അവിടേക്ക് നടന്നപ്പോൾ തന്നെ കണ്ടിരുന്നു അവിടെ കുറച്ച് അധികമാളുകൾ ഉള്ളതായി.
വിന്ദുജ ചേച്ചിയും ഭർത്താവും കുട്ടികളും, സൗദാമിനിയമ്മയുടെ നാത്തുവിനും ഭർത്താവും അങ്ങനെ എല്ലാവരും അവിടെ ഇടം പിടിച്ചിട്ടുണ്ട്
അല്ലെങ്കിലും വിച്ചു വന്നുകഴിഞ്ഞാൽ പിന്നെ വീട്ടിൽ ഒരു ഉത്സവത്തിന്റെ തിരക്കാണ്. ആൾക്ക് എല്ലാവരോടും സ്നേഹമാണ്.
ആരോടും മുഖം കറുപ്പിച്ച് ഒരു വാക്ക് പോലും ആളു പറയാറില്ല. അതുകൊണ്ടു തന്നെ ഒന്നു ഓടി വരാൻ ബന്ധുക്കൾ ഏറെയാണ്.
എല്ലാവരെയും കണ്ടപ്പോഴേക്കും അവിടേക്ക് ചെല്ലാൻ ഒരു മടി പോലെ… അല്ലെങ്കിലും പണ്ടുമുതലേ അങ്ങനെയാണ് ഒരുപാട് ആളുകൾ കൂടുന്നിടത്ത്, സ്റ്റേജിൽ അങ്ങനെയൊക്കെ കയറിച്ചെന്ന് സംസാരിക്കാനും ആളുകളോട് ഇടപെടാനും ഒക്കെ ഒരു വല്ലാത്ത മടി തന്നെയാണ്! ഉൾവലിഞ്ഞ പ്രകൃതമാണ് എന്നാൽ അനൂപേട്ടൻ നേരെ വിപരീതമാണ് എല്ലാവരോടും പെട്ടെന്ന് ഇണങ്ങും ഞങ്ങൾ രണ്ടു സ്വഭാവക്കാരാണെന്ന് പണ്ട് അച്ഛമ്മ പറയാറുണ്ട്
ആഹാ ഭാമ എന്താ അവിടെ നിന്നത്…!
വാതിൽക്കൽ നിന്നുള്ള തന്റെ പരുങ്ങികളി കണ്ടിട്ടാവും പെട്ടെന്ന് വിന്ധേച്ചി ചോദിച്ചിരുന്നു.
തിരിച്ചു പോകാൻ പറ്റില്ല ഇനി.
ഞാന് അമ്മ ഇവിടെ ഉണ്ടെന്ന് പറഞ്ഞു അപ്പൊ വിച്ചുവേട്ടനെ കൂടി കാണാലോ എന്ന് കരുതി വന്നതാ.
എങ്ങനെയോ പറഞ്ഞു ഒപ്പിച്ചു എന്ന് പറയുന്നതാണ് സത്യം..
അപ്പോഴേക്കും വിന്ധേച്ചി വന്നു കയ്യിൽ പിടിച്ചു കഴിഞ്ഞിരുന്നു .
നീ ഇങ്ങോട്ട് വാടി പെണ്ണേ , സന്ധ്യാമ്മ എന്തോ ഉണ്ടാക്കുന്ന തിരക്കിലാ. അമ്മയുടെ കൂടെ, തന്റെ അമ്മയുടെ പേരാണ് സന്ധ്യ .
കണ്ണുകൾ പരതിയത് പ്രിയപ്പെട്ട ഒരാളിനെ തന്നെയായിരുന്നു. പക്ഷേ ഹോളിൽ എങ്ങും കാണാനില്ല. അവസാനം വിന്ധേച്ചിയോട് തന്നെ ചോദിക്കാം എന്ന് കരുതി.
വിച്ചുവേട്ടൻ എവിടെ ചേച്ചി..? അവൻ നല്ല ക്ഷീണത്തിലാ വന്നത്.
വന്ന് ചോറ് കഴിച്ച് കയറി കിടന്നത് ആണ്. ഇപ്പോൾ എഴുന്നേറ്റു കുളിക്കാൻ വേണ്ടി പോയി.
ബാലുവേട്ടൻ വന്നില്ലേ..?
വന്നു പിള്ളേരും ഉണ്ട്. അവര് അപ്പുറത്തെ അഞ്ജുവിന്റെ പിള്ളേരുടെ കൂടെ കളിക്കാൻ പോയി
അളിയൻ എന്തോ കാര്യമായിട്ട് കൊണ്ട് കൊടുത്തിട്ടുണ്ട്. ആ കുപ്പി കൊണ്ട് ടെറസിന്റെ മുകളിൽ കൂടിയിട്ടുണ്ട് അളിയനും നിന്റെ ചേട്ടനും എല്ലാവരും ഉണ്ട്.!
ചേച്ചി ഇങ്ങോട്ട് വന്നേ…
വിദ്യ വിളിച്ചപ്പോൾ ഇപ്പോൾ വരാമേ എന്നും പറഞ്ഞ് ചേച്ചി പോയി.
അമ്മയെ ഒന്ന് കണ്ടില്ലല്ലോ എന്ന് ഓർത്ത് അടുക്കളയിലേക്ക് നടന്നു. അവിടെ ചെന്നപ്പോൾ സൗദാമിനിയമ്മയും അമ്മയും ഒപ്പം സൗദാമിനിയമ്മയുടെ നാത്തൂനായ വസന്തരാമയും കൂടി എന്തൊക്കെയോ വറുക്കുകയോ പൊരിക്കുകയോ ഒക്കെ ചെയ്യുകയാണ്. ഇറച്ചിയും മീനും പച്ചക്കറിയും പായസവും എന്ന് വേണ്ട ഒരു സദ്യക്കുള്ള എല്ലാമുണ്ട്.
ആഹാ ഭാമ മോള് വന്നല്ലോ..! തന്നെ കണ്ടതും സൗദാമിനി അമ്മ പറയുന്നുണ്ട്.
നീ നേരെ ഇങ്ങോട്ട് പോന്നോ..?
അമ്മ തിരക്കി
ചായ കുടിച്ചില്ലയിരിക്കുമല്ലേ.? മുഖത്തേക്ക് നോക്കി അമ്മ ചോദിച്ചു.
ഇല്ലന്ന് തല കുലുക്കി. ഞാൻ നേരെ ഇങ്ങോട്ട് ആണ് അമ്മേ വന്നത്.
എങ്കിൽ പിന്നെ കൊച്ചിന് ചായ എടുത്തു കൊടുക്ക് സന്ധ്യേ, വസുന്തരാമ പറഞ്ഞപ്പോൾ പെട്ടെന്ന് ഫ്ലാസ്കിൽ നിന്നും ഒരു ഗ്ലാസ്സിലേക്ക് ചായ പകർന്നു തന്റെ നേർക്ക് നീട്ടി.
ഉടനെ തന്നെ സൗദാമിനിയമ്മ ഒരു പ്ലേറ്റിൽ കുറച്ചു ഉണ്ണിയപ്പവും കുഴലപ്പവും ചിപ്സ്സും ഒക്കെ എടുത്ത് തന്റെ കയ്യിലേക്ക് തന്നു.
എല്ലാം ഇവിടെ ഉണ്ടാക്കിയത് ആണ് മോളെ വിച്ചുവിന് ഇഷ്ടമാണല്ലോ എന്ന് കരുതി.
അയ്യോ വിച്ചു ചായ ചോദിച്ചത് ആയിരുന്നു. ഞാൻ അങ്ങ് മറന്നു പോയി .. വസന്തുരമ്മ കുറ്റബോധത്തോടെ പറയുന്നുണ്ട്..
ഭാമേ, നീ ആ ചായ മോളിൽ വിച്ചുവിന്റെ മുറിയിലോട്ട് ഒന്ന് കൊണ്ട് കൊടുത്തേ.
സന്ധ്യ ചായ ഒഴിച്ച് മേശപ്പുറത്ത് വച്ചുകൊണ്ട് മകളോട് ആയി പറഞ്ഞു.
കോളേജിന്ന് ക്ഷീണിച്ചു വന്നതല്ലേ അവൾ ഞാൻ കയറി പൊയ്ക്കോളാം. സൗദാമിനി പറഞ്ഞു
ചേച്ചി വയ്യാത്ത കാലും വച്ചുകൊണ്ട് ഇനി മോളിൽ ഒന്നും കയറാൻ പോവണ്ട. അവള് കൊണ്ട് കൊടുത്തോളൂo.
ഞാൻ കൊടുത്തോളാം മിനി അമ്മേ
അവൾ അതും പറഞ്ഞുകൊണ്ട് ചായ എടുത്തു കൊണ്ട് മെല്ലെ അടുക്കളയുടെ പുറത്തേക്ക് നടന്നു.
അയ്യോ അവൾ ചായ കുടിച്ചില്ല. സൗദാമിനി സന്ധ്യയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു..
അത് സാരമില്ല അവൾ തിരിച്ചു വരുമ്പോൾ കുടിച്ചോളും.
ചായയും കൊണ്ട് മുകളിലേക്കുള്ള പടികൾ കയറുമ്പോൾ വിച്ചുവേട്ടൻ ഇപ്പോൾ എങ്ങനെയിരിക്കും എന്ന് അറിയാത്ത ഭാവമായിരുന്നു അവളുടെ മുഖത്ത്.
ഓരോന്ന് ആലോചിച്ച് പടികൾ കയറിയപ്പോഴാണ് ആരുടെയോ കരുത്തുള്ള നെഞ്ചിൽ തട്ടി നിന്നത് അവൾ അറിഞ്ഞത്. ആ ശരീരത്തിൽ നിന്നും എൻചാണ്ടർ സോപ്പിന്റെ സൗരഭ്യം വമിക്കുന്നു. പെട്ടെന്ന് മുഖമുയർത്തി നോക്കിയപ്പോൾ മുമ്പിൽ നിൽക്കുന്ന ആളെ കണ്ട് മുഖത്ത് പരവേശം നിറഞ്ഞു. മിഴികൾ ഒന്ന് തിളങ്ങി.
വിച്ചുവെട്ടൻ
മുഖത്തുള്ള മീശയ്ക്ക് അല്പം കൂടി കട്ടി വച്ചിട്ടുണ്ട്. ഇപ്പോൾ നല്ല ഭംഗിയാണ്, ഇരുനിറമാണ് കുറച്ചുകൂടി നിറം വച്ചതായി തോന്നി , ചുണ്ടുകൾക്ക് ചാമ്പക്ക നിറമാണ്. ആളു വലിക്കില്ല അതുകൊണ്ടുതന്നെ നല്ല ഭംഗിയാണ് ചുണ്ട് കാണാൻ. കറുപ്പും ചെമ്പൻ രോമവും ഇടകലർന്നതാണ് മീശ. ഒരു ബുൾഗാൻ താടി വച്ചിട്ടുണ്ട്. അത് ആ സൗന്ദര്യം കൂട്ടിയിട്ടുണ്ട് എന്ന് തോന്നുന്നു. കുറച്ച് തടി വെച്ചതുപോലെ തോന്നി.!
നീ എന്ത് സ്വപ്നം കണ്ടുകൊണ്ട് നടക്കുക ആണ്. ഇപ്പൊ വീണേനെ . അപ്പോഴാണ് തന്റെ കയ്യിൽ അവൻ പിടിച്ചിട്ടുണ്ടെന്ന് പോലും അവൾ മനസ്സിലാക്കുന്നത്. പെട്ടെന്ന് അവന്റെ മുഖത്തേക്ക് തന്നെ നോക്കി..! ആ മുഖത്തുനിന്നും കണ്ണുകൾ തിരികെ വരാൻ ആഗ്രഹിക്കാത്തത് പോലെ
ഞാൻ ചായ…..
അവൾ ചായ നീട്ടിക്കൊണ്ട് പറഞ്ഞു.
അത് പകുതിയും തൂവി പോയല്ലോ. അവൻ ചോദിച്ചപ്പോഴാണ് അവൾ അത് ശ്രദ്ധിച്ചത്. പകുതിയോളം ചായ തൂവി പോയിരിക്കുന്നു
താൻ ഈ ലോകത്തല്ലായിരുന്നു എന്ന് അപ്പോഴാണ് അവള് പോലും മനസ്സിലാക്കിയത്..
ഞാൻ വേറെ ചായ എടുത്തു…. എടുത്തുകൊണ്ടു വരാം.
വാക്കുകളിൽ ഒക്കെ പരവേശം നിറഞ്ഞു.
വേണ്ട ഇതു മതി, അവളുടെ കയ്യിൽ നിന്നും ചായ വാങ്ങി ചെറുചിരിയോടെ അവൻ പറഞ്ഞു.
💙
തുടരും

by