രചന : ആയിഷ അക്ബർ
അവളുടെ മിഴികൾ ചുറ്റുമോന്ന് സഞ്ചരിച്ചു…..
പുറമെ നിന്ന് കാണുന്നതിനേക്കാൾ ഭംഗി ആ വീടിനകത്തുണ്ട്…..അമ്മായി പറഞ്ഞു കേട്ട മനക്കൽ തറവാട് അവൾ നേരിട്ടറിയുകയായിരുന്നു…
അവനെ കണ്ട ആ ഒരു ദിവസമല്ലേ തന്റെ ജീവിതം പുതിയൊരു ദിശയിലേക്ക് ഒഴുകി തുടങ്ങിയത് ……
ഇത്രയും വലിയ വീടും ആളുകളും എല്ലാം തന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത് …..രണ്ട് പേരും ഒന്ന് നിന്നേ……അവന്റെ പിറകിലായി പതുങ്ങി നടക്കുമ്പോഴായിരുന്നു പിറകിൽ നിന്നും ആ ശബ്ദം കേട്ടത്……അവരിരുവരും ഒന്ന് നിന്നു……
അവർ പിറകിലേക്കൊന്ന് തിരിഞ് നോക്കി……
കൃഷ്ണക്ക് ആരെന്ന് നോക്കാൻ പോലും നല്ല ഭയമുണ്ടയായിരുന്നു…ആരുടെയൊക്കെ വാക്കുകൾക്ക് പാത്രമാവണമെന്ന ഭയം……
എങ്കിലും പതിയെ അവൾ തിരിഞ് നോക്കി…..
രണ്ട് പെൺ കുട്ടികളാണ്……ഒരു പത്തു പതിനഞ്ചു വയസ്സ് പ്രായം കാണും….
ഏകദേശം ഒരേ മുഖം……അവർ കണ്ണുകളുരുട്ടി രണ്ട് പേരെയും നോക്കി നിൽക്കുകയാണ്……
മ്മ്…..കാർത്തി അവർക്ക് നേരെ അല്പം ഗൗരവത്തിൽ തന്നെ പുരികമുയർത്തി…..തന്റെ അപ്സരസ്സിനെ ഒന്ന് കാണാൻ വിളിച്ചതാണ്……
കൂട്ടത്തിൽ ഒരുത്തി പുച്ഛത്തോടെ അത് പറയുമ്പോൾ കാർത്തി ഒന്ന് ചമ്മുന്നത് പോലെ കൃഷ്ണക്ക് തോന്നി….അപ്പോഴും അവൾ ക്കൊന്നും മനസ്സിലായിരുന്നില്ല……എന്നിട്ടെങ്ങനെയുണ്ട് എന്റെ അപ്സരസ്സ്…..കാർത്തി കൈ രണ്ടും മാറോടു പിണച്ചു കെട്ടി അത് ചോദിക്കുമ്പോൾ അദരങ്ങളിൽ ഒരു പുഞ്ചിരിയുണ്ടായിരുന്നു….അത് വരെയുള്ള എല്ലാം തൽക്കാലം മറന്നെന്ന പോൽ……
കൃഷ്ണ അവരെ മാറി മാറി നോക്കി……മ്മ്…… കൊള്ളാം…..അവന്റെ ചോദ്യത്തിന് പകരമായി അവർ അത് പറയുമ്പോൾ അത് വരെയുള്ള ഗൗരവമെല്ലാം അവരിൽ നിന്ന് മാഞ്ഞു പോയിരുന്നു…..
അവർ ചിരിയോടെ അവൾക്കടുത്തേക്ക് വന്നു…..
ചേച്ചി….. ഞാൻ ശ്വേത……ഞാൻ സ്വാതി ……പറഞ്ഞിട്ടുണ്ടോ ഏട്ടൻ…..അവർ രണ്ട് പേരും സ്വയം പരിചയപെപടുത്തികൊണ്ടത് ചോദിക്കുമ്പോൾ കൃഷ്ണ അവനെ നോക്കി…
ചെറിയച്ഛന്റെ മക്കളാണ്….അവനൊരു പുഞ്ചിരിയോടെ അവളോടത് പറഞ്ഞതും അവളും ഒന്ന് പുഞ്ചിരിച്ചു…..ഏട്ടൻ പറഞ്ഞിരുന്നു ചേച്ചി അപ്സരസ്സാണെന്ന്…. ശെരിക്കും ആണ് കേട്ടോ….എനിക്കിഷ്ടമായി….ശ്വേത അതും പറഞ്ഞോന്നു പുഞ്ചരിയ്ക്കുമ്പോൾ കൃഷ്ണ അവനെയൊന്ന് നോക്കി….അവന്റെ മുഖത്തൊരു ജാള്യത പടർന്നു….അവൻ പെട്ടെന്ന് അവളിൽ നിന്നും മിഴികൾ നീക്കിയതും അവൾക്കൊരു നാണം തോന്നി……..ഒരു ചടങ്ങ് കൂടി ബാക്കിയുണ്ട്……സ്വാതി…..അതിങ്ങെടുത്തെ….ശ്വേത അതു പറഞ്ഞപ്പോഴാണ് സ്വാതി ഒരു പാത്രവുമായി വരുന്നത്……എന്തിനെന്ന അർത്ഥത്തിൽ രണ്ട് പേരും അവരെ നോക്കി…..
ഐശ്വര്യ മായി ചേച്ചി രണ്ട് കാലും ഇതിലൊന്നെടുത് വെക്കു……അതും പറഞ്ഞാ പാത്രമവർ നിലത്തു വെച്ചപ്പോഴാണ് അതിൽ എന്തോ വെള്ള പൊടിയുള്ളത് അവർ കാണുന്നത്…..കൃഷ്ണ സംശയത്തോടെ യൊന്നു കാർത്തിയെ നോക്കി……
പേടിക്കേണ്ട ചേച്ചി….. പൌഡറാണ് ……
ഞങ്ങൾ കാലിലു പൌഡറും വെച്ച് ഏട്ടന്റെ മുറിയിലെ കണ്ണാടിക്ക് മുമ്പിൽ വരുന്നെന്നു പറഞ്ഞു കാത് പിടിച്ചു തിരിക്കലാണെപ്പോഴും ..അത് കൊണ്ട് ചേച്ചി ഈ പൌഡർ വെച്ച് ആ മുറിയിലേക്ക് കയറിയാൽ മതി ……സ്വാതി പരിഹാസ രൂപേണ കാർത്തിയെ നോക്കി അത് പറഞ്ഞതും അവനൊന്ന് നെടു വീർപ്പിട്ടു……കൃഷ്ണ ദയനീയമായി അവനെ നോക്കി……ഏട്ടനെ നോക്കേണ്ട ആവശ്യമൊന്നുമില്ല….ഞങ്ങള് പറയുന്നതാണ് നിയമം…..പ്ലീസ് ചേച്ചി……
രണ്ട് പേരും കൂടി അതും കൂടി പറഞ്ഞതും അവൾക്ക് കേൾക്കുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല….അവൾ ഓരോ കാലുകളായി പൌഡറിൽ മുക്കിയെടുത്തു……അപ്പോഴും അവളുടെ മുഖം വല്ലാത്തൊരു അവസ്ഥയിലായിരുന്നു..കാർത്തിക്ക് ചിരി വന്നു…..അപ്പൊ ഓക്കേ …. ശിക്ഷ കഴിഞ്ഞു…. ഇനി മുറിയിലേക്ക് പൊയ്ക്കോളൂ……സ്വാതി അത് പറയുമ്പോൾ മുഖത്തൊരു അഭിമാനമുണ്ടായിരുന്നു….ആദ്യമായി അവനിട്ടൊരു പണി കൊടുത്തെന്നു പോൽ…..
ഗയ്സ്….. കൃഷ്ണ നിങ്ങളുടെ മുറിയിലാണ് കിടക്കുന്നത് …..പെട്ടെന്ന് അവനത് പറഞ്ഞതും രണ്ട് പേരുടെയും മുഖം മങ്ങി…..കാർത്തിക്ക് ചിരി പൊട്ടിയിരുന്നു….
കൃഷ്ണാ…… രണ്ട് പേരും നിന്നേ നല്ലോണം നോക്കും…. എന്ത് വേണമെങ്കിലും ഇവരോട് പറഞ്ഞാൽ മതി …..ഓകെ……കാർത്തി നിറഞ്ഞു വന്ന അതേ ചിരിയോടെ കൃഷ്ണയോത് പറഞ്ഞു നടക്കുമ്പോൾ കൃഷ്ണ ദയനീയമായായി അവരെയൊന്നു നോക്കി…..കെട്ടിയ പെണ്ണിനെ ഒരു തവണയെങ്കിലും മുറിയിലോട്ട് കൊണ്ട് പോടാ ദുഷ്ടാ……..ഈ പൌഡർ പോകും വരെയെങ്കിലും….ചിരിയോടെ അവിടെ നിന്നും നടക്കുന്ന കാർത്തിയെ നോക്കി സ്വാതി വിളിച്ചു പറയുമ്പോൾ അവനോന്ന് പിറകിലേക്ക് തിരിഞ്ഞു ….കെട്ടിയിട്ടില്ല…. കെട്ടിയിട്ട് ഞാൻ കൊണ്ട് പൊയ്ക്കോളാം…..അപ്പോഴേക്കും ആ പൌഡറൊക്കെ അങ്ങ് പോകട്ടെ……
അവൻ അവരോടതും കൂടി പറഞ്ഞു ചിരിയോടെ മുകളിലേക്ക് കയറുമ്പോൾ അവർ രണ്ട് പേരും കൃഷ്ണയെ നോക്കി…..അവൾ പാവം പോലെ നിൽക്കുകയാണ്..എപ്പോഴും ഇങ്ങനെയാ ചേച്ചി….. ഞങ്ങളെന്ത് പണി കൊടുത്താലും അത് ഞങ്ങൾക്ക് തന്നെ കിട്ടും…അത് കൊണ്ടാണ് കേട്ടോ….
അല്ലാതെ ചേച്ചിയെ ഞങ്ങൾക്കിഷ്ടമില്ലാനിട്ടല്ല….
കൃഷ്ണയെ നോക്കി സ്വാതി അത് പറയുമ്പോൾ കൃഷ്ണക്ക് അല്പം ആശ്വാസം തോന്നിയിരുന്നു…..
ചേച്ചി കാല് തുടച്ചോ….അപ്പോഴേക്കും നനച്ചൊരു തുണിയുമായി ശ്വേത വന്നത് പറഞ്ഞതും അവൾ കാല് തുടച്ചു…..ദേ…. ഇതാണ് ഞങ്ങളുടെ മുറി…..ചേച്ചിയുടെ ബാഗോ ക്കേ നമുക്ക് അങ്ങോട്ട് വെക്കാം…. വാ…..തന്റെ കയ്യിലെ ബാഗ് വാങ്ങി കൈ പിടിച്ചു കൊണ്ടവരത് പറയുമ്പോൾ കൃഷ്ണ യും ഒരു പുഞ്ചിരിയോടെ അവർക്ക് പിറകെ നടന്നിരുന്നു …. .
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
കാർത്തി യേ വിളിച്ചില്ലേ…..ദോശയ്ക്കരികിലേക്ക് ചട്ടിണി ഒഴിക്കുന്ന നന്ദിനി ക്കരികിൽ വന്നിരുന്നു കൊണ്ടായിരുന്നു മുത്തശ്ശിയത് ചോദിച്ചത്……
നിങ്ങളെ പോലെ അവരും ഒന്നും കഴിച്ചിട്ടുണ്ടാവില്ലല്ലോ…..കഴിച്ചു കൊണ്ടിരിക്കുന്ന വിജയനോടും നന്ദിനിയോടും അത് ചോദിക്കുമ്പോൾ അവരൊന്നും മിണ്ടിയില്ല….ചന്ദ്രേ..നീ പോയി അവരെ വിളിച്ചു വാ..മുത്തശ്ശിയത് പറഞ്ഞതും ചന്ദ്ര മുകളിലേക്ക് നടന്നു…..
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
കാർത്തി……മേറിന്റെ നമ്പറിലേക്ക് ഡയൽ ചെയ്ത് തളർന്ന കാർത്തി അവരൂടെ വിളിയിലേക്ക് തിരിഞ്ഞു…..എന്താടാ ഇതൊക്കെ….. ഞങ്ങൾക്ക് നിന്നേ മനസ്സിലാവുന്നില്ല…… നീയെന്തൊക്കെയാ ഞങ്ങളോട് ഒളിക്കുന്നത്……
ചന്ദ്ര പതിയെ അവന്റെ മുതുകിൽ തൊട്ടു കൊണ്ടാണത് ചോദിച്ചത്……ചെറിയമ്മേ…. ഒന്നും…ഒന്നും മനപ്പൂർവമല്ലാ…. കൃഷ്ണ ഒരു തെറ്റും ചെയ്തിട്ടില്ല…..ഞാനാണ് അവളെ കൂടെ നിർത്തിയത്……ഒരു നല്ല സുഹൃത്തായി….
അമ്മക്കെന്താ അതൊന്നും പറഞ്ഞിട്ട് മനസ്സിലാവാത്തതെന്ന് എനിക്കറിയില്ല……കാർത്തി അത് പറയുമ്പോൾ ആ കണ്ണുകളിൽ വല്ലാത്തൊരു വേദന താളം കെട്ടി നിന്നിരുന്നു..
പക്ഷെ….. നീയിതൊന്നും ഞങ്ങളോടിത് വരെ പറഞ്ഞില്ലല്ലോ…..എങ്കി നമുക്കവളെ സംരക്ഷിക്കാമായിരുന്നല്ലോ…..
നീ മറച്ചു വെച്ചതാണ് ഏട്ടത്തിക്ക് പ്രശ്നം…ചന്ദ്ര അത് പറഞ്ഞതും അവനൊന്നും മിണ്ടിയില്ല….
ശെരിയാണ്…… മറച്ചു വെച്ചത് തെറ്റ് തന്നെയാണ്….പക്ഷെ ഇങ്ങനെയൊന്നും ആവുമെന്ന് താൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ലല്ലോ……
കാർത്തി ചിന്തകളെ മനസ്സിലൊതുക്കി നിന്നു….
വല്ലാത്തൊരു വീർപ്പു മുട്ടലാണ് മനസ്സിന്…..
ഒരു വശത്തു മെറിന്റെ ദേഷ്യം…..മറു വശത് കൃഷ്ണയുടെ നിസ്സഹായത……ഇപ്പൊ അമ്മയുടെയും……അവനൊരു നെടു വീർപ്പോടെ ദൂരേക്ക് നോക്കി നിന്നു…….അതൊക്കെ പോട്ടെ…. ഇപ്പൊ നീ ചായ കുടിക്കാൻ വാ……..
ആ കുട്ടിയെവിടെ….
അവൻ ചിന്തകളുടെ ഭാരത്താൽ അങ്ങനെ നിൽക്കുന്നത് കണ്ടിട്ടാണ് ചന്ദ്ര അവന്റെ തോളിൽ കൈ വെച്ച് കൊണ്ടത് ചോദിച്ചത്…..
അവൾക്ക് വേണ്ടിയെന്ന വണ്ണം അവരുടെ കണ്ണുകൾ ചുറ്റും നീങ്ങുന്നുണ്ടായിരുന്നു….അവൾ….. അവള് ശ്വേതയുടെയും സ്വാതിയുടെയും കൂടെയാണ്…..
അവനത് പറയുമ്പോൾ ചന്ദ്രയുടെ കണ്ണുകളൊന്ന് വിടർന്നു….പിന്നേ ഒരുചിരിയോടെ താഴേക്ക് നടന്നിരുന്നു……
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ചന്ദ്ര താഴെ മുറിയിലേക്ക് ചെല്ലുമ്പോൾ ശ്വേതക്കും സ്വാതിക്കും ഇടയിലിരിക്കുന്ന കൃഷ്ണ യേ കണ്ടിരുന്നു……അവരുടെ അദരങ്ങളിൽ ഒരു പുഞ്ചിരി വിരിഞ്ഞു….ആഹാ…… അവൾക് സൗര്യം കൊടുക്കുന്നില്ലേ രണ്ട് പേരും……
ചന്ദ്രയുടെ ശബ്ദം കേട്ടതും കൃഷ്ണ പെട്ടെന്ന് ഇരുന്നിടത് നിന്നുമെഴുന്നേറ്റു…..ഇവിടെയുള്ള മുഖങ്ങളെല്ലാം തനിക്ക് കണ്ട് പരിചയമുള്ളതാണല്ലോ….അവയിലെ ഭാവങ്ങളിൽ മാത്രമാണല്ലോ വ്യത്യാസം…അവൾ അല്പം ആശങ്കയോടെ അവരെ നോക്കിയെങ്കിലും ചന്ദ്ര അവളെ നോക്കി മനോഹരമായൊന്നു പുഞ്ചിരിക്കുകയാണ് ചെയ്തത് …അവരുടെ നിറഞ്ഞ പുഞ്ചിരി കൃഷ്ണയുടെ മനസ്സിലൊരു ആശ്വാസം നൽകിയിരുന്നു…….
അവളും പതിഞ്ഞൊരു പുഞ്ചിരി പകരം നൽകി….
മോളോന്നും കഴിച്ചിട്ടുണ്ടാവില്ലല്ലോ…. വാ കഴിക്കാം…….ചന്ദ്ര അവളുടെ കയ്യിൽ പിടിച്ചത് പറയുമ്പോൾ അവളുടെ മുഖത്തൊരു ഭയം നിഴലിച്ചു….അവളുടെ കണ്ണുകൾ ആരെയോ തിരയും പോലെ……കാർത്തി കഴിക്കാൻ വന്നിട്ടുണ്ട് …..ചന്ദ്ര അവളുടെ നോട്ടം മനസ്സിലായെന്ന വണ്ണം അത് പറഞ്ഞതും അവൾ പതിയെ അവർക്ക് പിറകെ നടന്നിരുന്നു……….
(തുടരും)

by