രചന – അഞ്ജു തങ്കച്ചൻ
ചോദ്യഭാവത്തിൽ നിൽക്കുന്ന ഗുപ്തനരികിലേക്ക് ഡോക്ടർ വന്നു
ഡോക്ടർ… എന്തായീ… അവന് കുഴപ്പം ഒന്നും ഇല്ലല്ലോ??
ഗൗതമിന്റെ ശരീരം പുതിയ അവയവത്തിനെ റിജക്റ്റ് ചെയ്യാനുള്ള ചില ലക്ഷണങ്ങൾ കാണിച്ചിരുന്നു.
എന്നിട്ട്… ഗുപ്തൻ പേടിയോടെ ചോദിച്ചു.
ഇപ്പോൾ കുഴപ്പമില്ലടോ, ഭാഗ്യം നമ്മുടെ കൂടെ തന്നെയുണ്ട്. ഡോക്ടർ ഗുപ്തന്റെ തോളിൽ പിടിച്ചു.
കുറച്ച് കഴിഞ്ഞാൽ ICU വിലേക്കു മാറ്റും.
അപ്പോഴാണ് ഗുപ്തന് ആശ്വാസമായത്.
ഗോപനും, സൗദാമിനിയും ആശ്വാസത്തോടെ പരസ്പരം നോക്കി.
***********
ഓപ്പറേഷൻ കഴിഞ്ഞ് രണ്ടാഴ്ച ആയതോടെ കാർത്തുവിനെ ഡിസ്ചാർജ് ചെയ്തു.
ആശുപതിവാസം അവളെ വല്ലാതെ മടുപ്പിച്ചിരുന്നു.
ഗുപ്തൻ ഏർപ്പാടാക്കിയ വാടകവീട്ടിലേക്ക് ചെന്നപ്പോൾ അവൾക്ക് ചെറിയൊരു ആശ്വാസം തോന്നി.
താഴ്വരയിലെ തന്റെ ചെറിയ കുടിലും, അവിടുത്തെ പച്ചപ്പും ഒക്കെ ഓർമ്മയിലേക്ക് ഓടി എത്തി.
അപ്പനെയും കൂട്ടി ആ മണ്ണിലേക്ക് മടങ്ങി ചെന്നാലേ മനസമാധാനം കിട്ടൂ..
ആ തണുപ്പും കുളിരും ഇല്ലാതെ ജീവിക്കാൻ പറ്റില്ല തനിക്ക്.
പക്ഷെ ഉടനെ അങ്ങോട്ട് പോകാൻ പറ്റില്ല, മൂന്ന് മാസമെങ്കിലും വിശ്രമം വേണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്.
അടുത്ത ആഴ്ച്ച അപ്പന്റെ ഓപ്പറേഷൻ നടത്തണമെന്നാ അനൂപ് ഡോക്ടർ പറഞ്ഞത്.
പാവം അപ്പൻ, എന്തോരം മരുന്നാ ഓരോ ദിവസവും കഴിക്കുന്നത്.
ഇടയ്ക്കിടെ ഞെഞ്ചിന് വേദന എടുക്കും അപ്പന്. അത് കണ്ടുനിൽക്കാൻ തനിക്കാവില്ല.
അപ്പന്റെ ജീവന് ഒരാപത്തും ഉണ്ടാവാതിരുന്നാൽ മതിയായിരുന്നു.
എനിക്കെന്റെ അപ്പൻ മാത്രേ ഉള്ളൂ…
അവൾ എന്തൊക്കെയോ ആലോചിച്ച് മയങ്ങി പോയ സമയത്താണ് ഗുപ്തൻ കയറി വന്നത്.
അവൾക്ക് കൃത്യ സമയത്ത് മരുന്നെടുത്തു കൊടുക്കാൻ കറുപ്പന് അറിയില്ല.
കാർത്തുവിന് മരുന്ന് കഴിക്കാൻ ഭയങ്കര മടിയുമാണ്, അതുകൊണ്ട് എടുത്തുകൊടുത്തില്ലെങ്കിൽ ചിലപ്പോൾ അവൾ കഴിച്ചില്ലെങ്കിലോ എന്നൊരു ഭയമാണ് ഗുപ്തന്.
ഗുപ്തന് തിരക്കുള്ള ദിവസങ്ങളിൽ അയാൾക്ക് കാർത്തുവിന്റെ അടുത്ത് ചെല്ലാൻ കഴിയാറില്ല. അപ്പോൾ ഗോപനോ, സൗദാമിനിയോ അങ്ങോട്ട് ചെന്ന് മരുന്നെടുത്തു കൊടുക്കും.
കറുപ്പനും കാർത്തുവിനും ഉള്ള ഭക്ഷണമെല്ലാം അമ്മ ഉണ്ടാക്കി കൊണ്ടുവരും, കൊണ്ടുവരുക മാത്രമല്ല നിർബന്ധിച്ചവരെ കഴിപ്പിക്കുകയും ചെയ്യും.
കാർത്തുവും അമ്മയും നല്ല കൂട്ടാണ്. അല്ലെങ്കിലും അമ്മക്ക് പെൺകുട്ടികളോട് വല്ലാത്ത ഇഷ്ട്ടമാണ്.
ഒരു പെൺകുഞ്ഞിനെ അമ്മ വല്ലാതെ മോഹിച്ചിരുന്നു. പക്ഷെ ഞങ്ങൾ രണ്ടാണുങ്ങൾ അല്ലേ അമ്മക്കുണ്ടായത്.
അമ്മക്കിപ്പോൾ വായ തുറന്നാൽ കാർത്തുവിന്റെ കാര്യം പറയാനേ നേരമുള്ളൂ…
അയാൾ അകത്തേക്ക് ചെല്ലുമ്പോൾ കാർത്തു നല്ല ഉറക്കമാണ്.
ഒരു ശിശുവിന്റെ നിഷ്കളങ്കയോടെ അവൾ ഉറങ്ങുന്നത് അയാൾ നോക്കി നിന്നു.
നിറയെ പീലികളുള്ള ആ മിഴികൾ പാതിയെ അടഞ്ഞിട്ടുള്ളു…
നീലക്കൽ മൂക്കുത്തി തിളങ്ങുന്ന, അൽപ്പം നീണ്ട മൂക്കാണ് അവൾക്ക്.
മൃദുലമായ, നനവാർന്ന ചൊടിയിണകൾ…
അയാൾ പെട്ടന്ന് നോട്ടം മാറ്റി…
ഓഹ്… ഞാനെന്താണ് ഈ ചെറിയ പെൺകുട്ടിയെ മറ്റൊരു കണ്ണോടെ കാണുന്നത്, ഇത്രയും മോശം മനസാണോ തന്റെ ഉള്ളിൽ തുടിക്കുന്നത്?
അയാൾ സ്വന്തം തലയിൽ തട്ടി.
അയാൾ പുറത്തേക്ക് ഇറങ്ങി.
ഫോൺ എടുത്ത് അമ്മയെ വിളിച്ചു.
അമ്മേ…കാർത്തുവിന് മരുന്ന് എടുത്ത് കൊടുക്കണേ
മോന് തിരക്കാണോ ഇന്ന്??
ഞാൻ മരുന്ന് കൊടുക്കാൻ വന്നതാണ് അമ്മേ, അപ്പോൾ കാർത്തു നല്ല ഉറക്കം ഞാൻ മടങ്ങി പോന്നു.
മരുന്ന് ഞാൻ കൊടുത്തോളം നീ പൊയ്ക്കോ.
ശരി..
************
വൈകുന്നേരം സാന്ദ്ര ഗുപ്തനെ കാണാൻ ചെന്നു..
ആഹ്… എന്താടോ ഈ വഴിയൊക്കെ??
എനിക്കെന്റെ ചെക്കനെ കാണാൻ തോന്നി അതുകൊണ്ട് വന്നു.
അവൾ ചിരിയോടെ പറഞ്ഞു.
ഇരിക്ക്…..
ഇപ്പോൾ എല്ലാർക്കും ഡോക്ടറെക്കുറിച്ച് പറയാനേ നേരമുള്ളല്ലോ, എല്ലാരും കൂടെ എന്റെ ചെക്കനെ കണ്ണ് വയ്ക്കുമോ?? അവൾ ഉറക്കെ ചിരിച്ചു.
പഠിത്തം ഒക്കെ എങ്ങനെ പോകുന്നു സാന്ദ്ര??
കുഴപ്പമില്ല…
എന്ത് പറ്റി ഗുപ്തന്റെ മുഖത്ത് ഒരു ക്ഷീണം ഉണ്ടല്ലോ??
ഗൗതമിന്റെ സർജറിയും ഒക്കെയായി വല്ലാത്ത ടെൻഷൻ ആയിരുന്നു. അതായിരിക്കും.
ഗൗതമിന് ഇപ്പോൾ എങ്ങനെയുണ്ട്??
ഇപ്പോൾ കുഴപ്പമില്ല, റൂമിലേക്ക് മാറ്റി.
മിടുക്കനായി വരുന്നു.
ആ കുട്ടി പോയോ, കാർത്തു??
ഇല്ല മൂന്ന് മാസം കഴിയാതെ പോകാൻ പറ്റില്ലല്ലോ, അവിടെ ചെന്നാലും നല്ല ശ്രദ്ധ ഒക്കെ വേണ്ടേ.അതുകൊണ്ട് ഇപ്പോൾ വിടുന്നില്ല.
ഉം… അത് പറയുമ്പോൾ അവളുടെ മുഖം വാടിയിരുന്നു.
നമുക്കോരോ കോഫി കുടിക്കാൻ പുറത്ത് പോയാലോ അവൾ ചോദിച്ചു.
പോകാം, അല്ലെങ്കിലും ഞാൻ ഇറങ്ങാൻ തുടങ്ങുവായിരുന്നു.എന്തായാലും താൻ വന്ന സ്ഥിതിക്ക് നമുക്കോരോ ചായ കുടിക്കാം അല്ലേ
പിന്നല്ലാതെ…
കോഫീഷോപ്പിൽ ഗുപ്തനോട് മുട്ടിയിരുമ്മി ഇരിക്കുമ്പോൾ അവളുടെ മുഖം പ്രണയത്താൽ ചുവന്നിരുന്നു.
*********
ചന്ദ്രശേഖരൻ അങ്കിൾ സാന്ദ്രയുമായുള്ള വിവാഹക്കാര്യത്തേക്കുറിച്ച് തന്നോട് സംസാരിക്കുമ്പോൾ, സത്യത്തിൽ സാന്ദ്രയോട് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല.
അതുവരെ ഒരു പെണ്ണിനോടും പ്രണയവും തോന്നിയിട്ടില്ല.
വീട്ടിൽ വന്ന് അച്ഛനോടും അമ്മയോടും, അങ്കിൾ വിവാഹക്കാര്യം പറഞ്ഞപ്പോൾ അവർക്ക് സമ്മതമാണെന്ന് അറിയിച്ചു.
തനിക്ക് പ്രേത്യേകിച്ച് ഇഷ്ട്ടമോ, ഇഷ്ട്ടക്കേടോ ഉണ്ടായിരുന്നില്ല.
മോതിരം മാറ്റം കഴിഞ്ഞപ്പോൾ മുതൽ മിക്കവാറും ദിവസങ്ങളിൽ സാന്ദ്ര വിളിക്കും.
ഇടക്കൊക്കെ തമ്മിൽ കാണും. എങ്കിലും എന്തോ ഒരു അകൽച്ച അവളോട് ഫീൽ ചെയ്തിരുന്നു.
പ്രേത്യേകിച്ച് ആരോടും സ്നേഹമോ, കടപ്പാടോ ഒന്നും സൂക്ഷിക്കുന്ന ഒരാളല്ലേ സാന്ദ്ര.
ഇപ്പോൾ തന്നെ ആശുപത്രിയിൽ കിടക്കുന്ന ഗൗതമിനെ ഒന്ന് കേറി കാണുക പോലും ചെയ്തില്ല അവൾ.
ഗുപ്തൻ നാളെ ഫ്രീയാണോ?
അല്ല. എന്തേ?
നമുക്ക് നാളെ ഒന്ന് ബീച്ചിൽ ഒക്കെ പോയാലോ, കുറച്ച് ടൈം ഗുപ്തന്റെ കൂടെ സ്പെൻഡ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്.
മറ്റന്നാൾ ഞാൻ പോകുംഒരുപാട് പഠിക്കാനുണ്ട്.
അതിനെന്താ നാളെ വൈകുന്നേരം പോകാം എന്താ അത് മതിയോ?
മതി.. അവൾ ഗുപ്തന്റെ കൈകളിൽ അമർത്തിപ്പിടിച്ചു.
**********
ഗൗതം കിടന്ന് കിടന്ന് വല്ലാതെ മടുത്തിരുന്നു.
സുഹൃത്തുക്കൾ മിക്കവാറും വിളിക്കും, അവർക്കൊക്കെ വന്ന് കാണണമെന്ന് വല്യ ആഗ്രഹമാണ്.
പക്ഷെ ഏട്ടൻ പറഞ്ഞു ഈ സമയത്ത് ആരും വരണ്ടെന്ന്. ഡിസ്ചാർജ് ആയി വീട്ടിൽ പോകുമ്പോൾ വന്നാൽ മതിയെന്ന്.
സീതയെ കാണാൻ വല്ലാത്ത കൊതി തോന്നുന്നുണ്ടെങ്കിലും അവളിത് വരേയും ഒന്ന് വിളിച്ചത് പോലുമില്ലല്ലോ.
അവൾ തന്നെ സ്നേഹിച്ചിരുന്നില്ലേ??
ആകെ വല്ലാത്തൊരു വീർപ്പുമുട്ടൽ.
*********
ഗോപേട്ടാ… ഞാൻ കാർത്തുവിന്റെ അടുത്തേക്ക് പോകുവാ കേട്ടോ സൗദാമിനി പറഞ്ഞു.
നിനക്കിപ്പോ കാർത്തുവിന്റെ കാര്യം നോക്കാനേ നേരമുള്ളൂ… ഗോപൻ പരിഭവം പറഞ്ഞു.
ദേ… ഗോപേട്ടാ… നിങ്ങൾക്കീയിടെയായി കുറച്ച് കുശുമ്പ് കൂടുന്നുണ്ട് കേട്ടോ.
ഒന്ന് പോടീ… ഞാൻ ചുമ്മാ പറഞ്ഞതല്ലേ.
ഒന്നുവല്ലേലും നമ്മുടെ ഗൗതമിന്റെ ജീവൻ രക്ഷിച്ചത് ആ മോളല്ലേ. ഈ ജന്മം തീരുമോ അതിനോടുള്ള കടപ്പാട്
ശരിയാ…. ഗോപേട്ടാ…
എനിക്കവളെ ഒരു നേരം പോലും കാണാതെ ഇരിക്കാൻ വയ്യെന്നായിട്ടുണ്ട്..
എനിക്കവളെ വേണം ഗോപേട്ടാ…
ഉം… നീയാ കറുപ്പനോട് ചോദിച്ചു നോക്ക്, അവളെ തരാമോന്ന്.മിക്കവാറും അവരുടെ കുടിയിൽ നിന്നും അവരുടെ ആൾക്കാർ വന്ന് നിന്നെ തല്ലിക്കൊല്ലും.
അയാൾ ഉറക്കെ ചിരിച്ചു.
ഒന്ന് പോ ഗോപേട്ടാ… അവളെ ഞാൻ ആർക്കും കൊടുക്കില്ല. നോക്കിക്കോ എന്റെ മനസ്സിൽ കുറച്ചു കാര്യങ്ങൾ ഒക്കെയുണ്ട്.
എന്താണാവോ ഭവതിയുടെ മനസ്സിൽ?
നമ്മുടെ ഗൗതമിനെ കൊണ്ട് കാർത്തുവിനെ വിവാഹം കഴിപ്പിച്ചാലോ?
വീട്ടിലേക്ക് കയറി വന്ന ഗുപ്തൻ അത് കേട്ടതും ഞെട്ടിത്തരിച്ചു.
***********
തുടരും

by