16/02/2026

പ്രിയേ.. പ്രാണനെ : ഭാഗം 91

രചന : ജിഫ്ന നിസാർ ❣️

എത്ര ശ്രമിച്ചിട്ടും… ടൈപ് ചെയ്തിട്ടും അവന്റെ മനസ്സിലുള്ളത് പോലെ പ്രസന്റ് ചെയ്യാൻ കഴിയാഞ്ഞതും സഞ്ജു ദേഷ്യത്തോടെ ലാപ്പ്ടോപ്പ് വെച്ച ടേബിളിൽ ആഞടിച്ചു.രാവിലെ മുതൽ മനസ്സിലാകെയുള്ളത്.. അതവളാണ്.താൻ യാതൊരു കാര്യവുമില്ലാതെ വിളിച്ചു പറയുന്ന വാക്കുകൾ കേട്ട്.. നെഞ്ചുരുകിയോലിച്ചിരിക്കുന്നവളുടെ മുഖം..
ഹൃദയതിലങ്ങനെ കൊളുത്തി വലിച്ചും മുറിവുണ്ടാക്കിയും..മറക്കാൻ ശ്രമിക്കുമ്പോഴാണ് കൂടുതൽ ഓർക്കാൻ സാധിക്കുന്നതെന്ന് പറയുന്നതെത്ര നേരാണ്?

ഒരാളെ മറക്കേണ്ടതും മാറ്റി നിർത്തേണ്ടതും വളരെ അത്യാവശ്യമായൊരു ഘട്ടം ജീവിതിൽ ആകസ്മികമായോ മനഃപൂർവ്വമായോ വന്നു ചേരുമ്പോൾ, അതിനാവാതെ വരികയെന്നതാണ് ഒരു മനുഷ്യൻ നേരിടുന്ന വലിയൊരു ഗതികേട്..കഴിഞ്ഞു പോയനിമിഷങ്ങൾ..ഓർമകൾ..അടയാളപ്പെടുത്തലുകൾ.. അതെല്ലാമങ്ങനെ കൂടുതൽ മികവോടെ… നിറവോടെ ഉള്ളിൽ വിരിയുമ്പോൾ മറന്ന് കളയുന്നതെങ്ങനെ..?സഞ്ജുവിന്റെ അവസ്ഥയും ഏറെക്കുറെ അങ്ങനായിരുന്നു.ഒരിക്കൽ അരോചകമായിരുന്ന ദേഷ്യം തോന്നിയിരുന്ന നന്ദുവിന്റെ കുസൃതികളെ അവനൊരുപാട് മിസ് ചെയ്തു.

അതെല്ലാംഒരിക്കൽകൂടിആവർത്തിച്ചിരുന്നുവെങ്കിലെന്ന് അവനൊരുപാട് ആഗ്രഹിച്ചു..പക്ഷേ ഇനിയുമതെല്ലാം ആഗ്രഹിക്കാൻ മാത്രമേ കഴിയുകയുള്ളുവെന്നും അവനറിയാം.അന്നീ ജോലി കിട്ടിയപ്പോൾ തോന്നിയിരുന്ന ആശ്വാസതിന്റെ അനേകായിരമിരട്ടിസങ്കടമാണ്അപ്പോഴവനിൽ.മനസ്സോടെ അതിലേക്കൊന്നിറങ്ങി ചെല്ലാൻ കഴിയുന്നില്ല.ഇത് പോലൊരു ജോലിക്ക് വേണ്ടിയൊരുപാട് മോഹിച്ചു നടന്നത് കൊണ്ട് തന്നെ.. ഉപേക്ഷിച്ചു കളയാനും തോന്നുന്നില്ല.എല്ലാം കൂടിയവന്നെ ഭ്രാന്ത് പിടിപ്പിക്കുന്നത് പോലെ..എത്രയൊക്കെ അവഗണിക്കാൻ ശ്രമിച്ചാലും മനസ്സിലേക്കിടിച്ചു കയറി വരുന്നതൊരു മുഖം മാത്രം..

അവളുടെ സംസാരം.. ചിരി.. കുസൃതികൾ.. സ്നേഹത്തോടെയുള്ള നോട്ടം.. താനാ സ്നേഹത്തിന് നേരെ പുച്ഛിക്കുമ്പോൾ ആ കണ്ണിലുള്ള പിടച്ചിൽ.. അതെല്ലാം അന്നുള്ളതിനേക്കാൾ തെളിച്ചമോടെ അവനെ കൊത്തി കീറുന്നുണ്ടായിരുന്നു ഓരോ നിമിഷവും.ജോയിൻ ചെയ്തിട്ട് ഒരാഴ്ചപോലുമാവാത്ത സ്ഥിതിക്ക്… ഉടനെയൊരു ലീവ് എന്നുള്ളത് പ്രതീക്ഷിക്കുകയെ വേണ്ട..മുടിയിഴകളിൽ… കൊരുത്തു വലിച്ച്… ടേബിളിൽ മുഖം കുനിച്ചിരിക്കുമ്പോൾ… അന്നാദ്യമായി മുന്നിലേ ശൂന്യത സഞ്ജുവിനെ ഭയപ്പെടുത്തി…

❣️❣️
“അല്ല..ഞാൻ..ഞാനിന്ന്വിളിക്കാനിരിക്കയായിരുന്നു..”രാജീവ് പതറി കൊണ്ട് പറഞ്ഞു.”കല്യാണത്തിന് ഇനിയെത്ര ദിവസമുണ്ടെന്നാ പറഞ്ഞത് രാജീവ് സാ.. റേ..?”ആദിയൊരു ചിരിയോടെ ചോദിച്ചതും രാജീവിന്റെ മുഖം വിളറി.”സത്യം.. ഇന്ന്.. ആദിസാറിനെ ഇവിടെ കണ്ടില്ലെങ്കിൽ വിളിച്ചു പറയാനിരിക്കയായിരുന്നു ഞാൻ..”രാജീവ് ആണയിട്ട് പറഞ്ഞു.ആദിയൊന്ന് അമർത്തി മൂളി..”ഒക്കെ… ഏതായാലും ഞാനെന്റെ കൃഷ്ണയെ കൂടി വിളിക്കട്ടെ.. പറയുമ്പോൾ.. ഒന്നിച്ചു പറയുന്നതല്ലേ അതിന്റെ ഭംഗി..?”പോക്കറ്റിൽ നിന്നും ഫോണെടുത്തു കൊണ്ട് ആദി പറയുമ്പോൾ അത് തലയാട്ടി സമ്മതിച്ചു കൊടുക്കുകയെ രാജീവിന് മുന്നിൽ നിവൃത്തിയുണ്ടായിരുന്നുവൊള്ളൂ.

പ്രിയ കൂടി അവനൊപ്പം വന്നിട്ടുണ്ടെന്നറിഞ്ഞതും വിലാസിനിയടക്കം അവിടെ കൂടിയ പലരുടെയും മുഖം ചുളിഞ്ഞു.ആദിക്കൊപ്പം അവളുടെ ഇനിയുള്ള ജീവിതം.. അത് വളരെ ഭീകരമായിരിക്കുമെന്നും.. അവനവളെ വെറുപ്പായിരിക്കുമെന്നും.. ഏറിയാൽ ഒരു മാസം അവളെ സഹിച്ചിട്ട് അവനവളെ ഉപേക്ഷിച്ചു കളയുമെന്നെക്കെയുള്ള ധാരണകളെ തീർത്തും നിഷ്പ്രഭമാക്കി കൊണ്ടാണ് അവൻ “എന്റെ കൃഷ്ണ”യെന്ന് അത്രമേൽ സ്നേഹത്തോടെ പറയുന്നത്.പ്രിയയുടെ പതനം മാത്രം ആഗ്രഹിച്ചു നടക്കുന്നവർ അത് സഹിക്കുന്നതെങ്ങനെ.?
“കൃഷ്ണ… ഇങ്ങോട്ട് വാടോ.. ഞാനിവിടെ സ്റ്റാഫ് റൂമിലുണ്ട്..”

ഫോണിൽ അവൻ സംസാരിക്കുന്നതെത്ര മധുരമായാണ്..രാജീവടക്കം ഉള്ളിലെ അസഹിഷ്ണുത കൊണ്ട്.. പല്ലുകൾ ആരുമറിയാതെ അമർത്തി പിടിച്ചു പോയി.ആദിക്ക് പക്ഷേ യാതൊരു മാറ്റാവുമില്ല.മാത്രമല്ല.. അവനത് മനഃപൂർവം ചെയ്യുന്ന പ്രവർത്തികളാണെന്ന് അവിടാർക്കും മനസ്സിലായതുമില്ല.

❣️❣️

അമ്മുവിന്റെ പരിഭവങ്ങളെ നെഞ്ചിലെക്കൊതുക്കി പിടിച്ചു കൊണ്ട് കേൾക്കുമ്പോഴാണ് പ്രിയയുടെ ബാഗിലുള്ള ഫോൺ ബെല്ലടിച്ചത്.ആ വിളിയും സംസാരങ്ങളും കേട്ടപ്പോൾ തന്നെ അവൾക്കൊരു സ്പെല്ലിങ് മിസ്റ്റേക്ക് ഫീൽ ചെയ്തിരുന്നു.അത്രയും മധുരമായാണ് സംസാരിച്ചത്.ഇവനിത് ഇടക്കിടെ ബാധ കേറുന്നുണ്ടോയെന്നൊരു പിറുപിറുക്കലോടെയാണ് പ്രിയ എഴുന്നേറ്റത്.അടുത്ത ആഴ്ച മുതൽ ടീച്ചർ സ്ഥിരമായി വന്നു തുടങ്ങുമെന്ന് അമ്മുവിന് ഉറപ്പ് കൊടുത്തു.എന്നിട്ടും അവളുടെ പിടിയിൽ നിന്നും വിട്ട് പോരാൻ പ്രിയ വല്ലാതെ പ്രയാസപ്പെട്ടു.

തിരികെ സ്റ്റാഫ് റൂമിലേക്ക് പോവാൻ അവൾക്കൊട്ടും മനസ്സുണ്ടായിരുന്നില്ല.പക്ഷേ.. അങ്ങോട്ട്‌ ചെല്ലാൻ പറഞ്ഞു വിളിച്ചത് കൊണ്ട് പോവാതിരിക്കാനും കഴിയില്ല.ആകാരണമായിടിക്കുന്ന ഹൃദയമിടിപ്പോടെ പ്രിയ ചെല്ലുമ്പോൾ അവളെ കാത്തെന്നത് പോലായിരുന്നു അവിടെയുള്ളവരെല്ലാം നിന്നത്.അത് കാണെ അവൾക്കൊരു വല്ലായ്മ തോന്നി.കൈകൾ തോളിൽ കിടന്ന ബാഗിൽ മുറുകി.”അഹ്.. വന്നോ.. ഇതെവിടെയായിരുന്നു കൃഷ്ണ നീ.. വന്നേ “അവളെ കണ്ടതും വളരെയേറെ സ്നേഹത്തോടെആദിയവളുടെ കൈപിടിച്ചു വലിച്ചിട്ടവന്റെഅരികിലേക്ക് നിർത്തി..

അത്രയും പേരുടെ മുന്നിൽ.. അവരെല്ലാം നോക്കി നിൽക്കെ അവനിലേക്ക് ചേർന്ന് നിൽക്കാൻ അവൾക്ക് വല്ലാത്തൊരു ജ്യാളതയുണ്ടായിരുന്നു.
ആദിക്ക് പക്ഷേ അതൊന്നും യാതൊരു പ്രശ്നവുമില്ല.”അപ്പൊ പറഞ്ഞോ രാജീവ് സാറെ.. ഇതാ ഞാനും എന്റെ പ്രിയതമയും അങ്ങേയുടെ ക്ഷണം കാത്ത് നിൽക്കുന്നു “മനോഹരമായൊരു ചിരിയോടെ പ്രിയയെ ഒന്ന്കൂടി അവനിലേക്ക് ചേർത്ത് പിടിച്ചു കൊണ്ടാദി പറയുമ്പോൾ.. അവിടം വിട്ടേങ്ങോട്ടെങ്കിലുമിറങ്ങി ഓടാനാണ് രാജീവിന് തോന്നിയത്.”പറയുന്നില്ലേ…”രാജീവ് അനങ്ങാതെ നിൽക്കുന്നത് കണ്ടതും ആദി അൽപ്പം ഗൗരവത്തോടെ ചോദിച്ചു.

“ആഹ്.. ഉണ്ട്..”അവന്റെ സ്വരത്തിലെ മാറ്റം മനസ്സിലായതും രാജീവ് ധൃതിയിൽ പറഞ്ഞിട്ട് കർച്ചീഫ് കൊണ്ട് മുഖം അമർത്തി തുടച്ചു.അവനെന്തോ പറയാൻ ശ്രമിച്ചതും ആദിയുടെ ഫോൺ ബെല്ലടിച്ചതും ഒരുമിച്ചാണ്.”ഓഓഓ.. റിയലി സോറി.. അത്യാവശ്യമുള്ള കൊളാണ്.. എനിക്ക് കൂടിയുള്ള ക്ഷണം എന്റെ പെണ്ണിന്റെ കയ്യിലെൽപ്പിച്ചേക്കൂ രാജീവ്.. ഞാനത് സൗകര്യം പോലെ വാങ്ങിച്ചു കൊള്ളാം “ചിരിയോടെ അതും പറഞ്ഞിട്ട്… പ്രിയയുടെ കവിളിലൊന്നു തട്ടി അവരുടെ മറുപടി കൂടി പ്രതീക്ഷിക്കാതെ ആദി അവിടെ നിന്നിറങ്ങി പോയി..

അവനിറങ്ങി പോയതോടെ പ്രിയയാണ് പെട്ടത് പോലായത്.പലരും തുറിച്ചു നോക്കി ദേഷ്യം തീർക്കുമ്പോഴും ഉള്ളിലെ ദേഷ്യവും വെറുപ്പുമൊന്നുമവർ വാക്കുകളായി പുറത്തേക്ക് കൊണ്ട് വരികയേ ചെയ്തില്ല.അതവളോടുള്ള സ്നേഹമോ സിമ്പതിയോ ആയിരുന്നില്ല..
മറിച്ച്.. അവളുടെ സാന്നിധ്യമില്ലാത്ത അവസരത്തിലും അവളെ കുറിച്ച് വേണ്ടാത്തത് പറഞ്ഞെന്നും പറഞ്ഞു കൊണ്ട് ആദിയൊരിക്കൽ മുഖത്തടിച്ചവന് രണ്ടാം ദിവസമാണ് നീര് പോയി ഭക്ഷണം കഴിക്കാനായതെന്ന് അവർക്കെല്ലാമറിയുന്ന കാര്യമായത് കൊണ്ടായിരുന്നു.

നജീബ് സാറിനൊപ്പം വളരെ ചുരുക്കം ചിലർ ചെന്നിട്ടവളോട് വിശേഷങ്ങൾ ചോദിക്കുന്നതും നിറഞ്ഞ ചിരിയോടെ അവളതിനെല്ലാം ഉത്തരം പറയുന്നതും നോക്കി നിൽക്കുന്ന രാജീവിന് എല്ലാം കൂടി സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
അതൊന്നും ഇനിയും കണ്ട് സഹിക്കാൻ വയ്യെന്നത് പോലെ വിലാസിനിയെ പോലെ.. ചിലർ… മുഖം തിരിച്ചു കൊണ്ടവിടെ നിന്നും മാറി പോയി.രണ്ടു മൂന്ന് മിനിറ്റ് കൊണ്ട് ആദി തിരികെ വന്നു.”അപ്പൊ ശരിയെന്നാ.. ഞങ്ങൾക്ക് വേറെയൊരിടത്തു കൂടി പോവാനുണ്ട്..”തിരികെ വന്നു പ്രിയക്കരികിൽ നിന്നവൻ പറയുമ്പോൾ രാജീവ് വീണ്ടും വിയർത്തു.

“മറ്റന്നാൾ… ടൗണിലെ ഫാമിലി ഓഡിറ്റോറിയത്തിൽ വെച്ചാണ്.. സർ നേരത്തെ തന്നെ വന്നേക്കണേ..”
ആദി എന്തെങ്കിലും ചോദിക്കുകയോ പറയുകയോ ചെയ്യുന്നതിന് മുന്നേ രാജീവ് വളരെ പെട്ടന്ന് പറഞ്ഞതും അവൻ ഗൂഡമായൊരു ചിരിയോടെ അവനെ നോക്കി.പ്രിയയും കാണുന്നുണ്ടായിരുന്നു രാജീവിന്റെയാ വെപ്രാളം.പക്ഷേ അവൾ മനഃപൂർവം അവനെ നോക്കിയില്ല.”നേരത്തേ… നേരത്തെ വരവൊന്നും നടക്കില്ല രാജീവ് സാറെ..”ആദിയൊരു താളത്തിൽ പറയുന്നത് കേട്ടതും രാജീവ് നെറ്റി ചുളിച്ചു കൊണ്ടവനെ നോക്കി.

“അന്ന്.. അന്നെന്റെ കൃഷ്ണയുടെ ഡിയറസ്റ്റ് ഫ്രണ്ടിന്റെ മാര്യേജ് കൂടിയുണ്ട്.അവളും അവളുടെ വുഡ്ബിയും നേരിട്ടു വന്നു ക്ഷണിച്ചു പോയതാ ഞങ്ങളെ. സോ.. ആദ്യം അങ്ങോട്ട് പോയിട്ടേ.. സാറിന്റെ കല്യാണത്തിന് വരൂ..”വീണ്ടും പ്രിയയുടെ തോളിൽ കയ്യിട്ടു പിടിച്ചു കൊണ്ടാദി പറഞ്ഞതും പ്രിയ രാജീവിന്റെ വിളറി വെളുത്തു പോയ മുഖത്തേക്കൊന്ന് നോക്കിയിട്ട് ആദിയെ മുഖമുയർത്തി നോക്കി.
പ്രതീക്ഷിച്ചത് പോലെ തന്നെ.. അവനൊരു നിഗൂഡമായ സന്തോഷമുണ്ട്. മുഖം നിറയെ സംതൃപ്തിയുണ്ട്.മനസ്സിൽ തോന്നിയ സംശയങ്ങൾക്ക് കനം വെക്കുന്നത് പ്രിയ അറിയുന്നുണ്ടായിരുന്നു.

അതെന്റെ പെങ്ങളാണെന്ന് തുറന്നു പറയാൻ കഴിയാത്തൊരു വീർപ്പു മുട്ടലോടെ നിൽക്കുന്ന രാജീവിന് മുന്നിലൂടെ തന്നെ പ്രിയയെ ചേർത്ത് പിടിച്ചു കൊണ്ട് തന്നെ ആദിയിറങ്ങി..പുറത്തേക്കെത്തിയതും പ്രിയ അവനെ കുടഞ്ഞു മാറ്റി.”എന്താ സാറിന്റെ ഉദ്ദേശം..?”നടുവിന് കൈ കുത്തി നിന്ന് കൊണ്ടവൾ ആദിയെ നോക്കി കണ്ണുരുട്ടി”സംശയമെന്ത്.. തീർത്തും ദുരുദ്ദേശം.”കണ്ണിറുക്കി ചിരിച്ചു കൊണ്ടവൻ പറയുമ്പോൾ അവൾക്കും ചിരി വന്നു.അവനവിടെ ചെയ്തതും പറഞ്ഞതുമെല്ലാം തനിക്കു വേണ്ടിയുള്ളതാണെന്നൊരു തോന്നൽ അവളിലും സന്തോഷം നിറക്കുന്നുണ്ടായിരുന്നുവപ്പോൾ.

“ഞാൻ.. ഞാൻ കാറിലിരുന്നോട്ടെ.. ആദിയേട്ടനിവിടെ ഒരുപാട് സമയം ചെയ്യാനുണ്ടോ?”
പ്രിയ എത്രയും പെട്ടന്ന് അവിടെ നിന്നും രക്ഷപെട്ടു പോകാനുള്ള വ്യഗ്രതയോടെ ആദിയെ നോക്കി.
തനിക്കിവിടെ കാണാനുള്ളവരെയെല്ലാം കണ്ട് തീർത്തോ?”ആദി കയ്യിലെ വാച്ചിലേക്ക് നോക്കി ചോദിച്ചതും പ്രിയയൊന്നു മൂളി.”അമൃതയെ ഇത്ര പെട്ടന്ന് പറഞ്ഞു കൺവീൻസ് ചെയ്യ്തോ?”
ആദി ചിരിയോടെ ചോദിച്ചതും പ്രിയയുടെ മുഖം ചുളിച്ചു”അമ്മുവിനെ അറിയുമോ..?”അവൾ അത്ഭുതത്തോടെ ചോദിച്ചു.

“ഹലോ… ഞാനും ഇവിടാണ് വർക് ചെയ്യുന്നത്. ഇവിടുള്ളവരെ എനിക്കുമറിയാം “ആദി ഗൗരവത്തോടെ പറഞ്ഞു കേട്ടതും പ്രിയക്ക് ചിരി വന്നു.”താൻ വാ.. എനിക്കൊന്ന് രണ്ട് കാര്യങ്ങൾ ചെയ്യാനുണ്ട്. അത് തീർത്തിട്ട് നമുക്കൊരുമിച്ചു പോവാം..”ആദി മുന്നോട്ടു നടന്നു കൊണ്ട് പ്രിയയോട് പറഞ്ഞു.അവളും പതിയെ അവനൊപ്പം ഓഫിസ് മുറിയിലേക്ക് ചെന്നു.ആദിക്ക് പിറകെ അങ്ങോട്ട്‌ കയറുമ്പോൾ ആദ്യമായി അവനെ കാണാൻ അങ്ങോട്ട്‌ ചെന്നതോർത്തു കൊണ്ടവളുടെ മുഖത്തൊരു ചിരിയുണ്ടായിരുന്നു.ദേഷ്യമായിരുന്നോ വെറുപ്പായിരുന്നോ അന്ന് മനസ്സിൽ തോന്നിയ വികാരം?

ഒന്നറിയാം… വല്ലാത്തൊരു വൃത്തികെട്ട അവസ്ഥയായിരുന്നു അന്നവന് മുന്നിൽ പോയി നിൽക്കുമ്പോൾ.അന്നത്തെ അവന്റെ വലിഞ്ഞു മുറുകിയ മുഖവും.. വെറുപ്പിക്കുന്ന വാക്കുകളും ധാർശ്ഢ്യം നിറഞ്ഞ ആ മാപ്പ് പറച്ചിലും.. എല്ലാം കണ്മുന്നിൽ മിന്നി മായുന്നത് പോലെ.ചിരിയൊതുക്കി പ്രിയ കയറി ചെല്ലുമ്പോൾ അവളെ നോക്കി ചിരിയോടെ ആദി നിൽക്കുന്നത് കണ്ടതും അവളൊന്നു ചമ്മി പോയിരുന്നു.”അന്നത്തെയാ ആദിത് മഹാ ദേവ് ഭയങ്കര ബോറായിരുന്നു. അല്ലേ കൃഷ്ണ?”ചിരിയോടെ അവൻ ചോദിക്കുമ്പോൾ പ്രിയ ചിരിയോടെ തന്നെ അതേയെന്ന് തലയാട്ടി.

“വെറും ബോറന്ന് പറഞ്ഞു നിസ്സാരമാക്കല്ലേ അതിനെ.. പരമ ബോറന്ന് വേണേൽ പറയാം ”
ചുറ്റും നോക്കി കൊണ്ടവൾ പറയുമ്പോൾ ആദി തലയാട്ടി കൊണ്ടുറക്കെ ചിരിച്ചു.”കൃഷ്ണപ്രിയയും ഒട്ടും മോശമായിരുന്നില്ല കേട്ടോ.. അന്നെന്നെ അരച്ചു കയ്യിൽ കൊടുത്താൽ വലിച്ച് കുടിക്കുമായിരുന്നു ”
ഒരു ഫയൽ കയ്യിലെടുത്ത് കൊണ്ട് അവളെ ഒളിഞ്ഞു നോക്കി കൊണ്ടവൻ പറയുമ്പോൾ പ്രിയ അത് സമ്മതിച്ചു കൊടുക്കുന്നത് പോലെ തലയാട്ടി.

“സത്യം… അന്നൊക്കെ എനിക്കിങ്ങോട്ട് വരുന്നത് ഓർക്കാൻ കൂടി വയ്യാത്ത അവസ്ഥയായിരുന്നു.ഒന്നാമതേ എന്നെ വെറുതെ ചൊറിഞ്ഞു രസിക്കാൻ മാത്രം അറിയാവുന്ന ആളുകൾക്കിടയിൽ കൂടുതൽ ചൊറിയാനറിയുന്നൊരു മുന്തിയ ഇനം ചൊറിയൻ പുഴു.. അതായിരുന്നു അന്നത്തെ ആദിത് മഹാ ദേവ്..മനസ്സിൽ അയാളെ ഞാനെത്ര തെറി വിളിച്ചിട്ടുണ്ടന്നോ… അടിച്ചിട്ടുണ്ടന്നോ.. നേരിട്ട് ചെയ്യാൻ കഴിയാത്തതൊക്കെ അയാളെ ഓർത്തിട്ട് മനസ്സിൽ ചെയ്തു കൊണ്ട് നിർവൃതിയടയും. അത്രയും ദേഷ്യമായിരുന്നു അന്ന് ”

പ്രിയ ചിരിയോടെ അവനെ നോക്കി പറഞ്ഞു.
‘ഇന്നോ…? “അവളോട്ടും പ്രതീക്ഷിക്കാത്ത ആ ചോദ്യം.ഞെട്ടി കൊണ്ട് പ്രിയ ആദിയെ നോക്കുമ്പോൾ അവന്റെ നോട്ടം ഫയലിൽ തന്നെയാണ്.
പക്ഷേ ടേബിളിൽ ചാരി ഫയൽ നോക്കി നിൽക്കുന്നവന് വല്ലാത്തൊരു കള്ളലക്ഷണമുണ്ടായിരുന്നു.അവളെ വിറപ്പിക്കാൻ മാത്രം ശേഷിയുള്ളൊരു കള്ളത്തരം.പ്രിയ ഒന്നും മിണ്ടാതെ വേഗം തിരിഞ്ഞു നിന്നതും ആദി ചിരി ചുണ്ടുകൾ കൊണ്ടോതുക്കി പിടിച്ചവളെ നോക്കി.
അവൻ വീണ്ടുമെന്തെങ്കിലും ചോദിക്കുമോയെന്നൊരു ആശങ്കയോടെയാണ് പ്രിയ പിന്നെയവിടെ നിന്നത്.

പക്ഷേ അവൻ ശ്രദ്ധാ പൂർവ്വം ഫയലിൽ നോക്കുകയാണ്.അതിനിടയിൽ മണിയേട്ടനങ്ങോട്ട് വന്നു.വളരെ സ്നേഹത്തോടെ ആദിയോടും പ്രിയയോടും വിശേഷങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു.
അവരെ രണ്ടു പേരെയും ഒരുമിച്ചു കണ്ടതിന്റെ സന്തോഷം മുഴുവൻ ആ മുഖത്തുണ്ടായിരുന്നു.
മുത്തച്ഛൻ അമ്പലത്തിലെ ഉത്സവത്തിന്റെ കാര്യങ്ങളുമായി തിരക്കിലായത്ത് കൊണ്ട് തന്നെ സ്കൂളിലക്കന്ന് വന്നിരുന്നില്ല.ബാലൻ മാഷ് അവിടില്ലാത്തത് കൊണ്ട് തന്നെ ആ ചുമതല കൂടി മാധവൻ മാഷിനായിരുന്നു.ആദി ഗൗരവത്തോടെ പലതും മണിയേട്ടനോട് നിർദ്ദേശം കൊടുക്കുന്നതും അദ്ദേഹം പറയുന്നത് ശ്രദ്ധിച്ചു കേൾക്കുകയും ചെയ്യുന്നതെല്ലാം നോക്കി പ്രിയ അവിടിരുന്നു.

അവൻ പറഞ്ഞത് പോലെ തന്നെ പത്തു മിനിറ്റ് കൊണ്ട് അവിടെയുള്ള ജോലികൾ തീർത്തിട്ട് ആദി പോവാനെഴുന്നേറ്റു.”സീൻ പിടിച്ചു കഴിഞ്ഞെങ്കിൽ വാ കൃഷ്ണ..പോവാം “അവൾ തന്നെ നോക്കിയിരിക്കുന്നത് ശ്രദ്ധിച്ച ആദി അവളെ കളിയാക്കുന്നത് പോലെയത് പറഞ്ഞതും അവളുടെ ചുണ്ടുകൾ കൂർത്തു.”ഞാൻ.. സീൻ പിടിച്ചൊന്നുല്ലാ..”അവൾ എഴുന്നേൽക്കുന്നതിനിടെ പറഞ്ഞു.”ഉവ്വാ..”ടേബിളിൽ വെച്ച ഫോൺ തിരികെ പോകറ്റിലേക്കിട്ട് കീ വിരലിട്ട് കറക്കി കൊണ്ട് നടക്കുന്നതിനിടെ ആദി അവളെ നോക്കാതെ ചിരിച്ചു.

അവൻ കളിയാക്കിയായതിന്റെ കെറുവോടെ തന്നെയാണ് പ്രിയ കാറിലേക്ക് കയറിയത്.
“അവിടുള്ളവരെല്ലാം സഞ്ജുവിനോട് അങ്ങേയറ്റം ദേഷ്യത്തിലാവും നിൽക്കുന്നത്. പെട്ടന്ന് ചെന്നിട്ട് ആങ്ങളയെ വെളുപ്പിക്കാൻ ശ്രമിച്ചിട്ട് ആ വെറുപ്പിന്റെ പങ്ക് പറ്റേണ്ട.. കേട്ടോ “നന്ദുവിന്റെ വീടിനടുത്തേത്താനായതും ആദി പ്രിയയെ ഓർമ്മിപ്പിച്ചു.”ഓഓഓ… എനിക്കറിയാം “അവൾ ചുണ്ട് കോട്ടി.”അറിഞ്ഞാ മതി “അവളുടെ പുച്ഛമറിഞ്ഞു കൊണ്ട് തന്നെ ആദി പറഞ്ഞു.”നിങ്ങവിടുത്തെ കൂട്ടുകാരനാ ആദിയേട്ടാ… ചങ്ങാതിയൊരു ആപത്തിൽപ്പെടുമ്പോൾ… ജീവൻ കളഞ്ഞും അവർക്കൊപ്പം നിൽക്കേണ്ടതല്ലേ.. സഞ്ജുവാണേൽ നിങ്ങളുടെ കാര്യത്തിൽ അങ്ങനെ തന്നെയാവും. ഇതിപ്പോ അവന്റെ അവസ്ഥ അറിഞ്ഞിട്ടും അവനു വേണ്ടി ആരോടും ഒന്നും പറയുന്നില്ലല്ലോ… പറയാൻ ശ്രമിക്കുന്ന എന്നെ പോലും തടയുന്നു..എന്തൊരു മനുഷ്യനാണ് നിങ്ങൾ?”പ്രിയ ദേഷ്യത്തോടെ ചോദിച്ചതും ആദിയത് ചിരിച്ചു തള്ളി.

“എന്ത് പറഞ്ഞാലും ഒരു ഇളിയുണ്ട് “പ്രിയ അവൻ കേൾക്കാതെ പിറുപിറുത്തു..”അതേയ്… എനിക്ക് നിന്റെയൊക്കെ സർട്ടിഫിക്കറ്റ് കിട്ടിയിട്ട് വേണ്ട എന്റെ സൗഹൃദത്തിന്റെ ആത്മാർത്ഥ തീരുമാനിക്കാൻ.. കേട്ടോ..”ആദി അവൾ പറഞ്ഞത് വ്യക്തമായും കേട്ടിരുന്നു.അത് കൊണ്ട് തന്നെ ചിരിയൊതുക്കി പരമാവധി ഗൗരവത്തോടെയാണ് അവനത് പറഞ്ഞത്.”പിന്നെ…. വല്ലാത്തആത്മാർത്ഥയാണ്.. ഞാനത് അറിഞ്ഞതാണല്ലോ?”പ്രിയയും വിട്ട് കൊടുക്കാതെ കടുപ്പത്തിൽ പറഞ്ഞു.
കുറച്ചു നേരം രണ്ട് പേരും മൗനത്തെ കൂട്ട് പിടിച്ചു..
പക്ഷേ ഹൃദയത്തിൽ വല്ലാത്തൊരു തുടിപ്പുണ്ടായിരുന്നു..അപ്പോഴേക്കും അവരുടെ കാർ.. നന്ദുവിന്റെ വീട്ടുമുറ്റത്തെത്തിയിരുന്നു.

പരസ്പരം നോക്കിയോന്ന് പുച്ഛിച്ചു കൊണ്ട് തന്നെയാണ് രണ്ട് പേരും പുറത്തേക്കിറങ്ങിയത്.
തലേന്നത്തെ സംഭവം മനസ്സിലുണ്ടാക്കിയ ആശങ്കയോടെയാണ് ആദിക്കൊപ്പം പ്രിയയും അകത്തേക്ക് കയറിയത്.പക്ഷേ ഹാളിൽ എല്ലാവർക്കുമൊപ്പം ചായ കുടിച്ചിരിക്കുന്ന നന്ദുവിനെ കണ്ടതും ആദിയും പ്രിയയും പരസ്പരം നോക്കി.
നേർത്തൊരു ചിരിയോടെയാണ് അവരാ നോട്ടം പിൻവലിച്ചത്.”ആഹാ… ആരാത്.. വാ മക്കളെ..”
അവരെ ആദ്യം കണ്ടത് നളിനിയായിരുന്നു.ഹൃദ്യമായ സ്വീകരണം.ആദിയുടെയും പ്രിയയുടെയും മുഖം തെളിഞ്ഞു.അവർക്കൊപ്പം അവരും കൂടി അലിഞ്ഞു ചേരുകയായിരുന്നു.

ഒന്നും മിണ്ടുന്നില്ലങ്കിൽ കൂടിയും നന്ദുവിന്റെ മുഖത്തൊരു വല്ലാത്ത ശാന്തതയുണ്ടെന്ന് പ്രിയക്കുറപ്പുണ്ടായിരുന്നു.ആദിക്കും.വല്ലാത്തൊരു സമാധാനം മനസ്സിൽ നിറയുന്നതിനൊപ്പം… ഈ അവസ്ഥയ്ക്ക് തീ കൊളുത്തി സ്വയം കത്തി പടർന്നു പൊള്ളി പിടഞ്ഞവനെയോർത്തതും അവരുടെ ചുണ്ടിലെ ചിരി മാഞ്ഞു.പ്രിയ നന്ദുവിനോടൊരുപാട് സംസാരിച്ചു.തിരിച്ചൊന്നും പറഞ്ഞില്ലെങ്കിലും പ്രിയ പറഞ്ഞതെല്ലാം കേട്ട് നേർത്തൊരു മന്ദഹാസത്തോടിരിക്കുന്നവളോട് പ്രിയക്കൊരുപാട് വാത്സല്യം തോന്നി.തിരികെ പോവാനിറങ്ങി ചെന്നവളെ കാത്ത് സിറ്റൗട്ടിൽ ആദിയുണ്ടായിരുന്നു.

അവനൊപ്പമാണ് നളിനിയും ബാലൻ മാഷും.. അജുവുംലക്ഷ്മിയുമെല്ലാവരുമുള്ളത്.അവരുടെയെല്ലാം മുഖം വല്ലായ്മ നിറഞ്ഞിരിക്കുന്നു.നളിനിയും ലക്ഷ്മിയും കരഞ്ഞത് പോലെ ചുവന്നു പോയ മുഖം.
പ്രിയ ആദിയെ രൂക്ഷമായൊന്ന് നോക്കി.അവൻ പുരികം പൊക്കി എന്തെന്ന് ചോദിച്ചു.”എന്റെ മോനെയാരും എന്നും മനസ്സിലാക്കിയിട്ടില്ല. ഒടുവിൽ ഞാനും.. പാവം.. അവനെന്തോരും വേദനിച്ചു കാണും.”നളിനിയുടെ പതം പറച്ചിൽ കേട്ടതും പ്രിയ അമ്പരപ്പോടെ ആദിയെ നോക്കി.അവനെല്ലാം അവരോട് പറഞ്ഞെന്ന് അവൾക്കുറപ്പായി.സത്യത്തിൽ അതെങ്ങനെ അവിടെഅവതരിപ്പിക്കുമെന്നവൾക്കൊരു ആശങ്കയുണ്ടായിരുന്നു.അവനത് വളരെ ലാഘവത്തോടെ കൈകാര്യം ചെയ്തിരിക്കുന്നു.നളിനിയെ ചേർത്ത് പിടിച്ചു നിൽക്കുന്നവൻ പ്രിയയുടെ നോട്ടം കണ്ടതും… അവളെ നോക്കിയൊന്ന് ചുണ്ട് കോട്ടി…

……തുടരും….

സ്നേഹിച്ചവരാരും പരസ്പരം പിരിയാതിരിക്കട്ടെ..!പിരിഞ്ഞു പോയവരാരും വീണ്ടും പരസ്പരം കാണാതിരിക്കട്ടെ!വീണ്ടും കണ്ടിട്ട് വേദനിച്ചു നീറി മരണം കൊതിക്കാതിരിക്കട്ടെ!
ല്ലേ ❣️റിവ്യൂ ഇട്ടിട്ട് പോണേ…
സ്നേഹത്തോടെ jif🥰