17/02/2026

മാംഗല്യം : ഭാഗം 01

രചന – ഇഷ ജാൻവി

ഇന്ന് എന്റെ കല്യാണമാണ് അഞ്ചു വർഷത്തെ പ്രണയത്തിനു ശേഷം ഇന്ന് ഞാൻ എന്റെ പെണ്ണിനെ സ്വന്തമാക്കാൻ പോവുകയാണ് അതിന്റെ ഒരു സന്തോഷത്തിലും ത്രില്ലിലുമാണ് ഞാൻ…… ഇനി ഈ ഞാൻ ആരാണെന്ന് അല്ലെ…… എന്റെ പേര് നിഖിൽ വീട്ടിലും നാട്ടിലുമൊക്കെ നിക്കി എന്ന് വിളിക്കും പിന്നെ ചങ്ങായിമാർ അവര് അവർക്ക് തോന്നിയതൊക്കെ വിളിക്കും നക്കി എന്നും നിക്കി എന്നുമൊക്കെ പിന്നെ എന്റെ പെണ്ണ് വിളിക്കുന്നത് കണ്ണേട്ടാ എന്നാണ്… എനിക്ക് അമ്മയും ഒരു അനിയത്തിയുമാണ് ഉള്ളത് അനിയത്തി നിഖില (നീലു) അനിയത്തിയുടെ കല്യാണം കഴിഞ്ഞു അവൾക്ക് ഒരു കാലിന് മുടന്താണ് അതുകൊണ്ട് തന്നെ കുറെ കല്യാണ ആലോചനകൾ ഒക്കെ മുടങ്ങി പോയി അവസാനം അവൾക്ക് ചേർന്ന ഒരാളെ തന്നെ കിട്ടി……

അവളെ ഒരുപാട് സ്നേഹിക്കുന്ന അവളുടെ വിധു ഏട്ടനെ വിധു ഏട്ടന് എന്റെ അനിയത്തിയെ ഇഷ്ടായിരുന്നു പക്ഷെ ഒരു ജോലി ഇല്ലാത്തത് കൊണ്ട് വീട്ടിൽ വന്നു ചോദിച്ചില്ല അവസാനം അവൾക്ക് കല്യാണം നോക്കുന്നുണ്ട് എന്ന് അറിഞ്ഞപ്പോൾ ഏട്ടൻ പെട്ടെന്ന് തന്നെ ഒരു ജോലി ശെരിയാക്കി വീട്ടിൽ വന്നു അങ്ങനെ എന്റെ അനിയത്തിയെ വിധു ഏട്ടനെ കൊണ്ട് കെട്ടിച്ചു…… ഇത്രയും നാൾ ഞാൻ എന്റെ അനിയത്തിക്ക് വേണ്ടിയാണ് കാത്തു നിന്നത് അവളെ നല്ലൊരു കയ്യിൽ ഏൽപ്പിച്ചാൽ മാത്രമേ എനിക്ക് ഒരു ജീവിതം ഉള്ളു എന്ന് ഞാൻ ഉറപ്പിച്ചതാണ്…… അതുവരെ എന്റെ പെണ്ണും കാത്തിരുന്നു…… നിങ്ങളോട് വർത്തമാനം പറഞ്ഞു സമയം പോയതറിഞ്ഞില്ല പുറത്ത് എന്റെ ചങ്ങായിമാർ കാത്തു നിൽക്കുന്നുണ്ട് വേഗം ഷർട്ടും മുണ്ടും എടുത്ത് ഉടുത്തു ഡോർ തുറന്നു……

തുറക്കാൻ കാത്തു നിന്നത് പോലെ എല്ലാം ഇടിച്ചു കേറി വന്നു പിന്നെ പൌഡർ ഇട്ട് തന്നു മുടി വാരി തന്നു ഷിർട്ടിന്റെ കൈ മടക്കി തന്നു ഓ ഒന്നും പറയണ്ട…… ഇതൊക്കെ ചെയ്തത് ക്യാമറ മാൻ പറഞ്ഞിട്ടാണ് അല്ലെങ്കിൽ ഒക്കെ കൊളമാക്കി തന്നേനെ…… ഒരുക്കമൊക്കെ കഴിഞ്ഞ് താഴേക്ക് പോയി അവിടെ കാരണവന്മാർ ഒക്കെ ഇരുന്നിട്ടുണ്ട് അവരുടെ അടുത്ത് പോയി അനുഗ്രഹം വാങ്ങി പിന്നെ എന്റെ അമ്മയുടെയും…… അമ്മയുടെ മുഖത്തു വലിയ സന്തോഷമൊന്നുമില്ല കാരണം അമ്മക്ക് എന്തോ അവളെ ഇഷ്ടമായില്ല പിന്നെ എന്റെ സന്തോഷമാണ് അമ്മക്ക് വലുത് അതുകൊണ്ട് ഒന്നും പറയുന്നില്ല എന്നെ ഉള്ളു…… അവള് വന്നു കഴിഞ്ഞാൽ അമ്മയുടെ ഈ സങ്കടം ഒക്കെ മാറിക്കോളും കാരണം അത് ഒരു പാവം പെണ്ണാണ് ഒരു തൊട്ടാവാടി……

ഞാൻ അവളെ ആദ്യമായി കാണുന്നത് അവളുടെ നാട്ടിൽ ഉത്സവം കാണാൻ പോയപ്പോൾ ആണ് ഒരു മഞ്ഞ കളർ ദാവണി ഒക്കെ ഉടുത്തു മുട്ടോളം ഉള്ള മുടി കുളി പിന്നിൽ ഇട്ട് നെറ്റിയിൽ ചന്ദന കുറിയും ഒരു കുഞ്ഞി പൊട്ടും തൊട്ട് കണ്ടപ്പോൾ കണ്ണ് എടുക്കാൻ തോന്നിയില്ല…… പിറ്റേന്നത്തെ കൊല്ലം തന്നെ അവളോട് എന്റെ ഇഷ്ടം തുറന്നു പറഞ്ഞു പക്ഷെ അവള് അമ്പിനും വില്ലിനും അടുത്തില്ല പിന്നെ അവളുടെ കോളജിന്റെ മുന്നിലെ സ്ഥിരം കസ്റ്റമർ ആയിരുന്നു അവസാനം അവൾ വീണു എന്റെ ഇഷ്ടം അവൾ സ്വീകരിച്ചു പിന്നെ ഞങ്ങളുടെ പ്രണയത്തിന്റെ നാളുകൾ ആയിരുന്നു…… അവൾക്ക് ഡിഗ്രി കഴിഞ്ഞ് ബി.എഡ് ന് പോകണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു പക്ഷെ അവളുടെ വീട്ടിൽ അതിനുള്ള സാഹചര്യമില്ലായിരുന്നു അതോണ്ട് ഞാൻ മുൻകൈ എടുത്ത് അവളെ ബി എഡ്ന് ചേർത്തു പക്ഷെ അവളുടെ വീട്ടുകാർക്ക് അറിയില്ലായിരുന്നു ഞാനാണ് സഹായിക്കുന്നതെന്ന്……

അങ്ങനെ അവൾ ബി എഡ് കഴിഞ്ഞു പിന്നെ ഞാൻ പെണ്ണ് കാണാൻ പോയി പക്ഷെ അവളുടെ വീട്ടുകാർ അമ്പിനും വില്ലിനും അടുക്കുന്നില്ല…… അവൾ ഇറങ്ങി വരാം എന്ന് പറഞ്ഞതാണ് പക്ഷെ എനിക്കും ഒരു പെങ്ങൾ അല്ലെ അതുകൊണ്ട് ഞാൻ അതിന് തയ്യാറായില്ല അവളുടെ വീട്ടുകാർ അവളെ നിറഞ്ഞ മനസ്സോടെ എന്നെ ഏൽപ്പിക്കണം എന്നാണ് എന്റെ ആഗ്രഹം ഞാൻ നാട്ടിൽ തന്നെ ബാങ്കിൽ അസിസ്റ്റന്റ് മാനേജർ ആയിട്ട് വർക്ക്‌ ചെയ്യുകയാണ്…… അവളുടെ വീട്ടുകാർക്ക് ഗൾഫ്കാരനെ കൊണ്ട് കല്യാണം കഴിപ്പിക്കാനാണ് താല്പര്യം. കാരണം അവൾക്ക് ചെറുപ്പം മുതലേ ഗൾഫിൽ പോകാൻ ആഗ്രഹമുണ്ടായിരുന്നു…… എന്താണാവോ അതിനുമാത്രം ഗൾഫിൽ ഉള്ളത് എന്ന് എനിക്ക് അറിയില്ല എനിക്ക് ഗൾഫിലെ ബാങ്കിൽ ചാൻസ് കിട്ടിയതാണ് പക്ഷെ ഈ നാടും വീടും അമ്മേനെയും പെങ്ങളെയും ഒന്നും ഉപേക്ഷിച്ചു പോകാൻ എനിക്ക് കഴിയില്ല അവളോട് പറഞ്ഞപ്പോൾ അവൾ കുറെ പറഞ്ഞതാ പോകാൻ എന്നാൽ കല്യാണം കഴിഞ്ഞാൽ അവൾക്കും വരാലോ എന്ന് പക്ഷെ ഞാൻ പോകില്ല എന്ന് തറപ്പിച്ചു പറഞ്ഞു……

അതിന് ആ പെണ്ണ് ഒരാഴ്ച പിണങ്ങി ഇരുന്നതാ പിന്നെ ഞാൻ അവൾക്ക് കൊലുസ്സ് വാങ്ങി കൊടുത്താണ് പിണക്കം മാറ്റിയത് അല്ലേലും ഈ പെണ്പിള്ളേരുടെ കാലിൽ കൊലുസുള്ളത് ഒരു ഭംഗി തന്നെയാണ്…… അങ്ങനെ അവളുടെ വീട്ടുകാരോട് പറഞ് എങ്ങനെയൊക്കെയോ സമ്മതിപ്പിച്ചു നിശ്ചയം കഴിഞ്ഞു അതിനുശേഷം അവൾക്ക് വേറെ ഒരു ആലോചന വന്നു ഒരു ഗൾഫ്കാരന്റെ അതും കല്യാണം കഴിഞ്ഞ ഉടനെ കൂട്ടി കൊണ്ടു പോകുമെന്നും പറഞ്ഞു. അത് കേട്ടപ്പോൾ അവളുടെ വീട്ടുകാര്ക്ക് ഒരു ചാഞ്ചാട്ടം ഒക്കെ ഉണ്ടായിരുന്നു പിന്നെ നിശ്ചയം കഴിഞ്ഞത് കൊണ്ട് പ്രശ്നമൊന്നുമുണ്ടായില്ല…… നിങ്ങളോട് പറഞ്ഞു സമയം പോയതറിഞ്ഞില്ല അങ്ങനെ ഞങ്ങൾ പെണ്ണിന്റെ വീട്ടിൽ എത്തി അവിടുന്നാണ് കല്യാണം……

മുറ്റത് തന്നെ മണ്ഡപം ഒക്കെ തയ്യാറാക്കി വച്ചിട്ടുണ്ട് ആരൊക്കെയോ വന്നു ഞങ്ങളെ സ്വീകരിച്ചു 4 ചെറിയ പെൺകുട്ടികൾ പനിനീർ വെള്ളം കുടയാനും പൂ എറിഞ്ഞും സ്വീകരിക്കുന്നുണ്ട്…… അങ്ങനെ മണ്ഡപത്തിന്റെ മുന്നിലുള്ള കസേരയിൽ എന്നെ കൊണ്ട് പോയി ഇരുത്തി കൂടെ എന്റെ ഫ്രണ്ട്സ് ആണ്…… അവര് ഇങ്ങനെ എന്നെ വാരി കൊണ്ട് നിൽക്കുന്നുണ്ട്…… ഞാൻ ചുറ്റും ശ്രദ്ധിക്കുമ്പോഴാണ് ചുമരിൽ കല്യാണത്തിന്റെ ഫ്ലെക്സ് ഒട്ടിച്ചത് കാണുന്നത് എന്റെയും അവളുടെയും ഫോട്ടോയും പേരും കൊടുത്തിട്ടുണ്ട് നിഖിൽ weds അമൃത എന്റെ അമ്മുസ്……… മുഹൂർത്തം ആകാനായി പെണ്ണിനെ വിളിക്കു എന്ന് ആരോ പറഞ്ഞു അപ്പോൾ ദാ വരുന്നു കയ്യിൽ താലവും ഏന്തി എന്റെ പെണ്ണ് ചുവന്ന കല്ല് വച്ച കല്യാണ സാരീയിൽ അവളുടെ മൊൻജ് കൂടിയോ എന്നൊരു സംശയം. അവൾ മെല്ലെ ഒളി കണ്ണിട്ട് എന്നെ നോക്കുന്നുണ്ട് ഞാൻ സൈറ്റ് അടിച്ചപ്പോൾ വേഗം മുഖം തിരിച്ചു എന്താണോ എന്തോ വലിയ സന്തോഷമൊന്നും അവളുടെ മുഖത്തു കാണുന്നില്ല…… ആ ഇന്നലെ മുതലേ തിരക്ക് ആയിരിക്കും അതിന്റെ ക്ഷീണമൊക്കെ കാണുന്നുണ്ട് മുഖത്തു…… ആ വരനെ കൂട്ടി കൊണ്ട് വന്നോളൂ എന്ന് ഒരു കാരണവർ പറഞ്ഞു അവൾക്ക് അനിയത്തി ആയതുകൊണ്ട് വകയിലെ ഏതോ ആങ്ങളയാണ് എന്നെ കൈ പിടിച്ചു മണ്ഡപത്തിൽ കയറ്റിയത്…… പിന്നെ അങ്ങോട്ടും ഇങ്ങോട്ടും പൂമാല ഇട്ടു കൊടുത്തു……

ഇനി താലി കെട്ടാൻ സമയമായി താലി കൊടുത്തോ എന്ന് ആരോ പറഞ്ഞപ്പോ എന്റെ അളിയൻ കയറി വന്നു താലി എന്റെ കയ്യിൽ തന്നു അച്ഛൻ ഇല്ലാത്തത് കൊണ്ട് അച്ഛന്റെ സ്ഥാനത് അളിയനാണല്ലോ…… താലി കെട്ടാൻ പോകുമ്പോൾ ഞാൻ എന്റെ പെങ്ങളെ ഒന്ന് നോക്കി അവൾ വേഗം സ്റ്റേജിൽ കേറാൻ തുടങ്ങി…… ( ചെക്കൻ താലി കെട്ടുമ്പോൾ പിന്നിൽ നിന്ന് ശെരിയാക്കി കൊടുക്കുന്നത് പെങ്ങൾ ആണ് )…… കുറച്ചു ഉയരമുള്ളത് കൊണ്ട് അവൾക്ക് കേറാൻ കുറച്ചു ബുദ്ധിമുട്ടുണ്ട് പെട്ടന്ന് വീഴാൻ പോയപ്പോൾ അളിയൻ വന്നു പിടിച്ചു ഞാനും പെട്ടെന്ന് പേടിച്ചു പോയി അവളുടെ അടുത്തേക്ക് വന്നിട്ട് അവളുടെ കൈ പിടിച്ചു കയറാൻ സഹായിച്ചു…… അപ്പോഴാണ് അമ്മുന്റെ അമ്മ പറഞ്ഞത്…… എന്താ ഈ കാണിക്കുന്നേ ഈ മുടന്ത ഉള്ളതിനെ ഒന്നും മണ്ഡപത്തിൽ കയറ്റിക്കൂടാ അത് ദോഷമാണ് വേറെ ആരെങ്കിലും നിന്നാൽ മതി താലി ശെരിയാക്കി കൊടുക്കാൻ…… അവരുടെ വർത്തമാനം കേട്ട് എനിക്ക് ശെരിക്കും ദേഷ്യം വന്നു പ്രായത്തിൽ മൂത്തത് ആയി പോയി പിന്നെ ഇനി എന്റെ അമ്മയും കൂടിയാണല്ലോ എന്നുള്ളത് കൊണ്ട് ഞാൻ ദേഷ്യം ഒരു വിധം കടിച്ചമർത്തി അവരോട് പറഞ്ഞു……

എന്ത് ദോഷമാണ് ഇതൊക്കെ വെറും അന്തവിശ്വാസമാണ്…… ഇതൊക്കെ ഞങ്ങൾക്ക് വിശ്വാസമാണ് എന്ന് അവരും പറഞ്ഞു…… എന്റെ അനിയത്തികുട്ടിയുടെ കണ്ണുകൾ നിറഞ്ഞു വന്നു അളിയൻ അവളെ ആശ്വസിപ്പിക്കുന്നുണ്ട്…… ഞാൻ അവളുടെ കൈ പിടിച്ചു എന്റെ അരികത്തു നിർത്തി…… ദേ ഇവളുടെ കല്യാണവും ഇത് പോലെ കഴിഞ്ഞതാണ് എന്നിട്ട് ഒരു കുഴപ്പവും പറ്റിയില്ല പിന്നെ എന്താ പ്രശ്നം…… അത് ഒന്നും ഞങ്ങൾക്ക് അറിയേണ്ട കാര്യമില്ല ഇവള് മണ്ഡപത്തിൽ കയറരുത്…… പ്രശ്നം രൂക്ഷമായി കൊണ്ടിരിക്കുകയാണ് കുറെ സ്ത്രീകൾ അവര് പറഞ്ഞതിനോട് യോജിച്ചു നിൽക്കുന്നുണ്ട്…… ഞാൻ അമ്മുന്റെ അച്ഛനെ നോക്കി അയാൾ ഒന്നും മിണ്ടാതെ നിൽക്കുകയാണ് അയാൾക്ക് ഇവിടെ വലിയ റോൾ ഇല്ലാ എന്ന് മനസിലായി എല്ലാം അമ്മയാണ് തീരുമാനിക്കുന്നത് അമ്മുന്റെ അമ്മക്ക് അല്ലെങ്കിലേ എന്നെ ഇഷ്ടമല്ല ഇവരാണ് ഈ കല്യാണത്തിൽ കൂടുതൽ എതിർത്തത്……

എന്റെ കൂടെ വന്നവർക്ക് ഒക്കെ നന്നായി ദേഷ്യം വരുന്നുണ്ട് അവർക്കൊക്കെ എന്റെ അനിയത്തിയെ ജീവനാണ് ഞാൻ ഉള്ളത് കൊണ്ടും ഇന്ന് എന്റെ കല്യാണമായത് കൊണ്ടും ആരും ഒന്നും മിണ്ടാതെ…… ഇത് എല്ലാം കണ്ട് നിൽക്കുന്നു എന്നല്ലാതെ അമ്മു ഒരക്ഷരം മിണ്ടുന്നില്ല ഞാൻ അവളുടെ മുഖത്തേക്ക് നോക്കി അപ്പോൾ അവൾ അമ്മയെ നോക്കി…… മുഹൂർത്തം കഴിയാറായി പെട്ടെന്ന് താലി കെട്ടണം എന്ന് ഒരാൾ പറഞ്ഞു…… എന്റെ അനിയത്തിയെ മണ്ഡപത്തിൽ കയറ്റാതെ ഞാൻ താലി കെട്ടില്ല എന്ന് പറഞ്ഞു നീലു എന്റെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു ഏട്ടൻ താലി കെട്ടിക്കോ ഞാൻ പുറത്ത് നിന്നോളം നമ്മുക്ക് അമ്മായിന്റെ മോളെ മണ്ഡപത്തിൽ കയറ്റാമെന്ന്…… പക്ഷെ അത് വേണ്ട എന്ന് ഞാൻ പറഞ്ഞു…… സമയം പോകുന്നു എന്ന് വീണ്ടും ആരോ പറഞ്ഞു……

അമ്മു ഞാൻ നിന്റെ കഴുത്തിലാണ് താലി കെട്ടാൻ പോകുന്നത് നിനക്ക് നീലു കയറുന്നത് കൊണ്ട് കുഴപ്പമില്ല എന്ന് എനിക്ക് അറിയാം അതുകൊണ്ട് നീ നിന്റെ അമ്മയെ പറഞ്ഞു മനസിലാക്ക…… എന്ത് മനസിലാക്കാൻ അമ്മ പറഞ്ഞത് തന്നെയാ ശെരി ഈ ഞൊണ്ടി മണ്ഡപത്തിൽ കേറേണ്ട…… ഡീ……… അവൾക്ക് ഇട്ട് ഒന്ന് കൊടുക്കണം എന്ന് ഉണ്ടായിരുന്നു പക്ഷെ പെണ്ണിനെ തല്ലി അല്ല ആണത്വം കാണിക്കേണ്ടത് എന്ന് അമ്മ പറഞ്ഞിട്ടുണ്ട്…… നീ എന്തിനാ എന്റെ മോൾടെ മെക്കിട്ട് കേറുന്നത് അവൾ പറഞ്ഞതിൽ ഒരു തെറ്റുമില്ല ഞൊണ്ടിയെ ഞൊണ്ടി എന്നല്ലാതെ വേറെ എന്താ വിളിക്കാ…… അമ്മയുടെ പ്രായമായിപ്പോയി ഇല്ലെങ്കിൽ ഞാൻ വേറെ എന്തെങ്കിലും പറഞ്ഞേനെ നിങ്ങൾക്കും രണ്ട് പെണ്മക്കൾ അല്ലെ അവർക്കാണ് ഇങ്ങനെ ഒരു സ്ഥിതി വന്നതെങ്കിൽ നിങ്ങൾ എല്ലാവരുടെയും മുന്നിൽ വെച്ച ഇങ്ങനെ പറയുമോ…… അവരുടെ നേരെ കൈ ചൂണ്ടി ഞാൻ അത്രയും പറഞ്ഞു……

ഏട്ടാ വേണ്ട പോയി താലി കേട്ട് സമയം പോകുന്നു ഇനി എന്റെ പേരിൽ ഒരു വഴക്ക് വേണ്ട ഏട്ടാ അവൾ നിറ മിഴികളോടെ പറയുമ്പോൾ എന്റെ കണ്ണുകളും നിറഞ്ഞു…… അമ്മു ഞാൻ അവസാനമായി ചോദിക്കുകയാ നിന്റെ തീരുമാനത്തിൽ എന്തെങ്കിലും മാറ്റമുണ്ടോ…… ഞാൻ പറയാനുള്ളത് പറഞ്ഞു ഈ ഞൊണ്ടി മണ്ഡപത്തിൽ കേറിയാൽ ഞാൻ ഇറങ്ങി പോകും…… സത്യം പറഞ്ഞാൽ ആ സമയം എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി ഇത് പോലെ ഒന്നിനെയാണല്ലോ ഞാൻ സ്നേഹിച്ചത്…… എല്ലാവരു എന്നെ തന്നെ നോക്കുന്നുണ്ട് ഞാൻ എന്ത് മറുപടി കൊടുക്കും എന്ന് രീതിയിൽ……… തുടരും