24/03/2026

നിരഞ്ജൻ

നിരഞ്ജൻ.

അച്ഛാ എനിക്കവനെ വേണം…

മാറിൽ കിടന്ന് കരയുന്ന മോളെ അയാൾ ദയാവായ്പോടെ നോക്കി. ശേഷം ഭാര്യയെയും നോക്കി. അവളുടെ കണ്ണുകളും നിറഞ്ഞുതുളുമ്പുകയായിരുന്നു.

ആയു൪വ്വേദഡോക്ടറാണ് മധുപാൽ. ഭാര്യക്ക് ട്രഷറിയിലാണ് ജോലി. അവർക്ക് ഒരേയൊരു മകളാണ് നന്ദ. പഠിത്തം കഴിഞ്ഞ് ജോലിയായിട്ടുമതി വിവാഹം എന്ന് വാശിപിടിച്ചു നിൽക്കുകയായിരുന്നു മകൾ.

യാദൃച്ഛികമായാണ് ഒരു ഫംഗ്ഷനിൽവെച്ച് നിരഞ്ജനെ അവൾ കാണുന്നത്. ആദ്യത്തെ സംസാരത്തിനിടയിൽവെച്ചുതന്നെ അവൾക്ക് മനസ്സിലായി നിരഞ്ജൻ വളരെയധികം അവളുടെ സങ്കൽപ്പങ്ങളോട് ചേർന്നുപോകുന്ന ഒരാളാണെന്ന്. അത്യത്ഭുതമെന്ന് പറയട്ടെ ഒരു ദിവസം അവന്റെ അച്ഛനും അമ്മയും ഒരു പ്രൊപ്പോസലുമായി അവരുടെ വീട്ടിൽ വന്നുകയറി.

അവരുടെ മൂന്നുപേരുടെയും ആനന്ദത്തിന് അതിരുകളില്ലായിരുന്നു. നിരഞ്ജന്റെ അച്ഛനും അമ്മയും അദ്ധ്യാപകരാണ്. അവർക്കും അവൻ ഒറ്റ മകനാണ്. നല്ല വിദ്യാഭ്യാസം, നല്ല ജോലി, നല്ല പെരുമാറ്റം, കാണാനും കൊള്ളാം. പെട്ടെന്ന് തന്നെ ആ വിവാഹം തീരുമാനിക്കപ്പെടുകയായിരുന്നു.

പക്ഷേ അന്ന് നിരഞ്ജൻ മധുപാലിന് ഒരു മെസ്സേജ് അയച്ചു.

അങ്കിൾ… എനിക്ക് അർജന്റായി അങ്കിളിനെ ഒന്ന് കാണണം…

എന്താ കാര്യം..?

വന്നിട്ട് പറയാം.

വൈകുന്നേരം അച്ഛൻ നേരത്തെ വരുന്നത് നന്ദ കണ്ടിരുന്നു. അച്ഛൻ എത്തിയ ഉടനെ അമ്മയുമായി എന്തൊക്കെയോ രഹസ്യമായി സംസാരിക്കുന്നുമുണ്ട്. അവൾ മൊബൈലിൽ ചില വീഡിയോസൊക്കെ കണ്ട് രസിച്ച് അങ്ങനെ ഇരിക്കുകയായിരുന്നു. അപ്പോഴാണ് നിരഞ്ജൻ വന്നത്. അവനെ കണ്ട സന്തോഷത്തിൽ അവൾ ഓടി അടുത്ത് എത്തിയതും അവൻ അച്ഛന്റെ അടുത്തേക്കാണ് നടന്നുനീങ്ങിയത്..
അവൾക്ക് പെട്ടെന്ന് തന്നെ വല്ലാതായി.

എന്താണ് തന്നെ അവോയ്ഡ് ചെയ്യുന്നത് നിരഞ്ജൻ.. അവൾ അപ്സെറ്റായി.

അവർ രണ്ടുപേരും മാറിയിരുന്ന് സംസാരിക്കുന്നതൊക്കെ അവൾ ദൂരെനിന്നും കണ്ടുനിന്നു. അവർക്ക് കുടിക്കാൻ ഉള്ളതൊക്കെ കൊടുത്ത് അടുക്കളയിൽ മടങ്ങിച്ചെന്ന അമ്മയോട് അവളും പിറകെചെന്ന് ചോദിച്ചു:

എന്താ അമ്മേ അവർ തമ്മിൽ സംസാരിക്കുന്നത്..?

അമ്മ അറിയില്ല എന്ന് ചുമൽ കുലുക്കി. അമ്മ ഇടക്ക് കണ്ണൊക്കെ തുടക്കുന്നുണ്ട്..

നന്ദക്ക് ചില സംശയങ്ങളൊക്കെ തോന്നിത്തുടങ്ങിയിരുന്നു. നിരഞ്ജന് തന്നെ വേണ്ട എന്നോ മറ്റോ ആണോ പറയുന്നത്… അതിനുമാത്രം തന്റെ ഭാഗത്തുനിന്നും എന്തെങ്കിലും തെറ്റുപറ്റിയോ…
അവൾ നിരഞ്ജനെ കണ്ടതുമുതലുള്ള ഓരോ സംഭവങ്ങളും ഓർത്തെടുത്തു. എന്ത് മനോഹരമായ നിമിഷങ്ങളായിരുന്നു രണ്ടാഴ്ച കൊണ്ട് കഴിഞ്ഞുപോയത്…

അവൾ ചിന്തകളിൽ നിന്നുണർന്നു. അവളുടെ കാലുകൾ പതിയെ അച്ഛന്റെയും നിരഞ്ജന്റെയും നേർക്ക് നടന്നടുത്തു. അവളുടെ ചെവിയിൽ നിരഞ്ജന്റെ ഓരോ വാക്കുകളും തീത്തുള്ളികളായി പെയ്തു.

അങ്കിൾ… അങ്കിൾ അവളുടെ ഒപ്പം തന്നെ കാണണം. പെട്ടെന്നുള്ള ഒരു റിജക്ഷൻ അവൾക്ക് താങ്ങാൻപറ്റിയെന്നുവരില്ല…

അച്ഛന്റെ മുഖം വല്ലാതെ വേദനകൊണ്ട് വിങ്ങുന്നത് നന്ദ കണ്ടു. നിരഞ്ജന്റെ മുഖത്തും വളരെയധികം സങ്കടമുണ്ട്. പക്ഷേ അതിനുമാത്രം എന്താണ് സംഭവിച്ചത്..?
നന്ദ അവർക്കിടയിലേക്ക് നടന്നുചെന്നു.

ഞാൻ കൂടി ഉൾപ്പെടുന്ന വിഷയത്തെക്കുറിച്ചാണോ നിങ്ങൾ സംസാരിക്കുന്നത്..? എങ്കിൽ അത് ഞാൻ കൂടി അറിയേണ്ടേ..? ഞാൻ കൂടി കേൾക്കാൻ പറഞ്ഞുകൂടെ..?

അവൾ അവരോടായി ചോദിച്ചു.

നിരഞ്ജൻ നന്ദയുടെ കൈയ്യെടുത്ത് സ്വന്തം കൈകൾക്കുള്ളിൽ പിടിച്ചുകൊണ്ട് ദയനീയമായി പറഞ്ഞു:

അയാം സോറി നന്ദ.. എനിക്ക് തന്നെ വിവാഹം ചെയ്യാൻ സാധിക്കുകയില്ല…

എന്തുകൊണ്ട്..?

വളരെ ശാന്തമായിത്തന്നെ സംയമനം പാലിച്ച് നന്ദ ചോദിച്ചു.

എനിക്ക് മറ്റൊരു കുട്ടിയെ വളരെയധികം ഇഷ്ടമാണ്…

അത് ഇപ്പോഴാണോ നിരഞ്ജന് മനസ്സിലായത്..?

അവൾ സഹതാപത്തോടെ അവന്റെ കണ്ണുകളിലേക്ക് നോക്കി. അവൻ അതെയെന്ന് തലയാട്ടി.

അവളെ എനിക്ക് മറക്കാൻ പറ്റുന്നില്ല…

നിരഞ്ജൻ തന്റെ നിസ്സഹായത വെളിപ്പെടുത്തി.

പിന്നെ എന്തുകൊണ്ട് ഈ വിവരം അച്ഛനോടും അമ്മയോടും നിരഞ്ജൻ പറഞ്ഞില്ല..?

ഞാൻ അവരോട് പറയാൻ പോവുകയാണ്..

നിറയാനൊരുങ്ങുന്ന കണ്ണുകളെ തടുത്തുകൊണ്ട് നന്ദ കേട്ടുകൊണ്ടിരുന്നു.
മധുപാൽ മകളുടെ മുഖത്തേക്ക് ആകാംക്ഷാഭരിതമായ മിഴികളോടെ നോക്കുന്നുണ്ടായിരുന്നു. അയാളുടെ ഭാര്യയും മകൾക്കരികിൽ വന്നിരുന്നു.

അവരുടെ സങ്കല്പത്തിലെ ഒരു കുട്ടിയേ അല്ല നിലാ…
ഞങ്ങൾ ഒന്നിച്ച് പഠിച്ചതാണ്.

നിരഞ്ജൻ അവരുടെ സൗഹൃദം എങ്ങനെ അവന്റെയുള്ളിൽ പ്രണയമായിത്തീ൪ന്നെന്ന് ചുരുക്കം ചില വാക്കുകളാൽ വിവരിച്ചു.

എനിക്ക് ഇത് മറച്ചുവെച്ചുകൊണ്ട് നന്ദയെ വിവാഹം ചെയ്യാൻ തോന്നുന്നില്ല. കാരണം നന്ദ അത്രയും നല്ലൊരു പെൺകുട്ടിയാണ്..

അവന്റെ വാക്കുകൾ അല്പം ഇടറിയിരുന്നോ.. നന്ദയുടെ അമ്മയ്ക്ക് അവനോട് അലിവുതോന്നി. അവൻ ക്ഷമാപണംപോലെ തലതാഴ്ത്തി ഇറങ്ങിപ്പോയി.
മധുപാൽ മകളെ ചേ൪ത്തുപിടിച്ചു. അവ൪ രണ്ടുപേരും മകളെ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കാൻ ശ്രമിച്ചുനോക്കി.

പറ്റില്ല അച്ഛാ…

നന്ദയുടെ വാക്കുകൾ അവരെ രണ്ടുപേരെയും തള൪ത്തി.

എന്താമോളേ നീയീ പറയുന്നത്..?

അച്ഛൻ കണ്ടോ നിരഞ്ജന്റെ കെയറിങ്..?
എന്നെ എന്തുമാത്രം കെയ൪ ചെയ്യുന്നുണ്ട് അവൻ.. നന്ദ വിഷമിക്കരുത്, അങ്കിൾ അവളുടെ അടുത്ത് തന്നെ വേണം.. എന്തൊക്കെയാണ് അവൻ പറഞ്ഞത്..

മധുപാൽ ഭാര്യയെ നോക്കി.

അവരും അവൾ പറഞ്ഞത് ശരിയെന്ന മട്ടിൽ തലയാട്ടി.

അച്ഛാ.. ഇന്നത്തെ കാലത്ത് ഇത്രയും കെയ൪ ചെയ്യാനറിയുന്ന ആൺകുട്ടികളെ കാണാൻകൂടി കിട്ടുകയില്ല..

നന്ദ പിന്നെയും കരഞ്ഞു.

അത് .. മോളേ..
ആരുടെയും ഇഷ്ടം നമുക്ക് നി൪ബ്ബന്ധമായി വാങ്ങിച്ചെടുക്കാൻ സാധിക്കുന്നതല്ലല്ലോ..

അവൻ അച്ഛനോടും അമ്മയോടും പറയട്ടെ..
എന്നിട്ട് അവ൪ സമ്മതിക്കുമോ എന്ന് നോക്കാം. പ്രാക്റ്റിക്കലായി ചിന്തിക്കാൻ അവ൪ നി൪ബ്ബന്ധിക്കും.. ഒരുപക്ഷേ നിരഞ്ജന് വീണ്ടുവിചാരമുണ്ടായിക്കൂടെന്നില്ല… അതുവരെ ഞാൻ കാത്തിരിക്കാൻ തയ്യാറാണ്..

അതും പറഞ്ഞ് നന്ദ എഴുന്നേറ്റുപോയി. മകളുടെ പക്വതയോടെയുള്ള സംസാരം കേട്ട് മധുപാലിന് കുറച്ച് സമാധാനമായി.

ഇതേസമയം നിരഞ്ജൻ കാറിൽ ഡ്രൈവ് ചെയ്യുന്നതിനിടയിൽ പലതും ആലോചിക്കുകയായിരുന്നു. എപ്പോഴൊക്കെ താൻ നിലയോടൊത്ത് ടൈം സ്പെൻഡ് ചെയ്തിട്ടുണ്ടോ ആ നിമിഷങ്ങളൊക്കെ തനിക്ക് അവാച്യമായ ഒരു അനുഭൂതിയാണ് സമ്മാനിച്ചിരുന്നത്.. വീട്ടിൽ തനിക്കുവേണ്ടി പെണ്ണാലോചിച്ചുതുടങ്ങിയപ്പോഴൊക്കെ തന്റെ സങ്കല്പം നിലയെപ്പോലുള്ള ഒരു പെൺകുട്ടിയെ ചുറ്റിപ്പറ്റിയായിരുന്നു..
അവളെ നഷ്ടപ്പെടാൻ വയ്യ എന്ന് തിരിച്ചറിയാൻ നന്ദയുമായുള്ള വിവാഹനിശ്ചയം തീരുമാനിക്കുന്നതുവരെ എന്തേ സമയമെടുത്തത് എന്നായിരുന്നു അവന്റെ ചിന്ത..
ഒരുപക്ഷേ ഒരിക്കലും വീട്ടിൽ സമ്മതിക്കാനിടയില്ലാത്തതുകൊണ്ടാവാം താൻ ആ ഇഷ്ടം ഉള്ളിലൊളിച്ചത്..

വീടെത്തി. കാറിൽനിന്നും ഇറങ്ങുന്നതിനുമുമ്പ് നിരഞ്ജൻ വീണ്ടും മധുപാലിനെ വിളിച്ചു. അവിടെ എന്തായി കാര്യങ്ങൾ എന്ന് തിരക്കി.

മധുപാൽ മകളുടെ തീരുമാനം പറഞ്ഞു:

അവൾ കുറച്ചുകൂടി കാത്തിരിക്കാൻ തയ്യാറാണ്…

എന്തേ..?

നിരഞ്ജൻ ആകാംക്ഷയോടെ ചോദിച്ചു.

തന്റെ കരുതലോടെയുള്ള പെരുമാറ്റം അവൾക്ക് നന്നേ ബോധിച്ചിരിക്കുന്നു.. ഇപ്പോൾ ഇങ്ങനെയുള്ള ആൺകുട്ടികളെ കിട്ടാനില്ല എന്നാണ് അവൾ പറഞ്ഞത്…

അങ്കിൾ..

അവൻ പതറിയ ശബ്ദത്തിൽ വിളിച്ചു.

എടോ.. അവൾക്ക് മാത്രമല്ല എനിക്കും എന്റെ ഭാര്യക്കും മോനെ അത്രക്കും ബോധിച്ചിട്ടുണ്ടെടോ…

മധുപാൽ അത് പറയുമ്പോൾ അടുത്തിരുന്ന ഭാര്യയും കണ്ണ് തുടക്കുന്നുണ്ടായിരുന്നു.

നിരഞ്ജൻ ഒരു നിമിഷം വല്ലാതായി. അവൻ അമ്മയെ ഓ൪ത്തു. ഈ വിവരങ്ങൾ അമ്മയെ വേദനിപ്പിച്ചേക്കും. പക്ഷേ നിലാ..
അവളെ സങ്കടപ്പെടുത്താൻ തനിക്ക് വയ്യ.. തന്റെ മനസ്സ് കൊതിക്കുന്നത് അവളോടൊപ്പമുള്ള ഒരു ജീവിതമാണ്. അരുവിയിലെ കളകളനാദം പോലെ പൊട്ടിച്ചിരിക്കുന്നവൾ.. മിഴികൾ പരൽമീനുകൾ.. തന്റെ ഏകാന്തതയെ നിമിഷനേരംകൊണ്ട് ഊ൪ജ്ജ്വസ്വലമാക്കുന്നവൾ…

നിരഞ്ജന് അന്ന് ഉറക്കമില്ലാത്ത രാത്രിയായിരുന്നു. ഒരു തീരുമാനമെടുക്കാനാവാതെ അവൻ തള൪ന്നു. രാവിലെ എന്തായാലും അമ്മയോട് സംസാരിക്കണമെന്ന് അവൻ തീരുമാനിച്ചു. രാവിലെ ഉണ൪ന്നെഴുന്നേൽക്കുമ്പോൾ നന്ദയുടെ മെസേജ് പതിവുപോലെ വന്നിട്ടുണ്ടായിരുന്നു.

സുപ്രഭാതം.. അമ്മയോട് സംസാരിച്ചോ..? അമ്മയും അച്ഛനും എന്തു പറയുന്നു..?

നിരഞ്ജൻ മറുപടി അയച്ചു:

അവ൪ കണ്ട് ഇഷ്ടപ്പെട്ട കുട്ടി ഇയാളല്ലേ.. അപ്പോൾ പിന്നെ എങ്ങനെ സംസാരിക്കും..?

പറയൂ എല്ലാ വിവരങ്ങളും..
അവർ കുറച്ച് കൂടുതൽ കാലം ഈ ലോകത്ത് ജീവിച്ചവരല്ലേ… അവ൪ക്ക് നിരഞ്ജന്റെ പ്രോബ്ലം സോൾവ് ചെയ്യാൻ സാധിക്കും..

അതും അയച്ച് നന്ദ ഫോൺ വെച്ചു.

രാവിലെ തന്നെ അമ്മ അടുക്കളയിലെ തിരക്കിലാണ്. നിരഞ്ജൻ വന്ന് കൌണ്ട൪ടോപ്പിനടുത്തെ സ്റ്റൂളിലിരുന്നു. മകന് ചായ എടുത്ത് കൊടുത്തുകൊണ്ട് അവ൪ പറഞ്ഞു:

നിശ്ചയത്തിന് എന്ത് ഡ്രസ്സാണ് ഇടുന്നത് എന്ന് നന്ദയെ വിളിച്ച് ചോദിക്കണം. നിനക്കും അതിന് ചേരുന്ന വസ്ത്രമെടുക്കണം.

പേപ്പ൪ വായിച്ചുകൊണ്ട് ഒരു കൈയ്യിൽ ചായക്കപ്പുമായി കിച്ചണിലേക്ക് വന്ന അച്ഛൻ നിരഞ്ജൻ ആബ്സെന്റ് മൈൻഡഡായി ഇരിക്കുന്നതുകണ്ട് ചോദിച്ചു:

എന്താ മോനേ..? എന്തെങ്കിലും പ്രശ്നമുണ്ടോ..?

പെട്ടെന്ന് ഞെട്ടിയുണ൪ന്നമട്ടിൽ അവൻ ഇല്ലെന്ന് തലയാട്ടിയെങ്കിലും എന്തോ‌ ചെറിയ സ്പെല്ലിങ് മിസ്റ്റേക് അവന്റെ അമ്മയ്ക്കും തോന്നിത്തുടങ്ങിയിരുന്നു.

അവനെഴുന്നേറ്റ് കുളിക്കാനും മറ്റും പോയി. ഭാര്യയുടെ നിർദ്ദേശം കേട്ട് നിരഞ്ജന്റെ അച്ഛൻ മധുപാലിനെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു:

കുട്ടികൾ തമ്മിൽ എന്തെങ്കിലും പിണക്കമുണ്ടോ..?
ഇവിടെ ഒരുവൻ കിളിപോയതുപോലെ നടക്കുന്നുണ്ട്..

ആദ്യം മധുപാൽ പറയാൻ മടിച്ചെങ്കിലും തലേന്ന് ഉണ്ടായ മുഴുവൻ കാര്യങ്ങളും അയാൾ തുറന്നുപറഞ്ഞു.

നിങ്ങളുടെ മകന് ആരെയും വേദനിപ്പിക്കാൻ കഴിയില്ല.. അതാണ് പ്രശ്നം.. അവന്റെ അമ്മയെയോ, നന്ദയെയോ, നിലയെയോ, അവനെത്തന്നെയോ വേദനിപ്പിക്കാൻ അവൻ ആഗ്രഹിക്കുന്നില്ല…

മധുപാൽ പറഞ്ഞതുകേട്ട് അയാൾ പതിയെ ആശ്വാസത്തോടെ ചിരിച്ചു.

ഫോൺ വെക്കുമ്പോഴേക്കും തല തുവ൪ത്തിക്കൊണ്ട് നിരഞ്ജൻ വന്നു.

അയാൾ മകനോടായി പറഞ്ഞു:

മോനേ.. നിനക്ക് തിരക്ക് പിടിച്ച് കല്യാണമാലോചിക്കാറായിട്ടില്ല.. കുറച്ചുകൂടി സമയമെടുത്ത് ആലോചിച്ചിട്ടുമതി തീരുമാനം.. പിന്നീട് ഖേദിക്കാനിടവരരുത്..

അവനും അത് സമ്മതമായിരുന്നു.

വേഗം അകത്ത് പോയി ഡ്രസ് ചെയ്തു വരുമ്പോൾ അവൻ തീരുമാനിച്ചു:
ഇന്നെന്തായാലും നിലയോട് തന്റെ ഇഷ്ടം തുറന്നുപറയണം.. ഇനിയിതിങ്ങനെ മനസ്സിൽ കൊണ്ടുനടക്കാൻ വയ്യ.

പെട്ടെന്ന് അവന് നല്ലൊരു ഉന്മേഷം തിരിച്ചുവന്നതായി തോന്നി. അമ്മ എടുത്തുവെച്ച ദോശ കഴിച്ചുകൊണ്ട് അവൻ മൊബൈൽ ഓണാക്കി. പെട്ടെന്ന് കാളിംഗ് ബെൽ ശബ്ദിച്ചു.

ആരാന്ന് നോക്കിയേ…

അച്ഛൻ പറഞ്ഞു.

അമ്മയാണ് പോയി വാതിൽ തുറന്നത്.

നിലയും അച്ഛനും അമ്മയുമാണ് വന്നിരിക്കുന്നത്. പെട്ടെന്ന് നിരഞ്ജൻ ചാടിയെഴുന്നേറ്റു. അവരെ എങ്ങനെ സ്വീകരിക്കണമെന്നറിയാതെ അവൻ പരിഭ്രമത്തിലായി.

അവർ അവളുടെ കല്യാണം ക്ഷണിക്കാൻ വന്നതാണ്. അവളുടെ ബെസ്റ്റ് ഫ്രന്റിനെ ക്ഷണിക്കാൻ അച്ഛനും അമ്മയും തന്നെ പോകണമെന്ന് അവൾക്ക് ഒരേ നി൪ബ്ബന്ധം…

അമ്മ നിലയുടെ മുടികളിലൂടെ തഴുകുന്നു. അവൾ അമ്മയുടെ കൈ പിടിക്കുന്നു. ചിരിച്ചുകൊണ്ട് സംസാരിക്കുന്നു.
അവരുടെ കുശലാന്വേഷണങ്ങൾ നിരഞ്ജന്റെ തലയ്ക്ക് മുകളിലൂടെ പറന്നു. അവന് ചെവിയടച്ചതുപോലെ തോന്നി. ഭൂമി കറങ്ങുന്നതുപോലെയും..

ചിലത് മാത്രം അവന്റെ കാതിൽ വീണു:

നമ്മുടെ മോൾക്ക് നിങ്ങളുടെ മകനെ അത്രയ്ക്കിഷ്ടമാണ്.. അവന്റെ കരുതലിനെക്കുറിച്ച് അവളെപ്പോഴും പറയും… നല്ല കുഞ്ഞാണവൻ.. ഇങ്ങനെയുള്ള ആൺകുട്ടികളെ ഇപ്പോൾ കാണാൻ കിട്ടാനില്ല..
ഇവിടെ ഒരു പ്രപ്പോസലുമായി വരാൻമാത്രം നമുക്ക് ആവതില്ലാത്തതുകൊണ്ടാണ്…
അല്ലായിരുന്നേൽ..

അന്തരീക്ഷത്തിൽ ഒരു മൗനം മാത്രം അലയടിച്ചുകൊണ്ടിരുന്നു.

✍ ഭാഗ്യലക്ഷ്മി. കെ. സി.