അനൂപേട്ടന്റെ അടുത്ത സുഹൃത്തായിരുന്നു വിഷ്ണുവേട്ടൻ. രണ്ടുപേരും സ്കൂൾകാലം മുതലേ ഉള്ള സുഹൃത്തുക്കളാണ്. എന്ത് കാര്യങ്ങളും തുറന്നു പറയുന്ന അടുത്ത സുഹൃത്തുക്കൾ. പലപ്പോഴും അനുവേട്ടനോടൊപ്പം വീട്ടിൽ വിഷ്ണുവേട്ടൻ വരാറുണ്ട്. തൊട്ടടുത്ത വീടുകൾ ആയതുകൊണ്ട് തന്നെ കാണാൻ നിരവധി അവസരങ്ങളും ഉണ്ടായിട്ടുണ്ട്.
പക്ഷേ വിച്ചുവേട്ടന്റെ അച്ഛൻ മരിച്ചതിനു ശേഷം ഗൾഫിലേക്ക് പോയതോടെ അധികം കാണാൻ സാധിച്ചിരുന്നില്ല.
എങ്കിലും കൗമാരം ചിറകടിച്ചു തുടങ്ങിയ ഏതോ ഒരു സമയത്ത് മനസ്സിൽ കയറിയതാണ് വിച്ചുവേട്ടന്റെ മുഖം. ഇതുവരെ ആരോടും തുറന്നു പറഞ്ഞിട്ടില്ല. പറഞ്ഞാൽ ആദ്യം എതിർക്കുന്നത് വിച്ചുവേട്ടൻ തന്നെയായിരിക്കും. കാരണം അനൂപേട്ടനോട് അത്രയ്ക്ക് അടുത്ത സൗഹൃദമാണ് വിച്ചുവേട്ടന് ഉള്ളത്
വിദ്യ ചേച്ചി അനൂപേട്ടന്റെ സ്വന്തം പെങ്ങളാണ് എന്ന് പറയാറുണ്ട്. അപ്പോൾ വിച്ചുവേട്ടന് താനും അതേ സ്ഥാനത്ത് തന്നെയായിരിക്കും. അതിനപ്പുറം മറ്റൊരു ചിന്തയും മനസ്സിൽ ഉണ്ടാവാൻ സാധ്യതയില്ല. ഇടക്കിടെ പറയാറുണ്ട് എന്റെ വിദ്യയേ പോലെ തന്നെയാണ് ഭാമയും എന്ന്. അത് കേൾക്കുമ്പോൾ ചങ്കിൽ ഒരു പിടപ്പാണ്…!
പണ്ടുമുതലേ ഉൾവലിഞ്ഞ പ്രകൃതം ആയതുകൊണ്ട് തന്നെ തന്റെ ഇഷ്ടം ആ മുഖത്തേക്ക് നോക്കി പറയാനുള്ള ധൈര്യം ഒന്നും തനിക്കില്ല. അതുകൊണ്ടുതന്നെ വിച്ചുവേട്ടനോട് ഉള്ള പ്രണയം ഉള്ളിൽ മൂടുകയാണ് ചെയ്തിട്ടുള്ളത്. ഒരു നോക്കു കൊണ്ടോ വാക്കു കൊണ്ടോ ഒരിക്കലും വിച്ചുവേട്ടൻ തന്നെ പ്രണയത്തോടെ ഒന്ന് നോക്കുകയും ചെയ്തിട്ടില്ല.
എന്തിന് തന്നോട് ഇപ്പോൾ നാട്ടിൽ വന്നാൽ അധികം സംസാരിക്കാറ് പോലുമില്ല പണ്ട് ഏട്ടനോട് ഒപ്പം വീട്ടിൽ വരുമ്പോഴൊക്കെ നല്ല രീതിയിൽ സംസാരിക്കുമായിരുന്നു. പ്രവാസം തങ്ങൾക്കിടയിൽ അതിരുകൾ തീർത്തതുകൊണ്ടോ താൻ വളർന്നു വലിയ പെൺകുട്ടിയായെന്നു തോന്നിയതുകൊണ്ടോ ഇപ്പോൾ പലപ്പോഴും ഒരു പുഞ്ചിരിയിലോ കണ്ണ് ചിമ്മലിലോ ഒതുക്കുകയാണ് സംസാരം കൂടുതലും.
ഏട്ടാ ഞാൻ വാങ്ങിയ ഡ്രസ്സ് ഒക്കെ കാണിച്ചു തരട്ടെ..? വീഡിയോ കോളുമായി വിദ്യ അകത്തേക്ക് വന്നപ്പോഴാണ് പെട്ടെന്ന് ഭാമ ഓർമ്മകളിൽ നിന്നും ഉണർന്നത്
ബാക്ക് ക്യാമറ ഓൺ ആണ് എന്ന് മനസ്സിലായത് ഭാമ അവിടെ ഉണ്ടായിരുന്നോ എന്ന വിച്ചുവേട്ടന്റെ ശബ്ദം കേട്ടപ്പോഴാണ് .
അവൾ കുറച്ച് അധികം ദിവസങ്ങളായിട്ട് ഇവിടെ അവിടെയായിട്ട് മാറിമാറി നിൽക്കുക ആണ്. ഞാൻ പോയാൽ അവൾ അല്ലേ ഒറ്റയ്ക്കായി പോകുന്നത്. അവൾക്ക് ഭയങ്കര വിഷമം.,! ഞാൻ പോകുന്നതിന്, ടൗണിൽ പോകുന്നതും എന്തെങ്കിലും ഷോപ്പിങ്ങിന് പോകുന്നത് ഒക്കെ ഞങ്ങൾ ഒരുമിച്ച് ആയിരുന്നില്ലേ. ഫോണിലെ സ്ക്രീനിൽ നോക്കി കാര്യമായി പറയുകയാണ് വിദ്യ
എന്നിട്ട് അവൾ എന്താ മിണ്ടാതെ നിൽക്കുന്നത്..?
ഫോണിൽ നിന്നും വിച്ചുവേട്ടൻ ചോദിക്കുന്നത് കേൾക്കാം
എടി വിച്ചുവേട്ടൻ നിന്നെ വിളിക്കുന്നുണ്ട്.
വിദ്യ പറഞ്ഞപ്പോൾ കട്ടിലിൽ നിന്നും എഴുന്നേറ്റ് അരികിലേക്ക് ചേർന്നിരുന്നു ഭാമ
സെൽഫി ക്യാമറയിൽ കാണാം കട്ടിലിൽ കിടന്നുകൊണ്ട് ചിരിച്ചുകൊണ്ട് കൈവീശി കാണിക്കുന്ന ആളെ. ഒരു നിമിഷം ആ മുഖത്തേക്ക് തന്നെ നോട്ടം തെളിഞ്ഞു പോയിരുന്നു. 30 വയസ്സ് കാണും ഇപ്പോൾ ആൾക്ക്. പക്ഷേ അത്രയും തോന്നില്ല, തനിക്ക് ഇപ്പോൾ 20 വയസ്സ് ആണ്. 10 വയസൊളം വ്യത്യാസം ഉണ്ട് തമ്മിൽ. പ്രവാസം സമ്മാനിച്ച ചെറിയൊരു മുടി കൊഴിച്ചിൽ ഒഴിച്ചാൽ ആൾ ഇപ്പോഴും സുന്ദരനാണ്.!
പണ്ടുമുതലേ ഫിലിം സ്റ്റാർ സൂര്യയുടെ ഒരു മുഖ ചായയാണ് വിച്ചുവേട്ടനെ കാണുമ്പോൾ തോന്നുന്നത്. ഇപ്പോഴും അങ്ങനെ തന്നെയാണ്. കട്ടി മീശയും താടിയും ഒക്കെ ഇപ്പോൾ മുഖത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്. ഇടയ്ക്ക് അനൂപേട്ടനെ വീഡിയോ കോളിൽ വിളിക്കുമ്പോഴും അമ്മയോടും തന്നോടും ഒക്കെ സംസാരിക്കാറുണ്ട്. അപ്പോഴും ആളെ താൻ ശ്രദ്ധിക്കാറുണ്ട്.
വിച്ചുവേട്ടൻ ചോദിച്ച എന്തൊക്കെയോ ചോദ്യങ്ങൾക്ക് തപ്പി തടഞ്ഞാണ് മറുപടി പറഞ്ഞത്. പിന്നീട് വിദ്യ ചേച്ചി ബാക്കി കാര്യങ്ങളൊക്കെ പറഞ്ഞുകൊണ്ട് ഇരുന്നതുകൊണ്ട് പിന്നെ വരാം എന്നും പറഞ്ഞ് അവിടെ നിന്നും ഇറങ്ങിയിരുന്നു. തൊട്ട് എതിർ വശത്തു ആണ് വീട്. നേരെ കുടയും നിവർത്തി വീട്ടിലേക്ക്നടന്നു. അമ്മ അവിടെ കപ്പ പുഴുങ്ങുന്ന തിരക്കിലാണ് . ഒന്ന് നോക്കിയിട്ട് നേരെ മുറിയിലേക്ക് ചെന്നു
മുറിയിലേക്ക് കയറി കട്ടിലിൽ കിടന്ന് ജനല് തുറന്നു പുറത്തേക്ക് നോക്കി.. മഴ പെയ്തു തീർന്നതിന്റെ ലക്ഷണങ്ങൾ കാണാം
തന്റെ ജനലിലേക്ക് കയറിയിരിക്കുന്ന മുല്ലവള്ളി ചാഞ്ഞു തുടങ്ങിയിട്ടുണ്ട്. എങ്കിലും വെള്ളം വീണ് അതിൽ നിന്നും ഒരു പ്രത്യേക ഗന്ധം വരുന്നുണ്ട് ഒരു മുല്ലപ്പൂ പറിച്ച് മെല്ലെ കൈകളിൽ വച്ച് ഒന്ന് വാസനിച്ചു. ഇനി ഓർമ്മകളുടെ തേരോട്ടമാണ്
പണ്ട് വിച്ചുവേട്ടൻ പട്ടുപാവാട ആദ്യമായി ഇട്ടപ്പോൾ കളിയാക്കിയത് മുല്ലപ്പൂ വയ്ക്കുമ്പോൾ അതിൽ നിന്നും പീച്ചി എടുക്കുന്നത് ഒക്കെ ഓർക്കുമ്പോൾ ഇപ്പോൾ നാണം വരും . കൗമാരപ്രായം ആയതിനുശേഷം ആണ് തന്നോട് ഉള്ള ഇടപെടലിലൊക്കെ വിച്ചുവേട്ടൻ ഒരു അകലം പാലിച്ചിട്ടുള്ളത്.
സുഹൃത്തിന്റെ അനുജത്തി എന്ന പരിഗണന മാത്രമായിരുന്നു പിന്നീട് തന്നിരുന്നത്. പക്ഷേ പണ്ട് ഒന്നും അങ്ങനെ ആയിരുന്നില്ല ഉത്സവത്തിന് വളയും മാലയും വാങ്ങിത്തരും ഐസ്ക്രീം വാങ്ങിത്തരും പ്ലസ് വൺ പ്ലസ് ടു ഒക്കെ ആയപ്പോൾ മുതലാണ് ആള് അകന്നു തുടങ്ങിയത് എന്ന് തോന്നിയിട്ടുണ്ട്. പത്താം ക്ലാസ് കഴിഞ്ഞ സമയം മുതൽ മനസ്സിൽ വച്ചുവേട്ടൻ ഉണ്ട്. ആരോടും പറഞ്ഞിട്ടില്ല അടുത്ത സുഹൃത്തുക്കളോട് പോലും പറയാൻ പേടിയായിരുന്നു
ഒളിഞ്ഞും മറഞ്ഞും എത്രയോ തവണ വിച്ചുവേട്ടനെ കാണാൻ വേണ്ടി മാത്രം ആ വീട്ടിൽ പോയിരിക്കുന്നു. ആരെങ്കിലും എന്തെങ്കിലും അറിഞ്ഞാൽ രണ്ടു കുടുംബങ്ങളെയും അത് ബാധിക്കും എന്നുള്ളത് കൊണ്ട് തന്നെ ഒന്നും തുറന്നു പറയാൻ സാധിച്ചിരുന്നില്ല.
തുടരും

by