രചന – മഴ
പുതിയൊരു ഉണർവോടെയാണ് പാറു രാവിലെ എഴുന്നേറ്റത്. പേരറിയാത്ത ഒരു സന്തോഷം ഉള്ളിൽ വന്നു നിറയുന്നത് അവൾ അറിഞ്ഞു. മുഖം കഴുകി അവൾ ബാൽക്കണിയിലേക്ക് ചെന്നു.നേരം വെളുക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.. അമ്പലത്തിൽ നിന്നും ഉള്ള പാട്ട് കേട്ടപ്പോൾ അവൾക്കു ആ തിരുനടയിൽ ചെന്നുനിന്നു പ്രാർത്ഥിക്കാൻ തോന്നി. വേഗം പോയി ഫ്രഷ് ആയി ദേവൻറെ റൂമിലേക്ക് ചെന്നു.നല്ല ഉറക്കമാണ് കക്ഷി.. ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ ഉറങ്ങുന്ന ദേവനെ വിളിച്ചുണർത്താൻ അവൾക്കു തോന്നിയില്ല. നെറ്റിയിലേക്ക് വീണുകിടക്കുന്നു മുടി ഒതുക്കി ഒരു നനുത്ത ചുംബനം അവൾ നൽകി. അവൻ ഒന്നു കുറുകി വീണ്ടും ഉറങ്ങാൻ തുടങ്ങി.
അവൾ പുഞ്ചിരിയോടെ ലച്ചുവിനെ റൂമിലേക്ക് പോയി. അവളെയും കുത്തിപ്പൊക്കി റെഡിയായി അമ്പലത്തിലേക്ക് പോയി.ദേവൻ ഉണർന്നു ഫ്രഷായി താഴേക്ക് വന്നു. അവൻ അവിടെയൊക്കെ ചുറ്റി തിരിഞ്ഞു നടന്നു പാറുവിനെ കാണാൻ.
സാധാരണ രാവിലെ അമ്മയ്ക്കൊപ്പം അടുക്കളയിൽ ഉണ്ടാവാറുണ്ട്. റൂമിൽ ചെന്ന് നോക്കിയപ്പോഴും അവളെ കണ്ടില്ല. അവൻ വീണ്ടും അടുക്കളയിൽ കറങ്ങുന്നത് കണ്ടു ചായക്കപ്പ് വെക്കാൻ വന്ന ജോഷി അവനെ വീക്ഷിച്ചു നിന്നു.
ജോഷിയെ കണ്ടപ്പോൾ മഹി ഒന്ന് പരുങ്ങി.” നീ ആരെയാ നോക്കുന്നത്..? ” ജോഷി ചോദിച്ചു.” ഞാൻ ആരെ നോക്കാൻ..? ” അവൻ ജോഷിയെ നോക്കി പുച്ഛിച്ചു കൊണ്ട് ഉമ്മറത്തേക്ക് നടന്നു. പിറകെ ജോഷിയും.അപ്പോഴാണ് പാറുവും ലച്ചുവും കയറിവരുന്നത്. പാറുവിനെ കണ്ടപ്പോൾ ദേവൻറെ മുഖം വിടർന്നു. ചുവന്ന കരയുള്ള സെറ്റും മുണ്ടും ചുവന്ന ബ്ലൗസും ആയിരുന്നു അവളുടെ വേഷം. നീളമുള്ള മുടി കുളി പിന്നൽ കെട്ടിയിട്ടിരിക്കുന്നു. കണ്ണിൽ കരിമഷി യും നെറ്റിയിൽ ഒരു ചുവന്ന വട്ട പൊട്ടും അതിനു മുകളിലായി ചന്ദനക്കുറിയും.. കാതിൽ ചെറിയ ജിമിക്കി.. മാല പഴയതുതന്നെ.. രണ്ടു കൈകളിലും ചുവന്ന കുപ്പിവളകൾ.. നിറഞ്ഞ പുഞ്ചിരിയോടെ അവൾ കയറി വന്നപ്പോൾ ദേവൻ പെട്ടെന്ന് തിരിഞ്ഞ് റൂമിലേക്ക് പോയി. അത് കണ്ടപ്പോൾ പാറുവിനെ മുഖം വാടി.
“എന്താ താമസിച്ചത്..? ” ജോഷി ചോദിച്ചു.” അത് ഞങ്ങൾ കുറച്ചു നേരം അവിടെ ഇരുന്നു ഇച്ചായാ..” ലച്ചു പറഞ്ഞു.”ആഹ്… വന്നോ രണ്ടാളും.. വേഗം ചെന്ന് ഡ്രസ്സ് മാറ്റിയിട്ട് വാ അമ്മ കാപ്പി എടുത്തു വയ്ക്കാം…” അവിടേക്ക് വന്ന സുഭദ്രാമ്മ പറഞ്ഞു.” ഡ്രസ്സ് മാറാൻ ഒന്നും വയ്യ അമ്മേ..വിശക്കുന്നു..”എന്നുപറഞ്ഞ് ലച്ചു അമ്മയ്ക്കൊപ്പം പോയി.പാറു മുകളിലേക്കും പോയി.അവൾ നേരെ ദേവൻറെ അടുത്തേക്കാണ് പോയത്. അവൻ ഷെൽഫിൽ എന്തോ തിരയുകയായിരുന്നു.
“ദേവേട്ടാ…” പാറു വിളിച്ചു. അവൻ തിരിഞ്ഞു നോക്കി.” എന്തിനാ എന്നെ കണ്ടപ്പോൾ തിരിഞ്ഞു നടന്നത്..? “” വെറുതെ.. അതാകുമ്പോൾ നീ എന്നെ തിരക്കി ഇവിടെ വരുമല്ലോ..”” ഓഹോ.. ഹും..” അവൾ ജനലഴികളിൽ പിടിച്ച് പുറത്തേക്ക് നോക്കി.അവൻ ചിരിച്ചുകൊണ്ട് അവളുടെ അടുത്ത് വന്നു നിന്നു പുറത്തേക്ക് നോക്കി.” ഞാൻ രാവിലെ വന്നിരുന്നു.. അമ്പലത്തിൽ പോവാൻ വിളിക്കാൻ വേണ്ടി.. പിന്നെ ഉറങ്ങുന്നത് കണ്ടപ്പോൾ വിളിക്കാൻ തോന്നിയില്ല.. അതാ ലച്ചുവിനെ കൂട്ടി പോയത്..”” ഞാൻ അറിഞ്ഞിരുന്നു.. പക്ഷേ കണ്ണു തുറക്കാൻ പോലും വയ്യായിരുന്നു.. എങ്കിലും ഒക്കെ അറിഞ്ഞു ഞാൻ.. നീ വന്നതും അരികിൽ ഇരുന്നതും ഒരു സമ്മാനം തന്നതും…” ദേവൻ കുസൃതിച്ചിരിയോടെ അവളെ നോക്കി പറഞ്ഞു.പാറുവിൻറെ മുഖത്ത് നാണം വിരിഞ്ഞു.” കള്ളൻ..”അവൻ കൈകൾ മാറിൽ പിണച്ചു വച്ചുകൊണ്ട് അവളെ പ്രണയത്തോടെ നോക്കി. അവൾ അവനെയും.
“ദാ.. പ്രസാദം..”ഇലചീന്തിലെ ചന്ദനം നീട്ടി അവൾ പറഞ്ഞു.” നീ തൊട്ടു തന്നാൽ മതി..”പാറു ദേവൻറെ നെറ്റിയിൽ മോതിരവിരലാൽ ചന്ദനം ചാർത്തി. അവൻ അവളുടെ മിഴികളിലേക്ക് നോക്കി..” വെറുതേ വെറുതേ പരതും മിഴികൾ.. വേഴാമ്പലായി നിൻ നട കാത്തു..”അവൻ പാടിക്കൊണ്ട് അവളുടെ കയ്യിൽ പിടിച്ചു. അവൻ പാടുന്നത് പാറു ആദ്യമായി കേൾക്കുകയായിരുന്നു. അത്ഭുതവും സന്തോഷവും പ്രണയവും അവളുടെ മുഖത്ത് നിറഞ്ഞു. പുഞ്ചിരിയോടെ അവനെ നോക്കി.”വെറുതേ വെറുതേ പരതും മിഴികൾ.. വേഴാമ്പലായി നിൻ നട കാത്തു..”
അവൻറെ രണ്ടു കൈകളും അവളുടെ തോളിൽ വച്ചുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി പാടി..” ചന്ദനക്കുറി നീയണിഞ്ഞതിൽ എൻറെ പേരു പതിഞ്ഞില്ലേ… മന്ദഹാസ പാൽനിലാപുഴ
എൻറെ മാറിൽ അലിഞ്ഞില്ലേ…”അവൾ അവനെ പുണർന്നു.. അവൻ അവളെയും നെഞ്ചോട് ചേർത്തുനിർത്തി.”വർണ്ണങ്ങൾ വനവല്ലി കുടിലായി..
ജന്മങ്ങൾ മലർമണി കുടചൂടി…ആവണി പൊന്നൂഞ്ഞാൽ ആടിക്കാം നിന്നെ ഞാൻ..
ആയില്യം കാവിലെ വെണ്ണിലാവേ..പാതിരാമുല്ലകൾ താലിപ്പൂ ചൂടുമ്പോൾ..പൂജിക്കാം നിന്നെ ഞാൻ പൊന്നുപോലെ..”അവൻ പാടി നിർത്തി. അവൾ അവനിൽ നിന്നും അടർന്നുമാറി.” ഏട്ടൻ പാടും എന്ന് എനിക്ക് അറിയില്ലായിരുന്നു.. ഇതുവരെ കേട്ടിട്ടില്ലല്ലോ..”ദേവൻറെ മുഖത്ത് വിഷാദം നിഴലിച്ചു..” കുറച്ചായി പാടിയിട്ട്.. നീ ചെന്ന് ഡ്രസ്സ് മാറിയിട്ട് വാ കഴിക്കാൻ നമുക്ക്..””മ്മ്മ്.. “പാറു വേഗം റൂമിലേക്ക് നടന്നു.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
കഴിക്കാൻ ഇരിക്കുമ്പോൾ പാറുവിന്റെയും ദേവന്റെയും കണ്ണുകൊണ്ടുള്ള കഥകളി ജോഷി ശ്രദ്ധിച്ചിരുന്നു. എങ്കിലും അവൻ ഒന്നു ചോദിച്ചിരുന്നില്ല.ഉച്ചയ്ക്ക് ഭക്ഷണം ഒക്കെ കഴിഞ്ഞ് മഹി ഒഴികെ എല്ലാവരും കുട്ടനെ കാണാൻ പോയിരുന്നു. മഹി എന്തോ ആവശ്യത്തിനായി ഒരു ഫ്രണ്ടിനൊപ്പം തിരുവനന്തപുരത്ത് പോയതാണ്.വൈകുന്നേരത്തോടെ അച്ഛൻ തിരികെ വീട്ടിൽ വന്നിരുന്നു. മറ്റുള്ളവർ രാത്രിയാണ് എത്തിയത്. അവൾ വന്നപ്പോഴേക്കും മഹി വീട്ടിൽ ഉണ്ടായിരുന്നു.ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോഴും ഉമ്മറത്തിരുന്ന് സംസാരിക്കുമ്പോഴും വല്ലപ്പോഴും ചില നോട്ടങ്ങളും പുഞ്ചിരിയും ദേവനും പാറുവും കൈമാറി. കുറേ കഴിഞ്ഞ് ഓരോരുത്തരായി ഉറങ്ങാൻ അവരവരുടെ റൂമിൽ പോവുകയും ചെയ്തു.പാറുവിനു റൂമിൽ വന്നു കിടന്നിട്ടും ഉറക്കം വരുന്നുണ്ടായിരുന്നില്ല. അവൾ ഷെൽഫ് തുറന്നു.
ദേവന് ഒരുപാട് പുസ്തകങ്ങളുടെ കളക്ഷൻ ഉണ്ടായിരുന്നു. ഓരോന്നിലും കൂടെയും അവൾ വിരലുകൾ ഓടിച്ചു. ഒരു ബുക്കിൽ അത് ചെന്നുനിന്നു.അവൾ പുഞ്ചിരിയോടെ അതെടുത്തു.”രണ്ടാമൂഴം” പച്ച മനുഷ്യൻറെ എല്ലാ ഭാവങ്ങളോടും കൂടി എംടിയുടെ മാന്ത്രികതയിൽ വരച്ചുകാട്ടിയ ഭീമന്റെ കഥ.. അവൾ തൻറെ സ്വന്തം ഭീമനെയും ഓർത്തു പുഞ്ചിരിച്ചു നിൽക്കുമ്പോഴാണ് ബാൽക്കണിയിലെ ഡോർ തുറക്കുന്ന ശബ്ദം കേട്ടത്. ഒന്ന് ഞെട്ടിയെങ്കിലും ആളെ കണ്ടപ്പോൾ അവൾ ചിരിച്ചു. “എന്താണ് സഖാവേ രാത്രിയിൽ മതിലും ചാടി…? “”മതിൽ ഒന്നും ചാടിയില്ല.. സൺഷേഡ് ചാടി കടന്നാണ് വന്നത്.. “” ഓഹോ..! എന്താണാവോ ആഗമനോദ്ദേശം..? “”എനിക്ക് എൻറെ പെണ്ണിനോട് സംസാരിക്കണം.. അത്രതന്നെ..”” അതിന് ആരു ഇങ്ങോട്ട് വന്നില്ലല്ലോ..” അവൾ ഒന്നുമറിയാത്ത ഭാവത്തിൽ പറഞ്ഞു.
ദേവൻ വന്ന് അവളുടെ പിടിച്ചു ചെവിക്കു പിടിച്ചു.” ആര് വന്നില്ലെന്ന്…? “”ആഹ്….സോറി..സോറി.. വേദനിക്കുന്നു ഏട്ടാ..”അവൻ പിടി വിട്ടു.” വാ അവിടെ ഇരിക്കാം..” ദേവൻ ബാൽക്കണിയിലേക്ക് നടന്നു. പിറകെ അവളും.സോപാനപടിയിൽ ചാരി അവൻ ഇരുന്നു. അവൻറെ നെഞ്ചിലേക്ക് ചാഞ്ഞു അവളും.”ദേവേട്ടാ..ജോഷിച്ചായന് നമ്മുടെ കാര്യം മനസ്സിലായി എന്ന് തോന്നുന്നു.. പറയണ്ടേ അവരോട് ..? “”പറയണം.. ഇപ്പോഴല്ല..കുറച്ചു ദിവസം കഴിയട്ടെ.. അവനെ ഒന്ന് ചുറ്റിക്കണം..”” അതെന്തിനാ..? “” കോളേജിൽ വെച്ച് അവൻ മീരയുമായി പ്രണയത്തിൽ ആയിട്ട് ഒരു മാസം കഴിഞ്ഞ ഞങ്ങളോട് പറയുന്നത്. ആ സമയത്തൊക്കെ അവരെ ഒരുമിപ്പിക്കാൻ ഞാനും കുട്ടൻമാരും തലപുകഞ്ഞ് നടക്കുകയായിരുന്നു. അതു കണ്ടിട്ടും ഈ കള്ള തെണ്ടീ പറഞ്ഞില്ല…”
” കുട്ടൻമാരോ..? “” ശ്രീക്കുട്ടനും പ്രിയയും.. പ്രിയയെയും കുട്ടൻ എന്നാണ് വിളിക്കുന്നത്..””അതിന് ജോഷിച്ചായന് അറിയുമോ ദേവേട്ടന് എന്നോട് ഇഷ്ടം ഉണ്ടെന്ന്..? “” അറിയാം.. നമ്മുടെ സെക്കൻഡ് മീറ്റിംഗ് മുതൽ മിക്കവാറും എല്ലാം ജോഷിയുടെ പ്ലാനിങ് ആയിരുന്നു..””ങേ……”പാറു ഞെട്ടലോടെ ദേവനെ നോക്കി. ദേവൻ ചിരിച്ചുകൊണ്ട് ആ കഥകളൊക്കെ പറഞ്ഞു. കണ്ട നിമിഷം മുതൽ ഇതുവരെ ഉള്ളതൊക്കെ. അവൾക്ക് അതൊരു അത്ഭുതം ആയിരുന്നു. ഒരുപാട് നേരം അവർ അവിടെ ഇരുന്നു സംസാരിച്ചു. ഇടയ്ക്കെപ്പോഴോ അവൾ ഉറങ്ങി. അവൻ അവളെ എടുത്ത് ബെഡിൽ കൊണ്ടുപോയി കിടത്തി പുതപ്പിച്ചു കൊടുത്തു. ശേഷം അവൻറെ റൂമിലേക്ക് പോയി.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
പകൽ വഴക്ക് അടിക്കുകയും കളിയാക്കുകയും മിണ്ടാതെ നടക്കുകയും ചെയ്യുമെങ്കിലും രാത്രി ബാൽക്കണിയിൽ വന്നിരുന്നു സംസാരിക്കുന്നത് അവർ പതിവാക്കിയിരുന്നു.ഒരുദിവസം ദേവനെയും കാത്തിരുന്ന അവൾ ഉറങ്ങിപ്പോയി. പതിവില്ലാതെ അന്ന് കറണ്ട് പോവുകയും ചെയ്തു. ഡോർ തുറന്നതും പതിയെ അവളുടെ അടുത്തേക്ക് ഒരു രൂപം വരുന്നതും അവൾ അറിഞ്ഞില്ല.
ഇരുട്ടിൽ കസേരയിൽ കാലു തട്ടി ആ രൂപം വന്നുവീണത് പാറുവിൻറെ ദേഹത്തേക്ക് ആണ്. അവൾ ഞെട്ടിയുണർന്നു.”ദേവേട്ടാ..” എന്ന് വിളിച്ചു.ആ രൂപം ഒന്നും മിണ്ടാതെ ഇരുന്നപ്പോൾ തപ്പിത്തടഞ്ഞ് ഫോണെടുത്തു ടോർച്ച് ഓൺ ചെയ്തു. മുന്നിൽ നിൽക്കുന്ന രൂപത്തെ കണ്ട് അവൾ ഭയന്ന് അലറി വിളിച്ചു.” ദേ… ദേവേട്ടാ………..!!!!!!”….. തുടരും…

by