൊ ജാഗ്രതൈ.
(അവസാനിച്ചു )
അനാമിക






