രചന – ആയിഷ അക്ബർ
അവളുടെ ശബ്ദം കേട്ടിടത്തേക്ക് എല്ലാവരും ഓടി ചെല്ലുമ്പോൾ വീണു കിടക്കുന്ന അവനെയും അവനരികിലായി മുട്ട് കുത്തിയിരിക്കുന്ന അവളെയുമാണ് കാണുന്നത്….
എല്ലാവരും ഒരു നിമിഷം ഒന്ന് ഞെട്ടി പോയിരുന്നു….
ഒന്ന് കൂടി അടുത്ത് വന്നപ്പോഴാണ് സായുവിന്റെ മൂക്കിൽ നിന്നും രക്തം വരുന്നത് കൂടി അവർ കാണുന്നത്….
സായു…. എന്റെ മോനെ…
പവി വലിയ ശബ്‍ദത്തിൽ കരഞ്ഞു തുടങ്ങിയിരുന്നു….
പ്രഭക്കും കൈ കാലുകൾ കുഴയുന്നത് പോലെ തോന്നി…..
പെട്ടെന്ന് തന്നെ എല്ലാവരും കൂടി അവനെ ആശുപത്രിയിലെത്തിച്ചു….
ഡോക്ടർ പരിശോധിക്കുന്ന ആ നേരം കൊണ്ട് എല്ലാവരും ആശുപത്രിയിലേക്കോടി എത്തിയിരുന്നു…..
ബാല ഒരു തരം മരവിച്ച അവസ്ഥയിലാണ്….
കാരണം….. ആദ്യം മുതലേ അവന്റെ തല ചുറ്റലിനു താൻ സാക്ഷിയാണ്….
ഇനി അത് മറ്റെന്തെന്റെയെങ്കിലും അടയാളമായിരുന്നോ…..
അവന് തന്നിൽ നിന്നകലാനുള്ള കാരണം അതായിരുന്നുവോ….
അങ്ങനെ തുടങ്ങി സംശയങ്ങൾ നീളുമ്പോൾ അവൾക്ക് ശ്വാസമെടുക്കാൻ വല്ലാത്ത പ്രയാസം തോന്നിയിരുന്നു….
അപ്പോഴാണ് പുറത്തേക്ക് തന്ന അവന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ഫോൺ റിങ് ചെയ്യുന്നത്….
ഏറെ നേരം റിങ് ചെയ്തിട്ടും ആരും എടുത്തില്ല….
എല്ലാവരും കേൾക്കേ ആശുപത്രി വരാന്തയിൽ മുഴുവൻ ആ ശബ്ദം പടരുമ്പോഴും ആർക്കും എടുക്കാനുള്ള ഒരു മാനസികാവസ്ഥ യായിരുന്നില്ല….
എങ്കിലും ഏറെ റിങ് ചെയ്തപ്പോൾ മഹി ആ ഫോണെടുത്തു ചെവിയിൽ വെച്ചു……
സായു……അവന് പെട്ടെന്ന് വയ്യാതായി
ഞങ്ങൾ ആശുപത്രിയിലാണ്…..
ഓഹ് മൈ ഗോഡ്…..
മഹിയത് പറഞ്ഞതും അപ്പുറത് നിന്ന് മനോജിന്റെ ഞെട്ടിയ ശബ്ദമായിരുന്നു പുറത്തേക്ക് വന്നത്……
സർ…..എനിക്ക് നിങ്ങളോടല്പം സംസാരിക്കാനുണ്ട്…..
അയാൾ പെട്ടെന്നത് പറഞ്ഞതും മഹി ഫോണുമായി പുറത്തേക്ക് നടന്നു…..
അയാളുടെ വാക്കുകൾ ശെരിക്കും മഹിയിൽ തീർത്തതൊരു പരിഭ്രാന്തിയായിരുന്നു….
അയാളുടെ കണ്ണുകൾ ചുരുങ്ങി…..
മഹി അവരിരിക്കുന്നതിനടുത്തേക്ക് ചെല്ലുമ്പോൾ പുറത്തേക്ക് വന്ന നഴ്സിനോട് വെപ്രാളത്തിൽ കാര്യങ്ങൾ അന്ന്വേഷിക്കുന്ന പ്രഭയെ യാണ് കാണുന്നത്…..
ടെസ്റ്റിന്റെ റിസൾട്ട് കൂടി വന്നിട്ട് ഡോക്ടർ വിളിപ്പിക്കും…..
അതും പറഞ് ആ നേഴ്സ് പോകുമ്പോൾ എല്ലാവരും യഥാ സ്ഥാനത്തിരുന്നു…..
സന്തോഷത്തോടെ ജീവിച്ചു തുടങ്ങിയ പ്രഭയും പവിയും…..
അവനോടോപ്പം ദാമ്പത്യ ജീവിതം തുടങ്ങി വെച്ച ബാല ഒരു വശത്….
എങ്ങനെ അവരോടിക്കാര്യം പറയുമെന്ന് മഹിക്കറിയുന്നില്ലായിരുന്നു……
ഞാൻ…. ഞാൻ പറയാൻ പോകുന്ന കാര്യം നിങ്ങളെ ല്ലാവരും ശ്രദ്ധിച്ചു കേൾക്കണം…..
മഹി മുഖവുരയിട്ടപ്പോൾ തന്നെ പവിയുടെ തോളിൽ ചാഞ്ഞു കിടന്നിരുന്ന ബാല തലയുയർത്തി……
നമ്മുടെ സായുവിന്…..
സായുവിന് എന്തോ അസുഖമുണ്ടത്രേ….
അവന്റെ ജോലിക്കാറരിലൊരാളാണ് വിളിച്ചത്…….
നാളെ ഓപ്പറേഷൻ നടത്താൻ തീരുമാനിച്ചിരിക്കുക യായിരുന്നത്രെ……
അയ്യോ……. എന്റെ മോനെ.
പവിയുടെ ശബ്ദം അവിടെയുയർന്നു…..
പ്രഭ അടുത്ത് വന്നവരെ ചേർത്ത് പിടിച്ചു….
ബാല ഒറ്റയിരിപ്പായിരുന്നു ഒന്നനങ്ങുക പോലും ചെയ്യാതെ….
തലയ്ക്കുള്ളിൽ എന്തൊക്കെയോ ഒരു ഇരമ്പൽ മാത്രം കേൾക്കാം…..
പിന്നെയും വല്യച്ചനെന്തൊക്കെയോ പറയുന്നുണ്ട്…..
തനിക്ക് കേൾക്കുന്നില്ലെന്ന് മാത്രം…..
കണ്ണുകൾ താനേ നിറഞ്ഞൊഴുകുന്നു…..
വല്യച്ഛൻ തോളിൽ ഒന്ന് തട്ടി വിളിച്ചപ്പോഴാണ് അവൾ സ്വബോധത്തിലേക്ക് വന്നത്…
മോൾക്ക് അറിയില്ലായിരുന്നോ ഇതൊന്നും…..
വല്യച്ഛന്റെ ചോദ്യത്തിന്റെ ശൈലിയിൽ നിന്നും രണ്ടാം തവണയാണ് അത് ചോദിക്കുന്നതെന്ന് അവൾക്ക് തോന്നി….
അവൾ ഇല്ലെന്ന അർത്ഥത്തിൽ പതിയേ യൊന്നു തല ചലിപ്പിച്ചു….
ഇല്ലായിരുന്നു എന്ന് പറയാൻ പോലും തനിക്ക് കുറ്റബോധം തോന്നുന്നു….
രണ്ട് മൂന്ന് തവണ അവന്റെ അവസ്ഥ നേരിൽ കണ്ടിട്ടും അതിനെ കുറിച് ചോദിക്കാത്തതിൽ അവൾക്ക് നഷ്ട ബോധം തോന്നി……
കുറച്ച് കഴിഞ്ഞപ്പോഴേക്കും മനോജേടക്കം രണ്ട് മൂന്ന് പേര് അവിടെയെത്തിയിരുന്നു….
അവനെ ഇവിടെ നിന്നും കൊണ്ട് പോകാനുള്ള എല്ലാ സജീകരണങ്ങളുമായായിരുന്നു അവർ വന്നത്……
വന്നപാടെ അവര് തന്നെയൊന്ന് നോക്കി…….
അവർക്ക് പിറകെ കാറിൽ ഞങ്ങളും പോകുമ്പോഴും മനസ്സ് മുഴുവൻ ശൂന്യതയെ പേറിയിരുന്നു…….
പുഞ്ചിരിയോടെയുള്ള അവന്റെ മുഖം മനസ്സിൽ തെളിയും തോറും കണ്ണുകൾ നിറഞ്ഞൊഴുകി….
ഇനിയൊരു പക്ഷെ രക്ഷപ്പെടാൻ സാധ്യത യില്ലാത്തത് കൊണ്ടായിരിക്കുമോ അവൻ തന്നെ അകറ്റി നിർത്തിയത്…..
ആലോചിക്കും തോറും മനസ്സ് പിരി മുറുക്കത്തിലേക്ക് കൂപ്പു കുത്തി….
സീ……
ഈ ഒരു ഓപ്പറേഷൻ കൊണ്ട് പൂർണമായും നീക്കാവുന്ന തടസ്സം മാത്രമേ ഹാർട്ടി ലുള്ളു….
പക്ഷെ…..സായന്ത് ഹൈ ബി പി പാഷ്യൻറ് ആണ്….
അതിന്റേതായ റിസ്ക് ഉണ്ട്….
ഒരു ഫിഫ്റ്റി പേഴ്സെൻടേജ് മാത്രമേ എനിക്ക് ഉറപ്പ് തരാൻ പറ്റു….
ബാക്കിയൊക്കെ ദൈവത്തിന്റെ കയ്യിലല്ലേ….
ഡോക്ടർ അലൻ തോമസ് അത് പറഞ്ഞതും എല്ലാവരും ഒരു പോലെ ഞെട്ടിയിരുന്നു….
അവനെന്തോ അസുഖമുണ്ടെന്ന് മാത്രമേ ഇത് വരെ അറിയൂ മായിരുന്നുള്ളു…..
അത് ഭേദമാവുമെന്നും കരുതിയതാണ്…..
എന്നാൽ ഇങ്ങനെയൊരു ചതി ഒളിഞ്ഞിരിക്കുന്ന വിവരം സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല….
പവി ഒരു കരച്ചിലോടെ പ്രഭയുടെ തോളിലേക്ക് ചാഞ്ഞു…….
ബാലക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല….
കാരണം താനിത് പ്രതീക്ഷിച്ചതായിരുന്നല്ലോ……..
അവന് തന്നിൽ നിന്നകന്ന് നിൽക്കാനുള്ള തടസ്സം അത് മരണം മുമ്പിൽ കണ്ടത് മാത്രമാകുമെന്ന് തനിക്കൂഹിക്കാൻ കഴിയും……
അവന്റെ പുഞ്ചിരിച്ച മുഖം ആലോചിക്കും തോറും ഹൃദയത്തിലൂടെ മൂർച്ചയെറിയ ഒരു കത്തിയിറക്കുന്നത് പോലെ തോന്നുന്നു…..
അവന്റെ ശബ്ദം കാതിൽ അലയടിക്കുമ്പോൾ ശ്വാസം നിലച്ചു പോകുന്നത് പോലെ…..
അവളൊരു വേള അങ്ങനെയിരുന്നു..
അവളെ ആശ്വസിപ്പിക്കാൻ ആരുടെ കയ്യിലും വാക്കുകളുണ്ടായിരുന്നില്ല…
ആ ആശുപത്രി വരാന്ത അഗാദമായ നിശബ്ദതയെ പേറി…..
എന്തെങ്കിലും കഴിച്ചിട്ട് വരാം……
രാവിലെ മുതൽ ഇതെയിരിപ്പല്ലേ…..
മഹി അത് പറഞ്ഞതും വിശപ്പ് നീങ്ങിപ്പോയ എല്ലാവരും നിശബ്ദരായി….
പ്രഭ ഏറെ നിർബന്ധിച് പവിയെ എഴുന്നേൽപ്പിച്ചപ്പോഴും ബാല എഴുന്നേറ്റില്ല….
മോള് വാ.. വെള്ളമെങ്കിലും കുടിക്കാം….
വേണ്ട വല്യച്ചാ…. ഞാൻ പിന്നെ കുടിച്ചോളാം…
വാക്കുകൾ അത്രയേറെ ഉറച്ചതായിരുന്നത് കൊണ്ട് തന്നെ അവർ നടന്നു….
ഐ സി യു വിനു മുമ്പിൽ ബാലയും എസ് പി ഗ്രൂപ്പിന്റെ നാല് സ്റ്റാഫുകളും മാത്രമായി….
അതേയ് ശ്രീ ബാല….
മനോജ് വിളിച്ചപ്പോഴാണ് ഓർമകളിൽ നിന്ന് അവളൊന്നുണർന്നത്…..
അവൾ നനവൂറിയ മിഴികൾ അയാൾക്ക് നേരെ ഉയർത്തി…..
തനിക്ക് ഇനി വേണമെങ്കിൽ പോകാം….
തന്റെ പെയ്മെന്റ്സ് സർ ഇന്നലെയെ ക്ലോസ് ചെയ്തതാണ്……
ഈ വിവാഹമോ സാറിന്റെ മുമ്പോട്ടുള്ള കാര്യങ്ങളൊന്നും തന്നെ ബാധിക്കേണ്ട…
അത് സാറിനു നിർബന്ധമുണ്ടായിരുന്നു….
മനോജ് അത് പറയുമ്പോഴും അവളൊന്നും മിണ്ടിയില്ല….
ഇത് ബ്ലാങ്ക് ചെക്കാണ്….
സാർ തരാൻ വെച്ചിരുന്നതാണ്….
ഇത്…… മുച്വൽ ഡിവോഴ്സിനുള്ള പേപ്പറാണ്….
അതും സാർ സൈൻ ചെയ്ത് വെച്ചതാണ്…..
ഇനി ഭാവിയിൽ തനിക്കൊരു പ്രശ്നവും വരാതിരിക്കാനാണ്…..
താൻ പൊയ്ക്കോളൂ…..ഇവിടെയുള്ളവരോട് എല്ലാം ഞാൻ പറഞ്ഞോളാം…
മനോജ് കയ്യിലുള്ള പേപ്പർസ് നീട്ടി അത് പറഞ്ഞതും ഒരു വേള അവളുടെ ശ്വാസം പോലും തൊണ്ടക്കുഴിയിൽ അങ്ങനെ കുരുങ്ങി നിന്നു…..
തന്റെ എല്ലാ കാര്യങ്ങളും അത്രയേറെ കണക്ക് കൂട്ടലുകളോടെ അവൻ ചെയ്ത് വെച്ചിട്ടുണ്ട്…..
ഒന്നും അംഗീകരിക്കാൻ കഴിയാത്തത് തനിക്ക് മാത്രമാണ്……
അവൾ ഒരു നിമിഷം മനോജിന്റെ കയ്യിലെ പേപ്പറിലേക്ക് നോക്കി….
പിന്നീട് പതിയേ അത് കൈകളിലേക്ക് വാങ്ങി….
അവന്റെ അക്ഷരങ്ങളിലൂടെ ഒന്ന് വിരലോടിച്ചു….
ഒരു പക്ഷേ അന്നതവൻ ഒപ്പിട്ട് വെക്കുമ്പോൾ യാതൊരു വികാരവും അവനെ കീഴ്പെപടുത്തിയിട്ടുണ്ടാവില്ല….
ഇന്നായിരുന്നെങ്കിൽ അവന്റെ കണ്ണ് നീരിന്റെ ഉപ്പ് രസം കൂടി ഇതിൽ കലരുമായിരുന്നെന്നവൾക്കുറപ്പായിരുന്നു…..
എന്റെ ഓർമ്മകൾ നിന്നെ ബാധിക്കാൻ പാടില്ല…..
അവന്റെ ആ വാക്കുകൾ അവളുടേ ഉള്ളിൽ അലയടിച്ചു …
അവന്റെ വാക്കുകളിൽ തനിക്കേറ്റവും അസഹ്യമായത്….
ജീവനുള്ളിടത്തോളം കാലം അംഗീകരിക്കാൻ കഴിയാത്തത്…..
അവളാ പേപ്പറും ചെക്കും ഒരേ സമയം കീറി കളഞ്ഞിരുന്നു…..
മനോജ് ഒരു നിമിഷം ഞെട്ടി പ്പോയി…
നിറഞ്ഞ കണ്ണുകളുമായി അവളവനെ നോക്കി…
എനിക്കൊന്നും വേണ്ടാ…. ഒരു ബന്ധവും പറഞ് ഞാൻ വരില്ല….
ഒരു സ്വത്തിലും എനിക്ക് പങ്ക് വേണ്ടാ….
പക്ഷെ മരണം വരെ അവന്റെ ഭാര്യ…അത് താൻ മാത്രമായിരിക്കും……
അത് പറഞ്ഞപ്പോഴേക്കും അതുവരെ പിടിച്ചു വച്ചിരുന്ന തേങ്ങലുകളെല്ലാം പുറത്തേക്ക് പ്രവഹിച്ചിരുന്നു…
അവൾ ഇരു കൈകൾ കൊണ്ടും മുഖം പൊത്തി പിടിച്ചു……
ഒരു പൊട്ടി കരച്ചിലിന്റെ ശബ്ദം അവിടമാകെ മുഴങ്ങി…..
മനോജ് അത്ഭുതത്തോടെ അവളെ നോക്കിയങ്ങനെ ഇരിക്കുകയാണ്…..
ഉള്ളിലെ തേങ്ങലോന്നടങ്ങിയതും അവൾ കൈകളെടുത് കണ്ണുകൾ അമർത്തി തുടച്ചു…..
ഒരു കാര്യത്തിൽ എനിക്ക് നിങ്ങളോട് കടപ്പാടുണ്ട്…
ഇനിയെന്തെന്ന ചോദ്യവുമായി നിസ്സഹായായി നിൽക്കുന്ന ഒരുവൾക്ക് മുമ്പിലേക്ക് ആ വിസിറ്റിംഗ് കാർഡ് നീട്ടിയതിനു……
അവനെന്ന വ്യക്തിയെ എന്റെ ജീവിതത്തിലേക്ക് ചേർത്ത് വെച്ചതിനു….
അവൾ നോവിനിടയിലും ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു…
അതിനു ഞാൻ എന്റെ ഇഷ്ടത്തിനല്ല തന്നെ തിരഞ്ഞെടുത്തത്….
അതും സാറ് തനിക്ക് തരാൻ പറഞ്ഞിട്ടാണ് ഞാനാ വിസിറ്റിംഗ് കാർഡുമായി തന്റെ അടുത്തേക് വന്നത്….
മനോജ് ചെറു ചിരിയോടെ അത് പറഞ്ഞതും ബാലയുടെ കണ്ണുകൾ ഒന്ന് കൂടി വിടർന്നു……
അന്നും ഞാൻ ചോദിച്ചിരുന്നു സാറിനോട് ആ കുട്ടി വന്നില്ലെങ്കിലോ യെന്ന്…..
അവൾ വരും…. എന്ന് അത്രയേറെ ആത്മ വിശ്വാസത്തോടെ പറഞ്ഞത് എന്താണെന്ന് എനിക്കിന്ന് മനസ്സിലായി…
കഴിഞ്ഞ ഏതോ ഒരു ജന്മത്തിൽ നിങ്ങൾ ആത്മാർത്ഥമായി പ്രണയിച്ചിരുന്നവരായിരിക്കാം…..
പലപ്പോഴും തന്നെ കുറിച് പറയുമ്പോൾ സാറിന്റെ വാക്കുകളിൽ പതിവില്ലാത്തൊരു ആനന്ദം എനിക്കും തോന്നിയിട്ടുണ്ട്….
തന്നെ തിരഞ്ഞെടുത്തത് ഞാനല്ല… സാർ തന്നെയാ….
ചേർത്ത് വെച്ചത് ഈശ്വരനും…..
മനോജ് അവളുടേ തോളിൽ കൈ വെച്ചത് പറഞ്ഞതും അവളുടേ കണ്ണുകൾ വീണ്ടും നിറഞ്ഞു വന്നു….
അതേ…. അവനായിരുന്നു തന്നെ തിരഞ്ഞെടുത്തത്…
അവൾ മനസ്സിനു ഒന്ന് കൂടി ഓർമിപ്പിച്ചു കൊടുത്തു….
അപ്പോഴും മനസ്സിന്റെ വിങ്ങൽ കവിളിലൂടെ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു……
(തുടരും)

by