രചന – സിന്ധു അപ്പുക്കുട്ടൻ
ഗേറ്റ് കടന്ന് മണൽ വിരിച്ചമുറ്റത്തേക്ക് കയറുമ്പോൾ കാൽക്കീഴിലെ മണ്ണ് കാലടികളെ കോരിത്തരിപ്പിച്ചു.
സന്ധ്യ ദീപ്തിയെ നോക്കി ചിരിച്ചുകൊണ്ട് അവളുടെ കൈകളിൽ അമർത്തിപ്പിടിച്ചു.
ദീപ്തിയുടെ മുഖത്തും ആഹ്ലാദവും അമ്പരപ്പൂമെല്ലാം മാറി മാറി വിരിയുന്നുണ്ടായിരുന്നു.
വർഷങ്ങൾക്ക് മുൻപ്, ഏറെക്കാലം അവരുടെ ഇണക്കങ്ങളും, പിണക്കങ്ങളും, ചിരിയും കരച്ചിലുമെല്ലാം ഏറ്റു വാങ്ങിയ സ്കൂൾ മുറ്റം പഴയതിൽ നിന്നും വ്യത്യസ്തമായി പച്ചപ്പിൽ പുതഞ്ഞു നിൽക്കുകയാണ്. ഇടയിൽ പേരറിയാത്ത പൂക്കൾ വിരിഞ്ഞു നിൽക്കുന്നുണ്ട്.
കൗതുകം പൂണ്ട മിഴികൾ നാലുപാടും ഓടിയോടി തളർന്നു.
എന്നിട്ടും മനസ്സ് കുതിക്കുകയാണ് ഒന്നാം ക്ലാസ്സിന്റെ ചവിട്ടുപടിയിലേക്ക്.
അവർക്ക് മുന്നേ നടന്നിരുന്ന നന്ദു ഓഫീസ് റൂമിന്റെ വരാന്തയിൽ കയറിയിട്ട് തിരിഞ്ഞു നോക്കി.
അവരുടെ മനസ്സിൽ മൗനമായി വിരിഞ്ഞ ആഹ്ലാദാരവങ്ങൾ നന്ദു ചിരിയോടെ നോക്കി നിന്നു.
സന്ധ്യ വിടർന്ന കണ്ണുകളോടെ ചുറ്റിലും നോക്കി തനിയെ പുഞ്ചിരിച്ചുകൊണ്ട്.
ഇന്റർവെൽ സമയത്ത് മറ്റു കുട്ടികൾ ഓടിക്കളിക്കുന്നതും, തൊങ്കിച്ചാട്ടം കളിക്കുന്നതും നോക്കി, നിറകണ്ണുകളോടെ വയ്യാത്ത കാലും നീട്ടിയിരുന്ന നീളൻ വരാന്തകൾക്ക് ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല..
അതിനോട് ചേർന്നുള്ള പുതിയ കെട്ടിടങ്ങൾ അവയുടെ പഴക്കത്തെ മറച്ചുകൊണ്ട് തലയുയർത്തി നിൽക്കുന്നു.
ദീപ്തിയുമൊത്തു കൊത്തംകല്ല് കളിച്ചും, കഥകൾ പറഞ്ഞും നിറഞ്ഞാടിയ പകലുകൾ തിരിച്ചു വരാത്ത വിധം നഷ്ടപ്പെട്ടിരിക്കുന്നു. എങ്കിലും ഓർമ്മകൾക്ക് എന്ത് മധുരമാണ്.
മുറ്റത്തെ വലിയ വാകമരത്തിൽ നിന്നും വാടിയ ഇലകളും, കാറ്റിന്റെ കൈക്കുടന്നയിൽ നിന്ന് പൂക്കളുടെ മണവും കൊഴിഞ്ഞു വീണു.
ഇനിയൊരിക്കലും തളിർക്കാത്ത വിധം.
“ദീപ്തിയാന്റി, ഒന്നിങ്ങോട്ട് വാ. മതി അവിടെ നിന്ന് സ്വപ്നം കണ്ടത്.
നന്ദുവിന്റെ അക്ഷമ കലർന്ന സ്വരം ദീപ്തിയെയും സ്വപ്നലോകത്തു നിന്നു മടക്കി വിളിച്ചു.
“സന്ധ്യേ, വാ..ദേ മോള് ദേഷ്യം പിടിച്ചു തുടങ്ങി.
അവൾ സന്ധ്യയുടെ കയ്യിൽ പിടിച്ചു കൊണ്ട് വേഗം നടന്നു.
അപ്പോയ്ന്റ്മെന്റ്ഓർഡർ പ്രിൻസിപ്പലിനെ ഏൽപ്പിച്ച് സൈൻ ചെയ്തിറങ്ങുമ്പോൾ കണ്മുന്നിൽ കാണുന്നതൊക്കെയും സ്വപ്നം പോലെ തോന്നി സന്ധ്യക്ക്.
ഇന്നലെ വരെ അമ്മേയെന്ന് വിളിച്ചു തന്റെ സാരിത്തുമ്പിൽ തൂങ്ങി നടന്ന കുഞ്ഞു നന്ദൂട്ടിയാണ് കണ്മുന്നിൽ ടീച്ചർ കൃഷ്ണനന്ദ എന്ന പേരും സ്വന്തമാക്കി തലയുയർത്തി നിൽക്കുന്നത്.അതും അമ്മയും, അവളുടെ പ്രിയപ്പെട്ട ദീപുവാന്റിയും പഠിച്ചിറങ്ങിയ അതേ സ്കൂളിൽ.
സന്ധ്യക്ക് അവളെയോർത്തു അഭിമാനം തോന്നി.
ദീപ്തിയും ജയകൃഷ്ണനും തന്ന ധൈര്യത്തിൽ തനിയെ ജീവിക്കാൻ തുടങ്ങിയ നാളുകൾ.
ആദ്യമൊക്കെ രാവിലെ കടയും തുറന്ന് വെച്ച് വരാന്തയിൽ തയ്യൽ മെഷിനുമായി മല്ലിട്ട് ജീവിതച്ചിലവുകൾ കൂട്ടിമുട്ടിക്കാൻ പെടപ്പാട്പെട്ട് മനസ്സ് മടുത്തു പോയിരുന്നു.
അപ്പോഴൊക്കെ നന്ദൂട്ടിയുടെ നിഷ്കളങ്ക മുഖം മനസ്സിൽ തെളിയും. അതവൾക്ക് വല്ലാത്തൊരു ധൈര്യം പകർന്നു കൊടുക്കും.
മുന്നോട്ടുള്ള വഴിയിൽ സ്വയം കരുത്തു നേടിയെടുക്കാൻ ദീപ്തി പലപ്പോളും അവളുടെ യാതനകളെ കണ്ടില്ലെന്നു നടിച്ചു.
തന്റെ മുന്നിലേക്ക് നീളുന്ന കൈകളെ നിർദാക്ഷിണ്യം അവൾ അവഗണിച്ചു..
ചെയ്തു കൊടുക്കുന്ന ജോലിക്കുള്ള കൂലി മാത്രം അവൾ തന്നു കൊണ്ടിരുന്നു.
കടയിലേക്കുള്ള സാധനങ്ങളെടുക്കാൻ ജയകൃഷ്ണൻ കൂട്ട് വന്നു
ദീപ്തിയുടെ അവഗണനകൾ തന്റെ ജീവിതവിജയങ്ങൾക്കൊരു മുതൽക്കൂട്ടാകുകയായിരുന്നു.
പഠിച്ച് ഒരു ടീച്ചറാകണം എന്ന നന്ദൂട്ടിയുടെ ആഗ്രഹസഫല്യത്തിനു പിന്നിലും ദീപ്തിയുടെ കരുതൽ ഉണ്ടായിരുന്നു
അവൾ ദീപ്തിയെ നോക്കി ഒരു ദീർഘനിശ്വാസമുതിർത്തു.
എന്താടി?
അവളുടെ ഭാവം കണ്ട് ദീപ്തി ആ കയ്യിൽ നുള്ളി.
ഹേയ്… ഒന്നുമില്ല ദീപു. ഞാൻ വെറുതെ ഓരോന്ന് ഓർത്തു.
അമ്മേ… നമുക്കിനി ഹോസ്റ്റലിലേക്ക് പോകാം. നാളെ മുതൽ ക്ലാസ്സിൽ കയറിയാൽ മതിയെന്ന് പറഞ്ഞു.
നന്ദു ആഹ്ലാദത്തോടെ അവർക്കരികിലേക്ക് ഓടി വന്ന് സന്ധ്യയെ കെട്ടിപ്പിടിച്ചു . ആശിച്ചതെല്ലാം നേടിയെടുത്ത ഒരു കൊച്ചു കുട്ടിയുടെ അതിരറ്റ സന്തോഷമായിരുന്നു ആ മിഴികളിൽ
ടാക്സി ഹോസ്റ്റലിനു മുന്നിൽ ചെന്നു നിൽക്കും വരെ സന്ധ്യ നന്ദുവിനെ ചേർത്തുപിടിച്ചിരുന്നു. തനിയെ പറക്കാൻ തുടങ്ങുന്ന കുഞ്ഞിക്കിളിയെ കൂട്ടിൽ നിന്നും അടർത്തിമാറ്റുമ്പോഴുള്ള വേദനയായിരുന്നു അവളുടെ മനസ്സ് നിറയെ.
“നന്ദൂട്ടി, എല്ലാ ആഴ്ചയിലും നീയങ്ങോട്ട് ഓടി വരാൻ നിൽക്കണ്ട. ഇത്രേം ദൂരം യാത്ര ചെയ്യണ്ടേ. അമ്മ വന്നോളാം ഇങ്ങോട്ട്.
“ഉം… നല്ല കാര്യായി. ഈ വയ്യാത്ത കാലും വെച്ച് അമ്മ ഇങ്ങോട്ടു പോരുന്നത് എന്തെളുപ്പമാ.
നന്ദു അവളെ കളിയാക്കി.
“കൃഷ്ണനന്ദ ഗാർമെൻറ്സ് യൂണിറ്റും, കൃഷ്ണനന്ദ ഫാൻസി ഷോപ്പും ഒറ്റക്ക് കൈകാര്യം ചെയ്യുന്ന സന്ധ്യ മാഡം ഇപ്പോഴും മന്ദബുദ്ധി തന്നെയാണല്ലോ.”
ദീപ്തിയും അവളുടെ ചുമലിൽ അടിച്ചു കൊണ്ടു കളിയാക്കി.
ഉവ്വ.. നിനക്കൊന്നും പറഞ്ഞാ മനസ്സിലാവില്ല എന്റെ വിഷമം.
ഞാൻ എത്ര പറഞ്ഞതാ അവിടെ തന്നെ ഏതേലും സ്കൂളിൽ കയറിയാൽ മതിയെന്ന്. ഡോണേഷൻ കൊടുക്കേണ്ടി വന്നാലും കുഴപ്പമില്ലയിരുന്നു. ഇതിപ്പോ ഓരോ വാശിയല്ലേ. മെറിറ്റിൽ തന്നെ കയറിക്കൂടണംന്ന്.
ഞാൻ ഇത്രയും കഷ്ടപ്പെട്ട് പഠിച്ചത് കോഴ കൊടുത്ത് ഏതെങ്കിലും മാനേജ്മെന്റ് സ്കൂളിൽ ജോലി ചെയ്യാനല്ല. എനിക്ക് ഗവണ്മെന്റ് തരുന്ന ജോബ് തന്നെ വേണം. അത് ഏത് ഓണംകേറാമൂലയിൽ ആയാലും ഞാൻ പോയി ജോയിൻ ചെയ്യും.
ഉം… ഒക്കെ നിന്റെയിഷ്ടം പോലെ നടക്കട്ടെ. ഞാനവിടെ തനിച്ചാണെന്ന ചിന്തയൊന്നുമില്ലല്ലോ നിനക്ക്.
സന്ധ്യ പരിഭവത്തോടെ മുഖം വീർപ്പിച്ചു.
തനിച്ചാണെന്ന് ആര് പറഞ്ഞു. ദീപ്തിയന്റിയും, ജയാങ്കിളുമില്ലേ. അച്ചു ചേച്ചിയും അനന്തുവേട്ടനും സ്റ്റേറ്റ്സിലേക്ക് പോയേപ്പിന്നെ ആന്റിയും ഒറ്റക്കല്ലേ.. ഒന്ന് പറഞ്ഞു കൊടുക്കെന്റെ ദീപുവാന്റി.
നന്ദു കൊഞ്ചലോടെ ദീപ്തിയുടെ ദേഹത്തേക്ക് ചേർന്നു നിന്ന് കെട്ടിപ്പിടിച്ചു
അതൊക്കെ ഞാൻ പറഞ്ഞു മനസ്സിലാക്കികൊള്ളാം. നീയീ പെട്ടിയും ബാഗുമെല്ലാം റൂമിലേക്ക് വെച്ചിട്ട് വാ. വല്ലതും കഴിക്കാം. ഞങ്ങൾക്ക് ഇന്നുതന്നെ തിരിച്ചു പോകണമല്ലോ.
ഓക്കേ ആന്റി..
നന്ദു ബാഗുകളുമെടുത്തു അകത്തേക്ക് പോയി.
നീയിങ്ങനെ ടെൻഷനാകാതെടി. അവൾ ചെറിയ കുട്ടിയൊന്നുമല്ലല്ലോ. ഒരുപാട് ആഗ്രഹിച്ച് നേടിയെടുത്ത ജോലിയല്ലേ. അവൾ ഹാപ്പിയായിരിക്കട്ടെന്ന്. അതല്ലേ നമുക്ക് വേണ്ടത്.
ദീപ്തി സന്ധ്യയുടെ കണ്ണുകളിലേക്ക് നോക്കി ചിരിച്ചു.
ആ കണ്ണുകൾ നിറഞ്ഞിരുന്നു.
മടക്കയാത്രയിൽ,തീവണ്ടി അലറിക്കുതിച്ചു പായുമ്പോൾ സന്ധ്യയുടെ മനസ്സും പിന്നോട്ടോടുകയായിരുന്നു. ഇരുപത് വർഷങ്ങൾക്കുമുമ്പ്, നന്ദുവിന്റെ കൈപിടിച്ച് ഈ നാട്ടിൽ നിന്നും എന്നെന്നേക്കുമായി ഇറങ്ങി പുറപ്പെട്ട നാളുകളിലേക്ക്.
സന്ധ്യയുടെ മനസ്സ് വായിച്ചറിഞ്ഞ ദീപ്തി അവളെ അവളുടെ ലോകത്തിലെക്ക് പറഞ്ഞു വിട്ട് പുറകോട്ട് ചാരി കണ്ണുകളടച്ചു കിടന്നു.
************************************
“അമ്മേ… ഞാനിന്ന് അച്ഛനെ കണ്ടു.സ്കൂളിൽ വന്നിരുന്നു. അച്ഛന്റെ മോളും ഇവിടെ പഠിക്കുന്നുണ്ട്.
രാത്രി നന്ദു വിളിച്ചപ്പോൾ അവളുടെ പുതിയ വിശേഷം കേട്ട് സന്ധ്യ മൗനം പൂണ്ടു.
അച്ഛൻ ഒരുപാട് വയസ്സായപോലെ തോന്നുന്നു.. ആകെ ക്ഷീണിച്ചു തളർന്നുപോയൊരു ഭാവം. പാവം തോന്നി കണ്ടിട്ട്.
ഉം.. സന്ധ്യ വെറുതെ മൂളി.
എന്നോട് ഒരുപാട് സംസാരിച്ചു. അമ്മയെക്കുറിച്ചും ചോദിച്ചു. പറഞ്ഞു പറഞ്ഞ് കുറെ കരയുകയും ചെയ്തു.
പിന്നേ… അച്ഛമ്മക്ക് എന്നെയൊന്നു കാണണം എന്ന് പറഞ്ഞുത്രേ. അച്ഛമ്മയിപ്പോ തീരെ കിടപ്പിലായെന്ന അച്ഛൻ പറഞ്ഞത്. ഈയാഴ്ച ഞാൻ അങ്ങോട്ട് വരുന്നില്ലട്ടോ. അച്ഛമ്മയെ ഒന്ന് പോയി കാണണം.അടുത്താഴ്ച ഞാൻ അങ്ങോട്ട് വന്നേക്കാട്ടോ അമ്മേ.
സന്ധ്യ അതിനും മറുപടിയൊന്നും പറഞ്ഞില്ല.
അമ്മയുടെ തൂവൽച്ചൂടിനുള്ളിലെ ഇത്തിരിയകാശം വിട്ട്,സ്വച്ഛന്ദനീലിമയാർന്ന അനന്തവിഹായസ്സിലേക്ക് അവൾ പറന്നു തുടങ്ങിയെന്ന് സന്ധ്യക്ക് മനസ്സിലായി.
ഇനിയൊരിക്കലും ആ ചിറകുകൾക്ക് അമ്മയുടെ കാരുണ്യമാർന്ന കരുതൽ ആവശ്യമായി വരില്ല. അവ തനിയെ പറക്കാൻ കരുത്താർജ്ജിച്ചിരിക്കുന്നു.
അവളെ,പറന്നുയരാൻ ശ്രമിക്കുന്ന വഴിയേ സ്വതന്ത്രമാക്കി വിട്ടേക്കുക. അതേ തനിക്കിനി ചെയ്യാനുള്ളു എന്ന് വേദനയോട് സന്ധ്യയോർത്തു.
അമ്മയെന്താ ഒന്നും മിണ്ടാത്തെ. അമ്മക്ക് സുഖമില്ലേ..?
നന്ദുവിന്റെ ചോദ്യങ്ങൾക്ക് പഴയ പോലെ സന്ധ്യയുടെ മനസ്സിലെ വേവിനെ അടർത്തി മാറ്റാൻ കഴിഞ്ഞില്ല. ആത്മാർത്ഥതയില്ലാത്ത വെറും വാക്കുകളായി തോന്നി അവൾക്കത്.
ഒന്നുമില്ല മോളെ.. ഷോപ്പിൽ കുറച്ചു ജോലിയുണ്ടായിരുന്നു.അതിന്റെ ക്ഷീണമാ.
ഉം.. ശരിയമ്മേ. ഞാൻ വൈകുന്നേരം വിളിക്കാം. ലഞ്ച് ബ്രേക്ക് കഴിഞ്ഞു.
കാൾ കട്ട് ചെയ്ത്, ഏറെ നേരം ഓർമ്മകളെ കൂട്ടുപിടിച്ച് കണ്ണുകൾ പൂട്ടി കസേരയിലേക്ക് ചാഞ്ഞിരുന്നു.
എന്തിനെന്നറിയാതേ,അനുസരണയില്ലാതെ നിറഞ്ഞൊഴുകാൻ തുടങ്ങിയ കണ്ണുകളുടെ നിസ്സഹായതയിലേക്കാണ് ജയകൃഷ്ണൻ കയറി വന്നത്.
ഗ്ലാസ് ഡോർ തുറന്നടയുന്ന ശബ്ദം സന്ധ്യയെ ഓർമ്മകളിൽ നിന്നുണർത്തി.
കവിളിലേക്ക് ഒലിച്ചിറങ്ങിയ തുള്ളികളെ തുടച്ചു മാറ്റാൻ സന്ധ്യ തിടുക്കം കൂട്ടി.
“എന്തുപറ്റിയെടോ…പഴയ ശീലങ്ങൾ വീണ്ടും തുടങ്ങി വെക്കുകയാണോ.
അവളുടെ കണ്ണീർച്ചാലുകളിലേക്ക് നോക്കി അയാൾ ചോദിച്ചു.
“ഹേയ്.. അതൊന്നുമില്ല..
“പിന്നന്താ ജലസേചനം വീണ്ടും തുടങ്ങി വെച്ചേ..?
“അത് പിന്നേ….നന്ദു വിളിച്ചിരുന്നു…. അപ്പൊ ഓരോന്നൊക്കെ ഓർത്തു പോയി.
“എന്താ അവിടുത്തെ വിശേഷം..? അവൾക്കവിടെ എന്തെങ്കിലും പ്രശ്നമുണ്ടോ?
“അതൊന്നുമില്ല….അവൾ അച്ഛനെ കണ്ടൂത്രെ.ഈയാഴ്ച്ച ഇങ്ങോട്ടു വരുന്നില്ലെന്ന്. അച്ഛന്റൊപ്പം പോകണംന്ന്.
ജയകൃഷ്ണന്റെ മുന്നിൽ കരയാതിരിക്കാൻ ആവുന്നത്ര ശ്രമിച്ചിട്ടും സന്ധ്യയുടെ വാക്കുകൾ ഇടറിത്തുടങ്ങി.
“ഹഹഹ… അതിനാണോ താനിങ്ങനെ കിടന്നു മോങ്ങുന്നേ. അവളിപ്പോ കൊച്ചുകുട്ടിയൊന്നുമല്ല. സ്വയം തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ള മുതിർന്ന ഒരു പെൺകുട്ടിയാ.ഇനിയങ്ങോട്ട് തന്റെ അഭിപ്രായങ്ങളൊന്നും അവളെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കേണ്ട. അത് ഗുണത്തേക്കാളേറെ ദോഷമേ ചെയൂ.
അവൾ അച്ഛനെ കാണാൻ പോകുന്നതിൽ എന്താ തെറ്റ്..?
താൻ കാട്ടിക്കൊടുത്ത വഴികളിലൂടെ തന്നെ ഇനിയും മുന്നോട്ടു പോകണം എന്നുള്ളവർ തന്നെ തേടി വരികതന്നെചെയ്യും അല്ലാത്തവർ വഴി മാറി നടന്നെന്നിരിക്കും. അത് കാലത്തിന്റെ അനിവാര്യതയാണ്. അതിനേയോർത്തു വിലപിച്ചിട്ട് കാര്യമില്ല.
ഇനിയൊന്നും പറയാനില്ല എന്നഭാവത്തോടെ ജയകൃഷ്ണൻ എഎഴുന്നേറ്റു പുറത്തേക്കു നടന്നു.
സന്ധ്യ ഏറെ നേരം ആ വാക്കുകളെ ഉൾക്കൊള്ളാനെന്നവിധം അയാൾ തന്നിട്ട് പോയ ശൂന്യതയിലേക്ക് തുറിച്ചു നോക്കിയിരുന്നു.വീണ്ടും കവിളിലേക്ക് കുതിച്ചു ചാടാൻ വെമ്പുന്ന തുള്ളികളെ ഒരു ശാസനയോടെ തടുത്തു നിർത്തിക്കൊണ്ട്.
തുടരും..

by